Slider

കേട്ടറിഞ്ഞ കഥ

0

ആമുഖം
------------
മുമ്പു പറഞ്ഞ കഥ ഇപ്പോൾ കേട്ടറിഞ്ഞ കഥയായിരിക്കുന്നു...
എന്റേതെന്നു തെളിയിക്കാൻ തെളിവുകൾ ഇല്ലാത്തതിനാൽ ആ പേര് തന്നെ കൊടുക്കാം...
ഈ വാട്സാപ്പും ഫേസ്ബുക്കും ഫേമസ് ആകുന്നതിനു ഒരു സായന്തന ചർച്ചയിൽ ഉയർന്നു വന്ന കഥയാണ് ഇത്...
പിന്നീട് ഈയിടക്ക് പലരോടും പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ടുണ്ട് എന്നായിരുന്നു മറുപടി ....
നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് നോക്കൂ...
എന്ന് വിനീത വിധേയനായി ഡി എൻ എ ടെസ്റ്റ് നടത്താൻ കഴിയാത്ത ഒരച്ഛൻ...
----------------------------------------
കേട്ടറിഞ്ഞ കഥ
============
ഒരാൾ മരിച്ചു സ്വർഗ്ഗത്തിൽ പോയി...
ഒരു മിനിറ്റ് ..... എന്തോ ഒരു പോരായ്മ......
ആ ആൾക്ക് പേര് കൊടുക്കാം അതാ നല്ലത്...
ഹിറ്റായ ഒരു പേര് തന്നെ ആയിക്കോട്ടെ ശശി...
ശശി മരിച്ചു സ്വർഗത്തിൽ പോയി...
അവിടെ എത്തിയപ്പോൾ തന്നെ സ്വർഗ്ഗത്തിന്റെ കാവൽക്കാരൻ ശശിയെ സ്വാഗതം ചെയ്തു പറഞ്ഞു
" വരൂ വത്സാ അകത്തേക്ക് വന്നാലും "
ശശി അകത്തേക്ക് കയറി...
കാവൽക്കാരൻ തുടർന്നു
" ഭൂമിയിൽ നിങ്ങൾ ചെയ്ത സൽപ്രവൃത്തികൾ കാരണമാണ് നിങ്ങൾ ഇന്ന് സ്വർഗത്തിൽ എത്തിയിരിക്കുന്നത്... ഇനി ബാക്കിയുള്ള നിങ്ങളുടെ ജീവിതം സന്തോഷത്തോട് കൂടി ഇവിടെ ജീവിച്ചോളൂ..."
ശശി ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു...
അതിനുശേഷം എല്ലാവരും വാക്കുകൾ കൊണ്ട് വർണ്ണിക്കുന്ന സ്വർഗ്ഗം കണ്ണുകൾ കൊണ്ട് വീക്ഷിച്ചു...
കുറെ മുനിമാരെ പോലെ വസ്ത്രധാരണം ചെയ്ത ആളുകൾ മരത്തിന്റെ തണലിൽ തപസ്സ് ചെയ്യുന്നത് പോലെ ഇരിക്കുന്നു.
മൃഗങ്ങൾ ഒക്കെ നിശബ്ദമായി പുലീയും മാനും ഒക്കെ ഒരുമിച്ചു നടക്കുന്നു...
ഫലഫൂയിഷ്ടമായ മരങ്ങൾ...
ചെറിയ ഇളംകാറ്റ്....
കൊള്ളാം ശശി മനസ്സിൽ ഓർത്തു ആകെ ഒരു കുഴപ്പം മാത്രം ഭയങ്കര നിശ്ശബ്ദത....
ശശി ചുറ്റി നടന്ന് ഒരു മതിലിന്റെ അവിടെ എത്തി...
മലയാളികൾക്ക് ഉള്ള ഒരു പ്രത്യേകത ആണ് കിണർ കണ്ടാൽ നോക്കുക മതിൽ കണ്ടാൽ അപ്പുറത്ത് എന്താണ് എന്ന് നോക്കുക എന്നതൊക്കെ...
നമ്മുടെ ശശിയും മതിലിന്റെ മുകളിലൂടെ എത്തി നോക്കി കുറച്ചു ദൂരെയായി താഴെ ഒരു സ്ഥലം അവിടെ ഡിജെ മ്യൂസിക്യും ഡിസ്കോ ഡാൻസും അൽപ വസ്ത്ര ധാരിണികൾ ആയ പെണ്ണുങ്ങൾ ഒക്കെ ഇളകി മറിഞ്ഞു കളിക്കുന്നു... ആവശ്യത്തിന് മദ്യം... മൊത്തം ഒരു അടിച്ചുപോളി മൂഡ്...
ശശി നേരെ കാവൽക്കാരന്റെ അടുത്തേക്ക് വന്നു ചോദിച്ചു...
" ഭായ്... അതേതാ സ്ഥലം "
കാവൽക്കാരൻ ശശി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി എന്നിട്ടു പറഞ്ഞു
" ഓ ... അതോ ... അതാണ് നരകം.."
ശശി അമ്പരന്ന് പോയി....
" നരകമോ"
ശശിയുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നു...
ശശി ഒന്ന് തിരിഞ്ഞു സ്വർഗത്തിലേക്ക് നോക്കി പിന്നെ നരകത്തിലേക്കും...
അങ്ങോട്ടും ഇങ്ങോട്ടും മാറി നോക്കുന്നതിനിടയിൽ ശശിയുടെ ചിന്ത മാറി മറിഞ്ഞു കൊണ്ടിരുന്നു..
ഒടുവിൽ ശശി ഒരു തീരുമാനത്തിൽ എത്തി രണ്ടും കല്പിച്ചു കാവൽക്കാരനോട് പറഞ്ഞു
" എനിക്ക് നരകത്തിൽ പോകണം "
കാവൽക്കാരൻ ശശിയെ അടിമുടി ഒന്ന് നോക്കി... എന്നിട്ട് പറഞ്ഞു
" വത്സാ നിങ്ങൾ ചെയ്ത പുണ്യപ്രവൃത്തികൾ കൊണ്ടാണ് നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നത് നിങ്ങൾ ഒരിക്കലും നരകത്തിൽ പോകേണ്ട ആളല്ല... "
ശശിയുടെ മുഖത്തു കോപം ഇരച്ചു കയറി...
ആ ദേഷ്യത്തോടെ ശശി പറഞ്ഞു
" സ്വർഗ്ഗമാണത്രെ സ്വർഗ്ഗം... അതിനും മാത്രം എന്ത് വാഴക്കയാണ് ഇവിടെ ഉള്ളത്... ഈ പണ്ടാരത്തിൽ എത്തുവാൻ വേണ്ടിയായിരുന്നോ ഞാൻ എന്റെ ജീവിതം മുഴുവൻ ഭൂമിയിൽ ആനന്ദിക്കാതെ ജീവിച്ചത്... കുറെ ഉണക്ക സ്വാമിമാർ അല്ലാതെ വേറെ എന്ത് തേങ്ങയാണ് ഇവിടുള്ളത്... നീയാ നരകത്തിലേക്ക് ഒന്ന് നോക്ക് എന്ത് അടിപൊളിയാണ് അവിടെ എനിക്ക് സ്വർഗ്ഗം വേണ്ട എനിക്ക് നരകത്തിൽ പോണം..."
കാവൽക്കാരൻ ശശിയുടെ മുഖഭാവം കണ്ട് ഒന്ന് പേടിച്ചു...
എന്നിട്ട് രണ്ടടി പുറകിലേക്ക് മാറി നിന്ന് പറഞ്ഞു
" അല്ലയോ വത്സാ ദൈവം ഇവിടെയില്ല പുറത്തു പോയിരിക്കുകയാണ് അദ്ദേഹം വരാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല... "
ശശി ഷർട്ടിന്റെ കൈ മടക്കികൊണ്ടു പറഞ്ഞു
" അതൊന്നും എനിക്കറിയേണ്ട... എനിക്കിപ്പോ നരകത്തിൽ പോണം അല്ലെങ്കിൽ നിന്നെ തല്ലിയിട്ടായാലും ഞാൻ പോകും... ഇനിയുള്ള കാലം എങ്കിലും എനിക്ക് സുഖിച്ചു ജീവിക്കണം... "
കാവൽക്കാരൻ ഭയന്നു...
തല്ല് ഒന്നും സ്വർഗ്ഗത്തിൽ ഇല്ലല്ലോ തല്ല് കൊള്ളുന്നതിന് മുമ്പു വിടുകയാണ് ബുദ്ധി കാവൽക്കാരൻ ചിന്തിച്ചു....
അതിന് മുമ്പ് അവസാനശ്രമം എന്ന നിലയിൽ ഒന്ന് കൂടി ചോദിച്ചു...
" നല്ലപോലെ ആലോചിച്ചിട്ട് ആണല്ലോ അല്ലേ.... ഒരിക്കൽ പോയാൽ പിന്നെ താങ്കൾക്ക് സ്വർഗ്ഗം പിന്നീട് കിട്ടില്ല..."
ശശി കാർക്കിച്ചു ഒരു തുപ്പു തുപ്പി എന്നിട്ട് പറഞ്ഞു...
" ത്ഥൂ.... സ്വർഗ്ഗം... ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്... മതി നീ ഡയലോഗടിച്ചത്... എനിക്കിനി ഈ മണ്ണാങ്കട്ട സ്വർഗ്ഗം വേണ്ട..."
കാവൽക്കാരൻ പിന്നെ ഒന്നും പറഞ്ഞില്ല... ശശിയെയും കൂട്ടി നരകത്തിലേക്ക് നടന്നു സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും അതിർത്തി എത്തിയപ്പോൾ കാവൽക്കാരൻ നിന്നു എന്നിട്ട് പറഞ്ഞു...
" ഇനിയങ്ങോട്ട് എനിക്ക് വരാൻ പറ്റില്ല... വത്സൻ പൊക്കോളൂ.."
ശശി പറഞ്ഞു
" പോടാ പോ... പോയി അവിടെ കിടന്ന് നരകിക്ക് ഞാൻ സുഖിക്കാൻ പോകുകയാ "
ശശി രണ്ടടി മുന്നോട്ട് വെച്ചപ്പോഴേക്കും കുറെ ചെകുത്താന്മാർ ശിങ്കാരമേളവും നാദസ്വരവും ബാൻഡ്‌സെറ്റും ഒക്കെയായി അങ്ങോട്ട് വന്നു എന്നിട്ട് വലിയൊരു മാല ശശിയുടെ കഴുത്തിലിട്ടു...
എന്നിട്ട് സുന്ദരികളായ തരുണീമണികൾ രണ്ട്‌ സൈഡിലും നിരന്നു നിന്ന് പൂക്കൾ വാരിയെറിയുന്നതിന് നടുവിലൂടെ ശശിയെ നരകത്തിലേക്ക് ആനയിച്ചു...
ശശി ഒന്ന് തിരിഞ്ഞു നോക്കി സ്വർഗ്ഗത്തിന്റെ കാവൽക്കാരൻ അവിടെ തന്നെ നിൽക്കുന്നുണ്ട് ശശിയുടെ മുഖത്തു അഹങ്കാരം വന്നു നോക്കെടാ നോക്ക് എന്ന പുച്ഛഭാവവും...
എന്നിട്ട് അവരുടെ കൂടെ ഡപ്പാം കൂത്ത് ഡാൻസും കളിച്ചു ശശി നരകത്തിലേക്ക് നടന്നു....
നരകത്തിന്റെ വാതിൽ കടന്ന് അകത്തെത്തിയതും ഉള്ളിൽ കുറെ പേരെ തീയിൽ ഇട്ട് പൊരിക്കുന്നു എണ്ണയിൽ ഇട്ട് വറക്കുന്നു അവിടെ ഡാൻസും ഇല്ല പാട്ടും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല....
ശശി പകച്ചു പോയി...
അവിടുത്തെ മൂത്ത ചെകുത്താനോട് ചോദിച്ചു
" ഇതെന്താ ഇങ്ങിനെ... സ്വർഗ്ഗത്തിൽ നിന്ന് നോക്കിയപ്പോൾ ഞാൻ ഇങ്ങനെയൊന്നും അല്ലല്ലോ കണ്ടത്....
ചെകുത്താൻ പൊട്ടിച്ചിരിച്ചു... എന്നിട്ട് പറഞ്ഞു....
" ഹ ഹ ഹ ഹ ഹ ഹ അതേ വേറൊന്നും അല്ല നരകത്തിലേക്ക് ഇപ്പൊ പഴയ പോലെ ആളുകളെ കിട്ടുന്നില്ല അതുകൊണ്ട് ആളുകളെ ആകർഷിക്കാനുള്ള ഞങ്ങളുടെ പരസ്യമാണ് അത്... അത് ഡിസ്പ്ലേ ആയി ഇട്ടിരിക്കുന്നതാ... എന്നാലല്ലേ നിന്നെപ്പോലുള്ള മണ്ടന്മാർ വരൂ.."
ശശി ശശിയായി.....
ഒരു നിമിഷം കഴിഞ്ഞു ശശി പറഞ്ഞു
" ഇത് ശരിയാവില്ല ഞാൻ തിരിച്ചു സ്വർഗത്തിലേക്ക് പൊക്കോളാം... "
ചെകുത്താൻ പറഞ്ഞു
" നടക്കില്ല മോനേ... ഒന്നാമത് ടാർജറ്റ് തികക്കാൻ ആളെ കിട്ടുന്നില്ല പിന്നെയാ വന്നു കയറിയ നിന്നെ തിരിച്ചു വിടുന്നത്.... ഒരു കാര്യം ചെയ്യാം നീ സ്വയം വന്നതായത് കൊണ്ട് നിനക്ക് ഒരു ഓഫർ തരാം നിനക്കിഷ്ടമുള്ള ശിക്ഷ സ്വയം തിരഞ്ഞെടുക്കാം... "
ശശി കുറെ കെഞ്ചി നോക്കി...
എവടെ ഒരു രക്ഷയുമില്ല...
അങ്ങിനെ നിരാശയോടെ ശശി ഓരോ ശിക്ഷകൾ ആയി നോക്കി തുടങ്ങി...
ചിലയിടത്ത് ആളുകളെ തിളച്ച വെള്ളത്തിൽ ഇട്ട് പുഴുങ്ങുന്നു...
ചിലയിടത്തു എണ്ണയിൽ ഇട്ട് പൊരിക്കുന്നു...
ചിലയിടത്ത് മുള്ളുമരത്തിൽ കേറ്റിയിറക്കുന്നു...
ഒരു രക്ഷയുമില്ല വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു ശശി മുന്നോട്ടു നടക്കുന്നതിന്റെ ഇടയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ആളുകൾ മുട്ടൊപ്പം ചാണകവെള്ളത്തിൽ നിൽക്കുന്നു...
ശശി നോക്കിയപ്പോ അവിടെ കണ്ടതിൽ വെച്ച് അവസാനത്തെ ശിക്ഷയാണ് അത് ....
അതിലും സുഖമുള്ള ഒരു ശിക്ഷയും അവിടില്ല...
ശശി വേഗം ചാടിയിറങ്ങി അവരുടെ കൂടെ നിന്നു എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു എനിക്കീ ശിക്ഷ മതിയേ എനിക്കിത് മതിയേ....
അപ്പോൾ തന്നെ ആ ശിക്ഷയുടെ നോട്ടക്കാരൻ ഒരു വിസിൽ എടുത്ത് ഊതി.....
എന്നിട്ട് പറഞ്ഞു...
" ആ മതി മതി... ഇന്റർവെൽ കഴിഞ്ഞു....ഇനിയെല്ലാവരും തല കുത്തി നിന്നോ "
മൂന്നു മണിക്കൂർ തല കുത്തി നിർത്തിയതിന് ശേഷം അഞ്ചു മിനിറ്റ് വിശ്രമം കൊടുക്കുമായിരുന്നു...
നമ്മുടെ ശശിയുടെ കഷ്ടകാലത്തിന് ഇന്റർവെല്ലിന്റെ സമയത്താണ് അവിടെ എത്തിയത്....
അങ്ങിനെ ശശി വീണ്ടും ശശിയായി...
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo