പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായിരുന്നു അന്ന്... താൻ ആഗ്രഹിച്ചു നേടിയ ജോലിയിൽ പ്രവേശിക്കേണ്ട ദിവസം... പതിവിലും നേരത്തെ അവൾ ഉണർന്നു,മനസ്സിൽ തയ്യാറെടുപ്പുകൾ നടത്തി .പുറമേ നിന്നു നോക്കിയാൽ എല്ലാവർക്കും നിസ്സാരമായ ഒരു ജോലിയാണ് ഒരു നഴ് സറി ടീച്ചറുടേതു.. പക്ഷേ മറ്റേതു ക്ലാസ്സുകളേക്കാൾ ശ്രമകരമായ ഒരു ദൗത്യമാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നുള്ളത് എന്നു നന്നായി മനസ്സിലാക്കിയ അവൾ കുഞ്ഞുങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യകൾ ഓരോന്ന് ആലോചിച്ചു കൂട്ടി.. വാപിച്ചിയോടും ഉമ്മിച്ചിയൊടും യാത്ര പറഞ്ഞു അവൾ സ്കൂളിലോട്ടു പുറപ്പെട്ടു... തലേന്നു വർണകടലാസ്സുകളും കളിപാട്ടങ്ങളും,ബലൂണുകളും മിഠായികളുമൊക്കെയായി ഒരു പുതു പെണ്ണിനെ പോലെ ഒരുക്കി നിർത്തിയ ക്ലാസ്സ് മുറി അവൾ ഒന്നു കൂടി നിരീക്ഷിച്ചു.. എല്ലാം തയ്യാറാണ്.. അവൾ ഉറപ്പിച്ചു.. കുഞ്ഞുങ്ങൾ ഓരോന്നായി വന്നു തുടങ്ങി.. ആയയുടെ സഹായത്തോടെ ഓരോരുത്തരെയും ക്ലാസ്സ് മുറിക്കുള്ളിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു... ചില കുഞ്ഞുങ്ങൾ തങ്ങൾ തലേന്നു ഒരുക്കിയ മായിക ലോകത്തിൽ മൂക്കും കുത്തി വീണു.. പുതിയ യൂണിഫോമും ബാഗും വാട്ടർ ബോട്ടിലുമൊക്കെ അവരുടെ അപരിചിത്വത്തെ മായിച്ചു കളഞ്ഞു ..പുറത്തു ആശങ്കാകുലരായി നിൽക്കുന്ന മാതാ പിതാകളെ പോലും ആ കുഞ്ഞു ലോകത്തിൽ അവർ കാണാൻ ശ്രമിച്ചില്ല.. മറ്റു ചില കുഞ്ഞുങ്ങളുടെ കാര്യം ശ്രമകരമായിരുന്നു.. നിറകണ്ണുകളൊടെ,പേടിച്ചരണ്ട മുഖവുമായി, അമ്മയുടെ സാരി തുമ്പിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ കുറെയധികം സമയം എടുത്തു അവൾക്ക്.. എന്നിരുന്നാലും ചിരിയും കരച്ചിലും സമ്മിശ്രമായ ആ അന്തരീക്ഷത്തിൽ അവരുടെ അമ്മയുടെ റോൾ അവൾ ഏറ്റെടുത്തു.. ആദ്യ ദിവസം കുഞ്ഞുങ്ങളെല്ലാവരെയും സമാശ്വസിപ്പിച്ചു വന്നപ്പോളേക്കും സമയ പരിധി അവസാനിച്ചിരുന്നു.. പിറ്റേന്നും ഒട്ടും ആവേശം ചോരാതെ അതിൽ കൂടുതൽ ആനന്ദത്തിൽ അവൾ അവളുടെ ജോലിയിൽ മുഴുകി..കുട്ടികളോട് അടുക്കാനുള്ള ആദ്യ പടി എന്ന രീതിയിൽ അവൾ കുഞ്ഞുങ്ങളോട് പേര് ചോദിച്ചു ജോലി ആരംഭിച്ചു... കുഞ്ഞുങ്ങളുടെ ഭയവും കുറയും എന്ന ഉദ്ദേശവും അതിനു പിന്നിൽ ഉണ്ടായിരുന്നു.. കുറച്ച് കുഞ്ഞുങ്ങൾ ഒന്നും പറയാതെ അമ്മയെ കാണണം എന്ന ആവശ്യം വീണ്ടും വീണ്ടും ഉന്നയിച്ചു കരയുകയായിരുന്നു.. മറ്റു കുട്ടികൾ കുറുമ്പന്മാരും കുറുമ്പികളും ആയിരുന്നു.. സഭാകമ്പം കൂടാതെ അവർ പേര് പറഞ്ഞു തുടങ്ങി.. ആര്യ,ജാസ്മിൻ, മുഹമ്മദ് ഹാഫിസ്, അപ്പു,ഒമർ, സാം,ലക്ഷ്മി മുഹമ്മദ് ആബിദ്, , മുഹമ്മദ് നബീൽ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷംസീർ,മുഹമ്മദ് അസ്ഹർ എന്നിങ്ങനെ കുഞ്ഞു നാവുകൾ കൊഞ്ചലൊടെ അവരുടെ പേരുകൾ പറഞ്ഞു ഒപ്പിച്ചു .. അടുത്തയാളുടെ അടുക്കൽ ചെന്നു .. കൂട്ടത്തിൽ കുറുമ്പ് കൂടുതൽ അവനാണെന്നു തലേന്നു തന്നെ തോന്നിയിരുന്നു.. അതുകൊണ്ട് തന്നെ അവന്റെ പേരറിയാനുള്ള ആകാംഷയും ഉണ്ടായിരുന്നു.. കുറച്ച് സംശയിച്ചു അവൻ പറഞ്ഞു, 'മുഹമ്മദ് രവി വർമ്മ രാജാ '...
ഒന്നു ഞെട്ടിയെങ്കിലും അതു മുഖത്ത് കാണിക്കാതെ അവൾ ക്ലാസ്സ് രെജിസ്റ്ററിൽ അങ്ങനെയൊരു പേരിനായി പരതി നോക്കി.. ആ കുറുമ്പന്റെ പേര് രവി വർമ രാജാ എന്നായിരുന്നു..
അവൾ അവനെ വീണ്ടും വിളിച്ചു.. "രവി എന്തിനാ പേര് മാറ്റി പറഞ്ഞേ, 'മുഹമ്മദ് രവി വർമ്മ രാജാ എന്നല്ലലോ, രവി വർമ രാജാ എന്നു മാത്രല്ലേ ഉണ്ണിടെ പേര്... "
രവിയുടെ മറുപടി താമസമില്ലാതെ തന്നെ വന്നു "ടീച്ചറെ, എൻറെ ഫ്രണ്ട്സ് ഷഫീക്കും ഷംസീറും ആബിദുമെല്ലാം എന്നോട് അങ്ങനെയാണല്ലൊ പേര് പറഞ്ഞത് ടീച്ചറെ .. അവരും മാറ്റി പറഞ്ഞിട്ടുണ്ട് ടീച്ചറെ... "
അടക്കി പിടിച്ച ചിരി അവളുടെ ചുണ്ടിൽ നിന്നും പുറത്ത് ചാടി.. എന്തിനെന്നറിയിലെങ്കിലും രവി അവളുടെ ചിരിയ്ക്കു മുന്നിൽ നിഷ്കളങ്കമായി കൈ കൊട്ടി കുഞ്ഞരി പല്ലും കാട്ടി ചിരിച്ചു.. അതു കണ്ടു രവിയുടെ ഫ്രണ്ട്സും കൈ കൊട്ടി ചിരിച്ചു...
തീൻ മേശയ്ക്കു മുന്നിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലും അവൾ ആ രംഗം ഓർത്തോർത്തു ചിരിച്ചു കൊണ്ടിരിക്കുകയാണ്.. വാപ്പിച്ചിയും ഉമ്മിച്ചിയുടെയും കുശലാന്വേഷണങ്ങൾ ഒന്നും അവളുടെ ചെവികൾ കേട്ടില്ല..
അവളുടെ കൂട്ടുക്കാരനും വഴകാളിയും ആയ പൊന്നാങ്ങള കമന്റ് അടിക്കാൻ മറന്നില്ല.. "പുന്നാര മോൾടെ ആകെ ഉണ്ടായിരുന്ന പിരി ആ പിള്ളേര് പൊളിച്ച് അടുക്കീന്നാ തോന്നണേ.. "
അപ്പോളും മുഹമ്മദ് രവി വർമ്മ രാജ അവളുടെ ചുണ്ടുകളിലെ പുഞ്ചിരി മായ്ക്കാതെ നില നിർത്തി..
നാസ്നി ജുനൈദ്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക