നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബലിക്കാക്ക

Image may contain: 2 people

ഞായറാഴ്ചയായതിനാൽ ട്രെയിനിൽ വല്യ തിരക്കുണ്ടായിരുന്നില്ല.പോക്കറ്റിലുള്ള ടിക്കറ്റ് അവിടെത്തന്നെയുണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പു വരുത്തി അയാളൊരു സീറ്റിലിരുന്നു.
പുറത്ത് മീനവെയിലിൽ കത്തി നിൽക്കുന്ന സൂര്യൻ...തൊണ്ട വരളുന്ന പോലെ തോന്നിയപ്പൊ കയ്യിലുള്ള ബോട്ടിലിൽ നിന്ന് കുറച്ച് വെള്ളമെടുത്തയാൾ കുടിച്ചു.അതൊരു പതിവാണ് താൻ എവിടെ യാത്ര പോകുമ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം ബോട്ടിലിൽ തന്നു വിടാൻ വിലാസിനി മറക്കാറില്ല.. താനൊരു ഷുഗർ പേഷ്യന്റായ കൊണ്ട് ഇടക്കിടെ ദാഹമനുഭവപ്പെടാറുണ്ട്..പുറത്തു നിന്ന് വാങ്ങുന്ന വെളളം അഴുക്കു ജലമാണെന്നാണവളുടെ വാദം..വെള്ളം കുടിച്ചപ്പൊ രാഘവൻ നായർക്കല്പം
ആശ്വാസമനുഭവപ്പെട്ടു..ട്രെയിൻ നീങ്ങുന്നതിനോടൊപ്പം അയാൾ ചിന്തയിലാണ്ടു.
എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച ഇങ്ങനൊരു യാത്ര അയാൾക്ക് പതിവുള്ളതാണ്.തന്റെ നാട്ടിലുളള പെങ്ങളെ കാണാൻ അയാൾ മുടങ്ങാതെ പോകും..പൊതുവെ കാർക്കശ്യക്കാരനായ അയാൾക്ക് അധികമാരുമായും കൂട്ടില്ലായിരുന്നു..അയാളുടെ മുഖത്തെപ്പോഴും
ഒരുതരം ഗൗരവഭാവമാണ്..എന്നാലും പെങ്ങളെന്നും മരുമക്കളെന്നും വെച്ചാൽ അയാൾക്ക് ജീവനാണ്...
അന്നത്തെ യാത്രയ്ക്ക് മറ്റൊരു ഉദ്ധേശം കൂടിയുണ്ടായിരുന്നു..തറവാട്ടിൽ നിന്ന് ഭാഗം വെച്ചപ്പൊ തനിക്കു കിട്ടിയ പറമ്പ് വിൽക്കാൻ കുറെയായി മക്കളായ വീണയും ,വരുണും പറയുന്നു..അച്ഛന് പറ്റാവുന്ന കാലം വരെയേ അത് സംരക്ഷിക്കാൻ ആളുണ്ടാകൂ എന്നും ഇപ്പൊ നല്ല വിലകിട്ടുന്ന സമയം അത് വിറ്റൊഴിവാക്കുന്നതാണ് നല്ലതെന്നുമാണ് അവർ പറയുന്നത്...ഒരു കണക്കിനു പറഞ്ഞാൽ അവർ പറയുന്നതിലും കാര്യമുണ്ട്..തന്റെ നാടുമായി തനിക്കുള്ള ആത്മബന്ധമൊന്നും അവർക്കില്ല..കഴിഞ്ഞ വരവിൽ കാളിയത്തെ ശേഖരനുമായി ഏതാണ്ടൊക്കെ വാക്കു പറഞ്ഞുറപ്പിച്ചിരുന്നു..
ഇന്നാ കാര്യം കൂടി പെങ്ങളായ ദേവിയേച്ചിയോടൊന്ന് സംസാരിക്കണം..ദേവിയേച്ചി തന്റെ ഇഷ്ടത്തിനെതിരു നിൽക്കാറില്ല..എന്നാലും തലമുറകളായ് കൈമാറ്റം ചെയ്യപ്പെട്ട ആ സ്വത്ത്
താൻ വിൽക്കുമെന്ന് പറയുമ്പൊ ആ മനസ്സ് വേദനിക്കുമെന്നുറപ്പാണ്.പക്ഷെ തന്നെ ഒരുപാട് സ്നേഹിക്കുന്ന മക്കളെ നിരാശപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുമില്ല...
ചിന്തിച്ച് സമയം പോയതറിഞ്ഞില്ല..തനിക്കിറങ്ങേണ്ടുന്ന സ്റ്റേഷൻ എത്തിയിരിക്കുന്നു ...രാഘവൻ നായർ ട്രെയിനിൽ നിന്നുമിറങ്ങി...റെയിൽപ്പാളത്തിനപ്പുറമുളള വിശാലമായ നെൽപ്പാടം മുറിച്ചു കടന്നാലുള്ള ഇടവഴിയുടെ അറ്റത്താണ് ദേവിയേച്ചിയുടെ വീട്...
മുപ്പതാമത്തെ വയസ്സിൽ വിധവയായതാണ്
തന്റെ പെങ്ങൾ...പിന്നെ ആ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കും പെങ്ങൾക്കും തണലാകാൻ കൂടപ്പിറപ്പായ താൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ..
രണ്ട് മരുമക്കളെയും പഠിപ്പിച്ചു...മരുമകൻ അമേരിക്കയിൽ ഉയർന്ന ജോലിയിലാണ്..മരുമകളെ വിവാഹം ചെയ്തത് വലിയ ബിസിനസുകാരനും...എത്ര വല്യ നിലയിലായെങ്കിലും മരുമക്കൾ തന്നെ നന്ദിയോടെ ഓർക്കാറുണ്ട്..എന്നും സ്നേഹം കാണിക്കാറുണ്ട്..തറവാട്ടിലിപ്പോൾ ദേവിയേച്ചിക്കു കൂട്ടായ് അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയുണ്ട്..കാവും നാഗത്തറയുമുള്ളതിനാൽ
ദിവസവും വിളക്ക് വയ്ക്കേണം..അതുകൊണ്ട്
ദേവിയേച്ചി വീടു വിട്ടു താമസിക്കാറില്ല..ആലോചിച്ച് നടന്ന് ഇടവഴിയിലെത്തിയതറിഞ്ഞില്ല..ദൂരെ നിന്നേ കണ്ടു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ദേവിയേച്ചിയെ...
ദേവിയമ്മ ഊണിന് തന്റെ ആങ്ങളയ്ക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു..പുളിശ്ശേരിയും ,കോവയ്ക്ക മെഴുക്കു പുരട്ടിയും ,മാങ്ങാചമ്മന്തിയും ,മൽസ്യം വറുത്തതുമൊക്കെ ആയി പെങ്ങൾ ഉണ്ടാക്കുന്നതെന്തും ആങ്ങളയ്ക്ക് ഇഷ്ടമാണ്.പുറത്തെ പൈപ്പിൻ ചുവട്ടിൽ നിന്നും
കാൽകഴുകി അയാളകത്തു കയറുമ്പോഴേക്കും
ദേവിയമ്മ ഭക്ഷണം വിളമ്പിക്കഴിഞ്ഞിരുന്നു...ഭക്ഷണത്തോടൊപ്പം മനസ്സിലെ സ്നേഹം മുഴുവനുമാ ഇലക്കീറിൽ വിളമ്പിയതു കൊണ്ടാകണം എന്നത്തെയും പോലെ അന്നും അയാൾക്കാ ഭക്ഷണം ഏറെ രുചികരമായ് തോന്നിയത്...
പുറമെ മുരടനാണെങ്കിലും ആങ്ങളയ്ക്ക് തന്നോടുള്ള സ്നേഹം മറ്റാരെക്കാളുമവർക്കറിയാമായിരുന്നു..എന്തു ചോദിച്ചാലും ഒന്നുകിൽ ഒരു മൂളൽ..അല്ലെങ്കിൽ
ആറ്റിക്കുറുക്കി ഒന്നോ രണ്ടോ വാക്കിലൊതുങ്ങുന്നൊരു മറുപടി...അത്രയേ
പ്രതീക്ഷിക്കേണ്ടൂ..എന്നാലും ആങ്ങളയുടെ വരവ് അവർക്കൊരു ഉൽസവം പോലെയാണ്...അവർക്കീ ഭൂമിയിൽ കൂടപ്പിറപ്പായ്
അയാൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ..
ഊണിനുശേഷം പുറത്തെ ചാരുകസേരയിൽ കുറച്ചു സമയം കിടന്നൊരു മയക്കമുണ്ടയാൾക്ക്...അതു കഴിഞ്ഞാൽ പിന്നെ
സമീപത്ത് താമസിക്കുന്ന മരുമകളുടെ വീട്ടിലേക്കിറങ്ങും..പോകുന്ന വഴിയിൽ റഹീമിന്റെ
കടയിൽ നിന്ന് മരുമകളുടെ കുട്ടികൾക്ക് മിഠായി വാങ്ങിക്കൊണ്ടാണയാൾ പോവുക...മരുമകളോട് കുറച്ചധികം സംസാരിച്ചിരിക്കും..അച്ചൻ മരിക്കുമ്പോൾ കൈക്കുഞ്ഞായിരുന്ന അവൾക്ക് പിതൃ തുല്യനായിരുന്നു അയാൾ...
മരുമകളുടെ ചായസൽക്കാരം കഴിഞ്ഞ് അയാളവിടെ നിന്നുമിറങ്ങി..തിരികെ തറവാട്ടിലെത്തി...ആറു മണിയുടെ ട്രെയിനിൽ പോകാനിറങ്ങുമ്പൊ അയാൾക്കെന്തോ തന്നോടു പറയാനുണ്ടെന്ന് ദേവിയമ്മയ്ക്കു തോന്നി...

അവരുടെ പ്രതീക്ഷ ശരിയായിരുന്നു..കുറച്ച് സമയത്തെ മൗനം ഭേദിച്ച് അയാൾ പറയാൻ തുടങ്ങി..
"ദേവിയേച്ചി ഞാനെന്റെ പറമ്പ് കാളിയത്തെ ശേഖരന് വിൽക്ക്വാ..."
"എന്താ രാഘവാ നീയീ പറയുന്നെ...ഭഗവതിക്കാവും,നാഗത്തറയുമൊക്കെയുള്ള ഈ പറമ്പ് വിൽക്കാനോ...കാവിലെ ദേവി നീരാട്ടിനെത്തുന്ന കുളമാ അത്..അന്യർക്ക് വിറ്റതശുദ്ധമാക്കിയാൽ പിന്നെ അനർത്ഥങ്ങളുണ്ടാകും അത് മറക്കേണ്ട.."
"ശേഖരനോട് ഞാൻ വാക്കു പറഞ്ഞു പോയി...
പറഞ്ഞ വാക്കിനി മാറ്റിപ്പറയാൻ പറ്റില്ല..അല്ലെങ്കിലും ഇതിവിടെ വെറുതെ കിടന്നിട്ടെന്തിനാ..എനിക്ക് പ്രായായി വരികയാ..
എന്റെ കാലശേഷം പിള്ളേരൊന്നും തിരിഞ്ഞു നോക്കില്ലിവിടെ..ഇപ്പോഴാണെങ്കിൽ പറമ്പിനൊക്കെ നല്ല വിലയുള്ള കാലമാ..
അടുത്തയാഴ്ച അളക്കാൻ ആളുവരും..."
തീരുമാനിച്ച കാര്യത്തിൽ നിന്ന് വ്യതി ചലിക്കുന്ന ആളല്ല തന്റെ ആങ്ങളയെന്ന് ദേവിയമ്മയ്ക്കറിയാവുന്നതു കൊണ്ട് അവർ പിന്നെ തർക്കത്തിനു നിന്നില്ല...എന്നാലും ഊണിലും ,ഉറക്കത്തിലും അയാളെപ്പറ്റിയായിരുന്നവർ ചിന്തിച്ചത്..അയാളുടെ നൻമയാണവരെന്നും
ആഗ്രഹിച്ചതും...അയാളുടെ ഏതിഷ്ടങ്ങൾക്കുമവർ കൂട്ടു നിന്നിട്ടെയുളളൂ...
എന്നാലും ഭഗവതിയുടെ വരവും പോക്കുമുണ്ടെന്ന്
പറയപ്പെടുന്ന ആ ഭൂമി വേറെയാൾക്ക് അധീനപ്പെടുമല്ലോ എന്ന സങ്കടവും,ദേവീകോപമുണ്ടാകുമെന്ന ഭയവും
അവരുടെ ഉളളിലുണ്ടായിരുന്നു...ഇതിലൊന്നും അധികം വിശ്വാസമില്ലാത്ത അയാളോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിഞ്ഞ് അവർ മൗനം പാലിച്ചു...
പറഞ്ഞതുപോലെ പിറ്റേ ആഴ്ച പറമ്പളക്കാൻ ആളുവന്നു..വിചാരിച്ചതിലധികം പൈസ കിട്ടിയതുകൊണ്ട് രാഘവൻ നായരുടെ സന്തോഷത്തിനതിരില്ലായിരുന്നു..അന്ന് പോകാനിറങ്ങുമ്പൊ അതിൽനിന്ന് നല്ലൊരു സംഖ്യ അയാൾ പെങ്ങൾക്ക് കൊടുത്തു...
എന്തോ അന്നാ പൈസ ആങ്ങളയുടെ നിർബന്ധത്താൽ വാങ്ങുമ്പൊ അവരുടെ കൈ വിറച്ചു..ഉള്ളിൽ നിന്നും പുറത്ത് വന്ന ഗദ്ഗദം ആങ്ങളയ്ക്ക് വിഷമമാകുമെന്നു കരുതി പാടുപെട്ടവരടക്കി...ആങ്ങള യാത്ര പറഞ്ഞ് വീടിനു മുന്നിലുള്ള ഇടവഴിയിലൂടെ നടന്ന് മറയുന്നത് കണ്ണീരോടെയവർ നോക്കി നിന്നു...
പറമ്പിന്റെ വിൽപ്പന കഴിഞ്ഞ് നാലാം ദിവസം ആ നാട് ഉറക്കമുണർന്നത് കാളിയത്ത് ശേഖരന്റെ മരണവാർത്തയോടെയായിരുന്നു..
ഉറക്കത്തിൽ പാമ്പ് കടിയേറ്റാണത്രെ...അന്നു മുതൽ ദേവിയമ്മയ്ക്കുറക്കമില്ലായിരുന്നു..
ശേഖരന്റെ മരണം നാഗകോപമാണെന്നവർ വിശ്വസിച്ചു...
തറവാട്ടിനെ കാക്കുന്ന പരദേവതയോടും,നാഗങ്ങളോടും ആങ്ങളയെ കാത്തോളണേന്നവർ കണ്ണീരോടെ പ്രാർത്ഥിച്ചു.
ദിവസങ്ങളങ്ങിനെ കടന്നു പോയി...പിറ്റെ മാസത്തെ അവസാനത്തെ ഞായറാഴ്ച പതിവിലും നേരത്തേ എണീറ്റ് ഭക്ഷണമൊരുക്കി
ദേവിയമ്മ ആങ്ങളയെ കാത്തുനിന്നു...അന്നവർക്കൊരു കാര്യം പറയാനുണ്ടായിരുന്നു... മരിച്ചു പോയ ധനാഢ്യനായ ശേഖരന്റെ മക്കൾ അവരെ കാണാൻ വന്നിരുന്നു...പുതിയതായ് അവരുടെ അച്ഛൻ വാങ്ങിച്ച പറമ്പ് അവർക്കിനി വേണ്ടെന്നും
കുറഞ്ഞ വിലയ്ക്ക് അത് തിരിച്ചു തരാൻ തയ്യാറാണെന്നും പറഞ്ഞായിരുന്നവർ അവരെ സമീപിച്ചത്...
അമേരിക്കയിലുള്ള തന്റെ മകനോട് അവരീ കാര്യം പറഞ്ഞപ്പൊ ഇനിയീ പറമ്പിനെ പറ്റി ആലോചിച്ച് അമ്മ വിഷമിക്കരുതെന്നും അമ്മാവനോട് സംസാരിച്ച് സമ്മതിച്ചാൽ അത്
തങ്ങൾക്കു തന്നെ തിരിച്ചു വാങ്ങാമെന്നുമവൻ പറഞ്ഞിരുന്നു..ഈ സന്തോഷവാർത്ത പറയാൻ കാത്തു നിന്ന ദേവിയമ്മയെത്തേടി അന്നെത്തിയത് ആങ്ങളയുടെ മരണവാർത്തയായിരുന്നു...
വിവരം കേട്ട ഉടനെ അവർ തളർന്നു വീണു..അർദ്ധമയക്കത്തിലാരോ പറയുന്നതവർ കേട്ടു...ആങ്ങളയുടേത് ആത്മഹത്യയായിരുന്നത്രെ.
അച്ഛന്റെ കയ്യിലെ പണം കണ്ട് കണ്ണ് മഞ്ഞളിച്ച മക്കൾ തെരുവ് നായ്ക്കളെപ്പോലെ
അടിപിടി കൂടുന്നതും ,തന്നെക്കാൾ തന്റെ മക്കൾ സ്നേഹിച്ചത് തന്റെ പണത്തെയാണെന്ന തിരിച്ചറിവും ,പെങ്ങളുടെ മനസ്സിനെ നോവിച്ചാണ് താൻ സ്വത്ത് വിറ്റതെന്ന കുറ്റബോധവും അയാളെ ഒരുപാട് തളർത്തി...
ഒന്നുമധികം ആരോടും തുറന്നു പറയാത്ത
സ്വഭാവമായതിനാൽ മനസ്സിന്റെ വേദനയയാൾക്ക്
താങ്ങാൻ പറ്റിയില്ല...അതിനയാൾ പോം വഴി കണ്ടത് വൈകുന്നേരമെ വാങ്ങി മടിക്കുത്തിലൊളിപ്പിച്ച വിഷക്കുപ്പിയിലായിരുന്നു...

സഞ്ചയനദിവസം അയാളുടെ മക്കൾ മാത്രമായിരുന്നു കർമ്മം ചെയ്തത്...(ദേവിയമ്മയുടെ മകന് അന്ന് നാട്ടിലെത്താൻ പറ്റിയിരുന്നില്ല...)അന്ന് ഒരു ബലിക്കാക്ക പോലും ഒരു വറ്റു പോലും കൊത്തിത്തിന്നാൻ വന്നില്ലെന്നുള്ളത് കണ്ണീരിനിടയിലും ദേവിയമ്മ കണ്ടു...
പന്ത്രണ്ടാം ദിവസം കർമ്മം ചെയ്തത് ദേവിയമ്മയുടെ മക്കളായിരുന്നു...മരുമക്കൾ
ബലിയിട്ട് നനഞ്ഞ കൈകൊട്ടി വിളിച്ചപ്പൊ ഒരു കാക്ക പറന്നുവന്നു ബലിച്ചോറ് കൊത്തിത്തിന്നാൻ തുടങ്ങി...
യാത്ര പറയാൻ ചെന്ന ദേവിയമ്മയെ കെട്ടിപ്പിടിച്ച് വിലാസിനി കരഞ്ഞു...
"ഏച്ചി എന്നെ ശപിക്കല്ലെ...ഞാനൊരു തെറ്റും ചെയ്തിട്ടില്ലേച്ചി...ആ മനസ്സിലെ വേദന മനസ്സിലാക്കാൻ പറ്റിയില്ലെനിക്ക്...വിഷമങ്ങളൊന്നും പറയാറില്ലാർന്നു..."
തന്റെ മനസ്സിലെ വിങ്ങലൊതുക്കി വെച്ച് പിന്നെയും പലതും പറഞ്ഞ് കരഞ്ഞോണ്ടിരുന്ന സഹോദര ഭാര്യയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പൊ തുറന്നിട്ട ജനാലയിലൂടെ
ദേവിയമ്മ കണ്ടു...ഒരു ബലിക്കാക്ക മാത്രം ശ്രദ്ധയോടെ സാവധാനം ബലിച്ചോറ് കൊത്തിത്തിന്നുകൊണ്ടിരിക്കുന്നത്...
..............................................................................
മായാ ദിനേഷ്...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot