Slider

ചെവിക്കുളളിലെ പാറ്റ:

0

ഇതൊരു സംഭവ കഥയാണ് കേട്ടോ......
.....................................
" പഥർ കഹാ ഗയാ കഭി
ശീ ഷാ കഹാ ഗയാ"
സുഹൃത്ത് നാസറിന്റെ പച്ചക്കറിക്കടയിൽ നിന്ന് പങ്കജ് ഉദാസിന്റെ ഗസലുകളിൽ ലയിച്ച് ഞാനങ്ങനെ നിൽക്കുകയാണ്.കടയിൽ പലരും വരികയും പോവുകയും ചെയ്യുന്നുണ്ട്. രാത്രി പത്ത് മണി കഴിഞ്ഞിരിക്കുന്നു - പക്ഷെ ഗസലുകൾ കേട്ടാൽ അങ്ങനെ നിന്നു പോവും.
റഹ്മാനിയ ഹോട്ടലിന്റെ മുന്നിലുള്ള അരത്തിണ്ണയിൽ ഇരുന്നിരുന്ന പോത്ത് കച്ചവടക്കാർ രംഗം വിട്ടിരിക്കുന്നു. മുന്നിൽ ഹൈമാക്സ് ലൈറ്റിന്റെ ചുറ്റുവട്ടത്ത് മത്സ്യ കച്ചവടം നടത്തുന്നവർ ആർത്തുവിളിക്കുന്നുണ്ട്. അവസാന ലാപ്പിൽ കിട്ടുന്ന വില കുറവ് ലക്ഷ്യമിട്ട് "താപ്പൻമാർ " (വില കുറച്ച് കിട്ടാൻ തക്കം പാർത്ത് നിൽക്കുന്നവർ ) മത്സ്യ കച്ചവടക്കാരെ വളഞ്ഞിരിക്കുന്നു.
അങ്ങാടി ഉറങ്ങാൻ പന്ത്രണ്ട് മണിയാകും. പങ്കജ് ഉദാസിന്റെ ഈരടികൾക്കനുസരിച്ച് എന്റെ മനസിലും പുതിയ പുതിയ ഈരടികൾ രൂ;പം കൊള്ളുകയാണ്.
" മൈലാഞ്ചികൈകളാൽ
പാതി മറച്ച നിന്റെ
മൊഞ്ചുള്ള കൗതുകം ഞാൻ
കണ്ട് തരിച്ചുനിന്നു....
ആശകളായിരം
തിരമാല യെന്നപോൽ
ആർത്തിരമ്പീടുന്നു
കരളിന്റെ തീരമിൽ....
കടയിൽ നിന്ന് തിരക്കൊഴിവായിരിക്കുന്നു. ഇനി കട അടക്കാനുള്ള ശ്രമമാണ് - അതിനു മുമ്പ് നേരത്തെ വാങ്ങി വെച്ച മാമ്പഴം കഴുകി മുറിച്ച് ഒരു കഷണം നാസർ എനിക്കു നീട്ടി. മാമ്പഴം വാങ്ങിയതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. മറുതലക്കൽ ഭാര്യയാണ്.. പെട്ടെന്ന് ഒരു ആട്ടോ പിടിച്ച് ചെല്ലാൻ.... ചെവിയിലെന്തോ കടന്നിരിക്കുന്നു.
നാസറിന്റെ കടയുടെ മുമ്പിൽ തന്നെയാണ് ആട്ടോസ്റ്റാന്റ്. പക്ഷെഒരൊറ്റ ആട്ടോയും സ്റ്റാന്റിലില്ല. അവിടെയും ഇവിടെയും തലങ്ങും വിലങ്ങുമായി ഓരോന്ന് നിർത്തിയിട്ടിരിക്കുന്നു.
ഒറ്റ ഒന്നിലും ഡ്രൈവർമാരില്ല. അവസാനം കുറച്ചപ്പുറത്ത് ബിസ്മില്ലാ ഹോട്ടലിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ആ ട്ടോയിൽ ഒരാൾ വന്നിരിക്കുന്നത് കണ്ടു. ഞാൻ അങ്ങോട്ട് ഓടിച്ചെന്നു. ഭാഗ്യം ഡ്രൈവർതന്നെയാണ്. ഞാൻ കാര്യങ്ങൾ അദ്ദേഹത്തോട് ഉണർത്തിച്ചു. പോകാം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
കുറച്ച് ദൂരെ വൈലത്തൂർ ഉള്ള ആട്ടോക്കാരനാണ് അത്. കുറച്ചപ്പുറത്ത് ഒരു മരണവീട്ടിലേക്ക് ട്രിപ്പുമായി വന്നതാണ്. തിരിച്ചു പോകാൻ വൈകുമെന്നതിനാൽ ഭക്ഷണം കഴിക്കാൻ വേണ്ടി അങ്ങാടിയിലേക്കു വന്നതാണ്.
ഭാര്യ റെഡിയായി നിൽക്കുകയാണ്. എന്നെ കണ്ടതോടെ ആട്ടോയിലേക്ക് അവൾ ചാടിക്കയറി. കാര്യം അൽപം ഗുരുതരമാണെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്. അലറിക്കരയുന്നില്ലാ എന്നേയുള്ളു.. വേദന കൊണ്ട് ആട്ടോയിലിരുന്നു തുള്ളുകയാണവൾ. സുഹൃത്തായ ഡോക്ടർ ഫൈസലിന്റെ അടുത്തേകാണ് അവളെ കൊണ്ട് പോകുന്നത്. ഫൈസലിന്റെ വീട്ടിലെത്തിയപ്പോൾ പരിശോധിക്കാനായി ടോക്കണെടുത്ത് കാത്തു നിൽക്കുകയാണ് അപ്പോഴും ആളുകൾ..
കിട്ടിയ ഗ്യാപ്പിൽ ടോക്കണൊന്നും എടുക്കാൻ നിൽക്കാതെ പരിശോധനാ റൂമിലേക്ക് ഇടിച്ചു കയറി...
പക്ഷേ ഭാര്യയുടെ തുള്ളലും പരാക്രമവും കണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നിർദ്ദേശിക്കുകയായിരുന്നു ഡോക്ടർ.ഒറ്റക്ക് ചെവിക്കുള്ളിൽ കയറിയ ജന്തുവിനെ ചുറത്തെടുക്കാൻ കഴിയില്ലെന്നും അവളെ പിടിച്ചു നിർത്താൻ ആളുകൾ വേണമെന്നും..
പൈസയൊന്നും കൊടുക്കാൻ നിൽക്കാതെ ഞങ്ങൾ ആട്ടോയിലേക്ക് ചാടിക്കയറി.
പുത്തനത്താണിക്കടുത്തുള്ള ഒരു ആശുപത്രിയിലേക്കാണ് ഞങ്ങൾ പോയത്. സമയം പതിനൊന്നുമണിയോടടുക്കുന്നു. നിരത്തുകളെല്ലാം കാലിയാണ്. ആട്ടോപരമാവധി സ്പീഡിൽ ചീറിപ്പായുന്നുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം ഏഴ് മിനിറ്റുകൊണ്ട് താണ്ടിയെങ്കിലും എഴുപത് മിനിറ്റിന്റെ ദൈർഘ്യമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ...
ആശുപത്രിയിലെത്തിയപ്പോൾ ഡ്യൂട്ടി ഡോക്ടർ ഫ്രീയാണ്. ഭാര്യയെ വേഗം ഡോക്ടറെ ഏൽപിച്ച് ഞാൻ ലിസ്റ്റെടുക്കാൻ കൗണ്ടറിലേക്ക് പോയി.ലിസ്റ്റെടുത്ത് ബില്ലടച്ച് ഞാൻ തിരിച്ചെത്തിയപ്പോഴേക്കും ചെവിക്കുള്ളിൽ കയറിയ സാധനങ്ങളെ ലേഡി ഡോക്ടർ പുറത്തെടുത്തു കഴിഞ്ഞിരുന്നു. വാതിൽ തുറന്നു അകത്ത് കടന്ന എനിക്ക് മുമ്പിൽ ഒരു ചെറുപുഞ്ചിരിയുമായി നഴ്സ് നിൽക്കുന്നു. കയ്യിൽ ഒരു പാത്രം.. പാത്രത്തിൽ രണ്ട് ഉറുമ്പ് പാറ്റ. അതും കട്ടുറുമ്പിന്റെ വലിപ്പത്തിലുള്ള പാറ്റകൾ.
ലേഡി ഡോക്ടറും നഴ്സുമാരും എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നു.
ആ.. എന്തെങ്കിലുമാകട്ടെ... കാര്യം നടന്നല്ലൊ..
ഭാര്യയുടെ ചെവിയിൽ ഉണ്ടായ മുറിവിന് മരുന്ന് വാങ്ങി ഞങ്ങൾ മടങ്ങുമ്പോൾ ഞാനാലോചിക്കുകയായിരുന്നു.... എന്തിനാണ് രണ്ട് പാറ്റകളും കൂടി ചെവിക്കുള്ളിൽ കയറിക്കൂടിയത്...?
എന്താണ് ഡോക്ടറും നഴ്സ്മാരും കൂടി അടക്കം പറഞ്ഞ് ചിരിച്ചത് ...?
എന്തിനായിരിക്കും....... എന്തായിരിക്കും...?
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo