Slider

അമ്മമനസ്സ്

0
അമ്മമനസ്സ്
"തെക്കേ തൊടിയിലെ മാമ്പഴമാണ് പുളിശ്ശേരിയുണ്ടാക്കാൻ നല്ലത് നാണിയമ്മേ..."പറഞ്ഞവസാനിക്കുംമുൻപേ നാണിയമ്മ തൊടിയിലേക്ക് പാഞ്ഞു...തറവാട്ടിൽ ആ അമ്മ ഒറ്റക്കായിരുന്നു..സഹായികളായി വല്ലപ്പോഴും വരുന്ന രണ്ട് സ്ത്രീകളാണ് അവർക്ക് പിന്നെയൊരാശ്വാസം.. അടുക്കളയിലന്ന് പതിവില്ലാതെ തിരക്കും ബഹളവും.. ഭരണികളിൽ ഉപ്പിലിട്ട മാങ്ങയും അമ്പഴങ്ങയും നെല്ലിക്കയുമുണ്ടായിരുന്നിട്ടും അമ്മയ്ക്ക് സമാധാനമില്ല.. "ജാനു..ഇത് തികയോ...കുട്ടികൾ ആദ്യം ഇതായിരിക്കും ചോദിക്ക്യാ.. "
"ആധിപിടിക്കണ്ടേച്ചി.. പുതുമനേന്ന് ഇതൊക്കെ വരുത്താലോ.. "ആശ്വാസവാക്കുകളുമായി ജാനു രംഗത്ത്...അമ്മ വീണ്ടും തിരക്കിലേർപ്പെട്ടു..
മൂന്ന് വർഷങ്ങൾക്കുശേഷം രഘുവും കുടുംബവും നാട്ടിലേയ്ക്ക് വരുകയാണ്.. രഘു അമ്മയുടെ ഒരേയൊരു മകൻ.. അമേരിക്കയിൽ ഉയർന്ന ജോലിയും തിരക്കുകളുമായി നടക്കുന്നു..ഭാര്യ രമ്യയും ഏതോ വലിയ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്..മകൻ രോഹിത്തിന് മൂന്നു വയസ്സ്.. അവനെ നോക്കാൻ ആയയുണ്ട്..കുഞ്ഞിനെ ലാളിച്ച് കൊതിതീർന്നില്ല അപ്പോഴേക്കും അവർ ജോലിയും മറ്റുകാര്യങ്ങളുമോർത്ത് ആവലാതിപ്പെട്ട് വിമാനം കയറി..മൂന്ന് വർഷങ്ങൾ പിന്നിട്ടു... അമ്മയെ കൂടെകൂട്ടാൻ രഘുവിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല..അച്ഛനുറങ്ങുന്ന മണ്ണ് വിട്ട് അവർ വരാൻ തയ്യാറായിരുന്നില്ല..
"ഏച്ചി ഓടിനടന്ന് ഓരോ സൂക്കേട് വരുത്തണ്ട.. കുട്ടികൾ സമയമാവുമ്പോൾ എത്തിക്കോളും..ഞാൻ മുറികളൊക്കെ വൃത്തിയാക്കിയിട്ടുണ്ട്..പശുക്കൾക്ക്‌ കഞ്ഞിവെള്ളം കൊടുത്തിട്ട് ഞാൻ പോവും... നാളെ വെളുപ്പിന് വരാം"..ജാനുന്റെ മറുപടി കേട്ട് അമ്മ തലയാട്ടി..നാണിയമ്മയുടെ വീട് തറവാടിന്റെ പിന്നിലായതുകൊണ്ട് അവർക്ക് പോകുവാൻ തിരക്കുണ്ടായില്ല..
ആ രാത്രി പകലാവാൻ അമ്മ കൊതിച്ചു...കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുന്നപോലെ അവർക്ക് അനുഭവപ്പെട്ടു...ആരോടും പരാതിപ്പെടാനാവില്ല..സ്വയം വിധിച്ചതാണ് ഇപ്പോഴനുഭവിക്കുന്ന ഏകാന്തവാസം..ഈ വീടും ഇവിടുത്തെ ഓർമ്മകളുംവിട്ട് എങ്ങോട്ടുപോയാലും അത് മരണത്തിന് തുല്യമായിരുന്നു അവർക്ക്..എന്തൊക്കെയോ ഓർത്ത് മയങ്ങിയപ്പോൾ കണ്ട സ്വപ്നത്തിൽ ഉമ്മറത്ത്‌ വന്നുനിൽക്കുന്നു മകനും കുടുംബവും..അമ്മ ഞെട്ടിയുണർന്ന് ക്ലോക്കിലേക്ക് നോക്കി...സമയം രണ്ടുമണി..പിന്നെ കിടന്നിട്ടുറക്കം വന്നില്ല..ഓരോ ചിന്തകളിൽ മുഴുകി നേരം വെളുപ്പിച്ചു..
ജാനുവും നാണിയമ്മയും പുലർച്ചയെത്തി..അമ്മയെ സഹായിക്കാൻ കൂടെകൂടി..ചോറും കറികളും അവർക്കിഷ്ടപ്പെട്ട പലഹാരങ്ങളും തയ്യാറാക്കി അമ്മ കാത്തിരുന്നു..പേരക്കുട്ടിയെ താലോലിക്കുന്നതും സ്നേഹിക്കുന്നതും ദിവാസ്വപ്നംപോലെ അമ്മ കണ്ടുകൊണ്ടിരുന്നു..സമയം സന്ധ്യയോടടുത്തിട്ടും ആ തറവാടുമുറ്റത്താരും വന്നില്ല...രാത്രിയിൽ ഫോൺ ബെല്ലടി ശബ്ദംകേട്ട് ഓടിവന്നെടുത്തപ്പോൾ മറുതലക്കൽ "അമ്മേ.. ഞങ്ങൾ വേറൊരു ദിവസം വരാം..അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു..അമ്മ വിഷമിക്കണ്ട..എന്തായാലും വരുന്നുണ്ട്"...
അമ്മ ദീർഘമായി നിശ്വസിച്ചുകൊണ്ട് മറുപടി പറഞ്ഞു "തിരക്കൊക്കെ കഴിഞ്ഞിട്ട് മതി "..
ഈറനണഞ്ഞ കണ്ണുകൾ സാരിതുമ്പുകൊണ്ട് തുടച്ചുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു..
"നാണിയമ്മേ മകനെയും കുടുംബത്തെയും കൂട്ടിയിട്ടുവരൂ"...
പറഞ്ഞപോലെ നാണിയമ്മ അവരെ കൂട്ടി വന്നു..പാചകം ചെയ്ത ആഹാരം അവർക്ക് വിളമ്പി കൊടുത്തപ്പോൾ നെഞ്ചിൽ അലയടിച്ച നൊമ്പരകടൽ ശാന്തതയിലേക്ക് നീങ്ങി..നാണിയമ്മയും മകനും മരുമകളും പേരക്കുട്ടികളും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവെച്ച് ആഹാരം കഴിക്കുന്നത് നോക്കിയിരുന്നു...ലേശം അസൂയ തോന്നി അവരോട്...ആ അമ്മ അങ്ങനൊരു നിമിഷത്തിനുവേണ്ടി വീണ്ടും കാത്തിരിക്കുകയാണ്...
കാത്തിരിപ്പിന് എന്നെങ്കിലും വിരാമമുണ്ടാവുമെന്ന പ്രതീക്ഷയോടെ
ദേവു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo