നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്വന്തം യക്ഷി (ഭാഗം-2)

എന്റെ സ്വന്തം യക്ഷി (ഭാഗം-2)
..........................................................
അമ്മ കതകുതുറന്നു... ഇല്ല.. ആരുമില്ല.. പിന്നെന്താ അങ്ങനെതോന്നാൻ ? ആരോ കതകിൽ മുട്ടിയില്ലേ? ബെല്ലടിച്ചില്ല.. പകരം മുട്ടുകയായിരുന്നു.. അങ്ങനെചെയ്യുന്നത് മോനാണ്.. അതാണ് പെട്ടെന്ന് ഓടിവന്നു തുറന്നതും.. ഇനി അവനെങ്ങാനും തിരികെപോന്നോ എന്നൊരു സന്ദേഹം.
കതകടച്ചു തിരികെ നടക്കുമ്പോൾ സഹദേവൻ മുന്നിൽ..
'എന്താ ദേവൂ.. ആരാ ഈ നേരത്ത്..?'
സമയം ഒൻപതര.. രാത്രിയിൽ ഈ നേരത്ത് ആരും അങ്ങനെ വരാറില്ല..
'ഏയ്.. ആരുമില്ല.. കതകിൽ ഒരു മുട്ടുകേട്ടൊന്നൊരു തോന്നൽ.. '
'മനസ്സിലായി.. മോൻ അവിടെ ഒറ്റയ്ക്കല്ലേ.. അമ്മയ്ക്കിവിടെ അവന്റെ മുട്ടുകേട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.. ഹ ഹ ഹ .. 'സഹദേവൻ ഭാര്യയെ കളിയാക്കി.
'നിങ്ങൾക്കതൊക്കെ പറയാം.. പെറ്റവയറിനേ വേദന അറിയൂ.. ' ദേവു കണ്ണീരൊഴുക്കുമെന്നുതോന്നി.
'എനിക്കറിയാഞ്ഞിട്ടല്ല.. സങ്കടവുമുണ്ട്.. അവന്റെ ഭാവി.. പുതിയ പിള്ളേരല്ലേ.. കുറച്ചൊക്കെ അവരുടെ ഭാഗവും നമ്മൾ നോക്കണ്ടേ.. ? അവൻ ലോകം കണ്ടിട്ടില്ല.. വീടുവിട്ടാൽ സ്‌കൂൾ.. കോളേജ്.. ഒരിക്കക്കൽപോലും അവൻ നമ്മളെ വേദനിപ്പിച്ചിട്ടില്ല.. ഇപ്പോൾ അവൻ വലുതായെടോ.. ഒറ്റയ്‌ക്കൊക്കെ ഒന്നു താമസിക്കട്ടെ.. തുറന്നലോകമാണ്.. അവനും കാണട്ടെ.. ഇല്ലെങ്കിൽ അവൻ നമ്മളെ ഒരിക്കൽ പഴിപറയും.. നീ വന്നു കിടക്ക്'
ദേവു കണ്ണുതുടച്ചുകൊണ്ട് പതിയെ കട്ടിലിലേക്ക് ചാഞ്ഞു..
'അവനെ ഒന്നു വിളിച്ചാലോ ?'
'നിക്ക്.. ഒരു രണ്ടു മിനിറ്റ്... ഞാനൊന്നു പ്രാർത്ഥിച്ചോട്ടേ ' എന്നുമുള്ളതാണ് കിടക്കുന്നതിനു മുൻപ്..
'ഉം'
അത്രയും നേരമേ വേണ്ടിവന്നുള്ളൂ.. അയാൾ മൊബൈലെടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു
....................................................................................
വിശാൽ അല്പനേരമെടുത്തു ഞെട്ടലിൽനിന്നു മുക്തനാകാൻ..
ഇറുകെ അടച്ചുപിടിച്ചിരുന്ന കണ്ണുകൾ വീണ്ടും തുറക്കാൻതന്നെ ഭയമായിരുന്നു.. തുറന്നില്ലെങ്കിൽ?
നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്തുകേൾക്കാം.. പതിയെ കണ്ണുകൾ തുറന്നു..
ആരുമില്ല..
അപ്പോൾ താൻ കണ്ടത് ?
എന്താണ് സത്യത്തിൽ കണ്ടത് ?
ഒരു രൂപം പെട്ടെന്ന് മുന്നിൽവന്നുനിന്നു.. അതൊരു സ്ത്രീരൂപമായിരുന്നു എന്നുറപ്പ്.. അങ്ങനൊരാളെക്കണ്ട് പേടിക്കേണ്ട കാര്യമില്ല.. പക്ഷേ.. പെട്ടെന്ന് ഒരു പ്രതീക്ഷയുമില്ലാതെ കണ്ടതുകൊണ്ടാവും.. കണ്ണടച്ചുതുറന്നപ്പോൾ ആളെവിടെപ്പോയി?
ചുറ്റുംനോക്കി ഉറപ്പുവരുത്തി വാതിൽ തഴുതിട്ടു.. അപ്പോഴാണ് വീട് സത്യത്തിൽ ശ്രദ്ധിക്കാൻ തോന്നിയത്.. സാമാന്യം വലിയ വീടാണ്.. ഒരു ഹാൾ, മൂന്നു ബെഡ്‌റൂം,അതിൽ രണ്ടെണ്ണം ബാത്ത് അറ്റാച്ചഡ്, കിച്ചനും ഡൈനിങ്ങും ഒരുമിച്ച്.. അല്പം പഴക്കമുണ്ട്.. പകുതി വാർക്കയും പകുതി ഓടും.. പഴയ അറയും പുരയും ഉടച്ചുവാർത്തതാണെന്നു തോന്നുന്നു.. പെയിന്റ് ഒക്കെ ഇളകാൻ തുടങ്ങിയിട്ടുണ്ട്.. അവിടവിടെ ചെറിയ ചോർച്ചയൊക്കെയുണ്ട്.. മൂന്നു ബെഡ്‌റൂമിൽ ഒരെണ്ണം അടച്ചുപൂട്ടി താഴിട്ടിട്ടുണ്ട്.. വീടിന്റെ ഉടമസ്ഥൻ കുടുംബസമേതം ദില്ലിയിലാണ്.. വര്ഷങ്ങളായിട്ട് വാടകയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നു.. ഇതിനുമുൻപ് ബംഗാളികൾ ആയിരുന്നു താമസിച്ചിരുന്നത്.. അവരുടെ കോൺട്രാക്ടറുടെ പണി ഷിഫ്റ്റ് ആയപ്പോൾ അവരും പോയി..പിന്നെ കുറേക്കാലം കാലിയായിട്ടു കിടന്നു.. അപ്പോഴാണ് താൻ വന്നത്.. വാടക കുറവുണ്ട്.. അതാണ് ഇത് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം..
ചിന്തകൾ കടിഞ്ഞാണില്ലാത്ത പായുമ്പോഴും കണ്ണുകൾ വീടിന്റെ മുക്കും മൂലയും ചികഞ്ഞുകൊണ്ടിരുന്നു.. എന്തെങ്കിലും പ്രശ്നം?
പെട്ടെന്നാണ് മൊബൈൽ റിങ് ചെയ്തത്.. യക്ഷിയുടെ അട്ടഹാസം പോലുള്ള റിങ് ടോൺ.. വീണ്ടും ഞെട്ടി.. അച്ഛൻ പലതവണ വഴക്കുപറഞ്ഞിട്ടുള്ളതാണ് ഈ റിങ് ടോൺ ഇട്ടതിന്.. കേട്ടില്ല..
'ഹാലോ' ശബ്ദത്തിന് അല്പം വിറയൽ ഉണ്ടായിരുന്നോ ?
'മോനേ... ' അച്ഛനാണ്
'എന്താണച്ഛാ.. ഇപ്പോ ?'
'നിന്റമ്മ നീ വന്നു വിളിച്ചെന്നുംപറഞ്ഞു ഇപ്പോൾ വാതിൽ തുറന്നു.. ആരുമില്ലായിരുന്നു.. '
'ആണോ ?'
'ഉം.. അപ്പോൾ അവൾക്ക് നിന്നെ വിളിച്ചേ മതിയാകൂ.. ഞാൻ നിന്റെ അമ്മയ്ക്ക് കൊടുക്കാം. '
'ഉം'
'മോനേ....നിനക്ക് കൊഴപ്പമൊന്നുമില്ലല്ലോ?.. എന്റെ ഉള്ളു വേവുന്നു.. രണ്ടുദിവസമായി ഞാൻ ഉറങ്ങിയിട്ട്.. '
'അമ്മ വിഷമിക്കേണ്ടാ... എനിക്ക് കുഴപ്പമൊന്നുമില്ല.. ഞാനിപ്പോ കഴിച്ചു.. കിടക്കാൻ പോകുവാ.. ' ഇതൊക്കെ പറയുമ്പോഴും ചുറ്റും നോക്കുന്നുണ്ടായിരുന്നു.. ഇല്ല.. കുഴപ്പമൊന്നുമില്ല.. തനിക്ക് തോന്നിയതാണ്.. ഒറ്റയ്ക്കായത് മനസ്സ് അക്സെപ്റ്റ് ചെയ്തിട്ടില്ല.. അതിനൊരു കൂട്ടുവേണം.. അതിനായി ചുമ്മാ ഓരോന്ന് നെയ്തുകൂട്ടുന്നു..
'മോനേ.. എന്താടാ നീ മിണ്ടാത്തേ ?'
'ങ് ഹേ.. ങ് ഹാ.. 'അമ്മ പറഞ്ഞോ.. എന്താ ചോദിച്ചേ?'
'കുന്തം.. മനുഷ്യനെ ആധിപിടിപ്പിക്കാൻ.. ഞാൻ അച്ഛനുകൊടുക്കാം... ന്നാ.. ' അമ്മ ഇങ്ങനാ.. പെട്ടെന്ന് ശുണ്ഠി പിടിക്കും.
'മോനേ.. നീ ഫോൺ വെച്ചേച്ചു കിടന്നുറങ്ങെടാ.. രാവിലെ ഓഫീസിൽ പോകേണ്ടതല്ലേ? ങ് ഹാ പിന്നെ.. ഭഗവതിയെ നല്ലവണ്ണം മനസ്സിൽ ധ്യാനിച്ചോണം.. ഗുഡ് നൈറ്റ്.'
ന്റെ കർഷകനും ഗുഡ് നൈറ്റൊക്കെ പറയാൻ പഠിച്ചു..
കിടക്കണം.. ബെഡ്‌റൂമിൽ ഉണ്ടായിരുന്ന കട്ടിൽ വിരിച്ചിട്ടിരുന്നതാണ്.. പക്ഷേ.. ഹാളിൽ കിടക്കാം.. ഒരു തലയിണയും വീട്ടിൽനിന്നുകൊണ്ടുവന്ന ഷീറ്റും എടുത്തു ഹാളിലെ തറയിൽ വിരിച്ചു..
പുറത്തു മഴ ശക്തിപ്രാപിക്കുന്നു.. ലൈറ്റ് ഓഫാക്കുന്നില്ല.. എന്തെങ്കിലുമുണ്ടെങ്കിൽ ഇരുട്ടത്ത് കാണില്ലല്ലോ?
പെട്ടെന്നാണ് വലിയ ശബ്ദത്തിൽ ഇടിവെട്ടിയത്.. ഞെട്ടിപ്പോയി..
ഇടിവെട്ടാൻ കാത്തിരുന്നതുപോലെ കറന്റ് പോയി..
ശക്തിയായ മിന്നൽ..
ഹാളിൽ മിന്നലിന്റെ വെട്ടത്ത്...
'ആരാ?.. ആരാന്നാ ചോദിച്ചേ??'
ആരോ അടുക്കളയ്ക്കും ഹാളിനുമിടയ്ക്കുള്ള ഇടനാഴിയിൽ നിൽക്കുന്നുണ്ട്..
ദൈവമേ !...
തന്നെ വെട്ടിവിയർക്കുന്നുണ്ട്.. മൊബൈൽ.. അതെവിടെകൊണ്ടിട്ടു..
മൊബൈൽ കണ്ടുപിടിച്ച് ടോർച്ച് തെളിച്ചു..
ഇരുണ്ടമുറികൾക്കുള്ളിൽ ടോർച്ചിന്റെ അരണ്ടവെളിച്ചം പരതിനടന്നു.
നെഞ്ചിടിപ്പ് കൂടിക്കൂടിവരുന്നു..
കിടന്നിടത്തുനിന്നും എഴുന്നേൽക്കാനാവുന്നില്ല..
ശരീരം മരവിച്ച അവസ്ഥ..
ആരോ ഉണ്ട്?... ആര്?
ഇനി ആ അനിക്കുട്ടിയെങ്ങാനും ഉള്ളിൽ കടന്നതാണോ? അവനു കയറിക്കിടക്കാൻ ഒരിടമില്ലെന്നല്ലേ ശ്രീധരേട്ടൻ പറഞ്ഞത്.. ഏയ് അല്ല.. അയാളാണെങ്കിൽ എപ്പോഴേ പുറത്തുചാടിയേനേ.... ഒരിടത്ത് അടങ്ങിയിരിക്കുന്ന സ്വഭാവമുള്ള കൂട്ടത്തിലാണെന്നു തോന്നുന്നില്ല..
പെട്ടെന്നാണോർത്തത്.. അമ്മ തന്നെ കണ്ടെന്ന്.. താൻ വാതിലിൽ മുട്ടിയതുപോലെ തോന്നിയെന്ന്.. ഇല്ല.. അതൊക്കെ അമ്മയുടെ തോന്നലുകൾ..
കഴുത്തിൽ തണുപ്പനുഭവപ്പെടുന്നു.. കൈ കഴുത്തിൽ വച്ചപ്പോഴാണ് ഏലസ്സ് തടഞ്ഞത്.. കാവിലെ തിരുമേനി നാല്പത്തിയൊന്നു ദിവസം ജപിച്ചു നൽകിയതാണ്.. സ്വയരക്ഷയ്ക്ക്.. അമ്പലത്തിലൊക്കെ പോകുമായിരുന്നെങ്കിലും, ഉള്ളിൽ ദൈവഭയം ഉണ്ടായിരുന്നിട്ടും അല്പം കമ്മ്യൂണിസ്റ് ചിന്താഗതിയുള്ളതുകൊണ്ട് ഇതിനോടൊക്കെ പുച്ഛമായിരുന്നു.. എന്നിട്ടും അമ്മയുടെ നിർബന്ധം.. അതിൽ മുറുകെപ്പിടിച്ചു കണ്ണടച്ചുകിടന്നു.. ഉറക്കം വരുന്നില്ല.. ഇടയ്ക്കിടെ മൂളിപ്പാട്ടുപാടി അടുത്തുവന്നിട്ട് കുത്തിയുണർത്തുന്ന കൊതുകുകൾ..
ഒന്ന്.. രണ്ട്.. മൂന്ന്.. നാല്.. ... .... നൂറുവരെയെണ്ണിയാൽ ഉറങ്ങാൻ പറ്റുമെന്ന് എവിടെയോ വായിച്ചതോർത്തു.. പലതവണ നൂറുവരെയെണ്ണി..
ഇടിയും മിന്നലും കുറഞ്ഞിട്ടുണ്ട്.. മഴയുടെ ശക്തിയും.. കറന്റ് ഇതുവരെ വന്നില്ല.. നാട്ടിലായിരുന്നെങ്കിൽ ഓഫീസിൽ വിളിച്ചു കംപ്ലൈന്റ്റ് ചെയ്യാനുള്ള നമ്പർ ഉണ്ടായിരുന്നു.. ഇവിടെ അതൊന്നും അറിയില്ല.. നാളെത്തന്നെ ഇലെക്ട്രിസിറ്റി ഓഫീസിന്റെ നമ്പർ സേവ് ചെയ്യണം..
ഈ രാത്രി..
കാളരാത്രിയെന്നു കേട്ടിട്ടുണ്ട്.. അനുഭവത്തിൽ ഇതാദ്യം.. ഒന്നു നേരം വെളുത്തിരുന്നെങ്കിൽ...സമയമെത്രയായി... പന്ത്രണ്ടാകാൻ പത്തുമിനിറ്റ്.. ഇനിയെത്ര മണിക്കൂറുകൾ.. ഇന്നലെയും മിനിയാന്നും ഇവിടെത്തന്നെയല്ലേ അന്തിയുറങ്ങിയത്? അപ്പോൾ അച്ഛൻ കൂട്ടിനുണ്ടായിരുന്നു.. പേടിക്കേണ്ടതായി ഒന്നും സംഭവിച്ചിരുന്നില്ല.. അപ്പോൾ ഈ വീടിനല്ല പ്രശ്നം.. മനസ്സിനാണ്.. ഒറ്റയ്ക്കായിപ്പോയതിന്റെ സങ്കടവും വിഷമവും മനസ്സ് ഈവിധം പുറത്തെടുക്കുകയാണോ?
.....................................................................
തന്റെയടുത്ത് ആരാണിത്?
കൈകൊണ്ട് തട്ടിമാറ്റിനോക്കി.. സാരിപോലെ എന്തോ ഒരു വസ്ത്രത്തിലാണ് കൈ ഉടക്കിയത്?
'ഞാൻ വന്നു.. '
'ആര്?'
'നിന്റെ സ്വന്തം'
'ആതിരക്കുട്ടിയാണോ?'
'കൊച്ചുകള്ളൻ.. അപ്പോൾ ആതിരക്കുട്ടിയോട് പ്രണയമുണ്ടല്ലേ ?'
'ഉം.. '
'എന്നിട്ട് അവളോട് പറഞ്ഞോ... ?'
'ഇല്ല .അതിനുള്ള ധൈര്യം ഉണ്ടായില്ല.. '
'ആളെങ്ങനെ?'
'സുന്ദരിക്കുട്ടിയാ.. വെള്ളിക്കൊലുസ്സൊക്കെയിട്ട് അവളെങ്ങനെ തുള്ളിത്തുളുമ്പി നടക്കുന്നതുകാണാനൊരു ചേലാ.. കടക്കണ്ണുകൊണ്ട് അവളുനോക്കുമ്പോ ഉള്ളിലൊരു പടപടപ്പാ ...'
'ന്നിട്ടാണോ അവളോട് പറയാഞ്ഞേ.. ?'
'പറയണം.. പറയും.. ഒരിക്കൽ.. '
'ഇപ്പോൾ അവളെ കാണണമെന്നു തോന്നുന്നുണ്ടോ?'
'ഉം'
'അവന്റെയൊരു നാണം കണ്ടില്ലേ.. വിശാൽ..ഞാനാ..നിന്റെ ആതിരക്കുട്ടി..നീ പോയതിൽപ്പിന്നെ എനിക്ക് വല്ലാത്തൊരു സങ്കടം.. നിന്നെയെനിക്ക് ഇഷ്ടമാണ്.. നീ ഇന്നുംപറയും നാളെപ്പറയും ന്നൊക്കെ ഞാൻ വല്ലാണ്ട് ചിന്തിച്ചുകൂട്ടി... ഒന്നു കണ്ണുതുറന്നേ... നിന്റെ ആതിരക്കുട്ടിയെ നിനക്ക് കാണേണ്ടേ.. '
കണ്ണുതുറന്നു..
മിന്നായംപോലൊരാൾ..
പതിയെ ചിത്രം തെളിഞ്ഞുവന്നു.. ആതിരക്കുട്ടി..
സന്തോഷംകൊണ്ട് മനസ്സ് തുള്ളിച്ചാടി..
പെട്ടെന്ന്-
അവളുടെ മുഖത്തൊരു ഭാവവ്യത്യാസം..
കണ്ണുകളിൽനിന്ന് ചോര ഇറ്റിറ്റുവീഴുന്നു..
ചുണ്ടുകൾക്കിടയിലൂടെ തേറ്റപ്പല്ലുകൾ പുറത്തിറങ്ങുന്നു..
നീട്ടിയ നാക്കിൽനിന്ന് രക്തപ്പുഴ..
'ഹ ഹ ഹ ഹ ' അവൾ അട്ടഹസിക്കുകയാണ്
'അമ്മേ ... '
(തുടരും )
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot