നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്വന്തം യക്ഷി (ഭാഗം-5)

എന്റെ സ്വന്തം യക്ഷി (ഭാഗം-5)
............................................................
അച്ഛൻ..
ആതിരയുടെ കാര്യങ്ങൾതന്നെ.. പിന്നൊരുപദേശവും.. ലീവ് എടുക്കണ്ടാ.. അതിനർത്ഥം അങ്ങോട്ട് വച്ചുപിടിക്കണ്ടാന്ന്...
അമ്മ... കുറെയേറെ സങ്കടങ്ങൾ.. പരാതികൾ.. നോവുകൾ..
ആതിരയുടെ കാര്യങ്ങൾ പറയുമ്പോൾ അമ്മ കരയുകയായിരുന്നു.. പെൺകുട്ടികളില്ലാത്തതിന്റെ ദുഃഖം അമ്മയ്ക്ക് എന്നുമുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ആതിരയോടൊക്കെ വല്ലാത്ത സ്‌നേഹവുമായിരുന്നു..
സുധീഷ് മുന്നേ നടന്നുനീങ്ങിയിരുന്നു..
പിന്നെല്ലാം ധൃതിയിലായിരുന്നു.. പെട്ടെന്ന് കുളിച്ചൊരുങ്ങി..
അവന് നേരെ കാക്കനാട് പോകേണ്ട വഴി ശ്രീധരേട്ടനോട് ചോദിച്ചു മനസ്സിലാക്കിക്കൊടുത്തു..
തിരികെ ഓഫീസിൽ വരാനും പറഞ്ഞു..
പണികൾ പഠിച്ചുവരുന്നതേയുള്ളു.. സനൽ നല്ലൊരു ഹെൽപായിരുന്നു...
ഇടയ്ക്കൊന്ന് അച്ഛനെ വിളിച്ചു.. ബോഡി വീട്ടിലെത്തിയത്രേ!
ഇനിയെത്ര സമയം.. മണ്ണോടു മണ്ണാകാൻ.. ഒന്നു കാണാൻകൂടി കഴിഞ്ഞില്ല.. ക്ഷമിക്കൂ ആതിരേ.. ഒരുപക്ഷെ താൻ അവളോട് തന്റെ മനസ്സ് തുറന്നുപറഞ്ഞിരുന്നെങ്കിൽ അവൾക്കിങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് മനസ്സ് പറയുന്നു..
അവളുടെ മനസ്സിലും താനുണ്ട്.. അതല്ലേ..
അതോർത്തപ്പോൾ പേടിതോന്നി..
രാത്രിയാകുന്നതിനെക്കുറിച്ച് ഓർക്കാനേവയ്യ..
സുധീഷ് കൂട്ടുണ്ടല്ലോ..
അപ്പോഴാണ് സുധീഷ് വിളിച്ചില്ലല്ലോ എന്നോർത്തത്...ലഞ്ച് ഹവറിൽ വിളിക്കാം..
ഊണുകഴിയ്ക്കാൻ പൊതി അഴിച്ചതേയുള്ളു.. സുധീഷ് വിളിച്ചു..
'ഞാനങ്ങോട്ടു വരുന്നു.. ഓട്ടോയിലാ.. വയറിന് എന്തോ പ്രശ്നം.. രാവിലത്തെ ഫുഡ്.. '
അവന്റെ സംസാരം കേട്ടപ്പോഴേ മനസ്സിലായി ചെറിയ പ്രശ്നമല്ലെന്ന്...
'ഒരു കാര്യം ചെയ്യ്.. നീ ഇങ്ങോട്ടുവരേണ്ടാ.. ഒരു താക്കോൽ ശ്രീധരേട്ടന്റെ കടയിൽ കൊടുത്തിട്ടുണ്ട്.. അത് മേടിച്ചോ.. '
സനൽ റെഡിയായി നില്ക്കുന്നു.. കൂടെക്കയറുമ്പോഴാണ് ഓർത്തത്.. സുധീഷിനെ പിന്നെ വിളിച്ചില്ല.. ഇനി അവിടെ ചെല്ലട്ടെ..
സനലിനെ വിട്ട് നടക്കാൻ തുടങ്ങിയപ്പോൾ ശ്രീധരേട്ടൻ വിളിച്ചു..
'മോനേ... '
'എന്താ ചേട്ടാ.. ?'
'അവൻ താക്കോൽ തിരികെതന്നിട്ടുപോയി.. വരുമ്പോൾ പറയാൻ പറഞ്ഞു.. അവന് വീട്ടിൽച്ചെന്നിട്ട് എന്തോ അത്യാവശ്യമുണ്ടത്രേ....'
'ഉം.. ' താക്കോൽ മേടിച്ചില്ല.. കാരണം അച്ഛൻ ഇടയ്ക്കുവന്നാൽ എളുപ്പത്തിനാണ് അവിടെ ഏൽപ്പിച്ചിരിക്കുന്നത്..
തിരികെ നടക്കുമ്പോൾ മനസ്സിൽ എന്തോ അനാവശ്യ ചിന്തകൾ..
അവനെന്തിനാ തിരികെപ്പോയത് ? തന്നോട് മൊബൈലിൽ പറയാരുന്നല്ലോ.. സംതിങ് റോങ്..
സുധീഷിനെ വിളിച്ചു.. അവൻ ഫോൺ കട്ടാക്കി..
വീണ്ടും വിളിച്ചു.. കുറെ വിളികളായപ്പോൾ അവൻ ഫോൺ ഓഫ് ചെയ്തു..
വീടെത്തി..
സിറ്റൗട്ടിലെ ലൈറ്റ് ഇടാഞ്ഞതുകൊണ്ട് മൊത്തം ഇരുട്ടുകാട്.. മൊബൈൽ ടോർച്ചിന്റെ പ്രകാശത്തിൽ വീടുതുറന്നു.. ഡോർ മുന്നോട്ടുതള്ളിയപ്പോൾ ഒരു കടലാസ് താഴെവീണു..
'വിശാൽ.. പറയാതെ പോന്നതിൽ ക്ഷമ ചോദിക്കുന്നു.. ജോലി ശരിയായില്ല.. പിന്നെ വല്ലാത്ത വയറുവേദനയും.. ഇനി നിന്നാൽ ശരിയാവില്ല.. താക്കോൽ അവിടെത്തന്നെ കൊടുക്കുന്നു..
പിന്നെ.. ഒരു കാര്യം നിന്നോട് പറയണമെന്നുണ്ടായിരുന്നു.. രാവിലെ ഞാൻ തുടക്കമിട്ടപ്പോൾ നിനക്ക് ഫോൺ വന്നു.. പിന്നെ നീ ചോദിച്ചതുമില്ല..
അത് പറയാതെപോയാൽ ശരിയാവില്ല എന്നുതോന്നി..
ആതിര.. അവളെ കൊന്നതാണ്... '
ഒന്നുഞെട്ടി..
തന്റെ ഊഹം തെറ്റിയില്ല.. അവനറിയാമായിരുന്നു.. ഇനി അവൻ?.. എങ്കിൽ എന്തിന് ?
തുടർന്നുവായിച്ചു..
'ആരാണ് എന്നൊന്നും എന്നോട് ചോദിക്കരുത്.. അതെന്റെ ജീവനുകൂടി ഭീഷണിയാകും.. ഞാനിവിടെ വന്നിട്ടുമില്ല.. നീയെന്നെ കണ്ടിട്ടുമില്ല.. '
പെട്ടെന്നാണോർത്തത് രാവിലെ അവൻ ചോദിച്ചിരുന്നു.. വീട്ടിൽ അവൻ ഇവിടെയെത്തിയകാര്യം പറഞ്ഞോയെന്ന്... ഇല്ല എന്നുത്തരവും കൊടുത്തിരുന്നു..
സത്യത്തിൽ ആതിരയുടെ കാര്യങ്ങൾ തിരക്കുന്നതിനിടയിൽ അവൻ വന്നകാര്യം പറയാൻ വിട്ടുപോയതാണ്..
ഇനിയിപ്പോൾ?
അവളെ കൊന്നതാണെന്നു കൃത്യമായി അറിയാവുന്ന ഒരാൾ.. അവൻ രക്ഷപ്പെട്ടിരിക്കുന്നു.. അവനെ വീണ്ടും വിളിച്ചുനോക്കി.. സ്വിച്ചഡ് ഓഫ്.. ഇനി അവളെങ്ങാനും അവന്റെമുന്നിൽ പ്രത്യക്ഷപ്പെട്ടോ ? അവൻ പേടിച്ചോടിയതാണെങ്കിലോ?
വീട്ടിലൊന്നു വിളിക്കാം..
'അമ്മേ...'
'ദേ അടക്കം കഴിഞ്ഞിട്ട് അച്ഛനിപ്പോൾ വന്നതേയുള്ളു..ഞാൻ നേരത്തെതന്നെ പോന്നു.. വിളക്കുകത്തിക്കാൻ..
'ഉം'
'അച്ഛൻ കുളികഴിഞ്ഞുവരുമ്പോൾ വിളിക്കാൻ പറയാം.. '
പിന്നെ കുറേ ചോദ്യങ്ങൾ.. ഉത്തരങ്ങൾ..
അച്ഛനിനി കുളിയും ജപവുമൊക്കെക്കഴിഞ്ഞേ വിളിക്കൂ..
കുളിച്ചില്ല.. അതുവരെ മറന്നിരുന്ന ഭയം വീണ്ടും തലപൊക്കി..
ആതിര.. അവൾ ഇവിടെയുണ്ട്.. ഇരുട്ടിന്റെ ശക്തികൂടുമ്പോൾ അവൾ വരും..
കുളിക്കാൻ കയറിയപ്പോൾ തല ശക്തിയായി ഡോറിലിടിച്ചു.. അശ്രദ്ധയല്ല.. പേടി..
പെട്ടെന്ന് കുളികഴിച്ചു പുറത്തുവന്നു.. ടോർച്ചും മൊബൈലുമെടുത്തു വാതിലുപൂട്ടി.
ഈ വീട്ടിൽ കഴിയുന്നകാര്യം.. നാളെത്തന്നെ ഒരു തീരുമാനമാക്കണം.. ഇല്ലെങ്കിൽ ജോലി വേണ്ടാന്നു വയ്ക്കണം..
സത്യത്തിൽ വഴിയിൽക്കൂടെ നടക്കാൻപോലും പേടിയാണിപ്പോൾ. അവൻ പറഞ്ഞ പട്ടി.. അനിക്കുട്ടി..
ശ്രീധരേട്ടന്റെ കടയിൽനിന്ന് തിരികെവരുമ്പോൾ ഭയം കൂടിയിരുന്നു.. എന്തോ.. ഇന്നുരാത്രിയിൽ.. അവൾ വരും.. വന്നാൽ.. ?
പെട്ടെന്നാണ് അനിക്കുട്ടി മുന്നിൽവന്നു നിന്നത്..
'എടാ.. ' അടുത്ത മാരണം
'എന്റെ വീട് കാണുന്നില്ല.. എന്നെ വീട്ടിൽകോണ്ടാക്ക്.. '
ഒന്നും മിണ്ടാതെ വഴിമാറിനടന്നു
അവൻ പിന്നിൽത്തന്നെയുണ്ട്.. വീടെത്തി.. ഓടി സിറ്റൗട്ടിൽ കയറി.. അനിക്കുട്ടി ഗേറ്റിൽ കുറേനേരം നോക്കിനിന്നു.. എന്നിട്ട് എങ്ങോട്ടോ പോയി..
കള്ളിന്റെ നാറ്റം ഇപ്പോഴും മൂക്കിനുള്ളിൽ..
ഡോർ അടക്കാൻ തിരിഞ്ഞതും ഞെട്ടിപ്പോയി..
അവൾ.. ആതിര...
ശരീരത്തിൽ ഒരു കറന്റ് ശക്തിയായി പ്രവഹിച്ചതുപോലെ... ഒരു തളർച്ച.. കുഴഞ്ഞുവീഴുമെന്നുതോന്നി...
എപ്പോഴാണ് കണ്ണുതുറന്നതെന്നറിയില്ല.. വാതിൽ തുറന്നുകിടക്കുന്നു..
ഞെട്ടിയെണീറ്റു... സിറ്റൗട്ടിൽ ആരോ ചുരുണ്ടുകൂടിക്കിടപ്പുണ്ട്.. നോക്കാനൊരു ഭയം..
എന്തും വരട്ടെ.. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാതെ പറ്റില്ലല്ലോ.. ഏലസ്സിൽ മുറുകെപ്പിടിച്ചു..
ടോർച്ച്..
അടിച്ചുനോക്കി.. അനിക്കുട്ടി.. ഇവനെപ്പോൾ അകത്തുകയറി.. അനക്കമില്ലാതെ ഡോർ അടച്ചു..
ലൈറ്റിന്റെ പ്രകാശം ഉണ്ടായിരുന്നിട്ടും ടോർച്ചടിച്ചു ഹാൾ മുഴുവൻ പരിശോധിച്ചു.. അവളെവിടെ? ആതിര..
എല്ലാം തന്റെ മനസ്സിന്റെ വികലചിന്തകൾ. മരിച്ചുപോയവൾ.. ഇന്നുച്ചയ്ക്ക് അവളുടെ ശരീരം അഗ്നി വിഴുങ്ങി.. ഇനി?
മൂത്രമൊഴിക്കാൻ പോലും ധൈര്യമില്ല.. പെട്ടെന്ന് കിടന്നു.. പുതപ്പെടുത്തു തലവഴിയിട്ടുമൂടി.. മൊബൈൽ അരികിൽത്തന്നെയുണ്ട്.. കണ്ണടച്ചുകിടന്നു.. മനസ്സിൽ കുടുംബദേവതയെ ധ്യാനിച്ചു.. എനിക്കു ശക്തിപകരണമേ ദേവീ..
മൊബൈൽ ശബ്ദിച്ചു..
അച്ഛനാണ്..
'ഞാനല്പം താമസിച്ചുപോയി.. നീ കിടന്നോ?'
'ഉം.. '
'എന്നാലിനി നാളെയാവട്ടെ.. ഗുഡ് നൈറ്റ്.. '
'ഉം.. '
അച്ഛനെന്തുതോന്നിക്കാണും ? സാരമില്ല
കണ്ണുകൾ കൂമ്പിയടയുന്നു..
ഒരു കരച്ചിൽ..
ഞെട്ടി.. ദൈവമേ..
കണ്ണുകൾ ഇറുക്കിയടച്ചു.. ഹൃദയം പെരുമ്പറ മുഴക്കുന്നു..
തോന്നിയതാണോ? ഏലസ്സ് മുറുകെപ്പിടിച്ചു പ്രാർത്ഥിച്ചു.. അനക്കമില്ല.
എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുറത്ത് അനിക്കുട്ടിയുള്ളത് ഒരാശ്വാസമായിത്തോന്നി..
ശരീരം വിയർത്ത് പുഴയായൊഴുകുന്നു..
അനക്കമില്ലാതെ കിടന്നു..
വീണ്ടും കരച്ചിൽ..
'വിശാൽ... '
ഇതവളുതന്നെ..
'ഞാൻ നിന്നെ പേടിപ്പിക്കാൻ വന്നതല്ല.. നിന്നോടല്ലാതെ ആരോടും പറയാൻ എനിക്ക് കഴിയുന്നില്ല.. ആരും എന്നെ കാണുന്നില്ല.. നിന്റെ മനസ്സിന്റെ അടുപ്പമാണോ എന്നറിയില്ല.. നീയെന്നെ കാണുന്നു.. അതാണ് നീ ഭയക്കുന്നതും.. '
അനങ്ങിയില്ല..
'എനിക്ക് നിന്നോട് സംസാരിക്കണം.. '
ഇങ്ങനെയൊന്നു കഥകളിൽമാത്രമേ കേട്ടിട്ടുള്ളു.. സിനിമകളിലും..
മരിച്ചയാളിന്റെ ആത്മാവ് സംസാരിക്കുക.. അവളോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അവളെക്കാണാൻ പേടിയാണ്.. കിടന്നകിടപ്പിൽ മൂത്രമൊഴിച്ചുപോകുമോ ?.. വയറു പൊട്ടുന്ന വേദനയുണ്ട്.. പക്ഷേ എണീക്കാൻ പറ്റില്ല..
'എടാ... ' അതൊരലർച്ചയായിരുന്നു.
പുതച്ചിരുന്ന പുതപ്പ് ശക്തിയായി ആരോ വലിച്ചുമാറ്റുന്നപോലെ... ഇറുകെപ്പിടിച്ചു.. എന്നിട്ടും.. ?
അവൾ.. ഭീമാകാരംപൂണ്ട് മുന്നിൽ നില്ക്കുന്നു..കിടന്നകിടപ്പിൽ മുകളിലോട്ടു നോക്കിയതുകൊണ്ട് അങ്ങനെ തോന്നിയതാണോ?
പെട്ടെന്നൊരു മഴ ആർത്തലച്ചു പെയ്തു.. ഇടിവെട്ടി.. ശക്തിയായ മിന്നൽ. കറന്റ് പോയി..
മിന്നലിന്റെ വെട്ടത്തിൽ അവളെ കണ്ടു.. തന്നെയാരോ പിടിച്ചെഴുന്നേൽപ്പിക്കുന്നപോലെ.. ശക്തമായി പ്രതികരിച്ചിട്ടും എഴുന്നേൽക്കാതിരിക്കാനായില്ല.. ഇനിയെന്തൊക്കെ കാണണം..
 'നീയെന്നെ ഭയക്കേണ്ടാ... എന്റെ അവസ്ഥ നിന്നോടൊന്നു പറയണം.. അത്രമാത്രം.. '
ഭയം പതിയെ ഉരുകിയൊലിക്കുന്നതായും അന്തരീക്ഷം ശാന്തമാകുന്നതുപോലെയും തോന്നി..
ഈ ഒരാവസ്ഥയിലല്ലായിരുന്നെങ്കിൽ എത്ര സന്തോഷിച്ചേനെ.. ഇപ്പോൾ..
'ഞാൻ.. ഞാൻ.. ഒരപടകത്തിൽ പെട്ടു... അത് ആരോടെങ്കിലും ഒന്നു പറയണം.. എന്നെ സ്നേഹിക്കുന്ന നീതന്നെയാണ് അതിനു നല്ലതെന്നുതോന്നി.. അച്ഛനുമമ്മയും ഒത്തിരി സ്നേഹിച്ചിരുന്നെങ്കിലും അവരുടെ തിരക്കുകൾക്കിടയിൽ എന്നെ ശ്രദ്ധിക്കാനുള്ള സമയം അവർക്കു കിട്ടിയില്ല.. അതാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചതും.. '
അവളെ ഒന്നു തൊട്ടുനോക്കിയാലോ.. ? ഇനി അവൾ മരിച്ചിട്ടില്ലേ ? അപ്പോൾ അവളെന്നുകരുതി പോസ്റ്റുമോർട്ടം ചെയ്തടക്കിയ ശരീരം.. ?
'നീ ചിന്തിക്കുന്നത് എനിക്ക് മനസ്സിലാവും.. ഞാൻ എന്റെ ശരീരംവിട്ടു പുറത്തുവന്നിരിക്കുന്നു.. എന്നെ നിനക്ക് തൊട്ടുനോക്കാനാവില്ല.. നിന്റെ മനസ്സിന്റെ നന്മകൊണ്ട് നീയെന്നെ കാണുന്നു.. '
അപ്പോൾ ശരിയാണ്.. താൻ ചിന്തിച്ചത് എത്രവേഗം അവൾ മനസ്സിലാക്കിയിരിക്കുന്നു..
ഒരിടിവെട്ടി..
പുറത്ത് ആരോ ഡോറിൽ ശക്തിയായി ഇടിക്കുന്നു..
അവൾ വായുവിലൂടെ ഒഴുകി വാതിലിനെ ഭേദിച്ച് പുറത്തോട്ടുപോയി..
'അയ്യോ.............' പുറത്തുനിന്നൊരലർച്ച
(തുടരും)
വേണു 'നൈമിഷിക'

2 comments:

  1. Very interesting.and waiting for the next part .please publish it early as possible

    ReplyDelete
  2. Very interesting.and waiting for the next part .please publish it early as possible

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot