ഉണ്ണിക്ക് എന്തിനും ഏതിനും കുട്ടേട്ടൻ തന്നെ വേണം.രാവിലെ എഴുന്നേറ്റ ഉടനെത്തന്നെ ഉണ്ണിയുടെ കയ്യിൽ ഉമിക്കരി വെച്ചുകൊടുക്കും. അവനെ ഉമ്മറത്തേക്ക് കൊണ്ട് പോയി ദേഹം മൊത്തം എണ്ണ തേപ്പിക്കും. പിന്നെ കുളിമുറിയിൽ തയ്യാറിക്കിയിട്ടുള്ള ചൂടുവെള്ളത്തിലെ വിസ്തരിച്ചുള്ള കുളി
പലപ്പോഴും അതുവഴി കടന്ന് പോകുന്ന അമ്മയുടെ മുഖം ദേഷ്യം കൊണ്ട് കറുക്കാറുണ്ട്.
''ഈ കുട്ടൻ എന്ത് വിചാരിച്ചിട്ടാ....വയസ്സ് പത്തായി ഉണ്ണിക്ക്..അവന് ഒറ്റക്ക് കുളിയ്ക്കാനൊക്കെ അറിയാം...നീയാണവനെ വഷളാക്കുന്നത്..വന്ന് വന്ന് ചെക്കൻ മുഴു മടിയനായി മാറി ''
ഈ അമ്മയെന്താ ഇങ്ങനെ??കുട്ടേട്ടൻ എന്നെ കുളിപ്പിക്കുന്നതിനെന്തിനാ 'അമ്മ ഇത്ര ചൂടാകുന്നത്??...ചുമ്മാതല്ല, കുഞ്ഞായിരുന്നപ്പോൾ ഭാസ്കരൻ മാമൻ അമ്മയെ കുളിപ്പിച്ച് കാണില്ല......വലിയ അസൂയക്കാരി തന്നെ
അമ്മയുടെ മുഖത്ത് നോക്കി പറയാൻ ധൈര്യമില്ലാത്തത്കൊണ്ട് അവൻ ദേഷ്യം കടിച്ചമർത്തി മനസ്സിൽ മുദ്രാവാക്യം വിളിക്കും.എന്നിട്ടും അരിശം തീർന്നില്ലെങ്കിൽ കയ്യിലുള്ള കോപ്പക്കൊണ്ട് ചെമ്പ് ബക്കറ്റിൽ ശക്തമായി അടിച്ച് പ്രതിഷേധം പ്രകടിപ്പിക്കും.ഇത് കാണുമ്പോൾ കുട്ടൻ പുഞ്ചിരിച്ചുക്കൊണ്ട് പറയാറുണ്ട്
''ഉണ്ണീ,വേണ്ടാ...'അമ്മ വന്നാൽ നല്ല കഷായം കിട്ടും...അവസാനം ഞാൻ രക്ഷിക്കാൻ വരില്ല...പറഞ്ഞേക്കാം''
ഇത് കേൾക്കേണ്ട താമസം, പത്തി താഴ്ത്തിയ മൂർഖനെപ്പോലെ ഉണ്ണി ഒന്ന് ഉൾവലിയും.ശെരിയാ,'അമ്മ അടിക്കാൻ വരുമ്പോൾ മാത്രം കുട്ടേട്ടൻ മാറിക്കളയും,..കുട്ടേട്ടന് വരെ പേടിയാ ഈ ഭയങ്കരിയെ...
ഇനി കുളി കഴിഞ് റൂമിലെത്തിയാലോ???
ഇസ്തിരിയിട്ട് റെഡിയാക്കിയ കുപ്പായവും ട്രൗസറും കയ്യില്പിടിച്ച് കാത്തിരിക്കുന്നുണ്ടാവും കുട്ടേട്ടൻ.കുട്ടേട്ടൻ പറയുന്ന മുറയ്ക്ക് കയ്യും കാലും ചലിപ്പിച്ച് കൊടുത്താൽ മാത്രം മതിയാകും.അപ്പോഴേക്കും ഡ്രസ്സ് എടുക്കൽ പൂർത്തിയായിട്ടുണ്ടാകും.
ഇനി തീന്മേശയ്ക്ക് മുൻപിൽ എത്തിയാലോ??
ഉണ്ണിക്ക് ഇഷ്ടമില്ലാത്ത പ്രാതലാണെങ്കിൽ അവൻ കുട്ടേട്ടന്റെ മുഖത്തേക്ക് കനപ്പിച്ചൊന്ന് നോക്കും.അപ്പോഴേക്കും കുട്ടേട്ടൻ പറയും.
''വാ...പോകാം"
ഇത് കേൾക്കേണ്ട താമസം അമ്മക്ക് കലിയിളകും.
''ഡാ..കുട്ടാ..നീ അവനെയും കൊണ്ട് എങ്ങോട്ടാ...''
''ഞങ്ങൾ രാമേട്ടന്റെ കടയിലേക്കാണ്...അവന് ഇഷ്ടമുള്ളത് വാങ്ങിച്ചുകൊടുക്കട്ടെ... അത് കഴിഞ് അവനെ സ്‌കൂളിൽ കൊണ്ടാക്കിയിട്ടേ ഞാൻ വരൂ''
രാമേട്ടന്റെ കടയിലെ ചൂട് ദോശയും ചമ്മന്തിയും കഴിച്ച് കഴിഞ് പിന്നെ ഒരു പോക്കുണ്ട്.കുട്ടേട്ടന്റെ ദേഹത്ത് കെട്ടിപ്പിടിച്ച് ഗമയിലെങ്ങനെ ബുള്ളറ്റിലിരിക്കുമ്പോൾ ഉണ്ണിയായിരിക്കും സ്‌കൂളിലെ ശ്രദ്ധാ കേന്ദ്രം.ഉപ്പ ഗൾഫിൽ നിന്നും കൊടുത്തയച്ച ഡോറയുടെ പടമുള്ള ബോക്സും കയ്യിൽ പിടിച്ച് ഗമയിൽ നടക്കുന്ന ഫർസാനയും കുഞ്ഞു സൈക്കിൾ സ്വന്തമായുള്ള അനന്ദുവും ഉണ്ണിയെ കണ്ണ് ചിമ്മാതെ കൊതിയോടെ നോക്കി നിൽക്കും.അവരെയൊക്കെ കാണുമ്പോൾ അൽപ്പം അഹങ്കാരം കലർന്ന ഭാവത്തിൽ ഉണ്ണി വിളിച്ച് പറയും.
''എന്റെ ഏട്ടനാ''
ഒരിക്കൽ പതിവ് പോലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് കയറുമ്പോഴാണ് ഉമ്മറത്ത് കുറച്ച് അപരിചിതർ ഇരിക്കുന്നത് കണ്ടത്. അവരുടെ കൂടെ കളിയും ചിരിയുമായി ഭാസ്കരൻ മാമനും ചെറിയച്ഛനും ചെറിയമ്മയും പിന്നെ കുട്ടേട്ടന്റെ ചില ഫ്രണ്ട്സും.കാര്യം മനസ്സിലാകാതെ ഉണ്ണി ഉമ്മറത്തേക്ക് കയറിയതും ഭാസ്കരൻ മാമൻ കൈനീട്ടി വിളിച്ചു.
''ഇതാണ് ഉണ്ണി,കുട്ടന്റെ ഇളയത്...ഇവന് രണ്ട് വയസ്സുള്ളപ്പോഴാണ് വാസു പോയത്''
''ഉണ്ണിയെ...ഇവരൊക്കെ ആരാണെന്ന് മനസ്സിലായോ??''...ചെറിയമ്മ പുഞ്ചിരിച്ചുക്കൊണ്ട് ഉണ്ണിയോട് ചോദിച്ചു.അവൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.
'' നിനക്കൊരു ചേച്ചിയമ്മ വേണ്ടേ??...ഇതാണ് ചേച്ചിയമ്മയുടെ അച്ഛനും അമ്മയും.''
ഒന്നും മനസ്സിലാകാതെ ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി.
''ഡാ...കുട്ടേട്ടന്റെ കല്യാണമാണ് അടുത്ത മാസം ..ഇപ്പൊ മനസ്സിലായോ??"
അവന്റെ മുഖത്ത് ചെറിയ പുഞ്ചിരി വന്ന് തുടങ്ങി.തനിക്കൊരു ചേച്ചിയമ്മ വരാൻ പോകുന്നു.ഇനി രാഗേഷിന്റെയും കബീറിന്റെയും മുഖത്ത് നോക്കി പറയണം നിങ്ങൾക്ക് മാത്രമല്ലെടാ എനിക്കും ചേച്ചിയമ്മ ഉണ്ട് എന്ന്.സന്തോഷം കൊണ്ട് അന്ന് അവന് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം സ്‌കൂളിലെത്തിയ ഉടനെ അവൻ അവരെ നോക്കി വിളിച്ചു പറഞ്ഞു
''എനിക്കും ചേച്ചിയമ്മ വരാൻ പോകുന്നേ...കുട്ടേട്ടന്റെ കല്യാണമാണേ..??''
ഇതും കേട്ട് അത് വഴി വന്ന വിലാസിനി ടീച്ചർ പുഞ്ചിരിച്ചുകൊണ്ട് അവനോട്ചോദിച്ചു
''ഉണ്ണി...കുട്ടേട്ടന്റെ കല്യാണമായിട്ട് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ??''
''വിളിക്കുമല്ലോ???...കുട്ടേട്ടൻ എല്ലാരേം വിളിക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ??''
''അപ്പൊ ഇനി കല്യാണം കഴിഞ്ഞാൽ ഉണ്ണി ആരുടെ കൂടെയാണ് കിടന്നുറങ്ങുക??''
''കുട്ടേട്ടന്റെ കൂടെ"
''അയ്യേ...അത് മോശല്ലേ??...കുട്ടേട്ടന്റെ കൂടെ ചേച്ചിയമ്മയല്ലേ കിടന്നുറങ്ങുക''
പെട്ടെന്ന് അവന്റെ മുഖം വാടി.
"കല്യാണം കഴിഞ്ഞാൽ കുട്ടേട്ടന്റെ കൂടെ കിടന്നാൽ എന്താണ് കുഴപ്പം??..കുട്ടേട്ടന്റെ കട്ടിൽ നല്ല വീതിയുണ്ടല്ലോ??മൂന്ന്പേർക്ക് സുഖമായി കിടക്കാം. "
''അയ്യോ...ഞാൻ തോറ്റേ..നിന്നെ പറഞ് മനസ്സിലാക്കാൻ എനിക്ക് കഴിയില്ല''
ടീച്ചർ പോയതും ഉണ്ണിയുടെ മനസ്സ് വളരെയധികം അസ്വസ്ഥമായി.ടീച്ചർ പറഞ്ഞ കാര്യങ്ങളെ ഉൾകൊള്ളാൻ അവന്റെ മനസ്സ് പാകമായിട്ടില്ലായിരുന്നു.വീട്ടിലെത്തിയിട്ടും പതിവ് പോലെ അമ്മയുമായി വഴക്കിന് പോകാനോ കുട്ടേട്ടനോട് ശാഠ്യം കാണിക്കാനോ അവൻ പോയില്ല.തീൻ മേശയിലെ ചോറ്റുപാത്രത്തിൽ എന്തൊക്കെയോ ചിത്രം വരച്ചു കൊണ്ട് ഒന്നും കഴിക്കാതെ അവൻ റൂമിലേക്ക് മടങ്ങി.
''ഡാ ഉണ്ണി നീ ഒന്നും കഴിച്ചില്ലല്ലോ??...ഡാ കുട്ടാ,ഇവനിതെന്താ പറ്റിയെ??..വന്നപ്പോ മുതലേ ഇങ്ങനെയാ??''
''അവൻ സ്‌കൂളിൽ ആരോടെങ്കിലും വഴക്കിട്ട് കാണും...'അമ്മ ആ തോരൻ കുറച്ചൂടെ വിളമ്പിയെ??''
സമയം പത്ത് മണി കഴിഞ്ഞു.ലൈറ്റണച്ച് കുട്ടേട്ടൻ കട്ടിലിൽ കിടന്നതും അവൻ കുട്ടേട്ടന്റെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു .പിന്നെ കുട്ടേട്ടന്റെ വയറിൽ കെട്ടിപ്പിടിച്ചു ചോദിച്ചു
''കുട്ടേട്ടാ..''
''എന്താ എന്റെ ഉണ്ണിയെ??"
''കല്യാണം കഴിഞ്ഞാലും ഞാൻ കുട്ടേട്ടന്റെ കൂടെ കിടന്നോട്ടെ??''
''അപ്പൊ ചേച്ചിയമ്മയോ??''
''ചേച്ചിയമ്മ എന്റെ ഇപ്പുറത്ത് കിടന്നോട്ടെ...ഇവിടെ ഇനിയും സ്ഥലമുണ്ട്'
കുട്ടൻ പൊട്ടിച്ചിരിച്ചു.പിന്നെ ഉണ്ണിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു
''ആയിക്കോട്ടെ,കല്യാണം കഴിഞ്ഞാലും എന്റെ ഉണ്ണി എന്റെ കൂടെ കിടന്നാൽ മതി''
ഉണ്ണിയുടെ മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറകൊട്ടി.അവൻ കുട്ടന്റെ നെഞ്ചിലേക്ക് തലവെച്ചു. പിന്നെ പതിയെ ഉറക്കത്തിലേക്ക് വീണു.
അങ്ങനെ ആ കല്യാണ ദിവസം വന്നെത്തി.അന്ന് രാത്രിയും ഉണ്ണി കുട്ടേട്ടന്റെ റൂമിലേക്ക് നടന്നു.മുല്ലപ്പൂക്കൾക്കൊണ്ടും വിവിധ നിറത്തിലുള്ള തോരണങ്ങൾക്കൊണ്ടും അലങ്കരിച്ച ആ കട്ടിലിൽ അവനിരുന്നു.പെട്ടെന്നാണ് 'അമ്മ അങ്ങോട്ട് വന്നത്.
''ഡാ..ഉണ്ണി ഇങ്ങോട്ട് വാടാ...ഇനി മുതൽ എന്റെ കൂടെ കിടന്നാൽ മതി''
''ഇല്ല..കുട്ടേട്ടൻ പറഞ്ഞല്ലോ കല്യാണം കഴിഞ്ഞാലും ഏട്ടന്റെ കൂടെ കിടന്നാൽ മതിയെന്ന്''
''ഇവനോട് പറഞ്ഞാലും കേൾക്കില്ല???....ഇങ്ങോട്ട് വാടാ''
''ഇല്ല... വരില്ല''
അപ്പോഴാണ് കുട്ടൻ അങ്ങോട്ട് കടന്നു വന്നത്.
''അവന് ഇഷ്ടമാണെങ്കിൽ എന്റെ കൂടെ കിടന്നോട്ടെ??''
''നിനെക്കെന്താടാ ...തലയ്ക്ക് വെളിവില്ലെ???..നീയാണിവനെ പുന്നാരിച്ച് വഷളാക്കിയത്''
'അമ്മ ഉണ്ണിയുടെ കയ്യിൽ കേറിപ്പിടിച്ചു.പിന്നെ അവനെ വലിച്ചിഴച്ചു ആ റൂമിന്റെ പുറത്തേക്ക് കൊണ്ടുപോയി. അവൻ അലമുറയിട്ടുകരഞ്ഞു പ്രതിഷേധിക്കാൻ നോക്കിയെങ്കിലും 'അമ്മ വഴങ്ങാൻ തയാറല്ലായിരുന്നു.അന്ന് രാത്രി മുഴുവൻ അവൻ അമ്മയുടെ കൂടെ കിടന്ന് കരഞ്ഞു കൊണ്ട് നേരം വിളിപ്പിച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ അവൻ കുട്ടേട്ടന്റെ റൂമിലേക്ക് എത്തിനോക്കി.കുട്ടേട്ടൻ ഇപ്പോഴും ഉറക്കം തന്നെ.സാധാരണ ഈ സമയത്ത് കുട്ടേട്ടനാണ് അവന് ഉമിക്കരിയെടുത്ത് കയ്യിൽ കൊടുക്കാറ്.അവൻ നിരാശയോടെ അടുക്കളയിൽ ചെന്നു.ഉറിയിൽ വെച്ച ഉമിക്കരിക്ക് നേരെ ചാടി നോക്കി.എത്തുന്നില്ല.
''ഉണ്ണിക്ക് ഉമിക്കരി വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ...ഞാനെടുത്ത് തരുമായിരുന്നല്ലോ??''
അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.ചേട്ടത്തിയമ്മ അതാ വാല്സല്യപൂർവ്വം അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു.അവനപ്പോൾ ദേഷ്യമാണ് തോന്നിയത്.
''എന്റെ കുട്ടേട്ടനെ തട്ടിയെടുത്തതും പോരാ ഇപ്പൊ എന്നെ സഹായിക്കാൻ വന്നേക്കുന്നോ?? ങ്‌ഹും''
അവൻ ചേച്ചിയമ്മയെ കനപ്പിച്ചൊന്ന് നോക്കി.പിന്നെ തൊട്ടടുത്ത് വെച്ചിരുന്ന കസേരയുടെ മുകളിൽ കയറി ഉമിക്കരിയെടുത്തു.
പിന്നെ കുളിമുറിയിലേക്ക് ദേഷ്യത്തോടെ ധൃതിയിൽ നടന്നു.നടത്തത്തിനിടയിൽ അവൻ കുട്ടേട്ടന്റെ മുറിയിലേക്ക് ഒന്ന് കൂടെ എത്തി നോക്കി.ഏട്ടൻ വല്ലാതെ മാറിപ്പോയി,കല്യാണം കഴിച്ചതിൽപ്പിന്നെ ഉണ്ണിയെ മറന്നു.അവൻ മനസ്സിൽ സങ്കടത്തോടെ പിറുപിറുത്തു.
അപ്പോഴാണ് 'അമ്മ അങ്ങോട്ട് വന്നത്
''ഉണ്ണി എന്താ കുളിക്കുന്നില്ലേ??''
''ഏട്ടൻ വരട്ടെ..എന്നിട്ട് കുളിക്കാം''
''ഏട്ടൻ വരാനൊന്നും നിക്കേണ്ട...ഇനി മുതൽ എല്ലാ ദിവസവും ഒറ്റക്ക് കുളിച്ചേക്കണം??''
''പറ്റില്ല.....''
''പറ്റില്ലന്നോ...ഇത്ര അഹങ്കാരമോ നിനക്ക്??..നിന്നെ ഇന്ന് ഞാനൊരു പാഠം പഠിപ്പിക്കും...കുട്ടൻ ചീത്തയാക്കിയതാ നിന്നെ''
ഇതും പറഞ് 'അമ്മ മുറ്റത്തേക്ക് ഓടി.പുളി മരത്തിൽ നിന്ന് ഒരു നല്ല കമ്പ് പറിച്ചെടുത്തു.ഇതോടെ അപകടം മണത്ത ഉണ്ണി കുളിമുറിയിലേക്ക് ഓടി വാതിലടച്ചു.കുറച്ച് സമയത്തിന് ശേഷം അവൻ പതിയെ വാതിൽ തുറന്നു.'അമ്മ പോയോ എന്നറിയാൻ പുറത്തേക്ക് എത്തി നോക്കി.അപ്പോഴതാ അവന്റെ മുന്നിൽ മനോഹരമായി പുഞ്ചിരി തൂകി നിൽക്കുന്നു ചേച്ചിയമ്മ.
''ഉണ്ണിയെ ഞാൻ കുളിപ്പിച്ചാൽ മതിയോ??''
''വേണ്ട..എനിക്ക് ഒറ്റക്ക് കുളിക്കാനറിയാം''
''ഉണ്ണിക്കെന്താ എന്നോട് ഇത്ര ദേഷ്യം??...ഞാൻ ഉണ്ണിയുടെ ചേച്ചിയമ്മയല്ലേ??''
''അല്ല...കുട്ടേട്ടൻ എന്റെയാ,എന്റെ മാത്രം??''
ഇതും പറഞ് അവൻ ശക്തിയായി വാതിലടച്ചു.
അന്ന് മുതൽ ഉണ്ണിയുടെ ദിനചര്യയിൽ മാറ്റം വന്നു തുടങ്ങി.കുട്ടേട്ടൻ വരുന്നത് കാത്തു നിൽക്കാതെ അവൻ ഉമിക്കരി ഉറിയിൽ നിന്നെടുക്കും.ഒറ്റക്ക് കുളിക്കാനും വസ്ത്രങ്ങൾ ധരിക്കാനും തുടങ്ങി.പക്ഷെ,ചേച്ചിയമ്മയോടുള്ള അവന്റെ മനോഭാവത്തിൽ മാത്രം മാറ്റമുണ്ടായില്ല.പലപ്പോഴും ചേച്ചിയമ്മ കരഞ്ഞുകൊണ്ട് കുട്ടേട്ടനോട് പരാതി പറയുന്നത് അവൻ കേട്ടിട്ടുണ്ട്.ചേച്ചിയമ്മയെയും അവനെയും അടുപ്പിക്കാനുള്ള ശ്രമങ്ങൾ കുട്ടൻ നടത്തുമ്പോഴെല്ലാം അവൻ പറയും
''ചേച്ചിയമ്മ കാരണമല്ലേ ഞാനിപ്പോൾ കുട്ടേട്ടന്റെ കൂടെ കിടക്കാത്തത്,ഒറ്റക്ക് കുളിക്കേണ്ടി വന്നത്...എന്റെ കുട്ടേട്ടനെ തട്ടിയെടുത്ത ചേച്ചിയമ്മയെ എനിക്ക് ഇഷ്ടല്ല''
മാസങ്ങൾ പലത് കഴിഞ്ഞു.ചേച്ചിയമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്നറിഞ്ഞപ്പോഴും ഉണ്ണിയുടെ മനസ്സ് മാറിയില്ല.അവൻ ചേച്ചിയമ്മ കാണാതെ ചേച്ചിയമ്മയുടെ വയറ് ഒളിഞ്ഞിരുന്ന് നോക്കും.എന്നിട്ട് ദൈവത്തോട് പ്രാർത്ഥിക്കും.
''ദൈവമേ...കുഞ്ഞു വാവയ്ക്ക് മാത്രം ഒന്നും വരുത്തരുതേ???"
ഒരിക്കൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് ഭാസ്ക്കരൻ മാമൻ ഓട്ടോറിക്ഷയുമായി വന്നത്.പിന്നെ അവനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.
ഹോസ്പിറ്റലിലെ ഒരു കൊച്ചു റൂമിലേക്ക് അവൻ മാമന്റെ കൂടെ നടന്നു. അവിടെ അമ്മയും കുട്ടേട്ടനും ചെറിയമ്മയും ചേച്ചിയമ്മയുടെ വീട്ടുകാരുമടക്കം എല്ലാവരുമുണ്ടായിരുന്നു.എല്ലാവരും നല്ല സന്തോഷത്തിലാണ്.അവനെ കണ്ടതും ചെറിയമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു
''അല്ല...ആരിത്..ചെറിയച്ഛൻ വന്നോ??''
കാര്യം മനസ്സിലാകാതെ അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
''ഉണ്ണീ,..നിനക്ക് കുഞ്ഞു വാവയെ കാണേണ്ടേ ??''
അവന്റെ മുഖത്ത് സന്തോഷം പ്രതിഫലിച്ചു.'അമ്മ അവന്റെ നേരെ കുഞ്ഞു വാവയെ നീട്ടി.അവൻ കൗതുകത്തോടെ അതിന്റെ മുഖത്തേക്ക് നോക്കി.പിന്നെ മൃദുലമായ കവിളിൽ കൈകളോടിച്ചു . ഒരു മുത്തം കൊടുത്തു.
''നിനക്ക് കളിയ്ക്കാൻ വേണ്ടി ഞാനൊരു കുഞ്ഞുവാവയെ തന്നില്ലേ??..ഇനിയും എന്നോട് ദേഷ്യമുണ്ടോ??''
പിറകിൽ നിന്ന് ചേച്ചിയമ്മ പുഞ്ചിരിച്ചുക്കൊണ്ട് ചോദിച്ചു.
പെട്ടെന്നവൻ ചേച്ചിയമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.അവന്റെ പെട്ടെന്നുള്ള സ്നേഹ പ്രകടനം അവരെയെല്ലാം അത്ഭുതപ്പെടുത്തി.ചേച്ചിയമ്മ അവന്റെ തലയിൽ തലോടി.അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ അവൻ അപ്പോൾ അവിടെ നിന്നു.
''പണ്ട്..കുട്ടേട്ടൻ ഉണ്ണിയെ നോക്കിയില്ലേ..അത്പോലെ ഇനി കുഞ്ഞു വാവയെ ഉണ്ണിയും നോക്കണം...ഇപ്പൊ ചേച്ചിയമ്മയോടുള്ള പിണക്കമെല്ലാം മാറിയോ?''
അവൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
''എന്നാ ചേച്ചിയമ്മയ്ക്കൊരു ഉമ്മ തന്നേ''
അവൻ ചേച്ചിയമ്മയുടെ കവിളിൽ ഒരു ചെറുമുത്തം സമ്മാനിച്ചു.സന്തോഷം കൊണ്ട് കുട്ടേട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക