Showing posts with label ജയ്സൺ ജോർജ്ജ്. Show all posts
Showing posts with label ജയ്സൺ ജോർജ്ജ്. Show all posts

ഗൗരിയോട് ഒരു വാക്ക്

ഗൗരിയോട് ഒരു വാക്ക്
=================
ചെറുതായിട്ട് മഴ ചാറുന്നുണ്ട്...
അയാൾ വീട്ടിലിരുന്നു കൊണ്ട് തന്നെ പുറത്തേക്ക് നോക്കി..
ഇന്നെഴുന്നേറ്റപ്പോൾ മുതൽ ടെൻഷനാണ്... ഒന്നിലും ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല...
പത്രം തുറന്ന് നോക്കിയെങ്കിലും ഒരു വാർത്ത പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല...
മനസ്സിൽ അക്കാര്യം മാത്രം..
പറയണോ വേണ്ടയോ എന്ന് ചിന്തിച്ചു ഇന്നേക്ക് രണ്ടു ദിവസമായി...
കാര്യം നേരെ കേറി അങ്ങ് പറയാൻ ധൈര്യമില്ലാഞ്ഞിട്ടല്ല...
പക്ഷേ അത് എങ്ങിനെ സ്വീകരിക്കും എന്നതാണ് പ്രശ്നം ....
അയാൾ വാച്ചിൽ നോക്കി... സമയം 9.25 എന്നും 9.30 ക്ക് ആണ് ഗൗരി പോകുന്നത്...
ഇന്നെന്തായാലും പറയണം...
അമ്മ ഇന്നലേം കൂടി പറഞ്ഞു.. മോനെ നാളെ നീ എന്തായാലും പറയണേ എന്ന് ...
നാളെ എന്തായാലും പറയും അമ്മേ... ഉറപ്പും കൊടുത്തു....
ആ പറഞ്ഞില്ലെങ്കിൽ ഞാൻ പെറ്റത് ആണത്തമില്ലാത്ത ഒരുത്തനെയാണ് എന്നെനിക്ക് ചിന്തിക്കേണ്ടി വരും... അമ്മ മറുപടിയും തന്നു...
അമ്മയെ പറഞ്ഞിട്ടും കാര്യമില്ല...മിനിഞ്ഞാന്നും ഇതേ ഉറപ്പ് തന്നെയാണ് കൊടുത്തത്..
പക്ഷേ ഇന്നലെ അവൾ വരുന്ന നേരമായപ്പോൾ പതുക്കെ വലിഞ്ഞു...
പറയുന്നത് കൊണ്ടല്ല... പക്ഷേ ഗിരിയേട്ടനും ചന്ദ്രേട്ടനും കൂടെ തന്നെയുണ്ടാകും ...
അവർ രണ്ടു പേരുമായിട്ടും തനിക്ക് നല്ല അടുപ്പമാണ്...
അവർ അറിഞ്ഞോണ്ട് അവൾ അങ്ങിനെ ഒരു തെറ്റ് ചെയ്യില്ല...
കണ്ണിലെ കൃഷ്ണമണിയെ പോലെയാണ് അവർ ഗൗരിയെ നോക്കുന്നത് ...
ഇന്നാള് ഗൗരിയുടെ നെറ്റിയിലെ ചന്ദനം ഒരു കള്ളു കുടിയൻ മായ്ക്കാൻ നോക്കി എന്നതിന് ചന്തയിലിട്ട് പട്ടിയെ തല്ലുന്നത് പോലെയാണ് അയാളെ തല്ലിയത്... അത്രക്ക് ജീവനാണ് അവർക്ക് ഗൗരിയേ...
പക്ഷേ നമ്മൾ അറിഞ്ഞ ഒരു കാര്യം പറയാതിരുന്നാൽ അതല്ലേ ഏറ്റവും വലിയ തെറ്റ്...
കാര്യം ഗൗരിയേ തനിക്ക് ഇഷ്ടമാണ്.. അവളുടെ ആ ഐശ്വര്യമുള്ള മുഖം ആർക്കാണ് ഇഷ്ടപെടാത്തത്...
പക്ഷേ...
ചന്ദ്രേട്ടനും ഗിരിയേട്ടനും ഇതറിയുമ്പോൾ അവരുടെ മുഖഭാവം അതോർക്കുമ്പോൾ ആണ് വിഷമം...
ഇന്നലേം ഇതുവഴി അവളെയും കൊണ്ട് പോയപ്പോൾ ഗിരിയേട്ടൻ കൈ വീശി കാണിച്ചതാണ്...
ഇന്നെന്തായാലും പറഞ്ഞിട്ടുള്ള കാര്യമേ ഉള്ളൂ... അയാൾ ഉറപ്പിച്ചു..
അപ്പോഴേക്കും റോഡിൻറെ അങ്ങേ തലക്കൽ അവളുടെ തലവെട്ടം കണ്ടു..
ഒന്നേ നോക്കിയുള്ളൂ ...
ഇന്നും നല്ല ഐശ്വര്യമുണ്ട്... കുളിച്ചു കുറിയൊക്കെ തൊട്ട്...
വേഗം മിഴികൾ മാറ്റി..
നോക്കി കൊണ്ടിരുന്നാൽ ധൈര്യം ചോർന്നു പോകുന്നത് പോലെ..
വീടിന്റെ മുമ്പിൽ എത്തിയതും നേരെ മുമ്പിൽ കൈ വിരിച്ചു തടഞ്ഞു നിർത്തി...
അവൾ നിന്നു ....
പ്രതീക്ഷിച്ചത് പോലെ ഗിരിയേട്ടനാണ് ചോദിച്ചത് ...എന്താടാ രമേശാ...
എനിക്കൊരു കാര്യം പറയാനുണ്ട് ഗിരിയേട്ടാ... ഗൗരിയെ കുറിച്ചാണ്.... എന്നോട് വിഷമം ഒന്നും തോന്നരുത്... നേരിട്ട് ഗിരിയേട്ടന്റെ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്..
എങ്കിലും അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഇടം കണ്ണിട്ടു നോക്കി പ്രതീക്ഷിച്ചത് പോലെ തന്നെ ആ മുഖത്ത് അമ്പരപ്പ് നിറയുന്നത് കണ്ടു...
നീ കാര്യം പറയ് ... ഇപ്പൊ സ്വരത്തിൽ മുമ്പത്തെ അത്രയും സ്നേഹമില്ല...
പതുക്കെ തല തിരിച്ച് ഒന്ന് നോക്കി കട്ടിളപ്പടിയിൽ അമ്മ തന്നെയും നോക്കി നിൽക്കുന്നു...
ഇനിയും പറഞ്ഞില്ലെങ്കിൽ ആണത്തമില്ലാത്ത ഒരു മകനെയാണല്ലോ പെറ്റത് എന്നോർത്ത് അമ്മ വിഷമിക്കും എന്നുറപ്പായി...
അല്ല താൻ ആണത്തം ഉള്ളവൻ തന്നെ...
എവിടെ നിന്നോ കുറച്ചു ധൈര്യം മനസ്സിലേക്ക് വന്നു...
രണ്ടും കല്പിച്ചു പറഞ്ഞു... വേറൊന്നും വിചാരിക്കേണ്ട അതേ നിങ്ങൾ ഇവളെയും കൊണ്ട് പോകുമ്പോ ഇവിടെയെത്തുമ്പോ ഒന്ന് പതുക്കെ പോണം... ഈ മഴക്കാലം കഴിയുന്നത് വരെ മതി റോട്ടിലെ ഗട്ടറിൽ നിന്ന് വെള്ളം തെറിക്കുന്നത് നേരെ വീടിന്റെ ചുമരിലേക്കാണ്.. ഒരുവിധത്തിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി...
ഇത്രയേ ഉള്ളോ.. സോറി ടാ രമേശാ നാളെ മുതൽ ശ്രദ്ധിക്കാം.. നിനക്ക് വെറുതേയിരിക്കുമ്പോ രണ്ടു കല്ലെടുത്തിട്ട് ആ കുഴി ഒന്ന് മൂടിക്കൂടേ... ഇത്രയും പറഞ്ഞിട്ട് ഗിരിയേട്ടൻ ബെല്ലടിച്ചു...
ചന്ദ്രേട്ടൻ ഗൗരിയുടെ ഗിയർ ലിവർ മാറി...
ഗൗരി നമ്ര ശിരസ്‌കയായി കുണുങ്ങി കുണുങ്ങി യാത്ര തുടർന്നു...
മനസ്സിൽ കയറ്റി വെച്ച ഭാരം എല്ലാം തീർത്ത ആശ്വാസത്തിൽ അയാൾ തലയും ഉയർത്തിപ്പിടിച്ചു വീട്ടിലേക്ക് നടന്നു...
കണ്ടോ അമ്മേ അമ്മയുടെ ആണത്തമുള്ള മകൻ എന്ന ഭാവത്തിൽ തന്നെ...
പക്ഷേ മനസ്സിൽ ഒരു സംശയം തോന്നി ഇത് പറയാൻ ആണോ താൻ ഇത്രക്ക് ടെൻഷൻ അടിച്ചത്... അയ്യേ
ശുഭം
ജയ്‌സൺ ജോർജ്ജ്

------------- പെണ്ണേ നീയൊരു മണ്ടിയാണ്

മിനികഥ
-------------
പെണ്ണേ നീയൊരു മണ്ടിയാണ്
=======================
അയാൾ.....
അയാൾ ഒരു പ്രതീകമാണ് നമ്മളിൽ ആരുടെയൊക്കെയോ...
ബാല്യംമുതൽ മനസ്സിൽ വേര് പിടിച്ചു പോയ ഒരു ചിന്തയും കൊണ്ട് ജീവിതം നടന്നു തീർക്കാൻ ശ്രമിച്ചയാൾ....
" പെണ്ണേ നീയൊരു മണ്ടിയാണ് "
ഇതായിരുന്നു മനസ്സിൽ വേര് പിടിച്ച ആ ചിന്ത...
ആദ്യമായി ആ ചിന്ത അയാളുടെ മനസ്സിൽ തോന്നിയത് ബാല്യത്തിൽ തന്നിലും ഇളയ പെങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾ ഓരോന്ന് പറഞ്ഞു പറ്റിച്ചു തട്ടിയെടുക്കുമ്പോൾ ആയിരുന്നു.... അന്നയാൾ മനസ്സിൽ പറഞ്ഞു...
" പെണ്ണെ നീയൊരു മണ്ടിയാണ്.... "
പിന്നീട് വീട്ടു വേലക്കാരിയുടെ വിയർപ്പിന്റെ മണം നിഷ്കളങ്കനായ ബാലനെ പോലെ ആസ്വദിക്കുമ്പോൾ അയാൾ മനസ്സിൽ വീണ്ടും പറഞ്ഞു
" പെണ്ണേ നീയൊരു മണ്ടിയാണ്... "
ചായ്പ്പിലെ ഇരുളടഞ്ഞ മൂലയിൽ വെച്ച് വേലക്കാരിയുടെ മകളുടെ ഗന്ധവും അറിയുമ്പോഴും അയാൾ മനസ്സിൽ പറഞ്ഞത് ഇതേ വാചകം തന്നെ.... അങ്ങിനെ കടന്ന് വന്ന വഴികളിലെല്ലാം മാറി മാറി വന്ന പണിക്കാരി പെണ്ണുങ്ങളെ കുറിച്ച് അയാൾ മനസ്സിൽ ഇത് തന്നെ ചിന്തിച്ചു...
ഒടുവിൽ പ്രണയമെന്ന വരിക്കുഴിയിൽ വീഴ്ത്തിയ പെണ്ണ് മാവിന്റെ കൊമ്പിൽ നിന്ന് പാരച്ച്യൂട്ടിൽ ഇറങ്ങിയപ്പോൾ ചെറുതായി വീർത്തു തുടങ്ങിയിരുന്ന അടിവയർ നോക്കിയും അയാൾ ഇത് തന്നെ പറഞ്ഞു...
"പെണ്ണേ നീയൊരു മണ്ടിയാണ്... "
അപ്പോഴൊന്നും അയാളുടെ ചുണ്ടിൽ നിന്ന് പുഞ്ചിരി മാഞ്ഞിരുന്നില്ല... പിന്നീട് കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു തന്നെ ഉപേക്ഷിച്ചു വേറൊരുത്തനൊപ്പം പോയ ഭാര്യയെ തിരഞ്ഞു പിടിച്ചു അവനെയും അവളെയും ആരുമറിയാതെ വക വരുത്തുമ്പോളും അയാളുടെ മനസ്സിൽ അത് തന്നെയായിരുന്നു ചിന്ത...
"പെണ്ണേ നീയൊരു മണ്ടിയാണ്.... "
അന്ന് മാത്രം ആ ചിന്തക്ക് ക്രൂരമായ ചിരിയുടെ അകമ്പടി വന്നു...
പിന്നീട് എത്രയോ വട്ടം അയാളുടെ മനസ്സിൽ ഇതേ ചിന്ത എത്രയോ വട്ടം വന്നു എന്നയാൾക്ക് പോലും നിശ്ചയമില്ല...
ഒടുവിലൊരുനാൾ ജീവനെ പോലെ സ്നേഹിച്ചു വളർത്തിയ സ്വന്തം മകൾ കാലുകൾ നിലത്തു തൊടാനാകാത്ത ഉയരത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ കനം വെച്ച ഉദരത്തിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു....
" പെണ്ണേ നീയൊരു മണ്ടിയാണ്...."
പക്ഷേ ജീവിതത്തിൽ അന്നാദ്യമായി അത് പറയുമ്പോൾ അയാളുടെ മിഴികൾ നനഞ്ഞിരുന്നു...
ജയ്‌സൺ ജോർജ്ജ്

എന്താണ് പ്രണയം.... ????

എന്താണ് പ്രണയം.... ????
പ്രണയം അതാണ് ... പ്രണയം ഇതാണ് ...
തുടങ്ങിയ ഒരുപാട് പോസ്റ്റുകൾ കണ്ടപ്പോഴാണ് എനിക്ക് ഇങ്ങനൊരു സംശയം തോന്നിയത്...
സത്യത്തിൽ പരസ്പരം തോന്നുന്ന അല്ലെങ്കിൽ മറ്റൊരാളോട് തോന്നുന്ന ഒരു ആകർഷണമല്ലേ ഈ പ്രണയം...
ഞാൻ ഒന്ന് ചിന്തിച്ചു...
പിന്നെ എനിക്ക് അങ്ങിനെ വലിയ ബുദ്ധി ഒന്നുമില്ലാത്തത് കൊണ്ടും ഞാൻ മഹാൻ അല്ലാത്തത് കൊണ്ടും എനിക്ക് തോന്നിയത്
ഇവരൊക്കെ പറയുന്ന ഈ പ്രണയം സാക്ഷാത്കാരത്തിന് മുമ്പുള്ള പരസ്പര ആകർഷണമാണ് എന്നാണ്...
കാരണം പ്രണയത്തിന്റെ മൂർത്തഭാവമാണ് ഈ ആകർഷണം എന്നത് ....
അവിടെ പോരായ്മകൾ പോലും വിസ്മരിക്കപ്പെടുന്നു...
ഒരാളോട് പ്രണയം തോന്നുമ്പോൾ മാത്രമാണ് പ്രണയം കൊണ്ട് ആനന്ദം അനുഭവിക്കുന്നത്... ആ പ്രണയം എതിർകക്ഷി സ്വീകരിച്ചാൽ പിന്നെ അവിടെ മുതൽ വ്യത്യാസമാകുന്നു... പിന്നീട് അതിൽ ബാക്കി ചേരുവകൾ അതായത് കുശുമ്പ് , സ്വാർത്ഥത , ദേഷ്യം , സങ്കടം എന്നിവ കൂടി അതിൽ ചേരുന്നു...
പിന്നീട് തന്റെ പ്രണയിനി അല്ലെങ്കിൽ തന്റെ കാമുകൻ ഇവരെ കാണാനും സംസാരിക്കാനും ഉള്ള കൊതിയിൽ മാത്രമായി പ്രണയം ഒതുങ്ങുന്നു...
കുറച്ചു കാലം കണ്ടു സംസാരിച്ചു കഴിയുമ്പോൾ പിന്നെ ഒന്ന് തൊടാനുള്ള കൊതി...
കുറച്ചുനാൾ തൊട്ടു കഴിയുമ്പോൾ കൂടുതൽ കൂടുതൽ തൊടാനുള്ള കൊതി...
ഒടുവിൽ അവസാനത്തെ കടമ്പയും വിയർത്തു കുളിച്ചു കയറുന്നതോട് കൂടി പ്രണയത്തിലെ എല്ലാ പുതുമയും കഴിയുന്നു...
പിന്നീട് എല്ലാം യാന്ത്രികമായിരിക്കും....
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഗെയിം...
വിജയിച്ചു കഴിഞ്ഞാൽ പിന്നെ വീണ്ടും ആ ഗെയിം കളിക്കാൻ താല്പര്യം നഷ്ടപ്പെടുന്ന ഗെയിം...
പിന്നീട് ശ്രദ്ധ പുതിയ ഗെയിമിലേക്ക് ആകുന്നു...
ഇവിടെയുള്ള ഒരു പ്രത്യേകത എന്തെന്നാൽ രണ്ടു പേർ ചേർന്ന് കളിക്കുന്ന ഗെയിം ആണ് ഇത് അതുകൊണ്ട് തന്നെ രണ്ടു പേരും വിജയിക്കില്ല ഒരാൾക്ക് വിജയവും ഒരാൾക്ക് പരാജയവും ആണുണ്ടാവുക എന്നതാണ്...
ഒറ്റ വാചകത്തിൽ ഉള്ള നിർവചനം...
" പ്രണയം എന്നത് ആകർഷണത്തിൽ തുടങ്ങി കാമത്തിൽ അവസാനിക്കുന്ന ജീവിതം വെച്ചുള്ള ഒരു കളിയാണ് " ....
ഒരിക്കലും ഒരേ ഗെയിം തന്നെ കളിച്ചു കൊണ്ടിരിക്കാൻ മനുഷ്യൻ താത്പര്യപ്പെടുന്നില്ല എന്നത് കൊണ്ടാണ് ഇന്ന് ഇത്രയധികം ഗെയിം ഇവിടുണ്ടാകാൻ കാരണം....
ഈ കളിയിൽ തോറ്റവർ എങ്ങിനെയെങ്കിലും വിജയിക്കണം എന്ന വാശിയോട് കൂടി വീണ്ടും വീണ്ടും പുതിയ കളികളിൽ ചേർന്ന് കളിക്കുന്നു ... പക്ഷേ അവരുടെ ഉള്ളിൽ വാശി മാത്രമാണ് അവർക്ക് ആനന്ദം കിട്ടുന്നില്ല... ആ വാശി അവരെ ഒരുപാട് ചതിക്കുഴികളിൽ വീഴ്ത്തുന്നു അവിടെ മാത്രം ആ ഗെയിം പാമ്പും കോണിയും എന്ന ഗെയിമിനുള്ളിൽ കിടന്ന് വട്ടം ചുറ്റുന്നു....
ഇനി വിജയിച്ചവർ.... പ്രണയത്തിന്റെ വിജയമായി ആദ്യ കാലം മുതലേ തീരുമാനിക്കപ്പെട്ടതാണ് വിവാഹം... പക്ഷേ തങ്ങൾ സന്തുഷ്ടരാണ് എന്ന് നടിക്കാനാണ് ഇക്കൂട്ടരുടെ വിധി.. കാരണം ഒന്നും ആരോടും പറയാൻ അവകാശമില്ലാത്തവർ... സ്വയം കണ്ടെത്തിയതല്ലേ അനുഭവിച്ചോ എന്ന മറുപടിയായിരിക്കും ഇവർക്ക് കേൾക്കാൻ സാധിക്കുക... അതുകൊണ്ടു തന്നെ ഞങ്ങൾക്കിടയിൽ പ്രശ്നമൊന്നുമില്ല എന്ന മറച്ചു പിടിക്കലിന് ആണ് ഇവർക്കിടയിൽ കൂടുതൽ സ്ഥാനം.... ഇന്ന് നടക്കുന്ന ഡിവോഴ്‌സ് കേസുകളിൽ ഭൂരിഭാഗവും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് എന്നത് ഉദാഹരണം....
യഥാർത്ഥത്തിൽ പ്രണയം മരിക്കുന്നത് വിവാഹത്തിലൂടെയാണ്.... തട്ടും മുട്ടുമേറ്റ അലുമിനിയം കലത്തിനെ പോലെയാണ് പ്രണയിച്ചു വിവാഹം കഴിച്ചവരുടെ കാര്യം.... എത്ര മൂടി മറച്ചു വെച്ചാലും ആ ചളുക്കം പുറത്തേക്ക് കാണുന്നു....
ഏറ്റവും വലിയ കാര്യം ഇവരുടെ ഉള്ളിലെ പ്രണയം മരിക്കുന്നില്ല എന്നതാണ്... അത് പരസ്പരം നോക്കാതെ പുറത്തു പുതിയ ഗെയിം തേടിക്കൊണ്ടിരിക്കും എന്നതാണ്....
ഇപ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉയർന്നു വരും എന്തെ അറേഞ്ച്‌ഡ് മാര്യേജിൽ വിവാഹ മോചനം നടക്കുന്നില്ലേ എന്ന്.... ഉണ്ട് പക്ഷേ അതിലെ പ്രധാന വ്യത്യാസം അവിടെ അഡ്ജസ്റ്റ് ചെയ്യുക എന്ന ചിന്തയോടെ ആണ് കൂടുതൽ പേരും കടന്ന് വരിക കാരണം അവർക്ക് യാതൊരു വിധ മുൻധാരണകളും ഉണ്ടാവില്ല... എങ്ങിനെയാകുമോ എന്ന ആശങ്കയാണ് കൂടുതലും ഉണ്ടാകുക.... അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായ അഡ്ജസ്റ്റ്മെന്റിന് കൂടുതൽ പേരും തയ്യാറാകും എന്നതാണ്.... അതിന് തയ്യാറാകാത്തവർ ആണ് പിരിയുക....
വിവാഹം എന്നത് ഒരു പുഴ പോലെയാണ് അതിൽ ചെയ്യാവുന്ന ഏക കാര്യം ഒഴുക്കിന് അനുസരിച്ചു നീങ്ങുക എന്നതാണ്.... അല്ലാതെ അതിന് എതിരെ നീന്തുമ്പോഴോ പുഴ നമ്മുടെ ഇഷ്ടത്തിന് ഒഴുകണം എന്ന് ശഠിക്കുമ്പോഴോ ആണ് പ്രശ്നങ്ങൾ രൂപാന്തരപ്പെടുന്നത്...
എന്റെ അഭിപ്രായത്തിൽ പ്രണയം നില നിൽക്കണമെങ്കിൽ കാമപൂരണം കൂടാതെ വിവാഹം കൂടാതെ തൊട്ടു പോലും നോക്കാതെ പ്രണയിക്കണം എന്നതാണ്....
പക്ഷേ അതിന് മനുഷ്യനു ഒരിക്കലും സാധ്യമാകില്ല എന്നതാണ് യഥാർത്ഥ സത്യം.... എന്തും കീഴടക്കണം അറിയണം എന്ന വാശി അവരെ അതിന് സമ്മതിക്കില്ല എന്നതാണ് സത്യം...
ക്ഷമിക്കണം ഇതെന്റെ ചിന്ത മാത്രമാണ്... എന്റെ അറിവുകളും ബുദ്ധിയും പരിമിതമാണ്... തെറ്റാകാം....
ജയ്‌സൺ ജോർജ്ജ്

ഇടനെഞ്ചിലെ സ്നേഹക്കിളി


ഇടനെഞ്ചിലെ സ്നേഹക്കിളി
==========
നൊമ്പരകടലിൽ ചിരിതൂകുമമ്പിളി പോൽ
നിശായാമങ്ങളിലെവിടെയോ
എന്നിൽ വന്നണഞ്ഞൊരു
വർണ്ണചിറകുള്ള പക്ഷീ....
എന്നിൽ കൂട്ടി നിറച്ചു വെച്ച
നൊമ്പരത്തിൻ
കതിരുകളൊന്നൊന്നായി
കൊത്തി വിഴുങ്ങി നീ..
എന്നിലേക്കെങ്ങോ നിന്ന്
സന്തോഷത്തിൻ കതിരുകൾ
കൊണ്ടുവന്നു നീ....
നീയാം പക്ഷിയുടെ
ചിറകടിയൊച്ചക്ക്
കാതോർക്കലാണിന്നെൻ
സായന്തനങ്ങൾ...
ഉണങ്ങി കിടന്നൊരു
തരിശു പാടം ഞാൻ
ഇന്നെന്നിൽ ഉണർവ്വിൻ
തെളിനീരോട്ടം...
സന്തോഷത്തിൻ
വിത്തുകൾ
വിതച്ചൊരാ
പാടത്തിൻ കരയിൽ
നൃത്തമാടുന്നു
ഉല്ലാസത്തിൻ കുളിർകാറ്റ് ...
വിരുന്നുണ്ണാൻ നീ വരും
ചിറകടിയൊച്ചക്കായ്
കാതോർത്തിരിക്കുന്നു ഞാൻ....
ആര് നീയെനിക്കെന്നതിനുത്തരമില്ല...
നീയില്ലെങ്കിൽ
ഞാനില്ലെന്നത് മാത്രം സത്യം....
പടലപിണക്കങ്ങളുടെയും
തല്ലുകൂട്ടങ്ങളുടെയും
നടുവിൽ ചേർത്തുപിടിച്ചു
മൂർദ്ധാവിലൊരു
ചുംബനം നൽകിയാൽ
നെഞ്ചോടു ചേർന്നു
കുറുകുന്നൊരരിപ്രാവാകും നീ...
എന്നിൽ നിറഞ്ഞൊരു
സ്നേഹമേ
വിലമതിക്കാനാവോത്തൊരു
മുത്ത് നീ...
അകലെയാണെങ്കിലും
അരികിലായി കാണും
അഷ്ടദിക്കിലും ചിരിക്കും നിൻ മുഖം...
വേറിട്ട ജന്മങ്ങൾ
വേരിറങ്ങിയിട്ടു
കണ്ടുമുട്ടിയവർ നാം....
അരികിലായി
പടുകുരു മുളച്ചൊരീ
മരത്തിനു
നീയാം തണലിൽ
വളരാൻ ഇടം നൽകുമോ...
ഇലകൾ തമ്മിൽ
തൊട്ടുരുമ്മി വളരുമ്പോൾ
നീയാം തടിയിലും ഞാനുരസ്സുന്നു....
മോഹമായി സ്വപ്നമായി
നെഞ്ചിൽ കുറുകും മന്ത്രമേ...
നീയാണിന്നെൻ മൃതസഞ്ജീവനി....
അണയുവാൻ കൊതിയുണ്ട്
അണക്കുവാൻ തയ്യാറെങ്കിൽ....
ജയ്‌സൺ ജോർജ്ജ്

പാതി വെന്ത പായസം


പാതി വെന്ത പായസം
================
ചെറുകഥ
----------------
രതീഷ് കണ്ണാടിയിൽ ഒന്ന് കൂടി നോക്കി ഭംഗി ഉറപ്പു വരുത്തി പോക്കറ്റിൽ നിന്ന് ചീപ്പ് എടുത്തു തലമുടി ഒന്ന് കൂടി ചീകി....
ചാഞ്ഞും ചെരിഞ്ഞും ഒന്ന് കൂടി നോക്കി .... വാച്ചിൽ സമയം നോക്കി പത്ത് മണി ആകുന്നു പതിനൊന്നരക്ക് വൈറ്റില ഹബ്ബിൽ എത്തണം രതീഷ് ഓർത്തു ...
അവിടെ അവൾ പതിനൊന്നരക്കു എത്തും എന്നാണ് പറഞ്ഞിരിക്കുന്നത്...
അങ്ങിനെ ഒരുപാട് നാളത്തെ ഒരാഗ്രഹം ഇന്ന് പൂർത്തീകരിക്കാൻ പോകുന്നു...
അവളെ അറിയാൻ ... എല്ലാ തരത്തിലും...
മുഖപുസ്തകത്തിലൂടെയാണ് അവളെ പരിചയപ്പെട്ടത്...
നീതു... അതാണ് അവളുടെ പേര്...
പരിച്ചയപ്പെട്ടപ്പോൾ ഇങ്ങിനെ ഒക്കെ ആവുമെന്ന് ഒന്നും തോന്നിയില്ല ... മാത്രമല്ല ഫേക്ക് ഐഡിയിൽ കൂടിയാണ് പരിചയപ്പെട്ടത്...
ഒറിജിനലിൽ ഒരു കളിയും പറ്റില്ല... അവിടെ അവൾ ഉണ്ടല്ലോ...
ലവ്യ.... ഭാവി വധു.... അവളെയും മുഖപുസ്തകത്തിൽ കൂടിയാണ് പരിചയപ്പെട്ടത്..
ഒരു പാവം പിടിച്ച നാട്ടിൻപുറത്തുകാരി പെണ്ണ്...
എന്തൊരു സ്നേഹമാണ് അവൾക്ക്...
അതുകൊണ്ടു തന്നെയാണ് വീട്ടുകാർ മുഖേന ആലോചിച്ചതും കല്യാണം ഉറപ്പിച്ചതും....
അടുത്തമാസം പതിനഞ്ചിന് കല്യാണമാണ്...
മോതിരം മാറ്റം കഴിഞ്ഞു....
പക്ഷേ ഇവൾ നീതു.... അവളൊരു മോഹമായി മനസ്സിൽ വളർന്നു പോയി.... അവൾക്കും....
" ഇന്നാണോടാ നിന്റെ കല്യാണം... കുറെ നേരമായല്ലോ ഒരുക്കം തുടങ്ങിയിട്ട്..." അകത്തു നിന്നും അമ്മ വിളിച്ചു ചോദിച്ചു....
'കല്യാണമല്ല... ആദ്യരാത്രി...' രതീഷ് മനസ്സിൽ മറുപടി പറഞ്ഞു...
രതീഷ് മീശ കൂടി ചീകിയൊതുക്കി കുറച്ചു പൌഡർ എടുത്ത് മുഖത്തിട്ടു...
എത്രയൊരുങ്ങിയിട്ടും മതിയാകുന്നില്ല...
പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിച്ചു...
" മണ്ണിതിൽ പിറന്നത് നിനക്കു വേണ്ടി...
തേടിയതും തിരഞ്ഞതും നിന്നെ മാത്രം...
പ്രിയേ .... നിന്നെ മാത്രം.... "
റിങ്ടോൺ കേട്ടപ്പോഴേ മനസ്സിലായി....
ലവ്യയാണ്... ഭാവി ഭാര്യ...
രതീഷ് കാൾ അറ്റൻഡ് ചെയ്തു ചോദിച്ചു...
" എന്താ മോളൂട്ടാ..."
" ഒന്നൂല്ല്യാ... രതീഷേട്ടൻ എന്തെടുക്കുവാണെന്നറിയാൻ വിളിച്ചതാ..." പാതി കൊഞ്ചലുള്ള ശബ്ദത്തിൽ ലവ്യ മറുപടി പറഞ്ഞു...
" പ്രത്യേകിച്ചു ഒന്നുമില്ലെടാ... കുറച്ചു കഴിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക് ഒന്ന് പോകണം ... കല്യാണം വിളിക്കാനുണ്ട്... ആ.. അതേ ചിലപ്പോ എന്നെ വിളിച്ചാൽ കിട്ടില്ല ട്ടോ... അവന്മാരുടെ അടുത്ത് പോയാൽ പിന്നെ ഫോൺ എടുക്കുന്നത് ഒക്കെ അവരായിരിക്കും അതുകൊണ്ട് ഞാൻ ചിലപ്പോ സ്വിച്ചോഫ് ചെയ്തു വെക്കും... പിന്നെ കുറച്ചു ക്യാഷ് അറേഞ്ച് ചെയ്യാനുണ്ട്....ഞാൻ വൈകിട്ട് വിളിക്കാം..." രതീഷ് ബുദ്ധിപൂർവ്വം പറഞ്ഞു..."
" ഉം... സാരല്ല്യ... കൂട്ട് കൂടി കള്ളൊന്നും കുടിക്കരുത് ട്ടോ.." ഉടനെ വന്നു സ്നേഹപൂർവ്വമുള്ള ഉപദേശം...
" ഞാനും പോകുവാ കുറച്ചു കഴിഞ്ഞാൽ കൂട്ടുകാരി വരും ബ്യൂട്ടി പാർലറിൽ ഒന്ന് പോണം... കല്യാണത്തിന്റെ അന്ന് സുന്ദരിയായില്ല എന്ന് ഈ ചെക്കൻ പറഞ്ഞാലോ..." ലവ്യ പാതി കളിയായി പറഞ്ഞു...
" ഉം അത് നല്ലതാ മോളൂ... എന്നാലും കല്യാണത്തിന് ഇനി എന്റെ പെണ്ണിനെ എല്ലാവരും കണ്ണ് വെക്കുമോ..." രതീഷ് കുസൃതിയോടെ ചോദിച്ചു...
" പോ രതീഷേട്ടാ കളിയാക്കാതെ.." ലവ്യ പരിഭവിച്ചു...
" ചുമ്മാ പറഞ്ഞതല്ലേ മോളൂ... എന്നാ ഞാൻ വെക്കട്ടെ ട്ടോ... കുളിച്ചു പോകാൻ നോക്കട്ടെ..." രതീഷ് സംഭാഷണം അധികം നീട്ടാൻ താല്പര്യമില്ലാത്തത് പോലെ പറഞ്ഞു....
" ഓക്കേ രതീഷേട്ടാ പോയിട്ട് വേഗം വാ ട്ടോ... പോകുന്ന കാര്യം ഭംഗിയായി നടക്കാൻ ഞാൻ പ്രാര്ഥിക്കുന്നുണ്ട് ട്ടോ..."
അത് കേട്ടപ്പോൾ രതീഷിന്റെ മനസ്സിൽ ഒരു മുൾക്കുത്ത് ഉണ്ടായി...
എങ്കിലും അവൻ " ഓക്കേ ടാ ബൈ ഉമ്മ...." എന്ന് പറഞ്ഞു...
"ബൈ ഏട്ടാ.... ഉം........മ്മ" ലവ്യയും പറഞ്ഞു... രതീഷ് കാൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ടു...
പാവം.... ഒരർത്ഥത്തിൽ താൻ ചതിയല്ലേ ചെയ്യുന്നത്... രതീഷ് മനസ്സാക്ഷിക്കുത്തോടെ ഓർത്തു....
പക്ഷേ മോഹം കൊണ്ട് വിരിച്ച വലയിൽ പെടുന്നത് പാറക്കല്ലാണെങ്കിലും അതൊന്നു വലിച്ചു നോക്കും എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്...
അതുകൊണ്ട് തന്നെ മനസ്സ് ഞൊടിയിട കൊണ്ട് മറുപടി നൽകി....
ഇല്ല ഇനിയിതാവർത്തിക്കില്ല...
ഒറ്റ തവണ മാത്രം....
നീതുവും അതാണ് പറഞ്ഞിരിക്കുന്നത്...
ഒറ്റ തവണ മാത്രം...
അത് കഴിഞ്ഞു രണ്ടു വഴിക്ക് പിരിയുക....
പിന്നീടൊരിക്കലും കോണ്ടാക്ട് ചെയ്യാൻ രണ്ടാളും ശ്രമിക്കരുത്....
നീതുവിനും കല്യാണാലോചനകൾ വരുന്നുണ്ട്... നീതു...
വീണ്ടും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് കയറി വന്നു...
അപ്രതീക്ഷിതമായാണ് അവളെ കണ്ടുമുട്ടിയത്...
പതിവ് പോലെ ലവ്യയുമായുള്ള ചാറ്റിംഗ് കഴിഞ്ഞു ലോഗൗട്ട് ചെയ്തു ഫേക്ക് ഐഡിയിൽ കയറി ചുമ്മാ ഒന്ന് ഓടിച്ചു നോക്കുന്നതിനിടയിലാണ് അവളുടെ പ്രൊഫൈൽ കണ്ടത്....
അർദ്ധനഗ്നയായ നടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ കണ്ടപ്പോഴേ ഉറപ്പിച്ചു...
ഇതിച്ചിരി തിളക്കൽ കൂടിയ സാധനമാണ്...
ഫേക്ക് ആണോ എന്ന് ശങ്കയുണ്ടായിരിന്നു.... മടിച്ചു മടിച്ചാണ് റിക്വസ്‌റ്റ് അയച്ചത്....
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും സ്വീകരിച്ചതായി അറിയിപ്പ് വന്നു...
പതിവ് പോലെ ഹായ് യിൽ തുടങ്ങി പതുക്കെ സംസാരം വഴി മാറ്റി...
അപ്പോഴും ഉള്ളിൽ ഫേക്ക് എന്നൊരു ആശങ്കയുണ്ടായിരുന്നു കാരണം ആണായി ജനിച്ചാലും മുഖപുസ്തകത്തിൽ നപുംസകമായി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരുപാട് ഷണ്ഡന്മാരുടെ കാലമാണ് ഇത്....
ഫേക്ക് എന്ന ചിന്ത കാരണമാണ് ഫോട്ടോയും വോയ്‌സും ചോദിച്ചത്...
രണ്ടും കൂടി തരില്ല ഏതെങ്കിലും ഒന്ന് എന്നായി അവൾ ...
ശരി എങ്കിൽ ഫോട്ടോ തരാൻ പറഞ്ഞു......
മുഖം കാണിക്കില്ല എന്നായി...
അതും സമ്മതിച്ചു...
അല്ലെങ്കിൽ തന്നെ മുഖം എന്തിന്...
ഫോട്ടോ തന്നു...
കൊള്ളാം നല്ല ഫിഗർ...
താനും മുഖം കാണിക്കാതെയുള്ള ഫോട്ടോസ് അയച്ചു കൊടുത്തു...
എന്തിനധികം പറയുന്നു ഇന്നേവരെ ലവ്യയുമായി സംസാരിക്കാത്ത മേഖലയിലേക്ക് സംസാരം വഴി മാറിയത് എത്ര പെട്ടെന്നായിരുന്നു ലവ്യക്ക് താൻ ഡീസെന്റ് ആണ് കാരണം ഇന്നുവരെ മോശമായി ഒന്നും അവളോട് പറഞ്ഞിട്ടില്ല...
പക്ഷേ ഇങ്ങനൊരു മാർഗ്ഗം കിട്ടിയപ്പോൾ ....
ഡ്രെസ്സോട് കൂടെ അയച്ച ഫോട്ടോകൾ പിന്നീട് ഡ്രസ്സ് ഇല്ലാതായി...
ചാറ്റിൽ നീല ലൈറ്റുകൾ മാത്രം തെളിഞ്ഞു കൊണ്ടിരുന്നു...
നിശ്വാസങ്ങൾ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു...
ഒടുവിൽ മോഹമായി മാറി...
അതാണ് തുറന്ന് ചോദിച്ചതും....
ഒരുപക്ഷേ നീതുവിനും തന്നിൽ മോഹമായിട്ടുണ്ടാകും അതാവും ആദ്യം സമ്മതിക്കാതിരുന്നിട്ടും അവൾ സമ്മതിച്ചത്...
ഇത്തരം ചാറ്റ് താനും അവളും ആദ്യമായിട്ട് ഒരാളോട് അല്ല ചെയ്യുന്നത് എന്ന് രണ്ടാൾക്കും അറിയാം .......
പക്ഷേ ഇങ്ങനൊരു മോഹം ഇതുവരെ ആരോടും തോന്നിയിട്ടില്ല എന്നാണ് അവൾ പറഞ്ഞ് ......
ഇനി തോന്നിയിട്ടുണ്ടോ അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടോ ആവോ എന്തായാലും അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല....
എന്തായാലും താനും പോയിട്ടില്ല എന്ന് പറഞ്ഞു...
അത്‌ ഒരുപരിധി വരെ ശരിയുമാണ്...
മുഖപുസ്തകം വഴി പരിചയപ്പെട്ട ആരുടെ അടുത്തും ഇതുവരെ പോയിട്ടില്ല...
കാശ് കൊടുത്ത് പോയിട്ടുണ്ട് അതൊട്ടു അവൾ ചോദിച്ചില്ല താനൊട്ടു പറഞ്ഞതും ഇല്ല....
എന്തായാലും ഇന്ന് നീതുവെന്ന മോഹം പൂവണിയാൻ പോകുന്നു...
രതീഷ് ബസ്റ്റോപ്പിലേക്ക് നടന്നു...
ബസ്സിലിരിക്കുമ്പോഴും ചിന്ത നീതുവിൽ തന്നെയായിരുന്നു...
പോക്കറ്റിൽ തപ്പി നോക്കി .........
ഉണ്ട് .......... പുതിയ സിം പോക്കറ്റിൽ തന്നെയുണ്ട്...
ആ നമ്പറാണ് അവൾക്ക് കൊടുത്തിട്ടുള്ളത്......
കൃത്യം പതിനൊന്ന് മുപ്പത്തിഅഞ്ചിനു കാൾ വരും...
അവൾ വിളിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്...
ഇതുവരെ അങ്ങോട്ടുമിങ്ങോട്ടും നമ്പർ കൊടുക്കുകയോ വിളിക്കുകയോ വരെ ചെയ്തിട്ടില്ല...
ഇന്നാണ് ആദ്യമായി വിളിക്കുന്നത് അതും ആളെ തിരിച്ചറിയാൻ വേണ്ടി മാത്രം...
അതോടു കൂടി ഈ സിം കളയണം...
പതിനൊന്ന് ഇരുപതിന് തന്നെ ബസ് വൈറ്റില ഹബ്ബിൽ എത്തി...
ഇനിയുമുണ്ട് പത്ത് മിനിറ്റ്...
രതീഷ് കുറച്ചു മാറി തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്നു...
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സ്വിച്ചോഫ് ചെയ്തു പുതിയ സിം ഇട്ടു...
ഇന്നലെ ആക്റ്റിവേറ്റ് ചെയ്തതാണ് അതുകൊണ്ട് തന്നെ പെട്ടെന്ന് നെറ്റ്‌വർക്ക് ക്ലീയർ ആയി.... ഫോൺ പോക്കറ്റിലേക്ക് തന്നെ ഇട്ടു....
രതീഷ് ഇടക്കിടക്ക് വാച്ചിലേക്ക് നോക്കി...
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി...
സമയം പോകുന്നില്ല...
അല്ലെങ്കിലും സമയം പെട്ടെന്ന് പോകണമെന്ന് ചിന്തിച്ചാൽ ഇഴഞ്ഞേ പോകൂ പോകരുത് എന്ന് ചിന്തിച്ചാൽ പെട്ടെന്ന് പോകും അതാണ് സമയത്തിന്റെ പ്രത്യേകത...
ചെറിയ പരിഭ്രമം തോന്നുന്നുണ്ട്...
പരിചയക്കാർ ആരെങ്കിലും കണ്ടാൽ....
പിന്നെ അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തു വശക്കേടാകും...
പതിനൊന്നു മുപ്പത്തിരണ്ടായപ്പോൾ സ്റ്റാന്റിലേക്ക് ഒരു ബസ് കയറി വന്നു...
ആളുകൾ ഇറങ്ങി രതീഷ് വേഗം അങ്ങോട്ട് നോക്കാതെ തിരിഞ്ഞു നിന്നു....
പരിചയമുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ കാണണ്ട...
അങ്ങിനെ നിൽക്കുന്ന സമയത്ത് തോളത്ത് ഒരു കൈ വന്നു തട്ടി... രതീഷ് കഴുത്തു തിരിച്ചു ചുമലിലേക്ക് നോക്കി ഒരു സ്ത്രീയുടെ കൈകളാണ്.....
ഈശ്വരാ അവൾ എന്നെ കണ്ടുപിടിച്ചോ... എന്നാലും എങ്ങിനെ....
ഒരുനിമിഷം കൊണ്ട് അർജ്ജുനന്റെ അമ്പിനേക്കാൾ വേഗത്തിൽ കുറെ ചോദ്യങ്ങൾ രതീഷിന്റെ മനസ്സിലൂടെ കടന്നു പോയി...
" ഹലോ " അതാ ആ കൈ വീണ്ടും തട്ടുന്നു...
ചുണ്ടിൽ ഒരു ചിരി ഫിറ്റ് ചെയ്തു രതീഷ് തിരിഞ്ഞു...
ഒരുനിമിഷം.....
രതീഷിന്റെ സപ്തനാഡികളും തളർന്നു പോയി...
അമ്പതു വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ....
രതീഷിന്റെ ചുണ്ടിലെ ചിരി കോടിപ്പോയി....
പകരം ആ സ്ത്രീയുടെ ചുണ്ടിൽ ചിരി വിടർന്നു....
എട്ടിന്റെ പണി കിട്ടിയല്ലോ ഈശ്വരാ...
രതീഷ് മനസ്സിൽ ഓർത്തു....
എങ്ങിനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു കൊണ്ടിരുന്നതിന്റെ ഇടയിൽ അടുത്ത ചോദ്യം വന്നു...
" മോനേ ഈ തൃപ്പൂണിത്തറക്കുള്ള ബസ് എവിടെ കിട്ടും..."
രതീഷ് വീണ്ടും അമ്പരന്നു...
ങ്ങേ... അപ്പൊ ഇതല്ലേ....
രതീഷ് എങ്ങോട്ടോ കൈ ചൂണ്ടി...
ആ സ്ത്രീ ആ ഭാഗത്തേക്ക് നോക്കിയ ശേഷം രതീഷിനോട് പറഞ്ഞു... താങ്ക് യു മോനേ....
അതും പറഞ്ഞു അവർ വേഗം രതീഷ് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് നടന്നുപോയി...
ഒറ്റ നിമിഷം കൊണ്ട് വിയർപ്പിൽ കുളിച്ച രതീഷ് ആശ്വാസത്തോടെ അവിശ്വസനീയതോടെ ശ്വാസോച്ഛാസം ചെയ്തു...
ഇടിക്കും എന്നുറപ്പിച്ച മഞ്ഞുമലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കപ്പലിന്റെ കപ്പിത്താനെപ്പോലെയായി രതീഷ്....
പകപ്പ് ഒന്നടങ്ങിയപ്പോൾ രതീഷ് ബസ് വന്ന് നിന്ന ഭാഗത്തേക്ക് നോക്കി...
അതാ തലയിലൂടെ ഷാൾ ഇട്ട ഒരു യുവതി അങ്ങോട്ടുമിങ്ങോട്ടും പോകുന്നവരെ സൂക്ഷിച്ചു നോക്കുന്നു...
അതവൾ തന്നെ നീതു...
രതീഷിന് ഉറപ്പായി...
വിളിക്കട്ടെ എന്നിട്ട് പോകാം രതീഷ് മനസ്സിൽ വിചാരിച്ചു...
അതിനിടയിൽ രതീഷ് കണ്ണുകൾ കൊണ്ട് ആ സ്റ്റാൻഡ് മുഴുവൻ സൂക്ഷ്മനിരീക്ഷണം നടത്തി... ഭാഗ്യം അറിയുന്ന ആരുമില്ല...
അതാ നീതു ബാഗിൽനിന്ന് നേരെ മുമ്പിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി ഫോൺ എടുക്കുന്നു...
തിരിഞ്ഞാണ് നിൽക്കുന്നത് മുഖം വ്യക്തമല്ല...
എന്തിന് മുഖം...
അല്പനേരം കൂടി കഴിഞ്ഞാൽ എല്ലാം കാണാൻ പോകുവല്ലേ...
രതീഷിന് കാലിൽ നിന്ന് ഒരു കുളിര് കേറി ദേഹത്ത് മൊത്തം ഒന്ന് ഓടിക്കളിച്ചു....
നീതു ആ ചെറുപ്പക്കാരനെ അറിയാത്ത ഭാവത്തിൽ നോക്കിക്കൊണ്ട് നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി...
പുറകിൽ നിന്ന് അത് നോക്കികൊണ്ടിരുന്ന രതീഷിന് ചിരി വന്നു...
അവളുടെ ചിന്ത ആ ചെറുപ്പക്കാരനാണ് താൻ എന്നാണെന്ന് തോന്നുന്നു...
അവളുടെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു ആ ചെറുപ്പക്കാരനും അവളെ ഇടക്കിടക്ക് പാളി നോക്കുന്നുണ്ട്...
പ്രതീക്ഷിച്ച പോലെ രതീഷിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തു...
പിന്നിലൂടെ പോയി ഒന്ന് ഞെട്ടിച്ചു കളയാം...
രതീഷ് ഫോൺ എടുത്ത് സൈലന്റ് മോഡിൽ ആക്കി...
നീതുവിന്റെ പുറകിലേക്ക് ചെന്നു....
ഇപ്പൊ അവളുടെ ശ്രദ്ധ പൂർണ്ണമായും ആ ചെറുപ്പക്കാരന്റെ മുഖത്താണ്...
അവൻ ഫോൺ എടുക്കുന്നുണ്ടോ എന്നതാണ് അതാ അവനും പുഞ്ചിരിക്കാൻ തുടങ്ങിയിരിക്കുന്നു....
ഇനിയും താമസിച്ചാൽ ചിലപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും...
രതീഷ് വേഗം വിളിച്ചു...
നീതു... ഹലോ നീതുവല്ലേ... പെൺകുട്ടി വേഗം ഞെട്ടിത്തിരിഞ്ഞു...
ഒരുനിമിഷം ആ സുന്ദരമുഖം കണ്ടപ്പോൾ രതീഷിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...
അവരുടെ ആ രണ്ടു ചുണ്ടുകളും ഒരുമിച്ചു ചലിച്ചു....
രതീഷേട്ടൻ.... ലവ്യ.... രണ്ടാളും മുഖത്തോട് മുഖം നോക്കി മന്ത്രിച്ചു...
രതീഷ് ഇപ്പോൾ കാൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു....
അതാ നീതുവെന്ന ലവ്യയുടെ കയ്യിലിരിക്കുന്ന മൊബൈൽ എന്ന ചെകുത്താൻ കുഞ്ഞു ശബ്‌ദിക്കുന്നു.....
രണ്ടുപേരും നിശബ്ദരായി മുഖത്തോടു മുഖം നോക്കി നിന്നു....
പറയുവാൻ ഒന്നും ഇല്ലാത്തത് പോലെ.......
പ്രിയ വായനക്കാരെ...
ഇവരെ ഇങ്ങിനെ തന്നെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വിടുകയാണ്...
ഇവർ ഒന്നിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം...
നടന്നതെല്ലാം മറന്ന് വേണമെങ്കിൽ രണ്ടാൾക്കും ഒന്നിക്കാം അല്ലെങ്കിൽ വേർ പിരിയാം...
അതുമല്ലെങ്കിൽ തെറ്റ് ചെയ്യാൻ വന്നപ്പോഴും ഒരുമിച്ചു വന്നത് കൊണ്ട് ഇവർ ഒരുമിക്കേണ്ടവർ തന്നെ എന്ന് വേണമെങ്കിലും തീരുമാനിക്കാം...
രണ്ടാളും മനസ്സ് കൊണ്ട് പങ്കാളിയെ വഞ്ചിക്കാൻ തീരുമാനമെടുത്തവരാണ്...
അങ്ങിനെ നോക്കുമ്പോൾ എന്റെ കണക്ക് പുസ്തകത്തിൽ രണ്ടാൾക്കും തുല്യ മാർക്കാണ്... ശേഷം ചിന്ത്യം...
ഒന്ന് മാത്രം ഓർക്കുക..
ഫേക്ക് ഐഡി.. അതാർക്കുവേണമെങ്കിലും ഉണ്ടാക്കാം...
വേറൊരാൾക്കു പണി കൊടുക്കാൻ തീരുമാനിച്ചു നിങ്ങൾ ഉണ്ടാക്കുന്ന ഫേക്ക് ഐഡിയിലൂടെ ഒരുപക്ഷേ നിങ്ങൾക്ക് തന്നെ പണി കിട്ടിയേക്കാം...
തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന് ചിന്തിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു...
ജയ്‌സൺ ജോർജ്ജ്

എഴുത്തും കറിയും ഒരു താരതമ്യം


എഴുത്തും കറിയും ഒരു താരതമ്യം
=======================
ഈ കവിതകളും കഥകളും ഒക്കെ എഴുതുകാന്നു പറഞ്ഞാല്‍ നമ്മള്‍ കറി വെക്കുന്ന പോലെയാണ് ...
ചില കറി വെച്ചിട്ടു നാം ടേസ്റ്റ് നോക്കുമ്പോള്‍ കൊള്ളാം സൂപ്പര്‍ എന്ന് നമുക്ക് തോന്നും പക്ഷേ ചിലപ്പോ അതാർക്കും ഇഷ്ടമായില്ലാന്നു വരാം ...
ചിലത് ഉണ്ടാക്കി കഴിയുമ്പോള്‍ അയ്യോ കുളമായി എന്ന് തോന്നും പക്ഷേ അത് എല്ലാവര്‍ക്കും ഇഷ്ടമായെന്നും വരാം ...
ചില കറി കാണാനൊക്കെ നല്ല രസമുണ്ടാകും പക്ഷേ ഒട്ടും രുചി ഉണ്ടാകില്ല ...
ചിലത് നേരെ മറിച്ചും ...
ചില കറികളിൽ മസാല കൂടും മണത്തു നോക്കുമ്പോള്‍ തന്നെ മസാലയുടെ കുത്ത് അടിക്കുന്നതിനാൽ അധികമാർക്കും ഇഷ്ടമാവില്ല ....
വെജ് മുതല്‍ നോൺവെജ് വരെ വെക്കുന്നവരുണ്ട് വെയ്ക്കേണ്ട പോലെ വെച്ചാല്‍ നോൺവെജ് വരെ ടേസ്റ്റിയാകും എന്നാല്‍ കൈപ്പുണ്യമുള്ള ചിലരുണ്ട് അവര്‍ ചുമ്മാ വെള്ളം ചൂടാക്കി തന്നാല്‍ വരെ സൂപ്പര്‍ ടേസ്റ്റ് ആവും..
ഇനി കഴിക്കുന്നവരുടെ കാര്യം പറയുകയാണേൽ സത്യമായ അഭിപ്രായം മുഖത്ത് നോക്കി പറയുന്ന ചങ്കൂറ്റമുള്ള ചിലരുണ്ട്... അവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്....
ചിലരുണ്ട് എന്തു വെച്ചു കൊടുത്താലും ഉണ്ടാക്കിയ ആളിനു വിഷമമായാലോ എന്ന് ചിന്തിച്ചു കൊള്ളാം സൂപ്പര്‍ എന്ന് പറയുന്നവർ...
ചിലര്‍ എത്ര നന്നായാലും പോര ശരിയായില്ല ഒരു ടേസ്റ്റും ഇല്ല എന്ന് പറയും .....
ചിലര്‍ വെച്ച ആളിനെ ഇഷ്ടമല്ലെങ്കിൽ രുചിച്ചു പോലും നോക്കാതെ കൊള്ളില്ലാന്നു പറയും...
ഇനി ചിലരോ മിണ്ടാതെ വന്ന് കഴിച്ചിട്ട് നന്നായെന്നോ കൊള്ളില്ലാന്നോ അഭിപ്രായം പറയാതെ എണീറ്റ് പോകും...
പിന്നെ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ കറിയാണെങ്കിലാണ് കൊള്ളാം സൂപ്പര്‍ എന്ന ഡയലോഗ് കൂടുതല്‍ കേൾക്കുക ....
അപ്പോ നമ്മളും പോയി ടേസ്റ്റ് നോക്കും ചിലത് സൂപ്പര്‍ ആകും ചിലത് വായിൽ വെക്കാന്‍ കൊള്ളില്ല...
അതെങ്ങാനും പറഞ്ഞു പോയാല്‍ നിനക്ക് രുചി നോക്കാനറിയുമോ അതിന് എന്ന ആക്രോശമായിരിക്കും ചുറ്റും
ചിലരുണ്ട് എന്നെപ്പോലെ ആണ്ടിനും ചംക്രാന്തിക്കുമെങ്ങാനും വല്ല കറിക്കും രുചി കിട്ടിയാലായി...
ആരാണ്ടൊക്കെ പാചകക്കാരാ പാചകക്കാരാ എന്ന് വിളിച്ചപ്പോ മുണ്ടും മുറുക്കിയുടുത്തു അടുക്കളയില്‍ കയറിയതാ ഇനിയിവിടുന്നു എന്നാണാവോ ചവിട്ടി പുറത്താക്കുന്നത്...
വീണ്ടും ഒരു വട്ട് ചിന്തയുമായി ഞാന്‍ ജയ്സൺ

നാളെയുടെ ഈയാം പാറ്റകൾ ====================== - ഭാഗം രണ്ട്


അതേ ആശങ്കക്ക് ഒട്ടും കുറവില്ലാതെയാണ് അവർ ലോനപ്പന്റെ വീട്ടിലേക്കുള്ള ചുവടുകൾ വെച്ചത്...
അകലെ നിന്നെ കേട്ട അലർച്ചയും കരച്ചിലും അവരുടെ മനസ്സിനെ ഏറെക്കുറെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു...
മുറ്റത്തെത്താറായതും കണ്ടു കൂട്ടം കൂടി നിന്ന് കരയുന്ന കുറച്ചു പേരെ...
ബാക്കിയുള്ളവർ നിർന്നിമേഷരായി നോക്കി നിൽക്കുന്നു....
മുറ്റത്തു കയറിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് അത് അപ്പൊ വന്ന ബന്ധുക്കാരാണ്‌...
വന്ന് കാല് കുത്തിയത് എല്ലാവരെയും അറിയിക്കാൻ വേണ്ടി സ്ത്രീ ജനങ്ങൾ നടത്തുന്ന സ്ഥിരം നാടകാഭിനയത്തിന്റെ സമയത്താണ് ഇവർ എത്തിച്ചേർന്നത് എന്ന് മാത്രം ....
വീട്ടിലുള്ള മറ്റ് സ്ത്രീകൾ വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് വരെ ഈ കരച്ചിൽ തുടരും...
അത് കഴിഞ്ഞാൽ വസ്ത്രം മാറി പരദൂഷണവും പറഞ്ഞിരിക്കും അതെല്ലായിടത്തും പതിവാണ്...
ചാമിയും ജോസഫും വിധിയറിയാൻ കാത്ത് നിൽക്കുന്ന വാദിയുടെ മുഖഭാവത്തോടെ ഉത്കണ്ഠാകുലരായി അക്ഷമയോടെ കാത്തിരിക്കുന്ന മക്കളുടെയും മരുമക്കളുടെയും ബന്ധുക്കാരുടെയും നടുവിലൂടെ മെല്ലെ നടന്ന് ലോനപ്പന്റെ മുറിയുടെ മുമ്പിലെത്തി...
കൊടും ചൂടിൽ നിന്ന് പെട്ടെന്ന് അതിശൈത്യത്തിലേക്ക് വന്നത് പോലെയാണ് അവർക്ക് തോന്നിയത് കാരണം പുറത്തുള്ള ആളും ബഹളവുമൊന്നും മുറിക്കുള്ളിലില്ല...
അകത്തുള്ള കട്ടിലിൽ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരൻ കണ്ണുകളടച്ചു നീണ്ടു നിവർന്നു കിടക്കുന്നു...
നെഞ്ചിൻകൂട് ചെറുതായി ഉയർന്നു താഴുന്നതാണ് ജീവൻ ഇപ്പോഴും ബാക്കിയുണ്ട് എന്നതിന്റെ അടയാളം...
ഒരുപക്ഷേ അതുംകൂടി നിലച്ചിരുന്നുവെങ്കിൽ ഈ റൂമിലേക്ക് പ്രവേശിക്കുവാൻ പോലും പറ്റില്ലായിരുന്നു....
അത്രയധികം ആളുകൾ ഈ മുറിക്കുള്ളിൽ നിറഞ്ഞേനെ...
പഴയ കളിക്കൂട്ടുകാരനെ നോക്കി ജോസഫും ചാമിയും ഒരുനിമിഷം നിന്നു...
" ലോനപ്പാ.... ടാ..." ജോസഫ് പതിയെ വിളിച്ചു...
അടഞ്ഞിരുന്ന കൺപോളക്കുള്ളിൽ കൃഷ്ണമണികൾ പതിയെ ചലിച്ചു...
ആ ശബ്ദം ലോനപ്പൻ തിരിച്ചറിഞ്ഞു എന്ന് വ്യക്തം...
ലോനപ്പൻ മിഴികൾ പതുക്കെ തുറന്നു...
കുറച്ചു നേരം കണ്ണുകൾ അടച്ചും തുറന്നും കഴിഞ്ഞപ്പോൾ ലോനപ്പന്റെ ചുണ്ടിന്റെ സൈഡുകൾ ഒന്ന് വിടർന്നു...
പഴയ കളിക്കൂട്ടുകാരുടെ വരവ് ലോനപ്പന് സന്തോഷമുണ്ടാക്കി എന്നതിന്റെ അടയാളമായി... ലോനപ്പൻ അവരെയും അവർ ലോനപ്പനെയും നോക്കി ചിരിച്ചു...
" ഇപ്പൊ എങ്ങിനുണ്ട് ചേട്ടാ..." ചാമിയാണത് ചോദിച്ചത്...
ലോനപ്പന്റെ ചുണ്ടുകൾ ഒന്ന് വിറച്ചു...
" ഓ... എന്ത്..."
വിറച്ചു വിറച്ചു രണ്ടു വാക്കുകൾ പുറത്തേക്ക് ചാടി...
" കാത്ത് കിടക്കുന്നു.." അത് പൂർത്തീകരിക്കപ്പെട്ടു...
ലോനപ്പൻ അവരുടെ മുഖത്ത് നിന്ന് മിഴികൾ മാറ്റി മച്ചിന്റെ മുകളിലേക്ക് നോട്ടം ഉറപ്പിച്ചു തുടർന്നു...
" മാലാഖമാരെ കാത്ത് കിടക്കുവാടാ ഉവ്വേ... ഇന്ന് വരും നാളെ വരും എന്ന പോലെയുള്ള കാത്തിരിപ്പ് അല്ല ഇപ്പൊ വരും ഇപ്പൊ വരും എന്ന പോലെയുള്ള കാത്തിരിപ്പ്... എത്രയും വേഗം ഒന്ന് പോയാൽ മതി..."
" ചേട്ടാ " ചാമി വിഷമത്തോടെ വിളിച്ചു...
" നീ വിഷമിക്കണ്ട ചാമിയേ... ഞാൻ ഇത്തിരി നേരത്തെ പോകുന്നു എന്നേയുള്ളൂ... ഞാനവിടെ പോയി ഒരു അഞ്ചാറേക്കർ സ്ഥലമൊക്കെ വാങ്ങി ഒരു വീടൊക്കെ പണിത് കാത്തിരിക്കാം... നിങ്ങൾ പയ്യെ അങ്ങോട്ട് വന്നാൽ മതി... നമുക്കവിടെ അടിച്ചു പൊളിക്കാടാവേ.... " ലോനപ്പൻ ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു....
" നീയൊന്ന് മിണ്ടതിരുന്നെ ലോനപ്പാ... നിനക്കതിനും മാത്രം പ്രായമൊന്നും ആയിട്ടില്ലല്ലോ ... ഇപ്പോഴേ ഇങ്ങിനെ പറഞ്ഞു തുടങ്ങിയാൽ എങ്ങിനെയാ..." ജോസഫ് ലോനപ്പന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞു...
" ഓ... എന്നാത്തിനാടാ... ഇത്ര ഒക്കെ മതി...ധാരാളം... " ലോനപ്പൻ മിഴികൾ വീണ്ടും മച്ചിന്റെ മുകളിലേക്ക് മാറ്റി...
അവർ അവിടെത്തുന്നതിനു മുമ്പു അവിടുണ്ടായിരുന്ന നിശബ്ദതയുടെ പുതപ്പ് വീണ്ടും അവിടെ വിരിക്കപ്പെട്ടു...
ലോനപ്പൻ തന്നെയാണ് അത് പിന്നെയും പറിച്ചെറിഞ്ഞത്‌...
മച്ചിലൂടെ നടക്കുന്ന ഒരു പല്ലിയെ മിഴികൾ കൊണ്ട് ചൂണ്ടിക്കാട്ടി ലോനപ്പൻ തുടർന്നു...
" നമ്മൾ ആ പല്ലിയുടെ പോലെയാണ്... സ്വന്തബന്ധങ്ങളും കുടുംബവും ഒക്കെ ആ മച്ചിന്റെ പോലെയും.... നമ്മുടെ വിചാരം നമ്മൾ താങ്ങി പിടിക്കുന്നത് കൊണ്ടാണ് ആ മച്ച് വീഴാതെ നിൽക്കുന്നതെന്ന് അതുകൊണ്ട് തന്നെ നമ്മുടെ ഉള്ള ആരോഗ്യവും ശക്തിയും ഒക്കെ നമ്മൾ അത് താങ്ങി പിടിക്കുവാൻ വേണ്ടി പാഴാക്കുന്നു... പക്ഷേ... കൈക്ക് ശക്തി കുറഞ്ഞു വരുമ്പോളാണ് നമുക്ക് മനസ്സിലാവുക നമ്മൾ താങ്ങി പിടിച്ചിട്ടൊന്നുമല്ല അത് വീഴാതെ നിൽക്കുന്നതെന്ന്... ഒടുവിൽ നമ്മൾ മച്ചിലെ പിടി വിട്ട് താഴെ വീണാലും മച്ച് അവിടെ തന്നെയുണ്ടാകും... നമ്മുടെ ആയുസ്സ് നാം വെറുതെ പാഴാക്കുന്നു..." ലോനപ്പൻ ഒരു നിമിഷം നിർത്തി....
നിർത്താതെ സംസാരിച്ചത് കാരണം ലോനപ്പൻ ചെറുതായി ചുമച്ചു...
ജോസഫ് അവിടുണ്ടായിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ലോനപ്പനെ കുടിപ്പിച്ചു....
ഏറെ നാളായി ദാഹിച്ചിരുന്നവനെ പോലെ ലോനപ്പൻ മടു മടെ വെള്ളം കുടിച്ചു....
ചെറിയ ഇടവേളക്ക് ശേഷം ലോനപ്പൻ തുടർന്നു....
" മച്ചിന് ഉറപ്പില്ലെങ്കിൽ താങ്ങി പിടിച്ചാലും ഇല്ലെങ്കിലും അത് താഴെ വീഴും... മച്ച് ഉണ്ടാക്കുന്നത് വരെയേ നമ്മുടെ ആവശ്യമുള്ളൂ അത് കഴിഞ്ഞു നമ്മൾ ആ മച്ചിലൂടെ നടക്കുന്നത് വരെ ഔദാര്യം എന്ന പോലെയാണ്.... ഒന്നോർത്താൽ നമ്മൾ വെറും മന്ദബുദ്ധികൾ.... ആരോഗ്യമുള്ളിടത്തോളം കാലം കുടുംബം മക്കൾ എന്നോർത്ത് ടെൻഷൻ അടിച്ചു ജീവിതം ആസ്വദിക്കാൻ കഴിയാതെ നടക്കും ഒടുവിൽ ആരോഗ്യമെല്ലാം ക്ഷയിച്ചു കഴിയുമ്പോൾ ആർക്കും വേണ്ടാതെ ഭാരമാകുന്നു... " ലോനപ്പൻ ഒരു നിമിഷം നിർത്തി...
കൂടുതൽ സംസാരിച്ചത് കാരണം ശക്തിയായി ശ്വാസം വലിച്ചു വിടാൻ തുടങ്ങി...
ചാമി ലോനപ്പന്റെ നെഞ്ച് പതുക്കെ തടവി...
ഒന്ന് കിതപ്പ് മാറി കഴിഞ്ഞപ്പോൾ ലോനപ്പൻ ചാമിയുടെ കയ്യിൽ പിടിച്ചു...
" ചാമീ , ജോസഫേ.... നിങ്ങൾക്കറിയാമല്ലോ ചെറുപ്പം മുതലെയുള്ള നമ്മുടെ ചങ്ങാത്തം... പക്ഷേ വലുതായി പെണ്ണ് കെട്ടി പിള്ളേരായപ്പോൾ അതിൽ വിള്ളൽ വന്നു തുടങ്ങി... പിന്നെ നമുക്ക് നമ്മുടെ കുടുംബം എന്ന ചിന്താഗതി വന്നു തുടങ്ങി... അതോടെ നമ്മുടെ ചങ്ങാത്തത്തിന്റെ ഇഴയടുപ്പം വലുതായി തുടങ്ങി... " ലോനപ്പൻ ഒന്ന് ദീര്ഘശ്വാസം വിട്ടു....
എന്നിട്ട് തുടർന്നു...
" എന്നിട്ടെന്തായി... വയ്യാതായപ്പോൾ ആരുമില്ലാതായി.... നിങ്ങൾ മാത്രം അന്നും ഇന്നും...." ലോനപ്പന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞു...
അതേ നീരിന്റെ തിളക്കം ജോസഫിന്റെയും ചാമിയുടെയും കണ്ണുകളിൽ തെളിഞ്ഞു... എന്താണ് പറയുക എന്നറിയാതെ ജോസഫും ചാമിയും വിഷണ്ണരായി....
ജോസഫ് ലോനപ്പന്റെ ചുമലിൽ കൈ വെച്ചു.... ചാമി ലോനപ്പന്റെ കയ്യിലെ പിടുത്തം മുറുക്കി...
" നിങ്ങൾക്കൊരു കാര്യം അറിയുമോ... കഴിഞ്ഞ ദിവസം ഉച്ചക്ക് ഒറ്റക്ക് കിടന്ന് മടുത്തപ്പോൾ ഞാൻ പതുക്കെ കണ്ണുകളൊന്നടച്ചു... അന്നേരം മുറിയുടെ പുറത്തുകൂടി എന്തിനോ വേണ്ടി പോയ എന്റെ മകൻ എന്റെ കിടപ്പ് കണ്ടിട്ട് ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി അകത്തേക്ക് കയറി വരുന്നു... കാൽ പെരുമാറ്റം കേട്ട് ഞാൻ പാതി കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൻ എന്നെ സൂക്ഷിച്ചു നോക്കുന്നു... ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു അവനെ നോക്കിയിട്ട് പറഞ്ഞു.... ചത്തിട്ടില്ലെടാ.... അന്ന് അവന്റെ മുഖത്ത് മൂന്ന് ഭാവം ഞാൻ ഒരുമിച്ചു കണ്ടു... ഞെട്ടലും ചമ്മലും നിരാശയും.... "
ലോനപ്പന്റെ കണ്ണിൽ മുമ്പു പൊടിഞ്ഞ കണ്ണുനീർ വലുതായി കണ്ണ് നിറയാൻ തുടങ്ങിയിരുന്നു....
" ഈ നെഞ്ചത്തിട്ടാ ഞാനവനെ വളർത്തിയത് എന്നിട്ട് ഈ നെഞ്ചിന്റെ മിടിപ്പ് നിന്നോ എന്നറിയാനുള്ള അവന്റെ ആകാംക്ഷ.... " ലോനപ്പൻ പറഞ്ഞു നിർത്തിയതും ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു....
" നിങ്ങൾക്കറിയോ..." ലോനപ്പൻ ചേട്ടൻ തുടർന്നു...
" നേരാംവണ്ണം ആഹാരം കഴിച്ച കാലം ഞാൻ മറന്നു... വെള്ളം പോലും ചുണ്ട് നനക്കാൻ മാത്രം.... മലോം മൂത്രോം കോരാൻ ആർക്കും വയ്യാത്രേ.... മുമ്പൊക്കെ പയ്യെ പ്രാകിയിരുന്നത് ഇപ്പൊ ഉറക്കെയായി.... കിളവൻ ചത്ത് തുലയുന്നില്ലല്ലോ എന്ന്.... ഞാനെന്ത് ചെയ്യാനാടാവേ... എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ... ഒടേ തമ്പുരാൻ വിളിക്കണ്ടായോ...."
ഇപ്രാവശ്യം ലോനപ്പന്റെ നിയന്ത്രണം നഷ്ടമായി... കണ്ണീർ കുടുകൂടെ ഒഴുകാൻ തുടങ്ങി... ഒപ്പം ചെറുതായി എങ്ങലടിയും വന്നു....
ജോസഫും ചാമിയും കരഞ്ഞു പോയിരുന്നു എങ്കിലും അവർ ലോനപ്പനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...
" എല്ലാവര്ക്കും ഇതൊക്കെ തന്നെയാ ചേട്ടാ സ്ഥിതി.... എനിക്കും ജോസഫ് ചേട്ടനും ഒക്കെ ഇത് തന്നെ... ഇപ്പൊ എഴുന്നേറ്റ് നടക്കുന്നത് കാരണം അവനവന്റെ കാര്യം നടത്താൻ പറ്റുന്നുണ്ട്... എന്നാലും കുത്തുവാക്കുകൾ ഞങ്ങളും കേട്ട് തുടങ്ങി... അല്ലേ ചേട്ടാ..." ചാമി പറഞ്ഞിട്ട് ജോസഫിന്റെ മുഖത്ത് നോക്കി ചോദിച്ചു....
" തന്നെടാവേ... " ജോസഫ് തലയാട്ടി സമ്മതിച്ചു... എന്നിട്ട് മെല്ലെ തുടർന്നു...
" നാളെ നമ്മുടെ മക്കൾക്കും ഇതൊക്കെ തന്നെ ഗതി... ഇപ്പോഴത്തെ ആരോഗ്യത്തിന്റെ ചോര തിളപ്പിൽ അവർ ഇതൊന്നും അറിയുന്നില്ല എന്ന് മാത്രം... തലമുറകളായി നടന്നു വരുന്നതും ഇനി വരും തലമുറകളിൽ നടക്കാനുമുള്ളതാണ് ഈ വാർദ്ധക്യത്തോടുള്ള അവഗണന... ഇന്ന് നമ്മളോട് അവർ ചെയ്യുന്നത് നാളെ അവരോട് അവരുടെ മക്കൾ ചെയ്യും.... "
ജോസഫ് പറഞ്ഞവസാനിച്ചപ്പോൾ ചാമി തലകുലുക്കി... ലോനപ്പൻ ദീർഘനിശ്വാസം വിട്ടു...
പെയ്യാൻ വെമ്പി നിൽക്കുന്ന മാനം പെയ്യുന്നതിന് മുമ്പുള്ള ഭയാനകമായ നിശബ്ദത മുറിക്കുള്ളിൽ നിറഞ്ഞു....
ഇനിയും ആടാനുള്ള വേഷങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.....
( തുടരും )

By
Jaison G

നാളെയുടെ ഈയാം പാറ്റകൾ ====================== ഒന്നാം ഭാഗം


" ചാമിയേ... എങ്ങോട്ടാടാ രാവിലെ തന്നെ വടിയും കുത്തിപ്പിടിച്ചു.."
ചോദ്യം കേട്ട് വടിയിൽ ബലം കൊടുത്തു ചാമി നിന്നു കണ്ണിന് മുകളിൽ കൈപ്പടം വെച്ച് ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി..
ജോസഫ് ചേട്ടനാണ്
കയ്യാലക്ക് മുകളിൽ നിന്നത് ചോദിച്ചത്...
" നമ്മുടെ തെക്കേലെ ലോനപ്പൻ ചേട്ടന് കൂടുതലാണത്രെ.. കുറെ നാളായി അങ്ങോട്ടൊന്നിറങ്ങാണമെന്നു വിചാരിക്കുന്നു.. ഇപ്പഴാ അതിനൊത്തത്..." ചാമി മറുപടി പറഞ്ഞു...
" ആ ഞാനും കേട്ടു... കൊല്ലം മൂന്നായില്ലേ കിടന്ന കിടപ്പ് ... ഇന്ന് പോകും നാളെ പോകും എന്ന് പറഞ്ഞു... മക്കളും മരുമക്കളും പ്രാകിത്തുടങ്ങി എന്നാ ഞാനറിഞ്ഞത്... എങ്ങിനെ നടന്നിരുന്ന മനുഷ്യനാ.. എന്നാ നീയിങ്ങോട്ട് കേറിയിരിക്ക് ഒരു കട്ടൻ കുടിക്ക് ഞാനും വരാം അങ്ങോട്ട്.. കഴിഞ്ഞാഴ്ച്ച ഒന്ന് പോയതാ... എന്നാ ഒക്കെ ആയാലും കളിക്കൂട്ടുകാരൻ അല്ലിയോ..." ജോസഫ് ചേട്ടൻ പറഞ്ഞു...
" കട്ടനൊന്നും വേണ്ട ചേട്ടൻ എളുപ്പം വാ .. ഞാനിവിടെ ഇരിക്കാം.." പറഞ്ഞിട്ട് ചാമി അടുത്തു കണ്ട ഒരു കുത്തുകല്ലിൽ ഇരുന്നു...
ജോസഫ് വസ്ത്രം മാറി പുറത്തു വരുമ്പോളേക്കും ചാമി അവരുടെ മധുരതരമായ ബാല്യകാലത്തേക്ക് മനസ്സ് കൊണ്ട് ഒരു യാത്ര പോയിരുന്നു...
" കാത്തിരുന്ന് ഉറങ്ങിയോ... പോകാടാവേ.." ജോസഫിന്റെ ചോദ്യമാണ് ചാമിയെ ചിന്തകളിൽ നിന്നുണർത്തിയത്...
കയ്യിലുള്ള ഊന്നുവടിയിൽ ബലം കൊടുത്തു ചാമി എഴുന്നേറ്റു ...
72 വയസ്സ് പ്രായം വരും ചാമിക്ക് ലോനപ്പനാണ് അവരിൽ മുതിർന്നത് 80 വയസ്സ് ഏറ്റവും ഇളയത് ജോസഫ് 65 വയസ്സ്...
ചാമി തമിഴനാണ് എന്നാൽ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെ...
എന്നാലും ചാമിക്ക് അവർ രണ്ടുപേരും ചേട്ടാ ആണ് ലോനപ്പൻ ചേട്ടാ യും ജോസഫ് ചേട്ടാ യും..
പഴയ സതീർത്ഥ്യന്റെ ഭവനം ലക്ഷ്യമാക്കി അവർ നടന്നു...
ഏറെ നാളായി പിരിഞ്ഞിരിക്കുന്ന ഭാര്യയും ഭർത്താവും നേരിട്ട് കണ്ടാൽ ആലിംഗംനബദ്ധരാകുന്നത് പോലെ സൂര്യൻ വെറും ഒരു രാത്രിയുടെ വേർപിരിയൽ താങ്ങാനാവാതെ ഭൂമിയെ ആഞ്ഞു പുൽകി തുടങ്ങിയിരുന്നു...
ഭൂമിക്കും ചൂട് പിടിച്ചു തുടങ്ങി...
ഇനിയും ആരും മുറിക്കാത്ത മരങ്ങളുടെ തണൽ പറ്റി അവർ മെല്ലെ നടന്നു ...
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല...
രാവിലെ എഴുന്നേൽക്കാൻ നേരം വൈകിയാൽ അമ്മ എഴുന്നേല്പിക്കാൻ വേണ്ടി അലറി വിളിക്കുന്നത് പോലെ ഏതോ പേരറിയാ കിളി ചിലക്കുന്ന ശബ്ദവും ചാമിയുടെ കിതപ്പും ഇടവേളകളിൽ ഉണ്ടാകുന്ന ജോസഫിന്റെ ദീർഘനിശ്വാസവും മാത്രം നിശബ്ദതയെ ഭേദിച്ച് കൊണ്ടിരുന്നു...
" ചേട്ടാ കയ്യിൽ ഒന്ന് പിടിക്ക് പഴയ പോലെ നടക്കാൻ പറ്റുന്നില്ല " ചെറിയൊരു കുന്നു കണ്ടപ്പോൾ ചാമി ജോസെഫിനോട് പറഞ്ഞു...
ജോസഫ് ചാമിയുടെ കയ്യിൽ പിടിച്ചു...
" എത്ര ഓടിച്ചാടി നടന്നതാ ഇതിലൂടെ... നമ്മുടെ ചവിട്ട് കൊള്ളാത്ത ഒറ്റ പുല്ലു വരെ ഉണ്ടായിരുന്നില്ല ഇവിടെ... " ചാമി തുടർന്നു...
" നിനക്കോർമ്മയുണ്ടോ ചേട്ടാ... പണ്ട് സ്കൂളിൽ പോകാൻ ഇറങ്ങിയാലും കടയിൽ പോകാൻ ഇറങ്ങിയാലും മൂന്ന് പേരും ഒരുമിച്ചായിരുന്നു... വണ്ടി ഓടിക്കുന്നത് പോലെ വാ കൊണ്ട് ശബ്ദമുണ്ടാക്കി... അന്തരീക്ഷത്തിൽ ഇല്ലാത്ത സ്റ്റിയറിങ് തിരിച്ചു... ഹോൺ മുഴക്കി... *വാദിപ്പായിരുന്നു... എന്ത് രസമായിരുന്നു... ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു..."
ജോസഫിന്റെ മുഖത്തും ചെറിയൊരു ചിരി വന്നു..
" അതേ ആ സമയത്തല്ലേ എന്നെ മനക്കലെ തമ്പ്രാന്റെ കാർ ഇടിച്ചത്.." ജോസഫ് ചോദിച്ചു...
"തമ്പ്രാന്റെ കാർ ഇടിച്ചോ... എപ്പോ... " ചാമി അമ്പരപ്പോടെ ചോദിച്ചു...
" നിനക്കറിയില്ലേ അത് ... വലിയ വിവാദമായതാണല്ലോ അത് " ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു...
" ഇല്ല... അതെന്താ സംഭവം... ചേട്ടൻ പറയ് "
ചാമി വർദ്ധിച്ച ജിജ്ഞാസയോടെ ആ സംഭവം കേൾക്കാൻ കാത് കൂർപ്പിച്ചു
" നമുക്കിവിടെ കുറച്ചു നേരം ഇരിക്കാം പഴയത് പോലെ ഒറ്റയടിക്ക് നടക്കാൻ പറ്റുന്നില്ല കിതപ്പാണ്... " ചാമി ജോസഫിനോട് പറഞ്ഞു...
ജോസഫും തലയാട്ടി സമ്മതിച്ചു
ആ കുന്നിന്റെ മുകളിൽ കണ്ട പാറയുടെ മുകളിൽ രണ്ടാളും തണൽ നോക്കി ഇരുന്നു...
രാജകൊട്ടാരത്തിനകത്ത് വീശുന്ന വെഞ്ചാമരത്തിനെക്കാൾ കുളിർമ്മയോടെ ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു...
അല്ലെങ്കിലും തളർന്നിരിക്കുമ്പോൾ കിട്ടുന്ന കാറ്റ് സ്വർഗ്ഗത്തിൽ എത്തിയതിന് തുല്യമാണ്....
ഇനി പറ ചേട്ടാ ആ വിവാദ സംഭവം.... കേൾക്കട്ടെ.... ചാമി തികഞ്ഞ ആകാംക്ഷയോടെ ജോസഫിന്റെ മുഖത്തു നോക്കി പറഞ്ഞു....
ചാമിയുടെ മുഖത്ത് നോക്കി ചെറുതായി ചിരിച്ചു ജോസഫ് ആ വിവാദ സംഭവം പറയാൻ തുടങ്ങി...
" അന്നൊരു ദിവസം നമ്മൾ മൂന്ന് പേരും കൂടി കടയിൽ പോയി വരുന്ന സമയത്തു കൂട്ടിയിടിച്ചു വീണത് നിനക്കോർമ്മയുണ്ടോ...? " ജോസഫ് ചാമിയോട് ചോദിച്ചു...
ചാമിയുടെ നെറ്റിയിൽ ചുളിവുകൾ വീണു ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തം.. " അതിപ്പോ വീഴ്ചയൊക്കെ ഒരുപാട് ഉണ്ടായിട്ടുള്ളതല്ലേ എനിക്കങ്ങോട്ട് ശരിക്ക് ഓർമ്മ കിട്ടുന്നില്ല..." ചാമി പരാജയം സമ്മതിച്ചു പറഞ്ഞു...
ജോസഫ് വീണ്ടും പുഞ്ചിരിച്ചു തലയാട്ടി...
" അതേയതെ പക്ഷേ ഇത് ഞാൻ മരിക്കുന്നത് വരെ മറക്കില്ല... " ജോസഫ് തുടർന്നു...
" അന്നൊരു ദിവസം നമ്മൾ മൂന്നു പേരും കൂടി കടയിൽ പോയി വരുമ്പോൾ ഓടിയിട്ടു തന്നെയായിരുന്നു വരവ്... ലോനപ്പനെ മറികടിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ നീ പുറകിൽ നിന്ന് വന്ന് ഇടിച്ചു ദേ കിടക്കുന്നു മൂന്നും കൂടി കെട്ടിമറിഞ്ഞു തറയിൽ... എന്റെ കയ്യിലുണ്ടായിരുന്ന വെളിച്ചെണ്ണ കുപ്പി പൊട്ടി ലോനപ്പന്റെ കയ്യിലുണ്ടായിരുന്ന അരി സഞ്ചി താഴെ വീണു.. കയ്യിലെയും കാലിലെയും ഒക്കെ തൊലി പോയി... ലോനപ്പന്റെ അരി കല്ലും മണ്ണും കൂടാതെ ഒരു പരിധി വരെ വാരിയെടുത്തു.. പക്ഷേ എന്റെ വെളിച്ചെണ്ണ... അന്നൊക്കെ വല്ലതും വാങ്ങിക്കാനുള്ള പൈസ ഉണ്ടാക്കുന്നത് തന്നെ വീട്ടുകാർ പാടുപെട്ടിട്ടാണ് അതുകൊണ്ടു തന്നെ വീണ്ടും പോയി വാങ്ങിക്കാനും പൈസയില്ല... എന്റെ പുറം പൊളിഞ്ഞത് തന്നെ എന്നുറപ്പിച്ചിട്ടാണ് അന്ന് വീട്ടിലേക്ക് പോയത്... ചെന്നപ്പോൾ തന്നെ അമ്മച്ചി കാത്ത് നിൽക്കുന്നുണ്ട്... കയ്യും വീശി ചെല്ലുന്ന എന്നെ നോക്കി അമ്മച്ചിയുടെ ഗൗരവത്തിലുള്ള ചോദ്യം വന്നു എന്തിയേടാ വെളിച്ചെണ്ണ... കുപ്പി പൊട്ടി എന്ന് ഞാൻ പറഞ്ഞതും അമ്മച്ചി വേലിയിൽ നിന്ന് കമ്പ് ഒടിച്ചു... പിന്നെ ഉള്ള ദേഷ്യം മുഴുവൻ പുറത്തെടുത്ത് അലറുന്ന പോലെ അടുത്ത ചോദ്യം വന്നു.... എങ്ങിനെ... വണ്ടി തട്ടി എന്ന് പറഞ്ഞപ്പോൾ അന്തരീക്ഷത്തിൽ ഉയർന്ന കൈ ഒരു നിമിഷം അനങ്ങാതെ നിന്നു... അമ്മച്ചി ഒന്ന് സൂക്ഷിച്ചു നോക്കി... ഞങ്ങൾ വണ്ടി ഓടിച്ചു കളിച്ചതാ എന്ന് പറയുന്നതിന് മുമ്പേ എന്റെ മോനേ എന്ന് വിളിച്ചു അമ്മച്ചി ഓടി വന്നു ഒരു കെട്ടിപ്പിടുത്തമായിരുന്നു... കരഞ്ഞുകൊണ്ട് എന്റെ കയ്യിലെയും കാലിലെയും മുറിവുകൾ നോക്കുന്നതിനിടയിൽ അമ്മച്ചി തന്നെ പറഞ്ഞു... മനക്കലെ തമ്പ്രാന്റെ വണ്ടിയാകും... കാലമാടൻ കൊന്നു കളഞ്ഞേനെല്ലോ എന്റെ കുഞ്ഞിനെ... അതും കൂടി കേട്ടപ്പോൾ പറയാൻ വന്നത് ഞാനങ്ങ് വിഴുങ്ങി... അന്ന് ആ പ്രദേശത്ത് തമ്പ്രാന് മാത്രമല്ലേ വണ്ടിയുള്ളൂ... തമ്പ്രാന്റെ മുമ്പിൽ പോയി ചോദിക്കാൻ പേടിയായത് കാരണം അയൽവക്കങ്ങളിലെ മൂന്ന് നാല് വീടുകളിൽ പരദൂക്ഷണമായി ആ വാർത്ത അവസാനിച്ചു... ജോസഫ് പറഞ്ഞു നിർത്തി...
"ഹ ഹ ഹ ഹ " ചാമി വയ്യെങ്കിലും പൊട്ടിച്ചിരിച്ചു... " നിനക്കിപ്പോഴും അതൊക്കെ ഓർമ്മയുണ്ടോ ചേട്ടാ..? ചിരിച്ചു കഴിഞ്ഞു ചാമി ചോദിച്ചു...
" ഇല്ലാതെ പിന്നെ... അന്നൊക്കെ എനിക്ക് അമ്മച്ചിയുടെ കയ്യിൽ നിന്ന് സ്ഥിരം തല്ലു കിട്ടുമായിരുന്നു... കുറെ നാളുകൾക്ക് ശേഷം അന്നാണ് തല്ലാതെ എന്നെ ഒന്ന് കെട്ടിപ്പിടിച്ചത്... പിന്നെ അത് മറക്കാൻ പറ്റുമോ..." ജോസഫ് മറുചോദ്യം ചോദിച്ചു...
ചാമിക്ക് ഓർക്കുംതോറും ചിരി വന്നു...
" ഇതാണ് ശരിക്കും വീണത് വിദ്യയായത്..." ചാമി പറഞ്ഞു...
" അല്ലെടാ ചക്കയിട്ടപ്പോ മുയൽ ചത്തു... " ജോസഫ് തിരുത്തി...
ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴെ നിര നിരയായി വീടുകൾ കാണാമായിരുന്നു...
പണ്ട് കാലത്ത് ഞങ്ങളായിരുന്നു ഇവിടെ രാജാക്കന്മാർ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അവരോട് പറയാൻ മാത്രം അവിടവിടെയായി കുറച്ചു മരങ്ങൾ നിന്നിരുന്നു....
ആ താഴ്വരത്തിലേക്ക് നോക്കി അവർ രണ്ടുപേരും കുറച്ചു നേരം മിണ്ടാതിരുന്നു....
" ഒരുകാലത്ത് വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് താഴേക്ക് നോക്കിയിരുന്നാൽ നേരം പോകുന്നത് അറിയില്ലായിരുന്നു.... വയലുകളും അരുവികളും എന്ത് മനോഹരമായ കാഴ്ച്ചയായിരുന്നു അതൊക്കെ... " ജോസഫ് ആത്മഗതം പോലെ പറഞ്ഞു....
" അതേയതെ ഇന്ന് കോൺക്രീറ്റ് കാടുകൾ നിറഞ്ഞു... ഒന്നോർത്താൽ ഇന്നത്തെ തലമുറയ്ക്ക് പ്രകൃതി ഭംഗി എന്താണെന്ന് പുസ്തകങ്ങളിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ... കൃത്രിമ വനങ്ങളും കൃത്രിമ വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് അവരുടെ ലോകം.... കാശ് മുടക്കി ഉല്ലാസകേന്ദ്രങ്ങളിൽ പോകുക... എന്നിട്ട് ഉല്ലസിക്കുക.... എന്നിട്ടും അവർ ഉല്ലസിക്കുന്നുണ്ടോ.... നമ്മുടെ കാലഘട്ടം.... തോന്നുന്ന മരത്തിൽ കയറുക... കഴിക്കാൻ പറ്റുന്നത് തോന്നുന്നത് പറിച്ചു തിന്നുക.... വെള്ളത്തിൽ ചാടി തിമിർത്തു കുളിക്കുക... അതൊക്കെയായിരുന്നു ഉല്ലാസം.... ശരീരത്തിന്റെ ആരോഗ്യവും.... ഇന്നതെല്ലാം നശിപ്പിച്ചിട്ട് എല്ലാം കാശ് കൊടുത്തു വാങ്ങുന്നു മണ്ടന്മാരായ മനുഷ്യർ..." ചാമി പറഞ്ഞു...
" ഒന്നോർത്താൽ മനുഷ്യൻ പണത്തിനു പിന്നാലെ ഇത്രക്ക് പായാൻ കാരണം തന്നെ എല്ലാം പണം കൊടുത്തു വാങ്ങണം എന്നത് കൊണ്ട് മാത്രമാകും.... ഫലമോ പണത്തിന്റെ തുലാസ് മുഖേനയാണ് ഇന്ന് ബന്ധങ്ങൾ പോലും.... പണത്തിന് വേണ്ടി എന്ത് ഹീനമാർഗ്ഗവും ചെയ്യുന്ന മൃഗങ്ങളായി കഴിഞ്ഞിരിക്കുന്നു മനുഷ്യൻ..." ജോസഫ് പറഞ്ഞു...
" അതെ... ഇന്ന് യഥാർത്ഥമായ സ്നേഹബന്ധം എവിടെയാണുള്ളത്... രക്തബന്ധങ്ങൾ വരെ പണത്തിന്റെ കാര്യത്തിൽ അകലുന്നു..." ചാമിയും സമ്മതിച്ചു....
" മടുത്തു തുടങ്ങി ഈ ലോകം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയാൽ മതി " ജോസഫ് പറഞ്ഞു...
" ഞാനും അത് തന്നെയാണ് പ്രാർത്ഥിക്കുന്നത് .... പൊങ്ങച്ചത്തിന്റെയും ആഡംബരത്തിന്റെയും അഭിനയത്തിന്റെയും ലോകം..." ചാമിയും പറഞ്ഞു....
" എന്നാൽ പയ്യെ പോയാലോ നമുക്ക് " ജോസഫ് ചാമിയോടായി ചോദിച്ചു....
" ഉം പോകാം ഒന്ന് പിടിക്ക് ചേട്ടാ " ചാമി മറുപടി പറഞ്ഞു ജോസഫിന്റെ നേരെ കൈ നീട്ടി....
ജോസഫ് ചാമിയേ പിടിച്ചെഴുന്നേല്പിച്ചു.... " എവിടെയെങ്കിലും ഇത്തിരി നേരം ഇരുന്നാൽ പിന്നെ ശരീരം തളർന്നത് പോലെയാണ് ഒരു ബലവുമില്ല..." ചാമി എഴുന്നേറ്റ് വടിയിൽ ബലം കൊടുക്കുന്നതിനിടയിൽ പറഞ്ഞു...
" പണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ എടുത്തോണ്ട് നടന്നേനെ ഇപ്പൊ എനിക്കും വയ്യ മേലുവേദനയാ..." ജോസഫ് പകുതി കളിയായും കാര്യമായും പറഞ്ഞു....
" കിളവനായില്ലേ.... ഇനി ഇങ്ങിനെയൊക്കെ തന്നെയാ..." ചാമി തിരിച്ചു മറുപടി കൊടുത്തു....
" ശരി പതിനാറുകാരാ " ജോസഫ് തൊഴുന്നത് പോലെ കാണിച്ചു പറഞ്ഞു...
രണ്ടുപേരും ചിരിച്ചു...
പഴയ ഓർമ്മകൾ പറഞ്ഞും ചിരിച്ചും അവർ ലോനപ്പന്റെ വീട്ടിലേക്കിറങ്ങുന്ന വഴിയുടെ മുമ്പിലെത്തി....
ദൂരെ നിന്നേ അവർ കണ്ടു വീടിന്റെ മുമ്പിൽ ഉള്ള ആൾക്കൂട്ടം.....
രണ്ടുപേരും നിന്നു ആശങ്കയോടെ മുഖത്തോടു മുഖം നോക്കി......
( തുടരും )
* പന്തയം

By
Jaison G

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo