Slider

ഒരു കുഞ്ഞു കഥ

0

"അസ്സൂ."..............." അസ്സൂ.".........
നീണ്ട് പുളഞ്ഞ് കിടക്കുന്ന റെയിവെ ട്രാക്കിലൂടെ അപ്പു അലറി വിളിച്ചു കൊണ്ട് ഓടുകയാണ്. ഉരുളൻ കല്ലുകൾ അവന്റെ കാലിൽ തടയിട്ടു വീഴ്ത്തുന്നുണ്ട്. കൈമുട്ട് പൊട്ടി രക്തം കൈപ്പത്തിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഒന്നും അപ്പു അറിഞ്ഞില്ല..... അവൻ ഓടുകയാണ്.
"അസ്സൂ".... "അസ്സൂ.".....
റെയിൽ പാളത്തിൽ അപ്പുവിന്റെ മുൻപിൽ അവർ നടന്ന് നീങ്ങുന്നുണ്ട്. കുറേ നാടോടികൾ! കാഴ്ചയിൽ തീരെ വൃത്തിയില്ലാത്തവർ ! ചുമലിൽ കുറേ പ്ലാസ്റ്റിക് ചാക്കുകൾ വീർത്ത് കിടക്കുന്നു. ശരീരം പാതി നഗ്നമാണ്. കാഷായ നിറുള്ള ഒറ്റമുണ്ട് മാത്രം അതിലുള്ള മൂന്ന് പുരുഷന്മാർക്ക് . സ്ത്രീകൾ രണ്ട്, കൊച്ഛു കുട്ടികൾ നാല് .കൂട്ടത്തിൽ പതിനാറ് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പയ്യനും ഉണ്ട്. ആ പയ്യനെയാണ് അപ്പു ലക്ഷ്യം വെച്ച് ഓടുന്നത്.
"അസ്സൂ...... " അപ്പു ആ പയ്യന്റെ മുതുകിൽ തൊട്ടു.
കറുത്ത് കരിവാളിച്ച,ഒരു തരം പേടിപ്പെടുത്തുന്ന കണ്ണോടെ അവൻ തിരിഞ്ഞു നോക്കി. കൂടെ മറ്റുള്ളവരും അപ്പുവിനെ തുറിച്ചു നോക്കി.
"അസ്സു.... "അസ്സു "- അപ്പു അവനെയൊന്ന് തൊട്ട് നോക്കി .
അവൻ അപ്പുവിന്റെ കൈ തട്ടി മാറ്റി. പതിയെ മുൻപോട്ട് തന്നെ നടന്നു നീങ്ങി.കൂടെയുള്ളവർ പാളത്തീന്ന് ഉരുളൻ കല്ലെടുത്ത് അപ്പുവിനെ എറിയാൻ തുടങ്ങി. അപ്പു നിലവിളിച്ചു കൊണ്ട് തിരിഞ്ഞോടി.
അപ്പു ആ വീടിന്റെ ഗേറ്റ് കടന്ന് ചാമ്പയ്ക്കാമരത്തിന് ചുവട്ടിൽ പോയി ഇരുന്നു. ഏങ്ങി, ഏങ്ങി കരഞ്ഞു. ആ ഏങ്ങലിൽ പാളത്തിൽ കണ്ടത് അസ്സു തന്നെയാന്ന് അവന്റെ ഉള്ളം വെറുതേ മന്ത്രിക്കുന്നുണ്ടായിരുന്നു.
"ആരാ കരയുന്നേ.... മോനേ അപ്പൂ... ഇങ്ങ് കയറി വാ.... വലിയ ചെക്കനായിട്ട് ഇപ്പളും കരയാ... അകത്തേക്ക് വാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വന്നിരുന്ന് കരയരുതെന്ന് ."
"അസ്സൂന്റുമ്മാ ''.......... അപ്പൂ ആ സ്ത്രീയെ കെട്ടി പിടിച്ചു കരഞ്ഞു. അവൻ അങ്ങിനെയാ വിളിച്ചത്. "അസ്സൂന്റുമ്മ " .
അവർ അപ്പുവിനെ കസേരയിൽ ഇരുത്തി, ഒരു കപ്പ് ചായ ഫ്ളാ സ്കീന്ന് ഒഴിച്ചു കൊടുത്തു. അതു കുടിക്കുമ്പോഴും അപ്പു കരയുകയായിരുന്നു. ആ ഉമ്മയും , അപ്പുവും മൗനമായി ചായക്കപ്പീന്നുയരുന്ന ആവിയിലേക്ക് നോക്കിയിരുന്നു. അവർ അസ്സുവിനെ ക്കുറിച്ചാവും ഓർക്കുന്നത്.***********
ആറാട്ട് മഹോത്സവത്തിന്റെ നാളുകളായിരുന്നു അത്.അപ്പുവിനും, അസ്സുവിനും പ്രായം പത്ത്. രണ്ട് കുടുംബങ്ങളുടെ ഉത്സവത്തിന്റെ നാളുകൾ!
അസ്സുവിന്റെ കയ്യിലെ കളിക്കോപ്പുകൾ അപ്പുവിന്റേ തുമായിരുന്നു.
"നീ എടുത്തോ " എനിക്കുപ്പ വേറെ കൊണ്ടത്തരും ", എന്നും അത് പറഞ്ഞാ അസ്സു എല്ലാം അപ്പുവിന് നല്കാറ്.
ഊണിലും, ഉറക്കിലും സ്നേഹം സ്വരുക്കൂട്ടി വെയ്ക്കുന്ന കൂട്ടുകാർ ! ചാമ്പയ്ക്കാ ചുവട്ടിൽ പന്തല് കെട്ടി കളിക്കുമ്പോൾ അസ്സു പറയും, " അപ്പൂ...... നീയും ,ഞാനും ഈ ചാമ്പയ്ക്കയോളം വളർന്നാലും ഇതിന്റെ ചുവട്ടിൽ വന്നിരിക്കണം നമുക്ക്,,,കഥകള് പറയണം ഒരുപാട് .
അപ്പുവിന് ഒരു പാട് ഇഷ്ടമായിരുന്നു അസ്സൂനെ. വീട്ടിൽ ചെന്നാൽ അച്ഛനോടും, അമ്മയോടും പറയാൻ നൂറ് കൂട്ടം ഉണ്ടാവും അവന് അസ്സു വിന്റെ കഥ.
അപ്പു ,അന്ന് അസ്സുവിനോട് ഒരു കാര്യം ഏല്പിച്ചാ പോയത് , - "നമുക്കിന്ന് വൈകീട്ട് ആറാട്ടിന് പോകണം." ഉപ്പാന്റെ സമ്മതം വാങ്ങി അവൻ കുളിച്ചൊരുങ്ങി ,മുടി ഒരു ഭാഗത്തേക്ക് ചീകി ചിരിച്ച് നിൽപ്പുണ്ടായിരുന്നു. അപ്പു എത്തുമ്പോൾ.
" ഉമ്മാ....... അസ്സു വേഗം വരാട്ടോ... ആലവട്ടവും വാങ്ങി " .
ആലവട്ടം അവന് ഏറെ പ്രിയമായിരുന്നു.
ഗേറ്റിനരികിൽ ഉമ്മയും,ഉപ്പുയുംകൈ വീശി കാണിച്ചു അവർക്ക്. ബാല്യത്തിന്റെ പനിനീർ മുകുളങ്ങൾക്ക് ഇരട്ടി ഗന്ധമുണ്ടായിരുന്നു അപ്പോൾ.
അപ്പുവിന്റേയും, അസ്സു വിന്റേയും കണ്ണുകളിൽ പല വർണ്ണങ്ങളും മിന്നി മറഞ്ഞു. അപ്പു- വട്ട പാത്രത്തിലെ വെള്ളത്തിൽ കറങ്ങുന്ന ചെറിയ ബോട്ടിനെ കണ്ണെടുക്കാതെ നോക്കി നിന്നു.
" അപ്പൂ..... ദേ നോക്ക് നിറയെ ആലവട്ടം. ഇപ്പ വരാട്ടോ.... "അസ്സു ആ തിരക്കിലേക്ക് ഓടി. അപ്പുവിന്റെ കാതുകളിൽ അവസാനമായി പതിഞ്ഞ അസ്സു വിന്റെ വാക്കുകൾ. സമയം പിന്നിട്ടിട്ടും
ആലവട്ടവും കൊണ്ട് അസ്സു അവനെ തേടി വന്നില്ല. ആ തെരുവിൽ അപ്പുവിന്റെ കരച്ചിൽ അശക്തമായിരുന്നു. ഉത്സവത്തിന്റെ നിറവിൽ അസ്സു എവിടെയോ അപ്രത്യക്ഷമായിരുന്നു.
ഇന്ന് അസ്സുവിനെ അവർക്ക് നഷ്ടപ്പെട്ടിട്ട് ആറ് വർഷം കഴിയുന്നു.!!!!!!!!!!!!!!
കപ്പിലെ ചായ തണുത്തു. ആ ഉമ്മ അപ്പുവിന്റെ കരം പിടിച്ചു.
"അപ്പൂ........ പത്ത് മാസം അവനെ ചുമന്ന് ,പെറ്റ് പോറ്റി, അണ്ണാറക്കണ്ണനേയും, കാക്കയേയും കാട്ടി ചോറ് കൊടുത്ത്, എന്തോരം ആശ വെച്ചാ അവനെ ഞങ്ങള് വളർത്തിയതാ..... ,ന്നിട്ട് ഞങ്ങൾ ജീവിക്കുന്നില്ലേ.... മോനേ? മോൻ സങ്കടപ്പെടെണ്ട. ആ ഉമ്മ അപ്പുവിനെ സമാധാനിപ്പിച്ചു.
മരണത്തേക്കാൾ ഭയാനകമായ ശിക്ഷയല്ലേ മോനേ ദൈവം ഞങ്ങൾക്ക് തന്നത്! ന്റെ മോനിപ്പോ......... ആരാരുമറിയാതെ..... അസ്സൂന്റെ ഉമ്മാന്റെ മൗനത്തിലൂടെ അപ്പുഅവിടുന്നിറങ്ങി പതിയെ വീട്ടിലേക്ക് നടന്നു. നിഴലുപോലെ അസ്സു കൂടെയുണ്ടെന്ന്അവനു തോന്നി.
അന്നു രാത്രി അസ്സു വിന്റെ ഉമ്മാക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.
ആ രാത്രിക്ക് നിശ്ശബ്ദത കൂടുതലായ പോലെ....
" ആജിക്കാ..... നിങ്ങളുറങ്ങിയോ.. "
" ഇല്ല, എന്തേയ്?
" നമ്മള മോനിപ്പം വല്ല്യതായിട്ടുണ്ടാവും ല്ലേ.??, അവൻ സുന്ദരനായിരിക്ക്വോ? ,അവന് നമ്മളെ ഓർമ്മയുണ്ടാകോ ആജിക്കാ?"
"മ്ം..... വല്ല്യ തായിക്കാണും, മ്മളെ അപ്പൂനെ പോലെ ".
" അവന് ഇങ്ങ് പോരരുതോ ഇവിടേക്ക് ,അസ്സൂന് മ്മളെ കാണാൻ പൂതിയാകുന്നുണ്ടാകൂല്ലേ ആജിക്കാ..
" അതിന്, മ്മളെ അസ്സൂന് വഴി അറിയ്യോ നഫീസു. അവൻ കുഞ്ഞല്ലേ..."
" അവൻ എന്തേലൊക്കെ കഴിച്ചു കാണോ ,ആജീക്കാ..?എവിടെയാവും കിടക്കാറ്? കൊതുകടിക്കുന്നുണ്ടാവും ന്റെ മോനെ."...
"ഒരു ദിവസം മ്മളെ അസ്സു വരും നഫീസു. ഉമ്മാ......, ഉപ്പാന്ന് വിളിച്ച് അവനീ പടി കയറി വരും."
"മ്ം " നഫീസൂനെ അസ്സുവിന്റെ കൈവന്ന് തലോടിയപോലെ ആ ഉമ്മ ഉറക്കിലേക്ക് തെന്നി വീണു.
കാലത്ത്, ഉമ്മറത്ത് അപ്പുവും, അച്ഛനും, അമ്മയും നില്പുണ്ടായിരുന്നു.
" ഞങ്ങള് ഇവിടം വിട്ട് പോക്വാ ഹാജി യാരെ ,അപ്പൂന് പട്ടണത്തിലാ കോളേജി പോകേണ്ടത്. മാത്രല്ല, അവന്റെ സ്ഥിതി അറിയാലോ...?
"മ്ം,,,,,, നന്നായി. ന്റെ കുട്ടി പഠിച്ച് ആളായി വാ...... "
അപ്പു ആ ചാമ്പയ്ക്കാമരത്തിന് ചുവട്ടിൽ മേല്പ്പോട്ട് നോക്കി നില്പാണ്. അവൻ മെല്ലെ നടന്ന് ആ ഉപ്പാന്റേയും, ഉമ്മാന്ടേയും കൈ പിടിച്ചു.
"അസ്സൂൻറുമ്മാ...... ഞാൻ കൊണ്ട് വരും നമ്മള അസ്സൂനെ..... കൊണ്ട് വരും! അവൻ ഉണ്ടാവും എവിടെയോ... ആ ആലവട്ടവും കൊണ്ട് എന്നെത്തേടി...... " മുഴുമിപ്പിക്കാതെ അപ്പു നടക്കാൻ തുടങ്ങവേ..... ആ മാതാപിതാക്കൾ വിതുമ്പി_
" വന്നേക്കണേ മോനെ അസ്സൂനെയും കൊണ്ട് ഞങ്ങളെ കണ്ണടയും മുൻപെ .
നിറകണ്ണുമായി അപ്പു നടന്നകന്നു.
എന്നെങ്കിലുമൊരിക്കൽ അപ്പു അസ്സുവിനേയും കൊണ്ട് വരുന്നതും കാത്ത് അവരിന്നും ജീവിക്കുന്നു.
....................................................
(നമ്മുടെ കൺമുൻപിൽ നിന്ന് ഒരു മിന്നൽ പിണർ പോലെ അപ്രത്യക്ഷമാകുന്നഎല്ലാ കുഞ്ഞുങ്ങളും ഒരിക്കൽ തിരികെയെത്തുമെന്ന് കാത്തിരിക്കുന്ന ഹൃദയങ്ങൾക്ക് മുന്നിൽ......)
ഷംസീറഷമീർ ( ചെച്ചി ) 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo