Slider

ദൈവം പറയുന്നു.

0

"""" ഈ എഴുത്ത് നിങ്ങൾ വായിച്ചാൽ മതി. വേറൊന്നും വേണ്ട. അനുഭവിച്ചവർ, കണ്ടറിഞ്ഞവർ ,കേട്ടറിഞ്ഞവർ, വായിച്ചറിഞ്ഞവർ - ക്ഷമിക്കുക. അറിയാത്തവർക്കായി.....................

'ദൈവം 'പറയുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അള്ളി പിടിച്ചു കയറാൻ നോക്കിയെങ്കിലും വീണ്ടും ആരോ തട്ടി താഴെയിട്ടു. ആ മധ്യവയസ്ക വന്ന് വീണത് എന്റെ മുൻപിലാ! എന്തൊക്കെയോ കുത്തിനിറച്ച സഞ്ചിയിൽ നിന്ന് നിറം മങ്ങി, വാടിയ ഒരു ആപ്പിൾ റോഡിലേക്ക് ഉരുണ്ടു പോയി. ഞാൻ അത് എടുത്ത് ആ അമ്മയുടെ കൈയിൽ കൊടുത്തു. അവരത് വാങ്ങി സഞ്ചിയിൽ കുത്തി തിരുകി. ബസ്സ് സ്റ്റോപ്പിന്ടെ തൂണിലേയ്ക്ക് തല ചായ്ച്ച് മാറി നിന്നു.
" എങ്ങോട്ടാ പോകേണ്ടത്?"
"അടുത്ത കവലയിലാ മോനേ.", വേഗമെത്താലോന്ന് കരുതിയാ ആ ബസ്സീ കയറി പറ്റാൻ നോക്കിയേ.... ഇനിയിപ്പോ ബസ്സ് വര്വോ മോനേ?"
ഞാൻ കൈ മുട്ടി വിളിച്ചപ്പോ ഒരു ഓട്ടോക്കാരൻ ഞങ്ങളെ മുൻപിൽ വന്ന് നിന്നു.
" കയറിക്കോളൂ..... ഇനിയിപ്പോ എല്ലാം ബസ്സും ഇങ്ങിനെയേ വരൂ..... എനിക്ക് ആ വഴിക്കാ പോകേണ്ടത്. കയറിക്കോളൂ......."
ഞാൻ അവരെ ക്ഷണിച്ചു.ആ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം പടർന്നു.
ഓട്ടോ ഇറങ്ങി, ഞാനും അവിടെ ഇറങ്ങി ,ആ അമ്മയോടൊപ്പം നടന്നു. എന്തിനെന്നറിയില്ല. എങ്കിലും നടന്നു.
വയലിന്റെ വരമ്പത്ത് നിലംപൊത്തി വീഴാറായ പാതി ഓലയും ,പാതിഓടും മേഞ്ഞ വീട് . ആ സ്ത്രീയോട് ഞാൻ വാങ്ങി പിടിച്ച സഞ്ചി ഉമ്മറക്കോലായിലെ പടിയിൽ ചാരി വച്ചു. അകത്തേക്ക് നോക്കി. അവർക്ക് എന്തെല്ലാമോ വെപ്രാളം !
കോലായിൽ ഒരു മൂലയിൽ അവനെ ഞാൻ കണ്ടു. അവരുടെ മകൻ, പത്തിരുപത്തഞ്ച് വയസ്സ് കാണും അവന്ടെ ചുറ്റിലും 'മലവും, മൂത്രവും'. അതിൽ കിടന്നും, ഇരുന്നും കളം വരയ്ക്കുന്നു.
എനിക്ക് ഓക്കാനം വന്നു, മുറ്റത്തേക്ക് മാറി നിന്നു.
" ബുദ്ധിയില്ല മോനേ.... ഇവന് . " അതാ... ആ അമ്മ അവനെ എഴുന്നേല്പിക്കാൻ നന്നേ പാടു പെടുന്നു. എന്നിട്ടും ഞാൻ നോക്കി നിന്നു.
"ഒരു സഹോദരി ഉണ്ട് ഇവന് .അതും ഇങ്ങനെയാ മോനെ ..അകത്തുണ്ട്. , കാണണോ?"
"വേണ്ട. " ഞാൻ പോകട്ടെ. കണ്ണു ഇറുക്കി തുറന്ന് വേഗം അവിടുന്ന് ഇറങ്ങി, പുതിയ കാഴ്ചയെ തേടി. കണ്ടത് മറക്കാൻ . രാത്രിയുടെ സൗന്ദര്യം എനിക്ക് മുന്നിൽ പരിഹസിച്ചു നില്ക്കുന്നു. കണ്ണീന്നും, മനസ്സീന്നും ഒന്നും മായുന്നില്ല. ആ കുട്ടികൾ, ആ അമ്മ. അവരുടെ നരകം ഭൂമിയിൽത്തന്നെ !
ഞാൻ? .... എന്നെ ആരാണ് അവിടേക്ക് നയിച്ചത്? എന്തിനാണ്? എന്നിട്ടും ഞാൻ?
പുലരിയുടെ കിരണം തട്ടി വിളിച്ചപ്പോഴും കണി കണ്ടത് ആ ദൃശ്യം. ! ഓട്ടിസം ബാധിച്ച രണ്ട് കുട്ടികൾ ! കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് ഒരു പാട്. പക്ഷെ ........
രണ്ടു മൂന്ന് നാൾ ആമുഖങ്ങളും പേറി ഞാൻ നടന്നു.
മനസിന്റെ ഭാരം ഇല്ലാതാക്കാനാ.. വീണ്ടും ആ വരമ്പിലൂടെ ഞാൻ നടന്നു. പൊട്ടിപൊളിഞ്ഞ സിമന്റിട്ട ആ തിണ്ണയിൽ കയറി നിന്നു.
"ആരൂല്ലേ "?????
"ആരാ? "പുറകീന്നാണ്.
"ഞാൻ ഇവിടെ വന്നിരുന്നു,,മുൻപ്. "
"ഓ.... ആ തള്ളയും ,രണ്ട് പിള്ളേരും മിനിഞ്ഞാന്ന് വിഷം കുടിച്ചു ചത്തു."
"ആ മന്ദബുദ്ധി ചെക്കൻ അടക്കി വെച്ച വികാരം അതിന്റെ പെങ്ങളൂട്ടിയുടെ മേലങ്ങ് തീർത്തു.! പറഞ്ഞിട്ടെന്താ... ബുദ്ധിയില്ലാന്ന് വച്ച്, ഇതൊക്കെ പിടിച്ചു നിർത്താൻ പറ്റ്വോ..... ആരോ ചെക്കന് വേണ്ടാത്തൊക്കെ കാണിച്ചു കൊടുത്ത് കാണും. കലികാലം!"
അയാൾ ഇറങ്ങി നടന്നു.
എന്റെ തലയിൽ ആ വീടിന്റെ മേൽക്കൂര വന്ന് പതിയും പോലെ. ചാടി തുള്ളി ഞാൻ മുറ്റത്തേക്ക്.
ആ അമ്മയുടെ മുഖം എന്റെ നെഞ്ചിൽ കാഠാര കുത്തിയിറക്കുന്നു .
വയലിൽ നിന്ന് തലോടി ഇറങ്ങിയ കാറ്റ് എന്നോട് കുറേ കഥ പറഞ്ഞു .ആരും പറയാത്ത കഥ!
"ദൈവം എന്തിനാവും എനിക്ക് തിരിച്ചറിവുള്ള തലച്ചോറ് തന്നത്.,?എന്തിനാവും ആരോഗ്യമുള്ള മനസ്സും, ശരീരവും തന്നത്?" അതെ- നിയോഗിച്ചതാണ് എന്നെപ്പോലുള്ളവരെ, ഇവർക്കായി..,
........................................................
ഇന്ന് ഞാൻ സ്വർഗ്ഗത്തിലാണ്, എനിക്ക് ചുറ്റും അവരുണ്ട്. തിന്നാനറിയാത്തവർ ,കുടിക്കാനറിയാത്തവർ, നടക്കാനറിയാത്തവർ. അവരുടെ കഥകൾ കേട്ട് കേട്ട് ഞാൻ വലിയൊരു ആൽമരമായി മാറി. അവർക്ക് മുകളിൽ തണൽ വിരിച്ച് നില്ക്കുന്ന പടുവൃക്ഷം .
ആ അമ്മയുടേയും, മക്കളുടേയും ദുർവിധിയ്ക്ക് ശേഷം.... ഞാൻ തേടിയിറങ്ങിയ വഴികൾ- മനസ്സും, ശരീരവും ഒന്നടങ്കം മരവിപ്പിക്കുന്ന സത്യങ്ങളിലേക്കായിരുന്നു.!
എന്റെ മുന്നിൽ പൊട്ടിക്കരയുന്ന മാതാപിതാക്കൾ- അവരുടെ വാക്കുകൾ എന്റെ നാഡീഞരമ്പുകളെ വരിഞ്ഞ് മുറുക്കുന്നവയായിരുന്നു.
എന്ടെ മുന്നിലിരുന്ന് അവർ ഉള്ളം തുറന്നു.
"മോനേ.... ഞാനിന്ന് എവിടുന്നാ വരുന്നതെന്നോ ?? ദാ നോക്ക് എന്റെ മകളെ നോക്ക് അവൾക്ക് സ്ത്രീത്വത്തിന്റെ പൂർണ്ണതയൊരുക്കുന്ന ഗർഭപാത്രം!! ! ഇന്നില്ല. ഞാനത് അറുത്ത് മാറ്റിച്ചു. എന്തിനാ മോനേ..... എന്ടെ മോൾക്കത് . എന്ടെ കാലശേഷം അവൾ സുരക്ഷിതയല്ല മോനേ.... വേണ്ട, -മലവും, ഭക്ഷണവും തിരിച്ചറിയാത്ത ഇവർ ! എവിടെ സംരക്ഷിക്കപ്പെടാനാ...". എല്ലാ ദുഃഖവും ഒരു പോലെ പേറുന്നവർ .
നെറ്റിയിലെനിസ്കാര തയമ്പിന് മാറ്റാൻ കഴിയാത്ത ദീനരോദനങ്ങൾ! ആ ഉപ്പയും ചോദിച്ചു നമ്മളിനി ആരെ പ്രതീക്ഷിക്കണം? ആർക്ക് വേണ്ടി ജീവിക്കണം? "മരണം " -ജീവൻ തന്നവന് തിരിച്ചെടുക്കാൻ മാറ്റിവെയ്ക്കപ്പെട്ടതാണ്. അതു കൊണ്ട് മാത്രമാ ഈ ഭൂമിയിൽ..... അയാളുടെ കണ്ണുകളും ഇന്ന് എന്നിലാണ് നിയോഗിക്കപ്പെട്ടത് എന്നിൽ.
ഓരോ ദിവസവും ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ ഒറ്റ പ്രാർത്ഥനയേ ഉള്ളൂ... ജീവിതം മടുത്ത് മരണത്തെ തേടി പോയെന്ന വാർത്തയുമായി എന്നെ ആരും വിളിക്കരുതേയെന്ന്. ആ സ്ത്രീയിൽ ഞാനത് ഭയന്നിരുന്നു!
അവരെന്നോട് അത് പറഞ്ഞത്,- ഞാൻ കേട്ടത് -എനിക്ക് ഈ ലോകം തന്നെ അങ്ങ് അവസാനിച്ച് പോയെങ്കിലെന്ന് തോന്നിയ നിമിഷമായിരുന്നു.
"..മോനേ.... പാപിയാണ് ഞാൻ മഹാ പാപി. വികാരങ്ങളുടെ വേലിയേറ്റം അവനെക്കൊണ്ട് അന്യ സ്ത്രീകളുടെ ശരീരത്തിൽ കാമം തീർക്കാൻ വെമ്പുന്നു. അതില്ലാണ്ടാക്കാനാ മോനെ ഞാൻ കൂടെകിടന്നു കൊടുക്കുന്നത് "...... അയ്യോ..... എന്നെ കൊന്നേക്കു മോനെ, കൊന്നേക്കൂ.".......... അവർ തലതല്ലിക്കരഞ്ഞു.എന്റെ കണ്ണീന്ന് രക്തമായിരുന്നു പ്രവഹിച്ചത്. ലോകമേ..... നീ അറിയുന്നുവോ...... ഇതൊക്കെയും???
" ഞങ്ങളുടെ മക്കൾ കഥ പറയണ്ട, പാട്ട് പാടേണ്ട, ഓടേണ്ട ,നൃത്തം വെയ്ക്കേണ്ട അവർ - "മലമേത്, ഭക്ഷണമേത്" എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി. ,,, അവർ സ്വന്തമായി ഒന്ന് പല്ല് തേച്ചാൽ മതി. ഒരിക്കൽ ഒരൊറ്റ പ്രാവശ്യം "അമ്മേ" എന്നൊന്ന് വിളിച്ചാ മതി.വേറൊന്നും ഞങ്ങൾക്ക് വേണ്ട. ഇത് വിധിയാണോ? ദൈവം കയ്യൊപ്പ് ചാർത്താൻ മറന്ന് പോയവരുടെ വിധി !
ഇന്ന് ഞാനുണ്ട് ഇവർക്ക് - എന്നെപ്പോലെ ചിലരും ഇവർക്കിടയിൽ ഉണ്ട് .കരുണ വറ്റി തീരാത്ത മനുഷ്യരാണ് അവരും.അവരുമിന്ന് എന്റെ കൈത്താങ്ങാണ്. ഞങ്ങൾ ഇവർക്ക് കാവലായി കണ്ണുകൾ തുറന്ന് വച്ച് അതിലൂടെ ലോകത്തെ കാട്ടിക്കൊടുക്കുകയാണ്. ഇന്ന് എനിക്ക് ചുറ്റും വിസർജജ്യം നാറുന്നില്ല. പനിനീർ തളിച്ച വഴികളാണ് നീളെ !
***********************"************
( എന്റെയീ അക്ഷരങ്ങൾ നിങ്ങൾക്ക് മുന്നിൽ കാട്ടിയത് യാഥാർത്ഥ്യമാണ്. ആ വ്യക്തിയെ ,കഥാപാത്രങ്ങളെ നിങ്ങൾക്ക് കാണാം - കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ "നെസ്റ്റ് " എന്ന ദൈവഗൃഹത്തിലേക്ക് കയറിച്ചെന്നാൽ . ഭിന്നശേഷിയുള്ള കുട്ടികൾക്കായി അന്താരാഷ്ട്ര നിലവിൽ' NIARC' എന്ന പുതു സംരംഭം നമ്മുടെ നാട്ടിൽ ആവിഷ്ക്കരിക്കുമ്പോൾ ഉദിക്കുന്നത് പൊൻ കിരണമായിരിക്കും. നിങ്ങളുടെ ഒരു പുഞ്ചിരിയെങ്കിലും അവർക്കായി പകരാൻ പരിശ്രമിക്കുമെന്ന് വിശ്വസിച്ച് കൊണ്ട്. എന്നെ ആഴത്തിൽ സ്പർശിച്ച ആ വ്യക്തിക്കും ,അതിലൂടെ ഞാൻ കേട്ടറിഞ്ഞ ജന്മങ്ങൾക്കും സമർപ്പിക്കുന്നു. ദൈവം നമുക്ക് തണലാവട്ടെ!
.......
ഷംസീറഷമീർ (ചെച്ചി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo