Slider

അതേ അവൾ പൂർണിമ....

0
അതേ അവൾ പൂർണിമ....
അങ്ങിനെയാണ് അവൾ മുഖപുസ്തകത്തിൽ അറിയപ്പെട്ടിരുന്നത് .... അവളെന്നു മുതലാണ് ഒരു മുയൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ കഥാകാരന്റെ കടുത്ത ആരാധികയായത്???
ജീവിതത്തിലെ കൈപ്പുനീരുകളൊക്കെയും കുടിച്ചു....തീകനലിൽ ചവിട്ടി .....മുള്ളുകൾക്കിടയിലൂടെ .....തളരാതെ പ്രതിബന്ധങ്ങളുടെ എല്ലാ കോട്ടവാതിലുകളും കടന്ന്, വിജയ സിംഹാസനത്തിലെത്തിയപ്പോൾ കൂടെ നടന്നവരാരും കൂടെയില്ലെങ്കിലും സിംഹമായും പുലിയായും തീയായും തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന രാക്ഷസജന്മങ്ങൾക്കു എത്തിപ്പിടിക്കാവുന്നതിലും മുകളിലാണവളുടെ സിംഹാസനം എന്നത് മാത്രമായിരുന്നു അവളുടെ ആശ്വാസം .......
ഒറ്റയ്ക്കുള്ള ജീവിതവും തിരക്കുപിടിച്ച ബിസ്സിനെസ്സ് യാത്രകളും ഒക്കെയായി ജീവിതം ഏതാണ്ടൊക്കെ വിരസമായി തീർന്നപ്പോഴാണ് എങ്ങിനെയോ അവൾ ആ ഓൺലൈൻ എഴുത്തുപുരയിൽ ചെന്നുകയറിയത് .....
വിരിയാൻ വെമ്പിനിൽക്കുന്ന ഒരു പനിനീർമൊട്ടിന്റെ ചിത്രത്തിൽ പൂർണിമ എന്ന പേരിൽ എഴുതിത്തുടങ്ങുബോൾ ഏകാശ്വാസം മനസ്സിൽ അടച്ചുപൂട്ടിയിട്ടിരുന്ന വികാരങ്ങൾക്കും ചിന്തകൾക്കും പുറത്തേക്കൊഴുകുവാൻ ഒരു കിളിവാതിൽ തുറന്നു കൊടുക്കാമല്ലോ എന്നുള്ളത് മാത്രമായിരുന്നു ....
ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജീവിതഗന്ധിയായ കഥകളിലൂടെ ആയിരകണക്കിന് ആരാധകരെ സ്വന്തമാക്കാനും അവർക്കു സാധിച്ചു .വായനക്കാർ ചോദിച്ചു, ഇത്രയും തീവ്രമായെഴുതുവാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു ? ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ വാക്കുകൾ ... കുറിയ്ക്കു കൊള്ളുന്ന ചോദ്യങ്ങൾ .... വായനക്കാരുടെ ചിന്താമണ്ഡലങ്ങളിൽ പ്രവേശിച്ച അവ പെറ്റുപെരുകുകയും, ചിതറി തെറിപ്പിക്കുകയും ഒരു തേനീച്ച കൂട്ടം എന്ന പോലെ മൂളി പറന്നു, കുത്തി വേദനിപ്പിച്ചു ........
അപ്പോഴും അവൾ മൗനം ഭജിച്ചു ...വെറിപൂണ്ട ആരാധകർ മറനീക്കി പുറത്തുവരാൻ അവളെ വെല്ലുവിളിച്ചു. അവൾ അവയെല്ലാം പെറുക്കിക്കൂട്ടി ആ പനിനീർമൊട്ടിന്റെ ചുവട്ടിൽ വളമാക്കി അതിനെ കരുത്തുറ്റതാക്കി.
ഇനി അയാൾ ......തികച്ചും വ്യതസ്ഥൻ. ചിന്തകളിൽ ...കാഴ്ചപ്പാടുകളിൽ ....എഴുത്തിലൂടെ വായനക്കാരെ മാസ്മരീകതയുടെ മറ്റൊരു ലോകത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ വശീകരിച്ചു കടത്തിക്കൊണ്ടു പോകുന്നവൻ .... അയാളുടെ അനേകമായിരം ആരാധകരിൽ ഒരാൾ മാത്രമായിരുന്നു പൂർണിമ . അയാളുടെ ഓരോ കഥകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന പൂർണിമ .....
ചിലപ്പോഴെല്ലാം ആ കാത്തിരിപ്പായിരുന്നു അവളെ മുന്നോട്ടു നയിച്ചിരുന്ന ഏക സാധ്യതയും .....
ഒരുനാൾ അവൾ അയാൾക്കെഴുതി നിനക്കൊട്ടും ചേരാത്ത മുഖചിത്രമാണ് നിന്റേത് ഇത്രയേറെ സൗമ്യതയുള്ള ഒരു മൃഗത്തിന്റെ ചിത്രം നിന്റെ ആഴമേറിയ വാക്കുകൾക്കും തീവ്രമായ ഭാവങ്ങൾക്കും ഒട്ടുംതന്നെ യോജിക്കുകയില്ല .....
പകരം അയാൾ കുറിച്ചു... വിടരാൻ വെമ്പുന്ന പനിനീർ പുഷ്പ്പമേ എന്തിനു നീ താമസിക്കുന്നു?.... നീ വിരിയൂ സൗരഭ്യം പറത്തൂ....വിരിഞ്ഞാൽ കൊഴിയുമോ എന്ന് ഞാൻ ഭയക്കുന്നു എന്നവൾ മറുപടിയോതി....
ഒരിക്കൽ അയാളുടെ കഥയ്ക്ക് അവൾ തന്റെ അഭിപ്രായം തുറന്നു രേഖപ്പെടുത്തി ...വര്ഷങ്ങള്ക്കുമുന്പായിരുന്നെങ്കിൽ ഒരു വേള നിന്നെ ഞാൻ പ്രണയിച്ചു പോയനേ...... കാലങ്ങളായി ആർക്കോവേണ്ടി കാത്തുവെച്ച ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും ഉതിർന്നുവീണപ്പോൾ തച്ചോറിലെവിടെയൊരു ഉരുണ്ടുകൂടിയ ഒരു ചുമന്ന പൊട്ട് അവളുടെ സിന്ദൂര രേഖയിൽ വന്നു സ്ഥാനമുറപ്പിച്ചു .....
അയാളുടെയും അവളുടെയും ആരാധകർ അതേറ്റെടുത്തു.....
അപ്പോഴും വിദൂരതയിൽ , ലോകത്തിന്റെ ഏതോ കോണുകളിരുന്ന് തീ കാറ്റായി ആഞ്ഞടിക്കുകയും, ഇടിമിന്നലായി വിറപ്പിക്കുകയും കാർമേഘമായി പെയ്തിറങ്ങുകയും ചെയ്യുകയായിരുന്നു അവർ ......

Lini

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo