നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

""പെങ്ങളൂട്ടീടെ കല്ല്യാണാ...!!""


.
.
ഉമ്മാ ...മ്മാ ഓനോട്‌ ഒന്നെണീറ്റു ന്നെ കൊണ്ടോവാൻ പറ ..
.
മോനെ ... ആ പെണ്ണിനെ ഒന്ന് ബൂട്ടി പാർലറിൽ കൊണ്ടോവ് സ്വൈര്യം തരണില്ല തലക്ക് ..
.
"നിക്കൊന്നും വയ്യ ..മനുഷ്യൻ നന്നായി ഒന്നുറങ്ങണത് ഇപ്പോഴാ .."
.
ഇയ്യിപ്പോ ഉറങ്ങാൻ ആണോടാ പത്തു ദിവസത്തെ ലീവെടുത്തു വന്നത് .അപ്പോ പെങ്ങടെ കല്യാണം കൂടാനല്ലേ ?
- ഇക്കാ എണീക്ക് ..എന്റെ കൂട്ടുകാരൊക്കെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട് .
ആഹാ കൂട്ടുകാരികളുണ്ടോ കുഞ്ഞോളെ .. ന്ന ഒരു മിനിറ്റ് ,..
ചാടിയെണീറ്റു റെഡി ആയി . .. ആകെയുള്ള ഒന്നാ .കുറച്ചൂസം കൂടെ കഴിഞ്ഞാ ഈ കുസൃതിയും കളിയും എല്ലാം ഈ വീട്ടിൽ അന്യമാകും ..
-ചായ കുടിക്കടാ ....
വന്നിട്ട് മതിയുമ്മാ ..കുഞ്ഞോൾടെ കൂട്ടുകാരികൾ കാത്തിരിക്കും പാവങ്ങൾ ..
- നല്ലതുണ്ടേൽ നോക്കിക്കോ ..ഇത് കഴിഞ്ഞാ അടുത്തത് നിനക്കാ ..ഓള് പോയാൽ ഞാൻ ഒറ്റക്കാ പിന്നെ മറക്കണ്ട ....
...........................................................................
എത്ര ഓടിയാലും എത്തില്ല.. മണ്ഡപം പൈസ കൂടുതൽ ആണെന്ന് പറഞ്ഞു വീട്ടില് തന്നെ പന്തലിട്ടത് ഇരട്ടി പണിയായി ..ഓരോ സാധനങ്ങൾ അടുപ്പിച്ചു വരുമ്പോഴേക്കും വേറൊന്നു ഉണ്ടാവില്ല .
.
നാലഞ്ച് കൊല്ലം നാട്ടിൽ വരാതെ ഗൾഫിൽ നിന്നതു കൊണ്ട് ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല .കൂട്ടുകാര് പലതും പലവഴിക്ക് ജീവിതം തേടിപ്പോയി . .
കളിച്ചു നടന്നിരുന്ന പ്രായത്തിൽ ബോൾ എടുക്കാനും സിഗരറ്റ് വാങ്ങി കൊണ്ടുവരാനും നിന്നിരുന്ന ചെറിയ ചെക്കന്മാരൊക്കെ കോലം മാറിയിരിക്കുന്നു .. ബാത്രൂം കഴുകുന്ന ബ്രെഷ് പോലുണ്ട് ഓരോരുത്തന്മാരുടേം മുടി ..
.
ഞാൻ ഇരുപതു മിനിറ്റ് കൊണ്ട് പോയി വരുന്ന സ്ഥലത്തു ഈ ഫ്രീക്കന്മാർ പത്തുമിനിറ്റ് കൊണ്ട് എത്തുന്നത് വലിയ ഒരു സഹായമാണ് .
റീചാർജ് ചെയ്തു കൊടുക്കാൻ മാത്രേ ആവശ്യപെട്ടിട്ടുള്ളു ..
.
അഞ്ചു കൊല്ലം നാട്ടിൽ വന്നില്ലെങ്കിൽ എന്താ എന്റെ കുഞ്ഞോളെ മാന്യമായി പറഞ്ഞയക്കാൻ കഴിയുന്നുണ്ടല്ലോ .. ഞാൻ നഷ്ടപ്പെടുത്തിയ എന്റെ യവ്വനത്തിനും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും എല്ലാം ഫലം ഞാൻ കാണുന്നത് ഉമ്മയുടെയും അവളുടെയും മുഖത്തെ സന്തോഷമാണ് അത് തന്നെ മതി ഇനി ഒരായുസ്സ് കൂടെ ഇങ്ങനെ പോവാൻ ..
.
ഇക്കാ വരില്ലേൽ ഞാൻ ഈ വീട്ടിൽ നിന്നിറങ്ങില്ല എന്ന വാശി കുഞ്ഞോള് പറഞ്ഞപ്പോഴാ അറബി വിടുന്നില്ല ലീവ് ഇല്ല എന്നൊക്കെ കള്ളം പറഞ്ഞു നിന്നിരുന്ന ഞാൻ ഒരു പത്തുദിവസത്തിനെങ്കിലും പോവാന്നു തീരുമാനിച്ചത് ..
.
ഒരുക്കൂട്ടി വെച്ചതും കുടുംബക്കാര് ഓൾക്ക് കൊടുത്തതും എല്ലാം കൂടെ പറഞ്ഞുറപ്പിച്ച 25 പവനിലും രണ്ടര പവൻ കൂടുതലുണ്ട് .. പറഞ്ഞത് തന്നെ കൊടുത്താൽ മതി ബാക്കി കിട്ടിയത് മറ്റു ചിലവുകൾക്ക് എടുക്കാമെന്നുമ്മ പറഞ്ഞിട്ടും വേണ്ടാന്നു പറഞ്ഞത് ഞാൻ തന്നെയാണ് ,,
ഇന്നത്തെ കാലത്തു സ്ത്രീധനം ഒന്നും വാങ്ങാതെ ഒരു ചെക്കനെ കിട്ടിയത് തന്നെ ഭാഗ്യം ... പഠിപ്പുള്ള ഒരു കുട്ടി എന്ന് മാത്രമേ അവർക്ക് ഡിമാൻഡ് ഉണ്ടായിരുന്നുള്ളു ..സ്വർണം കണക്ക് പറഞ്ഞതൊക്കെ- നാട്ടു നടപ്പും ഗൾഫുകാരന്റെ പെങ്ങള് എന്ന ലേബലും വെച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന കുറച്ചു കാർന്നോന്മാരാണ് ...
.
ഈ ഓട്ടം പാച്ചിലൊക്കെ അവസാനിപ്പിച്ച് ഉമ്മാടെ കൂടെ നാട്ടിൽ തന്നെ നിക്കണം എന്നുള്ള പൂതി ഇനിയൊന്നു പൊടി തട്ടിയെടുക്കണം ..ഓളെ ഇറക്കി വിടുന്ന കടമെല്ലാം വീടാൻ ഇനിയും ചിലപ്പോ ഒരു മൂന്നു കൊല്ലം വേണ്ടി വരും ..
...............................................
പെണ്ണിന്റെ ഇക്ക എന്ത്യേ ,നിക്കാഹിന്റെ ആള്ക്കാര് എത്തീട്ടുണ്ട് ..
ആരുടെയോ വിളികേട്ടു ഞാൻ മണ്ഡപത്തിലേക്ക് ഓടി ,
നിയ്യാ ഡ്രസ്സ് ഒന്ന് മാറീട്ടു പോ ..ചോറ് വിളമ്പാനാല്ല നിക്കാഹ് കഴിച്ചോടുക്കാനാ നിന്നെ വിളിക്കുന്നത് -"അമ്മാവനാണ് പറഞ്ഞത്" .
ശരിയാണ് ഉപ്പ ഇല്ലാത്തോണ്ട് ആ സ്ഥാനത്തുള്ള എനിക്കാണ് ആ ദൗത്യം .
എടുത്തുവെച്ചിരുന്ന വെള്ള തുണിയും ഷർട്ടും വേഗം എടുത്തിട്ട് ഞാൻ സദസ്സിൽ കയറി അളിയൻ ചെക്കന്റെ കയ്യ് പിടിച്ചു അവൻ കൊടുന്ന മഹറിന്റെ തിളക്കത്തോട് കൂടെ നിക്കാഹ് കഴിച്ചു കൊടുത്തു ..മനസ്സ് നിറയെ ഉപ്പയാണ് ഇക്ക എന്ന സ്ഥാനത്തു നിന്നും എന്റെ കുഞ്ഞോൾക്ക് ഞാൻ ഇപ്പൊ ഉപ്പ ആയിരിക്കുന്നു ..
നിക്കാഹ് കഴിഞ്ഞു അവളുടെ അടുത്തേക്ക് ചെന്നപ്പോ പെണ്ണ് ഒടുക്കത്തെ കരച്ചിൽ,,എന്തിനാ കുഞ്ഞോളെ ഇയ്യ്‌ കരയണെന്നു ചോയ്ച്ചപ്പോ ഓൾക്ക് സഹിക്കാൻ കഴിയണില്ല ത്രെ ..
.
അടക്കിപ്പിടിച്ചതു അണപൊട്ടാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു ഉമ്മാക്കും നിനക്കും സഹിക്കാൻ കഴിയാത്ത ഒന്നും ഇക്ക ഉള്ളിടത്തോളം കാലം ഉണ്ടാവില്ല- ഉണ്ടാവാൻ പാടില്ല എന്നും ..
മോൾ സന്തോഷായി ഇറങ്ങു ,ഓൻ നല്ല ചെക്കനാ നിന്നെ പൊന്നുപോലെ നോക്കും .. ഇക്ക ചോറ് വിളമ്പുന്നിടത്തേക്ക് ചെല്ലട്ടെ എന്ന് പറഞ്ഞു 
ഇറങ്ങിയതും കാല് തട്ടി വീഴാൻ പോയപ്പോ ആരോ പിടിച്ചു ..
.
.
"എന്താടാ പിറുപിറുക്കലും ചിരിക്കലും വണ്ടിയോടിക്കലും കുറെ നേരായല്ലോ ,.നിന്റെ മുഖത്തെ തെളിച്ചം കണ്ടപ്പോ എന്തേലും നല്ല സ്വപ്നാണെങ്കിൽ കണ്ടു തീർത്തോട്ടെ എന്ന് കരുതിയ ഇതുവരെ വിളിക്കാഞ്ഞേ .. ആ അറബി തള്ള കിടന്നു അലറുന്നുണ്ട് നിന്നെ വിളിച്ചോണ്ട് "
(അറബി വീട്ടിലെ കുക്കാണ് അവൻ ,ഇവിടുത്തെ ആകെ ആശ്വാസം )
നീ പൊയ്ക്കോ ഞാൻ വന്നോളാം ..
കണ്ടതെല്ലാം സ്വപ്നം ആണെന്ന് ഉറപ്പിക്കാൻ കുറച്ചു സമയം വേണ്ടി വന്നു ..അത്രക്ക് കൊതിയുണ്ടായിരുന്നു പെങ്ങളൂട്ടീടെ കല്യാണം കൂടാൻ .
എങ്ങനെ കണക്കു കൂട്ടിയാലും പറഞ്ഞുറപ്പിച്ച ഒരു ലക്ഷം സ്ത്രീധനം കൊടുക്കാൻ അവര് തന്ന സമയത്തു പറ്റണമെങ്കിൽ ഞാൻ പോവാതെ നിക്കണം ..
സ്വപ്നത്തിൽ സ്ത്രീധനം ചോദിക്കാത്തത് കൊണ്ട് അങ്ങനെയെങ്കിലും കൂടാൻ കഴിഞ്ഞു .
ഫോൺ എടുത്തു നോക്കീപ്പോ കുഞ്ഞോൾടെ മെസേജ് ഉണ്ട് .
ഇക്കാ .... അമ്മായി തന്ന ഒരു മാലയുണ്ട് ,,സ്വർണ്ണം എല്ലാം റെഡി ആയി എന്നല്ലേ ഇക്ക പറഞ്ഞത് - അപ്പൊ ഇത് കണക്കിൽ കൂട്ടണ്ട ഇക്ക .അത് ഞാൻ സമീർക്കാടെ കയ്യിൽ കൊടുക്കാം ,അതുവിറ്റു ആ പൈസ സമീർക്ക അയച്ചേരും ..അതേറ്റു ഇക്ക വായോ ..
ഇക്ക ഇല്ലാതെ കുഞ്ഞോൾക്ക് സന്തോഷം ആവില്ല ..
- കുഞ്ഞോളെ ഇക്ക വരാത്തത് പൈസ ഇല്ലാഞ്ഞിട്ടല്ലലോ ലീവ് കിട്ടാത്തൊണ്ടല്ലോ ..അറബി ലീവ് തരുന്നില്ല .ഇക്കാടെ കുട്ടി സന്തോഷായി ഇരിക്ക് എല്ലാം ശരിയാവും ..
-ന്നാലും ഇക്ക ഇല്ലാതെ ..
.
കുഞ്ഞോളെ ഈ ഇയ്യാണോ ഇന്നാള് പറഞ്ഞത് ഇക്ക നാട്ടിൽ ഇല്ല എന്നെ ഉള്ളു ഇപ്പോഴും കുഞ്ഞോൾടെ മനസ്സിൽ ഉണ്ടെന്നു ,,അപ്പൊ അത് നുണയാ ?
-അത് നുണയൊന്നല്ല .
=ന്നാ പിന്നെ കുഞ്ഞോൾടെ കല്യാണത്തിന് ഇക്കാടെ മനസ്സ് അവിടെയുണ്ടാകും ,,നീ എത്ര തിരക്കിലാണെലും ഇക്കാനെ കാണണേൽ ആൾക്കാരുടെ ഇടയിലേക്കോ ചോറ് വിളമ്പുന്ന സ്ഥലത്തേക്കോ ഉപ്പാടെ സ്ഥാനത്തു നിന്ന് നിന്റെ നിക്കാഹ് കഴിച്ചേരുന്ന അമ്മാവന്റെ മുഖത്തേക്കോ ഒക്കെ നോക്ക് ..ഇക്ക അവിടെല്ലാം ഉണ്ടാവും കുഞ്ഞോൾടെ ഇക്കയായി ..
വാട്സാപ്പിലെ സ്മൈലി കൊണ്ട് ഉപകാരം തോന്നിയ നിമിഷം അഞ്ചാറ് ചിരിക്കുന്ന സ്മൈലി അയച്ചു നെറ്റ് ഓഫ് ആക്കി ,
സ്വപ്നം കണ്ടപോലെ കുഞ്ഞോൾടെ കല്യാണം മനോഹരമാവുന്നതു ഓർത്തോണ്ടു 
ഞാൻ അറബി തള്ളയുടെ അടുത്തേക്ക് നടന്നു ...
.
-അൻവർ മൂക്കുതല -
.
(പ്രവാസികളുടെ നൊമ്പരം എന്ന് കേട്ടാ മുഖം ചുളിക്കുന്ന ഒരു പ്രവണതയുണ്ട് പലർക്കും , ആറുമാസത്തിലോ കൊല്ലത്തിലോ നാട്ടിൽ ലീവ് സാലറിയും ടിക്കെറ്റുമായി വന്നു ആർമാദിക്കുന്നവനല്ല പ്രവാസി ,ഇതുപോലെ കുറെ ജന്മങ്ങൾ ഉണ്ട് സ്വപ്നങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തി നരകിക്കുന്നവർ ...അവക്ക് വേണ്ടി ..)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot