Slider

ഒടുവിൽ ! (കഥ)

0
ഒടുവിൽ ! (കഥ)
ടപ്പ് ...
വാതിൽ വലിച്ചടക്കുന്ന ശബ്ദമോ അതോ ആരോ മതിൽനിന്നുമെടുത്തു ചാടിയ ശബ്ദമോ?
ഞാൻ കണ്ണ് തുറന്നു .തലയണക്കടിയിൽ നിന്നും മൊബൈലെടുത്തു നോക്കിയപ്പോൾ സമയം ഒന്നര.. കിടന്നിട്ടൊരു മണിക്കൂർ ആയതേയുള്ളു..
റോഡിനടുത്താണെന്റെ കിടപ്പു മുറി.
വഴിവിളക്കിന്റെ വെളിച്ചം കട്ടി കുറഞ്ഞ ജനാല വിരികൾക്കിടയിലൂടെ കടന്നു വന്നു മുറിയിലാകെ അരണ്ട വെളിച്ചം...
ശബ്ദങ്ങൾ ഉറക്കം കെടുത്തിയിട്ടു വര്ഷങ്ങളായി.. ഞാൻ മെല്ലെയെഴുനേറ്റു... കിടപ്പു മുറിയുടെ ലൈറ്റിട്ടു, തൊട്ടടുത്തുള്ള ഡൈനിങ്ങ് റൂമിലേക്ക് പ്രവേശിച്ചു.. അവിടെയും ലൈറ്റിട്ടു.. പുതുതായി പിടിപ്പിച്ച ലൈറ്റിന്റെ സ്വിച്ച്ചും ഓൺ ചെയ്തു. ആ ലൈറ്റ് ഇട്ടാൽ വീടിരിക്കുന്ന അമ്പതു സെന്റെ സ്ഥലം മൊത്തം പ്രകാശപൂർണമാവും.. ഇനി കള്ളന്മാർ അകത്തു കടന്നിട്ടുണ്ടെങ്കിൽ തന്നെയിരുട്ടിൽ പെട്ടെന്ന് തെളിഞ്ഞ പ്രഭയിൽ ഓടിപ്പോകും. കഴിഞ്ഞ തവണ മോട്ടോർ ശരിയാക്കാൻ വന്ന മെക്കാനിക്ക് പറഞ്ഞു തന്ന ബുദ്ധിയാണ്....
ഡൈനിങ്ങ് റൂമിന്റ് ജനാല ഞാൻ തുറന്നു. ജനാല തുറക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് രണ്ടു മരപ്പട്ടികൾ മുന്നിലൂടെ ഓടി പോയി..അപ്പോൾ ഇവറ്റകളാണെന്നെ ഉണർത്തിയത്. അവ മതിലിലൂടെ ഓടി അപ്പുറത്തെ പറമ്പിലേക്ക് മറഞ്ഞു പോവുന്നത് ഞാൻ നോക്കി നിന്നു
കഴിഞ്ഞ തവണയിതു പോലെ ശബ്ദം കേട്ട് തുറന്നപ്പോൾ വലിയയൊരു കീരിയെ കണ്ടു. അത്ര വലുതിനെ ഞാനിന്നു വരെ കണ്ടിട്ടില്ല
എല്ലാവരും ഉറങ്ങി കിടക്കുമ്പോളിങ്ങിനെ പുറത്തേക്കു നോക്കി നില്ക്കാൻ നല്ല രസമാണ്..ആകെ നിശബ്ദത..... ചില സമയത്തു ഞാനുറക്കെ പാട്ടു പാടും.. കൂടുതലും "നീല നിശീഥിനീ" എന്ന ഗാനം
ചീവിടിന്റെയും പിന്നെ പേരറിയാത്ത കുറെ പക്ഷികളുടെയും ശബ്ദം... എവിടെയോ ഒരു നായഓരിയിടുന്നു.. രാത്രിയിൽ പകല് കാണാത്ത കേൾക്കാത്തത എത്ര ജീവികളും ശബ്ദങ്ങളുമാണ്..ശരിക്കും ലോകം ഒരത്ഭുതം തന്നെ... “കൊതി തീരും വരെ ഈ മനോഹര തീരത്തു ജീവിച്ചു മരിച്ചവരുണ്ടോ” എന്ന് കവി പാടിയത് വാസ്തവം..
ചെറുചിരിയോടെ ഞാൻ ജനാല വലിച്ചടച്ചു...
ഭർത്താവുണ്ടായിരുന്ന സമയത്തു വെച്ച വീടാണ്. വാതിലിനും ജനാലക്കുമെല്ലാം നല്ലയുറപ്പ്. ഒരു കള്ളനും പെട്ടെന്ന് പൊളിച്ചകത്തു കയറാൻ സാധിക്കില്ല. ആ ഒരു ധൈര്യമെനിക്കുണ്ട്....
കൈയിലിരുന്ന മൊബൈൽ മെസ്സേജ് വന്നതായി അറിയിച്ചു. മകളാവും.. അവൾക്കു അമേരിക്കയിൽ നേരം വെളുത്ത് കാണും ..ഒന്നുകിൽ ജോലി കഴിഞ്ഞു വന്ന് അല്ലെങ്കിൽ പോവുന്ന തിരക്കിൽ.. അവളുടെ മെസ്സേജെന്താവുമെന്നെനിക്കറിയാം.. “അമ്മെ സുഖമാണോ ?”
ഞാൻ മറുപടി അയച്ചു –“സുഖം.. നിങ്ങൾക്കും അപ്രകാരമെന്നു വിശ്വസിക്കുന്നു.”
മെസ്സേജ് അയച്ചതും. ബാറ്ററി ലോ എന്ന് സൂചന ഫോണിൽ വന്നു. ലിവിങ് റൂമിലെ ടി വി സ്റ്റാന്റിനടുത്തു ചെന്ന് ഞാൻ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു . അതിനടുത്തുള്ള ജനാല വിരി മാറ്റി...പുറത്തു വിജനമായ വഴി....
രണ്ടു ദിവസം കൂടുമ്പോൾ അമ്മയുടെ സുഖവിവരമറിയാൻ അവൾ മെസ്സേജ് അയക്കും. അത് പോലും ചെന്നൈയിലുള്ള മകനും മരു മകളും ചെയ്യാറില്ല.. എല്ലാവര്ക്കും തിരക്കാണ് ..ബന്ധങ്ങളെ ഒഴിച്ചു വിടാനുള്ള തിരക്ക്.
പകലെന്തൊരു ബഹളമാണ്.. വീടിനടുത്തു തന്നെ പെണ്കുട്ടികൾക്കായുള്ള വിദ്യാലയമുള്ളതിനാൽ നല്ല തിരക്കാണ്.. കുട്ടികളുടെ കലപിലയും വാഹനങ്ങളുടെ ഹോണടിയു മെന്റെ പകലുകൾ ശബ്ദമുഖരിതമാക്കും..
വഴിയിലേക്ക് നോക്കി നിന്നാൽ പകൽ സമയം പോവുന്നതറിയില്ല.. രാവിലെയും വൈകിട്ടും സിറ്റ് ഔട്ടിലെ കസേരയിൽ ഞാൻ പുറത്തേക്കു നോക്കിയിരിക്കും. മടിയിൽ ചിലപ്പോൾ പത്രമോഏതെങ്കിലും വനിതാ മാസികയോ ഉണ്ടാവും..
ചില കാഴ്ചകൾ ഓർമകളെ പിറകിലേക്ക് മാടി വിളിക്കും. നല്ല ഓര്മകളോടൊത്തു സഞ്ചരിക്കാൻ എനിക്കിഷ്ടമാണ്.. വേദനിക്കുന്ന ഓർമകളിൽ നിന്നും ഞാൻ മനഃപൂർവം അകലം പാലിക്കും..
എത്ര നേരം പുറത്തേക്കു നോക്കി നിന്നുവെന്നറിയില്ല...എന്തായാലുമുറക്കം നഷ്ടപ്പെട്ടു..കുട്ടികൾ വീട് വിട്ടതിനു ശേഷമെന്നുമിതൊക്കെ തന്നെയവസ്ഥ.. പുറത്തെ ശബ്ദങ്ങളിലേക്കു കാതോർത്തുള്ള കിടപ്പു.. എന്തെങ്കിലുമൊച്ച കേട്ടാൽ കിടപ്പും തീർന്നു.. ഇവിടെ വന്ന് ടി വി ഓൺ ചെയ്തു സോഫയിൽ കിടക്കും. ചിലപ്പോൾ മയങ്ങിയാലായി.... രാവിലെ എഴുന്നേൽക്കുമ്പോൾ സോഫയിലെ കിടപ്പു തരുന്ന വേദനയും അസ്വസ്ഥകളും ശരീരത്തിൽ ബാക്കി..
പിന്നെ പകലെപ്പോഴെങ്കിലുമൊന്ന് മയങ്ങിയാലായി... അതിനും പേടിയാണ്.. ആ മയക്കം രാത്രിയിലെ ഉറക്കത്തെ ബാധിച്ചാലോ...
ഇന്ന് ജോലിക്കാരി വന്ന ദിവസമായിരുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞേ അവൾ വരൂ... അത് കൊണ്ട് തന്നെ അവളുടെ പിന്നാലെ നടന്നു ഓരോ ജോലിയും പറഞ്ഞു കൊടുത്തു ഉച്ച മയക്കം പോയി... ഇപ്പോൾ രാത്രിയും ശിവരാത്രിയായി..
ചില ദിവസങ്ങളിൽ ഉറക്കമിളച്ചതിന്റെ തലവേദനയുമുണ്ടാവും..ഡോക്ടർ തന്ന ഉറക്ക ഗുളികകൾ ഞാൻ കഴിക്കാറില്ല. മൂന്നാലു ദിവസം കൂടുമ്പോളിടക്ക് കഴിച്ചാലായി.. അതെല്ലാം തലയണക്കടിയിലെ മെഡിസിൻ ബോക്സിൽ ഭദ്രമായി വെച്ചിരിക്കുന്നു ..
കൊല്ലങ്ങളായുള്ള ഏകാന്തതയെന്നെയും ഭ്രാന്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്.... അതോ ഏകാന്തതയെ ഞാൻ പ്രണയിച്ചു തുടങ്ങിയോ..? ഇപ്പോൾ ആരെയും കാണാനോ സംസാരിക്കാനോ തീരെ ഇഷ്ടമല്ല. ഒറ്റക്കിരിക്കാനാണ് കൂടുതലിഷ്ടം. മാർക്കറ്റിൽ പോവാൻ ആഴ്ചയിലൊരിക്കൽ പുറത്തിറങ്ങിയാലായി... ജോലിക്കാരി വരുമ്പോഴാണ് വീട്ടിലേക്കു ആരെങ്കിലുമെത്തുന്നത്.. അല്ലെങ്കിൽ ഞാനും ഈ വീടും ...
ടി വി യിലെ ചാനൽ മാറ്റിയപ്പോൾ ഏതോ ഒരു ചാനലിൽ ജഗതിയുടെ സിനിമ...” ആപ്പിൾ പോലിരുന്ന ഞാനിപ്പോൾ മാങ്ങാണ്ടി പോലെയായി”.. ജഗതിയുടെ ഡയലോഗ് കേട്ടെനിക്ക് ചിരി വന്നു. എനിക്ക് വലിയ ഇഷ്ടമായിരുന്നു ജഗതിയെ.. ഇപ്പോൾ സിനിമ കാണാൻ വലിയ താല്പര്യമില്ല. എങ്കിലും പഴയ സിനിമകൾ ഞാൻ കണ്ടു കൊണ്ടിരിക്കും....
സോഫയിലേക്ക് കിടക്കുന്നതിനു മുൻപ് ഒന്ന് ബാത്റൂമിൽ പോയേക്കാം... ഞാൻ റിമോട്ട് താഴെ വെച്ച് ബാത്റൂമിലേക്കു നടന്നു...
*****
കൊടിയ വേദനയിലേക്കാണ് ഞാൻ കണ്ണ് തുറന്നതു...സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ ബാത്റൂമിലാണ്.. ഒരു കാൽ മടങ്ങിയും മറ്റേ കാൽ നീട്ടിയും ഞാൻ താഴെ ഇരിക്കുന്നു....നീട്ടിയ കാൽ വല്ലാതെ നീര് വന്നു വീർത്തിരിക്കുന്നു ..ഞാൻ കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ചു.. പാഴ് ശ്രമം....
വേദന ..വേദന....ഞെരമ്പിലേക്കു. .. മാംസത്തിലേക്കു തുളഞ്ഞു കയറുന്ന വേദന......
ഈശ്വരാ ..
ബാത്റൂമിൽ കാല് തെന്നി ഞാൻ വീണത് എനിക്കോർമ്മ വന്നു .ഇവിടെ നിന്നും ഞാനെങ്ങിനെയെഴുന്നേൽക്കും ?.
പ്രയാസപ്പെട്ട് കൈകൾ നിലത്തു കുത്തി അല്പം നിരങ്ങി മാറി ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്നു.. രാത്രി ബാത്റൂമിൽ പോവുമ്പോള് വാതിൽ അടക്കാതിരുന്നത് എത്ര ഭാഗ്യം.. ബെഡ്റൂമി ലെ ക്ലോക്ക് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്... സമയം 3 ... നേരം വെളുക്കാനിനിയുമൊരുപാടു സമയം ബാക്കി.. എങ്ങിനെ ഞാൻ ബെഡ്റൂമിലെത്തും..?
ദേഹമൊന്നനക്കിയപ്പോൾ തന്നെ മേലാസകലം പൊടിഞ്ഞു പോവുന്ന പോലെ.....
അല്പം മുന്നേ രണ്ടു കാലിൽ നടന്ന ഞാനിപ്പോൾ എഴുനേല്ക്കാന് പോലും വയ്യാത്ത സ്ഥിതിയിൽ.. ഇത്രയേയുള്ളൂ മനുഷ്യ ജന്മം. ഞാനവിടെ ചുവരിൽ ചാരിയിരുന്നു.. വേദന കുറയുമായിരിക്കും..കുറഞ്ഞാൽ പതിയെയെഴുനേൽക്കാൻ ശ്രമിക്കാം..
ചുവരിൽ ചാരി കണ്ണടച്ച് പ്രാർത്ഥനയിൽ ഞാനിരുന്നു..എനിക്കറിയാവുന്ന സർവ ദൈവങ്ങളു മെന്റെ കൺമുന്നിലെത്തി.. ആരാണ് എന്നെയിവിടെ
നിന്നും പിടിച്ചെഴുനേൽപ്പിക്കുക ? ആരാണ് എന്റെ വേദനയിൽ അല്പമെങ്കിലും ആശ്വാസം നല്കുക ?
പ്രാർത്ഥനകൾ നിഷ്ഫലമായി....
അനു നിമിഷം കൂടിവരുന്ന വേദനയിൽ ഞാൻ പിടഞ്ഞു
അല്പം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. പുറത്തു നിന്നും പ്രകാശ കിരണങ്ങൾ ബാത്റൂമിലെ ചെറിയ വെന്റിലേഷനിലൂടെ കടന്നു വന്നു തുടങ്ങി.. നേരം വെളുത്തു..ഞാൻ ഈശ്വരന് നന്ദി പറഞ്ഞു ..
ആരെയാണ് സഹായത്തിനൊന്നു വിളിക്കുക.? എങ്ങിനെ വിളിക്കും ? മൊബൈൽ ലിവിങ് റൂമിൽ..ലാൻഡ് ഫോണും അവിടെ.... ജോലിക്കാരി വരുന്ന ദിവസമല്ല... ടി വി ഓൺ ആണ്..എന്റെ വിളിയൊച്ച അതിൽ അമർന്നു പോവും..
ഈശ്വരാ ....
ബോധം വീണപ്പോൾ മുതൽ ഞാൻ കരയുകയാണ്. ഇത്രയും സമയം വേദന മൂലമായിരുന്നെങ്കിൽ ഇപ്പോൾ അതെന്റെ നിസഹായത മൂലമാണ്..
കാലുകൾ കോച്ചി വലിക്കാൻ തുടങ്ങി...തുറന്നു കിടക്കുന്ന വാതിൽ പാളിയിലേക്ക് പതിയെ നിരങ്ങി മാറാൻ ഞാൻ ശ്രമിച്ചു... കഠിന വേദനയാണ്...എങ്കിലും ആ ശ്രമം തുടർന്നേ പറ്റു ..ഇല്ലെങ്കിൽ ഇവിടെ ഈ തണുത്ത തറയിൽ മരവിച്ചു തീരും..
വേദനയിൽ നിരങ്ങിയും മൂളിയും ഞാൻ ഒരു കണക്കിന് ബെഡ്റൂമിലേക്ക് കയറി..സമയം ആറര ..ഞാൻ ഉറക്കെ വിളിക്കാൻ തുടങ്ങി.. “ആരെങ്കിലും ഓടി വരണേ ...ആരെങ്കിലും ഓടി വരണേ ...”
ദയനീയമായ വിളികൾക്കൊടുവിൽ പരാജയം സമ്മതിച്ചു ഞാൻ വീണ്ടും മൗനത്തിലേക്കു വീണു..
ഞാൻ ഒരു പ്രമേഹ രോഗിയാണ്.. ശരിയായ നേരത്തു ഭക്ഷണം ചെന്നില്ലെങ്കിൽ കുഴഞ്ഞു വീഴുന്ന രോഗി... ബോധം മറയുന്നതിനു മുന്നേ എന്തെങ്കിലും ചെയ്തേ പറ്റൂ..
വിശപ്പു കത്തി കയറുന്നു.. തൊണ്ട വരളുന്നു.. സ്ഥിരമായി ഈ സമയത്തു കഴിക്കുന്ന മരുന്നുകൾ ചെല്ലാത്തതിനാൽ ശരീരം പ്രതിക്ഷേധിച് തുടങ്ങി... തല കറങ്ങി തുടങ്ങി.... കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ... കട്ടിലിനടുത്തേക്കു നീങ്ങിയാൽ കുടിക്കാനെടുത്തു വെച്ച വെള്ളമുണ്ട്.. അവിടെ വരെ ഞാൻ എത്തുമോ.. വീണ്ടും ശ്രമം..
വേദന.. സഹിക്കാൻ പറ്റാത്ത വേദന .കണ്ണിൽ കൂടെ പൊന്നീച്ച പറക്കുന്നു
കണ്ണീരിനിടയിലൂടെ മുട്ടിൽ ഇഴയുന്ന മകളുടെ മകന്റെ ഫോട്ടോ ഞാൻ കണ്ടു... നാല് കാലിൽ ഇഴയാൻ ശ്രമിക്കുന്ന കുസൃതി... വേദനക്കിടയിൽ അവന്റെ ചിത്രം എനിക്കാശ്വാസം തന്നു....മതിലിൽ ചാരിയിരുന്നു ഞാൻ ആ ചിത്രത്തിലേക്ക് നോക്കി.. കൈകൾ നിലത്തു കുത്തി ഇഴഞ്ഞു നീങ്ങുന്ന കുഞ്ഞു...
ഞാൻ കുനിഞ്ഞു മുട്ട് കൈകൾ നിലത്തു കുത്തി ...” എന്റമ്മേ….”... പ്രാണൻ വലിച്ചെടുക്കുന്ന വേദനയിൽ ഞാൻ അലറി വിളിച്ചു....കാലുകൾ നീട്ടാൻ സാധിക്കുന്നില്ല.. അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലതു....ഞാൻ നിരങ്ങാൻ തുടങ്ങി..പതിനഞ്ച് അടി വെച്ചാൽ കട്ടിലിനടുത്തെത്താം...
കൊടിയ വേദനയിൽ പിടഞ്ഞു കൊണ്ട് ഞാൻ ശ്രമം തുടർന്നു ... ഇടക്ക് വിശ്രമിച്ചു... ..ബോധം പോവുന്നതിനു മുന്നേ അവിടെ എത്തണം.. മനസ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു...
രാത്രിയിൽ പെട്ടെന്ന് ഷുഗർ കുറഞ്ഞാൽ കഴിക്കാനെടുത്തു വെച്ചിരിക്കുന്ന ഒരു പഴം കട്ടിലിനടുത്തിരുപ്പുണ്ട്.. അവിടെയെത്തിയാലത് കഴിക്കാം..പിന്നെ ഒരു ജഗ്ഗിൽ നിറയെ വെള്ളം..എന്റെ മരുന്നുകൾ... എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള വഴികൾ..അവിടെ എത്തണം.. എത്ര വേദന സഹിച്ചും...
ചുവരിലെ ഘടികാരം മുഴങ്ങുന്നു...സമയം പതിനൊന്നായി.....
ഞാൻ ശ്രമം തുടർന്നു ... വേദന വരുമ്പോൾ ഉറക്കെ നിലവിളിച്ചു.. “ആരെങ്കിലും ഓടി വരണേ ..”
തൊണ്ട വരളുന്നു..... ഉമിനീർ പോലും ഇറക്കാനില്ല....എനിക്കെന്നോട് വെറുപ്പ് തോന്നി.. എന്തൊരു നിസ്സഹായ ആയ ജീവി.. ഇന്നലെ വരെ അഹങ്കരിച്ചു നടന്നിരുന്നവൾ..
ജോലിക്കാരിയെ കൊണ്ട് ഞാൻ രണ്ടു ദിവസത്തെ ചോറും കറികളും ഉണ്ടാക്കി വെച്ചിരുന്നു... കഴിഞ്ഞ ദിവസം മാർകെറ്റിൽ നിന്നും നല്ല വലിയ നെയ് മീനാണ് വാങ്ങിയത്.. ഫ്രിഡ്ജ് നിറച്ചും എനിക്ക് ഒരാഴച്ച കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളുണ്ട്.. എന്നിട്ടും ഞാൻ വിശന്നു മരിക്കുന്നു.. വേദനിച്ചു തളരുന്നു....
നിശബ്ദ തേങ്ങലുക്കൾക്കൊടുവിൽ ,,അലറിക്കരച്ചിലുകൾക്കൊടുവിൽ ,കൊടിയ വേദനകൾക്കൊടുവിൽ ഞാൻ കട്ടിലിനടുത്തെത്തി..
സമയം അഞ്ച്..
ജഗ്ഗിലിരുന്ന വെള്ളം ഞാനാർത്തിയോടെ യെടുത്തു കുടിച്ചു.. കട്ടിലിനടുത്തു താഴെ പാത്രത്തിൽ വെച്ചിരുന്ന പഴവും കഴിച്ചു.. ഇത്ര രുചിയോടെ കൊതിയോടെ ഇതിനു മുൻപ് ഞാൻ പഴം കഴിച്ചിട്ടില്ല......
ഞാൻ കൈ നീട്ടി മെഡിസിൻ ബോക്സ് എടുത്തു... വേദന സംഹാരികളതിലുണ്ട്... രണ്ടെണ്ണമെടുത്തു കഴിച്ചു. വെള്ളം കുടിച്ചു.. വെള്ളം തീർന്നു കൊണ്ടിരിക്കുകയാണ്..
ഞാൻ ജഗ്ഗ് മാറോടു ചേർത്ത് പിടിച്ചു.. അതാരെങ്കിലും എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചാലോഎന്ന പേടിയോടെ... വീണ്ടും കട്ടിലിലേക്ക് തല ചേർത്തു..
ആശ്വാസം വിശപ്പിനു മാത്രം.. കാലിലേക്ക് നോക്കാനെനിക്ക് ഭയം തോന്നി.. നീര് കൂടിയിട്ടുണ്ടാവും.. വേദന അധികരിച്ചിട്ടുണ്ട്....
ജഗ്ഗിലെ വെള്ളം ഞാൻ ആർത്തിയോടെ നോക്കി..ഇനി ഇവിടെ നിന്ന് ആരെങ്കിലും രക്ഷിക്കും വരെ എന്റെ ജീവൻ നില നിർത്തേണ്ടത് ഈ വെള്ളം കൊണ്ടാണ്.. പക്ഷെ ആര്..?
ടി വിയിൽ എന്തെല്ലാമോ ശബ്ദ കോലാഹലങ്ങൾ... ഇടക്ക് പാട്ടും കേൾക്കുന്നു...... ഇത്ര ശബ്ദതിൽ ഞാൻ ടി വി വെക്കരുതായിരുന്നു..അല്ലെങ്കിൽ തന്നെയാസമയത്തു ഞാനെന്തിനാണ് ടി വി വെച്ചത് ?ടി വി വെച്ചില്ലായിരുന്നെങ്കിലെന്റെ ശബ്ദം വഴിയിലൂടെ പോവുന്ന ആരെങ്കിലും കേൾക്കുമായിരുന്നു.. എനിക്കെന്നോട്ദേഷ്യം തോന്നി.
ഇത്തിരി ഭക്ഷണം കിട്ടിയ ബലത്തിൽ ഞാൻ വീണ്ടും കരഞ്ഞു വിളിച്ചു...”ആരെങ്കിലും വന്നെന്നെ രക്ഷിക്കൂ..ആരെങ്കിലും...” നിലവിളി ഒരു പൊട്ടിക്കരച്ചിലിൽ അവസാനിച്ചു.. ദുർബലമായ നിലവിളികൾക്കൊടുവിൽ ഞാൻ വീണ്ടും കട്ടിലിലേക്ക് തല ചായ്ച്ചു...
ഒരു ദിവസത്തെ മൂത്രവും അഴുക്കുമെന്റെ വസ്ത്രത്തിലും ശരീരത്തിലും പറ്റിപിടിച്ചിട്ടുണ്ട് .. ദുർഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറുന്നു.. ഞാനെന്നെ അറപ്പോടെ നോക്കി.
വേദനയെന്നോട് ദയ കാട്ടുന്നില്ല.... അതെന്റെയുള്ള ബലത്തെയും അടിച്ചമർത്തുകയാണ്..... വീഴ്ചയിൽ കാലിൽ പൊട്ടലുണ്ടായി കാണും... . ചിലപ്പോൾ ഇടുപ്പിലും ..69 വയസ്സായില്ലേ വീഴ്ച നിസ്സാരമായിരിക്കില്ല..
ഇനിയെത്ര ദിവസമൊടിഞ്ഞ കാലുമായി ഞാൻ കിടക്കേണ്ടി വരും? കഴിഞ്ഞ തവണ തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ എനിക്ക് വന്ന ജോലിക്കാരി മഹാ തന്റേടിയായിരുന്നു. ഒടുവിൽ ഡോക്ടർ പറഞ്ഞ വിശ്രമ സമയം തീരുന്നതിനു മുന്നേ ഞാനവളെ പറഞ്ഞു വിട്ടു... ലോകത്തെ ഏറ്റവും നികൃഷ്ട ജീവിയെന്ന മട്ടിലാണ് അവർ നമ്മെ നോക്കുന്നത് . അതിനാൽ തന്നെ കണ്ണിനിപ്പോഴും പ്രശനമാണ് .ഇനിയാരുടെ ദയവിലാവുമൊടിഞ്ഞ കാലുമായി ഞാൻ കഴിയേണ്ടത്?.. ഇനി അങ്ങിനെയൊരു സ്ഥിതി വരുത്തരുതേയെന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നതാണ്..എന്നിട്ടും..
വേദന സംഹാരികൾ കഴിച്ചതിനാലാവും.. വയറു കത്തുന്നു.. വിശപ്പ് തല പോക്കുകയാണ്.. ഞാൻ പരാജയം സമ്മതിച്ചു തുടങ്ങി
രാത്രിയായി.. ടി വിയിൽ ന്യൂസ് കേൾക്കാൻ തുടങ്ങി... ഏതു ചാനെലാണ് ഞാനിന്നലെ വെച്ചത്.. ഓർമയില്ല..
കാല് മരവിച്ച പോലെ...അനക്കാൻ സാധിക്കുന്നില്ല...
അവസാന ശ്രമം പോലെ ഞാനൊന്നു കൂടെ വിളിച്ചു... നേർത്ത ശബ്ദത്തിൽ..”ആരാ അവിടെ ?ഒന്നോടി വരണേ”
സമയം രാത്രി പത്തര.. രാത്രിയോടൊപ്പം വേദന വളരുന്നു..ഞാൻ തളർന്നു...
ഒടുവിലെന്റെ, അനിവാര്യമായ വിധിയെ ഞാൻ കൈയെത്തി പിടിച്ചു.....
ഓരോന്നായി വായിലേക്കിടുമ്പോൾ ഞാനെണ്ണി തുടങ്ങി....ഒന്ന്.. രണ്ടു.. മൂന്ന്...പത്തു ..പതിമൂന്ന്.....
ഒരിറക്ക് വെള്ളം കുടിച്ചു, വീണ്ടും..
പതിനാലു...ഇരുപതു... ഇരുപത്തി മൂന്നു.....മുപ്പതു..
വീണ്ടും വെള്ളം...
എല്ലാ വേദനകളെയും അതിജീവിക്കാനായി.... ഞാൻ കട്ടിലിലേക്ക് തല ചേർത്തു..
രാമ രാമ രാമ രാമ പാഹിമ ..
രാമ പാദം ചേരണേ മുകുന്ദരാമപാഹിമ** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo