Slider

എഴുത്തുകാരൻ

0
എഴുത്തുകാരൻ
............................
"ഇതെന്താ പതിവില്ലാതെ താൻ ഇന്ന് ലഞ്ച് കൊണ്ടുപോവുന്നത്?" മീനാക്ഷി തിരക്കിനിടയിലൂടെ ലഞ്ച് ബോക്സ് തപ്പുന്നത് കണ്ടാണ് സുധി ചോദിച്ചത്. സാധാരണ അത് പതിവില്ലാത്തതാണ്. നിർബന്ധിച്ചാലും കാൻറീനിൽ നിന്ന് കഴിച്ചോളാമെന്ന് പറയും. പല ദിവസങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത തിരക്കിലാവുകയും ചെയ്യും.
"എന്തു പറ്റി എന്റെ ശ്രീമതിക്ക് നല്ല ബുദ്ധി തോന്നാൻ?" വീണ്ടും സുധിയുടെ ശബ്ദം.
" അത് കാൻറീനിലെ ഭക്ഷണത്തിന് ഈയിടെയായി തീരെ രുചിയില്ല സുധിയേട്ടാ " അവൾ തപ്പിത്തടഞ്ഞ് പറഞ്ഞു. താൻ എന്തിനാണ് അങ്ങനെ ഒരു നുണ പറഞ്ഞതെന്ന് ആലോചിച്ചപ്പോൾ മീനാക്ഷിക്ക് സ്വയം അത്ഭുതം തോന്നി. തന്നെ പണ്ട് പഠിപ്പിച്ച ഒരു മാഷ് ഇന്ന് തന്റെ പേഷ്യന്റായി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും , കൂടെ ആരുമില്ലെന്നും, അദ്ദേഹത്തിനു വേണ്ടിയാണ് ഭക്ഷണം എന്നും പറയാമായിരുന്നു. പക്ഷേ ഒരു അർദ്ധ സത്യം പറഞ്ഞു വയ്ക്കുന്നതിലും നല്ലത് നുണ പറയുന്നത് തന്നെയാണെന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നി.
കാറിലിരുന്ന് പുറത്തേക്കു നോക്കി വെറുതെ ചിന്തിച്ചിരുന്നു. ഇടയ്ക്കെ പ്പൊഴോ സുധിയേട്ടനും പാറുവും തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു. ഏതോ പുസ്തകത്തെക്കുറിച്ചാണ്.
" ഇന്നലെ മലയാളം സാർ പൂച്ചക്കുട്ടി എന്ന ഒരു നോവലിനെ കുറിച്ച് പറഞ്ഞു. ബെസ്റ്റ് സെല്ലർ ആണത്രേ. ഇപ്പൊ അതിന്റെ കോപ്പി ഒന്നും കിട്ടാനില്ല.നിഖിലയുടെ കയ്യിൽ ഉണ്ട്. ചോദിച്ചിട്ട് അവൾ തരുന്നില്ല." പാറു നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.സുധിയേട്ടൻ അതിന് എന്തൊക്കെയോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. അച്ഛന്റേയും മകളുടേയും സംസാരം കേട്ടിരുന്നപ്പോൾ മീനാക്ഷിക്ക് എന്തോ ഒരു കുറ്റബോധം തോന്നി. എട്ടാം ക്ലാസ്സുകാരിയായ പാറുവിന്റെ കാര്യങ്ങൾ അമ്മയായ തന്നെക്കാളധികം സുധിയേട്ടന് അറിയാം. താൻ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന, രോഗികളോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടെന്ന് പേരുകേട്ട ഒരു ഡോക്ടറാണ്. പക്ഷേ ഒരിക്കലും ഒരു നല്ല അമ്മയോ ഭാര്യയോ ആയിരുന്നിട്ടില്ല. പക്ഷേ എന്നിട്ടും സുധിയേട്ടന് അതിൽ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല.
അന്ന് പതിവില്ലാതെ ഒ.പി യിൽ തിരക്കു കുറവായിരുന്നു. ഇനി മറിച്ചാണെങ്കിൽ പോലും ഉച്ചയ്ക്കു മുമ്പേ മാഷിന്റെ റൂമിൽ ഒന്ന് പോവണമെന്ന് കരുതിയിരുന്നു. അതിനു മുമ്പ് ഒരു ചായ കുടിക്കണം. തല വല്ലാതെ വേദനിക്കുന്നു.
കാന്റീനിൽ ഇരിക്കുമ്പോൾ തൊട്ടപ്പുറത്തെ ടേബിളിൽ ഇരുന്ന് രണ്ട് നേഴ്സുമാർ സംസാരിക്കുന്നു.
"അയ്യോ ശരിക്കും ഫോട്ടോ യിൽ കാണുന്നത് പോലെ തന്നെ ഉണ്ടല്ലേ.. എന്നോട് ഭയങ്കര കൂട്ടായി രണ്ട് ദിവസം കൊണ്ട്... എഴുത്തുകാരനാണെന്നുള്ള ജാഡ ഒന്നുമില്ല'' ഒരാൾ പറയുന്നു.
അടുത്തയാൾക്ക് അതു കേട്ട് അത്ര രസിച്ചില്ലെന്ന് തോന്നി. "എന്റെയടുത്തും നല്ല സ്നേഹമാ.... എന്നെപ്പറ്റി കഥ എഴുതാമെന്ന് വാക്കു തന്നിട്ടുണ്ട് . എന്തൊരു സുന്ദരനാ അല്ലേ അങ്ങേര്..പ്രായവും അത്രയധികം ഒന്നുമില്ലെന്ന് തോന്നുന്നു"
സംസാരം കേട്ടപ്പോൾ അനിരുദ്ധൻ മാഷിനെ കുറിച്ചാവും എന്ന് മീനാക്ഷി ഊഹിച്ചു. എന്തോ അവൾക്കു ചിരി വന്നു.എന്നും സ്ത്രീകൾക്ക് അദ്ദേഹം ഒരു ആരാധനാ കഥാപാത്രമായിരുന്നു. ആരേയും .അദ്ദേഹവും ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല.
ഇപ്പൊ എത്ര വയസ്സുണ്ടാവും മാഷിന്. അവൾ വെറുതെ ഓർത്തു.നാല്പത്... തന്നേക്കാൾ പത്തു വയസ് കൂടുതൽ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആദ്യമായി അദ്ദേഹം മലയാളം അധ്യാപകനായി കോളേജിൽ വന്ന ദിവസം.എഴുത്തിന്റെ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ സമയം. ഒരു പാട് ആരാധകർ.. പെൺകുട്ടികൾക്ക് ഭ്രാന്തായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് ഉടക്കിയത് ഇതിലൊന്നും പെടാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധ വച്ചു കൊണ്ടിരുന്ന തന്നിലും. ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ കഴിയുമായിരുന്നില്ല. അത്രയും വലിച്ചടുപ്പിക്കുന്നതായിരുന്നു മാഷിന്റെ എഴുത്തുകളും വ്യക്തിത്വവും. എഴുത്തുകാരന്റെ പ്രണയം ഒരു മഴ പോലെയാണ്. അടിമുടി നനയ്ക്കും. അനുഭവിച്ചറിയണം. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കാരണവുമില്ലാതെ മാഷ് തന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത് പോലെ തോന്നി. തകർന്നു പോയി താൻ. പിരിഞ്ഞാൽ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കരഞ്ഞു. പക്ഷേ കൂടുതൽ അവഗണിക്കുകയായിരുന്നു അദ്ദേഹം.
മാനസികമായി തളർന്നു പോയ നിമിഷങ്ങൾ. പഠിപ്പു പോലും വേണ്ടെന്നു വച്ചു. മകൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അച്ഛനുമമ്മയും. ആ സമയത്തൊക്കെ അദ്ദേഹത്തിന്റെ ഓരോ കഥയും തിരഞ്ഞുപിടിച്ചു വായിക്കുമായിരുന്നു. അതിൽ എവിടെയൊക്കെയോ തന്നെക്കുറിച്ച് എഴിതിയിരിക്കുന്നതെന്ന് കരുതി സന്തോഷിക്കും . പക്ഷേ ആ സമയത്ത് തന്നെ വേറെ ഏതെങ്കിലും സ്ത്രീയുമായി ബന്ധപ്പെട്ട് മാഷിന്റെ പേര് കേൾക്കും. പക്ഷേ അപ്പോഴും വെറുത്തിരുന്നില്ല. പിന്നെ വെറുത്തത് അറിയപ്പെടുന്ന ഒരു അഭിസാരിക യോടൊപ്പം ഒരു ലോഡ്ജിൽ നിന്നും പിടിക്കപ്പെട്ടു എന്ന വാർത്ത കേട്ടാണ്. തന്റെ പ്രണയത്തിന് വെറും അഭിസാരികയുടെ ശരീരത്തിന്റെ വില പോലും അദ്ദേഹം നൽകിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ആ നിമിഷം എന്നന്നേയ്ക്കുമായി മനസ്സിൽ നിന്നും പുറത്തെടുത്തു കളഞ്ഞു പ്രണയവും ഓർമ്മകളേയും. വാശിയോടെ പഠിച്ചു. ഡോക്ടറായി. സ്വപ്നം കാണാൻ കഴിയാത്ത രീതിയിൽ ഒരു വിവാഹം. ജീവിതത്തിന്റെ തിരക്കുകൾ, പാടെ മറന്നു പോയിരുന്നു അദ്ദേഹത്തെ.
പിന്നീട് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കടുത്ത പനി പിടിച്ച് മരണാസന്നനായ ഒരു രോഗിയായാണ് കാണുന്നത്. ഒന്നും തോന്നിയില്ല. പ്രതികാര മോ വെറുപ്പോ സങ്കടമോ ഒന്നും. ഒരു ഡോക്ടർക്ക് രോഗിയോടു തോന്നേണ്ട മനുഷ്യത്വവും പരിഗണനയും മാത്രം തോന്നി. താൻ കഠിന ഹൃദയയാണെന്ന് സുധിയേട്ടൻ ഇടയ്ക്ക് പറയാറുള്ളത് ഓർത്തു.തന്നെ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിലും ഭാവപ്പകർച്ച ഉണ്ടാതായി തോന്നിയില്ല. ഒരേ നാട്ടുകാർ , എവിടെയോ വച്ച് കണ്ടവർ എന്നതിലപ്പുറം ഒന്നുമില്ലാത്തതു പോലെ ഇടപെട്ടു. അതിൽ തനിക്കു അത്ഭുതം തോന്നാതിരുന്നില്ല. ഒരിക്കൽ പ്രണയിച്ചവർ പിരിഞ്ഞാലും മനസ്സിൽ നിന്ന് ഒരിക്കലും അത് പോവില്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ തങ്ങളുടെ കാര്യത്തിൽ അതു തികച്ചും തെറ്റാണെന്നു തോന്നുന്നു. ഇനി തങ്ങൾക്കിടയിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ല എന്നതാണോ സത്യം. അവൾക്ക് അത്ഭുതം തോന്നി.
കാൻറീനിൽ നിന്ന് തിരിച്ചു റൂമിലേക്ക് ചെന്നപ്പോൾ സുധിയെ കണ്ട് അവൾ അത്ഭുതപ്പെട്ടു.
" ആഹാ.. ലഞ്ച് കൊണ്ട് വന്നിട്ടും താൻ കാന്റീനിൽ പോയി കഴിച്ചോ "
മേശപ്പുറത്ത് ഇരുന്ന ലഞ്ച് ബോക്സിൽ നോക്കി അയാൾ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല.
"ഞങ്ങൾ വീട്ടിലേക്ക് പോവുന്ന വഴി വെറുതെ കയറിയതാ. തന്റെ തിരക്കു കഴിഞ്ഞെങ്കിൽ കൂടെ കൂട്ടാമെന്ന് കരുതി " സുധി പറഞ്ഞു.
"എന്നിട്ട് പാറു എവിടെ?" അവൾ തിരക്കി.
" പുറത്തേയ്ക്കിറങ്ങി "
" സുധിയേട്ടാ.. എന്റെ തിരക്കു ഒരു വിധം കഴിഞ്ഞു. ഒരു പത്തു മിനിട്ടു കൂടി .ഞാൻ ഇപ്പൊ വരാം." അവൾ തിരക്കിൽ അനിരുദ്ധന്റെ മുറിയിലേക്ക് നടന്നു.
അനിരുദ്ധന്റ മുറിയിൽ കടന്നപ്പോൾ മീനാക്ഷി ഒന്ന് അമ്പരന്നു. അവിടെ പാറു ഒരു പുസ്തകവുമായി ഇരിക്കുന്നുണ്ടായിരുന്നു.
"പാറൂ നീ എന്താ ഇവിടെ "
"അമ്മേ ഈ റൂമിൽ ആരാ ഉണ്ടായിരുന്നതെന്ന് അമ്മക്ക് അറിയാമോ.. എന്റെ ഫേവറൈറ്റ് റൈറ്റർ അനിരുദ്ധൻ. ഇതാ അദ്ദേഹത്തിന്റെ പുസ്തകാ.... പൂച്ചക്കുട്ടി.എനിക്ക് ഗിഫ്റ്റ് തന്നതാ "
അവളുടെ ശബ്ദത്തിൽ സന്തോഷം.
"നീ ആരാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞോ" മീനാക്ഷി ഉദ്യോഗത്തോടെ ചോദിച്ചു.
" ഉം പറഞ്ഞു. ഡോക്ടർ മീനാക്ഷിയുടെ മകളാ എന്നു പറഞ്ഞു. എന്നോട് അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു "
"എന്നിട്ട് അദ്ദേഹം എവിടെ?" മീനാക്ഷി ചോദിച്ചു. പാറു അറിയില്ല എന്ന മട്ടിൽ കൈ മലർത്തി വായന തുടർന്നു.
മീനാക്ഷി വേഗം ഡ്യൂട്ടി റൂമിലേയ്ക്ക് ചെന്ന് അന്വേഷിച്ചു.
" അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാ മാഡം. ഇടയ്ക്ക് ചിരിച്ചു വർത്തമാനം പറയും. ഇടയ്ക്ക് കൊല്ലാൻ വരുന്ന പോലെ ദേഷ്യം. ഡിസ്ചാർജ് വേണമെന്ന് പറഞ്ഞ് ഇപ്പൊ ഇവിടെ വന്ന് ബഹളം വച്ചു. മാഡം വന്നിട്ടു പറയാം എന്നു പറഞ്ഞിട്ടു പോലും സമ്മതിച്ചില്ല. ഇതു മാഡത്തിന് തരാൻ പറഞ്ഞു " നഴ്സ് ഒരു ലെറ്റർ കൊടുത്തു.
അവൾ അത് വിറയ്ക്കുന്ന കൈകളോടെ വാങ്ങി തുറന്നു.
" പ്രണയിച്ചിട്ടേ ഉള്ളു അന്നും ഇന്നും. ശരീരം ഒരു പാട് പേർക്ക് നൽകിയെങ്കിലും മനസ്സ് ഒരാളുടേത് മാത്രമായിരുന്നു എന്നും മീനു..പിന്നെ വേണ്ടെന്ന് വച്ചത് നിന്റെ നന്മ കണ്ടിട്ടാണ്. എന്റെ നശിച്ച ജീവിതത്തിലേക്ക് നിന്നെ കൂട്ടരുതെന്ന് തോന്നി. ഇപ്പൊ നിന്റെ നല്ല ജീവിതം കണ്ട് ഒരു പാട് സന്തോഷം. പക്ഷേ ഇനിയും നിന്റെ മുന്നിൽ അന്യനായി അഭിനയിക്കാൻ വയ്യ. ഞാൻ പോവുന്നു. പാറുവിനെ കണ്ടു. ഇഷ്ടമായി. പൂച്ചക്കുട്ടി എന്ന കഥ അവളെക്കുറിച്ചെഴുതിയതാണ്. എന്നിൽ നിന്നല്ലെങ്കിലും നിനക്കു ജനിച്ച എന്റെ മാനസപുത്രിയ്ക്ക് വേണ്ടി "
മീനാക്ഷിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീർ കണ്ണുനീർ അടർന്നു വീണു. ആ നിമിഷം അവൾക്കു തോന്നി ജീവിതത്തിൽ മറ്റൊരു പുരുഷനേയും താൻ ഇത്രയധികം പ്രണയിച്ചിട്ടില്ലെന്ന്....!!!

resmi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo