നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്വന്തം യക്ഷി (ഭാഗം -1 )

എന്റെ സ്വന്തം യക്ഷി (ഭാഗം -1 )
.........................................
വിശാലിന് ഒരുന്മേഷവും തോന്നുന്നുണ്ടായിരുന്നില്ല.. ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നെന്ന്.. അമ്മയേവിട്ടുനിന്നിട്ടില്ല.. അച്ഛനേയും.. കർഷകകുടുംബമായതുകൊണ്ട് എല്ലാവരും അടുത്തുതന്നെയുണ്ടായിരുന്നു.. അച്ഛന്റെ കഠിനാധ്വാനംകൊണ്ട് തനിക്ക് കഴിഞ്ഞുപോകാനുള്ള സ്വത്ത് അച്ഛൻ സമ്പാദിച്ചിട്ടുണ്ട്.. എപ്പോഴും പറയും
'നിനക്കുള്ളത് ഞാൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്.. കൂടുതൽ ഉണ്ടാക്കിയില്ലേലും ഉള്ളത് നശിപ്പിക്കരുത്.. ഞങ്ങൾ രണ്ടുപേരും കിടക്കേണ്ട മണ്ണാണ്.. '
അച്ഛനുമമ്മയ്ക്കുമറിയാം താൻ നശിപ്പിക്കില്ലാന്ന്.. എന്നാലും മാതാപിതാക്കളുടെ സ്ഥിരം പല്ലവി അവരായിട്ടെന്തിനാ കുറയ്ക്കുന്നേ...
കൊതുകാണേൽ ഇപ്പോ കൊത്തിക്കൊണ്ടു പറക്കും.. നെടുമ്പാശ്ശേരി അടുത്തായതുകൊണ്ട് വല്ല ഫ്ലൈറ്റുമാണോ കൊതുകിന്റെ രൂപത്തിൽ വരുന്നത്.. നെടുമ്പാശ്ശേരി.. പേരു കേട്ടിട്ടേയുള്ളു.. ടി വി യിലും പത്രങ്ങളിലും ഫോട്ടോയും കണ്ടിട്ടുണ്ട്.. ഇതുവരെ ഒരു പ്ലെയിൻ നേരിട്ടുകാണാനുള്ള യോഗം ഉണ്ടായിട്ടില്ല.. അതും ഉണ്ടാവും.. ഒരിക്കൽ !
ഒരു കൊതുകുതിരി കത്തിച്ചുവച്ചു.. പക്ഷേ 'നൃത്തമാടൂ കൃഷ്ണാ.. നടനമാടൂ ' എന്ന പാട്ടിന്റെ താളത്തിനൊത്തു തുള്ളുന്നതുപോലെ എല്ലാം അരികത്തുതന്നെ നൃത്തം ചവിട്ടുന്നുണ്ട്.. നാളെയാവട്ടെ.. ഒരു ബാറ്റ് വാങ്ങണം.. ന്നിട്ട് പടേ.. പടേ.. ന്നു തട്ടണം.. അതുവരെ ഇവരൊക്കെക്കൂടെ എന്നെ ജീവനോടെ വച്ചാൽമതിയായിരുന്നു.. ഹോ !.. കൊച്ചീന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു.. ഇപ്പൊ കണ്ടു.
പണ്ടുള്ളവർ പറയുമായിരുന്നു -'കൊച്ചികണ്ടവന് അച്ചി വേണ്ടാന്ന്' - അതായത് സ്വന്തം ഭാര്യയെക്കാൾ, കാമുകിയേക്കാൾ സുന്ദരിയാണ് കൊച്ചിയെന്ന്.. എവടെ ? ഇപ്പൊ കൊച്ചീലെ കൊതുകിനെ കണ്ടാൽ അപ്പൊ സ്ഥലംവിടും.. ഹ ഹഹ ഹ .
ഗ്രാജ്വേഷൻ കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കാമായിരുന്നു.. അച്ഛൻ നിര്ബന്ധിച്ചതുമാണ്.. വേണ്ടാ.. എന്തുമാത്രം കഷ്ടപ്പെട്ടതാ.. ഇനി അല്പം വിശ്രമിക്കട്ടെ.. ഒരു ജോലി.. അതെന്തുമാകട്ടെ.. ഒരു തുടക്കം.. അതിൽനിന്നു പിടിച്ചുകയറാം... ആ ചെറിയ വരുമാനത്തിൽ സ്വന്തം പഠനം ! പട്ടിണി കിടത്തിയിട്ടില്ല അച്ഛനിന്നുവരെ.. അവർക്കു കഴിയാനുള്ളത് പറമ്പിൽനിന്നും പാടത്തുനിന്നുമൊക്കെ ഇപ്പോഴും കിട്ടും.. പിന്നെ ചെറിയ സമ്പാദ്യങ്ങളുടെ പലിശ.. അതൊക്കെമതി അവർക്ക്.. താനുണ്ടാക്കുന്നതൊന്നും അവർക്കിപ്പോൾ കൊടുക്കണ്ടാ.. തന്റെ തീരുമാനത്തോട് ബഹുമാനമാണ് തോന്നിയതെന്ന് അച്ഛൻ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി.. പക്ഷേ അമ്മയ്ക്ക് തന്നെ പിരിയുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.. താനിപ്പോഴും ആ മടിത്തുമ്പിൽ തൂങ്ങിനടക്കുന്ന കുഞ്ഞുപയ്യനാണെന്നാ അമ്മ പറയാറ്.. ആഗ്രഹമില്ലാഞ്ഞിട്ടല്ല..
സർക്കാർജോലിയൊക്കെ പതിയെമതി.. പക്ഷേ അങ്ങനൊരുജോലി തരപ്പെട്ടാൽത്തന്നെ അതിനു ഒരുപാട് സമയമെടുക്കും.. അപ്പോൾ ഒരു പ്രൈവറ്റ് ജോലിയുണ്ടെങ്കിൽ വരുമാനവുമാകും.. കൂടെ പ്രവൃത്തിപരിചയവും.. ഇന്നത്തെ സർക്കാർജോലിക്കാരുടെ പ്രധാന കുറവ് അതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.. പഠനം കഴിഞ്ഞാലുടൻ അപേക്ഷ അയക്കലായി.. പിന്നെ ടെസ്റ്റുകൾ, ഇന്റർവ്യൂകൾ.. അങ്ങനെ നേരം കളഞ്ഞുകുളിക്കും.. ചിലപ്പോൾ മൂക്കിൽ പല്ലുമുളച്ചലും സർക്കാർജോലി ഒരു സ്വപ്നമായി അവശേഷിക്കും.. സത്യമാണോന്നറിയില്ല.. പലരും പറഞ്ഞുകേട്ടിട്ടുള്ളതാ.. സത്യമായിരിക്കും... എന്നിട്ട് ജോലി കിട്ടിയാലോ 'എലിയും തലയും' തിരിച്ചറിയത്തുമില്ല.. വിഡ്ഢിക്കോമരങ്ങളെപ്പോലെ കുറേക്കാലം.. ഒരുവിധം പ്രവൃത്തിപരിചയമൊക്കെ ആയിവരുമ്പോളേക്കും ഒന്നുകിൽ ഒരുത്തമ കൈക്കൂലിക്കാരൻ.. ഇല്ലെങ്കിൽ രാഷ്ട്രീയപ്പാർട്ടികളുടെ ദല്ലാൾ.. കൊണ്ടും കൊടുത്തും അങ്ങനെ ജീവിതം തീർക്കുന്നു.. തനിക്കതൊന്നുമല്ല വേണ്ടത്.. കിട്ടുന്ന ശമ്പളത്തിനല്ല ജോലി ചെയ്യേണ്ടത്.. കിട്ടാനിരിക്കുന്ന ജീവിതവിജയത്തിനുവേണ്ടിയാണ്..
കൊച്ചീടെ കാര്യമൊക്കെ പറഞ്ഞു പതപ്പിച്ചെങ്കിലും കൊച്ചീലല്ല താമസിക്കുന്നത് കേട്ടോ.. ഒരു കുഞ്ഞുവീട് ഒപ്പിക്കാൻ പറ്റിയത് അരൂരാ.. തത്കാലം ഒറ്റയ്ക്ക്.. ബ്രോക്കർ പറഞ്ഞു ഉടനേതന്നെ രണ്ടുമൂന്നാളുകളെയുംകൂടെ ഒപ്പിച്ചു തരാമെന്ന്.. അപ്പൊ വാടകയ്ക്ക് ഒരിളവുമാകും.. ഒരു കൂട്ടുമാകും.. രണ്ടുദിവസമായി ഇവിടെ താമസം തുടങ്ങിയിട്ട്... ഇന്നുരാവിലെവരെ അച്ഛനുണ്ടായിരുന്നു കൂട്ടിന്...ഒന്നു പരിചയമാകാൻ.. അച്ഛന് വീടുവിട്ടുനില്ക്കാൻ നിർവ്വാഹമില്ല.. മൂന്നാലു പശുക്കൾ- അതിൽ രണ്ടെണ്ണം കറവയുള്ളത്- അതിന്റെ പാൽ കറന്ന് രാവിലെയും വൈകിട്ടും മിൽമയിൽ കൊണ്ടുചെന്ന് അളക്കണം.. ചാണകം വാരണം.. പശുക്കളെ കുളിപ്പിക്കണം.. തൊഴുത്ത് വൃത്തിയാക്കണം.. അമ്മയെക്കൊണ്ട് ഒറ്റയ്ക്ക് ഇതൊന്നും നടക്കില്ല.
സമയം 8 മണി.. അടുത്തൊരു വീട്ടിൽ ഊണുണ്ട്.. ഒരുമാസത്തേക്ക് അച്ഛൻ അവിടെ കരാറാക്കീട്ടാണ് പോയത്.. ബ്രേക്ഫാസ്റ്റ്.. ഉച്ചക്ക് പൊതിച്ചോറ്, വൈകിട്ട് ചപ്പാത്തിയോ മറ്റോ.. അപ്പൊ ഇനിപ്പോയി കഴിച്ചിട്ടുവരാം.. ഇല്ലെങ്കിൽ ശരിയാകില്ല.. ആ വീട് ഹൈവേ സൈഡിലാണ്.. ഒരു അരക്കിലോമീറ്റർ നടക്കണം.. ഒരു ബൈക്ക് വാങ്ങിക്കണം.. ഇപ്പോ വേണ്ടാന്ന് അച്ഛൻ.. കൊച്ചിയൊക്കെ ഒരു പരിചയമാകട്ടെ.. ഗ്രാമത്തിലെ പാതകളിൽ കൂട്ടുകാരുടെ ബൈക്ക് വല്ലപ്പോഴും ഓടിച്ചുള്ള പരിചയമേ ഒള്ളു.. ഭാഗ്യത്തിന് ലൈസൻസ് എടുത്തു.. അതുകൊണ്ട് കൊച്ചി പരിചയമായാൽ അച്ഛൻ ബൈക്കിനു സമ്മതിക്കും.. അമ്മയോട് മേടിച്ചിട്ടേ പറയൂ.. ഇല്ലെങ്കിൽ ഈ ജീവിതത്തിൽ നടക്കില്ല..
ചെറിയ ചാറ്റൽമഴയുണ്ട്.. സാരമില്ല.. അമ്മ ഒരു പഴയ കുടയെടുത്ത് ബാഗിൽ വച്ചതാ.. ഒത്തിരി പഴയതല്ല.. ന്നാലും ശീലയൊക്കെ നരച്ചിട്ടുണ്ട്.. പിന്നെ ഒന്നോ രണ്ടോ കമ്പി ഒടിഞ്ഞിട്ടുണ്ട്.. നിവർത്തിയാൽ വവ്വാലുപോലെ ഒടിഞ്ഞുതൂങ്ങിക്കിടക്കും.. മഴയത്തെന്നല്ല വെയിലത്തും അസാമാന്യധൈര്യം വേണം കൊച്ചീനഗരത്തിലൂടെ അതൊക്കെകൊണ്ട് നടക്കാൻ.. അതുകൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല.. അച്ഛൻ ചിലകാര്യങ്ങളിൽ വലിയ ചിട്ടക്കാരനാണ്.. ഒരെണ്ണമുള്ളപ്പോൾ മറ്റൊന്ന് വാങ്ങിക്കാൻ സമ്മതിക്കില്ല..
ഒരു കർചീഫ് തലയിലിട്ടു നടന്നു..
ജോലി അന്വേഷിച്ചു പലയിടങ്ങളിൽ കയറിയിറങ്ങി.. പലതും ഇഷ്ടപ്പെട്ടില്ല.. അവർക്ക് തന്നെ ഇഷ്ടപ്പെട്ടില്ലാന്നു പറയുന്നതാകും നല്ലത്.. ഇതിപ്പോൾ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജോലി. ഒരു പ്ലാസ്റ്റിക് മൊത്തവിതരണ ഏജൻസി.. അവിടെ അസിസ്റ്റന്റ്.. കമ്പ്യൂട്ടർ അറിയാവുന്നത് ഗുണമായി.. അവർക്ക് അക്കൗണ്ട്സും കമ്പ്യൂട്ടറും അറിയുന്ന ആളായിരിക്കണം.. എന്തായാലും ജോലി കിട്ടി.. ശമ്പളമൊക്കെ കമ്മിയാ. ന്നാലും
ആലപ്പുഴയിൽനിന്ന് ഏകദേശം അറുപതിനുമേൽ കിലോമീറ്ററുകൾ.. എന്നും പോയിവരവ് നടക്കില്ല. പിന്നെ ട്രെയിൻ.. അതിനെക്കുറിച്ചൊക്കെ ഓർക്കാതിരിക്കുന്നതാണ് ഉത്തമം.. നാളെ തിങ്കൾ.. ജോയിൻ ചെയ്യേണ്ട ദിവസം.. ആദ്യം ടൗണിലേക്ക് കേറിയത് തേവര വഴിയായിരുന്നു എന്ന് അച്ഛൻ പറഞ്ഞു.. ഓട്ടോയിൽ ആയിരുന്നു.. ഷിപ്യാർഡ് ഒക്കെ ഒരുസൈഡിൽ കാണിച്ചുതന്നു.. അവിടുന്ന് എങ്ങോട്ടൊക്കെയോ പോയി. എവിടൊക്കെയോ ചെന്ന്.... ഇടുങ്ങിയ വഴികളിലൂടെ.. നാളെ എങ്ങനെ കണ്ടുപിടിക്കും. ഒന്നുരണ്ടുദിവസം ഓട്ടോ പിടിച്ചോളാൻ പറഞ്ഞ അച്ഛൻ വഴിയുടെ ചിത്രം വരച്ചിടുവാനും പറഞ്ഞു.. മെയിൻ ലാൻഡ്മാർക്കുകൾ... ഒരു സാധാരണ കൃഷിക്കാരനായ ഗ്രാമീണൻപോലും വല്ലാണ്ടങ്ങു വളർന്നുപോയിരിക്കുന്നു..
ഇനിയല്പംദൂരം ഇരുട്ടുകാടാണ്.. ദൂരെ ഹൈവേയിലൂടെ പാഞ്ഞുപോകുന്ന വണ്ടികൾ.. ജീവനിൽ കൊതിയില്ലാത്ത ഡ്രൈവർമാർ.. ഒരഞ്ചു മിനിറ്റ് താമസിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമെന്നമട്ടിൽ പാഞ്ഞുകൊണ്ടിരിക്കുന്നു.. വിഡ്ഢികൾ ! ഋതുക്കൾ മാറിമറിയുന്നതും പൂക്കൾ വിരിയുന്നതും, മണ്ണും പെണ്ണും കായലും കടലുമൊക്കെ കണ്ട് ആസ്വദിക്കുന്നവർ. മഴയുടെ കൂട്ടുകാർ. മഞ്ഞിന്റെ സ്വന്തങ്ങൾ.. സുന്ദരമായ കാഴ്ചകൾ കണ്ടു തൃപ്തിയടയാനുള്ള കണ്ണും മനസ്സുമുള്ളവർ.. പക്ഷേ സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടത്തിലാകുന്നത് കാണാനുള്ള ഉൾകാഴ്ചയില്ലാത്തവർ !
മൊബൈലിലെ ടോർച്ചിനു നല്ലവെട്ടമുള്ളതുകൊണ്ട് വഴിയിൽ പ്രശ്നമുണ്ടായില്ല.. ഇനി ഒരു പത്തുവാര... എത്തിക്കഴിഞ്ഞു.. പെട്ടെന്നാണൊരുത്തൻ എവിടെനിന്നോ പൊട്ടിവീണതുപോലെ മുന്നിൽ വന്നത്..
'ഈ ന്ഹ ഈ...' ഞെട്ടിയപ്പോൾ അസ്പഷ്ടമായി പുറത്തുവന്ന വാക്കുകൾ.
'ആരാടാ നീ ?' അയാൾ മുരണ്ടു.. പുളിച്ചകള്ളിന്റെ നാറ്റം നാസാരന്ധ്രങ്ങളിൽ അടിച്ചുകയറി.. കൈയിലൊരു വെട്ടുകത്തി.. അതും ഒരിത്തിരി വലുത്..
'ഞാൻ.. '
'നീ കള്ളനാണോടാ.. പൂയ് യ് യ് യ്.. നാട്ടാരേ കള്ളൻ.. കള്ളൻ.. '
'ഞാൻ കള്ളനല്ല....ഞാൻ.. ഞാൻ.. '
അയാൾ വെട്ടുകത്തി കഴുത്തിൽ വച്ചു.. എങ്ങാനും ഒന്നുവെട്ടിയാൽ !
പെട്ടെന്നാണ് എതിർവശത്തുനിന്ന് ബെല്ലടിച്ചുകൊണ്ട്. അരണ്ട ഡൈനാമോലൈറ്റിന്റെ വെട്ടത്തിൽ ഒരാൾ വന്നു..
'അനിക്കുട്ടിയേ... വീട്ടിപ്പോയില്ലേടാ..? '
'ഇല്ലണ്ണ.. പോണം രണ്ടുകിലോ കപ്പമേടിച്ചത് എവിടെ വച്ചെന്ന് ഓർമ്മ കിട്ടുന്നില്ല.. അണ്ണാ.. '
'ന്ഹാഹ നിന്റെ കപ്പയാണോ,,, ഡാ നിന്റെ കപ്പ നമ്മടെ കള്ളുഷാപ്പിലുണ്ട്.. ഞാനൊരെണ്ണം മോന്താൻ ചെന്നപ്പോ കണ്ടതാ . ചോദിച്ചപ്പോൾ അവർക്കറിയില്ല.. വേഗം ചെല്ല്...നിന്റെ സൈക്കിൾ എന്തിയേ ?'
അനിക്കുട്ടി എന്നുപറയുന്ന കൂടിയന്റെ അംഗവിക്ഷേപങ്ങൾ..
'അണ്ണാ അതും ഇനി തപ്പണം.. ' അയാൾ കുഴഞ്ഞുവീഴാൻ പോകുന്നുണ്ട്
'ഇതാരാടാ ഈ പയ്യൻ. ? അയ്യോ ഇത് ആ പുതിയതായി താമസിക്കാൻവന്ന കൊച്ചനല്ലേ.. എന്താടാ മോനേ ?'
'അനിക്കുട്ടി.. കത്തി മാറ്റെടാ...'
'അണ്ണൻ പറഞ്ഞാപ്പിന്നെ അപ്പീലില്ല... ' അവൻ കത്തിമാറ്റി
'മോൻ പൊയ്ക്കോ.. ഇവന് മുഴുത്ത വട്ടാ.. ഡാ.. നമ്മടെ പയ്യനാ.. ഇനി അവനെ പേടിപ്പിച്ചേക്കല്ലു കേട്ടോ.. '
ഒരുവിധത്തിൽ ജീവനുംകൊണ്ടോടി.
അവിടെയെത്തിയപ്പോഴേക്കും വിയർത്തുകുളിച്ചിരുന്നു.. വീട്ടിൽ ഊണിന്റെ ഉടമ ഒരു ശ്രീധരേട്ടനാണ്.. നല്ല മനുഷ്യൻ.. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺമക്കളും കൂടെയാണ് നടത്തുന്നത്.. കഴിഞ്ഞ രണ്ടുതവണ വന്നപ്പോഴും മിന്നായംപോലെ രണ്ടുപേരേ കണ്ടതല്ലാതെ ഒരു രൂപം മനസ്സിലുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല..
'ന്താ പ്പോ വിയർത്തുകുളിച്ച്.. '
നടന്ന കാര്യങ്ങൾ വള്ളിപുള്ളിവിടാതെ അയാളോട് പറഞ്ഞു.
'അവനെ പേടിക്കണ്ടാ.. എപ്പഴും പൂസാ.. തെങ്ങുകയറ്റമാ ജോലി.. ഒരു ദിവസം കുറഞ്ഞത് ഒരു അൻപത് തെങ്ങെങ്കിലും കയറും.. ഇന്നത്തെക്കാലത്തെ കൂലിയല്ലേ ? അൻപത് രൂപാവച്ചു മേടിച്ചാലും എത്രയാ കാശ്?? അതുമുഴുവൻ കുപ്പി മേടിക്കാനെടുക്കും.. ഒരുരൂപാ വീട്ടീ കൊടുക്കത്തില്ല.. അല്ല.. പറഞ്ഞിട്ടും കാര്യമില്ല.. അവന്റച്ഛൻ കറവക്കാരനാ.. പണ്ടുമുതലേ അവനെകൊണ്ടുനടന്നു എല്ലായിടത്തും.. കളളുഷാപ്പിൽ എത്തിയാൽ അവനും മേടിച്ചുകൊടുക്കും.. അവൻ പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ കൂടിയാ.. ഇപ്പൊ ഏതാണ്ട് ഇരുപത്തഞ്ചു വയസ്സുകാണും.. മോൻ ശ്രദ്ധിച്ചോ.. ഒരു അൻപത് വയസ്സ് പറയും.. പല്ലുകൾപോലും കൊഴിഞ്ഞുതുടങ്ങി.. ഓരോരോ ജന്മങ്ങൾ !,,, മോൻ പേടിക്കണ്ടാ.. നാളെ അവൻ വരട്ടെ.. ഞാൻ പറഞ്ഞോളാം.. ചപ്പാത്തിക്ക് മുട്ടക്കറി എടുക്കട്ടേ.. പച്ചക്കറീം ഒണ്ട്...'
തിരിച്ചുനടക്കുമ്പോളോർത്തു.. ദൈവമേ !അവനെങ്ങും വഴിയിൽ കാണല്ലേ.. പേടിയുണ്ടായിട്ടല്ല.. പക്ഷേ ബോധംകെട്ടു നടക്കുന്ന അവനോടൊക്കെ ഒരു മല്പിടുത്തം നടത്താനുള്ള ധൈര്യം പോരാ.. അച്ഛനെയൊന്നു വിളിക്കാം.. ബെല്ലടിക്കാൻ കാത്തിരുന്നപോലെ അച്ഛൻ ഫോണെടുത്തു.. കുറേ വിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും.. പിന്നെ അമ്മ.. അമ്മയുടെവക കുറെയേറെ ഉപദേശങ്ങൾ.. വീടെത്തിയത് അറിഞ്ഞില്ല.. ഭാഗ്യം..വഴിയിലെങ്ങും അവനെ കണ്ടില്ല.. ഫോൺ കട്ട് ചെയ്തു.
ഗേറ്റ് തുറന്നപ്പോൾ..
സിറ്റ് ഔട്ടിൽ ഒരാൾ.. ഒരു മിന്നായംപോലെ കണ്ടു.
അതോ തോന്നിയതാണോ?
മനസ്സിൽ കുടുംബക്ഷേത്രത്തിലെ ഭഗവതിയെ മനസ്സിൽ ധ്യാനിച്ചു.
ഇല്ല.. തോന്നിയതാവാം..
താക്കോലെടുത്തു ഡോർ തുറന്നു.. റൂമിലെ ലൈറ്റ് ഇട്ടിരുന്നതുകൊണ്ട് പേടി തോന്നിയില്ല.
ഡോറടയ്ക്കാൻ തിരിഞ്ഞതും......................
'ന്റമ്മേ... '
(തുടരും)
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot