നാളെ അവളുടെ ജന്മദിനമാണ് .12 നു അലാറം സെറ്റ് ചെയ്തപ്പോഴാണ് ,ഇനി അരമണിക്കൂർ കൂടി ഉള്ളു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത് .എങ്കിൽ ഇനി കിടക്കേണ്ട എന്ന് കരുതി .അവൾ പലപ്പോഴായി സമ്മാനിച്ച ഗിഫ്റ്റുകൾ ചുമ്മാ എടുത്തു നോക്കി .ഓരോന്നു തരുമ്പോഴും അവൾ പറയാനുമായിരുന്നു അവളെ ഓർമിക്കാൻ വേണ്ടിയാണെന്ന് .യാതൊരു കാഴ്ചയുടെയും പിൻബലമില്ലാതെ തന്നെ എന്റെ ഓർമകൾ അവളെ ചുറ്റിയാണെന്നു അവൾക്കറിയില്ലല്ലോ ., ഞാൻ അത് പറഞ്ഞിട്ടുമില്ല. അടഞ്ഞു തുടങ്ങിയ കണ്ണുകളെ ഉണർത്തിക്കൊണ്ടു അലാറം ഉറക്കെ കരയാൻ തുടങ്ങി .ഫോൺ എടുത്തു അവളെ വിളിച്ചു .കുറച്ചു ബെല്ലുകൾക്ക് ശേഷം അവൾ ഫോൺ എടുത്തു .ഉറക്കച്ചടവിന്റെ ലക്ഷണം അവളുടെ hello യിൽ മുഴങ്ങി കേൾക്കാമായിരുന്നു .എന്റെ നമ്പർ കണ്ടതിനാലാവും സന്തോഷം ഉണ്ടായിരുന്നു അവളുടെ സംസാരത്തിൽ .മറുപടിക്കൊപ്പം ഒരു തേങ്ങൽ കൂടി കടന്നു വന്നുവോ എന്നൊരു സംശയത്തിന്റെ മുനമ്പിൽ ഞാൻ നിൽക്കവേ കാൾ കട്ടായി .
ഇവൾ ഒരുപാട് മാറിപ്പോയിരിക്കുന്നു .പഴയ വാശിക്കാരിയിൽ നിന്നും കരച്ചിൽ മാത്രം ഉള്ള ഒരുവളായി മാറിയിരിക്കുന്നു . അമ്മു, എന്റെ പ്രണയം .
അവളെ ഞാൻ ആദ്യമായി കാണുന്നത് ഒരു കല്ല്യാണ വീട്ടിൽ വച്ചാണ് .എന്റെ ഒരകന്ന ബന്ധുവാണവൾ .പിന്നീട് പല ബന്ധുക്കളുടെയും കല്ല്യാണ വീടുകളിൽ വച്ചും പലകുറി അവളെ കണ്ടു .അവളുടെ 'അമ്മ വകയിലെ എന്റെ അച്ഛൻ പെങ്ങളാണ് .
അവൾ ഒരു വാശിക്കാരിയും സ്വന്തക്കാരുടെ ഇടയിൽ ഒരു പുന്നാര കുട്ടിയും ആയിരുന്നു .ആദ്യം തോന്നിയ കൗതുകം പിന്നീടെപ്പോഴോ പ്രണയമായി വളരാൻ തുടങ്ങി .അങ്ങനെ ഒരു കല്ല്യാണ വീട്ടിൽ വച്ചാണ് എന്റെ ഇഷ്ട്ടം അവളോട് തുറന്നു പറഞ്ഞത്.ആ ദിവസമായിരിക്കും അവളെന്നെ ആദ്യമായി കണ്ടിട്ടുവക എന്ന എന്റെ ധാരണയേ തെറ്റിച്ചു കൊണ്ട് അവൾ പറഞ്ഞു കളഞ്ഞു എന്നോട് അവൾക്കും ഇഷ്ടമാണെന്നു . ആ കല്യാണവീട്ടിൽ ചെക്കനേക്കാളും പെണ്ണിനെക്കാളും സന്തോഷിച്ചതു ഞങ്ങളായിരുന്നു. കല്യാണം കഴിഞ്ഞു തിരിച്ചുവന്നത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഒരുപാട് ഓർമകൾ സമ്മാനിച്ച ഒരുയാത്ര .ബസിന്റെ പിറകിലെ കമ്പിയിൽ പിടിച് അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ ഉള്ളുമുഴുവൻ ഒരു പ്രാര്ഥനമാത്രമേ ഉണ്ടായിരുന്നു .ഈ വാശിക്കാരിയെ എന്റെ യാത്രയിലുടനീളം കൂട്ടായി തരണമേ എന്ന് .
കാണാനും മിണ്ടാനും സാഹചര്യങ്ങൾ വളരെ കുറവായിരുന്നതുകൊണ്ടു ബന്ധുവീടുകളിൽ കല്യാണങ്ങൾ ഉണ്ടാകാൻ ഞങ്ങൾ രണ്ടുപേരും ആത്മാർത്ഥമായിത്തന്നെ പ്രാർത്ഥിച്ചു .ഓരോ കല്യാണവീട്ടിലും എല്ലാവരും ഭക്ഷണത്തെ പറ്റിമാത്രം ചിന്തിച്ചപ്പോൾ ഞങ്ങൾ മാത്രം പ്രണയത്തെയും താലോലിച്ചു അവരിൽ നിന്നെല്ലാം അകന്നിരുന്നു .
പിന്നീടെപ്പോഴോക്കെയോ കല്യാണങ്ങൾ കുറഞ്ഞു, കാഴ്ചകളും.,കാലത്തിന്റെ കുത്തൊഴുക്കിൽ രണ്ടുപേരും രണ്ടിടങ്ങളിലായി തെറിച്ചുവീണു .
എനിക്ക് ജോലികിട്ടിയ ശേഷം ഒരിക്കൽ അവളെ കണ്ടു .അവളും ജോലി കഴിഞ്ഞു മടങ്ങുകയാണ് .സംസാരിക്കാൻ ഒരുപാടു ആശ ഉണ്ടായിരുന്നെങ്കിലും, വര്ഷങ്ങള്ക്കു ശേഷമുള്ള ഈ കൂടിക്കാഴ്ചയിൽ അവൾ എങ്ങനെ പ്രതികരിക്കും എന്നൊരു ഭയം എന്നെ പിറകിലേക്ക് വലിച്ചു . അവളെന്നെ ഒരു പരിചയക്കാരനോ ബന്ധുവോ മാത്രമായി കാണുമോ എന്നൊരു ഭയം.വേണ്ട സംസാരിക്കേണ്ട .ഉള്ളിന്റെ ഉള്ളിൽ എന്നും എന്റെ പഴയ വാശിക്കാരി ആയിരുന്നോട്ടെ എന്ന് ഞാനും വിചാരിച്ചു .
പിന്നീട് കേൾക്കുന്നത് അവളുടെ കല്യാണമാണ് എന്നാണ് .എന്നെ മറന്നുകാണും ,കുഞ്ഞുനാളിൽ എന്നോ തോന്നിയ ഇഷ്ടത്തിന്റെ അറ്റം പിടിച്ചു ഞാൻ വെറുതെ കാത്തിരുന്നതാണെന്നു തോന്നി .സാരമില്ല അവളെങ്കിലും സന്തോഷായിട്ടു ജീവിക്കട്ടെ .കൈപിടിക്കാനും കൂടെ കൂട്ടാനും ആശ മാത്രം കൈമുതലായി ഉണ്ടായിരുന്നതുകൊണ്ട്.അവളെന്നെ മോഹത്തെ മനസ്സിന്റെ നെല്ലിപ്പലകക്കടിയിൽ ഒളിച്ചുവച്ചു .
ദൈവം പലപ്പോഴും ഒരു സാഡിസ്റ്റാണ് .മോഹിച്ചത് തട്ടി തെറുപ്പിച്ചിട്ടു നിനച്ചിരിക്കാത്ത നിമിഷത്തിൽ കൈകുമ്പിളിൽ വച്ചുതരും.അങ്ങനെയാണ് അവൾ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് .പക്ഷെ അതൊരിക്കലും പഴയ വാശിക്കാരി ആയല്ലായിരുന്നു .കരച്ചിൽമാത്രം കൂട്ടിനുണ്ടായിരുന്നു ഒരു പുതിയ പെണ്ണായി . വൈധവ്യം അവളുടെ മനസ്സിനെ മാത്രമല്ല ചിന്തകളെയും കൂടി ഇരുട്ടിലാക്കി എന്നെനിക് തോന്നി.
നാളെ അവളുടെ ജന്മദിനത്തിൽ അവളൊരിക്കലും പ്രദീക്ഷിക്കാത്ത സമ്മാനവുമായി ചെന്ന് കാണണം .ഇതുവരെ പറയാൻ കൊതിച്ച വാക്കുകളുമായി,അവളുടെ ചാരത്തു എത്തണം ,പാതി നിറഞ്ഞുതുടങ്ങുന്ന കണ്ണുകളിൽ നോക്കി ,തെല്ലും പരിഭ്രമം ഇല്ലാതെ പറയണം .എനിക്ക് എന്റെ പഴയ വാശിക്കാരിയെ തിരികെ വേണമെന്ന് .അവളുടെ ദുഖാഗ്നിക്കുമീതെ ഒരു നനുത്ത മഴയായി എനിക്ക് പെയ്തിറങ്ങണം .ഒരുനുള്ള് സിന്ദൂരത്തിന്റെയും കുഞ്ഞുതാലിയുടെയും അകമ്പടിയോടെ ആ കൈപിടിക്കണം .മരണം വരെ ചേർത്ത് നിർത്തണം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക