Slider

------------- പെണ്ണേ നീയൊരു മണ്ടിയാണ്

0
മിനികഥ
-------------
പെണ്ണേ നീയൊരു മണ്ടിയാണ്
=======================
അയാൾ.....
അയാൾ ഒരു പ്രതീകമാണ് നമ്മളിൽ ആരുടെയൊക്കെയോ...
ബാല്യംമുതൽ മനസ്സിൽ വേര് പിടിച്ചു പോയ ഒരു ചിന്തയും കൊണ്ട് ജീവിതം നടന്നു തീർക്കാൻ ശ്രമിച്ചയാൾ....
" പെണ്ണേ നീയൊരു മണ്ടിയാണ് "
ഇതായിരുന്നു മനസ്സിൽ വേര് പിടിച്ച ആ ചിന്ത...
ആദ്യമായി ആ ചിന്ത അയാളുടെ മനസ്സിൽ തോന്നിയത് ബാല്യത്തിൽ തന്നിലും ഇളയ പെങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾ ഓരോന്ന് പറഞ്ഞു പറ്റിച്ചു തട്ടിയെടുക്കുമ്പോൾ ആയിരുന്നു.... അന്നയാൾ മനസ്സിൽ പറഞ്ഞു...
" പെണ്ണെ നീയൊരു മണ്ടിയാണ്.... "
പിന്നീട് വീട്ടു വേലക്കാരിയുടെ വിയർപ്പിന്റെ മണം നിഷ്കളങ്കനായ ബാലനെ പോലെ ആസ്വദിക്കുമ്പോൾ അയാൾ മനസ്സിൽ വീണ്ടും പറഞ്ഞു
" പെണ്ണേ നീയൊരു മണ്ടിയാണ്... "
ചായ്പ്പിലെ ഇരുളടഞ്ഞ മൂലയിൽ വെച്ച് വേലക്കാരിയുടെ മകളുടെ ഗന്ധവും അറിയുമ്പോഴും അയാൾ മനസ്സിൽ പറഞ്ഞത് ഇതേ വാചകം തന്നെ.... അങ്ങിനെ കടന്ന് വന്ന വഴികളിലെല്ലാം മാറി മാറി വന്ന പണിക്കാരി പെണ്ണുങ്ങളെ കുറിച്ച് അയാൾ മനസ്സിൽ ഇത് തന്നെ ചിന്തിച്ചു...
ഒടുവിൽ പ്രണയമെന്ന വരിക്കുഴിയിൽ വീഴ്ത്തിയ പെണ്ണ് മാവിന്റെ കൊമ്പിൽ നിന്ന് പാരച്ച്യൂട്ടിൽ ഇറങ്ങിയപ്പോൾ ചെറുതായി വീർത്തു തുടങ്ങിയിരുന്ന അടിവയർ നോക്കിയും അയാൾ ഇത് തന്നെ പറഞ്ഞു...
"പെണ്ണേ നീയൊരു മണ്ടിയാണ്... "
അപ്പോഴൊന്നും അയാളുടെ ചുണ്ടിൽ നിന്ന് പുഞ്ചിരി മാഞ്ഞിരുന്നില്ല... പിന്നീട് കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു തന്നെ ഉപേക്ഷിച്ചു വേറൊരുത്തനൊപ്പം പോയ ഭാര്യയെ തിരഞ്ഞു പിടിച്ചു അവനെയും അവളെയും ആരുമറിയാതെ വക വരുത്തുമ്പോളും അയാളുടെ മനസ്സിൽ അത് തന്നെയായിരുന്നു ചിന്ത...
"പെണ്ണേ നീയൊരു മണ്ടിയാണ്.... "
അന്ന് മാത്രം ആ ചിന്തക്ക് ക്രൂരമായ ചിരിയുടെ അകമ്പടി വന്നു...
പിന്നീട് എത്രയോ വട്ടം അയാളുടെ മനസ്സിൽ ഇതേ ചിന്ത എത്രയോ വട്ടം വന്നു എന്നയാൾക്ക് പോലും നിശ്ചയമില്ല...
ഒടുവിലൊരുനാൾ ജീവനെ പോലെ സ്നേഹിച്ചു വളർത്തിയ സ്വന്തം മകൾ കാലുകൾ നിലത്തു തൊടാനാകാത്ത ഉയരത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ കനം വെച്ച ഉദരത്തിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു....
" പെണ്ണേ നീയൊരു മണ്ടിയാണ്...."
പക്ഷേ ജീവിതത്തിൽ അന്നാദ്യമായി അത് പറയുമ്പോൾ അയാളുടെ മിഴികൾ നനഞ്ഞിരുന്നു...
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo