നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിര്യാണം ..


നിര്യാണം ..
കോളനിയിലെ രാജീവിന്റെ ഭാര്യ മരിച്ചു. ആത്മഹത്യ ആയിരുന്നു ...
രാവിലെ സുമ ഈ വാർത്ത പറയുന്നത് കേട്ടാണ് ഞാനുണർന്നത്. രാജീവുമായി അടുപ്പമൊന്നുമില്ല. കണ്ടാൽ ചിരിക്കും അത്യാവശ്യം എല്ലാകാര്യങ്ങളിലും ഇടപെടുന്ന ഒരു നല്ല വ്യക്‌തി...
ഏട്ടൻ ഓഫീസിൽ പോകുന്ന വഴിക്ക് ഒന്നു കയറാമോ.. സുമയുടെ ചോദ്യത്തിന് ഒരു മൂളലിലൂടെ മറുപടി കൊടുത്തുകൊണ്ട് ഞാൻ പോകാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു. 
റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ഓർത്തു. രാജീവിന്റെ വൈഫിനെ താൻ കണ്ടിട്ടുള്ളത് ഒരിക്കലാണ്. കഴിഞ്ഞയാഴ്ച മാളിൽ വച്ചു രണ്ടുപേരെയും ഒന്നിച്ചാണ് കണ്ടത്. കൈകൾ കോർത്തുപിടിച്ചുകൊണ്ട് മാളിന്റെ കോറിഡോറിലൂടെ നടക്കുന്ന രാജീവിനെയും ഭാര്യയെയും കണ്ടപ്പോൾ അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന്‌ കരുതിയാണ് സംസാരിക്കാൻ ചെല്ലാതിരുന്നത്. സുമയെ വെയിറ്റ് ചെയ്യുകയായിരുന്നത്കൊണ്ട് താനും അപ്പോൾ തിരക്കിലായിരുന്നു.
എന്നാലും കഷ്ടം തന്നെ നല്ലൊരു കുട്ടിയായിരുന്നു. രാജീവിന് ചേരുന്ന ഒരു കുട്ടി. ആ മുഖം മനസ്സിൽ തെളിഞ്ഞു.. കഷ്ടം... എൻറെ മനസ്സിൽ ഇങ്ങനെ ചിന്തകൾ നിറഞ്ഞു.
മരണവീട്ടിൽ ആളുകൾ കൂടിയിട്ടുണ്ട്. കൂടുതലും കോളനിയിൽ ഉള്ളവരാണ്. ഞാൻ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ട് വീടിനുള്ളിലേക്ക് നീങ്ങി. രാജീവിന് ഇപ്പോഴും ബോധം വീണിട്ടില്ല എന്ന്‌ ആരോ പറയുന്നതുകേട്ടു. ഉള്ളിൽ എവിടെയോ ഒരു നോവ് എനിക്കും ഉണ്ടായി.
ഹാളിലാണ് ജഡം കിടത്തിയിരിക്കുന്നത്. ഞാൻ അങ്ങോട്ട് നടന്നു. തൂങ്ങി മരിച്ചതാണെന്നു ആരോ പറയുന്നത് ഞാൻ കേട്ടു.
പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി കൊണ്ടുവന്നതേയുള്ളു മൃതദേഹം കാണാനുള്ള ആളുകളുടെ തിരക്കുകൾ ഒഴിഞ്ഞിട്ടില്ല.
മുറിയിലേക്ക് നീങ്ങി നിന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി. എൻറെ മുഖത്തുവരുന്ന മാറ്റം എനിക്ക് തന്നെ മനസ്സിലാകുമായിരുന്നു. വല്ലാത്ത ഒരു അങ്കലാപ്പ് എന്നിൽ നിറഞ്ഞു. ഈ മുഖമായിരുന്നോ അന്ന് ഞാൻ മാളിൽ കണ്ടത്. അല്ല, ഒരിക്കലുമല്ല..
ഈ കൊച്ചിനെ അധികം വെളിയിലേക്ക് അങ്ങനെ കാണാറില്ല. പിള്ളേരില്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു അതിന്. പാവം രാജീവ്. ആരോ പറഞ്ഞു നിർത്തി.
ആ മുറിയിൽ ഞാൻ കണ്ട ജീവനില്ലാത്ത മുഖം ആരുടേതാണെന്ന ചോദ്യം മുന്നോട്ട് നടക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഒരു തവണയല്ല പല തവണ..

Vaishakh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot