Slider

ഒരേ തീരം

0
Image may contain: 2 people

ആ മഹാനഗരത്തിന്‍റെ വന്യതയില്‍ തീര്‍ത്തും അന്തര്‍മ്മുഖനായി ജീവിക്കുകയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അയാള്‍.
ഈ ട്രാന്‍സ്ഫര്‍ അയാള്‍ ചോദിച്ചുവാങ്ങിയതാണ്. സ്വന്തം നാടും, വളര്‍ന്ന വീടും വിട്ട് ഏകാന്തമായ ഒരു ജീവിതം.....
ഏകാന്തത......, അത് ഭീകരമാണ്.... തമസ്സിലും, അഹസ്സിലും ഒരുപോലെ ഭയാനകം......
ഇന്ദുവും മകളും......, ഒരു യാത്ര പറച്ചിലിനുപോലും കാത്തുനില്‍ക്കാതെ അവര്‍ കടന്നുപോയ ആ ദിവസത്തെകുറിച്ചാണ് അയാള്‍ ഒാര്‍ത്ത്........ തന്റെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം ആ ട്രാഫിക്ക് സിഗ്നലിനുമുന്നില്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത്
സ്വന്തം ജീവിതമായിരുന്നു. താനടക്കം എത്രയോ പേരുടെ നിറമുള്ള സ്വപ്നങ്ങളാണ് ആ കറുത്ത പാതയില്‍ പൊലിഞ്ഞു പോയത്............
കുടുംബം ഒരു രക്ഷാവലയമാണ്.... അതില്ലാതാവുന്നതോടുകൂടി മതിലുകളില്ലാതെ തുറന്നിട്ട ഈ ലോകത്ത് നമ്മള്‍ ഒറ്റയാന്മാരാകും.....
അവളും , മകളും സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും, ജീവിതത്തിന്റെ വിരക്തിയില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത് യാത്രകളില്‍ നിന്നാണ്. ഇന്ദു ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷമാണ് അയാള്‍ യാത്രകളെ പ്രണയിച്ചുതുടങ്ങിയത്. അവള്‍ക്ക് വീടെന്നാല്‍ യാത്രകളായിരുന്നു......
യാത്ര നിങ്ങളുടെ മുന്‍വിധികളെ നിഷ്പ്രഭമാക്കും, ഇടുങ്ങിയ നിങ്ങളുടെ മനസ്സിനെ വിശാലമാക്കും.......
അവരുടെ ഒാര്‍മ്മകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് സത്യത്തില്‍ ഈ കൂടുമാറ്റം.
ഒളിച്ചോട്ടം....., ഒാര്‍മ്മ എന്ന പദം ഉള്ളെടുത്തോളം കാലം ഒളിച്ചോട്ടം എന്ന പദം വിഢിത്തമാണ്..................
ശുദ്ധ അസംബന്ധം.... പിന്നെ അഭിനയിക്കാം, എല്ലാം മറന്നവനെപ്പോലെ ഈ ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന മനുഷ്യ ജീവികളെപ്പോലെ...
കാലത്തുള്ള നടത്തം, അതുകഴിഞ്ഞ് കാപ്പികുടിയും വിശാലമായ പത്രവായനയും. ഉച്ചയൂണ്‍ ഒാഫീസിനടുത്തുള്ള വനിതാ ഹോട്ടലില്‍ നിന്നാണ്.... പിന്നെ വാരാന്ത്യത്തിലുള്ള ചെറിയ യാത്രകള്‍...... കഴിഞ്ഞ രണ്ടു വര്‍ഷമായി അയാളുടെ ദിനചര്യകള്‍ ഇങ്ങനെയാണ്.....
വിഷുവിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അയാളുടെ വീടിനടുത്തായി, ദേശീയ പാതയോടുചേര്‍ന്ന് ഒരു നാടോടിസംഘം തമ്പടിച്ചത്. ഒരു ദിവസം
കൊണ്ട് അവര്‍ അഞ്ച് കുടിലുകള്‍ പണിതു..... ടാര്‍പോളും, ഫ്ലക്സും കൊണ്ട് നിര്‍മ്മിച്ചവ.....
അതും വീടുകള്‍ തന്നെ.... അവിടെയുമുണ്ട്
സ്വപ്നങ്ങളും,
പ്രതീക്ഷകളും...... എത്രപ്പെട്ടെന്നാണ് അവര്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത്.
വിഷു വിപണി ലക്ഷ്യമിട്ട് കൃഷ്ണവിഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്ന സംഘമാണ് അവരുടെത്. കൃഷ്ണനും, ഗണപതിയും, സരസ്വതിയും റോഡുവക്കില്‍ വില്‍പ്പനയ്ക്കായി നിരന്നു നിന്നു.... ജീവിതത്തിന്‍റെ നിറങ്ങള്‍ നഷ്ടപ്പെട്ടവര്‍ അതിന് വര്‍ണ്ണങ്ങള്‍ ചാലിച്ചു. എസി കാറില്‍ നിന്നും പുറത്തിറങ്ങിയവര്‍ വിലപേശി അവ വാങ്ങി പൂജാമുറിയില്‍ വെച്ച് ആരാധിക്കുന്നു ..... അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ.........? !എന്തോ....... എനിക്കറിയില്ല...... അവ വിലകുറഞ്ഞ പ്ലാസ്ട്രോപാരീസുകൊണ്ട് നിര്‍മ്മിച്ചവയാണ്.... നിലത്തുവീണാല്‍ ഉടഞ്ഞുപോവുകയും
സ്വയം പൂര്‍ണ്ണരൂപം പ്രാപിച്ച് അത്ഭുതപ്പെടുത്തുവാന്‍ കഴിയാത്തതുമായ വെറും പ്രതിമകള്‍......
അവരുടെ സംഘത്തില്‍ ആറോളം കുട്ടികളുണ്ട്. അതില്‍ നീല കണ്ണുകളുള്ള കുട്ടിയെയാണ് അയാള്‍ ശ്രദ്ധിച്ചത്... അവള്‍ക്ക് മീനൂട്ടിയുടെ അതെ ഛായയാണ്.
എണ്ണമയമില്ലാത്ത ചെമ്പിച്ച അവളുടെ മുടി കാറ്റില്‍ അലക്ഷ്യമായി പാറിക്കളിച്ചു.... അതിന്റെ അഗ്രഭാഗം കടും ചുവപ്പ് റിബണ്‍ കൊണ്ട് കെട്ടിട്ടുണ്ട്.... അവളെക്കാള്‍ വലുപ്പമുള്ള ഒരുടുപ്പാണ് ധരിച്ചിരിക്കുന്നത്... കൈയില്
 എല്ലായ്പ്പോഴും ഒരു കുഞ്ഞ് കൃഷ്ണ വിഗ്രഹം ഉണ്ടാവും. പണമുള്ള വീട്ടിലെ കുട്ടികളുടെ കൈയിലെ ബാര്‍ബി ഡോളിനെപ്പോലെയോ, ടെഡിബിയറിനെപ്പോലെയോ അവളതിനെ ഊട്ടുകയും ഉറക്കുകയും ചെയ്യുന്നത് കാണാം..
ഒരിക്കല്‍ അവളുടെ അശ്രദ്ധകൊണ്ട് വില്‍പ്പനയ്ക്ക് വെച്ച കൃഷ്ണ വിഗ്രഹങ്ങളിലൊന്ന് ഉടഞ്ഞുപോയി. അതിന് ഒരു സ്ത്രീ അവളെ മാരകമായി പ്രഹരിക്കുകയും, വഴക്കുപറയുകയും ചെയ്യ്തു. അന്ന് മുതലാണ് അയാള്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയത്. സുഹാനയെന്നാണ് അവളുടെ പേര്.....
അന്നയാള്‍ വാങ്ങിയ പലഹാര പൊതി സുഹാനയ്ക്ക് സമ്മാനിച്ചു. ദിവസങ്ങള്‍ എത്രയോ കടന്നുപോയി അയാളെന്നും സുഹാനയ്ക്ക് പലഹാരപ്പൊതികള്‍ സമ്മാനിക്കും. അതിനുവേണ്ടി അവള്‍ റോഡുവക്കില്‍ കാത്തിരിക്കും. സംഭാഷണങ്ങളൊന്നും അവര്‍ തമ്മില്‍ ഉണ്ടാവാറില്ല. ഹൃദയം നിറഞ്ഞ പുഞ്ചിരികള്‍...... ചിലപ്പോ കൈവീശിയുള്ള യാത്ര പറച്ചിലുകള്‍ അത്രമാത്രം. അല്ലെങ്കിലും ചില വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭാഷയുടെയും, ലിപിയുടെയും ആവശ്യമില്ലല്ലോ.....!!! സന്താപത്തിനും,സന്തോഷത്തിനും
ലോകത്തെവിടെയും രണ്ടര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ കണ്ണുനീരും, പുഞ്ചിരിയും.
അന്നൊരു ഞായറാഴ്ചയായിരുന്നു. സുഹാനയെകാണാന്‍ വീടിനുപുറത്തിറങ്ങിയതാണയാള്‍. പതിവില്ലാതെ നാടോടിസംഘത്തില്‍ നിന്നും ഒരാള്‍ അയാളുമായി സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പാക്ക് ചവച്ച് ദ്രവിച്ച പല്ലുകളുമായി പുഞ്ചിരിച്ച് അയാള്‍ സംസാരിച്ചുതുടങ്ങി.......
അയാള്‍ക്ക് മലയാളം നന്നായി അറിയാം..... ഞാന്‍ ചോദിച്ചത് സുഹാനയെകുറിച്ചായിരുന്നു.
''അവള്‍ എന്റെ സഹോദരന്റെ മകളാണ്.....
അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല......
അവളുടെ അച്ഛനും, അമ്മയും കഴിഞ്ഞ വര്‍ഷം ഒരു റോഡപകടത്തില്‍ മരിച്ചു.... ''
''എന്റെ ഭാര്യക്ക് അവളെ കണ്ണെടുത്താ കണ്ടൂടാ....
അവളെ തൊട്ടതിനും പിടിച്ചതിനും തല്ലും....''
''അവളെ ഞാന്‍ ഇവിടെ അടുത്തുള്ള അനാഥാലയത്തിലാക്കുവാന്‍ തീരുമാനിച്ചു. അവള്‍ക്കവിടെ സ്വര്‍ഗ്ഗമായിരിക്കും. ''
'' അവളൊരു കൊച്ചുകുട്ടിയല്ലേ.....! അവളുടെ ജീവിതം.....''
''ഞങ്ങള്‍ നാടോടികളാണ് സാര്‍ ...... റോഡുവക്കില്‍ ജനിച്ച് റോഡുവക്കില്‍ മരിക്കുന്നവര്‍ ......, നിങ്ങളുടെ രാജ്യത്തെ ജനസംഖ്യാ കണക്കുകളില്‍ എവിടെയും പെടാത്തവര്‍......''
അയാള്‍ പൊട്ടിച്ചിരിച്ചു.....
'' ഞങ്ങള്‍ നാളെ ഇവിടംവിട്ട് പോവുകയാണ് സാര്‍ ''
''എവിടെക്ക് ........? ''
''മറ്റൊരു റോഡുവക്കിലേക്ക്.....''
അയാള്‍ ഒരു സാഹിത്യകാരനെപ്പോലെയോ തത്ത്വചിന്തകനെപ്പോലെയോ സംസാരിക്കുന്നു.
ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും സുഹാനയും ഒരേ തൂവല്‍ പക്ഷികളാണ്.....
ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍..... ഒരാള്‍ ജീവിതത്തിന്‍റെ തുടക്കത്തിലും, മറ്റൊരാള്‍ ജീവിതത്തിെന്‍റ മദ്ധ്യത്തിലും...
നാളെയാണ് വിഷു. ഇന്ദുവും മകളുമില്ലാത്ത വിഷുവും, ഒാണവും അയാള്‍ ആഘോഷിച്ചിട്ടില്ല. നാട്ടില്‍ പോകണം.....യാത്രാ വേളയിലും, വീട്ടില്‍ വെച്ചും ചിന്തകള്‍ മുഴുവന്‍ സുഹാനയെക്കുറിച്ചായിരുന്നു... അനാഥാലയത്തില്‍ ചിലവിടെണ്ടിവരുന്ന അവളുടെ
ബാല്യത്തെകുറിച്ചായിരുന്നു.
അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല ...... അടുത്ത ബസ്സില്‍ തന്നെ കയറി. സ്റ്റോപ്പില്‍ ഇറങ്ങിയതും ഒാടി..... നിര്‍ത്താതെയുള്ള ആ പ്രയാണം അവസാനിച്ചത് വീടിനുമുന്നിലാണ്...
ആ കുടിലുകള്‍ അപ്രത്യക്ഷമായിരിക്കുന്നു....
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ആ മരക്കുറ്റിയില്‍ പിടിച്ച് അയാള്‍ ഉറക്കെകരഞ്ഞു... വളര്‍ച്ചയുടെ ഒരുഘട്ടത്തില്‍ പുരുഷ വര്‍ഗ്ഗത്തിന്‍റെ കണ്ണുനീര്‍ ഗ്രന്ഥികള്‍ അടഞ്ഞുപോകുമെന്ന മിഥ്യാധാരണകള്‍ അണപ്പൊട്ടിയൊഴുകിയ അയാളുടെ കണ്ണീര്‍ പ്രവാഹത്തില്‍ ഒലിച്ചുപോയി.....
കൈത്തണ്ടയിലെ തണുത്ത സ്പര്‍ശനമാണ് അയാളെ ഉണര്‍ത്തിയത്....
''സാറിനെ കാത്തിരിക്കുകയായിരുന്നു...
കണ്ടിട്ടുപോവാമെന്ന് ഇവളുവാശിപിടിച്ചു... ഇനി ചിലപ്പോ കാണാന്‍ പറ്റിയില്ലെങ്കിലോ..''
സുഹാനയെ നെഞ്ചോടുചേര്‍ത്ത് അയാള്‍ ചോദിച്ചു.....
''ഇവളെ......, ഇവളെ...... ഞാനെടുത്തോട്ടെ...., എന്റെ മകളായി....., എന്റെ സ്വന്തം മകളായി.....''
അയാള്‍ എന്‍റെ മുന്നില് തൊഴുകൈകളോടെ നിന്നു....
''നിങ്ങള്‍ വലിയവനാണ്.... ദൈവം നിങ്ങളെ രക്ഷിക്കട്ടെ.....''
സുഹാനയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച
ശേഷം. വിശാലവും തിരക്കേറിയതുമായ ആ കറുത്ത പാതയുടെ അരികുപിടിച്ച് അയാള്‍ വിദൂരതയിലേക്ക് നടന്നുപോയി......
സുഹാനയുടെ കൈയിലുണ്ടായിരുന്ന ആ കുഞ്ഞു കൃഷ്ണ വിഗ്രഹം അയാള്‍ ശ്രദ്ധയോടെ മേശപ്പുറത്തുവച്ചു....
തൊഴുകൈകളോടെ അതിനുമുന്നില്‍ നിന്നപ്പോള്‍, അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല.... ഒന്നും ആവശ്യപ്പെട്ടില്ല.....
വെറുതെ..... കണ്ണുകളടച്ച് അങ്ങനെ അല്‍പ്പനേരം നില്‍ക്കുക മാത്രം ചെയ്തു.............
(ദിനേനന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo