Slider

കഥ :- ഡിജിറ്റൽ ഇന്ത്യ*

0

കഥ :- ഡിജിറ്റൽ ഇന്ത്യ*
 **********************************
ഒരു കസ്റ്റമർ മീറ്റിംഗ്, ഡൽഹിയിൽ വെച്ച്.
വൈകിട്ട് ഏഴു മണിയുടെ കോയമ്പത്തൂർ -ഡൽഹി ഇൻഡിഗോ ഫ്ലൈറ്റ് ബുക്ക് ചെയ്തു.
ഡൽഹിയിലെ കമ്പനി വക ഗസ്റ്റ് ഹൌസിൽ വിളിച് താമസം ഏർപ്പാടാക്കി.
ഫ്ലൈറ്റിൽ ഏറുന്നതിനുമുന്പേ Blue Sky ട്രാവെൽസിലെ കൃഷ്ണനെ വിളിച്ചു, ടാക്സി ഏർപ്പാടാക്കി, ഫ്ലൈറ്റ് എത്തുമ്പോൾ രാത്രി വൈകും, വേറെ ടാക്സി വിളിച്ചാൽ ചിലവും കൂടും.
വര്ഷങ്ങളായി Blue Sky ട്രാവെൽസിലെ കൃഷ്ണനുമായി പരിചയമുണ്ട്. ഗുഡ്ഗാവിൽ ടാക്സി സർവീസ് നടത്തുന്നു, ഓലയും, യൂബെറും എല്ലാം വരുന്നതിനും മുമ്പേ മുതലുള്ള പരിചയമാണ്. ഏത് പാതി രാത്രിക്കും വിശ്വസിച്ചു വിളിക്കാം.
ഫ്ലൈറ്റ് ലാൻഡ് ചെയ്തു, ലഗേജും എടുത്തു എയർ പോർട്ടിന്റെ പുറത്തേക്കു നടന്നു. എന്റെ പേരെഴുതിയ നെയിം ബോർഡും പിടിച്ചു ടാക്സി ഡ്രൈവർ നിൽക്കുന്നുണ്ടായിരുന്നു. ഒരു വയോധികൻ, ആൾ ഒരു മുസ്ലിം ആണെന്ന് മീശയില്ലാത്ത താടി കണ്ടപ്പോൾ മനസിലായി. എന്റെ ബാഗ് എടുത്ത് വണ്ടിയിൽ വയ്ക്കുമ്പോൾ ആൾ വേച്ചു വീഴാൻ തുടങ്ങി, വല്ലാതെ ക്ഷീണിതനാണെന്നു തോന്നുന്നു.
 എങ്ങിനെ വിശ്വസിച്ചു വണ്ടിയിൽ ഇരിക്കും. എങ്കിലും ഒന്നും പറയാൻ നിന്നില്ല. പേര് ചോദിച്ചു - മുഹമ്മദ്, അദ്ദേഹം വിനയത്തോടെ പറഞ്ഞു.
ഗുഡ്ഗാവിലെ കമ്പനി ഗസ്റ്റ് ഹൌസിൽ എത്താൻ ഒരു മണിക്കൂറെങ്കിലും ആകും, ഞാൻ മൊബൈൽ ഓൺ ആക്കി, വാട്സാപ്പിൽ മെസ്സേജ്കളുടെ പ്രളയം.
ഏറ്റവും കൂടുതൽ ഞങ്ങളുടെ പഴയ കോളേജ് ഗ്രൂപ്പിൽ നിന്നാണ്. രാഷ്രീയം, ട്രോൾസ്, ഫലിതങ്ങൾ.. ചുമ്മാ കണ്ണോടിച്ചു കൊണ്ടിരുന്നു. അതിൽ അപ്പോഴത്തെ ചൂടുള്ള ചർച്ച മതത്തെ കുറിച്ചായിരുന്നു, പശുവും പിന്നെ അതിന്റെ പുണ്ണ്യങ്ങളും ഒരു കൂട്ടർ, ഭക്ഷണ സ്വാതന്ത്രയത്തെ കുറിച്ച് വേറൊരു കൂട്ടർ, ഒടുവിൽ ചർച്ച കാട് കയറി, ഹിന്ദുവും, മുസൽമാനും, നസ്രാണിയും ചേരി തിരിഞ്ഞടിക്കുന്നു. ചിലർ രാജ്യ സ്നേഹികളാകുന്നു, ചിലർ രാജയ് ദ്രോഹികളാക്കപ്പെടുന്നു. വാട്സാപ്പ് ഓഫ് ചെയ്തു മൊബൈൽ പോക്കറ്റിലിട്ടു, വെറുതെ കണ്ണടച്ച് കിടന്നു.
മുഹമ്മദിന്റെ മൊബൈൽ ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം റിങ് ചെയ്തു , കാൾ അറ്റൻഡ് ചെയ്യാതെ അദ്ദേഹം അപ്പോളെല്ലാം കട്ട് ചെയ്തു.
പെട്ടെന്ന് എന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി, വീട്ടിൽ നിന്നായിരിക്കും വന്നിറങ്ങിയിട്ട് വിളിച്ചില്ലല്ലോ. മൊബൈൽ നോക്കിയപ്പോൾ Blue Sky ട്രാവെൽസിലെ കൃഷ്ണനാണ്.
എന്താ കൃഷ്ണാ,
സർ ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു ഹെല്പ് ചെയ്യണം, ഞാൻ പുറത്തു പോയിരിക്കുക ആയിരുന്നു, താങ്കൾക്ക് വേണ്ടി അറേഞ്ച് ചെയ്തിരുന്നത് വേറൊരു കാറാണ്. അത് ട്രിപ്പ് പോയിട്ട് വരാൻ അല്പം വൈകി. ഇവിടുത്തെ സ്റ്റാഫ് ഞാനറിയാതെയാണ് മുഹമ്മദിനെ അങ്ങേക്ക് വേണ്ടി അയച്ചത്.
അത് കൊണ്ടെന്താ കൃഷ്ണൻ, അദ്ദേഹം എന്നെ പിക്ക് അപ്പ് ചെയ്തു, ഞങ്ങൾ ഗസ്റ്റ് ഹൌസിലേക്കു പോയി കൊണ്ടിരിക്കുകയാണ്.
അതല്ല സർ,..
കൃഷ്ണൻ എന്തോ പറയാൻ ബുദ്ധിമുട്ടുന്നത് പോലെ.
പറയൂ, എന്താണ് പ്രശനം കൃഷ്ണാ.
സർ മുഹമ്മദ് രാവിലെ മുതൽ നോയമ്പെടുക്കുന്നതാണ്. ഇത് വരെ ഒന്നും കഴിച്ചിട്ടില്ല, ഞാൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല, സർ പറ്റുമെങ്കിൽ അദ്ദേഹത്തോട് എന്തെങ്കിലും കഴിക്കാൻ പറയുമോ.
വണ്ടി ഒരു ഹോട്ടലിന്റെ അരുകിൽ നിർത്താൻ പറഞ്ഞു. ഞാൻ ഉള്ളിൽ പോയി ഭക്ഷണവും ഒരു കുപ്പി തണുത്ത വെള്ളവും വാങ്ങി കൊണ്ട് വന്നു.
ഭക്ഷ്ണവും വെള്ളവും മുഹമ്മദിന്റെ കൈയ്യിൽ കൊടുത്തു,
ഇത് കഴിച്ചു നോയമ്പ് വീട്, എന്നിട്ടിനി വണ്ടി ഓടിച്ചാൽ മതി.
ഒരുപാട് നിര്ബന്ധിച്ചതിനു ശേഷമാണ് അദ്ദേഹം ഭക്ഷണം കഴിക്കാൻ തയ്യാറായത്.
ഞാൻ അല്പം മാറി ഒരു സിഗരെറ്റെടുത്തു കത്തിച്ചു. വീണ്ടും മൊബൈലിലെ വാട്സാപ്പ് നോക്കി, അവിടെ അടി തുടരുകയാണ്. ജാതി, മതം, ഭക്ഷണം, രാജ്യ സ്നേഹം.. എനിക്ക് ചിരി വന്നു.
മുഹമ്മദിന് നോമ്പ് തുറക്കാൻ കൃഷ്ണൻ വിളിച് ഒരു നസ്രാണിയായ എന്നോട് പറയുന്ന യഥാർത്ഥ ഇന്ത്യയിൽ, വാട്സാപ്പിലും ഫേസ്ബുക്കിലും ആർക്കോ, എന്തിനോ വേണ്ടി പരസ്പരം കലഹിക്കുന്ന ഡിജിറ്റൽ ഇന്ത്യ.
by
സജി എം മാത്യൂസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo