നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിസ്സ്ഡ് കാൾ


മിസ്സ്ഡ് കാൾ
*************
കുളികഴിഞ്ഞ് മുറിയിലേക്കെത്തിയ അനുപമ മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയിലെടുത്തു.അപ്പോഴാണ് തനിക്ക് വന്ന ഒരു മിസ്സ്ഡ് കാൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്.പരിചയമില്ലാത്ത നമ്പർ ആയതിനാൽ അവൾ മൈൻഡ് ചെയ്തില്ല.പിന്നീട് അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അതേ നമ്പറിൽ നിന്നും അവൾക്ക് വീണ്ടും കാൾ വന്നു.ഇത്തവണ അനു ഫോണെടുത്തു.
"ഹലോ, രാജീവല്ലേ?"
മറുതലയ്ക്കൽ പുരുഷ ശബ്ദം.
"സോറി,റോങ്ങ് നമ്പർ."
അനു ഫോൺ കട്ട് ചെയ്തു.അനുപമ ഒരു സ്വാകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ.അനു വീണ്ടും ഫോൺ മേശപ്പുറത്ത് വച്ച ശേഷം ഉറങ്ങാൻ കിടന്നു.എന്നാൽ തൊട്ടടുത്ത നിമിഷം ഫോണിൽ അതേ നമ്പർ തെളിഞ്ഞു.അവൾ ദേഷ്യത്തോടെ വീണ്ടും ഫോൺ എടുത്തു.
"ഹലോ,ഇത് തിരുവനന്തപുരത്തെ രാജീവ് കുമാറിന്റെ നമ്പർ തന്നെയല്ലേ?"
"ഹേയ് മിസ്റ്റർ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ റോങ്ങ് നമ്പർ ആണെന്ന്.നമ്പർ നോക്കി ഡയൽ ചെയ്യടോ."
അനു അയാളോട് ചൂടായി.മറുതലയ്ക്കൽ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു. രണ്ടു ദിവസങ്ങൾക്ക് ശേഷം ആ നമ്പറിൽ നിന്ന് അനുപമയ്ക്ക് ഒരു മെസ്സേജ് വന്നു.
"പ്രിയ സുഹൃത്തേ,
താങ്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. അന്ന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.എന്റെ സഹോദരി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലായിരുന്നു.ഇന്നലെ അവൾ ഞങ്ങളെ വിട്ടു പോയി.അവളുടെ ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ താങ്കളുടെ ഫോണിലേക്ക് കാൾ വന്നതാണ്.എന്നോട് ക്ഷമിക്കണം."
മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോൾ താൻ ചെയ്തത് തെറ്റായി പോയി എന്ന് അനുവിന് തോന്നി.അവൾ അയാളുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.അയാൾ ഫോണെടുത്തു.
"ഹലോ."
"ഹലോ എന്റെ പേര് അനുപമ, താങ്കളുടെ മെസ്സേജ് വായിച്ചു. എന്റെ നമ്പറിലേക്കാണ് രണ്ട് ദിവസം മുമ്പ് വിളിച്ചിരുന്നത്. ഐ ആം സോറി.താങ്കളുടെ അവസ്ഥ മനസ്സിലാക്കാതെ സംസാരിച്ചതിൽ എനിക്ക് നല്ല വിഷമമുണ്ട്."
"കുട്ടി വിഷമിക്കേണ്ട.എന്തായാലും ഞങ്ങൾക്ക് പോവാനുള്ളത് പോയി."
"വിഷമിക്കരുത്.ഇന്നു നമ്മോടൊപ്പമുള്ളവരെല്ലാം എന്നും കൂടെ ഉണ്ടായെന്ന് വരില്ല.എന്തു സംഭവിച്ചാലും ജീവിതം മുന്നോട്ടു പോവുക തന്നെ വേണം."
അനുപമ അയാളെ ആശ്വസിപ്പിച്ചു.
"അതെ കുട്ടി പറഞ്ഞത് നേരാണ്.കുട്ടിയോട് അല്പ സമയം സംസാരിച്ചപ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നുന്നു. ശരി, ഞാൻ വയ്ക്കുകയാണ്. വിളിച്ചതിന് നന്ദിയുണ്ട്."
അയാൾ ഫോൺ കട്ട് ചെയ്തു. അത് ഒരു തുടക്കമായിരുന്നു, പുതിയ സൗഹൃദത്തിന്റെ തുടക്കം.അതിന് ശേഷം അവർ തമ്മിൽ ഫോൺ സംഭാഷണങ്ങൾ പതിവായി.അനുപമ തന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അയാളുമായി പങ്കു വെച്ചു. അയാൾ തിരിച്ചും.തന്റെ പേര് ശരത് ചന്ദ്രൻ എന്നാണെന്നും തിരുവനന്തപുരത്തെ ഒരു ഐ. ടി കമ്പനിയിലെ സ്റ്റാഫ് ആണെന്നും അയാൾ അനുപമയെ അറിയിച്ചു.പതിയെ പതിയെ അവരുടെ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപഭാവങ്ങൾ കൈവന്നു.ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ.
എന്നാൽ അതിനിടയിലും മിസ്സ്ഡ് കാൾ പ്രണയത്തിലകപ്പെട്ട് ജീവിതം പൊലിഞ്ഞു പോയ പെൺകുട്ടികളുടെ അനുഭവങ്ങൾ പത്രത്തിലൂടെയും ടി വി യിലൂടെയും അറിഞ്ഞിരുന്നതിനാൽ ഒരുറപ്പിന് വേണ്ടി അനുപമ ശരത്തിനോട് അയാളുടെ ഫോട്ടോ ആവശ്യപ്പെട്ടു. ശരത് അപ്പോൾ തന്നെ അവളുടെ ആവശ്യം നിറവേറ്റി.അതോടെ അനുവിന്റെ വിശ്വാസം ഇരട്ടിച്ചു.
ദിവസങ്ങൾ കടന്നു പോയി. അനുപമയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി.തന്നെ കാണാൻ വന്ന ഓരോരുത്തരെയും നിസ്സാര കാര്യങ്ങൾ പറഞ്ഞ് അവൾ ഒഴിവാക്കി.പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവളുടെ മനസ്സിൽ ഭയം ഏറി വന്നു.ഒരു ദിവസം രാത്രി അവൾ ശരത്തിനെ വിളിച്ചു.
"ഹലോ ശരത്,"
"അനു, എന്താ ശബ്ദം വല്ലാതിരിക്കുന്നേ? എന്ത് പറ്റി?"
"ശരത്, ഇവിടെ അച്ഛൻ എനിക്ക് കല്യാണാലോചനകൾ നടത്തുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ,ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.എന്തെങ്കിലും ചെയ്തേ പറ്റൂ."
അല്പസമയത്തെ മൗനത്തിനു ശേഷം ശരത് സംസാരിച്ചു തുടങ്ങി.
"ഞാൻ നോക്കിയിട്ട് ഇനി ഒരു വഴിയേ ഉള്ളൂ.നമുക്ക് രജിസ്റ്റർ മാരേജ് ചെയ്യാം.നീ നാളെ എന്നത്തേയും പോലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി. ഞാൻ ഓഫീസിൽ വന്ന് പിക്ക് ചെയ്തോളാം."
"എനിക്ക് പേടിയാവുന്നു ശരത്."
"ഞാനല്ലേ പറയുന്നേ ഡോണ്ട് വറി."
പിറ്റേന്ന് അനുപമ എന്നത്തേയും പോലെ ഓഫീസിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി.അവൾ പോകാൻ നേരം അച്ഛൻ ഉമ്മറത്ത് പത്രം വായിക്കുകയായിരുന്നു.അനു അച്ഛന്റെ കാലിൽ തൊട്ട് വന്ദിച്ചു.
"അച്ഛൻ എന്നെ അനുഗ്രഹിക്കണം"
അദ്ദേഹം പത്രം താഴെ വച്ച് മകളെ പിടിച്ചെഴുന്നേല്പിച്ചു.
"എന്താ മോളെ ഇതൊക്കെ അതിനും മാത്രം ഇന്നെന്താ പ്രത്യേകത?"
"ഒന്നുമില്ലച്ഛാ.ഇന്നെന്തോ ഇങ്ങനെ വേണമെന്ന് തോന്നി."
"ഞങ്ങളുടെ അനുഗ്രഹം നിനക്കെന്നും ഇല്ലേടാ."
അദ്ദേഹം മകളെ സ്നേഹപൂർവ്വം തലോടി.പെട്ടെന്ന് പത്രത്തിലെ ഒരു വാർത്തയിൽ അനുപമയുടെ കണ്ണുകൾ ഉടക്കി.അവൾ പത്രം കൈയിലെടുത്തു.
"മിസ്ഡ് കാൾ വഴി പത്തോളം പെൺകുട്ടികളെ കബളിപ്പിച്ചു പണം തട്ടുന്ന റാക്കറ്റിലെ പ്രധാനി പിടിയിൽ"
വാർത്തയോടൊപ്പം അറസ്റ്റിലായ പ്രതിയുടെ ചിത്രവുമുണ്ടായിരുന്നു. ഒരു ഞെട്ടലോടെ അനു ആ മുഖം തിരിച്ചറിഞ്ഞു.....
"ശരത് ചന്ദ്രൻ" അയാളുടെ ഒരുപാട് ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനും എന്ന തിരിച്ചറിവ് അവളെ തളർത്തി. പെട്ടെന്ന് അനുവിന്റെ അമ്മയും അവിടേക്കെത്തി.
"ഹോ അവന്റെ മുഖം കണ്ടില്ലേ,കണ്ടാൽ എത്രയോ മാന്യൻ,പക്ഷേ കൈയിലിരിപ്പോ?"
ശരത്തിന്റെ ഫോട്ടോ കണ്ടപ്പോൾ അമ്മ പറഞ്ഞു.
"ശരിക്കും ഇവനെ മാത്രം പറഞ്ഞാൽ പോരാ.ഏതെങ്കിലും ഒരുത്തൻ പ്രേമമാണെന്നു പറഞ്ഞു വിളിക്കുമ്പോഴേക്കും അത്രയും കാലം നോക്കി വളർത്തിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് അവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോകുന്ന ഇന്നത്തെ പെൺപിള്ളേരെയാ ആദ്യം പറയേണ്ടത്."
അച്ഛനും പിന്താങ്ങി.അടുത്ത നിമിഷം ഇരുവരും അത്ഭുതപ്പെട്ടു നിൽക്കേ അനുപമ കരഞ്ഞു കൊണ്ട് അമ്മയുടെ മാറിലേക്ക് വീണു.കണ്ണിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ അവളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടു പൊള്ളിച്ചു.
-ജിഷ്ണു. മുരളീധരൻ-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot