നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെല്ലിക്ക - Part1


നെല്ലിക്ക

സമയം ഏകദേശം രാത്രി പന്ത്രണ്ടു മണി ആയിക്കാണും ടൌണില്‍ നിന്ന് സെക്കന്‍ഡ് ഷോ കണ്ട് മടങ്ങുകയായിരുന്നു അജയ്. റോഡില്‍ തിരക്ക് കുറവായതിനാലും ഹോസ്റ്റല്‍ വാര്‍ഡന്‍റെ റോന്തിനു മുന്നേ എങ്ങനെയെങ്കിലും ഹോസ്റ്റലില്‍ എത്തണം എന്ന ബോധ്യമുള്ളതിനാലും അജയ് ബൈക്കിന്‍റെ വേഗതയൊന്ന് കൂട്ടി.ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാനുണ്ട് ഹോസ്റ്റലില്‍ എത്തണമെങ്കില്‍ .തെരുവ് വിളക്കുകളുടെ അസാന്നിദ്ധ്യം അന്ധകാരത്തിന്‍റെ ഭയാനകതയുടെ തീവ്രതയെ ഇരട്ടിപ്പിച്ചു.അമാവാസി ആയതിനാലന്ന് ചന്ദ്രന്‍റെ നുറുങ്ങു വെട്ടവും ഉണ്ടായിരുന്നില്ല . റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ ഒരു ചെറു ഷെഡ്‌ മാത്രമാണ് പിന്നെ ആ വഴിയില്‍ ഉള്ളത് . ഷെഡിനുള്ളില്‍ ഒരു റാന്തല്‍ വെളിച്ചം ഉണ്ടാവാറുണ്ട് ഇന്ന് അതും കണ്ടില്ലല്ലോ എന്ന സംശത്തോടെ അജയ് ഷെഡിന് മുന്നിലൂടെ കടന്നുപോയി .പെട്ടന്ന്‍ ശക്തമായി ഒരു ഇടിവെട്ടി .മിന്നലിന്‍റെ അഹങ്കാരം നിറഞ്ഞ വെളിച്ചം ബൈക്കിന്‍റെ മിററില്‍ ഒരു ഫ്ലാഷ് ലൈറ്റ് പോലെ ഒന്ന് മിന്നിത്തെളിഞ്ഞു .ഇടിയ്ക്കും മിന്നലിനും പിന്‍ഗാമിയെന്ന പോലെ മഴയും ചാറുവാന്‍ തുടങ്ങി .മിററില്‍ വീണ മഴത്തുള്ളികള്‍ കൈകൊണ്ട് പതിയെ തുടച്ചപ്പോള്‍ OBJECT IN THE MIRROR ARE CLOSER THAN THEY APPEAR എന്ന വാചകം വ്യക്തമായി തെളിഞ്ഞുവന്നു .
“നാശം “ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ അജയ് ബൈക്ക് സഡന്‍ ബ്രേക്കിട്ട് നിറുത്തി .റോഡിന് കുറുകെ നിന്ന് തിളങ്ങുന്ന മരതക കണ്ണുകളോടെ പൂച്ച അജയെ ഒന്ന് നോക്കി . അജയ്‌ കൈയിലുണ്ടായിരുന്ന ബാഗ്‌ വെച്ചൊന്ന് വീശി .പൂച്ച അനങ്ങിയില്ല .അത് അജയെ നോക്കിത്തന്നെ നിന്നു .
“ആഹാ ...കാണിച്ച് തരാമെടാ “ അജയ് ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടുകൊണ്ട് ബാഗ് എടുത്ത് ബൈക്കില്‍ നിന്ന് ഇറങ്ങി .പൂച്ചയ്ക്ക് നേരെ ബാഗ്‌ കൊണ്ട് ആഞ്ഞു വീശി അജയ് .അത് പ്രേത്യേക രീതിയില്‍ എന്തോ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ റബ്ബര്‍ മരങ്ങള്‍ക്കിടയിലേയ്ക്ക് മറഞ്ഞു .മഴ അപ്പൊ മാറിയിരുന്നു അപ്പോള്‍ .കൂമന്‍റെയും ചീവിടുകളുടെയും ശബ്ദം മരങ്ങള്‍ക്കിടയില്‍ ധ്വനിക്കുന്നത് അജയ് അറിഞ്ഞു .അജയ് ബൈക്കിന്‍റെ വേഗത കൂട്ടി .അകലെ നിന്ന് തന്നെ ഹോസ്റ്റല്‍ കവാടം കണ്ടപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി അജയ്ക്ക് .ഹോസ്റ്റല്‍ കവാടത്തിന് മുന്നിലെത്തിയപ്പോള്‍ അതിന് മുന്നില്‍ ഒരു പോത്ത് .കഴുത്തിലൊരു മണിയും ഒറ്റ കൊമ്പും മാത്രമുള്ള ഒരു പോത്ത് .ഹോണ്‍ അടിച്ചാല്‍ വാര്‍ഡന്‍ എഴുന്നേറ്റാലോയെന്ന് കരുതി അജയ് ബൈക്ക് ഓഫാക്കികൊണ്ട് ബാഗെടുത്ത് പോത്തിന് നേരെ വീശി.പോത്ത് മണി കിലുക്കികൊണ്ട്‌ കവാടത്തിന് മുന്നില്‍ നിന്ന് മാറി അജയ്ക്ക് വഴിയൊരുക്കി .ഗേറ്റ് തുറന്നതിനുശേഷം അജയ് ബൈക്ക് ഉന്തിക്കൊണ്ട് ഹോസ്റ്റല്‍ കോമ്പൌണ്ടിലേക്ക് കയറി .ബൈക്ക് പാര്‍ക്ക്‌ ചെയ്ത് പിന്നിലേയ്ക്ക് തിരിഞ്ഞതും മണി കുലുക്കികൊണ്ട്‌ ഗേറ്റില്‍ കണ്ട അതെ പോത്ത് അജയുടെ തൊട്ടുപിന്നില്‍
“ഓ മൈ ഗോഡ് “ അജയ് പേടിച്ച് കൊണ്ട് ഒരു സ്റ്റേപ്പ് പിന്നോട്ട് വെച്ചു .പോത്ത് തല കുലുക്കികൊണ്ട്‌ മണി ശബ്ദമുണ്ടാക്കി അജയുടെ അടുത്തേക്ക് വന്നു .അജയ് ബാഗ്‌ കൊണ്ട് വീശി .ബാഗ്‌ പോത്തിന്‍റെ കൊമ്പില്‍ വന്നിടിച്ചു .അതൊരു ശബ്ദം ഉണ്ടാക്കി അജയെ നോക്കി .പന്തികേട് തോന്നിയ അജയ് പിറകിലേയ്ക്ക് വേഗത്തില്‍ ചുവടുകള്‍ വെച്ചു .പോത്ത് അജയുടെ മുന്നിലേയ്ക്കും നടന്നു .അജയ് ബാഗ്‌ നിലത്തിട്ട് ഓടി .പോത്ത് അജയെ പിന്തുടര്‍ന്നു .അജയ് ഹോസ്റ്റല്‍ ഗേറ്റും കടന്ന് പുറത്തേക്കോടി പോത്ത് അവന്‍റെ പിറകിലും
-----------------------------------------------------------------
പിറ്റേന്ന് അജയുടെ മരണവാര്‍ത്ത കേട്ടിട്ടാണ് ഹോസ്റ്റല്‍ ഉണര്‍ന്നത് .റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്ന അജയ് .ഹോസ്റ്റല്‍ അധികൃതര്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ ക്രൈം സീനില്‍ പോലീസിനെയും വിദ്യാര്‍ത്ഥികളേയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് .സബ്ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിനാണ് അന്വഷണ ചുമതല .
“ഫോര്‍മാലിറ്റി കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാനുള്ള നടപടികള്‍ തുടങ്ങാം “ അടുത്ത് നില്‍ക്കുന്നൊരു പോലിസുക്കാരനോട് ജീവന്‍ പറഞ്ഞു .പെട്ടന്നാണ് അജയുടെ മൃതദേഹത്തിനടുത്ത് പകുതി ഒടിഞ്ഞൊരു മയില്‍പ്പീലി ജീവന്‍റെ കണ്ണില്‍പ്പെട്ടത് .അയാള്‍ പതിയെ മയില്‍പ്പീലി കൈയിലെടുത്തു .
“കോളേജ് കോമ്പൌണ്ടിലെ എല്ലാ സിസിടിവിയുടെയും ഫൂട്ടേജ് എടുക്കണം “ ജീവന്‍ പോലിസുക്കാരനെ ഓര്‍മ്മപ്പെടുത്തും പോലെ അയാളോട് പറഞ്ഞു
----------------------------------------------------------------
ഇസ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍റെ ഓഫീസ്
കോളേജിലെ സിസിടിവി ക്യാമറകളിലെ ഫൂട്ടേജ് നോക്കുകയായിരുന്നു ജീവന്‍.ഹോസ്റ്റലിന്‍റെ മുന്‍വശത്തെ ക്യാമറ ഫൂട്ടേജില്‍ അയാളുടെ കണ്ണുകള്‍ തറച്ചു.കോളേജിന്‍റെ ഗേറ്റിന്‍റെ മുന്നില്‍ നിന്നിരുന്ന പോത്തിനെ ബാഗ്‌ കൊണ്ട് വീശി ഗേറ്റ് തുറന്ന് അകത്തേക്ക്‌ കടക്കുന്ന അജയ് അതിനുശേഷം ബൈക്ക് പാര്‍ക്ക്‌ ചെയ്ത് വരുമ്പോള്‍ പോത്ത് അജയെ ഓടിപ്പിക്കുന്നതും അജയ് പേടിച്ച് കൊണ്ട് ഹോസ്റ്റല്‍ ഗേറ്റ് കടന്ന് പുറത്തേയ്ക്ക് ഓടുന്നതുമായിരുന്നു അതില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നത്.അജയ് മരിച്ച സ്ഥലത്ത് നിന്നെടുത്ത ഫോട്ടോഗ്രാഫ്സ് പരിശോധിക്കാന്‍ തുടങ്ങി
“പോത്ത് കുത്തിയതിന്‍റെയൊ തൊഴിച്ചതിന്റെയൊ ലക്ഷണങ്ങളൊന്നും കാണാന്‍ ഇലല്ലോ “ ജീവന്‍ ക്യാമറയിലെ ആ വീഡിയോ വീണ്ടുമൊന്ന് റീവൈന്‍ഡ് ചെയ്ത് നോക്കി പിന്നെ കൈയ്യിലുള്ള ഫോട്ടോസിലും നോക്കി .പോത്ത് കുത്തിയട്ടില്ല എന്ന കാര്യം ജീവന് വ്യക്തമായി .ആ സമയത്ത് പോത്ത് എങ്ങനെ അവിടെ വന്നു ? ആരാണ് പോത്തിനെ അവിടെ കൊണ്ടുവന്ന് നിറുത്തിയത് ? അതും ഒറ്റ കൊമ്പുള്ള ഒരു പോത്ത് .ഗേറ്റില്‍ നിന്നിരുന്ന ആ പോത്ത് അജയെ പിന്തുടര്‍ന്ന്‍ പാര്‍ക്കിംഗ് വരെ എത്തി അവിടെ നിന്ന് ഓടിപ്പിച്ചു ഹോസ്റ്റലിന്‍റെ വെളിയിലേയ്ക്ക് കൊണ്ടുവന്ന് കൊലചെയ്യുകയായിരുന്നു ...പോത്ത് കുത്തിയല്ല മരണം എന്ന് വ്യക്തം .കാരണം അജയുടെ ശരീരത്തില്‍ പോത്ത് കുത്തിയതിന്‍റെ തൊഴിച്ചതിന്റെയൊ അടയാളങ്ങള്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല ..പിന്നെയാര് ? ആ പോത്ത് എങ്ങനെ അവിടെ വന്നു ? സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മയില്‍പ്പീലി ?.ആരായിരിക്കും കൊലയാളി ? പോത്തിന്‍റെ റോള്‍ എന്താണ് ഈ കൊലയില്‍ ?അങ്ങനെ പിടിക്കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും അനുമാനങ്ങളുമായി ജീവന്‍ ഫോട്ടോ നോക്കി നില്‍ക്കുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ഒരു പോലീസുക്കാരന്‍ ജീവന്‍റെ അടുത്തേയ്ക്ക് വരുന്നത് .അയാള്‍ ആ റിപ്പോര്‍ട്ട്‌ ജീവന് കൈമാറി .കാലുകളില്‍ ചെറിയ മുറിപാടുകള്‍ ഉണ്ടെങ്കിലും പ്രധാന മരണ കാരണം പുറമേ നിന്നുള്ള ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ നട്ടെല്ലും അസ്ഥികളും ഓടിഞ്ഞുപോയതാണെന്നാണ് റിപ്പോര്‍ട്ടില്‍ അജയുടെ മരണ കാരണമായി എഴുതിയിരിക്കുന്നത്
“പുറമേ നിന്ന് ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ അസ്ഥികള്‍ എങ്ങനെ ഓടിയും ? സാഹചര്യ തെളിവുകള്‍ പ്രകാരം പോത്ത് കുത്തിയതായ യാതൊരു ലക്ഷണവും ഇല്ല …..അടിപിടി നടന്നതിന്‍റെ ലക്ഷണവും ഇല്ല ….കാലിലെ മുറിപാട്‌ ചിലപ്പോ ഓടുമ്പോള്‍ എവിടെയെങ്കിലും തട്ടി വീണപ്പോള്‍ ഉണ്ടായതാവം ….അസ്ഥികളും നട്ടെല്ലും എങ്ങനെ തകര്‍ന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തവര്‍ക്കും അറിയില്ല…ഒരു ഗുലുമാല് പിടിച്ച കേസാണലോ . “ ജീവന്‍ ഒരു ആത്മഗതം നടത്തി
------------------------------------------------------------------
ദിവസങ്ങള്‍ക്കുശേഷം മറ്റൊരു അമാവാസി ദിവസം
ഇരുട്ട് നിറഞ്ഞ ആ കുളത്തില്‍ നിന്ന് കരയിലേക്ക് അയാള്‍ നീന്തി .ശരീരത്തിലെ വെള്ളം തോര്‍ത്ത്‌ കൊണ്ട് തുടയ്ക്കാതെ അയാള്‍ തോര്‍ത്തുമുണ്ട് എടുത്തുകൊണ്ട് കുളത്തിന്‍റെ ചവിട്ടുപടികള്‍ ചവട്ടികൊണ്ട് നടന്നു.പ്രായം ഒരു അറുപത് കടന്നുക്കാണുമെങ്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് പതിനെട്ടുക്കാരന്‍റെ ചുറുചുറുക്കത്തോടെ അയാള്‍ എളുപ്പം ആ പടികള്‍ ഓടിക്കയറി .പതിയെ അയാള്‍ എന്തോ മന്ത്രിക്കുന്നുണ്ട് .വികലമായ ആ ശബ്ദത്തിന് അനുസരിച്ച് അയാളുടെ മുഖത്തെ ഭാവവും മാറുന്നുണ്ടായിരുന്നു .കണ്ണില്‍ നിന്ന് ഇറങ്ങി വന്ന കണ്ണീര്‍ പതിയെ കൈകൊണ്ട് തുടച്ചുനീക്കി അയാള്‍ .ആ കണ്ണീര്‍ പിന്നെ മുഖത്തൊരു പ്രതികാരത്തിന്‍റെ ഭാവമായി രൂപാന്തരപ്പെടുകയായിരുന്നു .ഉമ്മറ വാതില്‍ തുറന്നയാള്‍ നേരെ പോയത് ഉപാസന മൂര്‍ത്തി കുടികൊള്ളുന്ന പൂജാമുറയിലെക്കായിരുന്നു .കൈകള്‍ കൂപ്പികൊണ്ട് പ്രാര്‍ത്ഥിച്ച ശേഷം ഉപാസന മൂര്‍ത്തിയുടെ അരികത്തായിരുന്ന ഒരു ചെറിയ ചെപ്പ് അയാള്‍ പതിയെ തുറന്നു .അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് പൂര്‍ണ നഗ്നനായ അയാള്‍ ചെപ്പില്‍ നിന്ന് എന്തോ എടുത്ത് ചെവിയുടെ പിന്നില്‍ പുരട്ടി ഇരുട്ടിലേക്ക് മറഞ്ഞു
-----------------------------------------------------------------------
പിറ്റേന്ന് വീണ്ടും ഹോസ്റ്റലിന്‍റെ അടുത്തുള്ള ആ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മറ്റൊരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു .മരിച്ച അജയുടെ ഉറ്റ സൂഹൃത്തായിരുന്ന റോയ് ആണ് കൊല്ലപ്പെട്ടത്.ഇന്‍ഫര്‍മേഷന്‍ ലഭിച്ചയുടനെ ജീവന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു .റോയുടെ മൃതദേഹത്തിനടുത്ത് നിന്ന് ജീവന് വീണ്ടും ഒരു മയില്‍പ്പീലി കിട്ടി.പകുതിയോടിഞ്ഞ ഒരു മയില്‍പ്പീലി.കോളേജ് പ്രിന്‍സിപ്പല്‍ അതിനിടയില്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു
 “സാര്‍ ….കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് കൊലപാതകം നടന്നു ...ആരാണ് ആ കൊലയാളി ….ഇതുവരെയും നിങ്ങള്‍ക്ക് കൊലയാളിയെ പിടിക്കാനായിട്ടില്ല ...പിള്ളേരൊക്കെ പേടിച്ചിരിക്കുകയാണ് ….പലരും ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്നു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ് ….ഇനിയും അയാള്‍ വിദ്യാര്‍ഥികളെ കൊല്ലുമോ ? ആരാണ് അയാള്‍ ? “ പ്രിന്‍സിപ്പല്‍ ജീവനോട്‌ ചോദിച്ചു
“കൊലയാളി ഒരു പോത്താണ് “
“പോത്തോ ? “
“തത്കാലം ഇത്ര അറിഞ്ഞാല്‍ മതി “
അടുത്ത് നിന്ന പോലിസുക്കാരനോട് സിസിടിവി ഫൂട്ടേജ് എടുക്കാന്‍ പറഞ്ഞുകൊണ്ട് ജീവന്‍ ഓഫീസിലേയ്ക്ക് തിരിച്ചു
-------------------------------------------------------------
കോളേജില്‍ നിന്ന് എടുത്ത സിസിടിവി ഫൂട്ടേജ് നോക്കുകയായിരുന്നു ജീവന്‍ .ഒരു പോലീസുക്കാരന്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു
“സാര്‍ ...റോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നിട്ടുണ്ട് “
“ഹ്മം ...മരണകാരണം നട്ടെല്ലും അസ്ഥികളും ഓടിഞ്ഞിട്ട്‌ ….. അല്ലേ “
“അതെ സാര്‍ “
“അതും പുറത്ത് നിന്ന് ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ ...ശരിയല്ലേ “ സിസിടിവി ഫൂട്ടേജ് നോക്കികൊണ്ട്‌ തന്നെ ജീവന്‍ പോലിസുക്കാരനോട് ചോദിച്ചു
“അതെ സാര്‍ ...സാറിന് എങ്ങനെ ? “
“സാറിന് എങ്ങനെ മനസ്സിലായി എന്നല്ലേ ചോദിയ്ക്കാന്‍ വന്നത് ? “
“അതെ സാര്‍ “ അയാള്‍ ജീവനോട് പറഞ്ഞു
“ഹ്മം …..അജയെ കൊന്നവര്‍ തന്നെയാണ് ഈ കൊലക്കും പിന്നില്‍ ….ആ പോത്ത് ..ദെ സ്ക്രീനിലേക്ക് നോക്ക് ….ഇത് അജയ് മരിച്ചപ്പോള്‍ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ ...ഇത് റോയ് മരിച്ച അന്ന് റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ ...രണ്ടിലും കാണാം ഒരു പോത്ത് അവരെ ഓടിപ്പിക്കുന്നതായി “
“അതെ സാര്‍ ...പക്ഷേ ഒരു പോത്ത് എങ്ങനെയാണ് ഒരാളെ കൊല്ലുന്നത് ? അതും പരിക്കുകളൊന്നും ഏല്‍പ്പിക്കാതെ ?...ഒരാളെ കൊല്ലാന്‍ പോത്തിനെ എങ്ങനെ ട്രെയിന്‍ ചെയ്യിപ്പിക്കും ?“സ്ക്രീനിലേക്ക് നോക്കി പോലീസുക്കാരന്‍
പറഞ്ഞു
“ഹ്മം ..രണ്ടു വീഡിയോയും നോക്കി തനിയ്ക്ക് എന്തെങ്കിലും വ്യത്യസ്തമായി കാണാന്‍ സാധിക്കുന്നുണ്ടോ “ ജീവന്‍ പോലിസുക്കാരനോട് ചോദിച്ചു .പോലീസുക്കാരന്‍ വീണ്ടും വീണ്ടും വീഡിയോ റീവൈന്‍ഡ് ചെയ്തു നോക്കി
“രണ്ടിലും ഒരു പോത്ത് കൊല്ലപ്പെട്ടവരെ ഓടിയ്ക്കുന്നുണ്ട് ..അതല്ലാതെ ഒന്നും തോന്നുന്നില്ല സാര്‍ “
“സൂക്ഷിച്ച്‌ നോക്ക് ...രണ്ടിലെയും പോത്തുകളെ …..അജയെ ഓടിപ്പിച്ചതും കൊലപ്പെടുത്തിയെന്നും പറയപ്പെടുന്ന പോത്തിന് ഒരു കൊമ്പേയുള്ളൂ …..ഇനി റോയിയെ കൊന്ന പോത്തിനെ നോക്ക് ….അതിന് വാലില്ല പക്ഷേ കൊമ്പുകള്‍ ഉണ്ട് “
“ശരിയാണ് സാര്‍...സാര്‍ പറഞ്ഞത് കറക്റ്റാണ്...രണ്ടും വത്യസ്ത പോത്തുകളാണോ സാര്‍ ...പോത്തിനെ ഉപയോഗിച്ച് എങ്ങനെയാണ് കൊലനടത്തുന്നത് ?....ഇതിന്‍റെ മോട്ടിവ് എന്തായിരിക്കും ?“
“അത് കണ്ടെത്തെണം ….പിന്നെ വേരെയൊരു സാമ്യം കൂടിയുണ്ട് ...കൊലനടന്നിരിക്കുന്നത് രണ്ടും അമാവാസി ദിവസമാണ് ...അതായത് ഇനിയൊരു കൊലപാതകം നടക്കുമെങ്കില്‍ അത് അടുത്ത അമാവസിക്കാകും ...അത് തടയണം നമ്മുക്ക് ...അജയുടെയും റോയിയുടെയും ഉറ്റ മിത്രങ്ങളില്‍ ആരെങ്കിലും ആകാം കൊലയാളിയുടെ അടുത്ത ടാര്‍ഗറ്റ് ….ആ കൊലപാതകം നമ്മുക്ക് തടയണം “
-----------------------------------------------------
ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരു അമാവാസി
കുളിച്ച് ഉപാസന മൂര്‍ത്തിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് അതിന് മുന്നിലിരിക്കുന്ന ചെപ്പ് തുറന്ന് അയാള്‍ ചെവിക്കരുക്കില്‍ പതിയെ എന്തോ പുരട്ടി ഇരുട്ടിലേക്ക് നടന്നു തന്‍റെ അടുത്ത ഇരയെ തിരഞ്ഞ്
(തുടരും )

Lijin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot