നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാന്ത്വനം (മിനിക്കഥ):


***********************
രേഖകളിലെല്ലാം ഒപ്പിട്ടശേഷം ബിന്ദു കോടതി മുറ്റത്തേക്കിറങ്ങി ഷിബുവിന്റെ കാറിൽ കയറി.കാറ് റോഡിലേക്കിറങ്ങി മറഞ്ഞു.
സേതുമാധവൻ കോടതി വരാന്തയിൽ പകച്ചു നിന്നു. അയാളുടെ തകർന്ന മനസ്സ് കഴിഞ്ഞകാലത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ബിന്ദുവുമായി അടുപ്പത്തിലായത് കോളേജിൽ വെച്ചാണ്.
ജോലി ശരിയായപ്പോൾ വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങി. അപ്പോൾ പ്രണയത്തിന്റെ കാര്യം വീട്ടിൽ അറിയിച്ചു.
ബിന്ദുവിനെക്കുറിച്ച് അന്വോഷിച്ച് വന്ന അച്ഛൻ പൊട്ടിത്തെറിച്ചു.
"ഇല്ല... ആ കുട്ടിയെ കല്ല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല... നിനക്ക് വേറെ ആരെയും കിട്ടിയില്ലേ...?"
അച്ഛൻ എതിർക്കാൻ കാരണമുണ്ടായിരുന്നു. അവളുടെ അമ്മയെ കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല അചഛന് ലഭിച്ചത്. അവളുടെ കുഞ്ഞും നാളിലേ അച്ഛൻ മരിച്ചു പോയിരുന്നു.
അച്ഛൻ വേറെ വിവാഹാലോചന കൊണ്ടുവന്നു. അപ്പോൾ എതിർത്തു. ബിന്ദുവിനെയല്ലാതെ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കില്ലെന്ന് തറപ്പിച്ച് നിന്നു.
അപ്പോൾ അച്ഛൻ നിലപാട് ശക്തമാക്കി:
"ആ പെണ്ണിനെയും കൊണ്ട് ഈ പടി കയറരുത്..."
അച്ഛനെയും അമ്മയെയും എതിർത്ത് ഒരു വാടക വീട് സങ്കടിപ്പിച്ചു.
വിവാഹം രജിസ്റ്ററാഫീസിൽ വച്ചായിരുന്നു.അന്ന് കൂട്ടുകാരുടെയെല്ലാം മുഖത്ത് സന്തോഷമായിരുന്നു. അവളുടെ കൈയ്യും പിടിച്ച് രജിസ്റ്ററാഫീസിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നു.
ഒരു പൂർണ്ണ പുരുഷനാവുന്നത് ഒരു പെണ്ണിന്റെ പുരുഷനാവുമ്പോഴാണെന്ന തോന്നിച്ച. താനും അവളും അവളിൽ തനിക്കുണ്ടാവുന്ന കുഞ്ഞുങ്ങളും അടങ്ങിയ ഒരു സന്തുഷ്ട കുടുംബം....
വിവാഹം കഴിഞ്ഞ് കുറച്ച് കാലം സന്തോഷ പ്രദമായിരുന്നു. അവൾ ഗർഭിണിയായപ്പോഴുണ്ടായ സന്തോഷം.
ആരുമറിയാതെ രഹസ്യമായ് അമ്മയെ വിളിച്ച് സന്തോഷം പങ്കുവെച്ചു.കരയുകയായിരുന്നു അന്ന് അമ്മ. തനിക്കും വന്നു കരച്ചിൽ. അച്ഛന് സങ്കടമുണ്ടെന്നും അഭിമാനം സമ്മതിക്കാഞ്ഞിട്ടാണെന്നും വൈകാതെ പിണക്കം തീരുമെന്ന് കരുതാമെന്നും അമ്മ ആശ്വസിപ്പിച്ചു.
അവൾക്ക് അബോർഷനായപ്പോഴുണ്ടായ ദുഃഖം.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വാടകവീടിനടുത്ത് താമസിക്കുന്ന ഷിബുവുമായി അവൾ അടുപ്പത്തിലായത്. വിലക്കിയിട്ടും അവളനുസരിച്ചില്ല. ജോലിക്ക് പോകുന്ന സമയങ്ങളിൽ അയാൾ വീട്ടിൽ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നീടുണ്ടായ വഴക്കുകൾ.
രണ്ടാം വട്ടം അവൾ ഗർഭിണിയായത് അയാളിൽ നിന്നാണോ..? എന്റെ സംശയങ്ങൾ. ദിവസവും വഴക്ക്.ഒരു ദിവസം ജോലിക്ക് പോയ തന്നെ ഫോൺ വിളിച്ച് വിവരം പറഞ്ഞ് അവൾ ഷിബുവിനോടൊപ്പം ഇറങ്ങിപ്പോയി.
എല്ലാം ഒരു ചലചിത്രത്തിലെന്ന പോലെ സേതുമാധവന്റെ മനസ്സിലേക്ക് കടന്നു വന്നു. കൂരിരുട്ടിൽ ,ആഴക്കടലിൽ ദിക്കറിയാതെ കുടുങ്ങിപ്പോയ ചെറുവഞ്ചിക്കാരനെപ്പോലെ അയാൾ കോടതി വരാന്തയിൽ അങ്ങിങ്ങു നോക്കി.
സാവധാനം പുറത്തേക്കിറങ്ങി തന്റെ ടൂ വീലറിൽ കയറി വാടക വീട് ലക്ഷ്യമാക്കി നീങ്ങി.
ഒരു നിമിഷമയാൾ വാടക വീടിന്റെ മുറ്റത്ത് പകച്ചു നിന്നു. പിന്നീട് മുറിയിൽ കയറി മേശമേൽ തലവെച്ച് കസേരയിലിരുന്നു. പൊട്ടിപൊട്ടിക്കരഞ്ഞ അയാൾ കണ്ണുകൾ ഇറുകെ അടച്ചു.
ഒരു കാലൊച്ച കേട്ടില്ലേ....?
വരാന്തയിൽ... മുറിയിൽ...?
"സേതൂ.... മോനേ... സേതൂ.... "
അമ്മയുടെ ശബ്ദമല്ലേ അത്..?
കുട്ടിയാണ് താൻ.
അമ്മയോട് പിണങ്ങി അമ്മ കാണാതെ വാതിൽ പാളിയുടെ മറവിലോ, മേശക്കടിയിലോ, കട്ടിലിനടിയിലോ ഒളിച്ചിരിക്കുമ്പോൾ വീണ്ടും കൂട്ടുകൂടാനുള്ള അമ്മയുടെ വരവാണ്. താനെവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമ്മക്കറിയാം. അറിയില്ലെന്ന് വെറുതെ നടിക്കുകയാണ്.
"സേതൂ... നീ എവിടെ..? ഞാനെവിടെയെല്ലാം തിരക്കി.. "
വീണ്ടും അമ്മയുടെ ശബ്ദം.
'ഇല്ല കൂട്ടില്ല... ഇനിആരോടും.. ഒരിക്കലും...'
അമ്മ അയാളുടെ തലയിൽ മെല്ലെ തലോടി. സ്നേഹത്തിന്റെ സ്പർശം അയാളറിഞ്ഞു. കസേരയിൽ ഇരുന്ന് മേശമേൽ തല വെച്ച് വിതുമ്പിക്കരയുന്ന അയാളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് അമ്മ നേഞ്ചോട് ചേർത്തു. അപ്പോൾ നിറഞ്ഞ കണ്ണുകളിലൂടെ അമ്മയുടെ പുറകിൽ ഒരു നിഴലുപോലെ അച്ഛനെയും അയാൾ കണ്ടു.
*******************
ഷാനവാസ്.എൻ, കൊളത്തൂർ.
( വളരെ മുമ്പ് കഥകൾ എഴുതിത്തുടങ്ങിയ കാലത്തെ ഒരു കഥയാണ്. ഒന്ന് പൊടി തട്ടിയെടുത്ത് ഇവിടെ പോസ്റ്റുന്നു. വിഷയത്തിന് പുതുമയില്ലെന്ന ഉത്തമ ബോധ്യത്തോടെ....
കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിലും
ഈ ആദ്യകാല സൃഷ്ടിയെ
എന്തോ ഉപേക്ഷിക്കാൻ തോന്നിയില്ല...)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot