മരിച്ചവർ നക്ഷത്രങ്ങളായി മാറുന്നുവെന്ന് കേട്ട് അതിന്റെ സത്യാവസ്ഥയറിയാനായി ആകാശ വിതാനത്തിലേക്ക് ഞാൻ യാത്ര തിരിച്ചു.
പറന്നു പറന്നു നക്ഷത്ര സമൂഹത്തിലേക്കെത്തിയപ്പോൾ, അവിടെ കാവലെന്ന പോലെ നിന്നിരുന്ന ഒരു കുഞ്ഞു നക്ഷത്രം ചോദിച്ചു
എവിടുന്നാ നിങ്ങൾ വരുന്നത് ?
അങ്ങ് ഭൂമിയിൽ നിന്നാ ,
എന്താണാവോ ഇത്രയും ദൂരം താണ്ടി വന്നത് ?
'ഭൂമിയിൽ വച്ച് മരണപ്പെട്ട ചിലർ ഇവിടെ നക്ഷത്രങ്ങളായി മാറുന്നുവെന്ന ഒരു കാര്യം സ്ഥിതീകരിക്കാൻ വന്നതാ' ഓക്സിജൻ സിലിണ്ടറിൽ നിന്നും വായു മെല്ലെ വലിച്ച് വിട്ടു ഞാൻ പറഞ്ഞു
ആദ്യമായാണല്ലോ ഒരാൾ ഇങ്ങനൊരു കാര്യം അറിയാൻ വരുന്നത് , ഇത് വരെ മരിച്ചവർ മാത്രമേ ഇവിടെ എത്തിയിട്ടുള്ളു.
എന്തായാലും എന്റെ പേര് , റൂബിയൻ. ആ നക്ഷത്രം സ്വയം പരിചയപ്പെടുത്തി
നക്ഷത്രങ്ങളുടെ ലോകത്തേക്ക് സ്വാഗതം. വരൂ ഞാൻ എല്ലാം കാണിച്ച് തരാം , റൂബിയൻ പറഞ്ഞു .
എന്നെയും കൂട്ടി കുറെ പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു സ്ഥലത്തേക്കു കുതിച്ചു.
മനോഹരമായി തിളങ്ങുന്ന ഒരു വാതിൽ തുറന്നു എന്നെ റൂബിയൻ അകത്തേക്ക് ആനയിച്ചു.
അകത്തേക്ക് കയറിയതും എന്റെ രണ്ടു കണ്ണുകളും വലിയ പ്രകാശ ധാരയിൽ ചിമ്മിയണഞ്ഞു. എന്തൊരു പ്രകാശം.
ഇടവഴിയിലൂടെ എന്നെ റൂബിയൻ നടത്തി കൊണ്ട് പോയി. കുറച്ച് ദൂരം പോയതും , ഞാൻ ആകെ മോഹലാസ്യ പരവശനായി , റൂബിയനോട് പറഞ്ഞു
"എനിക്ക് ഈ പ്രകാശം താങ്ങുവാൻ പറ്റുന്നില്ല , എന്തൊരു മനോഹാരിത"
ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്ന ഒരു വലിയ നക്ഷത്ര സമൂഹമായിരുന്നു അത് .
അതാ ആ ഇടതു വശത്ത് നിൽക്കുന്ന നക്ഷത്ര സമൂഹം കണ്ടോ , റൂബിയൻ ചോദിച്ചു
ഉവ്വ്, ഞാൻ കണ്ടു.
അവിടെയാണ് , ഭൂമിയിൽ നിന്നും മരിച്ചവർ വന്നു നക്ഷത്രങ്ങളായി രൂപാന്തരം പ്രാപിച്ചു നില്കുന്നത്. വരൂ നമുക്ക് അവിടേക്കു പോകാം.
ഞാൻ മെല്ലെ റൂബിയന്റെ ഒപ്പം നടന്നു .. ആ നക്ഷത്ര സമൂഹത്തിലേക്ക് അടുക്കും തോറും എന്റെ ജിജ്ഞാസയും ഹൃദയമിടിപ്പും കൂടി കൂടി വന്നു
മനോഹരമായി അലങ്കരിച്ച പ്രകാശമുള്ള ആ നക്ഷത്ര സമൂഹത്തിന്റെ പടിവാതിൽക്കൽ എത്തി .
അവിടുത്തെ കാവൽക്കാരൻ എന്ന് ചോദിക്കുന്ന ഒരു സുന്ദരനായ നക്ഷത്രം അടുത്ത് വന്നു ചോദിച്ചു
എന്താണ് , എന്ത് വേണം ?
ഞാൻ ഭൂമിയിൽ നിന്ന് വരുന്നു , എന്റെ ചില പ്രിയപ്പെട്ടവർ ഇവിടെ ഉണ്ടെന്നു അറിയുവാൻ കഴിഞ്ഞു . അവരെ ഒന്ന് കണ്ടിട്ട് ഞാൻ മടങ്ങി പൊയ്ക്കോളാം , ഭവ്യതയോടെ ഞാൻ പറഞ്ഞൊപ്പിച്ചു .
വരൂ , നിങ്ങളുടെ പ്രിയപെട്ടവരെയൊക്കെ നിങ്ങൾക്കു കണ്ടു മടങ്ങാം...
എന്റെ ഓക്സിജൻ സിലിണ്ടറിൽ ഇനി അവശേഷിക്കുന്നത് പകുതി മാത്രം ഓക്സിജൻ .. പെട്ടെന്നു കണ്ടു മടങ്ങണം ....ഞാൻ അൽപ്പം തിടുക്കം കൂട്ടി.
ആരെയാണ് ആദ്യം കാണേണ്ടത് ?
എനിക്കെന്റെ , ഞാനിതുവരെ കാണാതെ വിടപറഞ്ഞു പോന്ന പ്രിയ കൂട്ടുകാരി ദർശനയെ കാണണം.
അതാ അങ്ങോട്ട് നോക്കൂ .. ആ മനോഹരമായ പൂക്കൾ നിൽകുന്നത് കണ്ടില്ലേ, അതിനു നടുവിൽ തിളങ്ങുന്ന നക്ഷത്രം കണ്ടില്ലേ, അതാണ് ദർശന . ചെല്ലൂ നിങ്ങൾക്കു സംസാരിക്കാം.
ആകാംഷയോടെ , അതിലേറെ അതിശയത്തോടെ ഞാൻ അവിടേക്കു നടന്നു ..
ദർശനാ...
ഞാൻ വിളിച്ചു....
എന്റെ വിളി കേട്ടിട്ടെന്ന പോലെ അവൾ തിരിഞ്ഞു നോക്കി ....ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ളത് കൊണ്ട് നേരിട്ട് കണ്ടപ്പോൾ മനസ്സിലായില്ല എന്ന് തോന്നുന്നു.
അത് മനസ്സിലാക്കിയെന്നവണ്ണം ഞാൻ പറഞ്ഞു
ദർശന ഇത് ഞാനാണ് , നിന്റെ കൂട്ടുകാരൻ , ഞാൻ എന്റെ പേര് പറഞ്ഞു.
ചങ്ങാതി നീ ഇവിടെ ? ഇത് അത്ഭുതമായിരിക്കുന്നല്ലോ!!! എങ്ങനെ ഇവിടെ എത്തി.
അതൊക്കെ വലിയ കഥയാണ് ദർശന...
എന്തിനാ എന്തിനു വേണ്ടിയാ നീ ഇത്ര നേരത്തെ ഇങ്ങോട്ടു പോന്നത് ?
നമ്മൾ ഒരുമിച്ച് കാണണം എന്നൊക്കെ പറഞ്ഞതല്ലേ ..എന്നിട്ടും നീ അതൊന്നും കേൾക്കാതെ ഒരു യാത്ര പോലും പറയാതെ വിട വാങ്ങിയല്ലേ.
ആർക്കും സഹിക്കാൻ പറ്റണില്ല അങ്ങ് ഭൂമിയില് .
എനിക്കറിയാം കൂട്ടുകാരാ എന്റെ സമയം ഇതായിരുന്നു. ദർശന മറുപടി പറഞ്ഞു.
ഒന്ന് ചോദിച്ചോട്ടെ; എന്റെ മോൾക്ക് , എന്റെ സുധീഷേട്ടന് സുഖമല്ലേ? എന്റെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സുഖമല്ലേ?
എന്റെ പോന്നു മോൾ അമ്മ എവിടെയെന്നു ചോദിച്ചു കരയണുണ്ടോ?
തിരിച്ചു പോകുമ്പോൾ നല്ല പോലെ ആഹാരം കഴിക്കണം , പഠിക്കണം , നല്ല കുട്ടിയായി വളരണം , അമ്മയെ ഓർക്കണം എന്നൊക്കെ പറയണം.
ആരേയും കണ്ട് കൊതി തീർന്നില്ല , സംസാരിച്ച് കൊതി തീർന്നില്ല. സാരല്ല്യ, ഇനി ഞാനിവിടെയിരുന്ന് കണ്ടോളാം,
സുധീഷേട്ടനോട് പറയണം, ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്.
എനിക്കിവിടെ കണ്ണുനീരില്ല കൂട്ടുകാരാ, എനിക്ക് കരയുവാൻ സാധിക്കില്ല , പുഞ്ചിരിക്കുന്ന മുഖം മാത്രമേ ഉള്ളു, എങ്കിലും എനിക്കെല്ലാം ഓർക്കാം, എല്ലാം കാണാം . ഗീച്ചുനേം ബാക്കി എല്ലാവരെയും എന്റെ സ്നേഹം അറിയിക്കണം.
എല്ലാം തല കുലുക്കി കേട്ടതിനു ശേഷം ഇടറുന്ന സ്വരത്തിൽ ഞാൻ പറഞ്ഞു ..
പോട്ടെ.....
"പൊയ്ക്കോളൂ കൂട്ടുകാരാ" പുഞ്ചിരിയോടെ അവൾ പറഞ്ഞു
അവൾക്കു കരയുവാൻ സാധിക്കില്ലെങ്കിലും , എനിക്ക് കരയാലോ. വിതുമ്പി കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
എനിക്കൊരാളെ കൂടി, കൂടെ കാണണം, ദീപ്തിയെ , ദീപ്തി കുര്യനെ
കാണാലോ ... റൂബിയൻ എന്നെ അവളുടെ അടുത്തേക്ക് നടത്തിച്ചു
ദീപ്തി..
ഇത് ഞാൻ ആണ് നിന്റെ കൂട്ടുകാരൻ
അവൾ അതിശയത്തോടെ നോക്കി എന്നിട്ടു വിളിച്ചു ചേട്ടായി ....
നീയെന്തിനാ കുട്ടി ജീവിതം അവസാനിപ്പിച്ചത് ? നിനക്കൊരുപാട് കാലം ജീവിക്കാമായിരുന്നല്ലോ
ചേട്ടായി .. ഞാൻ, എനിക്ക് സഹിക്കാൻ പറ്റിയില്ല ചേട്ടായി, അത്ര മാത്രം സ്നേഹിച്ച , എന്റെ ജീവനേക്കാൾ സ്നേഹിച്ച , എന്റെ മാത്രം എന്ന് കരുതിയ അവൻ തള്ളിപ്പറഞ്ഞപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല.
ഇപ്പോൾ എനിക്ക് തോന്നുന്നു ചേട്ടായി, ജീവിക്കണമായിരുന്നു എന്ന്. എന്റെ കൂടെപ്പിറപ്പുകളുടെ സങ്കടം, എന്റെ കൂട്ടുകാരുടെ സങ്കടം , എന്നെ കുറിച്ചോർത്ത് സങ്കടപെട്ട നിങ്ങളെല്ലാവരും , ഞാൻ... ഞാൻ എന്റെ ജീവിതം ഇപ്പോഴേ തീർക്കരുതായിരുന്നു.
നിങ്ങളൊക്കെ ഒത്തിരി പറഞ്ഞതാ , ഞാൻ കേട്ടില്ല ചേട്ടായി ..ഇനി എനിക്ക് തിരികെ വരാൻ പറ്റില്ലല്ലോ. എന്നെ ചതിച്ച ആ മനുഷ്യൻ ഇപ്പോഴും ചിരിച്ചു കളിച്ച് നടക്കണ കാണുമ്പോൾ ഞാൻ ചെയ്തത് വിഡ്ഢിത്തമാണെന്നു മനസ്സിലായി .
ചേട്ടായി തിരികെ ചെല്ലുമ്പോൾ പറ്റുന്നവരോടൊക്കെ പറയണം ...ഇനി ആരും ആത്മഹത്യ ചെയ്യാൻ പാടില്ല എന്ന സന്ദേശം .
ദീപ്തിയോട് കുറച്ച് നേരം കൂടി സംസാരിച്ചിട്ട് തിരികെ പോരുമ്പോൾ നാട്ടിലുള്ള പലരെയും കണ്ടു.. അവരെല്ലാം ആവശ്യപ്പെട്ടത് , അവരുടെ വീട്ടിലൊക്കെ പോയി അന്യോഷണം അറിയിക്കണം എന്നായിരുന്നു .
റൂബിയനോടും , മറ്റു നക്ഷത്രങ്ങളോടും എന്റെ നന്ദി അറിയച്ചതിനു ശേഷം , ഞാൻ തിരികെ ഭൂമിയിലേക്ക് കുതിച്ചു .
കൊച്ചിക്കടുത്ത അറേബിയൻ സമുദ്രത്തിന്റെ ഒരു ഭാഗത്ത് വന്നു പതിച്ച എന്നെ വരവേൽക്കാൻ ജന സമുദ്രമായിരുന്നു.
പിറ്റേ ദിവസത്തെ പത്രത്തിലും ടി വി യിലും മുഴുവൻ ആദ്യമായി ആ പ്രത്യേക നക്ഷത്രങ്ങളെ കാണാൻ പോയ എന്റെ യാത്രാ വിവരണമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്.
എന്റെ മനസ്സപ്പോഴും ഉറങ്ങുകയായിരുന്നു.
...............................
ജിജോ പുത്തൻപുരയിൽ
...............................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക