ഗൗരിയോട് ഒരു വാക്ക്
=================
=================
ചെറുതായിട്ട് മഴ ചാറുന്നുണ്ട്...
അയാൾ വീട്ടിലിരുന്നു കൊണ്ട് തന്നെ പുറത്തേക്ക് നോക്കി..
ഇന്നെഴുന്നേറ്റപ്പോൾ മുതൽ ടെൻഷനാണ്... ഒന്നിലും ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല...
പത്രം തുറന്ന് നോക്കിയെങ്കിലും ഒരു വാർത്ത പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല...
മനസ്സിൽ അക്കാര്യം മാത്രം..
പറയണോ വേണ്ടയോ എന്ന് ചിന്തിച്ചു ഇന്നേക്ക് രണ്ടു ദിവസമായി...
കാര്യം നേരെ കേറി അങ്ങ് പറയാൻ ധൈര്യമില്ലാഞ്ഞിട്ടല്ല...
പക്ഷേ അത് എങ്ങിനെ സ്വീകരിക്കും എന്നതാണ് പ്രശ്നം ....
അയാൾ വാച്ചിൽ നോക്കി... സമയം 9.25 എന്നും 9.30 ക്ക് ആണ് ഗൗരി പോകുന്നത്...
ഇന്നെന്തായാലും പറയണം...
അമ്മ ഇന്നലേം കൂടി പറഞ്ഞു.. മോനെ നാളെ നീ എന്തായാലും പറയണേ എന്ന് ...
നാളെ എന്തായാലും പറയും അമ്മേ... ഉറപ്പും കൊടുത്തു....
ആ പറഞ്ഞില്ലെങ്കിൽ ഞാൻ പെറ്റത് ആണത്തമില്ലാത്ത ഒരുത്തനെയാണ് എന്നെനിക്ക് ചിന്തിക്കേണ്ടി വരും... അമ്മ മറുപടിയും തന്നു...
അമ്മയെ പറഞ്ഞിട്ടും കാര്യമില്ല...മിനിഞ്ഞാന്നും ഇതേ ഉറപ്പ് തന്നെയാണ് കൊടുത്തത്..
പക്ഷേ ഇന്നലെ അവൾ വരുന്ന നേരമായപ്പോൾ പതുക്കെ വലിഞ്ഞു...
പറയുന്നത് കൊണ്ടല്ല... പക്ഷേ ഗിരിയേട്ടനും ചന്ദ്രേട്ടനും കൂടെ തന്നെയുണ്ടാകും ...
അവർ രണ്ടു പേരുമായിട്ടും തനിക്ക് നല്ല അടുപ്പമാണ്...
അവർ അറിഞ്ഞോണ്ട് അവൾ അങ്ങിനെ ഒരു തെറ്റ് ചെയ്യില്ല...
കണ്ണിലെ കൃഷ്ണമണിയെ പോലെയാണ് അവർ ഗൗരിയെ നോക്കുന്നത് ...
ഇന്നാള് ഗൗരിയുടെ നെറ്റിയിലെ ചന്ദനം ഒരു കള്ളു കുടിയൻ മായ്ക്കാൻ നോക്കി എന്നതിന് ചന്തയിലിട്ട് പട്ടിയെ തല്ലുന്നത് പോലെയാണ് അയാളെ തല്ലിയത്... അത്രക്ക് ജീവനാണ് അവർക്ക് ഗൗരിയേ...
പക്ഷേ നമ്മൾ അറിഞ്ഞ ഒരു കാര്യം പറയാതിരുന്നാൽ അതല്ലേ ഏറ്റവും വലിയ തെറ്റ്...
കാര്യം ഗൗരിയേ തനിക്ക് ഇഷ്ടമാണ്.. അവളുടെ ആ ഐശ്വര്യമുള്ള മുഖം ആർക്കാണ് ഇഷ്ടപെടാത്തത്...
പക്ഷേ...
ചന്ദ്രേട്ടനും ഗിരിയേട്ടനും ഇതറിയുമ്പോൾ അവരുടെ മുഖഭാവം അതോർക്കുമ്പോൾ ആണ് വിഷമം...
ഇന്നലേം ഇതുവഴി അവളെയും കൊണ്ട് പോയപ്പോൾ ഗിരിയേട്ടൻ കൈ വീശി കാണിച്ചതാണ്...
ഇന്നെന്തായാലും പറഞ്ഞിട്ടുള്ള കാര്യമേ ഉള്ളൂ... അയാൾ ഉറപ്പിച്ചു..
അപ്പോഴേക്കും റോഡിൻറെ അങ്ങേ തലക്കൽ അവളുടെ തലവെട്ടം കണ്ടു..
ഒന്നേ നോക്കിയുള്ളൂ ...
ഇന്നും നല്ല ഐശ്വര്യമുണ്ട്... കുളിച്ചു കുറിയൊക്കെ തൊട്ട്...
വേഗം മിഴികൾ മാറ്റി..
നോക്കി കൊണ്ടിരുന്നാൽ ധൈര്യം ചോർന്നു പോകുന്നത് പോലെ..
വീടിന്റെ മുമ്പിൽ എത്തിയതും നേരെ മുമ്പിൽ കൈ വിരിച്ചു തടഞ്ഞു നിർത്തി...
അവൾ നിന്നു ....
പ്രതീക്ഷിച്ചത് പോലെ ഗിരിയേട്ടനാണ് ചോദിച്ചത് ...എന്താടാ രമേശാ...
എനിക്കൊരു കാര്യം പറയാനുണ്ട് ഗിരിയേട്ടാ... ഗൗരിയെ കുറിച്ചാണ്.... എന്നോട് വിഷമം ഒന്നും തോന്നരുത്... നേരിട്ട് ഗിരിയേട്ടന്റെ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്..
എങ്കിലും അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഇടം കണ്ണിട്ടു നോക്കി പ്രതീക്ഷിച്ചത് പോലെ തന്നെ ആ മുഖത്ത് അമ്പരപ്പ് നിറയുന്നത് കണ്ടു...
നീ കാര്യം പറയ് ... ഇപ്പൊ സ്വരത്തിൽ മുമ്പത്തെ അത്രയും സ്നേഹമില്ല...
പതുക്കെ തല തിരിച്ച് ഒന്ന് നോക്കി കട്ടിളപ്പടിയിൽ അമ്മ തന്നെയും നോക്കി നിൽക്കുന്നു...
ഇനിയും പറഞ്ഞില്ലെങ്കിൽ ആണത്തമില്ലാത്ത ഒരു മകനെയാണല്ലോ പെറ്റത് എന്നോർത്ത് അമ്മ വിഷമിക്കും എന്നുറപ്പായി...
അല്ല താൻ ആണത്തം ഉള്ളവൻ തന്നെ...
എവിടെ നിന്നോ കുറച്ചു ധൈര്യം മനസ്സിലേക്ക് വന്നു...
രണ്ടും കല്പിച്ചു പറഞ്ഞു... വേറൊന്നും വിചാരിക്കേണ്ട അതേ നിങ്ങൾ ഇവളെയും കൊണ്ട് പോകുമ്പോ ഇവിടെയെത്തുമ്പോ ഒന്ന് പതുക്കെ പോണം... ഈ മഴക്കാലം കഴിയുന്നത് വരെ മതി റോട്ടിലെ ഗട്ടറിൽ നിന്ന് വെള്ളം തെറിക്കുന്നത് നേരെ വീടിന്റെ ചുമരിലേക്കാണ്.. ഒരുവിധത്തിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി...
ഇത്രയേ ഉള്ളോ.. സോറി ടാ രമേശാ നാളെ മുതൽ ശ്രദ്ധിക്കാം.. നിനക്ക് വെറുതേയിരിക്കുമ്പോ രണ്ടു കല്ലെടുത്തിട്ട് ആ കുഴി ഒന്ന് മൂടിക്കൂടേ... ഇത്രയും പറഞ്ഞിട്ട് ഗിരിയേട്ടൻ ബെല്ലടിച്ചു...
ചന്ദ്രേട്ടൻ ഗൗരിയുടെ ഗിയർ ലിവർ മാറി...
ഗൗരി നമ്ര ശിരസ്‌കയായി കുണുങ്ങി കുണുങ്ങി യാത്ര തുടർന്നു...
മനസ്സിൽ കയറ്റി വെച്ച ഭാരം എല്ലാം തീർത്ത ആശ്വാസത്തിൽ അയാൾ തലയും ഉയർത്തിപ്പിടിച്ചു വീട്ടിലേക്ക് നടന്നു...
കണ്ടോ അമ്മേ അമ്മയുടെ ആണത്തമുള്ള മകൻ എന്ന ഭാവത്തിൽ തന്നെ...
പക്ഷേ മനസ്സിൽ ഒരു സംശയം തോന്നി ഇത് പറയാൻ ആണോ താൻ ഇത്രക്ക് ടെൻഷൻ അടിച്ചത്... അയ്യേ
ശുഭം
ജയ്‌സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക