Slider

ഒരു അവധിക്കാല പ്രണയം

0
ഒരു അവധിക്കാല പ്രണയം
എഴുതാൻ പറ്റിയ വിഷയം...!!! അതും കെട്ടി ഒന്നര വയസുള്ള രണ്ടു മക്കളായപ്പോൾ...
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോളാണ് ചുറ്റിനും അമ്മാവന്മാരും ആങ്ങളയും തീർത്ത കോട്ട ചാടി കടന്ന് അവനെ ഞാൻ പ്രേമിക്കാൻ തീരുമാനിച്ചത് .. അതിനു മുൻപ് പ്രേമിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളിൽ അതിനൊരു അവസരം കിട്ടിയില്ല... അവനൊരു പാവം. എന്റെ അമ്മയുടെ അഭിപ്രായത്തിൽ എല്ലാ ആൺപിള്ളേരും അവനെ പോലെ ആവണം. എന്റെ ഫ്രണ്ട്സിന്റെ അഭിപ്രായത്തിൽ പെണ്ണുങ്ങളുടെ മുഖത്തോട്ട് പോലും നോൽക്കാത്തവൻ. ആണുങ്ങൾക്ക് ഇത്രേം അഹങ്കാരം കൊള്ളാമോ. . ഇത്രേം സുന്ദരികളായ ഞങ്ങൾ അതിലെ നടക്കുമ്പോൾ അവനെന്താ ഒന്ന് നോക്കിയാൽ... ഒന്നുമില്ലേലും രാത്രിയിൽ മുറ്റത്തെ കല്ലിൽ കഷ്ടപ്പെട്ട് ഉരച്ചു തേക്കുന്ന രക്ത ചന്ദനത്തിനോടും പുഴയിലെ വെള്ളത്തിനെ ചീത്തയാക്കുന്ന മഞ്ഞൾ.. ചെമ്പരത്തി താളി ഇതിനോടൊക്കെ ഞങ്ങൾക്ക് ഒരു കമ്മിറ്റ്മെന്റ് ഇല്ലേ...
അവനെ കാണാൻ വലിയ ഭംഗി ഒന്നുമില്ല. എന്നാൽ ഒരു ആകർഷണം ഉണ്ട് താനും. അവിടെ ഉള്ള തരുണീമണികൾ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുമ്പോളാണ് പത്താം ക്ലാസ്സെന്ന മഹാ യുദ്ധം കഴിഞ്ഞു നമ്മൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ തിരിച്ചെത്തുന്നത്. വെക്കേഷന് മാത്രം സഹിച്ചാൽ മതിയായിരുന്ന മകളെ ഇനി അങ്ങോട്ട്‌ എന്നും ചൂലും കെട്ടു കൊണ്ട് അടിക്കണമല്ലോ എന്നോർത്ത് അമ്മ ചൂലിലേക്കും തെങ്ങിലെ ഓലയിലേക്കും നെടുവീർപ്പെട്ടുകൊണ്ടിരിക്കെ ഞാൻ കൂട്ടുകാരുമായി ഭാവി പരിപാടികൾ ആലോചിക്കുന്ന തിരക്കിലായിരുന്നു. തെറ്റിദ്ധരിക്കരുത് എൻട്രൻസ് കോച്ചിംഗ് അല്ല ഉദ്ദേശിച്ചത്.. വാനരജന്മങ്ങൾ നേതാവിനെ നോക്കി ഇരിക്കുവായിരുന്നു എന്നു അനിയന് വേണേൽ പറയാം. പക്ഷെ എനിക്ക് അവർകൂടെ പിറക്കാതെ പോയ സഹോദരങ്ങൾ ആയിരുന്നു. അതിനു കാരണം ഒരു വീട്ടിൽ ആരുന്നേൽ രാത്രി കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ പറ്റിയ വഴികൾ ആലോചിക്കാം എന്നതാണ്. അല്ലാതെ മനസിന്റെ വിങ്ങൽ ഒന്നുമല്ല. പഴയ യൂണിഫോം ആണല്ലോ വലിയ അവധിക്കു ഡ്രസ്സ്‌ കോഡ്. പെറ്റിക്കോട്ടിടണ്ട പ്രായം കഴിഞ്ഞെന്നു വീട്ടുകാർ പറഞ്ഞു.. നാട്ടുകാരും. അതു പിന്നെ അങ്ങനാണ്.. പെൺപിള്ളേരാണേൽ പ്രത്യേകിച്ച്.. അവർക്കു കല്യാണ പ്രായമായെന്നു ആർക്കു തോന്നിയില്ലെലും അയല്പക്കത്തെ ചേച്ചിമാർക്കു തോന്നും. അതോടെ ആണ് ഓരോ വർഷത്തെ യൂണിഫോമിനെ അവധിക്കാല ഡ്രസ്സ്‌ ആക്കിയത്. വീടിനു മുന്പിലെ റോഡ് ടാർ ഇടാത്തത് കൊണ്ട് കുട്ടീം കോലും കളിക്കാൻ കുഴി എടുക്കാൻ എളുപ്പമുണ്ടായിരുന്നു. കുട്ടി അടിച്ചു അടുത്ത വീട്ടിലേക്കു കളയണം എന്നു ഒരാഗ്രഹം ഇല്ലാരുന്നു. പിന്നെ ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ. വിശക്കുമ്പോൾ കയ്യെത്തുന്ന അകലത്തിലുള്ള ചക്കകൾ ചാമ്പങ്ങകൾ ജാതിക്കകൾ ഒക്കെ ഞങ്ങളുടെ വയറു നിറച്ചു. വീട്ടുകാരെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിക്കാത്ത ഞങ്ങളെ പറ്റിയാണ് വൈകുന്നേരങ്ങളിൽ അയല്പക്കക്കാർ ചുമ്മാ നുണകൾ പറയാൻ അപ്പന്റെ മുൻപിൽ എത്തുന്നത്. മുട്ടു കാൽ കറുത്തിരിക്കുന്നത് എന്താടി എന്നു കല്യാണം കഴിഞ്ഞപ്പോൾ ചോദിച്ച കെട്ടിയവന് അറിയില്ലല്ലോ നല്ല മണലിൽ മുട്ടിന്മേൽ നിന്നാൽ തൊലി പോയി അവിടം കറുത്ത് പോകുമെന്ന്... അതിൽ ജാതിക്ക മാത്രം ഞങ്ങളെ ചതിക്കും.. കാരണം ആക്രാന്തം കാരണം ജാതിക്കക്കു കറയുണ്ടെന്ന കാര്യം ബോധപൂർവം മറന്നു പോകും. അതു ഞങ്ങളുടെ തെറ്റല്ല. ആളില്ലാത്ത പറമ്പിൽ കേറി ജാതിക്കാ പറക്കുമ്പോൾ കറ നോക്കണോ അതോ ആരേലും വരുന്നുണ്ടോ എന്ന് നോക്കണോ. അമ്മമാർക്കറിയാണോ ഇതു വല്ലതും. അഞ്ഞൂറ്റൊന്നു ബാർ സോപ്പ് ഇട്ടു ഉരച്ചു കഴുകുമ്പോൾ രണ്ടു മാസം അവധി കൊടുത്ത സ്കൂളുകാരെ അവർ അവർക്കറിയാവുന്ന ഭാഷയിൽ ചീത്ത വിളിക്കും. മാങ്ങാ ഉപ്പും മുളകും (കട്ടെടുത്ത എന്നു കൂട്ടി വായിക്കാൻ അപേക്ഷ ) കൂട്ടി തിന്നിട്ടു ദാഹിക്കുമ്പോൾ കുടിക്കുന്ന വെള്ളം.. അതും ചിലപ്പോൾ ചതിക്കും.. പിന്നെ രാത്രിയിൽ ജാതിക്കായുടെ കുരുവും തേനും ആകും അത്താഴം. പിറ്റേന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങരുത് എന്ന അമ്മയുടെ ഉത്തരവിൽ അപ്പൻ ഒപ്പ് വക്കും. ആ സമയത്തു പുറത്തു കൂടി നടക്കുന്ന പട്ടിയോട് വരെ അസൂയ തോന്നും. വായിച്ച ബാലരമ ബാലമംഗളം പൂമ്പാറ്റ പിന്നെയും കരണ്ടു തിന്നും ..പിന്നെ തേയില പഞ്ചസാര തുടങ്ങിയവ പൊതിഞ്ഞു കൊണ്ട് വരുന്ന മനോരമ മംഗളം മാസികകളുടെ അരയും മുറിയും.. അതു അമ്മ കാണാതെ വേണം വായിക്കാൻ. ചീത്ത ആണത്രേ ചീത്ത. ആ നോവൽ സീരിയൽ ആക്കുമ്പോൾ അവർക്കു ടിവിയുടെ മുന്നിലിരുന്നു കരയാം... ഞങ്ങൾക്ക് വായിക്കാൻ മേല. വിഷയത്തിൽ നിന്നും മാറി പോയി.
അങ്ങനെ ഇരിക്കെ ആണ് പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ വാർഷികം പ്രഖ്യാപിക്കുന്നത്... പത്താം ക്ലാസ്സ്‌ വരെ എല്ലാവരും ഡാൻസുകാർ ആണല്ലോ. പാട്ടുകാരും... കന്യാസ്ത്രീകൾ നടത്തിയ സ്കൂളിൽ പഠിച്ച കാരണം അവർ അവിടെ ഇറക്കിയ ഐറ്റങ്ങൾ ഇവിടെ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ബാക്കി കൂട്ടുകാരും ചേച്ചിമാരും ചേട്ടന്മാരും എന്നെ നോക്കുന്ന കണ്ടാൽ ഒളിമ്പിക്സിൽ മെഡൽ വാങ്ങി വരുന്ന പി ടി ഉഷയെ നോക്കുന്ന പോലാണ്. അത്രയ്ക്ക് ബഹുമാനം. പാട്ടും ഡാൻസും നാടകം... അവസാനം മുതിർന്നവരുടെ ഒരു നാടകം.. അതും പള്ളിയിൽ നിന്നും വിളിച്ചു അതിലെ ഡാൻസ് കൊറിയോഗ്രാഫർ ആകാമോ എന്നും കൂടി ചോദിച്ചപ്പോൾ ( d4 ഡാൻസ് എന്ന പരിപാടിയിൽ നിന്നാണ് കടിച്ചാൽ പൊട്ടാത്ത ആ വാക്ക് കിട്ടിയത്.. ) എനിക്ക് തോന്നി ഞാൻ ഇവിടെങ്ങും ജനിക്കേണ്ട ആളെ അല്ലെന്നു..
അങ്ങനെ ചെറിയൊരു റാണിയായി അരങ്ങു തകർക്കുമ്പോളാണ് ഒരാവശ്യവുമില്ലാതെ അവൻ രംഗ പ്രവേശം ചെയ്യുന്നത്...
തുടരും... ( മക്കൾ മൊബൈൽ തന്നാൽ മാത്രം... )

Anamika DG
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo