
പടിവാതിൽക്കൽ ഈ ഇരുപ്പു തുടങ്ങിയിട്ട് കുറച്ചധികമായി.. ഉണ്ണി വരുന്നതും കാത്ത്. ദൂരെ നെല്പാടങ്ങൾക്കു നടുവിൽ ഒരു കാര് വന്നു നിന്നു . അച്ഛൻ കൈ പിടിച്ചു നടത്തണം. അല്ലെങ്കിൽ ഇടക്ക് അടിതെറ്റി വീഴും. കരയില്ല ഒരു നേർത്ത ശബ്ദം മാത്രം. എന്റെ ഉണ്ണി അങ്ങനെ ആണ്. കരയാനോ ചിരിക്കാനോ വേദനയോ വിശപ്പോ അറിയിക്കാനോ എന്റെ ഉണ്ണിക്കു ആവില്ല. ഇരുപത്തഞ്ചുകാരനാണെങ്കിലും ഒരു വയസുകാരന്റെ ബുദ്ധിയെ ഉള്ളു അവനു,എന്റെ ഉണ്ണിക്കു.
കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ ജീവിതത്തിലെ സന്തോഷങ്ങൾ എത്തിപ്പിടിക്കാനുള്ള വ്യഗ്രത ആയിരുന്നു. ദൈവതുല്യനായി ഞാൻ കണ്ട ഭർത്താവ്. ഇത്ര സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് എല്ലാവരും പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്ന് വീട്ടുകാർ പറഞ്ഞു, നാട്ടുകാർ പറഞ്ഞു. ഞാനും അത് അനുഭവിച്ചറിഞ്ഞു. ഒരു സ്നേഹസമ്പന്നനായ പുരുഷന്റെ തണലിൽ കഴിയുന്നതിലും പരം സന്തോഷം. ഞാൻ ആഗ്രഹിച്ചിരുന്നതിനേക്കാൾ നല്ലൊരു ജീവിതം. സന്തോഷത്തിന്റെ നാളുകളായിരുന്നു അത്.
വിശേഷത്തിന്റെ വിശേഷം ചോദിക്കലുമായി വീട്ടുകാരും നാട്ടുകാരും എത്തിയപ്പോൾ, ഞാൻ ഒരു അമ്മ അകാൻ പോകുന്നു എന്ന സത്യം, എന്റെ ഉണ്ണി വരാൻ പോകുന്നു എന്ന സന്തോഷം. ഏട്ടൻ എനിക്കും ഉണ്ണിക്കും സ്നേഹം വാരിക്കോരി തന്നു. അങ്ങനെ എല്ലാവര്ക്കും എല്ലാമായി എന്റെ ഉണ്ണി പിറന്നു.
'അമ്മ ആയതിന്റെ സന്തോഷം, അതിലുപരി ഒരു തങ്കക്കുടത്തിനെ കിട്ടിയതിന്റെ സന്തോഷം. ആയിരം സൂര്യതേജസ് എന്നൊക്കെ പറയുമായിരുന്നു എന്റെ 'അമ്മ .അതുപോലെ സുന്ദരനായിരുന്നു അവൻ. താഴത്തും തറയിലും വെക്കാതെ എല്ലാവരും അവനെ വളർത്തി. എല്ലാവരും അവനെ താലോലിക്കാൻ മത്സരിച്ചു.
അങ്ങനെ അവന്റെ പിറന്നാൾ ദിവസം എത്തി. ആദ്യ പിറന്നാൾ. അമ്മ എന്ന് കൂട്ടി പറയില്ല. എങ്കിലും അവന്റെ മനസ് എനിക്കറിയാം. അവൻ അമ്മെ എന്ന് വിളിക്കുന്നത് മനസ് കൊണ്ട് എനിക്ക് കേൾക്കാം. എല്ലാവരും പിറന്നാളിന്റെ സന്തോഷങ്ങളിൽ മുഴുകി. പെട്ടെന്നാണ് ഉണ്ണിക്കു ഉണ്ണിക്കു ചെറിയ ഒരു മാറ്റം . അവൻ കുഴയുന്നതു പോലെ. അവൻ പെട്ടെന്ന് അബോധാവസ്ഥയിലേക്കു പോയി. എന്റെ ജീവൻ പോകുന്ന പോലെ എനിക്ക് തോന്നി.
ഉണർന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആണ്. ഉണ്ണി ഏട്ടന്റെ കയ്യിൽ. എല്ലാവരും ചിരിച്ചു. അവനാണോ എനിക്കണോ ബോധം പോയെ എന്ന് ചോദിച്ചു. എന്റെ കുഞ്ഞല്ലേ ചിരിക്കുന്നവർക്കു ചിരിക്കാം. പക്ഷെ ആ ചിരി അധികം നീണ്ടു നിന്നില്ല. ഉണ്ണിക്കു ഇടക്കിടക്ക് ബോധക്ഷയം വരുന്നു. കാണിക്കാത്ത ആശുപത്രികൾ ഇല്ല. പോകാത്ത ദൈവങ്ങളില്ല. എന്റെ ഉണ്ണിയെ കൈവിടല്ലേ എന്ന ഒറ്റ പ്രാർത്ഥന മാത്രം. എന്റെ ഉണ്ണി, പ്രാർത്ഥനകൾ എല്ലാം വിഫലം. മനുഷ്യദൈവങ്ങളും സഹായിച്ചില്ല.പതുക്കെ പതുക്കെ ആ സത്യം ഞങ്ങൾ മനസിലാക്കി. ഉണ്ണിയുടെ ബുദ്ധിവളച്ച നിലച്ചിരിക്കുന്നു. അവൻ എന്നും ആ ഒരു വയസുകാരൻ ആയിരിക്കും.
എന്റെ കണ്ണീരുറവകൾ വറ്റിയിരുന്നു. മനസിന്റെ സങ്കടം കണ്ണിനു പോലും മനസിലാകാതായി. ഇല്ല എന്റെ ഉണ്ണിയെ ഞാൻ നോക്കും.
കാലങ്ങൾ കടന്നുപോയി ഉണ്ണിക്കായി ജീവിച്ച ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി വന്നു. അച്ചു എന്ന് ഞങ്ങൾ വിളിച്ച ഞങ്ങളുടെ അശ്വതി. അവളിപ്പൊ വല്യ കുട്ടി ആയിരിക്കുന്നു. മിടുക്കി ആണ് അവൾ. പാട്ടിലും നൃത്തത്തിലും എല്ലാം. അവൾക്കു കല്യാണ പ്രായം എത്തിയത് എത്ര പെട്ടെന്നാണ് ! അവളുടെ കല്യാണം അതാണ് കുടുംബത്തിലെ എല്ലാവരുടെയും ഒരേ ഒരു ആഗ്രഹം. ഉണ്ണിയുടെ ചികിത്സകൾ നിറുത്തിയിരുന്നു. ഇനി പ്രതീക്ഷ വേണ്ട എന്ന് വൈദ്യശാസ്ത്രം വിധി എഴുതി.
അശ്വതിക്ക് ഒന്നുരണ്ടു കല്യാണാലോചനകൾ വന്നു. വന്ന ആലോചനകളിൽ എല്ലാം ഉണ്ണി അവർക്കൊരു കല്ലുകടി ആയി . കല്യാണങ്ങൾ മുടങ്ങി. ഭാവിയിൽ ഉണ്ണി അവർക്കൊരു ബാധ്യത ആകുമോ എന്ന് പലരും പേടിച്ചു. അവന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് പലരും അവനെ വെറുത്തു തുടങ്ങി. എന്തിനീ പാഴ്ജന്മം എന്റെ പൊന്നു മോനെ. അവൻ എന്തറിഞ്ഞിട്ടാണ്. അവനെ ഞാൻ നോക്കും. ആരും സഹായിക്കേണ്ട.
പക്ഷെ വീട്ടുകാരുടെ വിമർശനങ്ങൾ കൂടിക്കൂടി വന്നു. സുഖമില്ലാത്ത കുട്ടിയെ വല്ലോ അനാഥാലയത്തിലും ആക്കിക്കൂടെ. വാക്കുകൾ കടുത്തു. എന്റെ പിടിവാശി മകളുടെ ജീവിതം തകർക്കും എന്ന് പലരും അടക്കം പറഞ്ഞു. ഞാൻ എരിഞ്ഞു തീരുകയായിരുന്നു. എല്ലാ അർത്ഥത്തിലും. എന്റെ ഉണ്ണിയെ ഉപേക്ഷിക്കണം അത്രേ. അവനെ അനാഥാലയത്തിൽ തള്ളണം അത്രേ. എന്റെ എതിർപ്പുകൾക്കു അപ്പുറമായിരുന്നു അവരുടെ തീരുമാനം. ഏട്ടനും ഒരു മൂകസാക്ഷിയായി നിന്നു.
ഉണ്ണി പോയ ദിവസം. ആദ്യമായി അവന്റെ കണ്ണ് നിറഞ്ഞു. അവൻ ആദ്യമായി തന്നെ ഒരു യാത്ര പോകുന്നു. ഞാൻ ഇല്ലാതെ. ഞാൻ പോയില്ല. എനിക്ക് പറ്റുന്നതിലും അപ്പുറമായിരുന്നു അത്. വണ്ടി കൺമുന്നിൽ നിന്ന് മായാണ് ഞാൻ നിന്നില്ല. എന്റെ കണ്ണുനീര് കാണാൻ ആരും വന്നുമില്ല.
ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ടു പോയ പപോലെ. ജീവൻ പറിച്ചെടുത്തതുപോലെ. ചുറ്റുമുള്ളവരൊക്കെ എന്റെ ശത്രുക്കളെ പോലെ. അശ്വതിയും നിന്റെ മോളല്ലേ, അവളെ നീ എന്താ ഓർക്കാത്തെ. കുത്തുവാക്കുകൾ കേട്ടുകൊണ്ടേ ഇരുന്നു. കണ്ണീരുറവകൾ വീണ്ടും വറ്റിയിരുന്നു.
മകൾ ആണൊരുത്തന്റെ കൂടെ പടി ഇറങ്ങിയപ്പോഴും കണ്ണിൽ ഒരു കണ്ണീർക്കണം പോലും ഉണ്ടായില്ല. ഒരു നിസ്സംഗത. ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്.
ഇന്നെന്റെ ഉപവാസത്തിന്റെ അവസാന ദിവസം ആണ്. ഉണ്ണി ഇല്ലാത്ത വീട്ടിൽ ഒരു തുള്ളി വെള്ളം ഇറക്കില്ല എന്ന എന്റെ വാശിയുടെ അവസാന ദിവസം. അവനെ കാത്തുള്ള ഇരിപ്പാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. അച്ഛന്റെ കൈപിടിച്ച് അവന്റെ അമ്മയെ കാണാൻ വെമ്പി. അവന്റെ മനസ് എനിക്ക് വായിക്കാം. അവന്റെ കണ്ണുകൾ, അവ എന്നെ ആയിരം വട്ടം അമ്മെ എന്ന് വിളിക്കുന്നുണ്ട്. അവന്റെ മുഖത്ത് ഞാൻ ആദ്യമായി പുഞ്ചിരി കണ്ടു. നിഷ്കളങ്കമായ പുഞ്ചിരി. തിരിച്ചു കിട്ടിയ ആ നിധിയെ ഞാൻ മുറുകെ പിടിച്ചു. വിട്ടുകൊടുക്കില്ല ഉണ്ണി ഞാൻ നിന്നെ ഒരു അനാഥാലയത്തിനും... എന്റെ മരണം വരെ നിന്നെ ഞാൻ നോക്കും.. പൊന്നു പോലെ..
ഉണ്ണി അപ്പോഴും ആ.. ആ.. എന്ന് പറയാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു .. 'അമ്മ എന്ന ആ വാക്ക് മുഴുവിപ്പിക്കാൻ..
മക്കളെ മനസ് നിറഞ്ഞു സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കുമായി സമർപ്പിക്കുന്നു..
ആർ.ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക