Slider

പോത്ത് പാരഡൈസ്

0

______________________
ഇത് ജിത്തുവിന്‍റെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്. വക്കില്‍ ചോര പൊടിഞ്ഞിരിക്കുന്നത് കാണാം.
അവന്‍റെ ആദ്യപെണ്ണുകാണല്‍ ചടങ്ങിനെ കുറിച്ച് പറയുന്നതിനുമുമ്പ്, വീട്ടില്‍ വര്‍ഷാവര്‍ഷം നടന്നിരുന്ന മറ്റൊരു ചടങ്ങിനെ കുറിച്ചുപറയാം. അത് മറ്റൊന്നുമല്ല, പോത്തുകള്‍ക്ക് രക്ഷക്കായി കോഴിയെ കൊടുത്തിരുന്ന ചടങ്ങാണ്. ജിത്തൂന്‍റെ അച്ഛന് നാലര കന്നുണ്ട്. പിന്നെ അവന്‍റെ സ്വന്തം കുട്ടിപ്പോത്ത് വെട്ട്യാറനും.
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം.ചടങ്ങിന്‍റെ തലേന്ന് രാത്രി വീട്ടില്‍ ആഘോഷ തിമര്‍പ്പാണ്. മുറ്റത്ത് പെട്രോള്‍മാക്സിന്‍റെ പകല്‍വെളിച്ചമുണ്ട് . അവന്‍റെ അച്ഛനും അയല്‍ക്കാരും പിന്നെ പത്ത് പൂവന്‍കോഴികളും ചേര്‍ന്ന് വലിയൊരു ബഹളം തന്നെയാണ് തീര്‍ക്കുന്നത്. ആഹാ...... ചരക്കെത്തി!
ചെത്തുകാരന്‍ ഒരുകുടം കള്ള് വച്ചിട്ടുപോയി. 
''പൂതക്കാട്ടെ അന്തിക്കള്ളാണ്, വീര്യം കൂടും'' 
തവള സര്‍വ്വേക്കല്ലില്‍ ഇരിക്കുന്നപോലെ ജിത്തു കള്ളുംകുടത്തിനരികില്‍ ഇരിപ്പുറപ്പിച്ചു. അച്ഛന്‍ അവന് ഒരുകോപ്പ മുക്കിക്കൊടുത്ത് ആരംഭം കുറിച്ചു. കള്ളുകുടിച്ചാല്‍പിന്നെ അച്ഛന് പാട്ട് കേള്‍ക്കണം. സൗണ്ട് ബോക്സില്‍ തന്നെ കേള്‍ക്കണം. 
''ഏക്ദോത്തീന്‍.... ചാര്‍പ്പാഞ്ചേസാത്താട്ട്നൗ''
തിരിഞ്ഞുകൊണ്ടിരിക്കുന്നത് ഈ പാട്ടിന്‍റെ ടേപ്പാണ്. കള്ളിനൊപ്പം സംഗീതവും അവരുടെ സിരയില്‍ പടര്‍ന്നു. മുന്‍കൂറും അയോദ്ധ്യയും ചേര്‍ന്ന് 'ഡിങ്ങഡോങ്ങഡാ' ഡാന്‍സ് തുടങ്ങിക്കഴിഞ്ഞു. അച്ഛന്‍ കത്തിച്ച ബീഡി കടിച്ചുപിടിച്ച് പ്രത്യേക താളത്തില്‍ ആംപ്ലിഫയറില്‍ തുരുപ്പിടിച്ചു നില്ക്കുന്നു. കുട്ടാണി പെട്രോള്‍മാക്സിന് കാറ്റടിക്കുന്നതും പാട്ടിന്‍റെ താളത്തിലാണ്. എന്തു പറയാന്‍.... കോഴികള്‍ നെല്ലുതിന്നുന്നതുവരെ ചാടിച്ചാടിയാണ്! കുട്ടാരു കത്തികാണിച്ച് ഇടക്കിടെ കോഴികളെ പേടിപ്പിക്കുന്നുമുണ്ട്. ജിത്തു പതുക്കെ പതുക്കെ കുടത്തിനരികിലേക്ക് നിരങ്ങിയിരുന്നു.
''ജിത്തൂട്ടാ....... ഇനീം വേണോ?"
അച്ഛന്‍ ചോദിച്ചു.
''ഉം. മീനിന്‍റെ എരിവ് കളയാനാ.....''
ഒരു കോപ്പകൂടി കൊടുത്ത് അച്ഛന്‍ അവനോട് പറഞ്ഞു
'' ഇനി മീന് തിന്നണ്ടാട്ടാ....'' 
അങ്കവാലന്‍ ഉച്ചത്തില്‍ കൂവി. നേരം വെളുത്തുതുടങ്ങി. കുട്ടാരുവും സഹായികളും കോഴികളെ തെക്കേതൊടിയിലേക്ക് കൊണ്ടുപോയി. മുതിരക്കഞ്ഞിക്കുള്ള വെള്ളം കാതന്‍ചെമ്പില്‍ കല്ലടുപ്പിലേക്ക് വച്ചു. മൂന്ന് ഉരലും ആറ് ഉലക്കയും റെഡിയാണ്. നാടന്‍ മരുന്നുകള്‍ ചേര്‍ത്ത് കോഴിയെ ഇടിക്കണം. വെന്ത് ആവിപറക്കുന്നതുവരെ ഇടിക്കണം. അവര്‍ മാറിമാറി ഇടിച്ചുകൊണ്ടിരുന്നു. പോത്തുകളെ വരിയ്ക്കുകെട്ടി. വെട്ട്യാറനൊപ്പം ജിത്തുവും വരിയില്‍ നിന്നു.
'' ആദ്യത്തെ ഉരുള ന്‍റെ കുട്ടിപ്പോത്തിന്''
അച്ഛന്‍ ജിത്തുവിന് ഇടിച്ചകോഴി വായില്‍ ‍കൊടുത്തുകൊണ്ട് പറഞ്ഞു. അവനത് ആസ്വദിച്ച് കഴിച്ചു. അല്ലെങ്കിലും ഒരു ജാഡയുമില്ലാതെ കഴിക്കുന്നത് അവന്‍ മാത്രമാണ്. പോത്തുകള്‍ക്കൊക്കെ അണ്ണാക്കിലേക്ക് തിരുകികൊടുക്കണം.
അപ്പോഴാണ് അച്ഛന്‍റെ ‍സുഹൃത്ത് രാഘവന്‍ അവിടേക്കുവന്നത്. വിരല്‍തുമ്പില്‍പിടിച്ച് മൂന്നാംക്ലാസുകാരി മകള്‍ മാലിനിയുമുണ്ട്. മാലുവിനെ കണ്ടപ്പോള്‍ ജിത്തു സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവന്‍ വല്ലപ്പോഴും മാത്രമേ അവളെ കാണാറുള്ളൂ. വാടാമല്ലിക്കളര്‍ കുപ്പായത്തിനിടയിലൂടെ കാണുന്ന അവളുടെ കുഞ്ഞിവയര്‍ നോക്കി ജിത്തു മൂക്കത്ത് വിരല്‍വച്ചു. അവള്‍ നാണത്തോടെ കുടുക്കുപൊയ ഭാഗം കൂട്ടിപ്പിടിച്ചു. ഒരു ഗ്ലാസ് മുതിരക്കഞ്ഞിയും ചെറിയഉരുള കോഴിയും അവന്‍ അവള്‍ക്കുനേരെ നീട്ടി. അതുകണ്ടപ്പോഴേ അവള്‍ക്ക് ഓക്കനം വന്നു. അവളത് നിരസിച്ചപ്പോള്‍ അവന് സങ്കടമായി, ഉരുളതിന്ന് കഞ്ഞിയും കുടിച്ച് അവന്‍ വടക്കേതിണ്ണയില്‍ പോയിരുന്നു.
കാലം കടന്നുപോയി........
ജിത്തുവും വെട്ട്യാറനും വലുതായി. അവര്‍ രണ്ടാളുംചേര്‍ന്ന് പതിവുപോലെ നടക്കാനിറങ്ങിയതാണ്. നടത്തം ഒാട്ടമായി മാറി. അവനെ ഓവര്‍ടേക്ക് ചൈത് വെട്ട്യാറന്‍ എങ്ങോട്ടോ പോയി. നേരം ഇരുട്ടുന്നതുവരെ ഗ്രാമം മുഴുവന്‍ തിരഞ്ഞുനടന്നു. കണ്ടില്ല.... 
വെട്ട്യാറന്‍ പോയ വിഷമത്തിലിരിക്കുമ്പോഴാണ് അച്ഛന്‍ അമ്മയോട് ഒരഭിപ്രായം ചോദിക്കുന്നത് കേട്ടത്.
"മ്മടെ ജിത്തൂട്ടനേയ്... രാഘവന്‍റെ പെണ്ണിനെ അങ്ങട് ആലോചിച്ചാലോ....?"
അച്ഛന്‍റെ ആ ഹൃദയം ജിത്തു ശരിക്കും കണ്ടത് അന്നാണ്. ഈ ഇരുപത്തിനാലാം വയസ്സില്‍ തന്നെ......... 
പാവം അച്ഛന്‍.
പരിയാനംപറ്റക്കാവിലെ ചെറിയാറാട്ടിന് മാലുവിനെ അവന്‍ ഒരു നോക്കുകണ്ടിരുന്നു. അവള്‍ ഒരു കലയാണ്. നറുക്കില പോലെ ഒരു പെണ്ണ്! ആ കൂട്ടുപുരികവും തിങ്ങിയ കണ്‍പീലിയും കാണാന്‍ എന്തൊരു ചന്താണ്. പിന്നെ... വിളക്കിലെ കരിതൊട്ടപോലെ തിരുനെറ്റിയിലെ കറുത്തപാടും. ജിത്തു മുറ്റത്തേക്കിറങ്ങി. നിലാവ് പെയ്തിറങ്ങുന്ന രാത്രി. ഹൊ എത്ര സുന്ദരം. നിഴലുകള്‍ക്കൊപ്പംഅവനും നൃത്തം ചൈതു. മൗനസംഗീതം പോലെ അവന്‍റെ മനസ് മന്ത്രിച്ചു.
''മാലൂ..............''
ജിത്തുവും അച്ഛനും ഉണ്ണിമാമയും പിന്നെ ഓട്ടോക്കാരനും. അവര്‍ പുലര്‍ച്ചയ്ക്കുതന്നെ പുറപ്പെട്ടു. രാഘവന്‍ അവരെ സ്വീകരിച്ചിരുത്തി. ആദ്യപെണ്ണുകാണലിന്‍റെ ടെന്‍ഷന്‍ അകറ്റാന്‍ വേണ്ടി അവന്‍ മൈസൂര്‍പാക്ക് തിന്നുകൊണ്ടിരുന്നു. ചായയും മൈസൂര്‍പാക്കും നല്ല കോമ്പിനേഷന്‍ ആണെന്ന് അവന്‍ മനസിലാക്കിയതും അപ്പോഴാണ്. മാലിനിയെ കാത്തിരുന്ന ജിത്തു കേട്ടത് ഉള്ളില്‍ നിന്നും അവളുടെ കരച്ചിലാണ്.
അവന്‍ വാസ്തുശാസ്ത്രജ്ഞന്‍ ചുമരിലിട്ട തുളയിലേക്ക് കാതുചേര്‍ത്തുവച്ചു. തേക്കങ്ങള്‍ കോര്‍ത്തിണക്കി അവളുടെ സംസാരം കേള്‍ക്കാം.
''അയാള്‍ക്ക് പോത്താണ് ദേവലോകം.... പോത്തിനുള്ള കോഴി തിന്നുന്ന അയാള്‍ക്ക് പോത്തിന്‍റെ ബുദ്ധിയേ കാണൂ.... അയാളെ എനിക്ക് ഇഷ്ടല്ല...... അച്ഛാ... ഇൗ കല്ല്യാണം വേണ്ടാ...... ങ്ഹീ.....''
ഈ പണ്ടാരം അതൊന്നും മറന്നിട്ടില്ലേ........?
മടക്കയാത്രയില്‍ അച്ഛന്‍റെ ബീഡി വല്ലാതെ പുകഞ്ഞു. ഉണ്ണിമാമയും ഓട്ടോക്കാരനും രാഘവന്‍റെ ആഥിത്യമര്യാദയെ വര്‍ണ്ണിച്ചുകൊണ്ടിരുന്നു. ജിത്തു മൗനംവെടിയാതെ അങ്ങനേയിരുന്നു. പൊടുന്നനെ ഒാട്ടോ ബ്രേക്കിട്ട് നിര്‍ത്തി. പിന്നിലെ മൂന്നുതലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. മുന്നില്‍ നില്ക്കുന്ന ആളെ കണ്ട് എല്ലാവരും ഞെട്ടി.
സാക്ഷാല്‍ വെട്ട്യാറന്‍!
ജിത്തു ഇറങ്ങി അവനടുത്തേക്ക് ചെന്നു. വടക്കന്‍വെള്ളിനേഴി ലക്ഷ്യമാക്കി വെട്ട്യാറന്‍ നൂറ് കി.മി. സ്പീഡില്‍ ഓടാന്‍ തുടങ്ങി. വെട്ട്യാറനേക്കാള്‍ ഉരുളകള്‍ കൂടുതല്‍ ഉണ്ടതാണ്, തൊണ്ണൂറ്റി ഒമ്പത് ദശാംശം ഒമ്പത് സ്പീഡില്‍ തൊട്ടുപിന്നാലെ ജിത്തുവും വിട്ടു.
______________________________________
രമേഷ് പാറപ്പുറത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo