നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വത്വം തേടുന്നവര്‍

Image may contain: 1 person


"രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിന്‍റ അമ്മ മരിക്കുമല്ലൊ ധൃവന്‍,അപ്പോള്‍ നീ കരയുമൊ?"- അമ്മുവിന്‍റ ഇടക്കുള്ള ചോദ്യം കേട്ടാല്‍ വട്ടാണൊ അവള്‍ക്കെന്ന്‌ തോന്നാതിരിക്കാന്‍ കാരണം മൂന്നാം ദിവസം ധൃവന്‍റ അമ്മ മരിക്കുന്നുണ്ട്‌ എന്നതാവാം. -"അറിയില്ല അമ്മൂ,അമ്മ മരിച്ചാല്‍ ആരോടും കരഞ്ഞു പോകില്ലെ, കരച്ചില്‍ വന്നാലും ഞാന്‍ പിടിച്ചു നില്‍ക്കും,എനിക്കു കരയാന്‍ ഇഷ്‌ടമല്ല. (നമ്മളൊക്കെ ഉത്തരാധുനികര്‍ അല്ലെ,കരച്ചിലും ചിരിയുമൊക്കെ സ്വാഭാവികമായി വരുന്ന കാലത്തെ നിഷേധിക്കുന്നവര്‍)മരണം ആഘോഷിക്കാന്‍ വന്നവരൊക്കെ എന്‍റ കണ്ണുകളിലേക്കു തന്നെ നോക്കിയേക്കാം, കണ്ണീരു വീഴാത്തതില്‍ ചിലരെങ്കിലും 'സ്‌നേഹമില്ലാത്തവന്‍'എന്നു കുറ്റപ്പെടുത്തിയെക്കാം.സ്‌നേഹത്തിന്‍റ ഉപ്പില്ലാത്ത കണ്ണീരെന്നു തിരിച്ചറിഞ്ഞാലും അമ്മ സ്വീകരിക്കുമെങ്കിലും എനിക്കു ഞാന്‍ ആയല്ലെ മതിയാകൂ.ആരെങ്കിലുമൊക്കെ തന്നെ കുറിച്ചോര്‍ത്ത്‌ കരയണമെന്ന്‌ കൊതിക്കും പോലെ അടഞ്ഞു കിടന്ന ആ കണ്ണുകള്‍ ഇടക്ക്‌ തുറന്നു തിരഞ്ഞേക്കാം. -"അല്ലെങ്കിലും എന്‍റ അമ്മയ്‌ക്കുവേണ്ടി കരയാന്‍ ആരും ഉണ്ടാവില്ല. വെള്ള പുതച്ചു കിടത്തിയാല്‍ തലവശത്ത്‌ ആരെയൊക്കെയൊ കാണിക്കാന്‍ ഏങ്ങലടിക്കുന്ന ,എനിക്കുപോലും അറിയാത്ത അകന്ന ബന്ധുക്കള്‍ കാണാം. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഒരാളുടെ വിയോഗം നമ്മെ കരയിക്കണമെങ്കില്‍ അയാളുമായുള്ള ഇടപഴകലുകളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ചില ഓര്‍മകള്‍ ബാക്കിയാകണം,ചുരുങ്ങിയത്‌ അയാളുടെ അഭാവം മനസില്‍ നേരിയ നൊമ്പരമെങ്കിലും ഉണ്ടാക്കണം. ധൃവന്‍ കരഞ്ഞില്ല. കോലായിലെ മൂലയില്‍ മരവിച്ചിരിക്കുന്ന ഒരു ശരീരം മാത്രമായി അവന്‍.അവന്‍റ ചലനമറ്റ കണ്ണുകള്‍ക്കു മുന്നിലൂടെ ചിരട്ടയും മടലുമായി സ്‌ത്രീകള്‍ തെക്കേ മുറ്റത്തേക്കു നീങ്ങി.വീടിനു തെക്ക്‌ ഇത്തിരിപ്പോന്ന മുറ്റത്തു കുഴി എടുക്കും മുന്‍പ്‌ ധൃവന്‍റ അച്ചനെ അടക്കിയ സ്‌ഥലം പഴമക്കാരോട്‌ തിരക്കി .ശവത്തിനുമേല്‍ ശവം ദമ്പതിമാരുടെ ആത്‌മാക്കള്‍ ഇച്ഛിക്കുന്നുവെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ദോഷക്രിയ ആണല്ലൊ.ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ അമ്മു ധൃവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകള്‍ എന്തുകൊണ്ടൊ ഈറനണിഞ്ഞിരുന്നു. കുറെ പ്രായം ചെന്ന സ്‌ത്രീകള്‍ കിണറ്റു കരയില്‍ കൈതോലപ്പായ കൊണ്ട്‌ മറയുണ്ടാക്കി ,മരക്കട്ടിലില്‍ വാഴയില വിരിച്ച്‌ അവരെ കുളിപ്പിച്ചു.ചിതയിലേക്ക്‌ എടുക്കാന്‍ നേരമായപ്പോള്‍ നാട്ടുമൂപ്പന്‍ ധൃവനോട്‌ പറഞ്ഞു "കുളിച്ച്‌ ഈറനോടെ വാ...
'' എന്തിനാ..''
എടുത്തടിയുള്ള ധൃവന്‍റെ ചോദ്യം കേട്ട് കൂടി നിന്ന നാട്ടുകാര്‍ സ്തബ്ദരായി.
അവിടെ തങ്ങി നിന്ന നിശബ്ദത പൊടുന്നനെ ഭേദിക്കപ്പെട്ടു.
ധൃവന്‍റെ അമ്മാവന്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
-' ധൃവാ....അമ്മയുടെ കര്‍മ്മം ചെയ്യണം. പോയി കുളിച്ചു വാ..
ചിതക്കു തീ കൊളുത്താന്‍ മറ്റാരാ......
-'' മരിച്ചാല്‍ കുഴിച്ച് മൂടണം..കര്‍മ്മം..മണ്ണാങ്കട്ട. ഞാന്‍ ചെയ്യില്ല. ആത്മശാന്തി കിട്ടാന്‍ പ്രദക്ഷിണം വെച്ച് തീകൊളുത്തൂകയല്ല വേണ്ടത്.''
ധൃവന്‍ ഒരു പഭ്രാന്തനെ പോലെ വിളിച്ചു പറഞ്ഞു.
അവന്‍ അയലില്‍ നിന്നും ഷര്‍ട്ട് എടുത്ത് ഇട്ടുകൊണ്ട് ആള്‍കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് നടന്നു. ഇറങ്ങുമ്പോള്‍ അവന്‍ അമ്മയുടെ മുഖത്തേക്ക് ഒരിക്കല്‍ കൂടി നോക്കി.
തന്നെ ബന്ധിപ്പിക്കുന്ന അവസാന കണ്ണിയും അറ്റിരിക്കുന്നു.
എങ്ങോട്ടെന്നറിയാതെ ,,സ്വത്വം തേടി വിദൂരതയിലേക്ക് നടന്നു നീങ്ങുന്ന അവനെ നോക്കി ആള്‍കൂട്ടത്തില്‍ ഒരു മനസ് തേങ്ങുന്നുണ്ടായിരുന്നു.
പുരുഷു പരോള്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot