നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിൻഗാമി ( ഭാഗം പതിനഞ്ച്)

Image may contain: 1 person
"നിന്റെ ജ്യേഷ്ഠനും എളാപ്പ അഹമ്മദ് മൊല്ലയും".
അത് കേട്ട് സെയ്തു കാക്ക ഞെട്ടി.
"എന്തിന് എന്തിന് അവരിത് ചെയ്തു?".
"അറിയില്ല. അറിയാനായപ്പോഴേക്കും ഞാൻ തളർന്നു കഴിഞ്ഞിരുന്നു.
സെയ്തു കാക്ക കട്ടിലിൽ തളർന്നു കിടന്നു.ഞാൻ മായിൻ കാക്കാനോട് ആളുകൾ അറിയുംമുമ്പെ വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു..
നിങ്ങൾ സുഖം പ്രാപിച്ചത് ആയിശുവിന്റെ ഘാതകരറിഞ്ഞാൽ നിങ്ങളെ അവർ വക വരുത്തും. അതു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.
മായിൻ കാക്ക ഇരുട്ടിലേക്ക് മറഞ്ഞതിന് ശേഷം ഞാൻ സെയ്തു കാക്കാന്റെ അടുത്തേക്ക് നീങ്ങി. മായിൻ കാക്ക എന്റെ പെരുമാറ്റത്തിൽ ആകെ ആശ്ചര്യ ഭരിതനായിരിക്കുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്നു എന്നതായിരിക്കും ആശ്ചര്യത്തിന് കാരണം.
ഹൃദയാന്തരാളങ്ങളിൽ നിന്നുയർന്ന് പൊങ്ങുന്ന വിരഹത്തിൻ തീക്കാറ്റിൽ ഉരുകുകയാണ് സെയ്തു കാക്ക.
കൂമ്പാരമായി കിടക്കുന്ന നഷ്ടസ്വപ്നങ്ങളുടെ മേച്ചിൽപുറങ്ങളിൽ ഒരിറ്റു ദാഹജലത്തിനായ് കേഴുകയാണ് അന്തരംഗം.
ഹൃദയത്തിന് താങ്ങാൻ കഴിയാത്ത കദന ഭാരത്താൽ വീർപ്പുമുട്ടുകയാണ്. സ്നേഹമാകുന്ന വിഹായസ്സിൽ ഒരിറ്റു കുളിർക്കാറ്റ് തരേണ്ടവർ തനിക്ക് നൽകിയത് ഭൂമിയിലെ നരകമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിരാശ.
കാര്യമായ പണിയൊന്നുമില്ലാത്ത ജ്യേഷ്ഠൻ പെട്ടെന്ന് പണക്കാരനായതിന്റെ പിന്നിലെ രഹസ്യംതാനന്ന് എന്ത് കൊണ്ട് അന്വേഷിച്ചില്ല?.
തന്റെ ജ്യേഷ്ഠൻ പണത്തിന് വേണ്ടിയാണോ ഈ ക്രൂരത ചെയ്തത്?.
ജ്യേഷ്ഠന്റെ ക്രൂരതക്ക് എളാപ്പ അഹമ്മദ് മൊല്ല കൂട്ട് നിൽക്കാൻ പാടുണ്ടോ?.
! അഹമ്മദ് മൊല്ല ! ജിന്നുകളുടെ സേവകൻ. ദുർമന്ത്രവാദത്തിന്റെ പൊക്കിൾകൊടികണ്ടവൻ.
വിഷമിറക്കാനും വിഷപ്പാമ്പുകളെ താൻ ഉദ്ദേശിക്കുന്നിടത്തേക്ക് തിരിച്ചുവിടാനും കഴിവുള്ളവൻ. സെയ്തു കാക്ക ദീർഘമായി ഒന്നു നിശ്വസിച്ചു.
അഹമ്മദ് മൊല്ലക്ക് താവഴിയായി കിട്ടിയതാണ് ജിന്ന് സേവ.
ഏതോ ഒരു മന്ത്രവാദിയുടെ ഡ്രൈവറായും സഹായിയായും പോയ അഹമ്മദ് മൊല്ല അൽപം മാന്ത്രിക വിദ്യകളും കരസ്ഥമാക്കിയിരുന്നു.
അത് കൊണ്ട് തന്നെ ജിന്ന് സേവക്കുള്ള പിന്തുടർച്ചാവകാശം ഒരു തർക്കത്തിനിട വരുത്താതെ അഹമ്മദ് മൊല്ലക്ക് കൈവന്നു'.
പൂർവ്വികരിലേതോ പണ്ഡിതൻ ജിന്നുകൾക്കും പാമ്പുകൾക്കും എതിരെ പടയ്ക്കിറങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ അവർ ഉടമ്പടിക്കൊരുങ്ങുകയായിരുന്നു'
ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മൊല്ലയുടെ കുടുംബമായ മൂപ്പൻ കുടുംബത്തിലെ ആർക്കും വിഷം തീണ്ടാനോ ജിന്ന് ബാധയേൽക്കാനോ പാടില്ല.
അത് മാത്രമല്ല പുറത്ത് നിന്നുള്ള ആരെയെങ്കിലും ബാധ ഒഴിപ്പിക്കാനും വിഷമിറക്കാനും താവഴിക്ക് അധികാരമുണ്ടായിരിക്കും.
മന്ത്രചികിത്സ കൂടി അറിവുണ്ടായിരുന്നതോടെ മൊല്ല മൂപ്പൻ കുടുംബത്തിലെ ശക്തനായ താവഴിയായി മാറി.
അത് വഴി മൊല്ല ധാരാളം പണം സമ്പാദിച്ചു. ബാധയൊഴിപ്പിക്കലിലും വിഷചികിത്സയിലും മൊല്ല പ്രശസ്തനായി മാറി. എല്ലാവരും അദ്ദേഹത്തോട് അടുപ്പം കാണിച്ചു. ഭയമായിരുന്നു കാരണം.
മൊല്ല പിടിച്ചു ബന്ധിപ്പിക്കും എന്ന് കരുതിയാണ് മൂപ്പൻ കുടുംബത്തിന് ആയിശുവിന്റെ പ്രേത ബാധ ഏൽക്കാതിരുന്നത്.സെയ്തു കാക്കാനെ അന്ന് കാട്ടിൽ വച്ച് കൊലപ്പെടുത്താതിരുന്നതും അതുകൊണ്ട് തന്നെ യായിരുന്നു.
മായിൻ കാക്ക കൊണ്ടു തന്ന പെട്ടി ഞങ്ങൾ തുറന്നു.സെയ്തു കാക്കാക്ക് വിതുമ്പൽ ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടുകൊണ്ടിരുന്നു. കണ്ണുനീർ ധാരധാരയായ് ഒഴുകിക്കൊണ്ടിരിക്കുന്നു.
പെട്ടിയിൽ ഞാൻ പരതി നോക്കി. അതിലെ ആൽബങ്ങളിൽ നിറയെ സുന്ദരിയായ ഒരു താത്താന്റെ ഫോട്ടം.
അത് കണ്ടപ്പോൾ അറിയാതെ ഉമ്മ മനസിൽ വന്ന് പോയി. എന്റെ കണ്ണുകളും ഈറനണിഞ്ഞൊ?.
പെട്ടിയിലെ പൊട്ടിക്കാത്ത ഒരു കത്ത് കണ്ണിൽ പെട്ടു. ഞാൻ അത് സെയ്തു കാക്കാക്ക് കൈമാറി. സെയ്തു കാക്ക ആർത്തിയോടെ ആ കത്തു പൊട്ടിച്ചു വായിച്ചു.
വായിച്ചു കഴിഞ്ഞ കത്ത് ദ്രവിക്കുന്ന അവസ്ഥയിലായിരുന്നു.എന്ത് ചെയ്യണമെന്നറിയാതെ സെയ്തു കാക്ക തലയും താഴ്ത്തി ഇരിക്കുകയാണ്.
എന്താണ് കത്തിൽ?. ഞാൻ ചോദിച്ചു.
നമ്മുടെ കൈയിൽ പണമുണ്ടെന്ന് ജ്യേഷ്ഠൻ എങ്ങിനെയോ അറിഞ്ഞിട്ടുണ്ട്. കുട്ടികളില്ലാത്ത നിങ്ങൾക്ക് എന്തിനാ ഇത്രയും പണം എന്നൊക്കെ ജ്യേഷ്ഠൻ ചോദിച്ചത്രെ?.
പിന്നെ എളാപ്പാക്ക് അവളുടെ നേരെ ഒരു കണ്ണുണ്ടായിരുന്നത്രെ?.
എന്നാലും എന്തിനായിരിക്കും അവളെ കൊന്നത്.. ആ ദുഷ്ടന്മാർ?.
സെയ്തു കാക്കാനെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. നമുക്ക് ആയിശുമ്മാന്റെ മയ്യിത്ത് നിസ്കരിക്കണം. ആയിശുമ്മാന്റെ ആത്മാവിന് വിജയം കിട്ടട്ടെ..
വെള്ളിയാഴ്ചയായതിനാൽ ജുമുഅക്ക് ശേഷമുള്ള മയ്യിത്ത് നിസ്കാരത്തിൽ ആയിശുവിന്റെ നിസ്കാരം കൂടി നടത്താൻ വേണ്ടി സെയ്തു കാക്കാന്റെ അഡ്രസിൽ തന്നെ ആയിശുവിന്റെ പേരും എഴുതിച്ചേർത്തു:.
അന്ന് ജുമുഅ നിസ്കാരം കഴിഞ്ഞ ഉടനെ മയ്യിത്ത് നിസ്കരിക്കാനുള്ളവരുടെ പേരുകൾ അബ്ബാസ് മുസ്ലിയാർ വായിച്ചു.അവസാനം വായിച്ചപേര് കേട്ട് പള്ളിക്കുള്ളിലുണ്ടായിരുന്ന പലരും ഞെട്ടി.
അഹമ്മദ് മൊല്ലയും സെയ്തു കാക്കാന്റെ ജ്യേഷ്ഠനും പരസ്പരം നോക്കി.
എന്നിട്ട് എണീറ്റു. മയ്യിത്ത് നിസ്ക്കാരത്തിൽ പങ്കെടുക്കാതെ നേരെ പുറത്തിറങ്ങി.
മായിൻ കാക്കാന്റെ വീട് ലക്ഷ്യമാക്കി അവർ നടന്നു.
മായിൻ കാക്കാന്റെ വീട്ടിലെത്തിയപ്പോൾ അവർ ഞെട്ടി.. മായിൻ കാക്കാന്റെ കട്ടിൽ ശൂന്യം.
മൊല്ല മായിൻ കാക്കാന്റെ ഭാര്യയോടായി അലറി...
"എവിടെ മായിൻ?"
പള്ളിയിൽ പോയതാ.
ആരാ ഓന്റെ സൂക്കേട് മാറ്റിയത്?'
ആ പള്ളിയിലെ കുട്ടിയാ..
ചോദ്യവും മറുപടിയും എല്ലാം പെട്ടെന്ന് കഴിഞ്ഞു.
പിന്നെ അവരവിടെ നിന്നില്ല
വേഗം പള്ളിയിലേക്ക് തന്നെ വച്ചുപിടിച്ചു.താൻ തളർത്തിക്കിടത്തിയ ആളുടെ സൂക്കേട്‌ മാറ്റിയവനെ കയ്യോടെ പിടികൂടണം എന്നതായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ചിന്ത.
ആ സമയം ഞാൻ പള്ളിയിലെ രണ്ടാം നിലയിലെ അകത്തെ പള്ളിയിലായിരുന്നു.നേരത്തെ ഉണരുന്നത് കാരണം നേരിയ മയക്കം വരാറുണ്ട്. നമസ്കാരം കഴിഞ്ഞപ്പോൾ ചെറുതായി ഒന്ന് മയങ്ങി.
മോതിരവിരൽ ശക്തമായി വിറയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഉണർന്നത്. നമസ്കാരം കഴിഞ്ഞ് എല്ലാവരും പോയിരിക്കുന്നു.
കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്നു രണ്ട് വലിയ പാമ്പുകൾ.അവ തന്റെ നേർക്ക് പത്തി വിടർത്തി നിൽക്കുകയാണ്.പിന്നാലെ അഹമ്മദ് മൊല്ലയും അവിടെ പ്രത്യക്ഷപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിയർത്തു..
അടുത്ത ഭാഗം അവസാനിക്കും..
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot