ദൈവത്തിന്‍റെ മാലാഖമാര്‍ !!
"ഇങ്ങനെ ഒരു കുട്ടി ഉണ്ടാവണേലും നല്ലത്, അങ്ങ് ഇല്ലാതിരിക്കുന്നതായിരുന്നു...."
മകളുടെ രോഗവിവരങ്ങള്‍ പറയുന്നതിനിടെ ഞാന്‍ പറഞ്ഞ ഈ വാചകം കേട്ട്, ആ ദമ്പതികള്‍ ഒരു നിമിഷം സ്തബ്ധരായി....
ഉറങ്ങുകയായിരുന്ന തന്‍റെ കുഞ്ഞിനെ മാറിലേയ്ക്ക് ചേര്‍ത്തുകൊണ്ട് ആ അമ്മ വിതുമ്പിക്കരയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഭാര്യയെ ആശ്വസിപ്പിച്ചു...
അയാളുടെയും മുഖം ആകെ അസ്വസ്ഥമായിരുന്നു. കൈകള്‍ കൂട്ടിത്തിരുമ്മി, ഒരു നിമിഷത്തെ മൌനത്തിനു ശേഷം അയാള്‍ എന്നോടായി പറഞ്ഞു,
"ഡോക്ടറെ, നിങ്ങള്‍ പറഞ്ഞത് പ്രായോഗിക വശം, ഞാന്‍ സമ്മതിക്കുന്നു... പക്ഷെ അതൊരു അമ്മയുടെ മുന്നില്‍ പറയുക എന്നാല്‍, അതിത്തിരി കടന്നകൈ ആയിപ്പോയി. ഇവള്‍ കേള്‍ക്കാതെ എന്നോട് മാത്രമായി നിങ്ങളിത് പറഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷെ എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നു. ഇവിടെ നിങ്ങള്‍ക്കറിയാത്ത ഒരു കാര്യമുണ്ട്, നീണ്ട പത്തു വര്‍ഷക്കാലം കാത്തിരുന്നു കിട്ടിയ കണ്മണിയാണ് ഞങ്ങള്‍ക്കിവള്‍.... ഒരുപാടു ചികിത്സകള്‍ക്കും വഴിപാടുകള്‍ക്കും ഒടുവില്‍, ഞങ്ങള്‍ടെ പ്രാര്‍ത്ഥന കേട്ടറിഞ്ഞ ദൈവം, ഞങ്ങള്‍ക്ക് വച്ചുനീട്ടിയ സൗഭാഗ്യം. മൂന്നാം മാസത്തില്‍ ഒരു ബ്ലീഡിംഗിന്‍റെ രൂപത്തിലും വന്നൂ ഒരു പരീക്ഷണം, അതിനെയും അതിജീവിച്ച് അവള്‍ ഞങ്ങള്‍ടെ ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു. പിന്നെ ഡെലിവറിസമയത്തുണ്ടായതായി ഞാന്‍ നേരത്തെ പറഞ്ഞ ആ കോംപ്ലിക്കേഷനാണ് സകല താളവും തെറ്റിയ്ക്കുന്നത്. ദൈവം സുരക്ഷിതമായി തന്‍റെ കൈവെള്ളയില്‍ വച്ചു തന്ന ആ കുരുന്നുജീവനെ, പുറത്തെടുക്കുന്നതില്‍ നിങ്ങള്‍ടെ കൂട്ടര്‍ വരുത്തിയ പാകപ്പിഴയായിട്ടു കൂടി, അത് വിധിയെന്ന് കരുതി അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ ജീവിതം തുടരുകയായിരുന്നു. കാരണം, ഈ സംഭവിച്ച ബ്രെയിന്‍ സെല്‍ ഡാമേജ്, ജീവിതത്തില്‍ നമുക്കേത് സമയത്തും, എന്തിന് ഒരു പനി അധികമായാല്‍ പോലും, വരാവുന്നതല്ലേയുള്ളൂ, എന്ന ഒരു നിസ്സാരവത്ക്കരണം നടത്തി, തുടര്‍ന്നു ജീവിക്കാനുള്ള ഊര്‍ജ്ജം ഞങ്ങള്‍ നേടുകയായിരുന്നു. ജീവിതത്തില്‍ നമുക്ക് ചോയ്സുകളോ റീ-ടെയ്ക്കുകളോ ഇല്ലല്ലോ മാഡം. ഈ കുഞ്ഞിനെ ഞങ്ങള്‍ക്ക്, ഇവ്വിധം തരണമെന്നത് ദൈവത്തിന്‍റെ തീരുമാനമാണ്. അവന് പ്രിയപ്പെട്ടവരെ അവന്‍ കൂടുതല്‍ പരീക്ഷിയ്ക്കും. അതുപോലെ ഇത്തരം കുഞ്ഞുങ്ങളുടെ ഏതൊരു ജീവിതസാഹചര്യത്തിലും മുഖംചുളിയ്ക്കാതെ അവരെ പരിപാലിയ്ക്കുമെന്ന് ദൈവത്തിന് അത്രമേല്‍ ഉറപ്പും വിശ്വാസവുമുള്ള മാതാപിതാക്കള്‍ക്കേ, അവരേ നോക്കാനായി അവന്‍ കൊടുക്കൂ. അങ്ങനെ നോക്കുമ്പോള്‍, ഭിന്നശേഷിയുള്ള ഈ കുഞ്ഞുങ്ങള്‍ തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മാലാഖമാര്‍..... ഞങ്ങള്‍ടെ കുഞ്ഞിനു വേണ്ട കെയര്‍ കൊടുക്കാന്‍ ഞങ്ങള്‍, കഴിവിന്‍റെ പരമാവധി ശ്രമിയ്ക്കുക തന്നെ ചെയ്യും, അതും ഒന്നിലും ദൈവത്തെ പഴിചാരാതെ, യാതനകള്‍ കൂടാതെ ജീവിക്കാന്‍ ഉള്ള ശക്തി മാത്രം പകരണമേ എന്ന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട്.... പിന്നെ ഇപ്പൊ ഡോക്ടറുടെ കാര്യത്തിലേയ്ക്ക് വരികയാണെങ്കില്‍, സാധാരണ കുട്ടിയായി ജനിച്ച മാഡം പിന്നീട് പോളിയോബാധയെത്തുടര്‍ന്നല്ലേ ഇപ്പൊ ഇങ്ങനെ ശോഷിച്ച കാലുകളോടെ ആയിത്തീര്‍ന്നത് ?? ഡോക്ടറുടെ മാതാപിതാക്കള്‍ അന്ന്‍ നിങ്ങളെ പരിചരിക്കാന്‍ ഉള്ള വിഷമതയോര്‍ത്ത് ഈ കുട്ടി ജനിക്കേണ്ടിയിരുന്നില്ല എന്ന്‍ വിചാരിയ്ക്കുകയല്ലല്ലോ ചെയ്തത്, പകരം നോക്കി വളര്‍ത്തുകയല്ലേ ഉണ്ടായത്. അപ്പൊ ഒന്നും തന്നെ നമ്മുടെ നിയന്ത്രണത്തില്‍ അല്ലെന്നുറപ്പല്ലേ... അതുകൊണ്ട് ദയവുചെയ്ത്, ഒരിക്കലും നിങ്ങളില്‍ ആശ്രയം തേടി വരുന്ന ഒരമ്മയേയും ഇതുപോലെയുള്ള വാക്കുകളാല്‍ കുത്തിനോവിക്കരുത്. കാരണം ഒരമ്മയ്ക്കും തന്‍റെ കുഞ്ഞ് ഒരു ബാദ്ധ്യതയാവില്ല. അഥവാ ഒരമ്മയ്ക്കും, തന്‍റെ കുഞ്ഞ് ജനിക്കേണ്ടിയിരുന്നില്ല എന്ന്‍ ഒരു സാഹചര്യത്തിലും തോന്നില്ല. അങ്ങനെയുള്ള ആ മനസ്സ് അറിഞ്ഞൊന്നു ശപിച്ചാല്‍ തീരാവുന്നതേയുള്ളൂ നിങ്ങളതുവരെ ചെയ്ത നന്മകളൊക്കെയും....."
********
നിശബ്ദമായ സദസ്സിനെ ഉറ്റുനോക്കിക്കൊണ്ട് ഡോക്ടര്‍ ബീന കുര്യന്‍ ഒരു നിമിഷം തന്‍റെ പ്രസംഗം നിര്‍ത്തി. മുഖത്തുനിന്നും തന്‍റെ കണ്ണടയൂരി കര്‍ച്ചീഫു കൊണ്ട് കണ്ണുകളും മുഖവും ഒന്നമര്‍ത്തിത്തുടച്ച ശേഷം വീണ്ടും ആ കണ്ണട ധരിച്ചു. പിന്നെ സഗൌരവം തുടര്‍ന്നു....
നിശബ്ദമായ സദസ്സിനെ ഉറ്റുനോക്കിക്കൊണ്ട് ഡോക്ടര്‍ ബീന കുര്യന്‍ ഒരു നിമിഷം തന്‍റെ പ്രസംഗം നിര്‍ത്തി. മുഖത്തുനിന്നും തന്‍റെ കണ്ണടയൂരി കര്‍ച്ചീഫു കൊണ്ട് കണ്ണുകളും മുഖവും ഒന്നമര്‍ത്തിത്തുടച്ച ശേഷം വീണ്ടും ആ കണ്ണട ധരിച്ചു. പിന്നെ സഗൌരവം തുടര്‍ന്നു....
"അന്ന് ഞാനാ മനുഷ്യനില്‍ ദൈവത്തെ കാണുകയായിരുന്നു. എന്തൊക്കെയോ നേടി എന്നഹങ്കരിച്ചു നടന്നിരുന്ന എനിക്ക്, എന്‍റെ തൊഴിലിന്‍റെ മാഹാത്മ്യം ഓതിത്തന്ന അദ്ദേഹം തന്നെയാണ് എന്‍റെ ഇന്നത്തെ ജീവിതത്തിലേയ്ക്കുള്ള മാര്‍ഗ്ഗദര്‍ശി.... ഒന്നു കരഞ്ഞ് മാപ്പു പറയാന്‍ പോലും ശേഷിയില്ലാതെ ആ മാതാപിതാക്കള്‍ക്കു മുന്നില്‍ ഞാനന്ന് ഉരുകിത്തീരുകയായിരുന്നു. അന്നെനിക്കുമുന്നില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ഞാന്‍ പിന്നീടിതേവരെ കണ്ടിട്ടില്ല. അന്നാ കേട്ടതത്രയും ജീവിതമന്ത്രമായി എടുത്ത് എന്‍റെ ഔദ്യോഗികജീവിതം സ്പെഷ്യല്‍ ചില്‍ഡ്രന്‍-നായി ഞാന്‍ മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന്‍ വെല്ലൂര്‍ CMC -ല്‍ ഡെവലപ്മെന്റ് പീഡിയാട്രിക്സ് എന്ന ഇന്ത്യയില്‍ തന്നെ രണ്ടിടത്ത് മാത്രമുള്ള വിഭാഗത്തിന്‍റെ ഹെഡായി, റിട്ടയര്‍മെന്‍റ്-നോട് അടുത്തുനില്‍ക്കുമ്പോഴും, ദൈവത്തിന്‍റെ ആ മാലാഖമാര്‍ക്കായി ഇനിയുമിനിയും ഏറെ എനിക്ക് ചെയ്യാനുണ്ട്, എന്നാണെന്‍റെ മനസ്സു മന്ത്രിക്കുന്നത്. അതുകൊണ്ട് ഈ വര്‍ഷം ഈ കോളേജില്‍ നിന്നും പഠിച്ചിറങ്ങാന്‍ പോകുന്ന നിങ്ങള്‍ ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് ഇത്ര മാത്രം, ഡോക്ടര്‍മാര്‍ക്ക് യാതൊരു പെഴ്സണല്‍ ഫീലിംഗ്സും കൂടാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ, ഇത്തരം മൂര്‍ച്ചയുള്ള വാക്കുകള്‍ ആര്‍ക്കുനേരേയും പ്രയോഗിക്കാതിരിക്കുക. നമ്മെ ആശ്രയിച്ചു വരുന്നവരുടെ മനസ്സ് നോവത്തക്കവിധത്തില്‍, ഒരിക്കലും നിങ്ങള്‍ പെരുമാറാതിരിക്കുക. കരുണ വറ്റാത്ത ഒരു ഹൃദയം എന്നും കാത്തുസൂക്ഷിക്കുക. ആരോടും പക്ഷഭേദം കാട്ടാതെ, കൃത്യനിര്‍വഹണത്തിന് ഇറങ്ങുക..... ഇത്രയും പറഞ്ഞ് ഞാന്‍ നിര്‍ത്തട്ടെ, നിങ്ങള്‍ക്കേവര്‍ക്കും ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു....."
നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയിലൂടെ ഡോക്ടര്‍ ബീന കുര്യന്‍ തന്‍റെ ഊന്നുവടിയുടെ സഹായത്താല്‍ ആ വേദി വിട്ടിറങ്ങുമ്പോള്‍ ദൃഢനിശ്ചയത്താല്‍ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു; വളരെനാളത്തെ മിനുക്കലിനൊടുവില്‍ തിളക്കം ലഭിച്ച ഒരു വജ്രത്തേപ്പോല്‍...
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക