Slider

യാത്ര പറയാതെ

0

പത്രത്തിലുള്ള ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ എനിക്ക്. അതെ അത് ടീച്ചറ് തന്നെ!
ഉണർന്ന് വരുന്ന പ്രഭാതത്തിന്റെ മനോഹാരിതയായിരുന്നു ടീച്ചർക്ക് ! നല്ല കറുപ്പുള്ള ചുരുണ്ട മുടിയായിരുന്നു ടീച്ചർക്ക് .വെളുത്ത നിറം, സദാ പ്രസരിപ്പാർന്ന പ്രകൃതം!
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആ വ്യക്തിത്വത്തെ ഞാൻ കണ്ടത്.
.........................................................................
ഹൃദയത്തിന്റെ മിടിപ്പ് കൂടി എന്റെ ശരീരത്തിൽ ഒരു വിറയലായത് മാറി വരുന്നുണ്ട്. ശരിക്കും വിറയ്ക്കുന്നുണ്ട് പിന്നീട് അതൊരു തണുപ്പായി ദേഹത്തെ പൊതിയുന്നു. എന്റെ നാട്ടിൽ നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള ആ സ്കൂളിലേക്ക് അദ്ധ്യാപക പരിശീലനത്തിനായി കയറി ചെല്ലുമ്പോൾ മനസ്സ് പേടിയുടെ കൂമ്പാരം കൊണ്ട് നിറഞ്ഞ് നില്ക്കുകയായിരുന്നു.
"എന്താടോ... ഒരു പരിഭ്രമം.. കയറി വാടോ..."
വെളുത്ത്, ചുരണ്ട മുടിയുള്ള ആ ടീച്ചറായിരുന്നു അത്. ഉത്സാഹവതിയായ ടീച്ചറുടെ സാമീപ്യം എന്നിലെ ഭീതിയും, അങ്കലാപ്പും കുറേ കുറച്ചിരുന്നു.
"തനിക്ക് നല്ല പേടിയുണ്ട് ഇന്നിവിടെ ഇരിക്ക്... കുട്ടികളേയും, അദ്ധ്യാപകരേയും, സ്കൂളും എല്ലാം നിറച്ച് കാണ് എന്നിട്ട് തുടങ്ങാം....."
ടീച്ചറുടെ ആ വാക്കുകൾ എനിക്ക് പകർന്നത് ചോർന്ന് പോയ എന്റെ ധൈര്യത്തെയായിരുന്നു. മനസിൽ ടീച്ചർക്ക് ഒരുപാട് നന്ദി പറഞ്ഞതോടൊപ്പം എന്തെന്നില്ലാത്ത ഒരിഷ്ടവും ഓടി വന്നു.
ഞങ്ങളൊന്നിച്ചുള്ള ഇടവേളകളും, യാത്രകളും-- ടീച്ചറെ ഞാൻ മനസിലാക്കുകയായിരുന്നു.
അകാരണമായ എന്തൊക്കെയോ പിരിമുറുക്കങ്ങൾ ടീച്ചറെ അലട്ടുന്നത് പോലെ എനിക്ക് തോന്നിയത്... ടീച്ചറ് എന്നോട് വന്ന് അത് ചോദിച്ചപ്പോഴാണ്-
"എടോ... എന്റെ മോനെ പരിചയപ്പെട്ടോ? അവൻ എങ്ങിനെ ക്ലാസിൽ?"
നാലാം ക്ലാസിൽ -ടീച്ചറെ പോലെ സുന്ദരവും, നിഷ്കളങ്കവുമായ മുഖത്തോട് കൂടി നല്ല തടി വച്ച്, പൊക്കം അധികമില്ലാത്ത ഒരു പാവം മോനെ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. അത് ടീച്ചറുടെ മകനായിരുന്നു. ടീച്ചറുടെ പ്രിയപ്പെട്ട ""അപ്പു.""
" അപ്പു നല്ല കുട്ട്യാ ടീച്ചറേ... പാവമാ.. അവന് കാര്യങ്ങൾ എല്ലാം അറിയാം പക്ഷെ പ്രതികരിക്കാൻ ഒരു മടി പോലെ.. വല്ലാത്തൊരു പേടി പോലെ " .
ഞാൻ പറഞ്ഞ് തീർന്നതും ടീച്ചറെന്റെ കയ്യിൽ മുറുകെ പിടിച്ചു.
" അതാണ്, അതാണെടോ... അവന്റെ പ്രശ്നം! വല്ലാത്ത ടെൻഷനാ എല്ലാ കാര്യത്തിലും അതുകൊണ്ട് തന്നെ എന്റെ മോന് ഒന്നും ശരിയായി പഠിക്കാൻ പറ്റുന്നില്ല"
ടീച്ചറുടെ മുഖത്ത് നിറയെ നിരാശയായിരുന്നു ആ സമയം ഞാൻ കണ്ടത്.അമിതമായ ആകാംക്ഷ ടീച്ചറെ വല്ലാതെ വലയ്ക്കുന്നുണ്ടെന്ന് തോന്നിച്ചു .
" " അവൻ കുഞ്ഞല്ലേ ടീച്ചർ, വളരുന്തോറും ഒക്കെ മാറി വരും, ടീച്ച - റവനിൽ ഒന്നിനും അധികം സമ്മർദ്ദം ചെലുത്തേണ്ട.... അവൻ ഇഷ്ടമുള്ളത് പോലെ ചെയ്തോട്ടെ ഇപ്പൊ " "
ഒരു പാട് അറിവുള്ള ആ നിറഞ്ഞ ചിരിയുള്ള അദ്ധ്യാപിക എനിക്ക് മുന്നിൽ ഒരു ശിഷ്യയെപ്പോലെ നില്ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഞാൻ കണ്ടത്.
പരിശീലനത്തിന്റെ ദിവസങ്ങൾ ഓരോന്നായി കഴിയുമ്പോൾ ആ അമ്മയും ,മകനും എന്റെ മനസിൽ സ്നേഹത്തിന്റെ നിറങ്ങൾ കൊണ്ട് ചിത്രം വരച്ച് തുടങ്ങിയിരുന്നു.
എന്റെ ക്ലാസുകൾ വീക്ഷിച്ച് വിശകലനം ചെയ്യുമ്പോൾ അന്നുവരെ എന്നോട് കാണിച്ച അടുപ്പത്തിന്റെ ഒരംശം പോലും ടീച്ചറിൽ ഞാൻ കണ്ടിരുന്നില്ല .അതായിരുന്നു ആ ടീച്ചറിന്റെ മഹത്വവും !
ഉച്ഛ ഭക്ഷണം പങ്കിട്ട് കഴിച്ചും, ഒരേ ബസ്സിൽ യാത്ര ചെയ്തും ടീച്ചറും ,അപ്പുവും എന്നിലേക്ക് വളരെ അടുത്ത് കഴിഞ്ഞിരുന്നു. മകനെ ഇങ്ങനെയും പ്രാണനായി കരുതുന്ന ഒരമ്മ! മുതിർന്നിട്ടും മടിയിലിരുത്തി ഊട്ടുന്ന അമ്മ- ടീച്ചറിലെ ആ മാതൃത്വത്തേയും എനിക്ക് ആവോളം കാണാൻ കഴിഞ്ഞിരുന്നു.
"എടോ താനിവിടുന്ന് പോയാൽ ഞങ്ങളെ മറക്വോ.? വരുമോ ഇനി ഇങ്ങോട്ട്? നിന്റെ കുടുംബത്തോടൊപ്പം വരണം എനിക്ക് കാണണം തന്റെ മകളെ.. ഇപ്പൊ കുഞ്ഞല്ലേ കൊണ്ടുവരാൻ ബുദ്ധിമുട്ടാകും, ഒരു ഫോട്ടോയെങ്കിലും കാട്ടിത്താടോ.." - ആ വാക്കുകളിൽ ഒളിച്ചു വച്ച കുറേ ഇഷ്ടം ഉണ്ടായിരുന്നതായി എനിക്ക് തോന്നി!
നല്ല സ്നേഹങ്ങൾ മനസ്സിൽ പതിയാൻ ദീർഘദൂരമൊന്നും സഞ്ചരിക്കേണ്ടതായി വരില്ല അല്ലേ നമുക്ക്? അതാവാം ടീച്ചർ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.
മിക്ക ദിവസങ്ങളും ഓടിക്കിതച്ച് കൊണ്ട് വരുന്ന ടീച്ചർക്ക് അന്നും പറയാനുണ്ടായിരുന്നു. വീട് വയ്ക്കാൻ ബാങ്കീന്ന് വായ്പയെടുത്ത കഥ, അതു അടച്ച് തീർക്കാൻ ഉള്ള ബുദ്ധിമുട്ടിന്റെ കഥ !
" എപ്പഴാടോ ഇതൊക്കെ തീർന്ന് ഒന്ന് സ്വസ്ഥമാകുന്നേ.. മകളുടെ പഠനം കഴിഞ്ഞാൽ പിന്നെ അവളെ കെട്ടിക്കാറായ ഓട്ട പാച്ചിലിലാകും, ഇപ്പൊ അവള് എഞ്ചിനീയറിംങിന് പഠിക്ക്യാ.... "
"ടീച്ചറെന്തിനാ ഇങ്ങനെ ടെൻഷൻ കൂട്ടുന്നേ..... ബാധ്യതകളില്ലാത്ത മനുഷ്യരുണ്ടോ? സ്വരുക്കൂട്ടി വച്ച് എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയോ? അത് അങ്ങിനെയൊക്കെയങ്ങ് തീരും... സമയമാകുമ്പോൾ എല്ലാം നടക്കും!"
ഞാനിതൊക്കെ ടീച്ചറുടെ അസ്വസ്ഥമായ മനസിനെ പാകപ്പെടുത്താൻ പറഞ്ഞ് പിടിപ്പിച്ചത് സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു.പക്ഷെ ടീച്ചർ എന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒരു പാട് അറിവുകൾ എനിക്ക് പകർന്ന് തന്ന അദ്ധ്യാപിക എന്തിനോ വേണ്ടി കാത്ത് നില്ക്കുന്ന പോലെ....
ദിനങ്ങളും, മാസവും ഞൊടിയിടയിൽ കടന്നു പോയ പോലെ തോന്നി എനിയ്ക്ക് .
അവസാന ദിവസം ആ വിദ്യാലയത്തിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ പാതി വഴി വരെ ടീച്ചറും, അപ്പുവും എന്റെ കൂടെ ഉണ്ടായിരുന്നു.
" അപ്പൂ...... നന്നായി പഠിക്കണം ..... ടീച്ചർക്ക് സന്തോഷം കൊടുക്കണം പഠിച്ച് വളർന്ന് വലുതായിട്ട് " ..... എന്റെ മുഖത്തേക്ക് നോക്കി അപ്പു ചിരിച്ച് തലയാട്ടി.
"എടോ... താൻ വരുമോ ഇനി ഈ വഴി ... മകളെയും കൂട്ടി ,? ഞാൻ മാത്രമല്ല എന്റെ ക്ലാസിലെ കുട്ടികളും പറഞ്ഞു തന്റെ മകളെ കാണണമെന്ന് കൂട്ടി വരുമോ... ഒരിക്കൽ? "
" വരാം ടീച്ചർ തീർച്ചയായും വരും ഞാൻ."
അവിടെ വച്ച് അവരെ പിരിയുമ്പോൾവേദന തോന്നിയെങ്കിലും ഞാൻ സന്തോഷിച്ചു. ജീവിതത്തിന്റെ വഴിവക്കിൽ വച്ച് കിട്ടിയ നല്ല മനസ്സുകളെ കുറിച്ചോർത്ത്.
........................................................................
പഠനം പൂർത്തിയായി ..... കുടുംബത്തോടൊപ്പം മറുനാട്ടിലേക്ക് ചേക്കേറുമ്പോഴും മനസിൽ ഓർത്തിരുന്നു. ടീച്ചറെപ്പോയി കണ്ടില്ലല്ലോയെന്ന്, പിന്നീട് ആ മുഖം മനഃപൂർവ്വം ഒളിച്ച് വച്ചു. എത്ര ഒളിപ്പിച്ചാലും ചില ബന്ധങ്ങൾ നമ്മളെ ഉണർത്തും..... അവരുമായുള്ള കൂടിക്കാഴ്ച കൊതിക്കും !
അതായിരിക്കാം നെഞ്ചിലുള്ള പച്ചപ്പിന്റെ നാട്ടിൽ കാല് കുത്തിയ പാടെ ഓർത്തത് ടീച്ചറിനെയായിരുന്നു. നാല് വർഷക്കാലം പിന്നിട്ട ഓർമ്മയ്ക്ക് വീണ്ടും ജീവൻ വച്ചു.
മറന്ന് കാണുമോ ടീച്ചർ എന്നെ? ദേഷ്യം കാണുമോ ടീച്ചർക്ക് എന്നോട്.? പറഞ്ഞ വാക്ക് പാലിക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.
മനഃപൂർവ്വമല്ലല്ലോ സാഹചര്യം - അതെ ഞാൻ ആശ്വസിച്ചു. അന്ന് എനിക്ക് ഒരു പാട് ആഹ്ലാദമായിരുന്നു. പ്രതീക്ഷിക്കാതെ ടീച്ചർ എന്നെക്കണ്ടാൽ ശരിക്കും തരിച്ച് പോകും! അപ്പു ഇപ്പോൾ എട്ടാം ക്ലാസിൽ എത്തിക്കാണും...ടീച്ചറും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം അതാവും എന്നെ അവിടേക്ക് നയിക്കുന്നത്.
അതിരാവിലെ ഉണരുമ്പോഴും..... തുടുത്ത മുഖമുള്ള, പ്രസരിപ്പു പകരുന്ന, കറുത്ത ചുരുണ്ട മുടിയുള്ള ടീച്ചറുടെ രൂപമേ മനസ്സിൽ ഉള്ളൂ....
തലേ ദിവസം ഈ കൂടിക്കാഴ്ച ഓർത്ത് ഉറക്കം കുറവായിരുന്നു. പോകാൻ ഒരുങ്ങുന്നതിന് മുൻപേ... ഞാൻ കണ്ടു- ഉമ്മറക്കോലായിൽ നിവർത്താത്ത പത്രം എന്നോട് എന്തോ പറയാൻ നില്ക്കുന്ന പോലെ........
എന്റെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ ആ പത്രത്തിലെ നല്ല കറുപ്പുള്ള ചുരണ്ട മുടിയുള്ള, ചിരിച്ച മുഖമുള്ള ടീച്ചറിന്റെ ചിത്രത്തിൽ തുരുതുരാ വീഴുകയായിരുന്നു. കണ്ണുകൾ അമർത്തി തുടച്ച് ഞാൻ നനഞ്ഞ് മാഞ്ഞ ആ അക്ഷരങ്ങൾ വായിച്ചു.
" അദ്ധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ചു സംസ്കാരം ഇന്ന് കാലത്ത് പത്ത് മണിക്ക്."
സമയവും, കാലവും ആരേയും ഒന്നിനും കാത്ത് നില്ക്കില്ലല്ലോ.. കാണും മുൻപെ അത് കടന്ന് പോകും... ബന്ധങ്ങളെ കൈവിടാതെ കൊതിതീരും വരെ ഒപ്പം നടത്തിയിരുന്നെങ്കിൽ.......
ഇന്നും മനസ്സ് കരയും ടീച്ചർ ഉള്ളംകൈയിൽ കൊണ്ട് നടന്ന അപ്പുവിനെ യോർക്കുമ്പോൾ!!
( ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട്..........!)
ഷംസീറഷമീർ ചെച്ചി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo