Slider

കനൽ

0

മോളെ.. രശ്മീ... ആ കൊട്ടൻചുക്കാദി ഒന്നു എടുത്ത് താടീ മോളെ.. അമ്മേടെ കാലിന്റെ മുട്ട് നല്ല വേദനയുണ്ട്...’
അയാള്‍ സൈക്കിള്‍ മുറ്റത്ത്‌ വന്നിറങ്ങുമ്പോള്‍ അകത്ത് നിന്നുള്ള ഭാര്യയുടെ സംഭാഷണം കേട്ടത്. കൊണ്ടുവന്ന പലചരക്ക് സാധനങ്ങളുടെ പൊതി അടുക്കളയില്‍ കൊണ്ടുവേക്കുമ്പോള്‍ ഭാര്യ അടുക്കള പിന്നാമ്പുറത്ത് അരമതില്‍ സീറ്റില്‍ ഇരുന്നു മുട്ടുകാലില്‍ ഉഴിയുന്നു. മുൻമ്പേല്ലാം ഭാര്യയുടെ സ്ഥിരം പരാതിയായിരുന്നു കാല്‍ മുട്ടുവേദനക്ക് ഡോക്ടറുടെ അടുത്ത് പോകാത്തതിൽ, എന്നാല്‍ എന്നോ നടക്കാത്തതിനെ പറ്റി അവരിപ്പോള്‍ പരാതിപെടാറില്ല, പിന്നീടെപ്പോഴോ തൈലത്തിലേക്ക് അവള്‍ തിരിഞ്ഞെതെന്നു അയാൾക്ക് ഓർക്കാൻ കഴിഞ്ഞില്ല. ഓർമ്മകൾ ചിലതെല്ലാം തന്നിൽ നിന്നകന്നു പോകുന്നതിനെ ഓർക്കുമ്പോൾ അയാൾക്ക് തന്നോട് തന്നെ ഭീതി തോന്നി.
‘അതെയ്... മോൾക്കുള്ള കടലമുട്ടായി വാങ്ങാന്‍ മാറന്നോ...? അത് കിട്ടിയില്ലങ്കില്‍ അറിയാലോ അവളെ...?’ അയാളുടെ ചിന്തയില്‍ നിന്ന് ഉണർത്തി കൊണ്ടുള്ള ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ പോക്കറ്റിലിരുന്ന കടല മിട്ടായി പൊതി മോശപ്പുരത്ത് വെചു.
അടുപ്പിലിരുന്ന മണ്‍ കലത്തിന്റെ മൂടി തുറന്നപ്പോള്‍ ഉണ്ടായ മീന്‍ കറിയുടെ മണം അയാളെ ഉന്മത്തനാക്കി. ചുകന്ന കറിയുടെ കൂടെ മീനുകളും പ്ലേറ്റിലെക്കിടുമ്പോള്‍ അയാളുടെ നാവില്‍ വെള്ളമൂറി.
'ഇന്ന് കറി മോളുണ്ടാക്കിയതാ... എങ്ങനെയുണ്ട്..? അവളും എന്നെ പോലെ പഠിച്ചല്ലേ...? ' ഭാര്യയുടെ ചോദ്യത്തിനു മറുപടി നൽകാതെ പാത്രവുമെടുത്ത് മുവശത്തേക്കു നടന്നു.
മരം വെട്ടുകരനായിരുന്ന താന്‍ എപ്പോളാണ് അവളെ ഇഷ്ടപെട്ടു തുടങ്ങിയത് അയാൾ ചിന്തയില്‍ ആണ്ടു. അവളുടെ ശരീര സൗന്ദര്യത്തേക്കാളേറെ തന്നെ അവളിൽ ആകൃഷ്ടയാക്കിയത് അവളുണ്ടാക്കുന്ന കള്ളുഷാപ്പിലെ മീൻ കറിയോടായിരുന്നു. പണിയുടെ ഭാഗമായി ഉണ്ടാകാറുള്ള കള്ളുകുടി. അപരിചിതമായ സ്ഥലത്ത് പണിയുടെ ഭാഗമായി എങ്ങനയോ ഒരു പ്രാവശ്യം കള്ളു ഷാപ്പിൽ ചെന്നുപെട്ടപ്പോള്‍ പിന്നീട് രുചിയുടെ വൈഭവം കൊണ്ട് സ്ഥിരം സന്ദർശകനായി അവളുടെ ഷാപ്പിൽ. കള്ളിന്‍ പുറത്തുള്ള ലഹരിയില്‍ അവളുടെ അച്ചനോട് അയാള്‍ പെണ്ണു ചോദിച്ചപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ അവളുടെ അച്ഛന്‍ സമ്മതം മൂളി.
കറിപാത്രവുമായി അയാള്‍ ഉമ്മറപടിയില്‍ വെച്ച് കൂടെ അരയിൽ നിന്നും ഒരുകുപ്പിയെടുത്ത് പൊട്ടിച്ചു ക്ലാസ്സിലേക്ക് പകർന്നു. ഒറ്റവലിക്ക് കണ്ണും അടച്ചു കുടിച്ചു തീർത്തു കൂടെ മീനിന്റെ ഒരു പകുതി കഷ്ണം എടുത്തു അണ്ണാക്കിലേക്ക് തള്ളി. വീണ്ടും ക്ലാസ്സിലേക്ക് മദ്യം പകർന്നു. ഒരു ബീഡിക്ക് തീകൊടുത്തു വിധൂരയിലേക്ക് നോട്ടമയച്ചിരുന്നു..
‘അച്ഛാ..... നാളെയെനിക്ക് ഫീസടക്കേണ്ട അവസാന തീയ്യതിയാണ്....’ പറഞ്ഞു തീരുന്നതോടപ്പം കടല മിട്ടായി കടിച്ചു പൊട്ടിക്കുന്ന ശബ്ദമുണ്ടായിരുന്നു. തല തിരിക്കാതെ അയാളൊന്നു അമർത്തി മൂളി.
ഒരു ബീഡി വലിച്ചു തീരത്ത് അടുത്ത മദ്യവും ക്ലാസ്സിലേക്ക് പകർന്നു.. ഒറ്റവലിക്കു കുടിച്ചു തീര്ത്തു . മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിനു ചുറ്റും വട്ടം കറങ്ങി പറക്കുന്ന ഇയ്യാം പാറ്റകൾ, അകത്ത് നിന്നും കുറിഞ്ഞി പൂച്ച അയാളുടെ അടുത്തുവന്നു പൂച്ചയുടെ പിന്‍ ഭാഗം അയാളുടെ കൈത്തണ്ടയില്‍ ഉരസി. പൂച്ചയുടെ കണ്ണും അയാളുടെ അയാളുടെ കണ്ണും തമ്മില്‍ ഉടക്കി. പൂച്ച അയാളോട് എന്തോ പറയാന്‍ വെമ്പുന്ന പോലെ അയാൾക്ക് ‌ തോന്നി. എന്നാൽ പെട്ടന്ന് അയാള്‍ തന്റെ നോട്ടം പിൻവലിച്ചു.
‘അല്ലെ മനുഷ്യാ... നിങ്ങളിങ്ങനെ ഉമ്മറത്തിരുന്നു കള്ളുകുടിക്കുന്നത് നാട്ടുക്കാര് കണ്ടാല്‍ എന്ത് പറയും.. കെട്ടിക്കാന്‍ പ്രായമായ ഒരു പെണ്ണ് ഇവിടുള്ളതാണ് എന്ന വിചാരം പോലുമില്ലേ നിങ്ങൾക്ക്...'
അതിനൊരുത്തരം പറയാതെ അകത്തേക്ക് പോകുന്ന ഭാര്യയെ അയാള്‍ നോക്കിയിരുന്നു.. വീണ്ടും മദ്യം ക്ലാസ്സിലേക്ക് പകർന്നു കുടിച്ചു.. ഒരു ബീഡിക്ക് തിരികൊളുത്തി ആഞ്ഞു വലിച്ചു ഇരുട്ടിലേക്ക് വെളിച്ചത്തെ തേടി അയാളുടെ കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു.
രശ്മി. അവർക്കു ജനിച്ച മകൾ, കൂടുതല്‍ കുട്ടികള്‍ വേണ്ടന്നു അവര്‍ ആഗ്രഹിച്ചു. എല്ലാ സ്നേഹവും ഒരാൾക്ക് നൽകിയാൽ മതിയെന്ന് അവർക്കു തോന്നി. മകളുടെ ഓരോ വളർച്ചയിലും അവര്‍ അതിയായി സന്തോഷിച്ചിരുന്നു. മകളുടെ ഓരോ ഇഷ്ടങ്ങളും അയാള്‍ തന്നാലാവും വിധം നടത്തി കൊടുത്തിരുന്നു. മകള്‍ വലിയ പെണ്ണായ ദിവസം അയാളിലെ അച്ഛനും കൃത്യ നിർവാഹകനും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഉണർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. അതിനുള്ള മുന്നോടിയായി തന്റെ ദുശ്ശീലങ്ങളായ കള്ളുകുടിയും ബീഡിവലിയും നിർത്തി.
മകള്‍ പ്ലസ്‌ ടുവിന് പഠിക്കുന്ന സമയം.. വീട്ടില്‍ നിന്നും വളരെ ദൂരെയാണ് സ്കൂൾ, പലരും പറഞ്ഞിരുന്നു ഇത്രയും ദൂരേക്ക്‌ മകളെ പറഞ്ഞയക്കരുതെന്നു എന്നാല്‍ മകള്‍ പഠിച്ചു വലിയ ആളാവണമെന്ന അയാളുടെ മോഹത്തില്‍ അവരുടെയെല്ലാം വാക്കുകൾക്കു അയാള്‍ ചെവികൊടുത്തില്ല.
അന്നത്തെ ദിവസം അയാൾക്ക് മറക്കാന്‍ കഴിയാത്തതായിരുന്നു. ജോലി കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഭാര്യ പറഞ്ഞത് മകള്‍ വന്നില്ലന്നു എന്നാല്‍ ചില ദിവസങ്ങളില്‍ ഉണ്ടാവാറുള്ള സ്പെഷ്യല്‍ ക്ലാസ്സ്‌ പോലെയാവുമെന്നു പറഞ്ഞയാള്‍ ഭാര്യയെ സമാധാനിപ്പിച്ചു. ഇരുട്ടിന്റെ കനം കൂടിവരുന്നതിനനുസരിച്ച് അയാളില്‍ ആതി കൂടി. ഭാര്യയുടെ കരച്ചിലില്‍ ആയാള്‍ ഓടി എവിടെക്കിന്നില്ലാതെ. സ്കൂളിന്റെ അടഞ്ഞു കിടന്നിരുന്ന വാതില്‍ ഇരുട്ടില്‍ അയാൾക്ക് തുറക്കാന്‍ കഴിഞ്ഞില്ല. ആളുകളുടെ പറച്ചിലുകള്‍ അയാളെ അസ്സ്വസ്ഥനാകി. അതയാളെ മകളുടെ സ്വകാര്യമുറിയില്‍ തിരയാന്‍ പ്രേരിപ്പിച്ചു എന്നാല്‍ പ്രതീക്ഷക്കു വകയായി ഒന്നും കിട്ടിയില്ല. മൂന്നാം നാള്‍ ആരോ പറഞ്ഞറിഞ്ഞു കുളത്തില്‍ ഒരു ശവം പൊന്തിയെന്നു. നനഞ്ഞു കുതിർന്നു വികൃതമായ ശരീരത്തെ ഒരു നിമിഷത്തെ നോട്ടത്തില്‍ ബോധം മറഞ്ഞങ്കിലും ചിരകാലത്തേക്കുള്ള കാഴ്ചയാക്കി മാറ്റി അയാളിൽ.
‘അച്ഛാ.. എനിക്കൊരു നോട്ടുബുക്ക് വാങ്ങിതരണം...’ വാതില്‍ പടിയില്‍ ഭാര്യ വന്നു നിന്നു പറഞ്ഞു. അയാള്‍ തലകുലുക്കി. പിന്തിരിഞ്ഞു പോയ ഭാര്യയെ നോക്കി അയാള്‍ നെടുവീർപ്പിട്ടു.. ചില സമയം ഭാര്യ ഭാര്യയായും മകളായും അയാൾക്ക് മുന്നില്‍ പ്രത്യക്ഷപെടാറുണ്ട്. ഭാര്യയുടെ അസുഖത്തെ അയാള്‍ കുറ്റപെടുത്താറില്ല. മകളുടെ പെട്ടന്നുള്ള വേർപിരിയൽ ശേഷമുള്ള അവളുടെ മാറ്റത്തില്‍ അയാളെ എകാകിയാക്കി. ഒരു ഡോക്ടറെ കാണിക്കാൻ പോലും അയാൾക്ക് തോന്നിയില്ല.
കുപ്പിയിലെ ബാക്കിയുള്ള മദ്യവും അകത്താക്കി അയാള്‍ മലർന്നു കിടന്നു. കുറിഞ്ഞി പൂച്ച അയാളുടെ കണ്ണിലേക്കു തുറിച്ചു നോക്കി. പൂച്ചയുടെ നീല കണ്ണുകളില്‍ ഒരു ലോകം അയാൾ കണ്ടു. ഭാര്യ ഇടയ്ക്കു പൂച്ചയോടു മകളോടെന്ന പോലെ സംസാരിക്കാറുള്ളത് കാണാറുണ്ട്. താനും അതുപോലെ ആകുമെന്ന് അയാൾ ഭയപ്പെട്ടിരുന്നു..
‘അച്ഛാ...’ ഭാര്യയാവുമെന്നു കരുതി അയാള്‍ വാതില്‍ പടിയിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ആരുമില്ല.
‘അച്ഛാ... ‘ തന്റെ തൊട്ടടുത്തുള്ള ശബ്ദത്തെ അയാള്‍ തല ഉയർത്തി നോക്കുമ്പോള്‍ പൂച്ച സംസാരിക്കുന്നു.. ‘’ഞാനാ അച്ഛാ... അച്ഛന്റെ മോൾ... ആൾക്കാർ പറയുന്നപോലെ ഞാന്‍ പ്രേമം കൊണ്ടുള്ള ആത്മഹത്യ അല്ല....എന്നെ കൊന്നതാ...അച്ഛന്റെ ആ പരിചയക്കാരനില്ലെ, പേര് അറിയില്ല. ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. അയാളാണ് എന്നെ കൊന്നത്. ക്ലാസ്സു കഴിഞ്ഞു വരുമ്പോള്‍ അയാള്‍ റോഡ്‌ സൈഡില്‍ നിൽക്കുന്നുണ്ടായിരുന്നു. അച്ഛന്‍ നിന്നെ വിളിക്കുന്നെന്നു പറഞ്ഞു വിളിച്ചു കൊണ്ട് കുളത്തിന്‍ കടവിലേക്ക് കൊണ്ട് പോയി. കുളത്തിന്‍ കടവില്‍ വെച്ച് അയാളും നാലഞ്ചു പേരും ചേർന്ന് എന്നെ കൊന്നു....’’
വെള്ളം മുഖത്തേക്ക് അടിച്ചപ്പോള്‍ അയാള്‍ കണ്ണ് തുറന്നു നോക്കി. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയും കൂടെ ഇടിയും മിന്നലും പിന്നെ കാറ്റും ഉണ്ട്. കാറ്റിനൊപ്പം വന്ന വെള്ളം അയാളുടെ ശരീരത്തിലേക്ക് വീണ്ടും അടിച്ചു. പൂച്ചയെ തിരഞ്ഞു നോക്കുമ്പോൾ പൂച്ച അയാൾക്കു പിറകിലുള്ള ചുവരിന്റെ മൂലയില്‍ ചുരുണ്ട് ഉറങ്ങുന്നു. അയാൾ മിന്നലിന്റെ വെളിച്ചത്തില്‍ ദൂരെ ആകാശത്ത് നോക്കുമ്പോൾ ഒരു നക്ഷത്രം അയാളെ നോക്കി ചിരിക്കുന്നു...
------നിഷാദ് മുഹമ്മദ്---
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo