
കുറേ നാളായി ആലോചന തുടങ്ങിയിട്ട് ,.
വീട്ടുകാർ പറയാൻ തുടങ്ങിയിട്ട് അതിലേറെ നാളായി പക്ഷേ ആളു സമ്മതിക്കുന്നില്ല.
അമ്മ പലപ്പോഴായി ചോദിച്ചു ,മോനെ നിനക്ക് ഒരു കൂട്ടു വേണ്ടേ, ഞാനില്ലാണ്ടായാ പിന്നെ നിനക്കാരാടാ ഉള്ളത്.
വേണ്ടമ്മാ , എന്തിനാ?
ഇത്രയും കാലം ആയില്ലേ?
ഇനി ഞാൻ ഒരു കല്യാണം കഴിക്കുന്നില്ല ,
അതെന്താ ? എപ്പോ ചോദിച്ചാലും ഇതുപോലെ ഒരിടത്തും തൊടാത്ത മറുപടി പറഞ്ഞാൽ ശരിയാവില്ല .
അമ്മയുടെ ശബ്ദം ഇടറി, കണ്ണും നിറഞ്ഞിട്ടുണ്ട് ,
ഹോ ലോകത്തിലെ എല്ലാപേരും പെണ്ണു കെട്ടിയിട്ടല്ലേ ജീവിക്കുന്നത്.
ഇനി ഇവിടെ നിന്നാൽ ചിലപ്പോ എല്ലാം പറഞ്ഞു പോകും
ഞാനായിട്ടെന്തിനാ അമ്മേ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത് '
ഇതും പറഞ്ഞ് റൂമിലേക്ക് കയറി .
നീ കെട്ടിയാലെങ്ങനാടാ പെണ്ണിന്റെ ജീവിതം നശിക്കുന്നത്?
മാന്യമായ ജോലിയില്ലേ , നമുക്കെന്താടാ ഒരു കുറവ് ?
പാവം അടുക്കളയിൽ അമ്മ തകർക്കുവാണ് , ഇനി ദേഷ്യം പാത്രങ്ങളോടാണ് . ഈ വയസ്സുകാലത്ത് ഇങ്ങനെ കിടന്ന് കഷ്ടപ്പെടാനാണല്ലോ ,ഈശ്വരാ എന്റെ വിധി . പാവം ഇനി ഉറങ്ങുന്നതു വരെ ഇതിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും...
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പത്തു പതിനത്ഞ്ചു വർഷം താൻ തന്റെ സ്വന്തമെന്ന് അഹങ്കരിച്ച ഈ മുറി ഇനി ഒരാൾക്ക് കൂടി ഷെയർ ചെയ്യാൻ മനസ്സു വരുന്നില്ല'.
ഈ ചെറിയ മുറിയിൽ ,തെങ്ങിഞെരുങ്ങിയ അവസ്ഥയിലും യാതൊരു പരാതിയും പറയാതെ സ്നേഹം മാത്രം പങ്കിട്ടവൾ ,ഈ കട്ടിലിൽ പരസ്പരം തൊടാതെ ഒന്നും മിണ്ടാതെ കിടക്കുമ്പോൾ പോലും ഉള്ളിൽ സ്നേഹത്തിന്റെ സാഗരം ഇരമ്പുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒൻപതു വർഷങ്ങളായി തനിക്ക് കൂട്ടായി അവളീ മുറിയിലുണ്ട്.ഈ മുറിക്കുള്ളിൽ ഒരു ഗന്ധമുണ്ട് ' ഒരു വിയർപ്പിന്റെ , അതിൽ നനഞ്ഞൊട്ടിയ നിറം മങ്ങിയ സാരിയുടെ .അവളുടെ ആ ഗന്ധം .വേറൊന്നിനും തനിക്ക് നൽകാൻ കഴിയാത്ത ആ മാനസിക സംതൃപ്തി. ഈ കട്ടിലിൽ ഇങ്ങനെ കിടക്കുമ്പോൾ തന്നെ ഒപ്പം എപ്പോഴും ആ ഗന്ധം ഉള്ള പോലെ. അവൾ എന്നെ തൊടാതെയും ഞാൻ അവളെ തൊടാതെയും . അവളുടെ സാന്നിധ്യം, ഞാൻ അറിയുന്നു. . അവളുടെ സ്നേഹം ഞാൻ അനുഭവിക്കുന്നു. സ്പർശനങ്ങളില്ലാതെ ശീല്ക്കാരങ്ങളില്ലാതെ എന്നെ ലഹരിപിടിപ്പിക്കുന്ന അവളുടെ സാന്നിധ്യം .
ഇതാരോട് പറയും ഇതാര് വിശ്വസിക്കും .
എനിയ്ക്കവളുണ്ട് അവൾക്ക് ഞാനും..
അതു കൊണ്ട് ഇല്ല , ഈ മുറി ഇനി ഒരാൾക്കു കൂടി ഷെയർ ചെയ്യുന്നില്ല .
By: Gopal Arangal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക