
ഈ സന്ധ്യയിൽ, നഗരത്തിലെ ഷോപ്പിംഗ് മാളിലെ ആ പഴയ അതേ കഫേയിൽ ഇരുന്ന് ചായക്ക് ഓർഡർ ചെയ്യുമ്പോൾ കഫേയിലെ സ്പീക്കറുകളിൽ കൂടി എഫ്.എം റേഡിയോയിലെ അനൗൺസ്മെന്റ് കേട്ടു. ഒരു നിമിത്തം പോലെ.
" അടുത്ത ഗാനം ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ വേണുഗോപാൽ പാടിയ മനോഹരമായ ഒരു താരാട്ടുപാട്ടാണ്."
ആ ഗാനം തുടങ്ങുമ്പോൾ ഞാൻ കാത്തിരിക്കാൻ തുടങ്ങുകയാണ്. ആ ഗാനം എനിക്ക് വേണ്ടിയാണ് പാടുന്നത്.ആ വരികൾ എന്റെ ജീവിതം തന്നെയാണ്.
>>
ചെറുപ്പത്തില്‍ എനിക്ക് ഒരു വെളുത്ത പൂച്ച കൂട്ടായി ഉണ്ടായിരുന്നു.പുലർച്ചെ ജനാലവിരികള്‍ തള്ളിമാറ്റി കാല്പ്പാദത്തില്‍ ഉരുമ്മി എന്നെ ഉണര്‍ത്തുന്നത് ആ ചക്കി പൂച്ചയായിരുന്നു.
താമസിച്ചിരുന്ന വീടിന്റെ അരികില്‍ തണല്‍ പടർത്തി ഒരു പനിനീര്‍ ചാമ്പ നിന്നു.അതിന്റെ ചുവട്ടില്‍ തറകെട്ടി ഉയർത്തിയിരുന്നു. ചിലപ്പോൾ പകൽ തുടങ്ങുബോള്‍ ഞാന്‍ അതിന്റെ ചുവട്ടില്‍ പോയിരുന്ന് പഠിക്കും.പൂച്ച എന്റെ അരികില്‍ വന്നു കിടന്നു വെയില്‍ കായും. ഞാന്‍ പഠിക്കുന്നതിന്റെ അരികില്‍ ഒരു ചാരുകസേരയില്‍ പത്രവുമായി അച്ഛനും ഇടയ്ക്കു വന്നിരിക്കും.
ആ നാളുകളില്‍ പൂച്ചയായിരുന്നു എന്റെ ഏറ്റവും വലിയ കൂട്ട്.പിന്നെ അച്ഛനും.
ഒരു പഴക്കം ചെന്ന ഡയറിയിലെ ഒന്നും എഴുതാത്ത ,ആരുടേയും ഓർമ്മയിൽ ഇല്ലാത്ത, ശൂന്യമായ വെളുത്ത താളുകള്‍ പോലെ , ദിവസങ്ങള്‍ കടന്നു പോയി.ഒരു ദിവസം രാവിലെ പൂച്ച എന്റെ മുറിയില്‍ വന്നു.നേരം പുലർന്നിട്ട് ഏറെ നേരമായിരുന്നു. അന്ന് പതിവില്ലാതെ പൂച്ച എന്റെ കാലില്‍ തടവിയില്ല.പകരം പുതപ്പിനടിയില്‍ കടന്നു എന്റെ മുഖത്തിന് അടുത്ത് കുറെ നേരം കിടന്നു.ഞാന്‍ അപ്പോള്‍ കരയുകയായിരുന്നു.
പിന്നെ ഞാന്‍ എഴുന്നേറ്റു കട്ടിലില്‍ ഇരുന്നു .പൂച്ച എന്റെ മുഖത്തേക്ക് നോക്കി.പിന്നെ ജനാലവിരികള്‍ വകഞ്ഞു മാറ്റി അഴികൾക്കി ടയിലൂടെ ശരീരം കടത്തി മുറ്റത്തേക്ക് ചാടി.ഞാന്‍ തലയിണ ക്രാസിയിലേക്ക് ചാരി പാതി തുറന്ന ജനല്‍ വഴി മുറ്റത്തേക്ക് നോക്കി.പൂച്ച മുറ്റത്ത് നില്ക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം കൂടി പുറകോട്ട് നോക്കി കരഞ്ഞതിനു ശേഷം പൂച്ച മെല്ലെ നടന്നു പോകുന്നത് ഞാന്‍ കണ്ടു.ഗേറ്റ് കടന്നു ഒരു വെളുത്ത പൊട്ടായി അത് എന്റെ ജീവിതത്തില്‍ നിന്ന് മറഞ്ഞു.
അച്ഛന്‍ മരിച്ചതിനു മൂന്നാമത്തെ ദിവസമാണ് പൂച്ച പോയത്.അത് തിരിച്ചു വരുമെന്ന് വിചാരിച്ചു ഞാന്‍ കുറെ ദിവസം കാത്തിരുന്നു.അത് വന്നില്ല.
മുറികളില്‍ അച്ഛന്റെ ഗന്ധം ഉണ്ടായിരുന്നു.അച്ഛന്റെ മുറിയില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.മേശയിലെ പുസ്തകങ്ങള്‍,പേനകള്‍ വയ്ക്കുന്ന പെൻ ഹോൾഡർ,കണ്ണാടി ,ഒക്കെ അതെ സ്ഥാനങ്ങളില്‍ അച്ഛനെ കാത്തിരുന്നു.രാത്രിയില്‍ ഞാന്‍ അച്ഛന്റെ വെളുത്ത വരവരയന്‍ ഷർട്ട് എടുത്തു കെട്ടിപിടിച്ച് ഉറങ്ങാന്‍ കിടന്നു.അച്ഛന്‍ അടുത്ത് കിടക്കുന്നത് പോലെ ഞാന്‍ വിചാരിച്ചു.
അതിതീവ്രമായ വിഷാദം ഒരു മഴയായി മനസ്സില്‍ പെയ്തു കൊണ്ടിരുന്നു.മനസ്സിലെ പോലെ പുറത്തു ചാറ്റല്‍ മഴ പെയ്തു കൊണ്ടിരുന്ന ഒരു ദിവസം രാവിലെ ഞാന്‍ മുറിയിലെ ടേപ്പ് റെക്കൊർഡർ ഓണ്‍ ചെയ്തു.അപ്പോള്‍ ആ താരാട്ട് പാട്ട് കേട്ടു.
"രാരീ രാരീരം രാരോ,...പാടി രാക്കിളി പാടി..
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ,..നീളെ,
വിണ്ണില്‍ വെൺ താരങ്ങള്‍.. മണ്ണില്‍ മന്ദാരങ്ങള്‍,..
പൂത്തു വെൺ താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍..
രാരീ രാരീരം രാരോ ..."
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ,..നീളെ,
വിണ്ണില്‍ വെൺ താരങ്ങള്‍.. മണ്ണില്‍ മന്ദാരങ്ങള്‍,..
പൂത്തു വെൺ താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍..
രാരീ രാരീരം രാരോ ..."
ആ താരാട്ട് കേട്ട് കൊണ്ട് ഞാന്‍ ജനാലവിരികള്‍ മാറ്റി പുറത്തേക്കു നോക്കി.പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ ചുവന്ന പൂക്കള്‍ വീണു കിടന്നു.മുറ്റം നിറയെ അതിന്റെ ചുവപ്പ് വീണു സാന്ദ്രമായി.അതിന്റെ ചുവട്ടില്‍ അച്ഛന്‍ അപ്പോഴും ഇരിക്കുന്നുവെന്ന് എനിക്ക് തോന്നി.തിരിഞ്ഞു മറിഞ്ഞു കിടന്നു ചുവന്ന പൂക്കളില്‍ ആ പൂച്ച കളിക്കുന്നത് ഞാന്‍ സങ്കല്പ്പി്ച്ചു.
ആ പൂച്ച ഇപ്പോള്‍ എവിടെയായിരിക്കും ?അച്ഛന്‍ ഇപ്പോള്‍ എവിടെയായിരിക്കും?
ഞാന്‍ കണ്ണുകള്‍ അടച്ചു.വിഷാദത്തിന്റെ നിഴല്‍ ഉള്ള വേണുഗോപാലിന്റെ മൃദുസ്വരം ഹൃദയത്തിലേക്ക് മഞ്ഞുതുള്ളികള്‍ പോലെ പൊഴിയുന്നു.ആത്മാവ് ഒരു തൊട്ടിലില്‍ ആടുകയാണ്.
ആ പൂച്ച കാലില്‍ ഉരുമ്മുന്നത് പോലെ എനിക്ക് തോന്നി.ജനാലയുടെ വെള്ളവിരികള്‍ കാറ്റില്‍ ചലിക്കുന്നു.
അച്ഛന്‍ തോളില്‍ തട്ടി പറയുന്നു.:
"സാരമില്ല മോനെ..."
മുറിയടച്ചിരുന്നു എത്ര പ്രാവശ്യം ആ പാട്ട് കേട്ടുവെന്നു അറിയില്ല.ആ പാട്ടില്‍ നിന്ന് ഉണരുബോള്‍ മനസിന് ഒരു ശക്തി കിട്ടിയത് പോലെ തോന്നി.അത് കൊണ്ട് തന്നെ ഫാനില്‍ കുരുക്കിയിട്ട പഴയ സാരിയും അതിനു താഴെ തയ്യാറാക്കിയ സ്റ്റൂളും എടുത്തു മാറ്റാന്‍ കഴിഞ്ഞു.
പിന്നെയും വർഷങ്ങള്‍ കടന്നു.നിദ്ര കൈവിട്ട് ,ഇരുട്ടിന്റെ മഹാസമുദ്രങ്ങളിൽ ,എപ്പോഴൊക്കെയോ ഒറ്റക്കായപ്പോള്‍ ആ താരാട്ട് അച്ഛനെ ഓർമ്മിപ്പിച്ചു.
പതിയെ ജീവിതത്തില്‍ ഒരു കൂട്ട് വന്നു.ഒരു പെണ്കുഞ്ഞു കൂട്ടില്‍ പിറന്നു.മേഘ എന്നായിരുന്നു ഞങ്ങള്‍ അവൾക്ക് പേരിട്ടത്.ആ താരാട്ട് പിന്നെ അവളെ ഉറക്കാനായി പാടി തുടങ്ങി.
അവൾക്ക് ആറു വയസ്സ് തികഞ്ഞ ദിവസം അവള്‍ തളർന്നു വീണു.പരിശോധനക്ക് ശേഷം ഡോക്ടർമാർ അവളുടെ ഹൃദയത്തിനു ഗുരുതരമായ തകരാര്‍ ഉണ്ടെന്നു കണ്ടുപിടിച്ചു.പതിയെ കിഡ്നിയും തകരാറിലായി.
ഒരു വഴി മാത്രമേ മുൻപില്‍ ഉണ്ടായിരുന്നുള്ളു.മേഘയുടെ ഹൃദയം മാറ്റി വയ്ക്കുക.
വീണ്ടും രാത്രികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.ഓരോ ദിവസവും അവള്‍ മരണത്തിന്റെ ഗേറ്റിലേക്ക് നടക്കുകയാണ്.ഒരിക്കല്‍ വെളുത്ത പൊട്ടു പോലെ മറഞ്ഞു പോയ ബാല്യത്തിലെ പൂച്ചയെ ഞാന്‍ സ്വപ്നം കണ്ടു.
"അവളുടെ അതെ പ്രായമുള്ള ഒരു പെണ്കുട്ടിയുടെ ഹൃദയം വേണം.ഏതെങ്കിലും അപകടത്തില്‍ ഒക്കെ പെട്ട് മരണം ഉറപ്പായ എന്നാൽ ആരോഗ്യം ഉള്ള ഹൃദയമുള്ള രോഗികളെയാണ് ഡോണർ ആക്കുന്നത്.അവരുടെ ഹൃദയം നൽകാൻ ബന്ധുക്കൾ സമ്മതിക്കുകയും വേണം."ഡോക്ടര്‍ പറഞ്ഞു. ഞാൻ പ്രതീക്ഷ കൈവിട്ടു.
ഒരു ദിവസം അവര്‍ എന്നെ തേടി വന്നു.ഹോസ്പിറ്റല്‍ മാഫിയ.ഇത് പോലെ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആശുപത്രിക്കാരുമായി അവിശുദ്ധ ബന്ധം പുലർത്തുന്ന വലിയ ഒരു സംഘം.
"എങ്ങിനെ എന്ന് ചോദിക്കരുത്.പറയുന്ന പണം തരികയാണെങ്കില്‍ നിങ്ങളുടെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും."
എനിക്ക് എന്റെ മകളുടെ ജീവനായിരുന്നു വലുത്.പണം കൊടുക്കാന്‍ മറ്റൊന്നും ആലോചിച്ചില്ല.വീണ്ടും ഒരു ഒറ്റപെടല്‍ എനിക്ക് സഹിക്കാന്‍ വയ്യായിരുന്നു.
അത് ഒരു മഴ പെയ്യുന്ന ദിവസമായിരുന്നു.
നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ ഏഴാം നിലയില്‍ ഒരു കഫെയില്‍ ഞാന്‍ ഇരിക്കുകയായിരുന്നു.ഭാര്യ മേഘക്ക് വേണ്ടി കുറച്ചു ഷോപ്പിംഗ് നടത്തുവാന്‍ വന്നതായിരുന്നു.
ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി ഞാന്‍ ആ പാട്ട് കേട്ട് കൊണ്ടിരുന്നു.
ഞാന്‍ ഇരിക്കുന്നതിന്റെ കുറച്ചു അകലെ,ഒരു പെണ്കുഞ്ഞും അവളുടെ അമ്മയും നിൽക്കുന്നത് കണ്ടു.കുട്ടിയുടെ കയ്യില്‍ രണ്ടു മൂന്നു ബലൂണുകള്‍ ഉണ്ടായിരുന്നു.അവൾക്ക് എന്റെ മകൾ മേഘയുടെ അതേ പ്രായം തോന്നിച്ചു.ബലൂണുകളുമായി കളിച്ചു കൊണ്ടിരിക്കെ അവളോട് അവിടെ നിൽക്കാന്‍ പറഞ്ഞിട്ട് അമ്മ സ്ത്രീകളുടെ ടോയിലറ്റിന്റെ ഭാഗത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു.
"പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ,..നീളെ.."
സ്വപ്‌നങ്ങള്‍ പൂവിടും പോലെ,..നീളെ.."
ചെവിയില്‍ ആ താരാട്ട്.അല്പം ദൂരെ ആ കുഞ്ഞിന്റെ കയ്യില്‍ പാറിപറക്കുന്ന ബലൂണുകള്‍.
പെട്ടെന്ന് ഒരു ചെറുപ്പക്കാരന്‍ അവളുടെ അരികിലേക്ക് വരുന്നതും അയാള്‍ കുഞ്ഞിനെ കൊഞ്ചിക്കുന്നതും കണ്ടു. അയാള്‍ അവൾക്ക് എന്തോ നല്കുന്നു. നിമിഷനേരത്തിനുള്ളില്‍ അയാള്‍ കുഞ്ഞിനെക്കൂട്ടി ക്കൊണ്ട് എങ്ങോട്ടോ മറയുകയാണ്..
പൊടുന്നനെ ഞാന്‍ കണ്ടു.
ആ ചെറുപ്പക്കാരന് സിഗ്നല്‍ നല്കു്ന്ന മനുഷ്യനെ.അയാൾക്കാണ് ഞാന്‍ എന്റെ മകളെ രക്ഷിക്കാൻ പണം കൊടുത്തത്.എന്റെ തൊണ്ട വരണ്ടു.
അല്പം കഴിഞ്ഞു ആ സ്ത്രീ പുറത്തു വന്നു.അവര്‍ മോളെ തിരഞ്ഞു.അവര്‍ എന്റെ അടുത്തേക്ക് നടന്നു വന്നു.
"എന്റെ മോളെ കണ്ടോ..ഒരു ബലൂണ്‍ ഒക്കെ പിടിച്ചു ഇവിടെ നിന്ന കുട്ടി ?"
"ഈ മണ്ണിലും, ആ വിണ്ണിലും, എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു?"...ചെവിയില്‍ വേണുഗോപാലിന്റെ താരാട്ട് ഉയരുന്നു.
ഞാന്‍ കണ്ടില്ല എന്ന അർത്ഥത്തില്‍ തലയാട്ടി.ആ നിമിഷം ഞാന്‍ ഒരു കൊലപാതകിയായി മാറിയിരുന്നു.
അവര്‍ ആ ചെറുപ്പക്കാരന്റെ പോയതിന്റെ നേരെ എതിർ വശത്തെക്ക് പോയി.ചെവിയില്‍ മൂളുന്ന താരാട്ടുമായി ഞാന്‍ മരവിച്ചു നിന്നു.
അല്പം കഴിഞ്ഞപ്പോള്‍ അവരുടെ നിലവിളി കേട്ടു.
"എന്റെ നീതു മോളെ കണ്ടോ..നീതു മോളെ..നീതു മോളെ.. നീയെവിടെയാ.."അവര്‍ ഉറക്കെ വിളിച്ചു കൊണ്ട് ഓരോ നിലയിലും കയറി ഇറങ്ങുകയാണ്.ഒരു സംഘം ആളുകളും അവരുടെ പിന്നാലെ ഉണ്ട്.പരക്കം പായുന്ന സെക്യൂരിറ്റി ജീവനക്കാര്‍.
നടുത്തളത്തില്‍ നിന്ന് ആകാശത്തേക്ക് പറന്നുയരുന്ന നീതുവിന്റെ ചുവന്ന ബലൂണുകള്‍ ഞാന്‍ കണ്ടു.ഹൃദയത്തിന്റെ ആകൃതിയായിരുന്നു ആ ബലൂണുകൾക്ക്.
ഞാന്‍ കണ്ണടച്ചു.
പിറ്റേന്ന് എന്റെ മോളുടെ ഹൃദയം വിജയകരമായി മാറ്റി വച്ചു.പുതിയ ഹൃദയവുമായി അവളുടെ ശരീരം ഇണങ്ങി.
എനിക്ക് എന്റെ മകളെ തിരിച്ചു കിട്ടി. എങ്കിലും രാത്രികളിൽ ആ താരാട്ട് കേൾക്കുമ്പോൾ നീതുവിന്റെ അമ്മയുടെ കരയുന്ന മുഖവും ആ നിലവിളിയും ഉള്ളിൽ തെളിയും.
വർഷങ്ങള്‍ കടന്നു. ഇതിനിടയില്‍ മേഘയുടെ അമ്മയും വിട പറഞ്ഞിരുന്നു.ഞാന്‍ അവൾക്കും അവള്‍ എനിക്കും മാത്രമായി കൂട്ട്.
അവള്‍ വളർന്നു . അവളുടെ ഉള്ളിലെ നീതുവിന്റെ ഹൃദയവും.മേഘക്ക് സംഗീതം വളരെ ഇഷ്ടമായിരുന്നു.ശാസ്ത്രീയമായി അവള്‍ അത് പഠിക്കുന്നുണ്ടായിരുന്നു.
"ഏതാ അച്ഛന്റെ ഇഷ്ടമുള്ള പാട്ട് ?" അവളുടെ ഇരുപതാം പിറന്നാള്‍ ദിവസം അവള്‍ ചോദിച്ചു.
"രാരീ രാരീരം രാരോ.." ഞാന്‍ പറഞ്ഞു.എനിക്ക് പ്രത്യേകിച്ച് ആലോചിക്കാനില്ലായിരുന്നു.
"അത് ഒരു അത്ഭുതപെടുത്തുന്ന പാട്ടാണ്."അവള്‍ പറഞ്ഞു.
"അതെന്താ?"
"അതൊരു പ്രത്യേക രാഗം കൊണ്ട് ചിട്ടപ്പെടുത്തിയ ഗാനമല്ല.സ്വരങ്ങൾക്ക് പ്രത്യേകിച്ച് ഒരു ക്രമവുമില്ല.എങ്കിലും വല്ലാത്ത ഒരു ഭംഗി ഉള്ള പാട്ടാണ്."
അതിനു പിറ്റേന്ന് വിധി എന്നെ തേടി വന്നു.
അവള്ക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.വെന്റിലേറ്ററില്‍ അവളുടെ ഹൃദയം മാത്രം മിടിക്കവേ ഞാന്‍ ആ താരാട്ട് പുറത്തിരുന്നു മനസ്സില്‍ പാടി.
ഡോക്ടര്‍ തോളില്‍ തട്ടിയപ്പോള്‍ ഞാന്‍ തലയുയർത്തി..ഡോക്ടർക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു.വർഷങ്ങള്‍ കഴിഞ്ഞെങ്കിലും എനിക്ക് ഒറ്റ നോട്ടം കൊണ്ട് അവരെ തിരിച്ചറിയാന്‍ പറ്റി.ഉള്ളില്‍ അവരുടെ അന്നത്തെ നിലവിളി ഉയർന്നു.
"എന്റെ നീതു മോളെ കണ്ടോ.." ആ ശബ്ദം വർഷങ്ങൾക്കപ്പുറത്ത് നിന്ന് ചെവിയിൽ വന്നലയ്ക്കുന്നു.
ഞാന്‍ ചാടി എഴുന്നേറ്റു.
ഡോക്ടറുടെ മുറിയില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു.അവരുടെ മകൾ ഗീതുവിന് ഹൃദയ വാൽവുകൾക്ക് ഗുരുതര തകരാറാണ്.ഹൃദയം മാറ്റിവയ്ക്കുകയേ മാർഗം ഉള്ളു.
"എന്റെ മൂത്ത മകള്‍ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു.എനിക്കിനി ഇവള്‍ കൂടിയേ ഉള്ളു.ചോദിക്കുന്നത് നിങ്ങളുടെ മകളുടെ ജീവനാണ്..എങ്കിലും ഒരു അമ്മക്ക് ചോദിയ്ക്കാതിരിക്കാന്‍ കഴിയില്ലലോ.." അവര്‍ വിതുമ്പി കൊണ്ട് പറഞ്ഞു..
എനിക്ക് അത് നന്നായി അറിയാമായിരുന്നു.
അവരുടെ മൂത്ത മകളുടെ ഹൃദയമാണ് അവര്‍ രണ്ടാമത്തെ മകൾക്ക് വേണ്ടി എന്നോട് ചോദിക്കുന്നതെന്ന് അറിയുന്നില്ലലോ.
ഞാന്‍ സമ്മതിച്ചു.
മേഘയുടെ ഹൃദയം നീതുവിന്റെ അനുജത്തി ഗീതുവില്‍ മിടിക്കാന്‍ തുടങവേ,വെളുത്ത തുണിയിട്ട് മൂടിയ മേഘയുടെ ശരീരം എന്റെ അരികിലൂടെ കൊണ്ട് വന്നു.
ജീവിതത്തിന്റെ ഗേറ്റു കടന്നു ഒരു വെളുത്ത പൊട്ടു പോലെ അവളും യാത്ര പറയുകയാണ്. ആ താരാട്ടിലെ വരികൾ ഞാൻ അവളുടെ ചെവിയിൽ മെല്ലെ പാടി.
"പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി.. ചായുറങ്ങി..സ്വപ്‌നങ്ങള്‍ പൂവിടും പോലെ."
ഉള്ളില്‍ ഒരു മഴ ഇരമ്പുന്നു.മനസ്സിലെ പനിനീർചാമ്പയുടെ തണല്‍ വീണ്ടും ശൂന്യമാവുകയാണ്.
ഞാന്‍ ഇപ്പോള്‍ അവരെ കാത്തിരിക്കുകയാണ്.അതേ,ഷോപ്പിംഗ് മാളിന്റെ ഏഴാമത്തെ നിലയിലെ ആ പഴയ കഫെയില്‍.. എഫ്.എം റേഡിയോയിൽ ആ പാട്ട് തീരാൻ പോവുകയാണ്.
ഗീതുവും അവളുടെ അമ്മയും നടന്നു വരുന്നത് കാണാം.ഇനിയും തന്റെ മകളെ ആരും തട്ടികൊണ്ട് പോവാതിരിക്കാന്‍ എന്നോണം ആ അമ്മ കയ്യില്‍ അവളുടെ കയ്യില്‍ ചേർത്ത് പിടിച്ചിട്ടുണ്ട്.
അവർക്ക് ഇപ്പോള്‍ രണ്ടു മക്കളെയും തിരിച്ചു കിട്ടിയിരിക്കുന്നു.
ഗീതു അകലെ നിന്ന് എന്നെ നോക്കി ചിരിക്കുന്നു.പ്രകാശം നിറഞ്ഞ ചിരി.
അത് ആരുടെ ചിരിയാണ്?മേഘയുടെയോ അതോ നീതുവിന്റെയോ ?
ആ പാട്ട് തീരുകയാണ്.
അപ്പോള്‍ ഞാന്‍ മേഘ മരിക്കുന്നതിനു മുൻപ് ആ പാട്ടിനെ കുറിച്ച് പറഞ്ഞത് ഓർത്തു .പ്രത്യേകിച്ചു രാഗം ഒന്നുമില്ലാത്ത,സ്വരങ്ങളുടെ ക്രമം ഒന്നുമില്ലാത്ത ഒരു ഗാനം.എന്റെ ജീവിതം പോലെ .
എങ്കിലും ,എന്തൊക്കെയോ എവിടെയൊക്കെയോ ആവർത്തിക്കുന്നത് പോലെ എനിക്ക് തോന്നി.
ആ ഗാനത്തിന്റെ അവസാനവരികള്‍ എത്തുമ്പോൾ ഞാൻ ആ വരികളിലെ പോലെ അവരെ കാത്തു നില്ക്കുകയാണ്.
സ്നേഹത്തിന്‍ ദാഹവുമായി ഷാരോണിന്‍ തീരത്ത്.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക