നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാടകങ്ങൾ


നിന്ദ്യമായ വാക്കുകൾ വാരി വിതറി ചുറ്റുവട്ടത്തെമ്പാടും ദുർഗന്ധചേറ് മാത്രം വാരിയെറിയുന്ന ദുർഗ്രാഹ്യമായ നാടകങ്ങൾ മാത്രമെഴുതുന്ന ദുർമാർഗ്ഗിയായ ഈ നാടകകൃത്തിന് 'വിമതൻ' എന്ന വിശേഷണമല്ല യോജ്യം, പകരം വൈകൃതൻ എന്നാണ്; വിനായകൻ എന്ന ഇയാളുടെ പേര് പോലും എത്ര അപഹാസ്യമാണ്, അരോചകമാണ്.."
-വിനായകൻ എന്ന നാടകകൃത്തിനെ കുറിച്ച് കാലങ്ങളായി ചർച്ച ചെയ്യപ്പെട്ടതായിരുന്നു നാടകാചാര്യൻ ചെമ്പകരാമക്കൈമളുടെ ഈ വിലയിരുത്തൽ. ഈ നിലപാടിന്റെ അസ്ഥിത്വത്തെ അപഹാസ്യമാക്കി കൊണ്ട് ചെമ്പകരാമക്കൈമളുടെ നാടക കമ്പനിയായ 'പുനർജനിനാടകവേദി' അദ്ദേഹത്തിന്റെ മരണശേഷമുള്ള രണ്ടാം സീസണിലെ നാടകത്തിന്റെ രചനയ്ക്കും രംഗാവിഷ്കാരത്തിനുമായി വിനായകനെ തന്നെ ക്ഷണിച്ചത് നാടകലോകത്ത് പരക്കേ അമ്പരപ്പ് ഉണർത്തി.
വിനായകൻ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ട കരാറിൽ തന്റെ ഭാര്യയും പ്രശസ്ത ടിവി സീരിയൽ-നാടക നടിയുമായ അനുപമയെ നാടകത്തിലെ നായികയാക്കണമെന്ന ഏക ആവശ്യം മാത്രമേ നിലവിലെ ഉടമയായ ചെമ്പകരാമക്കൈമളിന്റെ പൗത്രൻ ഗോപൻചെമ്പകരാമൻ മുന്നോട്ട് വച്ചുള്ളൂ. താമസംവിനാ 'പുനർജനിനാടകവേദി' യുടെ പുതിയ നാടകത്തിന്റെ പേര് പ്രഖ്യാപിച്ചു. "പ്രതിമകൾ"
നാടകത്തിൽ നായകവേഷമണിയുന്ന പ്രമുഖ നടൻ ഹർഷൻ കൂടി എത്തിയതോടെ റിഹേഴ്സൽക്യാമ്പ് പൂർണ്ണമായി ഉണർന്നു. അയാൾ ക്യാമ്പിലെത്തുമ്പോൾ അവിടെ നാടക ചമയങ്ങളും കട്ടൗട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന നീളമേറിയ ഹാളിനോട് ചേർന്ന സ്വകാര്യ മുറിയിലിരുന്ന്, നാടകസ്ക്രിപ്റ്റും അലസം കൈയിൽ വച്ച് അസ്വസ്ഥം പിറുപിറുക്കുന്ന അനുപമയുടെ അസ്വാഭാവിക ചേഷ്ടയാണ് ഹർഷനെ വരവേറ്റത്.
" നോക്കൂ... ഹർഷൻ, നിന്ദ്യമായ വാക്കുകളല്ലേ ഇയാൾ, ഈ വിനായകൻ ഈ എഴുതിക്കൂട്ടി വച്ചിരിക്കുന്നതെല്ലാം നോക്കൂ.. തീർത്തും നിന്ദ്യം.... നിന്ദ്യമായ വാക്കുകൾ അല്ലേ ഹർഷൻ" - അനുപമയുടെ നാടകീയമായ വാക്കുകൾ ഇതായിരുന്നു.
"Mr.ഗോപനെ ക്യാമ്പിൽ കണ്ടില്ലല്ലോ അനുപമാ?" - സാഹചര്യത്തെ ലഘൂകരിക്കുവാനായി ഹർഷൻ വിഷയം മാറ്റി.
"ഗോപേട്ടൻ യാത്രയിലാണ് ഹർഷൻ. ഇന്ന് രാവിലെ റിഹേഴ്സൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെ ഏട്ടൻ പോയി. ഹർഷന്റെ സൗകര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേയെന്ന് എന്നോട് പറയുകയും ചെയ്തു.
നാടകത്തിലെ നായകൻ ജയന്തന്റെ രംഗപ്രവേശനം.
'ഹേ യുക്തിഭദ്രാ, തൊഴിലാളിക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരുന്ന നിനക്ക് പട്ടിണി പാവങ്ങളുടെ പടനായകൻ എന്നൊരു ഉടയാട തുന്നി തന്നു... പരസ്യമായി കൊയ്ത്ത് പെണ്ണിന്റെ ദാരിദ്ര്യം കവിതയാക്കിയ നീ, ഒളിവിൽ അവളുടെ നഗ്നതയെയും വയറിന്റെ ദൈന്യതയെയും കലാവതിക്ക് മുന്നിൽ കാഴ്ചവച്ചു അല്ലേടാ.. നീ ഇന്ന് കലാവതിയുടെ എച്ചിൽ പട്ടി തമ്പ്രാൻ അല്ലേ? നാണമില്ലേടോ നിനക്ക്? ..,
".... ജയന്താ, ഇനി നീയണിയുക എന്റെ വേഷം തന്നെയായിരിക്കും. ഇത് തുടർച്ചയുടെ കഥയാണ് ജയന്താ..!" - യുക്തിഭദ്രന്റെ വാക്കുകൾ ശാന്തമായിരുന്നു.
"...കൊയ്ത്തരിവാളിന്റെ വക്കൊടിഞ്ഞ കൈപ്പിടി മാറ്റികൊടുക്കാതെ, അത് പൊന്നരിവാളെന്ന് വാക്ക് കൊണ്ട് വിവരിച്ച തമ്പ്രാൻ ജനിതകം പേറുന്ന പേക്കോലം. എനിക്ക് വിലയിടുന്നോ? ത്ഫൂ....' - ജയന്തന്റെ അലർച്ച
"ജയന്താ, നീ കാലം തെറ്റി വീണുമുളച്ച മുൾച്ചെടിയുടെ വെറും പാഴ് വിത്താവും അത്ര തന്നെ.! വ്യവസ്ഥിതിയെ എതിർത്ത് കെട്ടിപ്പെടുത്ത നമ്മുടെ വ്യവസ്ഥിതിയെ തകർക്കാൻ നീ ശ്രമിച്ചാൽ നിനക്ക് ലഭിക്കുക പ്രതിവിപ്ലവകാരിയുടെ കറുത്ത മരണമായിരിക്കും... "
വിനായകന്റെ നാടകസംഭാഷണങ്ങൾ ഹർഷൻ അനുസരിക്കുന്ന രീതി അനുപമയിൽ അസ്സഹിഷ്ണുത ഉണർത്തി. വിനായകൻ പടച്ചു വിടുന്ന വാചകങ്ങൾ അർത്ഥരഹിതമെന്ന ചിന്ത അവൾ പ്രകടിപ്പിച്ചു.
"ജയന്താ, ഞാൻ മഹാറാണി കലാവതി....നീ അടിമകൾക്കായി , എന്നെ ജയിക്കാൻ എത്രയോ ശ്രമിച്ചു. എന്നിട്ട്? എന്നിട്ട് .... എന്നിട്ടോ പരാജയങ്ങൾ! പ്രശ്നസങ്കീർണ്ണമായ പരാജയങ്ങൾ!! നീയിനിയും ശ്രമിക്ക്, സങ്കീർണ്ണ പരാജയങ്ങൾക്കായല്ല, മെച്ചപ്പെട്ട, കൂടുതൽ മെച്ചപ്പെട്ട പരാജയങ്ങൾക്കായി..."
"കലാവതീ, നീ മഹാറാണിയെന്ന് സ്വയം നിശ്ചയിച്ച് വിളംബരം ചെയ്യുന്നു. നീ ഏത് വ്യവസ്ഥിതിയുടെ ഭാഗമായി ഉയർന്ന് വന്നതെന്ന് ഓർത്തു നോക്കൂ. കൊയ്ത്തുപ്പാട്ടുകൾ പാടി ആളെക്കൂട്ടിയ യുക്തിഭദ്രനെ വശീകരിച്ചവൾ നീ.. കൊയ്ത്ത് പെണ്ണാളുകളുടെ തലപെണ്ണ് ആയി നടിച്ച് അവനെ നേടിയവൾ. നിന്റെ അധികാരവർഗ്ഗത്തെ നശിപ്പിച്ച വിപ്ലവത്തിലും നീ തന്നെ അധികാരത്തിൽ തുടരുന്ന മാന്ത്രികത... നീ, ആ നീ എനിക്കെതിരേ അധികാരവാറോലകൾ പുറപ്പെടുവിക്കുന്നുവല്ലേ..." - ജയന്തന്റെ ഗർജ്ജനം!!
മുപ്പത് ദിവസത്തേക്കാണ് നാടകക്യാമ്പ് നിശ്ചയിക്കപ്പെട്ടത്. ഗോപൻചെമ്പകരാമൻ തുടർ ദിവസങ്ങളിലും നാടക ക്യാമ്പിൽ എത്തിയില്ല. ഇടവേളകളിൽ ഹർഷനും അനുപമയ്ക്കും പലതും പറയുവാനുള്ള വിഷയങ്ങൾ ഉണ്ടായി.
"ഗലികളിലുടെ നീ നടന്ന് നീങ്ങിയപ്പോൾ കിളിവാതിലിലൂടെ ഞാൻ നിന്നെ നോക്കി നിൽക്കുകയായിരുന്നു. എന്തിനാണെന്നല്ലേ! അറിയില്ല! ഉള്ളിലെവിടെയോ നീയെന്റേതെന്ന് ആരോ പറയുന്ന പോലെ!!..." - നായിക ശിവാനിയുടെ വാക്കുകൾ
"ഈ റിഹേഴ്സലിൽ ഉച്ചരിക്കപ്പെട്ട ഒരൊറ്റ ഡയലോഗും എനിക്കിഷ്ടമായില്ല" - അനുപമ പതിവരിശം കാട്ടി.
" അനുപമ നാം ഇപ്പോൾ പറഞ്ഞ് നിർത്തിയ രംഗഭാഷണം sച്ചിംഗല്ലേ?"
"ഏതാ ...., ഞാൻ, നായിക പറഞ്ഞ വാക്കുകളാണോ?"
നായിക കഥാപാത്രം ശിവാനിയായി അനുപമ തകർത്താടുന്നത് തെല്ലമ്പരപ്പോടെയാണല്ലോ നൊടിയിട നേരം മുമ്പ് താൻ കണ്ട് നിന്നതെന്ന് ഹർഷനോർത്തു. അനുപമയുടെ സ്വഭാവ വൈചിത്ര്യത്തിൽ അയാൾ അമ്പരന്നു. വിനായകന്റെ ഓരോ നിർദ്ദേശവും അപ്പടി അനുസരിക്കുന്ന,സംവിധായകന് സംതൃപ്തി നൽകി നിൽക്കുന്ന ഇവൾ തന്നോട്‌ എന്താ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്ന ചിന്തയുടെ സങ്കീർണ്ണതയിൽ ഹർഷൻ ഒട്ടൊന്ന് ചകിതനുമായി.
എന്തൊരു ഉണർവ്വാടെയാണ് സംഭാഷണങ്ങളാകെ ഉരുവിടുന്നതെന്നോ?
"ജയന്താ,ഈ മഹാവീഥിയിൽ എത്രയോ കാലം ഏകയായി ഈ ശിവാനി നടന്നു,നടക്കുന്നു.ചുറ്റുവട്ടങ്ങളിലെ ഒരു മനുഷ്യക്കോലവും എന്നെ തേടിയില്ല, അറിഞ്ഞില്ല,കണ്ടില്ല,.. എനിക്കായ് ആരും ഉണർന്നതേയില്ല, .. ആദ്യം, ആദ്യമായാണ് ഒരു മനുഷ്യൻ എന്നെ സംരക്ഷണ ഭാവത്തിൽ കടാക്ഷിക്കുന്നത്. ഞാൻ തലചായ്ക്കാൻ ഇന്ന് കൊതിക്കുന്നത് ഒരു മനുഷ്യനിൽ മാത്രമാണ് .അത് നീയാണ് ജയന്താ, നീ.. നീ മാത്രമാണ്.. നീ മാത്രമാണ് പ്രിയനേ ,,..."
റിഹേഴ്സൽ വികസിക്കുന്ന തരത്തിൽ അനുപമയും ഹർഷനും കൂടുതൽ അടുത്തു. അവർക്കിടയിൽ എപ്പോഴും സംഭാഷണ വിഷയമായി രണ്ട് പുരുഷന്മാർ കടന്നുവന്നു. അനുപമയുടെ ഭാഷയിൽ സംസ്കൃതചിത്തനല്ലാത്ത സംവിധായകൻ വിനായകനും തന്നെ ഉന്നത കലാകാരനായ ഗോപൻചെമ്പകരാമനും.
ഓരോ ഭാഷണവും ഹർഷൻ നാടകീയമായി ഇങ്ങനെയാവും അവസാനിപ്പിക്കുക!
" അനു, പോട്ടെടോ.. അത് വിട്ടേര്.. താൻ ഒരു സംഭവമല്ലേടോ.... നാടക ലോകത്തെ ജ്യോതിസ്സല്ലെടോ താൻ.. അതല്ലേടോ ഞാൻ ഈ നായക വേഷത്തിന് കരാറൊപ്പിട്ടത്.അല്ലാതെ വിനായകന്റെ ഗരിമ കണ്ടിട്ടോ ഗോപന്റെ വലിപ്പം ഇഷ്ടപ്പെട്ടിട്ടോ ഒന്നും അല്ലല്ലോടോ, അനു... "
കടന്ന് പോയ ഓരോ സീസണിലേയും നായകനടൻമാരെ അനുപമ ഓർത്തു. പല പേരുകൾ. പല വേഷം കെട്ടലുകൾപേരുകൾ
.. സലാംനിലാവ്.. അതുല്യാസുദേവൻ.... നിയമംജോർജ്ജ്...
ശേഖരൻപുത്താലത്ത് .. പേരുകൾ മാത്രമായി മാത്രം ഓർക്കുന്നു. മുഖങ്ങൾ ഓർമ്മയിൽ തെളിയുന്നതേയില്ല, ഇതാ, ഹർഷൻ മലയാള നാടകവേദിയിലെ ഇന്നത്തെ ഏറ്റവും വിലയുള്ള നടൻ. ഈ നാടക സീസണിലെ "പുനർജനിനാട്യശ്ശാല" യുടെ നായകൻ! തന്റെ നടനനായകൻ.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല നാടകനടനുള്ള അവാർഡ് പലവട്ടം നേടിയ ഹർഷന് തന്നോട് കാട്ടുന്നത് വിനയപ്രകടനമാണോ?
ഓരോ ഇടവേളകളിലും അവൾ അവന്റെ കണ്ണുകളെ കണ്ണീരിൻ തിളക്കത്തോടെ നോക്കി നോക്കിയിരുന്നു..
"അനൂ കണ്ണീര് പൊടിയരുതേ.. നിന്റെ കണ്ണിൽ തെളിയേണ്ടത് കണ്ണീരല്ല. അവിടെ വിരിയേണ്ടത് കവിതയല്ലേടോ.. ഒന്ന് ചിരിക്കെടോ..."
"ജയന്താ, ഈ തെരുവിലെ മാടങ്ങളിൽ രാത്രി എന്തിനാ വസിക്കുന്നത്? ഈ ശിവാനിയുടെ കൊട്ടാരകെട്ടുകൾ നിനക്കായി തുറന്നിരിക്കുന്നത് അറിയുന്നില്ലേ നാഥാ, നിനക്കറിയില്ലയെന്നോ? വീർത്ത് കെട്ടി നിന്ന എന്റെ സ്വപ്നഗന്ധങ്ങൾ നിന്റെ ഉണർവ്വിനായി കൊതിക്കുന്നു. നാഥാ, നീ പാർക്കേണ്ടത് ഈ ഓടകളുടെ ഓരത്തല്ല, എന്റെ അറയ്ക്കുള്ളിലാവണം"
' ഇവിടെ ഇങ്ങനെ പോരാ അനുപമാ,, '
- സംവിധായകന്റെ നിർദ്ദേശം കർശനമാവുന്നു.
'.... ഇവിടെ ലാസ്യമല്ല നായികയുടെ ഭാവം, തീഷ്ണതയാണ്.. നിന്റെ ചുണ്ടുകൾ ഒരു ഭാഗത്തേയ്ക്ക് ചരിക്കണം.നോട്ടം അവനിലേക്കല്ല ആകേണ്ടത് അകലേയ്ക്കാവണം ... അനുപമ വൺസ് മോർ!!
നാടകത്തിന്റെ റിഹേഴ്സൽ പുതിയ രംഗങ്ങളിലേയ്ക്ക് എത്തും തോറും വിനായകനും തീഷ്ണനാവുന്ന പോലെ ഹർഷന് തോന്നി!!
" വിനായകന് വട്ടാണ്, കണ്ടോ ഹർഷാ എന്നെ കഷ്ടപ്പെടുത്തിയത്.ഞാനെത്രയോ നാടകങ്ങളിൽ നെടുങ്കൻ ഡയലോഗുകൾ പ്രസന്റ് ചെയ്തിട്ടുണ്ട്, അവന്റെ തൊലിഞ്ഞ ഡയലോഗ്!!"
"അനൂ, നിന്റെ ഗോപേട്ടൻ എത്തുന്നില്ലല്ലോ?" - ഹർഷൻ ജിജ്ഞാസുവായി.
"ഗോപേട്ടൻ തീർത്ഥയാത്രകളിലാവും ഹർഷാ, - അനുപമ നെടുവീർപ്പിട്ടു.
" മെയ്ദിനത്തിലെ ദില്ലി ഹൗസിൽ വച്ചിട്ടുള്ള പതിവ് നാടകത്തിനും ഗോപൻ ഉണ്ടാവില്ലേ?"- ഹർഷന്റെ സംശയം
"അത് അടുത്ത മാസമല്ലേ, തീർച്ചയായും.ഗോപേട്ടൻ തന്നെയാണ് പതിവ് നായകവേഷത്തിൽ "- അനുപമ ഉത്സാഹിയായീ.
" നാടകമേതാ അനൂ"
"ദൈവം വില്പനയ്ക്ക്" - അനുപമ വീര്യത്തോടെ വിവരിച്ചു- ചൊരിമണലിൽ പിടഞ്ഞ് വീണ രക്തസാക്ഷികളെ പുച്ഛിക്കുന്ന ദൈവ വിശ്വാസികൾക്കെതിരേയുള്ള പ്രമേയം, കാലിക പ്രസക്തമായ പ്രമേയം ..."
കണ്ണുകൾ നിറഞ്ഞ്, നോട്ടം ഹർഷനിൽ പതിപ്പിച്ച് അനുപമ ഇടവേളകളിലെല്ലാം അയാളോട് ചേർന്നിരുന്നു.
അവസാന രംഗങ്ങളിലെ റിഹേഴ്സലിനായി വിനായകൻ തട്ടിൻപുറത്തേയ്ക്ക് ഇവരെ ആളെ വിട്ട് വിളിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിതുടങ്ങി.
" ശിവാനി, നീ.. നീ മഹാറാണി കലാവതിയുടെ പുത്രിയാണെന്ന സത്യം നീയെന്തിന് ഗുപ്തമായി വച്ചു വച്ചു....?" അസ്വസ്ഥനാവുന്ന ജയന്തൻ
.......
നീയെന്നെ സ്നേഹിച്ചതല്ല! കാമിച്ചതുമല്ല!! ഇത് ... നീ. നീയെന്നെ ദംശിച്ചതാണ്. നീ ശിവാനിയെന്നല്ല വിളിക്കപ്പെടേണ്ടത് ... പല്ലഗ്രത്തിൽ കാളകൂടം കൊണ്ട് നടക്കുന്ന നാഗിനിയാണ് നീ.. ഇത് സ്നേഹമായിരുന്നോ? ...
... ഞാൻ തോറ്റല്ലോ! ഈ ജയന്തൻ വീണ്ടും തോറ്റല്ലോ! വീണ്ടും... "
ഹർഷന്റെ കൈകൾ അനുപയുടെ വിരലുകളെ തഴുകി. അവർ വിരലുകൾ കോർത്തു. അവളുടെ കൈകൾക്ക് എന്തേ വല്ലാത്ത തണുപ്പ്!! തനിക്ക് വെറുതെ തോന്നുന്നതാണോ?
ജയന്തന്റെ ശബ്ദമുയരുന്നു
" നീ എന്റെ മാറത്ത് നിന്ന് മുഖം അകറ്റൂ. എന്റെ കൈകളെ വിടർത്തൂ. നിന്റെ നഖങ്ങളിലൂടെ വിഷം പടരുകയാണ്. അതെ ശിവാനി നീ നാഗിനിയാണ്. അകന്ന് മാറൂ എന്റെയരുകിൽ നിന്നും..." നാടകത്തിന്റെ അവസാന രംഗങ്ങൾ
അന്നത്തെ റിഹേഴ്സലിന്റെ തുടർ ഇടവേളയിൽ ഹർഷനെ അനുപമയ്ക്ക് അരികിൽ ലഭിച്ചില്ല.വിനായകനുമായി ഏറെ നേരം ഹർഷൻ ചർച്ച ചെയ്ത് നിന്നത് അനുപമയെ തീർത്തും അലോസരപ്പെടുത്തി.വിനായകൻ തുടർ രംഗം എടുക്കാതെ പതിവിലും നേരത്തെ ആ ദിവസത്തെ റിഹേഴ്സൽ പായ്ക്കപ്പ് ചെയ്തു. ക്രുദ്ധയായ അനുപമ ഹർഷനോട് യാത്ര പോലും ചോദിക്കാതെയാണ് അന്ന് ക്യാമ്പ് വിട്ടത്.അപ്പോഴും അവിടെ ചർച്ച തുടരുകയായിരുന്നു.പതിവുള്ള ഫോൺ വിളികൾ രാത്രിയിൽ അവർ തമ്മിൽ നടന്നതുമില്ല.
പിറ്റേ ദിവസംറിഹേഴ്സൽ ക്യാമ്പിൽ എത്തിയപ്പോൾ അറിഞ്ഞ വാർത്ത അനുപമയെ വല്ലാതെ ഞെട്ടിപ്പിച്ചു. ഹർഷൻ സംവിധായകനുമായിചെയ്ത എഗ്രിമെന്റിൽ നിന്നും പിൻവാങ്ങി ക്യാമ്പ് വിട്ടു പോയിരിക്കുന്നു എന്ന വിവരം ഉൾകൊള്ളാനുള്ള മാനസ്സിക തലം നേടാൻ അനുപമഏറെ നേരം എടുത്തു.
അവൾ സ്വയം ചോദിച്ചു. - ഇതെന്താണ് സംഭവിച്ചത്?
സംഭവിക്കുന്നത്?
റിഹേഴ്സൽ ക്യാമ്പിലെ താമസസൗകര്യങ്ങളിലെ തൃപ്തിയില്ലായ്മയാണോ ഹർഷന്റെ പിൻമാറ്റത്തിന് ഹേതു? തന്റെ വസതിയിൽ വന്ന് താമസിക്കാൻ ഇന്നലെയും എത്ര വട്ടം സൂചിപ്പിച്ചതാണല്ലോ!
നാടകം ഇഷ്ടപ്പെടാത്തതാണോ? - ഏയ് അതാവില്ല നാടകത്തിന്റെ പ്രമേയവും സംഭാഷണങ്ങളും ഉജ്ജ്വലമാണെന്ന് ദിവസം പലവട്ടം ആവർത്തിക്കുന്നതല്ലേ?
വിനായകനെ വല്യ ബഹുമാനമായിരുന്നുവല്ലോ?
എവിടെയോ ഒരു ശബ്ദം മുഴങ്ങുന്നു -" എടോ അനു, താൻ ജ്യോതിസ്സാടോ ! നാടക നഭസ്സിലെ താരകം!! താൻ എന്റേതാടോ ...." - എന്നിട്ടും, തന്നോടും ഇങ്ങനെ? ചില മരചില്ലകൾ ഇങ്ങനെയാണോ?
പുതിയ നായകനെ കണ്ടെത്തുവാനുളള ഉത്തരവാദിത്തം നിനക്ക് മാത്രമെന്ന അറിയിപ്പ് അനുപമയ്ക്ക് ഫോണിലൂടെ നൽകി ഗോപൻചെമ്പകരാമൻ വീണ്ടും അജ്ഞാതനായി.
അവൾ വിനായകനെ സമീപിച്ചു.
"സർ, അങ്ങയുടെ സമയത്തിന്റെ വിലയും തിരക്കും അറിയാതഞ്ഞിട്ടല്ല.എങ്കിലും ചോദിച്ചോട്ടെ! ഈ നാടകത്തിൽ അഭിനയിച്ചൂടേ ?എന്റെ അപേക്ഷയാണ് സർ.അങ്ങയിലെ നടനെ കണ്ട് നാടകവേദി എത്രയോ വട്ടം കോരിത്തരിച്ചതാണ്. പ്ലീസ് സർ... "
വിനായകൻ നിശബ്ദനായി ഏറെ നേരം ഇരുന്നു. അരികിൽ അവളും. നാടകത്തിന്റെ അവസാന രംഗത്തിലെ അവസാനസംഭാഷണങ്ങളെങ്ങനെയാവണം എന്നതിന് ഒരു മൂർത്തരൂപം കിട്ടാതെ വരുന്നുവോ?
ശരിയെന്ത്? ശരിക്കുമെന്ത്? എന്ന ചോദ്യം മാത്രം മുന്നിൽ..
ചുഴിയും ചുഴലിയും കാട്ടികൊണ്ട് മനുഷ്യ മനസ്സുകളുടെ നടനം.
സാഹസികമായി നേടി കൈകുമ്പിളിൽ കാത്ത് വയ്ക്കുന്ന മാദകക്കനിയുടെ തീഷ്ണത ഭയന്നതിനെ തച്ചുടയ്ക്കാൻ കാട്ടുന്ന വെമ്പൽ..
ജീവിതത്തിന്റെ ക്രൂരതയെ കണ്ട് പകച്ചിരിക്കുന്നവർ അതിനെ അതിജീവിക്കാൻ ഏറ്റുവാങ്ങുന്ന ആദർശങ്ങൾ, അതേ ആദർശം വഴി ഏറ്റുവാങ്ങുന്ന അധികാരത്താൽ അപരരോട് കാട്ടുന്ന അതേ ക്രൂരത...
ആശ്വാസത്തോടെ വിടരുന്ന മുയൽ കണ്ണുകളും പിന്നെ രഹസ്യവും പരസ്യവും ആയി തെളിയുന്ന നരിപല്ലുകളും...
കഥാനായികനിർമ്മിച്ചകല്ലമ്പലവും അവിടെ കത്തിച്ച് പടർത്തിയ തൃഷ്ണയും ഭയന്നോടിയ കഥാനായകൻ, ഇനിയവൾ മറ്റൊരുവനായി കാത്തിരിക്കട്ടെയല്ലേ?
ജയന്താ, നിന്റെ മങ്ങുന്ന മനസ്സ്‌ നിർമമത തേടട്ടെ..
ശമനതലം ആർജ്ജിക്കട്ടെ!!
കാഴ്ചകളും കാട്ടായങ്ങളും ദുശ്ശാഠ്യങ്ങൾ മാത്രമാണെന്ന് വീണ്ടുമറിയുന്നു ഈ വിനായകൻ, പുതിയ രംഗഭാഷ്യം രചിക്കട്ടെ!!!


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot