Slider

ഒരു രക്ഷയുമില്ല

0

ഒരു രക്ഷയുമില്ല ഉണ്ണിക്കുട്ടന് ഒരു രക്ഷയുമില്ല . ഉണ്ണിക്കുട്ടൻ എന്ന് കേൾക്കുമ്പോൾ മൃദുല ചർമ്മമുള്ള ഒരു കൊച്ചു കുട്ടിയുടെ മുഖം മനസ്സിൽ വരുന്നുണ്ടാവും അല്ലേ ?
എങ്കിൽ ആ മുഖം അങ്ങ് മനസ്സീന്ന് മായ്ചു കളഞ്ഞേക്ക്. നമ്മുടെ ഉണ്ണിക്കുട്ടൻ ഒരു യുവകോമളൻ, പോരാത്തതിന് പിജിക്ക് പഠിക്കുന്ന ഒരു കോളേജ് കുമാരനും കൂടിയാണ്.
ഒരൊറ്റ കുഴപ്പമേയുള്ളൂ തീരെ തന്റേടമില്ല. ഒരുത്തൻ സൂക്ഷിച്ച് തന്നെ ഒന്നു നോക്കിയാൽ പതറിപ്പോവും ...ആളുകളോട് കൂട്ടുകൂടി വലിയ ശീലമൊന്നുമില്ല.
എന്താണ് ഉണ്ണിക്കുട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണം . കാരണം ഉണ്ണിക്കുട്ടൻ തന്നെ പറയട്ടേ അതായിരിക്കും കേൾക്കാൻ സുഗം ... നമുക്ക് അവനെയൊന്ന് പിന്തുടരാം.
രാവിലെ പതിനൊന്നു മണി
......................................................
രാവിലെ സ്വന്തം വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയാണ് ഉണ്ണിക്കുട്ടൻ .തലേന്നത്തെ ദിവസം കൂട്ടുകാരന്റെ വീട്ടിലെ കല്യാണത്തിന് പങ്കെടുത്തതിനുശേഷമുള്ളമടക്കമാണ്.
" ഛേ. ... ബസ്സൊന്നും വരുന്നില്ലാലോ ...
അല്ലെങ്കിൽത്തന്നെ വലിയ ഒരു കുറ്റം ചെയ്തിട്ടാണ് നിൽക്കുന്നത്. എന്താണന്നല്ലേ .. കല്യാണത്തിന് പങ്കെടുത്ത് കൂട്ടുകാരന്റെ വീട്ടിൽ ഒരു ദിവസമങ്ങ് താമസിച്ചു. കൂട്ടിന് മറ്റു കൂട്ടുകാരും.
ഇതെങ്ങനെയാണ് ഒരു കുറ്റമാകുന്നത് എന്നല്ലേ .. അതെ എന്റെ വീട്ടിൽ ഇതൊരു കുറ്റമാണ്. കല്ലാണത്തിന് പോകാൻ തന്നെ ഒരു വിധം കരഞ്ഞ് കാലു പിടിച്ചിട്ടാണ് അനുവാദം കിട്ടിയത്.
പോരാത്തതിന് ഒരു ദിവസം കൂട്ടുകാരന്റെ വീട്ടിൽ താമസിക്കുകയും ചെയ്തു..
മറ്റു കൂട്ടുകാരന്മാരുടെ വീട്ടിലൊന്നാന്നും കുഴപ്പമില്ല. കാരണം അവരുടെ വീട്ടിൽ അവർ മുതിർന്ന ആളുകളാണ്. ഒറ്റയ്ക്ക് ദൂരസ്ഥലങ്ങളിൽ പോകാനും താമസിക്കാനും എല്ലാം ലൈസൻസ് കിട്ടിയവർ .
ഞാനിപ്പോഴും വീട്ടുകാർക്ക് കൊച്ചുകുട്ടിയാണ് .. നാട്ടുകാരുവരെ പാലുണ്ണി എന്ന് വിളിച്ചുതുടങ്ങി .പോരാത്തതിന് ഇട്ടേച്ചു വച്ചിരിക്കുന്ന പേരു കണ്ടില്ലേ ... ഉണ്ണിയെന്ന് . ഉണ്ണിയെ വീണ്ടും ചെറുതാക്കാൻ കൂടെ ഒരു കുട്ടനും .
ബീരാന്ക്കാന്റെ ഭാഷയിൽ പറഞ്ഞാൽ
"മുയുമൻ പേര് ഉണ്ണിക്കൊട്ടൻ"
ഒന്ന് ക്ഷമിക്കണേ ബസ്സുവരുന്നുണ്ട് .ബാക്കി അതിൽ കേറീട്ട് പറഞ്ഞ് തരാം. ഉണ്ണിക്കുട്ടൻ ബസ്സിൽ കയറി. സൈഡ് സീറ്റുതന്നെ പിടിച്ചു.
ആ അപ്പം നമുക്ക് ബാക്കി പറയാം. ചെറുപ്പം മുതല് തൊടങ്ങിയ കലികാലാന്ന്. അമ്മയ്ക്കും അച്ഛനും ഒടുക്കത്തെ സ്നേഹമാണ്. അമ്മയാണേൽ എന്നെ മറ്റ് കുട്ടികളോടൊപ്പം കളിക്കാനേവിടില്ല...
എങ്ങാണ്ട് അവരോടൊപ്പം ഒന്ന് കളിച്ചു പോയാൽ അച്ഛന്റെ വക കണ്ണുരുട്ടലും '..
വളരുന്നതിന് അനുസരിച്ച് വീട്ടുകാരുടെ കർക്കശ സ്വഭാവവും വളർന്ന് തുടങ്ങിയിരുന്നു.
എന്റെ ഒരു സുഹൃത്തുണ്ട് .പേര് ജാസിർ.. എന്റെ അയൽവാസിയുമാണ്.
ഞങ്ങളു തമ്മിൽ ഒരു വ്യത്യാസമുണ്ട്.ഞാൻ വീട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിൽ അവൻ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ... നാട്ടുകാരെ മുഴുവനും അവനറിയാം. നാട്ടുകാർക്ക് മുഴുവനും അവനേം അറിയാം. കാര്യം പറഞ്ഞാൽ ഒരുത്തനും എന്നെ അറിയില്ല
എങ്ങനെ അറിയാനാ അവനോട് അവന്റെ വീട്ടുകാർ പറയുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്.
" വീട്ടിനകത്ത് തന്നെ ചടഞ്ഞിരിക്കാതെ ഇറങ്ങിപ്പോടാ വെളിയിൽ:....."
ഒരൊറ്റ വ്യത്യാസമേയുള്ളൂ അവനോട് പുറത്തേക്ക് ഇറങ്ങിപ്പോടാ എന്ന് പറയുമ്പോൾ അകത്തേക്ക് കയറിപ്പോടാ എന്നാണ് എന്റെ വീട്ടുകാർ എന്നോട്പറഞ്ഞിരുന്നത്.
ഇതൊക്കെ എന്നെ ദോഷകരമായേ ബാധിച്ചിട്ടുള്ളു. നാട്ടുകാരെ അഭിമുകീ കരിച്ച് ശീലമില്ലാതായി. കൂടുതൽ സംസാരിക്കാത്ത പ്രകൃതമായി. ഒരു വ്യക്തിത്വം രൂപപ്പെടുത്താനുള്ള പക്വത ഈ യുവത്വത്തിലും എനിക്ക് കിട്ടിയിട്ടില്ല.
മനസ്സിൽ ഇപ്പോഴും അനുവാദമില്ലാതെ കൂട്ടുകാരന്റെ വീട്ടിൽ താമസിച്ചതിന്റെ പേടിയാണ് .വീട്ടിലെത്തിയാൽ എന്തും സംഭവിക്കാം. നാണക്കേട് ആരോ ടേലും പറയാൻ പറ്റിയ വിഷമമാണോ ഇത്.
കണ്ടക്ടർ വരുന്നു. ഞാനീ പൈസ കൊടുത്തിട്ട് ബാക്കി പറയാം
കണ്ടക്ടർ : എങ്ങോട്ടാ ?
ഞാൻ : ഒരു പൂച്ച മുക്ക്.
പൂച്ചമുക്ക് എന്ന് കേട്ടിട്ടാവണം അടുത്തിരുന്നവൻ ചിരിയോട് ചിരി.
ഇത്രമാത്രം ചിരിക്കാൻ എന്താ..... അവിടെ പൂച്ചയൊന്നുല്ല ട്ടാ......
ഓ.... കണ്ടക്ടർ ബാക്കി തരാതെ പോയിരിക്കുന്നു .. ചേട്ടാ എന്റെ ബാക്കി ഇരുപത് രൂപ
കണ്ടക്ടർ: ബാക്കി തരാനില്ല ഉണ്ടെങ്കിൽ തരാം.
ഉണ്ടെങ്കിൽ തരാന്നോ ?ഇരുപത് രൂപ അധികം തന്ന് യാത്ര ചെയ്യണോ ?നിങ്ങളുടെ ബാഗിൽ ചില്ലറ ഉണ്ടല്ലോ?
കണ്ടക്ടർ: തനിക്ക് പറഞ്ഞാ മനസ്സിലാവൂലേ .....മലയ്ക്ക് പോവാൻ മാലയിട്ടു പോയി ഇല്ലെങ്കിൽ വായീന്ന് നീ കേട്ടേനേ........ തരാൻ ചില്ലയില്ല.
എന്തൊരു കഷ്ടമാണിത്. ആ ജാസിർ വല്ലോം ആയി രുന്നേൽ കണ്ടക്ടറുടെ ചെവിക്കല്ലടിച് പൊട്ടിച്ചേനേ .....ഒന്നൂടെ ചോദിച്ചാലോ ? വേണ്ട അയാളുവല്ലോം പറയും ... ധൈര്യം പോരാ...... വീട്ടുകാരേം കെട്ടിപ്പിടിച്ച് പുറം ലോകത്തേക്ക് ഇറങ്ങാത്തേന്റെ ഫലമാണ് ..
ആ .......രണ്ട് ദിവസം മുൻപ് ഞാൻ ബീച്ചിൽ പോയാരുന്നു. ചുമ്മാ ഇരിക്കാൻ .ചെറിയ കുട്ടികൾ തിരമാലകൾക്കിടയിലൂടെ നീന്തി രസിക്കുന്ന കാഴ്ചയും കണ്ട് ഞാനങ്ങനെ ഇരിക്കുകയാണ്. അവർക്ക് പ്രോത്സാഹനവുമായി അവരുടെ മാതാപിതാക്കളുമുണ്ട് ...
പെട്ടെന്നാണ് എന്റെ അമ്മ എന്നെ ഫോൺ വിളിച്ചത്.
അമ്മ: നീയെവിടെയാ
ഞാൻ: ഞാൻ ബീച്ചിലാ
അമ്മ: നിന്നോടാരാ ബീച്ചിൽ പോവാൻ പറഞ്ഞത്. ബാക്കി ഇങ്ങോട്ട് വന്നിട്ട് പറയാം .....
ഫോൺ കട്ടായി
എന്തൊരു കഷ്ടമാണ്. ഒന്ന് ബീച്ചിൽ പോവാനുള്ള സ്വാതന്ത്ര്യമി ല്ലേ ' ?
ദേ പിന്നേം വിളിക്കുന്നു
ഞാൻ: ഹലോ
അമ്മ: വെള്ളത്തിലൊന്നും ഇറങ്ങണ്ടാ ട്ടാ
ഇത്തവണ ഞാൻ കട്ട് ചെയ്തു .വീണ്ടും പിഞ്ചു കുട്ടികൾ വെള്ളത്തിൽ നീന്തിത്തുടിക്കുന്നത് ആസ്വദിക്കാൻ തുടങ്ങി .അമ്മയുടെ വാക്കുകൾ ഒരശരീരി പോലെ ചെവിയിൽ മുഴങ്ങി.
"വെള്ളത്തിലൊന്നും ഇറങ്ങണ്ടാ ട്ടാ"
ആ കടലിൽത്തന്നെ ചാടി ചാവാൻ തോന്നിയ നിമിഷം
എതായാലും എന്റെ സ്ഥലമെത്തി ബാക്കി ബസ്സിറങ്ങിയതിന് ശേഷം പറയാം.....
ഉണ്ണിക്കുട്ടൻ ഇറങ്ങാനായി ഡോറിനടുത്തെത്തി. ബസിനു പുറത്തിറങ്ങി വീട്ടിലേക്കുള്ള നടത്തം ....
ഉടനെ തന്നെക്കാൾ പത്തു വയസ് ഇളയവനായ പാൽക്കാരൻ പയ്യന്റെ കമന്റ്
" എന്താെക്കെയാ മോനേ ഉണ്ണീ"
അത് കാര്യമാക്കാതെ ഉണ്ണി മുന്നോട്ട് നടന്നു. കുറച്ച് അകലെയെത്തിയപ്പോൾ പെട്ടെന്ന് തിരിഞ്ഞ് നിന്ന് പാൽക്കാരൻ പയ്യനെ വിളിച്ചു.
"ഡാ "..............
പയ്യൻ: ങ്ങേ.... എന്താ?
ഉണ്ണിക്കുട്ടൻ: നീയെന്നെ എന്താടാ വിളിച്ചത് മോനേന്നാ ?ആരാടാ നിന്റെ മോൻ
പയ്യൻ: അതാണാ കാര്യം അതേ എന്തേലും പറയാനുണ്ടേൽ അപ്പ ത്തന്നെ മറുപടി പറയണം.. അല്ലാതെ അഞ്ചു മിനിറ്റ് കഴിഞ്ഞല്ല മറുപടി പറേണ്ടത്... കേട്ടോടാ അവാർഡേ...
ഉടനെ അടുത്തുള്ള ചായക്കടക്കാരൻ മമ്മദിന്റെ കമന്റ്
" അവനല്ലേലും അഞ്ചു മിനിറ്റിന്റെ കുറവുണ്ട്."
കടയിൽ മൊത്തം കൂട്ടച്ചിരി....... നാണംകെട്ട് ഉണ്ണിക്കുട്ടൻ എന്ന യുവാവ് മുന്നോട്ട് നടക്കുകയാണ് -
തൊട്ടടുത്തുള്ള ക്ലബ്ബിൽ ന്യൂയർ പരിപാടി നടക്കുകയാണ്. ദേ ഒരുത്തൻ കിടന്നു കരയുന്നു.
ഉണ്ണി: ഗോപാലേട്ടാ അവനെന്തിനാ കരയുന്നത്........
ഗോപാലേട്ടൻ: അത് ഇവിടെ ന്യൂയർ ഫ്രണ്ടിനെ തെരെഞ്ഞെടുത്തിരുന്നു.
ഉണ്ണി ..: അതിന് അവനെന്തിനാ കരയുന്നത്.
ഗോപാലേട്ടൻ : അത്... അവന് ഫ്രണ്ടായി കിട്ടിയത് നിന്നെയാണ്. കൊല്ലത്തിൽ ഒരിക്കൽ സംസാരിക്കുന്ന നിന്നെ അവന് ഫ്രണ്ടായി വേണ്ടാന്ന്.
ഗോപാലേട്ടൻ പറഞ്ഞു തീർന്നതും അവിടെയും കൂട്ടച്ചിരി മുഴങ്ങി
നാണംകെട്ട് ഉണ്ണിക്കുട്ടനെന്ന യുവാവ് വീണ്ടും മുന്നോട്ട് മനസ്സിൽ നിറയെ ദേഷ്യവുമായി
ഒടുവിൽ വീടെത്തി
അമ്മ : എവിടെയായിരുന്നെടാ തെണ്ടാൻ പോയത്?ബാക്കിയുള്ളവരെ തീ തീറ്റിക്കാൻ ...... കണ്ട വീട്ടിലൊക്കെ താമസിക്കാൻ നിന്നോടാരാടാ പറഞ്ഞത്... അതും കണ്ട പിള്ളേരോടൊപ്പം .... പത്ത് മാസം ചുമന്ന് നടന്നോരുടെ വിഷമം നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെ ടാ.......
കൊച്ചി പഴയ കൊച്ചിയല്ലാ...
...................................................
ഉണ്ണിക്കുട്ടൻ : നിർത്തിക്കോള്ളണം നിങ്ങളുടെ കഥാപ്രസംഗം കുറെ കാലമായി തുടങ്ങിയിട്ട്.ഞാൻ കൊച്ചു കുട്ടിയൊന്നുമ്മല്ലല്ലോ .പറഞ്ഞിട്ടല്ലേ പോയത്.
പിന്നെ നിങ്ങള് മാത്രമേ പത്ത് മാസം ചുമന്ന് പ്രസവിച്ചിട്ടുള്ളോ അല്ലാ ഞാനീ പറഞ്ഞ പത്തു മാസം കഴിഞ്ഞപ്പോൾ നിങ്ങളുടെ വയറ്റീന്ന് പുറത്തു വന്നില്ലേ.
എന്നിട്ട് വല്ല കുഴപ്പമും ഉണ്ടായോ. അതിനു ശേഷം ഞാൻ നടക്കാൻ പഠിച്ചില്ലേ, സംസാരിക്കാൻ പഠിച്ചില്ലേ. വല്ല കുഴപ്പോം ഒണ്ടായോ .?
ഇപ്പോ ഒരു കല്യാണത്തിന് പോയതാണോ കുഴപ്പം .... ഇതിലും ഭേതം എന്നെ പ്രസവിക്കാതെ ആ വയറ്റിൽത്തന്നെ വച്ചാ പോരായിരുന്നോ?
അമ്മ: അതെങ്ങനെയാ ടാ ശരിയാവുക ഇത്രയും വലുതായ നിന്നെ ഞാനെങ്ങനെ വയറ്റിൽത്തന്നെ വയ്ക്കും.
മിസ്റ്റർ ഉണ്ണി : ആ.. ഇതാണ് ഇതാണെനിക്ക് നിങ്ങളുടെ വായീന്ന് കേൾക്കേണ്ടത്. ഇപ്പോഴെങ്കിലും വലുതായെന്ന് സമ്മതിച്ചല്ലോ ?
അച്ഛനൊന്നും മിണ്ടിയില്ലല്ലോ ....
അച്ഛൻ. : ഓ... എന്നാ മിണ്ടാനാ ങ്ങളൊക്കെ ബല്യാളായില്ലേ.
ഇത് കേട്ട് ഓടിയെത്തിയ ബീരാന്ക്ക
"ഡാ പഹയാ ഉണ്ണീ അനക്കീ വർത്താനം ഒരു രണ്ട്. കൊല്ലം മുമ്പേ പറഞ്ഞൂടേ നോ .. പണ്ടേക്ക് പണ്ടേ അനക്ക് സ്വാതന്ത്ര്യം കിട്ടൂലേനെടോ ചങ്ങായീ..... അല്ലേലും ചില കാര്യങ്ങൾക്കുള്ള ലൈസൻസ് വീട്ടാര് തരൂല. അത് ഇങ്ങന വർത്താനം പറഞ്ഞ് മേടിക്കണം.ഇജ്ജ് ഉണ്ണിക്കുട്ടനല്ലെടാ ഇജ് ഉണ്ണി മുകുന്ദനാ ഉണ്ണി മുകുന്ദൻ
എന്തായാലും പുതുവർഷ ദിനത്തിൽ തന്റെ സ്വാതന്ത്ര്യവും കൂടെ ആഘോഷിക്കാൻ ഉണ്ണി ടൗണിലേക്ക് യാത്രയായി .അല്‌പം തന്റേടത്തോടെ ...
മക്കളുടെ പ്രായവും പക്വതയും അംഗീകരിക്കാൻ മടിയുള്ള രക്ഷിതാക്കളെ പരിചയമുള്ളോണ്ട് എഴുതിപ്പോയതാണ്.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo