Slider

===ടൈഗർ ബാം===

0

===ടൈഗർ ബാം===
---------------------------
"ഉഫ്.. നടു ഒരു രക്ഷില്ലാട്ടാ" വന്ന പാടെ രഘു ബെഡിലേക്കു വീണു.
ബാലു പ്രത്യേകിച്ചൊന്നും തോന്നാത്ത പോലെ നിർവികാരതയോടെ നോക്കി.
"നോക്കി നിക്കാണ്ട്, ആ ടൈഗർ ബാം ഒന്ന് എടുത്തു താടാ, "
"അവിടെ തന്നെ കാണും.. ആ തലേണ ഒന്ന് പൊക്കി നോക്ക്"
രഘു തലയണക്കടിയിൽ തപ്പിയപ്പോ സംഗതി അവിടെ ഉണ്ട്. രഘു അതെടുത്തു വിരലുകൊണ്ട് ബാം ചുരണ്ടിയെടുത്തു. കൈ വളച്ചു നാടുവിലേക്കെത്തിച്ചു അമർത്തി തടവി. റൂമിൽ ബാമിന്റെ മണം നിറഞ്ഞു.
"എന്റെ രഘുവേട്ടാ, ലീവ് പോയി വന്നിട്ട് ഒരാഴ്ച അല്ലെ ആയുള്ളൂ.. ഇത്തവണെങ്കിലും ഒന്ന് ഡോക്ടറെ കാണിക്കായിരുന്നില്ലേ ഇങ്ങക്ക്"
രഘു ബാലുവിനെ നോക്കി ഒരു തളർന്ന ചിരി ചിരിച്ചു.
"ഇങ്ങനെ ഇളിച്ചോ എന്ത് പറഞ്ഞാലും"
"പറ്റാണ്ടാടാ. നാട്ടീ ചെന്നാ മ്മക്ക് പിന്നെ രണ്ടു ചെറകല്ലേ.. തോളിൽ കേറുന്നോരെ ഒക്കെ പൊറത്തു കേറ്റി അങ്ങട്ട് പറക്കന്നെ. അതിനെടേൽ മ്മക്കൊരു ഗാപ് കിട്ടണ്ടേ ഡോക്ടറെ കാണാൻ"
"കഴിഞ്ഞ തവണ വന്നപ്പഴും ഇതെന്നല്ലേ പറഞ്ഞെ നിങ്ങ"
"കഴിഞ്ഞ തവണേം ചെറകിണ്ടാർന്നു. അപ്പൊ പിന്നെ മാറ്റി പറയാൻ പറ്റോ?"
"എന്ത് പറഞ്ഞാലും ഇങ്ങടെ മുട്ടുന്യായം"
രഘു അപ്പൊ ടൈഗർ ബാമിന്റെ കുപ്പീടെ മൂട്ടിൽ ബാക്കി ആയ ബാം ചുരണ്ടുകയായിരുന്നു.
"ഇത് കഴിഞ്ഞല്ലോടാ ബാലുവെ.. നാളെ വരുന്ന വഴി ഒരെണ്ണം വാങ്ങണം"
"ഹ്മ്മ്.. ഇങ്ങളെ പറഞ്ഞിട്ട് കാര്യില്ല, ഇതിപ്പോ എത്ര ആയി കളക്ഷൻ"
"ഇതും കൂട്ടി ഇപ്പൊ.. എഴുപത്തി മൂന്നു, അല്ല എഴുപത്തി നാല് ആയി കാണും"
"ഓ.. വല്യ കാര്യായി. ഇങ്ങ സമ്പാദിക്ക്, എവിടേം കേക്കാത്ത ഒരു സമ്പാദ്യം.. ഒഴിഞ്ഞ ടൈഗർ ബാം കുപ്പികൾ, ഇത്തവണെങ്കിലും ഡോക്ടറെ കാണാമായിരുന്നു രഘുവേട്ടാ, ഇതിപ്പോ കൊല്ലം എത്ര്യായി കൊണ്ട് നടക്കുന്നു "
"നീയെവിടെ ഇരിക്ക്, ഞാൻ പറഞ്ഞരാം"
"നിക്കൊന്നും കേക്കണ്ട, നിങ്ങടെ കഥ. ഞാൻ കിച്ചണീ കേറി എന്തേലും ഉണ്ടാക്കട്ടെ"
"ഇരിക്കെടാ.. ഒരു പത്തു മിനിറ്റ്.. ഞാനും കൂടി എണീക്കാം അപ്പൊ.. മ്മക്ക് ഒരുമിച്ചു ഉണ്ടാക്കാടാ ഫുഡ്"
"ഹ്മ്മ്.." ബാലു എതിർവശത്തെ അവന്റെ ബെഡിലേക്കു ഇരുന്നു.
ഒരു മുറിയിൽ രണ്ടു ബെഡ് ആണ്. നാല് വർഷമായി ബാലുവും രഘുവും ആ റൂമിൽ എത്തിയിട്ട്. പ്രായത്തിൽ രഘുവിനെക്കാൾ പത്തു വയസ് കുറവാണ് ബാലുവിന്. അതുകൊണ്ടു തന്നെ രഘുവിനു ബാലുവിനോട് ഒരു മകനോടുള്ള വാത്സല്യം ആയിരുന്നു. ബാലുവിന് തിരിച്ചും.
"ഡാ ബാലു, നീ ഷാർജേലിക്ക് വന്നിട്ട് എത്ര കൊല്ലമായി, നാലാ അഞ്ചാ?"
"നാല്"
"ഇനി പോവുമ്പോ നാട്ടിലൊരു ജോലി നോക്കണം, ശമ്പളം ഇച്ചിരി കൊറഞ്ഞാലും കൊഴപ്പില്ല. ജോലിയൊക്കെ കണ്ടു പിടിച്ചു ഒരു പെണ്ണിനേം കേറ്റി അവിടെ തന്നെ കൂടണം, ഇങ്ങട്ടു പിന്നെ വരരുത്"
"ഇങ്ങ പിന്നേം തൊടങ്യാ രഘുവേട്ടാ"
"ഡാ.. ഞാൻ കാര്യായിട്ടി പറഞ്ഞതാ.. അഞ്ചു കൊല്ലം നിന്നാലും പത്തു കൊല്ലം നിന്നാലും തിരിച്ചു പോവുമ്പോ എന്തൂട്ട് കോപ്പാ ഇണ്ടാവാ ബാക്കി, കൂടി വന്നാ ഒരു നടു വേദന, അല്ലെങ്കിൽ കൊറച്ചു പ്രേഷറും ഷുഗറും"
"ഹ്മ്മ്"
"ഡാ .. മ്മള് ഇച്ചിരി റസ്റ്റ് ഒക്കെ എടുക്കാന്ന് വച്ചാ നാട്ടി പോണേ.. ചെല്ലുമ്പ എന്താ?"
എന്താ എന്ന മട്ടിൽ ബാലു നോക്കി..
"മ്മടെ 'അമ്മ, മാസം മാസം ചെക്കപ്പിണ്ടേ എറണാകുളത്തു ഹോസ്പിറ്റലിൽ, നമ്മൾ ചെല്ലുമ്പോ കൂടെ ചെല്ലാൻ പറയും, പറ്റില്ലാന്ന് പറയാൻ പറ്റോ?
"ഇല്ല"
"ഒരീസം അപ്പൊ അതിനു പോയാ, പിന്നെ മ്മടെ ഭാര്യ, മൂന്നു മാസായിട്ടു കംപ്ലൈന്റ്റ് ആണ്.. മുട്ടിനു വേദന. ചേട്ടൻ വന്നിട്ട് ഡോക്ടറെ കാണാന് വച്ച് ഇരിക്കാന്ന് പറഞ്ഞാ കൊണ്ടോവാണ്ടിരിക്കാൻ പറ്റോ?"
"ഇല്ല"
"അതും അതിന്റെ ഫോള്ളോ അപ്പും ഒക്കെ ആയി രണ്ടീസം പോയാ, പിന്നെ മ്മടെ പിള്ളേര്, അച്ഛൻ ഒന്നും അവിടന്ന് കെട്ടിവലിച്ചു കൊണ്ടരണ്ടാ, ഇങ്ങട്ടു വന്നു കൊച്ചീലെ ലുലു മാളിൽ പോയി ഒരു ഷോപ്പിംഗ് ചെയ്താ മതീന്ന് പറഞ്ഞാ പറ്റില്ലാന്ന് പറയാൻ പറ്റോ?"
"ഇല്ല "
"ഒരീസം അങ്ങനെ പോയില്ലേ.. പിന്നെ ബന്ധക്കാര്, ചിലരൊക്കെ പ്രായായി. അവരെങ്കിലും പോയി കാണണ്ടേ, അത് ഒഴിവാക്കാൻ പറ്റോ?"
"ഇല്ല"
"ഇങ്ങടെ ആൾക്കാരെ ഒക്കെ പോയി കണ്ടു.. എന്റെ വീട്ടിൽ പോയി രണ്ടൂസം നിക്കാൻ പറ്റൂല എന്ന് ഭാര്യ പറഞ്ഞാ അതിലും ന്യായം ഇല്ലേ"
"ഇണ്ട്"
"ഇതൊക്കെ കഴിഞ്ഞ് ഞാനും പോയി ഒരു എല്ലിന്റെ ഡോക്ടറെ കാണാൻ.. ഓൻ സ്കാനും എക്സ്റെം ഒക്കെ എടുത്തു. അവസാനം പറഞ്ഞു മൂന്നു മാസം ഫിസിയോ ചെയ്യണംന്നു. ഇരുപതു ദിവസത്തെ ലീവിന് പോയിട്ട് പോരുന്നെന്റെ മൂന്നൂസം മുൻപ് ഡോക്ടറെ കാണുമ്പോ ഓന് വേണം മൂന്നു മാസം, നടക്ക്ണ കാര്യാണോ"
"ഹ്മ്മ്.."
"പക്ഷെ, ഞാൻ ഒരു കാര്യം തീരുമാനിച്ചു ട്ടാ, അടുത്ത ലീവിന് പോവുമ്പോ ഫസ്റ്റ് മ്മടെ കാര്യം. പിന്നയൊള്ളു അമ്മേം അച്ഛനും കെട്ട്യോളും മക്കളും ഒക്കെ"
"ഉവ്വ.. ഇതെന്നല്ലേ മൂന്നു കൊല്ലമായി പറയിന്.. "
"അതൊക്കെ നടത്തൂടാ.. നീ നോക്കിക്ക.. അടുത്ത തവണ ഉറപ്പ്"
"ഊം.." ബാലു ഒന്ന് ആക്കി മൂളി .
"അപ്പൊ ബാലു.. നീ ഞാൻ പറഞ്ഞാ കാര്യം മറക്കണ്ട. എത്രേം പെട്ടന്ന് നാട്ടിലൊരു ജോലി, നീ മ്മളെ പോലെ ആവരുത്"
"നോക്കാം രഘുവേട്ടാ.. ഇപ്പൊ ഇങ്ങ റസ്റ്റ് എടുക്ക്"
"എന്തിന്? ഈ ടൈഗർ ബാമിട്ട് ചൂടുവെള്ളത്തിലൊരു കുളീം കുളിച്ചാ മ്മള് ഉഷാറായി.. നീ കിച്ചണീ കേറിക്കോ.. ഞാനൊന്ന് കുളിച്ചു ദാ വന്നു"
രഘുവേട്ടൻ എണീറ്റു കുളിക്കാൻ കേറി. ബാലു കിച്ചണിലേക്കും.
Sanvi King
((()))
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo