ഗൾഫിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയതാണ് ജാസിം.ഒത്തുവരികയാണെങ്കിൽ കല്യാണമുണ്ടാക്കണമെന്ന് ഉമ്മ പറഞ്ഞതുകൊണ്ടാണ് ഒരു മാസമുള്ള ലീവ് മുതലാളിയുടെ കൈയും കാലും തലയുയുമൊക്കെ പിടിച്ച് രണ്ട് മാസമാക്കിയത്. ഉമ്മയുടെ താൽപര്യമാണ് ഇപ്പോൾ തന്നെ പിടിച്ച് പെണ്ണ് കെട്ടിക്കണമെന്നത്. കല്യാണം ശരിയാകുമ്പോൾ ലീവെടുത്ത് വരാമെന്നാണ് ദുബൈയിലുള്ള ജ്യേഷ്ഠൻ അറിയിച്ചിരിക്കുന്നത്. ഓരോന്നാലോചിച്ചിരിക്കുമ്പോഴാണ് ഉമ്മയെ അന്വേഷിച്ച് ഒരു സ്ത്രീ മുറ്റത്തേക്ക് കയറി വന്നത്. സ്ത്രീയെന്ന് പറഞ്ഞാൽ പോരാ ഒരു ഹൂറി തന്നെ. ചോദ്യത്തിനുത്തരം പറയാതെ അന്തം വിട്ട് അവരെ തന്നെ നോക്കിയിരിക്കവെ അടുത്ത ചോദ്യം
"ജാസിമല്ലേ... വരുമെന്ന് ഉമ്മ പറഞ്ഞിരുന്നു."
തന്റെ പേര് ആ ചുണ്ടിൽ നിന്നുതിർന്നു വീഴുന്നത് കേട്ടപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അപ്പോഴേക്കും സംസാരം കേട്ട് അടുക്കളപ്പണിയിലായിരുന്ന ജേഷ്ഠന്റെ ഭാര്യ നാദിയ വരാന്തയിലെത്തി.
"ഇത്ത കയറിയിരിക്ക് .. ഉമ്മ എളാപ്പന്റെ വീട് വരെ പോയതാ ."
"ഇല്ല കയറുന്നില്ല. ഞാൻ എന്റെ വീട് വരെ പോവുകയാ.വീടിന്റെ ചാവിയൊന്നിവിടെ തരാൻ വന്നതാ. ചിലപ്പോ ഞങ്ങൾ നാളെയേ വരികയുള്ളു".
"നിനക്ക് മനസിലായൊ അവരെ? ഷാഹിദ.അപ്പുറത്തുള്ള പുതിയ വീട്ടുകാരാ. "
ലഡുവിന്റെ ഒരു കൊട്ടയാണപ്പോൾ അവന്റെ മനസിൽ പൊട്ടിയത്.ഈ ഹൂറി തന്റെ അയൽവാസിയോ. സങ്ങതി കൊള്ളാമല്ലോ...
"അവരുടെ വീട്ടിൽ ആരൊക്കെയുണ്ട് അവൻ നാദിയയോട് ചോദിച്ചു.
"ഇപ്പൊ അവരും ചെറിയൊരു മോളുമേയുള്ളൂ.. "
" അപ്പോ ഭർത്താവ് ....?"
" ഭർത്താവ് സൗദിയിലാ..."
ദേ പിന്നേം ലഡു.
"നമ്മുടെ സബീന മോളാ രാത്രി കൂട്ടുകിടക്കാൻ പോകാറുള്ളത്.."
ദിവസങ്ങൾ പലതു കഴിഞ്ഞു.പെണ്ണുകാണാൻ പോകാൻ ഗൾഫിൽ നിന്നു പോന്നപ്പോഴുള്ള താൽപര്യമൊന്നും ജാസിമിൽ ഇപ്പോൾ കാണാനില്ല. അയൽപക്കത്തെ ആ ഹൂറിയുടെ മുഖമാണെപ്പോഴും അവന്റെ മനസിൽ. വീട്ടിലുണ്ടാകുമ്പോഴൊക്കെ അപ്പുറത്തെ വീട്ടുമുറ്റത്തേക്ക് ഏന്തിയും വലിഞ്ഞും നോക്കിക്കൊണ്ടിരിക്കും.മുറ്റമടിക്കുമ്പോഴും ആറിയിട്ടതെടുക്കാൻ വരുമ്പോഴുമൊക്കെ അവൾ തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നതായി അവന് തോന്നി. ഒരു ദിവസം അവൾ അവനെ നോക്കി പുഞ്ചിരിച്ചു. ഒരു പാൽനിലാ പുഞ്ചിരി.
പിന്നീടുള്ള രാത്രികളിൽ അവന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത് അവളായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം നാദിയ മകൾ സെബീനയെയും കൂട്ടി തന്റെ വീട്ടിലേക്ക് വിരുന്നു പോയി.ഷാഹിദയുടെ വീട്ടിൽ രാത്രി കിടക്കാൻ ഇന്ന് മറ്റാരെയെങ്കിലും വിളിക്കാൻ അവളോട് പറയട്ടെയെന്ന് പറഞ്ഞു കൊണ്ടാണ് ഉമ്മ മുറ്റത്തു നിന്നും ഷാഹിദയെ വിളിച്ചത്. അരക്കുയരത്തിലുള്ള മതിലിനപ്പുറത്ത് അവൾ വന്നു നിന്നു.അവൾ കാണാൻ പാകത്തിൽ ജാസിമും വരാന്തയിൽ വന്നു നിന്നു.
"ഷാഹീ...ഇന്ന് സെബി ഇവിടില്ല. രാത്രീക്ക് അപ്രത്തിന്ന് ജമീലാനേ കുട്ടികള്യോ ഒന്ന് വിളിക്കോ .ബാപ്പാനെ ഇവിടെട്ടിട്ട് ഇൻക്ക് ബരാനും പറ്റൂല്ല.. അതോണ്ടാ."
"ഉമ്മാ...അതിന് എനിക്ക് അവരുമായി അങ്ങനെയുള്ള അടുപ്പമൊന്നുമില്ല. ഉമ്മക്കറിയാലോ .ജാസിമിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇന്ന് അവൻ പോന്നോട്ടെ..."
"എന്നാ ഓനെ ബിടാം.. "
"ഭക്ഷണം ഇവിടുന്ന് കഴിക്കാട്ടോ.ഗൾഫിന്ന് വന്നിട്ട് ആളിതുവരെ ഇങ്ങോട്ടൊന്നും കയറിയിട്ടില്ലല്ലോ..."
അവൾ ജാസിമിനെ നോക്കി ചിരിച്ചു. അതെ ആ പാൽനിലാ പുഞ്ചിരി... അവന് ഒന്ന് തുള്ളിച്ചാടണമെന്ന് തോന്നി. വിരുന്നു പോയ നാദിയ ഇത്തക്ക് അവൻ മനസിലൊരായിരം നന്ദി പറഞ്ഞു.
ജാസിം ഇടക്കിടെ മൊബൈലിൽ നോക്കിക്കൊണ്ടിരുന്നു.സമയം പോകുന്നില്ല. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമല്ലോ കിട്ടിയ അവസരം നോക്കി അവരെന്നെതന്നെ ക്ഷണിച്ചത്.. ആ ചിരി കണ്ടപ്പോഴേ എനിക്കറിയാമായിരുന്നു. എന്നെങ്കിലും എന്തൊക്കെയോ സംഭവിക്കുമെന്ന്. അത് ഇത്ര പെട്ടെന്ന് തന്നെ ഒത്തു വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എന്തൊക്കെയാണാലോചിച്ച് കൂട്ടിയതെന്ന് അവനു തന്നെ നിശ്ചയമില്ല.
"നീ യങ്ങോട്ട് കിടക്കാൻ പോകുന്നില്ലേ "
ഉമ്മയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് ഉപ്പ വരാന്തയിലെ ചാരുകസേരയിൽ വന്നിരുന്നു. തിടുക്കത്തിൽ വീട്ടിൽ നിന്നിറങ്ങവെ ഉപ്പയുടെ നോട്ടത്തിൽ എന്തൊ ഒരു തഞ്ചക്കേട് മണക്കുന്നതായി അവന് തോന്നാതിരുന്നില്ല.
അവൻ ഷാഹിദയുടെ വീട്ടുമുറ്റത്തെത്തി.അൽപം വിറയലോടെയാണ് കോളിംഗ് ബെല്ലിൽ വിരലമർത്തിയത്. വീണ്ടും പാൽ പുഞ്ചിരിയുമായി അവൾ. ജാസിമിനെ അവൾ അകത്തേക്ക് ക്ഷണിച്ചു.
നെയ്ച്ചോറും കോഴിക്കറിയും ബീഫ് വരട്ടിയതുമൊക്കെയായി ഒരു സൽക്കാരത്തിനെന്ന പോലെ ഡൈനിംഗ് ടേബിൾ ഒരുങ്ങി നിൽക്കുന്നു. അവരുടെ നിർബന്ധത്തിന് വഴങ്ങി കുറച്ച് കഴിച്ചെന്ന് വരുത്തി. ഒന്നും അങ്ങോട്ട് ഇറങ്ങുന്നില്ല. കൈ കഴുകി വന്നപ്പോഴേക്കും തോർത്തുമാ യി കാത്തു നിൽക്കുകയാണവൾ.
അവന്റെ ജോലിയുടെ വിശേഷങ്ങളും മറ്റും വളരെ താൽപര്യത്തോടെ അവൾ ചോദിച്ചു മനസിലാക്കുന്നുണ്ടായിരുന്നു. എല്ലാറ്റിനും അവൻ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. തിരിച്ചു ചോദിക്കാൻ കരുതിയിരുന്ന ചോദ്യങ്ങളൊക്കെ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നു. ഒന്നും പുറത്തേക്ക് വരുന്നില്ല. വല്ലാത്തൊരു അവസ്ഥ.
ഒടുവിൽ അവൾ അവന് കിടക്കാനുള്ള മുറി കാണിച്ചു കൊടുത്തു. ഭംഗിയിലും ചിട്ടയിലും ഒരുക്കി വെച്ച മുറി. വീട്ടുജോലികളൊക്കെ ഒതുക്കി അവൾ മകളെയുമെടുത്ത് നേരെ എതിർവശത്തുള്ള മുറിയിലേക്ക് പോയി. അൽപ നേരം കഴിഞ്ഞപ്പോൾ മുറിയിലെ ലൈറ്റണഞ്ഞു. പക്ഷേ ആ മുറിയുടെ വാതിൽ പാതിയേ ചാരിയിട്ടുള്ളൂവെന്ന് ജാസിമിന് മനസിലായി.
ഇനിയൊന്നും പേടിക്കാനില്ല. ഇതതു തന്നെ. ഇനി കുട്ടി ഉറങ്ങുന്നത് വരെ കാത്തിരിക്കണം.
ജാസിമിന് ഉറക്കം വന്നില്ല. ഉറങ്ങിയില്ല എന്നു പറയുന്നതാവും ശരി. എങ്ങാനും ഉറങ്ങിപ്പോയാൽ പിന്നെ തീർന്നു എല്ലാം. ഇനിയിങ്ങനെയൊരവസരം കിട്ടിയെന്നു വരില്ല.
എങ്ങനെ സംസാരിച്ചു തുടങ്ങണം. എന്തെല്ലാം പറയണം. ഒരെത്തും പിടിയും കിട്ടുന്നില്ല. മൊബൈലെടുത്ത് നോക്കിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു. ബാത്ത് റൂമിൽ കയറി കൈയും മുഖവുമൊക്കെ നന്നായി കഴുകി.കണ്ണാടിയിൽ നോക്കി മുടിയൊക്കെ ഒന്നു കൂടി മാടിയൊതുക്കി.മുറിയിലെ ലൈറ്റണച്ച് നേരേ ഡൈനിംനിംഗ് ഹാളിലെത്തി. നെഞ്ച് പടപടാ മിടിക്കുന്നുണ്ട്. അരുത് പേടിച്ച് പിൻമാറരുത്. ഒരു സ്ത്രീ ഒരിക്കലും ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുകയില്ല.
പാതി ചാരിയ വാതിൽ പതിയെ തള്ളിത്തുറന്നതും അവളുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു.എന്റെ പടച്ചോനെ അവൾ തന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.കൊച്ചു കള്ളി. പതിയെ അവളുടെ അടുത്തേക്ക് എത്തിയ ജാസിമിനോട് അവൾ ചോദിച്ചു.
"എന്തേ ജാസിം...?"
ഉത്തരമൊന്നും പറയാതെ വിറക്കുന്ന കൈകൾ കൊണ്ട് അവൻ സ്വർണ്ണ നിറമുള്ള അവളുടെ കൈയിൽ പിടിച്ചു.അവൾ പതിയെ അവന്റെ പിടുത്തം വിടുവിച്ചുകൊണ്ട് അൽപം പിന്നോട്ട് മാറി നിന്നുകൊണ്ട് പറഞ്ഞു.
" ജാസിം വന്നതെന്തിനാണെന്ന് മനസിലായി. പക്ഷേ നിനക്ക് മനസിലാവാത്ത കുറെ കാര്യങ്ങളുണ്ട്. നിന്നെപ്പോലെ എനിക്കും മനസിൽ പല ആഗ്രഹങ്ങളുമുണ്ട്. പക്ഷേ ഞാനൊരാളുടെ ഭാര്യയാണ്. അയാൾ എനിക്കും ഞങ്ങളുടെ മകൾക്കും വേണ്ടിയാണ് ആ മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെടുന്നത്. എന്നെ അങ്ങേയറ്റം സ്നേഹിക്കുന്ന അദ്ദേഹത്തെ മറന്ന് എന്റെ ജീവിതത്തിലൊരു നിമിഷവുമുണ്ടായിട്ടില്ല. ഇനിയൊട്ടു ഉണ്ടാകുകയുമില്ല. ഭർത്താവ് അരികിലില്ലാത്തതു കൊണ്ട് നിന്റെ ഇംഗിതത്തിന് പെട്ടെന്ന് വഴങ്ങുമെന്ന് നീ വെറുതെ തെറ്റിദ്ധരിച്ചു. എന്റെ ആഗ്രഹങ്ങൾ അടക്കി വെക്കാൻ എനിക്ക് കഴിയും.സെബീന മോളില്ലെന്ന് പറഞ്ഞപ്പോൾ നിന്നെ വിളിച്ചത് നിന്നോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ്.ഇരുപതാം വയസിൽ ഒരു അപകടത്തിൽ പെട്ട് മരണപ്പെട്ടു പോയ എന്റെ ആങ്ങള ഫൈസലിന്റെ ഒരു ഛായ നിന്നിൽ ഞാൻ കണ്ടു. അന്നു മുതലാണ് നിന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.പക്ഷേ നീയിവിടെ വന്നതുമുതൽ നിന്റെ പെരുമാറ്റത്തിൽ ചില അസ്വഭാവികതകൾ ഞാൻ കണ്ടു. ഞാൻ വാതിൽ കുറ്റിയിടാതിരുന്നതും ഉറങ്ങാതിരുന്നതും മനപൂർവ്വമായിരുന്നു. നിന്റെ മനസിൽ മോശപ്പെട്ട ഒരു ചിന്തയുണ്ടെങ്കിൽ ഇന്നു തന്നെയത് തിരുത്തണമെന്ന് എന്റെ മനസ് പറഞ്ഞു. നീയൊരു പെങ്ങളെപ്പോലെയേ എന്നെ കാണാവൂ. ഇനി ജാസിം പോയി കിടന്നോളൂ.... പിന്നെ.. ഇതിന്റെ ചമ്മലിൽ നാളെ മുതൽ കണ്ടാൽ മിണ്ടാതിരിക്കുകയൊന്നും വേണ്ടട്ടോ..."
അവൻ പതിയെ റൂമിലേക്ക് തിരിച്ചു നടന്നു. ഒരു പെണ്ണ് നോക്കി ചിരിക്കുമ്പോഴേക്കും അതിൽ മറ്റൊരർത്ഥം കണ്ട താനൊരു വിഢിയായിപ്പോയല്ലോ എന്ന് അവന്റെ മനസപ്പോൾ പറയുന്നുണ്ടായിരുന്നു.
_________________________
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക