Slider

ഒരു കല്യാണ കഥ - step-by-step process

0

ഒരു കല്യാണ കഥ - step-by-step process
******************************************************
പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ജീവിത കഥയുടെ തിരക്കഥ .
വിവാഹാലോചന
വിവാഹപ്രായമായ മകളെ ഇനി വീട്ടിൽ നിറുത്തിയാൽ നാട്ടുകാരോടും വീട്ടുകാരോടും ഉത്തരം പറഞ്ഞു മടുക്കും എന്ന് തിരിച്ചറിവിൽ വീട്ടുകാർ ഒരു പരിഹാരത്തിനായ് ആലോചന തുടങ്ങുന്നു.ആ ആലോചന വിവാഹാലോചനകൾക്കുള്ള തുടക്കമാകുന്നു .
മൂന്നാക്കാരൻ
അങ്ങേരാണ് ഭൂഗോളത്തിൻറെ ഏതോ ഒരു കോണിലുള്ള രണ്ട് തോണികളെ ഒരുമിച്ച് ഒരേ കടവത്ത് എത്തിക്കുന്ന ഇന്ദ്രജാലക്കാരൻ. മുൻപോട്ടുള്ള ഒരുമിച്ചുള്ള യാത്രക്ക് പച്ചക്കൊടി വീശുന്നത് ഭൂഗോളത്തിൻറെ സ്പന്ദനമറിയുന്ന,വിലപേശലും കച്ചവടം ഉറപ്പിക്കലും എല്ലാം നല്ല വശമുള്ള ഈ അച്ചുതണ്ടുകാരനാണ് .
പെണ്ണുകാണൽ
ഒരിക്കൽ പോലും ഇതിനു മുൻപ് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഭാവി വരനും വധുവും രണ്ട് കുടുംബക്കാരും ഒരു കപ്പ് ചായ /കാപ്പി കുടിച്ചു നാട്ടുവിശേഷവും കുടുംബ വിശേഷവും പറയാൻ ഒത്തുകൂടുന്ന ചടങ് . ചെറുക്കനും പെണ്ണും കണ്ടു കണ്ടില്ല ...മിണ്ടി മിണ്ടില്ല .....
ചാര പണിക്കാർ
ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടിൽ നിന്നും കഴിയുന്നത്ര ആൾക്കാരെ ചാരപ്പണിക്കായി കളത്തിൽ ഇറക്കുന്നു .അവർ വാശിയോടെ എതിർ ചേരിയിലുള്ളവരുടെ അപ്പനപ്പൂപ്പന്മാർ മുതലുള്ള ചരിത്രം അരിച്ചു പെറുക്കുന്നു,കൂട്ടത്തിൽ ഏറ്റവും പ്രധാനം ചെറുക്കന്റെയും പെണ്ണിന്റെയും സ്വഭാവ മഹിമകൾ കണ്ടെത്തുന്നതിനാണ് .അങ്ങനെ ചാരപ്പണിക്കാരുടെ കണ്ടെത്തലുകളിൽ ചില ആലോചനകൾക്കു ഫുൾ സ്റ്റോപ്പ് വീഴും.അല്ലെങ്കിൽ ആ വിവാഹാലോചന അടുത്ത കടമ്പയിലേക്കു കടക്കും .
കല്യാണം ഒറപ്പിക്കൽ
പെണ്ണിൻറെ വീട്ടിൽ നിന്നും പെണ്ണൊഴിച്ചു ഒന്നോ രണ്ടോ വണ്ടി നിറയെ ബന്ധുക്കൾ ,ചെറുക്കന്റെ വീട്ടിലോട്ടു പറഞ്ഞോറപ്പിച്ച ദിവസവും സമയവും നോക്കി സൽക്കാരത്തിന് പോകുന്നു .ചെറുക്കന്റെ വീട്ടിലെ ബന്ധുക്കളും പെണ്ണിൻറെ വീട്ടിലെ ബന്ധുക്കളും ലോക വിശേഷങ്ങൾ ചർച്ച ചെയ്യുന്നു . ചെറുക്കൻ വളരെ വിനീതനായി എല്ലാവരോടും ആവശ്യത്തിന് മാത്ര൦ സംസാരിച്ചു എല്ലാവരുടെയും കണ്ണിലുണ്ണിയാകുന്നു . ഈ ചടങ് കഴിഞ്ഞിട്ടും ഒരു ഉറപ്പിന് വേണ്ടി വീട്ടിലെല്ലാവരും കൂടെ തീരുമാനിച്ചു ചെറുക്കന്റെ അതെ പ്രൊഫെഷണലിൽ ജോലിയുള്ള കുടുംബത്തിലെ മറ്റൊരാളെകൊണ്ട് കുറച്ചു കൂടെ ആധികാര്യകമായി ഒരു ഫോൺ ഇൻ ഇന്റർവ്യൂ കൂടെ നടത്തി .
ആടയാഭരണം എടുക്കൽ
ഈ ചടങ് എല്ലായിടത്തും അല്ലെങ്കിൽ എല്ലാ മതക്കാർക്കും ഉണ്ടോ എന്നറിയില്ല . പെണ്ണിൻറെ വീട്ടിൽ നിന്നും ,ചെറുക്കന്റെ വീട്ടിൽ നിന്നും ഓരോ കാർ നിറയെ ഏറ്റവും വേണ്ടപ്പെട്ട വീട്ടുകാരും ചെറുക്കനും പെണ്ണും മുൻപേ പറഞ്ഞുറപ്പിച്ച പട്ടണത്തിലെ എതെകിലും പേരുകേട്ട തുണിക്കടയിലും സ്വർണക്കടയിലും കയറിയിറങ്ങി എല്ലാവർക്കും ഇഷ്ടപെട്ട സാധനങ്ങൾ വാങ്ങുന്നു .എളിമയുടെയും വിനയത്തിന്റേയും നിറകുടമായ പെണ്ണ് ചിലപ്പോൾ ഇഷ്ടപെട്ടില്ലെങ്കിലും എനിക്ക് അതല്ല ഇതാണ് വേണ്ടതെന്ന് പറയാൻ മടിച്ചു എല്ലാത്തിനും മൂളി മൂളി സമ്മതം അറിയിക്കുന്നു .പക്ഷെ ഇന്നത്തെ കാലത്ത് ഇനി അതൊന്നും നടക്കില്ല .പെണ്ണിന്റെയും ആണിന്റെയും രണ്ടാമത്തെ കൂടിക്കാഴ്ച ,എട്ടു പത്തു ആൾക്കാർക്കൊപ്പം,രണ്ട് കൂട്ടരുടെയും മാതാപിതാക്കൾക്കൊപ്പം . വീണ്ടും മിണ്ടി മിണ്ടില്ല ,കണ്ണ് നിറച്ചു കണ്ടു ....
മനസമ്മതം
ഉടുത്തൊരുങ്ങി ,സുന്ദരിയായി മൂന്നാമത്തെ കൂടിക്കാഴ്ച . പെണ്ണിൻറെ വീട്ടിലും ഇടവകയിലും ആയി ചടങ്ങുകൾ ,പത്തഞ്ഞൂറു ആൾക്കാരുടെ മുൻപിൽ .വീണ്ടും മിണ്ടി മിണ്ടില്ല ..കണ്ടു കണ്ടില്ല .പക്ഷേ ഫോട്ടോഗ്രാഫറെ നല്ലോണം കണ്ടു ...അന്ന് ഫോട്ടോഗ്രാഫർ ആണ് മുഖ്യ കാർമ്മികൻ ,അയ്യാള് പറയുന്നതാണ് അന്നത്തെ ശെരി .....
കല്യാണത്തലേന്ന്
വീട്ടുവകരും, ബന്ധുക്കളും, അയല്പക്കകാരും ,പാചകക്കാരും എല്ലാവരും കൂടെ വൈകുന്നേരം മുതൽ വീട്ടിൽ നല്ല മേളം .ഇതിന്റെ ഇടയിൽ കല്യാണപ്പെണ്ണിന്റെ നെഞ്ചിലെ പട പട മേളം ആരും അറിയുന്നില്ല .അന്ന് രാത്രിയും കൂടേയെ ഉള്ളു വീട്ടിലെ കുട്ടിയുടെ കുട്ടികളികൾ ,നേരം ഇരുട്ടി വെളുത്തു ചടങ് കഴിഞ്ഞാൽ ഒരു പാട് ഉത്തരവാദിത്വ പട്ടങ്ങൾ കാത്തിരിക്കുന്നുണ്ട് ..ഭാര്യാ ,മരുമകൾ ,പുതിയ വീട്ടിലെ ചേച്ചി /അനിയത്തി അങ്ങനെ അങ്ങനെ , ഒരൊറ്റ രാത്രികൊണ്ട് ജീവിതം പുതിയ അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങും .
കല്യാണം
അതിരാവിലെ ഉടുത്തൊരുങ്ങി സർവ്വാഭരണ വിഭൂഷിതയായി, സുന്ദരിയായി ഒരു ഡസൻ വണ്ടികളുടെ അകമ്പടിയായി ചെറുക്കന്റെ ഇടവകയിലേക്ക്.അവിടെയും കാണും ഒരുപാടു ഒരുപാടു ആൾക്കാർ ,നമ്മൾ അറിയാത്തവർ ,കാണാത്തവർ .അന്ന് പ്രധാന കാർമ്മികൻ പള്ളിലച്ചനും ഫോട്ടോഗ്രാഫറുമാണ്. ചടങ്ങുകളെല്ലാം കഴിഞ്ഞു സദ്യ പാരിഷ് ഹാളിലായിരിക്കും .അങ്ങോട്ട് തിരിഞ്ഞു ,ഇങ്ങോട്ടു തിരിഞ്ഞു ,അങ്ങനെയും ഇങ്ങനെയും ഒക്കെ ചിരിച്ചു ഫോട്ടോ പിടുത്തം .
വീട് കാണൽ /ഗൃഹപ്രവേശം
കല്യാണ ചടങ്ങുകളും ഊണും കഴിഞ്ഞു പെണ്ണിൻറെ വീട്ടിൽ നിന്ന് വന്നവരും ,ചെറുക്കന്റെ അടുത്ത ബന്ധുക്കളും ചെറുക്കനും പെണ്ണും ഒക്കെ കൂടി ചെറുക്കന്റെ വീട്ടിലേക്കു ,അവിടെ ചെന്നിട്ടു അടുത്ത ചടങ് ഗൃഹപ്രവേശം ആണ് ,ആദ്യമായിട്ട് വീട്ടിലേക്കു കയറുമ്പോൾ വലതു കാൽ വെച്ച് കേറുന്നതാണ് ഐശ്വര്യ൦ എന്നതുകൊണ്ട് ,കാറിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ വലത് കൈ വലത് കാലിൽ ചേർത്ത് പിടിച്ചിരിക്കും ,വെപ്രാളം കൊണ്ടെങ്ങാനും മാറിപോയാലോ എന്ന് കരുതി .
അങ്ങനെ അകത്തേക്ക് ,പിന്നെ പെണ്ണിന്റെ 'അമ്മ കയ്യ് പിടിച്ചു ചെറുക്കന്റെ
അമ്മയുടെ കൈയിൽ ഏല്പിക്കും ,പിന്നെ ഒരു ചെറിയ കട്ടൻ ചായ സൽക്കാരം ,പിന്നെ പെണ്ണിൻറെ വീട്ടുകാർ റ്റാറ്റാ ബൈ ബൈ പറഞ്ഞു തിരിച്ചു പോകും .
അങ്ങനെ എൻറെ കല്യാണം കഴിഞ്ഞു ...... ഞാൻ ഭാര്യയും മരുമകളും ആയി.ഞങളുടെ ഒരുമിച്ചുള്ള യാത്രക്ക് തുടക്കവും ആയി .
നാല് ദിവസ പാർക്കൽ
കല്യാണം കഴിഞ്ഞ അന്ന് എത്രയും പെട്ടന്ന് നാലാം ദിവസം ആകാൻ ആയിരുന്നു കാത്തിരിപ്പ് ,അന്ന് എൻറെ വീട്ടിൽ നിന്നും ഞങ്ങളെ അടുത്ത നാല് ദിവസത്തേക്ക് എൻറെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകും . ഉച്ചക്കുള്ള വിഭവസമൃദ്ധമായ ഊണിനു ശേഷം നാല് ദിവസം വളരെ അടങ്ങിയൊതുങ്ങി മിതമായി മാത്ര൦ സംസാരിച്ചു നടന്നിരുന്ന ഞാൻ യാത്രക്കൊടുവിൽ എൻറെ നാട്ടിലേക്ക് കാർ തിരിഞ്ഞതും, നാല് ദിവസം ഞാൻ എവിടെയോ ഒളിപ്പിച്ച എൻറെ ആവേശവും വർത്തമാനവും ചിരിയും ഒക്കെ പെട്ടന്ന് എന്നിലേക്ക് സ്വയം ആവാഹിച്ചപ്പോൾ ഒരു പുതിയ അവതാരത്തെ കണ്ട പോലെ അമ്പരന്നു എന്നെ നോക്കിയ ഭർത്താവിന്റെ ഒരു നോട്ടം ഒരിക്കലും മറക്കില്ല .
എല്ലാ കല്യാണ കഥകളൂം ഇങ്ങനെ ആകണമെന്നില്ലാട്ടോ.പന്ത്രണ്ടു വർഷങ്ങൾക്കു മുൻപുള്ള ഒരു കല്യാണം .പല പല തരത്തിലുള്ള കല്യാണ കഥകളിൽ ഒരെണ്ണം .
അങ്ങനെ ഇങ്ങനെ ഇന്നും ഞങ്ങളുടെ യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു ...

Ligi Seby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo