Slider

പണദൂരം..!!

0
പണദൂരം..!!
അലതല്ലി നുരകുത്തി പതഞ്ഞൊഴുകുന്ന പുഴയിലേക്ക്നോക്കി ഏറെനേരം ഇമവെട്ടാതെ ഉമ അങ്ങനെ നിന്നു.പെട്ടെന്ന് കൂടെയുണ്ടായിരുന്ന അമ്മുവിനെ പിന്നിലേക്ക്തളളി ഉമ പുഴയിലേക്ക് എടുത്തുചാടി.
സാധാരണയിലും അധികം ജലനിരപ്പ് ഉണ്ടായിരുന്നതിനാലും കുത്തൊഴുക്കായതിനാലും അമ്മുവിന് നിസ്സഹായയായി കരയ്ക്കുനിന്നു നിലവിളിയ്ക്കാനേ കഴിഞ്ഞുളളൂ....
അപ്പോഴേയ്ക്കും പുഴയാഴങ്ങള്‍ ഉമയെ ഏറ്റുവാങ്ങിയിരുന്നു.
പിറ്റേദിവസം ഉദിച്ചുയര്‍ന്ന സൂര്യന്‍ കണികണ്ടത് വിറങ്ങലിച്ച ശരീരവുമായി തന്‍െറ പൊന്നുമോളുടെ മൃതദേഹത്തിനരികെനിന്ന് പൊട്ടിക്കരയുന്ന ഉമയുടെ അച്ഛന്‍ ചന്ദ്രനെയാണ്.
അയാളുടെ കയ്യില്‍ ഒരു പുതിയ ചുരിദാറും, ഒരുജോഡി സ്വര്‍ണ്ണക്കമ്മലും ഉണ്ട്.നിറകണ്ണുകളോടെ ആ കമ്മലുകള്‍ അയാള്‍ അവളുടെ കാതുകളിലണിയിച്ചു.ചുരിദാര്‍ അവളുടെ കാല്‍ക്കല്‍വെച്ച് ആ കാലുകളില്‍പിടിച്ച് ആ അച്ഛന്‍ പൊട്ടിക്കരഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന ചന്ദ്രന്‍െറ രണ്ടാമത്തെ മകളായിരുന്നു ഉമ.അവള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴാണ് അവളുടെ അമ്മ മരിച്ചത്.ശേഷം ചന്ദ്രനായിരുന്നു അവളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത്.
ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ചന്ദ്രന്‍ മൂത്തമകളുടെ വിവാഹം നടത്തിയത്.അതോടെ ചന്ദ്രനും ഉമയും തെരുവിലേക്കിറങ്ങേണ്ടിവന്നു.
പുറമ്പോക്ക് ഭൂമിയില്‍ ചെറിയൊരു കുടില്‍കെട്ടി അവിടെയായിരുന്നു അവരുടെ താമസം.വല്ലപ്പോഴും ലഭിയ്ക്കുന്ന ചെറിയ ജോലിയില്‍നിന്നുളള തുച്ഛമായ വരുമാനം ആ കുടുംബത്തിന്‍െറ നിത്യചെലവുകള്‍ക്കുതന്നെ തികയില്ലായിരുന്നു.
മരിയ്ക്കുന്നതിന് മുന്‍പ് അവളുടെ അമ്മ ഊരിനല്‍കിയ ചെറിയ കമ്മലാണ് അവളുടെ ആകെ സമ്പാദ്യം.പ്ലസ്ടു മികച്ച മാര്‍ക്കോടെയാണ് അവള്‍ പാസായത്.എങ്കിലും എന്‍ട്രന്‍സ് പരീക്ഷയില്‍ അവള്‍ പരാജയപ്പെട്ടു.
അങ്ങനെയാണ് അവള്‍ ഡിഗ്രി പഠനംതുടങ്ങിയത്. ഡിഗ്രി രണ്ടാം വര്‍ഷമായപ്പോഴേക്കും അവള്‍ വീണ്ടും എന്‍ട്രന്‍സ് പരീക്ഷയെഴുതി.
ഇത്തവണ അവള്‍ക്ക് താരതമ്യേന ഭേദമില്ലാത്ത റാങ്ക്നേടി ലിസ്റ്റില്‍ കയറിപ്പറ്റാനായി.ഡിഗ്രി പഠിയ്ക്കുമ്പോഴും എം ബി ബി എസ് പഠിച്ച് ഡോക്ടറാവണം എന്ന ലക്ഷ്യമായിരുന്നു അവളുടെ മനസ്സ്നിറയെ..!!
പക്ഷെ! അവളുടെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.മനുഷ്യന്‍െറ വെട്ടത്ത് ഇടാന്‍ കഴിയുന്ന ആകെയുളള രണ്ട് ചുരിദാറില്‍ ഒരെണ്ണമാണ് കഴിഞ്ഞദിവസം അലക്കിയപ്പോള്‍ കീറിയത്.പിന്നെയും ഒരാഴ്ച അത് തുന്നിച്ചേര്‍ത്ത് ഉപയോഗിച്ചു.വീണ്ടും കീറിയപ്പോള്‍ മാറിയുടുക്കാന്‍ വേറേ തുണി ഇല്ലാതായപ്പോഴാണ് അവള്‍ തന്‍െറ ആകെയുളള സമ്പാദ്യമായ കമ്മല് പണയംവെച്ച് രണ്ടായിരം രൂപയ്ക്ക്, പുതിയഒരു ചുരിദാറും, ചെരുപ്പും,കുടയും,പിന്നെ വീട്ടിലേക്ക് ചോറ് വെക്കാനുളള പാത്രവും വാങ്ങിയത്.
അമ്മയുടെകാലത്ത് വാങ്ങിയ പഴയ കലംതന്നെയാണ് അതുവരെയും അവള്‍ ഉപയോഗിച്ചിരുന്നത്.അച്ഛന്‍െറ അവസ്ഥ അറിയാമായിരുന്ന അവള്‍ തന്‍െറ വിഷമങ്ങളൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല.
മെഡിസിന് ചേരാന്‍ ഫീസിനായി അവള്‍ അയല്‍ക്കാര്‍ ഉള്‍പ്പടെ ഒരുപാട്പേരെ സമീപിച്ചിരുന്നു.പണം കൊടുത്താല്‍ തിരികെകിട്ടില്ലെന്ന ഭയമാകാം എല്ലാവരും ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു.അങ്ങനെ ഫീസടയ്ക്കേണ്ട അവസാനദിനമാണ് ഇന്നലെ കഴിഞ്ഞത്.പഠിയ്ക്കാന്‍ കഴിവുണ്ടായിരുന്നിട്ടും, അര്‍ഹതയുണ്ടായിരുന്നിട്ടും,തന്‍െറ സ്വപ്നം കണ്‍മുന്നിലൂടെ ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ അവള്‍ക്കു നോക്കിനില്‍ക്കേണ്ടിവന്നു.
അന്ന് ഏറെനേരം അമ്മയുടെ ഫോട്ടോയും കെട്ടിപ്പിടിച്ച് കരഞ്ഞശേഷമാണ് അവള്‍ അയല്‍പക്കത്തെ കുട്ടിയായ അമ്മുവിനേയും വിളിച്ചുകൊണ്ട് പുഴക്കരയിലേക്ക് പോയത്.മനസ്സിനല്പം ആശ്വാസം കിട്ടാനാവാം അവള്‍ അവിടേക്ക് വന്നത്.പക്ഷെ!ഒരുനിമിഷത്തെ അവളുടെ അബദ്ധചിന്തകാരണം സംഭവിച്ചത് മറ്റൊന്നായിരുന്നു..!!
ഉമ മരിച്ചിട്ട് ഇന്നേയ്ക്ക് പതിനഞ്ച്നാള്‍ കഴിഞ്ഞു.ഇന്ന് അതേ പുഴയില്‍ അവളുടെ ചിതാഭസ്മം ചുവന്ന പട്ട്തുണികൊണ്ട് മൂടിയ ചെറിയ മണ്‍കുടത്തില്‍ ഓളങ്ങളെ കീറിമുറിച്ച് ദൂരേയ്ക്ക് ഒഴുകിയകലുന്നു..!!
അന്ന് രാത്രിയില്‍ പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ആകാശത്ത് പുതിയൊരു ശുഭ്രനക്ഷത്രത്തെക്കൂടി അയാള്‍ കണ്ടു.കണ്ണിമ ചിമ്മിക്കൊണ്ടും, കണ്ണീര്‍വാര്‍ത്തുകൊണ്ടും അത് അയാളോട് ഇപ്രകാരം പറഞ്ഞു.
എല്ലാവരുടേയും ചിന്തകള്‍ക്കൊപ്പം താഴെനില്‍ക്കുമ്പോള്‍ നാം കാണുന്ന കാഴ്ചകളല്ല നാം ഉയരേന്നു നോക്കുമ്പോള്‍ കാണുന്നത്.മോള്‍ക്ക് തെറ്റുപറ്റീ അപ്പാ.... കാരണം,
''സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലുളള പണദൂരത്തെ അദ്ധ്വാനത്തിലൂടെ മറികടക്കാനാവും..!! ''
ആര്‍.ശ്രീരാജ്..........................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo