
പണ്ട് എന്റെ കുട്ടിക്കാലത്തു തൊടിയിലുണ്ടായിരുന്ന ചെടികളെല്ലാം..ഇന്ന് മണ്മറഞ്ഞിരിക്കുന്നു. തുമ്പയും മുക്കുറ്റിയും കീഴാർനെല്ലിയും നിലനാരകവും കറുകയും ഒന്നും കാണാനില്ല.. നാടൻ ചെമ്പരത്തികൾ ചുവപ്പു മാത്രമല്ല എത്ര നിറത്തിൽ ഉണ്ടായിരുന്നു. കയ്യോന്നിയും, തൊട്ടാവാടിയും കരിങ്ങൂഴയും നിലപ്പുള്ളടിയും കുടങ്ങലും ഒക്കെ പറമ്പിലെ ഔഷധ ഗുണങ്ങളുള്ള ചെടികളായിരുന്നു. ആനചുവവടിയും മുയൽ ചെവിയനും എവിടെപ്പോയി... ?
കാക്കത്തണ്ടും കണ്ണുതുള്ളിച്ചെടിയും ഇപ്പോൾ കാണാനില്ല. കാലം പോയപ്പോൾ ഇവയും പൊയ്പ്പോയോ.. ?
ഓലേഞ്ഞാലിപക്ഷിയെയും തൂക്കണം കുരുവികളും ഇപ്പോൾ കൂടുവെക്കാറില്ലന്ന് തോന്നുന്നു. മണ്ണിലും മരപ്പൊത്തിലും ചെറുതേനീച്ചകൾക്കു കൂട് വെയ്ക്കാനും തേൻ കരുതി വെക്കാനും ഇപ്പോൾ പേടിയാണത്രെ...
അണ്ണാറകണ്ണനും കാക്കകൾക്കും മധുരം നുകരാൻ നാട്ടുമാവുകൾ നാട്ടിലില്ല..
തോട്ടിലും വയലിലും ഉണ്ടായിരുന്ന പൊടിമീനുകളും വരാലും പരലും പള്ളത്തിയും ഒക്കെ എവിടെ.. ? വയലിലെ ചേറിലെ വെള്ളത്തിൽ ശംഖ് പോലെ കിടന്നിരുന്ന നത്തക്ക ഇന്നില്ല.
പൂവിനോടും പൂങ്കാറ്റിനോടും പുന്നാരം ചൊല്ലുന്ന കരിവണ്ടും തേൻകുരുവിയും മറവികൾക്കപ്പുറത്തേക്കു പോയോ..
ഉണങ്ങി നിൽക്കുന്ന മരങ്ങൾ കൊത്തി കൂടൊരുക്കാൻ മരം കൊത്തിയും കതിര് കൊത്താൻ പച്ചത്തത്തയും ഇപ്പൊ ഇതു വഴി വരാറില്ല.
ഓണത്തുമ്പിയും ഓണവെയിലും ഓർമ്മയിൽ മാത്രം..... !
ഓണത്തുമ്പിയും ഓണവെയിലും ഓർമ്മയിൽ മാത്രം..... !
ഓലപ്പന്തും ഓലപ്പീപ്പിയും ഇല്ലാതായി. കുട്ടിയും കോലും കളിക്കുന്ന കുട്ടികൾ ഇന്നുണ്ടോ. കണ്ണൻ ചിരട്ടയിൽ ചെങ്കല്ല് പൊടിച്ചു കഞ്ഞിയും കറിയും വച്ചതു അന്നത്തെ കുട്ടിക്കാലം.
മഴയിൽ നനഞ്ഞു മണ്ണിൽ കുഴഞ്ഞു മഴവില്ലു നോക്കി നടന്ന ബാല്യം ലഭിച്ചത് ഭാഗ്യമാണ്. നാട്ടു വഴികളും കാട്ടുചെടികളും വീട്ടു മുറ്റത്തെ കൂട്ടുകൂടലുകളും ഓർമ്മയിൽ നിറങ്ങൾ വീഴ്ത്തുന്നു.
ഇന്നലകൾ മാഞ്ഞത് ഇന്നത്തേതിന് വേണ്ടിയാകാം.. അത് അനിവാര്യതയാകാം എന്നാലും ഒരു നൊമ്പരം.
വീട്ടു മുറ്റത്തെ ചെടിച്ചട്ടിയിലെ മണ്ണിൽ ഇന്നലെ കിളിർത്ത പേരറിയാത്ത പുതിയ ചെടിക്കും മണ്ണിൽ ഇറങ്ങാതെ ബൈക്കിൽ കറങ്ങുന്ന പുതുതലമുറക്കും പഴയതൊക്കെ പറഞ്ഞു കൊടുക്കണം. പഴമയുടെ തനിമ അവർ പുനർ സൃഷ്ടിക്കട്ടെ .. !!!!!
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട.
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക