എത്രയും പ്രിയപ്പെട്ട പാത്തു ,
എല്ലാവരും അങ്ങനെയാണല്ലോ വിളിക്കുന്നത് ,ഇനി ഞാനായിട്ട് അത് തെറ്റിക്കുന്നില്ല .
നിനക്ക് അതിശയമായോ ?
ഇതെന്താ ,ഇങ്ങനെ പതിവില്ലാതെ ഒരു കത്തയക്കൽ എന്നു ?
എന്തോ , എനിക്കങ്ങനെ തോന്നി യാത്രയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിനക്കൊരു കത്തയക്കാം എന്ന് .
ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇരുപത്തിയേഴാം തീയതിയുടെ കുളിരണിഞ്ഞ ഒരു പുലർകാല വേളയിൽ എന്റെ മടിയിലേക്കാണ് നിന്റെ അമ്മ നിന്നെ പ്രസവിച്ചത് .
ഇത്തിരിപ്പോന്ന ഒരു കുഞ്ഞായിരുന്നു നീ ,ആ ഉണ്ടക്കണ്ണുകൾ മാത്രം അന്നും ഇന്നും ഒരുപോലെ തന്നെ .
അന്നു തൊട്ടു നിന്റെ എല്ലാക്കാര്യങ്ങളും ഞാൻ അറിയുന്നുണ്ട് .നിന്റെ വികൃതികളും കുസൃതികളും ,ചട്ടമ്പിത്തരങ്ങളും ഒക്കെ ഞാൻ ശരിക്കും ആസ്വദിച്ചിട്ടുണ്ട് .പക്ഷേ വർഷത്തിലൊരിക്കൽ മാത്രമേ നിന്നെ ഒന്ന് കാണാൻ പറ്റൂള്ളൂ എന്നൊരു സങ്കടം എനിക്കുണ്ടായിരുന്നു .
നീ ഓർക്കുന്നുണ്ടോ ? നിനക്കന്ന് ആറോ ഏഴോ വയസ്സ് പ്രായം കാണും .പല്ലു തേയ്ക്കാൻ തരുന്ന പേസ്റ്റ് മുഴുവൻ തിന്നു തീർക്കുന്നത് കാരണം നിനക്കമ്മ ഉമിക്കരി ആയിരുന്നു തരുന്നത് .
ഒരു ഞായറാഴ്ച്ച പള്ളിയിൽ പോകാൻ വേണ്ടി നിന്നെ നേരത്തെ വിളിച്ചെണീൽപ്പിച്ചു .അന്നും ഇന്നും നീ ഉറക്കപ്രാന്തി ആണല്ലോ .
ഉറക്കച്ചടവോടെ എണീറ്റ് വന്നു ഉമിക്കരിയാണെന്നു കരുതി നീ പല്ലു തേച്ചത് കിണറ്റിലിടാൻ വെച്ചിരുന്ന "പൊട്ടാസ്യം പെർമാംഗനേറ്റ് " കൊണ്ടായിരുന്നു .
വായിൽ നിന്നു ചുവന്ന കളർ വരുന്നത് കണ്ടു ,അയ്യോ ഞാനിപ്പ ചാകുവേ എന്ന് അലറിക്കരഞ്ഞത് കേട്ടു ദേശം മുഴുവൻ ഇളകി വന്നെന്നാ എന്റെയൊരോർമ്മ .
ഹ ഹ ഹ ! നീ ചിരിക്കുകയാണെന്നു എനിക്കറിയാം ,അത് നീ മറന്നു കാണില്ലല്ലോ അല്ലേ ?
വർഷങ്ങൾ കടന്നു പോയത് എത്ര പെട്ടെന്നാണ് ? നീ വളർന്നു ,പിന്നിട്ട വഴികളിലൊക്കെയും നിറസാന്നിധ്യമായി എല്ലാ വട്ടവും ഞാനുണ്ടായിരുന്നു നിന്നോടൊപ്പം .
എനിക്കേറ്റവും ഇഷ്ടം ഡിസംബർ ആണെന്ന് നീ കൂട്ടുകാരോട് പറയുന്നത് കേട്ടു ഞാൻ ഏറെ അഭിമാനിച്ചിട്ടുണ്ട് .
പിന്നെ ഒരു കാര്യം പറയാൻ മറന്നു .ആ നവംബറും ജനുവരിയും എന്നോട് പരിഭവം പറഞ്ഞു .അവരോടു നിനക്കത്ര ഇഷ്ട്ടമില്ല പോലും .പിന്നെ നീ ഭയങ്കര വാശിക്കാരിയാണെന്നു .
എനിക്കറിയരുതോ എന്റെ കുട്ടി നല്ല കാര്യങ്ങൾക്കെ വാശി പിടിക്കൂ എന്ന് .
എന്റെ അയൽക്കാരാണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല .നിനക്ക് എന്നോടുള്ള ഇഷ്ടം കണ്ടു അവർക്കിത്തിരി കുശുമ്പുണ്ടൊന്നു ഒരു സംശയം ..
എന്റെ അയൽക്കാരാണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല .നിനക്ക് എന്നോടുള്ള ഇഷ്ടം കണ്ടു അവർക്കിത്തിരി കുശുമ്പുണ്ടൊന്നു ഒരു സംശയം ..
ആ ,അത് പോട്ടെ ,
നിനക്കെന്നോട് ദേഷ്യവും പരിഭവവും ഉണ്ടെന്നറിയാം .അത് തീർക്കാനും കൂടിയാണീ കത്ത് .
നിനക്കും കുടുംബത്തിനും സന്തോഷങ്ങൾ മാത്രം നൽകിയിട്ടുള്ള ഞാൻ ,ഒരിക്കലും ഉണങ്ങാത്ത മുറിവ് സമ്മാനിച്ചാണ് അഞ്ച് വർഷങ്ങൾക്കു മുൻപ് വിട വാങ്ങിയത് .
ഒന്നും അറിഞ്ഞോണ്ടായിരുന്നില്ല , ഇപ്പോൾ ഡിസംബർ എന്ന് കേൾക്കുമ്പോൾ നിന്റെ മനസ്സിലേക്കോടി വരുന്നത് അതാണെന്നറിയാം .ഒരു പരിഹാരം കാണാൻ എനിക്കൊരിക്കലും കഴിയുകയുമില്ല .
ഓഗസ്റ്റിന്റെ രാവിൽ പിറന്നതാണെങ്കിലും നിന്റെ അനിയൻ കുട്ടൻ ... അവനെനിക്കും കുഞ്ഞനിയൻ തന്നെയായിരുന്നു .പക്ഷേ ...അവൻ ...ആ ബസ് വന്നില്ലായിരുന്നുവെങ്കിൽ ....
മൂകമായി കണ്ടു നിൽക്കാനേ എനിക്കാവുമായിരുന്നുള്ളൂ ,സ്വയം ശപിച്ചു ഞാൻ ..
മൂകമായി കണ്ടു നിൽക്കാനേ എനിക്കാവുമായിരുന്നുള്ളൂ ,സ്വയം ശപിച്ചു ഞാൻ ..
ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷവും കെട്ടുപോയ ദിവസം .ആ ഇരുപത്തിനാലാം തീയതി ഞാനിന്നും വെറുക്കുന്നു .നിന്റെ കണ്ണ് നിറഞ്ഞു എന്നറിയാം .
അവനെപ്പറ്റി ഓർത്തു വിഷമിക്കുകയെ വേണ്ട ,സ്വർഗ്ഗത്തിൽ അവനും കൂടെ കൂട്ട് പോയ നിന്റെ കൂട്ടുകാരനും സുഖമാണ് .
നിന്റെ കല്യാണം കൂടാമല്ലോ എന്ന് കരുതി സന്തോഷിച്ചു വന്നതായിരുന്നു ഞാനാ വട്ടം .പക്ഷേ അത് മാറ്റിവെച്ചല്ലോ .അങ്ങനെ ആ സുദിനം മെയ് സ്വന്തമാക്കി .എന്നെ കാണുമ്പോളൊക്കെ അവൻ വീമ്പടിക്കും .പാത്തൂന്റെ കല്യാണം അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊക്കെ .
ഞാനതു ശ്രദ്ധിക്കാനേ പോകില്ല .അവനും ആ ജൂണും തമ്മിൽ എന്തോ ചുറ്റിക്കളി ഉണ്ടെന്നു തോന്നുന്നു .
അവൾ , ആ ജൂണിന്റെ അയലോക്കക്കാരി ഉണ്ടല്ലോ പരദൂഷണക്കാരി ജൂലൈ ആണ് പറഞ്ഞത് .
ഓ ,പറയാൻ മറന്നു .മറവി ഈയ്യിടെയായി കൂടുതലാണ് .വലിയ പ്രതീക്ഷയോടെയാ ഇപ്രാവശ്യം വന്നത് .ഒരു കുഞ്ഞുപാത്തൂനെ കാണാമല്ലോ എന്ന കൊതിയോടെ ,
പാത്തൂന് വിശേഷം ഉണ്ടെന്ന് ഫെബ്രുവരി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം !! നിന്റമ്മയ്ക്കുണ്ടായ അതേ സന്തോഷം ആയിരുന്നു എനിക്കും .
പക്ഷേ പിറക്കാൻ കുറച്ചു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാതി പാതിവഴിയിൽ ആ സന്തോഷവും പൊലിഞ്ഞപ്പോൾ നിനക്കൊപ്പം ഞാനും തകർന്നു പോയി .
സാരമില്ല കുട്ടീ ,സ്വർഗ്ഗത്തിൽ ഒരു മാലാഖയുടെ കുറവു ദൈവത്തിന് തോന്നിക്കാണും .
തകർച്ചയിൽ നിന്നും നിന്റെ ഇച്ഛാശക്തി കൊണ്ടാണ് നീ ഉയിർ കൊണ്ടതെന്നു എനിക്കറിയാം .
തകർച്ചയിൽ നിന്നും നിന്റെ ഇച്ഛാശക്തി കൊണ്ടാണ് നീ ഉയിർ കൊണ്ടതെന്നു എനിക്കറിയാം .
ഒമ്പതാം ക്ലാസ്സിൽ വെച്ച് ജമീല ടീച്ചർ പറഞ്ഞതോർക്കുന്നില്ലേ ,എല്ലാവരും സൗമ്യയെ പോലെ ചിന്തിക്കണം ,പരാജയങ്ങൾ അവളെ തളർത്തുന്നില്ല ,കൂടുതൽ കരുത്തേകുന്നതേ ഉള്ളൂ എന്ന് .
അടുത്ത വട്ടം വരുമ്പോൾ എനിക്കുറപ്പാണ് ,നിന്റെ മടിയിൽ കൈകാലിട്ടിളക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞുവാവ ഉണ്ടാകുമെന്നു .
പിന്നെ ,എനിക്കും വയ്യാതായി തുടങ്ങി ,പ്രായമേറി വരികയല്ലേ ,പഴയ പോലെ തണുപ്പും കുളിരുമൊന്നുമില്ല ,ഓരോ വട്ടവും ചൂട് കൂടി വരികയാണ് .
കുറെയേറെ കാര്യങ്ങൾ പറയണമെന്ന് വിചാരിച്ചതാ ,ഇൻലൻഡ് തീർന്നു .ഇനി അടുത്ത തവണയാവട്ടെ ,
നല്ല കുട്ടിയായി എല്ലാരെ കൊണ്ടും നല്ലതു പറയിപ്പിക്കണം ,നിന്റെ സാബിച്ചനോട് എന്റെ അന്വേഷണം പറയണം .
പോകാനുള്ള സമയം അടുക്കുന്തോറും വല്ലാത്തൊരു വിഷമം ,എന്നാലും പോയല്ലേ ഒക്കൂ , അടുത്ത തവണ വീണ്ടും കാണാം .
പിന്നെ മറക്കണ്ട ,ഇനി വരുമ്പോൾ രണ്ടല്ല ,മൂന്നു പേരെ കാണണം എനിക്ക് .
പിന്നെ മറക്കണ്ട ,ഇനി വരുമ്പോൾ രണ്ടല്ല ,മൂന്നു പേരെ കാണണം എനിക്ക് .
എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു .ദൈവം കൂടെ ഉണ്ടായിരിക്കട്ടെ .
സ്നേഹത്തോടെ നിന്റെ ഡിസംബർ
By: saumya maria shibu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക