Showing posts with label മഞ്ജുഅഭിനേഷ്. Show all posts
Showing posts with label മഞ്ജുഅഭിനേഷ്. Show all posts

ശരീരങ്ങളുടെ ആത്മാക്കൾ


എന്നെ കണ്ടിട്ടാവാം ഈ നായ്ക്കൾ ഓളി ഇടുന്നത്...... ആത്മാവിനെ കണ്ടാൽ നായ്ക്കൾ ഓളി ഇടുമല്ലോ......അവ എന്റെ ശരീരഭാഗങ്ങളെ കടിച്ചു മുറിച്ചു വിശപ്പടക്കുന്നു.....
കാക്കകൾ എന്റെ കൈകളിൽ കൊത്തി വലിക്കുന്നു....ഈച്ചകൾ എന്റെ ശരീരഭാഗങ്ങളിലേക്ക് വന്ന് പാറുന്നു..... ഉറുമ്പുകൾ എന്റെ ശരീരത്തെ അരിക്കുന്നു...
കഴിക്കട്ടെ എല്ലാവരും അവരുടെ വിശപ്പടങ്ങുന്നത് വരെ....
ആത്മാക്കൾക്ക് പരാതി പറയാൻ പറ്റില്ലല്ലോ.....പിന്നെ ഉള്ള സന്തോഷം കുറച്ചു കുട്ടികൾക്ക് അറിവ് ലഭിച്ചല്ലോ.....കുറച്ചു ജീവികളുടെ വിശപ്പ് മാറിയല്ലോ..... അതൊരു ആശ്വാസം......
നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും എന്തൊക്കെ ആണ് ഞാൻ പറയുന്നതെന്ന്.......പറയാം എങ്ങനെ ആണ് എന്റെ ശരീരം നായ്ക്കൾക്കും കാക്കകൾക്കും വിശപ്പടക്കാൻ ഉള്ള ആഹാരമായതെന്ന്....
ഞാൻ മഹാദേവൻ. സ്കൂൾ മാഷായിരുന്നു. എന്റെ ആഗ്രഹം ഒരു ഡോക്ടർ ആവുക എന്നതായിരുന്നു. ഡോക്ടർമ്മാരോട് എനിക്ക് കടുത്ത ആരാധന ആയിരുന്നു. മറ്റുള്ളവരുടെ ജീവന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ചില ഡോക്ടർമാർ ആണ് ആ ആരാധനയ്ക്ക് പിന്നിൽ.ദരിദ്ര കുടുംബത്തിൽ ജനിച്ച എനിക്ക് ഡോക്ടർ സീറ്റിനു വേണ്ടി നൽകാൻ പണം ഇല്ലാത്തതിനാൽ ആ ആഗ്രഹം ഞാൻ ഉപേക്ഷിക്കുകയായിരുന്നു.
അങ്ങനെ ആണ് മറ്റൊരു ഇഷ്ട ജോലി ആയിരുന്ന അദ്ധ്യാപനത്തിലേക്ക് കടന്നത്. എങ്കിലും എന്റെ മനസ്സിൽ ഡോക്ടർ എന്ന മോഹം ഉള്ളിൽ കിടന്ന് പുകഞ്ഞിരുന്നു. അങ്ങനെ ഒരു പാട് ചിന്തകൾക്ക് ഒടുവിൽ ആണ് മെഡിക്കൽ കോളേജിൽ മരണശേഷം എന്റെ ശരീരം വിട്ടു കൊടുക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. മെഡിക്കൽ കോളേജിലേക്ക് എന്റെ ആഗ്രഹവും രേഖാമൂലം ഞാൻ അറിയിച്ചിരുന്നു. ഡോക്ടർമ്മാർ ആകാനായി പഠിക്കുന്ന കുട്ടികൾക്ക് മനുഷ്യ ശരീരത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് വഴി ഞാനും ആ ആതുരസേവനത്തിന്റെ ഭാഗം ആകുമെന്നതായിരുന്നു ആ തീരുമാനത്തിന്റെ പിന്നിൽ.
ഭാര്യയോടും മക്കളോടും അതേ കുറിച്ചു സംസാരിക്കുമ്പോൾ ഒക്കെയും അവർ എതിരു നിന്നിരുന്നു. പക്ഷേ ഞാൻ എന്റെ ആഗ്രഹത്തിൽ നിന്ന് മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.അങ്ങനെ അൻപതാം വയസ്സിൽ ഒരു അപകട രൂപത്തിൽ എന്റെ മരണം സംഭവിച്ചു. എന്റെ ആഗ്രഹത്തിന് മൂല്യം കൊടുത്തിരുന്ന എന്റെ പ്രീയപ്പെട്ടവർ മനസ്സില്ലാമനസ്സോടെ എന്റെ ശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു കൊടുത്തു.
എന്റെ ശരീരം കൊണ്ടു പോയപ്പോൾ എന്റെ പ്രീയപ്പെട്ടവൾ ഉറക്കെ നിലവിളിച്ചു. മക്കൾ എന്റെ നെറ്റിയിൽ അവസാനമായി ചുംബിച്ചു. എന്തിനാണ് നിങ്ങൾ ഇങ്ങനെ ബഹളം കൂട്ടുന്നതെന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. വെറുതെ ശരീരം കത്തിച്ചു കളയുന്നതിലും നല്ലതല്ലേ കുറച്ചു കുട്ടികൾക്ക് അറിവ് നേടി എടുക്കാനുള്ള ഹേതു ആയി മാറുന്നത്. എന്നിലെ അധ്യാപകൻ സന്തോഷിച്ചു. ഒരു ഉത്തമ അധ്യാപകന് കുട്ടികൾക്ക് നൽകുന്ന അറിവാണ് ഏറ്റവും പ്രീയപ്പെട്ടത്.അങ്ങനെ ഞാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി അനാട്ടമി ലാബിലേക്ക് എത്തി.
അവർ എന്റെ ശരീരഭാഗങ്ങൾ വിശദമായി കീറിമുറിച്ച്‌ പഠിച്ചു. എന്റെ സന്തോഷത്തിന് അളവില്ലായിരുന്നു. പഠനത്തിനു ശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന്റെ പിന്നിലെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീടുള്ള എന്റെ ശരീരത്തിന്റെ അവസ്‌ഥ ആണ് ഞാൻ മുകളിൽ പറഞ്ഞത്.......
ഇപ്പോളും എന്റെ ആത്മാവ് സന്തോഷിക്കുന്നു. എന്റെ ശരീരം പാവം മിണ്ടാപ്രാണികൾക്ക് ഭക്ഷണം ആയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം....
എന്നെ പോലെ ചിന്തിക്കാത്ത ആത്മാക്കൾ വേറെയും കാണും... അവർ വേദനിക്കുന്നുണ്ടാവും ഈ കാഴ്ച്ച .പ്രീയപ്പെട്ടവർ അറിയാതെ എവിടെയെങ്കിലും ഒക്കെ വീണ് മരിച്ചവരും ഒക്കെ എന്റെ കൂട്ടത്തിൽ ഉണ്ടല്ലോ...ഞാൻ എന്ന ആത്‍മാവിന് ഇത് സന്തോഷം എങ്കിലും ഇനി ഈ കാഴ്ച ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
NB :ഇന്ന് പ്രഭാതത്തിൽ ഉമ്മറത്തേക്ക് എത്തിയ മാതൃഭൂമി ന്യൂസ് പേപ്പറിൽ വന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പിന്നിൽ അനാട്ടമി ലാബിൽ നിന്നും പുറം തള്ളിയ മൃതദേഹങ്ങൾ സംസ്ക്കരിക്കാതെ കൂട്ടിയിട്ട നിലയിൽ എന്ന വാർത്തയിലൂടെ ആ ശരീരങ്ങളുടെ ആത്മാക്കളെക്കുറിച്ചൊന്നു ചിന്തിച്ചു.....വെറുതെ
മഞ്ജു അഭിനേഷ് 7/6/2017, 9 :16 Pm

ഞാൻ കണ്ട ദൈവങ്ങൾ


ഞാൻ കണ്ട ദൈവങ്ങൾ
ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടെ ഒരു തർക്കത്തിന് വേണ്ടി അല്ല ഞാൻ ഇതെഴുതുന്നത്. ഞാൻ അറിഞ്ഞ ദൈവസാന്നിധ്യത്തെ കുറിച്ചു ഒന്നു എഴുതണം എന്നു തോന്നി .
ദൈവം എന്ന ശക്തി ഉണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ആരാധനാലയങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളോ രൂപങ്ങളോ ഒന്നും ദൈവം ഉണ്ട് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. പിന്നെ എന്തിനു ആരാധനാലയങ്ങളിൽ പോകുന്നു എന്ന് തീർച്ചയായും നിങ്ങൾ ചിന്തിക്കും. ഹിന്ദു വിശ്വാസത്തിൽ ജനിച്ച ഞാൻ ഒരിക്കൽ പോലും ആരാധനാലത്തിലെ വിഗ്രഹത്തെ നോക്കി പ്രാർത്ഥിച്ചിട്ടില്ല. അവിടുത്തെ അലങ്കാരങ്ങളും ദീപപ്രഭയും കണ്ണുകളിലേക്ക് എത്തുമ്പോൾ കിട്ടുന്ന ഒരു സുഖം.
അമ്പലമുറ്റത്തെ ശാന്തതയും നാമജപങ്ങളിൽ നിന്നും ഉയരുന്ന നാദത്തിൽ നിന്നും കിട്ടുന്ന ഒരു പോസിറ്റീവ് ഊർജ്‌ജം അതാണ് എന്റെ ആരാധനാലയ ദർശനത്തിന്റെ പിന്നിൽ.
ഇതു വായിക്കുന്ന കടുത്ത ഈശ്വരവിശ്വാസികൾ ഇപ്പോൾ ചിന്തിക്കും ദൈവം ഉണ്ട് എന്ന് ആദ്യം പറഞ്ഞു , പിന്നെ പറയുന്നു ആരാധനാലായങ്ങളിൽ ദൈവം ഇല്ല എന്ന്. ഞാൻ തിരിച്ചറിഞ്ഞ ദൈവം ചില മനുഷ്യരിൽ ആണ്.
ബാല്യത്തിൽ പാടത്ത് കേറ്റിയ വെള്ളത്തിലേക്ക് വീണ് മുങ്ങിത്താണ് കൊണ്ടിരുന്ന എന്നെ സ്വന്തം അവസ്ഥ പോലും മറന്നു രക്ഷപ്പെടുത്തിയ അയൽ വക്കത്തെ ഗർഭിണിയായ ചേച്ചിയിലൂടെ ആദ്യം ഞാൻ ദൈവത്തെ കണ്ടു......പിന്നീട് ഗുജറാത്തിൽ ഭർത്താവിനോടൊപ്പമുള്ള ഒരു ബൈക്ക് യാത്രയിൽ ആക്സിഡന്റിൽ പെട്ട ഞങ്ങളെ തക്ക സമയത്തു ആസ്പത്രിയിൽ എത്തിക്കുകയും പിന്നീട് ഒരു നന്ദി വാക്കു കേൾക്കുവാൻ കൂടി നിൽക്കാതെ എവിടേക്കോ പോയ ഒരു നല്ല മനുഷ്യൻ....ഇപ്പോളും ഗുജറാത്തിൽ പോയാൽ എന്റെ കണ്ണുകൾ തിരയാറുണ്ട് അന്ന് എന്റെ ഭർത്താവിന്റെ ജീവൻ രക്ഷിച്ച ആ ദൈവത്തെ....എവിടെ നിന്നു വന്നതെന്നോ എവിടേക്ക് പോയതെന്നോ അറിയാതെ......
വീണ്ടും ഈ കഴിഞ്ഞ വർഷവും ഞങ്ങളിലേക്ക് ദൈവത്തിന്റെ സാമീപ്യം എത്തി. എന്റെ ഇളയ മകളുടെ ജീവൻ രക്ഷക്കായി. പനി കൂടി ഫിറ്റ് വന്ന മകളെയും കൊണ്ട് അർദ്ധരാത്രിയിൽ കൈയിൽ ഒരു നാണയതുട്ട് പോലും ഇല്ലാതെ ഓടിയ ഞങ്ങൾക്ക് സഹായമായി അടുത്ത വീട്ടിലെ കോടീശ്വരൻ ആയ (കോടീശ്വരൻമ്മാർ പൊതുവെ അഹങ്കാരികൾ എന്നാണല്ലോ അറിയപ്പെടുന്നത് )ആൾ യാതൊരു അഹങ്കാര ഭാവവും ഇല്ലാതെ ആസ്പത്രിയിലേക്ക് ഞങ്ങളുടെ പിന്നാലെ തേടി പിടിച്ചു വന്നപ്പോൾ വീണ്ടും കണ്ടു ദൈവത്തെ.......
എന്റെ അനുഭവങ്ങൾ കൊണ്ടാവാം ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്. ദൈവം എന്നത് നന്മനിറഞ്ഞ മനുഷ്യരിലാണെന്ന്. ഭഗവാൻ ശ്രീ ധർമ്മശാസ്താവിനെ കാണാൻ ഇരുമുടി കെട്ടും കെട്ടി ശരണം വിളിയുമായി കാടും മേടും കടന്ന് ചെല്ലുമ്പോൾ എഴുതി വെച്ചിരിക്കുന്നു ....തത്വമസി എന്ന്.....
തത്വമസി എന്ന വേദ വാക്യത്തിലൂടെ "തത്‌" എന്ന നീയും "ത്വം" എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ പറയപ്പെടുന്നു. അതായത് "അത് നീയാകുന്നു". ഈശ്വരനെ കാണാനായി വൃതവും നോറ്റ് മലകളും ചവിട്ടി അവിടെ ചെന്ന് ആരെ ആണ് നമ്മൾ കണ്ടത് നമ്മളെ തന്നെ.....ഓരോ മനുഷ്യരുടെയും പ്രവർത്തിയിൽ ആണ് ദൈവം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്........അപ്പോൾ പിന്നെ എന്തിനു ആരാധനാലയങ്ങളിൽ പോയി ദൈവത്തെ വിളിച്ചു ആളുകൾ നിലവിളി കൂട്ടണം.....ചിന്തിച്ചു പോകുന്നു ഇങ്ങനെ ഓരോന്ന്......
മഞ്ജു അഭിനേഷ് 4/6/2017, 2 :12 Am

S S L C പരീക്ഷ

Image may contain: 1 person, closeup
ഇന്നലെ S S L C പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ പ്രിയതമന്റെ വക ഒരു ചോദ്യം.
ഡീ.... നീ ഓർക്കുന്നുണ്ടോ ....നിന്റെ റിസൾട്ട് വന്ന ദിവസം.
എന്റെ പൊന്നോ അങ്ങനെ മറക്കാൻ പറ്റുമോ.
ട്യൂഷൻ ക്ലാസ്സിലെ രാജേഷ് ചേട്ടന്റെയും, പ്രദീപ് ചേട്ടന്റെയും, ഹരിച്ചേട്ടന്റെയും, അനിൽചേട്ടന്റെയും, മോഹൻസാറിന്റെയും ഒക്കെ തല്ലിന്റെ ശക്തിയിൽ എങ്ങനെ ഒക്കെയോ പരീക്ഷ എഴുതി ദേവിക്ക് വഴിപാടും നേർന്ന് നോമ്പു നോറ്റിരുന്ന ദിവസങ്ങൾ.
സ്ഫടികത്തിലെ തിലകൻ സാർ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ കണക്കിന്റെ തലതൊട്ടപ്പനായ രാജേഷ് ചേട്ടനെ ഇന്നും കാണുമ്പോൾ നെഞ്ചിൽ ഒരു ആന്തലാ....കണക്കിന് എന്നെ ജയിപ്പിച്ചെടുത്തത്തിന്റെ മുഴുവൻ ക്രെഡിറ്റും രാജേഷ് ചേട്ടന് അർഹതപെട്ടതാണ്.
എന്റെ സംസാരം കേട്ടാൽ നിങ്ങൾക്ക് തോന്നും ബാക്കി വിഷയങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ചിരിക്കുവായിരുന്നോ എന്ന്. അതേ കുറിച്ചൊന്നും പറയാതിരിക്കുന്നതാ ഭേദം. അങ്ങനെ എങ്ങനെ ഒക്കെയോ പരീക്ഷ എന്ന കടമ്പ കഴിഞ്ഞു കിട്ടി.
റിസൾട്ട് വരുന്നതിന്റെ അന്ന് രാവിലെ പേപ്പർ വരുന്നതൊന്നും കാത്തു നിൽക്കാതെ അച്ഛൻ നാട്ടിലുള്ള കമ്പ്യൂട്ടർ സെന്റർ ലക്ഷ്യം വെച്ച് വെളുപ്പിനെ എന്റെ നമ്പറും വാങ്ങി പോയി.
അച്ഛാ പേപ്പറിൽ വരും അപ്പോൾ നോക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും
അച്ഛന് ഒരു ആവേശം പോലെ. സർവ്വ ദൈവങ്ങളിലും വിളിച്ചു പ്രാർത്ഥിച്ചു അച്ഛനെ നോക്കി വാതിൽക്കൽ തന്നെ നിലയുറപ്പിച്ചു.ദൂരെ നിന്ന് തന്നെ അച്ഛന്റെ വരവ് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു വിമ്മിട്ടം. വയറു വേദനയോ തലചുറ്റലോ അങ്ങനെ എന്തൊക്കെയോ. അച്ഛൻ വീടടുക്കാറായതും ഞാൻ ഓടി അടുക്കളേൽ പോയി പതുങ്ങി. ഉടനെ അമ്മേടെ വക ഒരു ഡയലോഗും ,
പഠിക്കാൻ പറയുമ്പോൾ മാസികയും നോക്കിയിരുന്നാൽ ഇങ്ങനെ കിടന്നു തെക്കോട്ടും വടക്കോട്ടും ഓടേണ്ടി വരും എന്ന്.ഇവിടെ പതുങ്ങി നിൽക്കണ്ട പോയി വാങ്ങിച്ചോ കിട്ടാനുള്ളത് എന്നു....
അമ്മയുടെ ഞാൻ പത്തിൽ മൊട്ടയിട്ടെന്നുള്ള പോലെ ഉള്ള വർത്തമാനം കേട്ടപ്പോൾ സഹിച്ചില്ല.
അപ്പോഴേക്കും അച്ഛൻ വീട്ടിൽ എത്തിയിരുന്നു. മുറ്റത്ത് നിന്ന് ഉച്ചത്തിൽ എന്നെ വിളിച്ചതും പതുങ്ങി പതുങ്ങി ചെന്ന് കിട്ടാനുള്ളത് ഒന്നു പോലും വിടാതെ കൈയോടെ വാങ്ങാന്ന് വെച്ചു ചെന്ന് നിന്നതും, തല കുനിച്ചു നിന്ന എന്റെ വായിലേക്ക് ഒരു ലഡു വെച്ചു തന്നിട്ട് കെട്ടിപ്പിടിച്ചു.
നടക്കുന്നതൊക്കെ സ്വപ്നം എന്ന് ഓർത്തു അച്ഛന്റെ മുഖത്തോട്ട് നോക്കുമ്പോൾ അച്ഛൻ പറഞ്ഞു ,നീ ജയിച്ചു എന്ന്....അനനുഭവിച്ച സന്തോഷം ഹോ....പറഞ്ഞറിയിക്കാൻ പറ്റില്ല.
പിന്നീട് പ്രീഡിഗ്രിക്ക് ചേർന്നതും ഇഷ്ടമില്ലാത്ത വിഷയം(4th group) അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തോടെ എടുത്തു തലേൽ വെച്ചതും റിസൾട്ട് വന്നപ്പോൾ എന്റെ അല്ല എന്ന് പറഞ്ഞു കൊണ്ട് മാർക്ക് ലിസ്റ്റ് തിരിച്ചു കൊടുത്തതും ഒക്കെ ഇന്നോർക്കുമ്പോൾ രസകരം.
ഡിഗ്രിക്ക് എന്റെ ഇഷ്ടവിഷയം ആയ ഹിസ്റ്ററി എടുത്ത് കുത്തിയിരുന്ന് പഠിച്ചിട്ട് 1st ക്ലാസ്സ് കിട്ടിയ മാർക്ക് ലിസ്റ്റും വാങ്ങി തുള്ളിച്ചാടി രസിച്ച ദിനങ്ങൾ.
ഇന്നിപ്പോൾ അന്നത്തെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചിരിയാണ് വരുന്നത്.തല്ലുകൊണ്ടു കുത്തിയിരുന്ന് പഠിച്ച സൈൻ തീറ്റയും കോസ് തീറ്റയും ബയോളജിയും കെമിസ്ട്രിയും ഫിസിക്‌സും ഒക്കെ അടുക്കളയിൽ സമ്പാറിലോ മത്തിക്കറിയിലോ ഒന്നും ചേർക്കാൻ പറ്റാതെ കൊഞ്ഞനം കുത്തുന്നു.
മഞ്ജു അഭിനേഷ് 6/5/2017, 12 :45 Pm

പ്രതികരിക്കുക

Image may contain: 1 person, closeup

പതിവിലും നേരത്തേ എഴുന്നേറ്റ് പല്ലും തേച്ചു കുളിയും വീട്ടുജോലിയും ഒക്കെ കഴിഞ്ഞു പ്രഭാതഭക്ഷണവും കയ്യിൽ പിടിച്ച് നേരെ വന്നു ടെലിവിഷൻ വെച്ചതും ഒരു ചാനലിൽ ഒരു സ്ത്രീ ഇരുന്നു വലിയ സ്റ്റൈയിലിൽ പറയുന്നു, ഞാൻ എന്റെ മക്കളുടെ പിറന്നാൾ ആഘോഷമൊക്കെ ഏതെങ്കിലും അനാഥാലയത്തിൽ വെച്ചാണ് ആഘോഷിക്കാറുള്ളതെന്ന്.എനിക്കതു കേട്ടപ്പോൾ കട്ടക്കലിപ്പാ വന്നത്. എന്തുകൊണ്ടോ എനിക്കാ പ്രവർത്തിയോട് ഒട്ടും താൽപ്പര്യം ഇല്ല. പല പ്രമുഖ വ്യക്തികളും ( സത് പ്രവർത്തി എന്നു അവർ വിശേഷിപ്പിക്കുന്ന) ഈ പറഞ്ഞ പ്രവർത്തി ചെയ്യാറുണ്ട്. എന്തിനാണ്‌ അനാഥരായവരുടെ മുൻപിൽ കൊണ്ട് പോയി കേക്ക് മുറിക്കലും ആശംസ അർപ്പിക്കലും ഒക്കെ ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ ആ പ്രവർത്തി അവർക്ക് വേദനയേറിയ അനുഭവം ആയിരിക്കും. ആശംസകൾ അർപ്പിച്ചു അവർ കൂടെ ചേരുമെങ്കിലും ഉള്ളിൽ അവർ അവരുടെ ആഘോഷങ്ങളുടെ നഷ്ടങ്ങളെ കുറിച്ചോർത്തു ദുഃഖിക്കുകയാവും. അതുകൊണ്ടു അത്തരം പ്രവർത്തികൾ ചെയ്യാതിരിക്കാനാണ് നമ്മൾ സനാഥർ ശ്രദ്ധിക്കേണ്ടത്. (ഇതു എന്റെ മാത്രം അഭിപ്രായമാണ്.) പിറന്നാൾ ദിവസം അങ്ങനെ ഉള്ളവർക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉള്ളവർ ഒരു നേരത്തെ ഭക്ഷണം കൊടുക്കുക. അവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് എന്തെങ്കിലും കലാപരിപാടികളോ കളികളോ ഒക്കെ നടത്തി ആ ദിവസം അവർക്ക് കുറച്ചു സന്തോഷം കൊടുക്കുക. അതാവും അവർക്ക് കൊടുക്കാൻ നമ്മെ കൊണ്ടു പറ്റുന്ന സ്നേഹം.ആ സമയത്തു അവരുടെ മനസ്സിനുണ്ടാകുന്ന സന്തോഷം ആവണം നമ്മുടെ പിറന്നാൾ സമ്മാനവും. ആ സമ്മാനം നമ്മുക്ക് ഈശ്വരൻ തരുന്നതാണ്. പിറന്നാൾ ആഘോഷമാണെന്നു അവരെ അറിയിക്കാതെ തന്നെ ആ പ്രവർത്തി ചെയ്യുന്നതാവും നല്ലത്‌.
എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് ഇങ്ങനൊക്കെ അല്ലേ പ്രതികരിക്കാൻ പറ്റൂ.... അങ്ങോട്ടു പ്രതികരിക്കുക തന്നെ അല്ലേ......😊
മഞ്ജുഅഭിനേഷ്, 6/5/2017,10 :15 Am

നിയോഗം

Image may contain: 1 person, selfie and closeup

നിമിഷ ഇൻബോക്സിൽ അയച്ചു കൊടുത്ത തന്റെ ഫോട്ടോക്ക് വന്ന മെസ്സേജിനു മറുപടി കൊടുത്തുകൊണ്ട് മൊബൈലിൽ നോക്കി പുഞ്ചിരിച്ചു....
എറണാകുളത്ത് IT മേഖലയിൽ ജോലി ചെയ്യുകയാണ് നിമിഷ. ഓർഫനേജിൽ വളർന്ന അവൾക്ക് തന്നെ ഉപേക്ഷിച്ചവരോടുള്ള വെറുപ്പ് കാരണം ആരോടും ഒരു സ്നേഹവും ഉണ്ടായിരുന്നില്ല.
കുറെ ക്യാഷ് ഉണ്ടാക്കണം. അതൊക്കെ അടിച്ചു പൊളിച്ചു ജീവിക്കണം. ഇതിപ്പോൾ തനിക്ക് ഫേസ് ബുക്കിൽ കൂടി കിട്ടിയ ഒരു ചുള്ളൻ ചെക്കൻ രഞ്ജനെ കാണാനുള്ള കണ്ണൂരിലേക്കുള്ള യാത്രയാണ്. തന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ എത്താമെന്നാണ് രഞ്ജൻ മെസ്സേജ് ചെയ്തത്. എന്തുകൊണ്ടോ രഞ്ജൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കൊണ്ടു കടന്നു വരികയായിരുന്നു. അവനോടുള്ള സ്നേഹം അവൾ ഇൻബോക്സിലൂടെ എല്ലാം അവനു കാട്ടി കൊടുത്തു. അവന്റെ ചില പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി തന്റെ കുറെ നാളത്തെ സമ്പാദ്യവും അവൻ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
മോളെ ഇതാ ഇതു കഴിച്ചോ.....
വാഴയിലയിൽ പൊതിഞ്ഞ അട മുന്നിലേക്ക് നീട്ടിക്കൊണ്ട് വിറയാർന്ന ഒരു കൈ നിമിഷക്കു നേരെ നീണ്ടുവന്നു.
ഇൻബോക്സിൽ രഞ്ജൻ പറഞ്ഞ കുസൃതികലർന്ന മെസ്സേജുകളിൽ ലയിച്ചിരുന്നപ്പോൾ അടുത്തു വന്നിരുന്നത് ആരെന്നോ, ട്രെയിൻ എവിടെ എത്തിയെന്നോ അറിയാതെ രഞ്ജന്റെ മായാവലയത്തിൽ പെട്ട് അവൾ പാറി നടന്നു.
മോളെ ഇതു കഴിക്കു വീണ്ടും ആ സ്വരം....
തന്നെ എന്തിനാ ഇങ്ങനെ ശല്യപ്പെടുത്തുന്നത് എന്ന മട്ടിൽ നിമിഷ ആ കൈയുടെ ഉടമയിലേക്ക് നോക്കി.
ഐശ്വര്യവും തറവാടിത്തവും മുഖത്തു നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന എഴുപത് കഴിഞ്ഞ ഒരു വൃദ്ധ. ആ പുഞ്ചിരിയും വാത്സല്യം നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ, നീട്ടിയ കൈ തട്ടിമാറ്റുവാൻ എന്തുകൊണ്ടോ നിമിഷക്കു തോന്നിയില്ല.
വെളുപ്പിനെ എഴുന്നേറ്റു ഞാൻ ഉണ്ടാക്കിയതാ......
നല്ല തേങ്ങായും ശർക്കരയും ഒക്കെ വഴറ്റി എടുത്തു ഉണ്ടാക്കിയതാ മോളെ, കഴിച്ചോ.....
ഇളയമകളുടെ വീട്ടിൽ പോകുവാ. അവിടെ നിന്നെ പോലെ ഒരു പേരക്കുട്ടി ഉണ്ടെനിക്ക്. ഞാൻ ഉണ്ടാക്കുന്ന അട അവൾക്കു ഒരുപാട് ഇഷ്ട്ടമാണ്. മോളെ കണ്ടപ്പോൾ എനിക്ക് അവളെ ആണ് ഓർമ്മ വന്നത്. മുത്തശ്ശി അട ഉണ്ടാക്കികൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോളും പറഞ്ഞു .
നിമിഷ മൊബൈൽ മാറ്റി വെച്ചു അവർ നീട്ടിയ അട വാങ്ങി കഴിച്ചു. പേരക്കുട്ടിയോടുള്ള സ്നേഹത്തിൽ കുഴച്ചു ഉണ്ടാക്കിയത് കൊണ്ടോ എന്നറിയില്ല നല്ല സ്വാദ്.
പിന്നെ ഓരോരോ കഥകൾ ചോദിക്കാതെ തന്നെ പറഞ്ഞു തുടങ്ങി ആ വൃദ്ധ. ഇടക്ക് രഞ്ജന്റെ മെസ്സേജിന്റെ ശബ്ദം വരുമ്പോൾ അവൾ ഫോൺ എടുത്തു നോക്കുമ്പോൾ എപ്പോളും ഇതും നോക്കി ഇരിക്കരുതെന്ന് പറഞ്ഞു ശാസന ആയി .
എവിടെയാ മുത്തശ്ശിക്ക് ഇറങ്ങേണ്ടതു? അധികാരം കൂടുന്നു എന്നു തോന്നിയപ്പോൾ നിമിഷ ചോദിച്ചു,
കണ്ണൂർ എന്നു മറുപടി.
ഈശ്വരാ താൻ ഇറങ്ങുന്ന സ്റ്റേഷനിൽ തന്നെ ആണല്ലോ. അവിടം വരെ ഇതു സഹിക്കേണ്ടി വരുമോ. നിമിഷ മനസ്സിൽ പറഞ്ഞു .
ഇതിനിടക്ക് ചില ഫ്രീക്കൻമാർ വന്നു അടുത്തേക്ക് ഇരുന്നതും ദേഷ്യത്തിൽ ആ മുത്തശ്ശി അവരെ ശാസിച്ചു. പെൺകുട്ടി ഇരിക്കുന്നത് കണ്ടു കൂടെ. ഇത്ര ചേർന്നിരിക്കാൻ, കുറച്ചു മാറി ഇരിക്ക്.
പതിയെ പതിയെ നിമിഷക്കു ആ സ്‌നേഹത്തിൽ ഒരു സുരക്ഷിതത്വം തോന്നിത്തുടങ്ങി .
ഇതിനിടക്ക് മുത്തശ്ശി മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും ഒക്കെ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. നാലു മക്കൾ ആണെന്നും, രണ്ടു മക്കൾ വിദേശത്തു ജോലി ആണെന്നും, ഇളയ മകൾ കണ്ണൂർ ആണ്‌ താമസിക്കുന്നതെന്നും, കഴിഞ്ഞ ദിവസം മൂത്ത മകന്റെ എന്തോ ആവശ്യത്തിനായി തന്റെ പേരിൽ ഉണ്ടായിരുന്ന വീടും സ്ഥലവും അവരുടെ പേരിലേക്ക് മാറ്റി എഴുതി എന്നുമുള്ള വിവരങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു .
ഇളയ മകളുടെ ഭർത്താവ് വിളിക്കാൻ സ്റ്റേഷനിൽ വരുമെന്ന് പറഞ്ഞാ മൂത്ത മകനും ഭാര്യയും കൂടി ട്രെയിൻ കേറ്റി വിട്ടത്. മരുമകൾ കരയുകയായിരുന്നു. അമ്മ വേഗം വരണമെന്ന് പറഞ്ഞ്...അവൾ പാവം....അതും പറഞ്ഞു കുറച്ചു കരഞ്ഞു.
രാത്രി ഒൻപതു മണിയോടെ ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു .നിമിഷ ആ മുത്തശ്ശിയുടെ ബാഗും എടുത്തു കയ്യിൽ പിടിച്ചു ട്രെയിനിൽ നിന്നും ഇറക്കി.
ആ കണ്ണുകൾ മരുമകന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ട്രെയിനിൽ നിന്നും ഇറങ്ങിയ ആളുകളും, ആളുകളെ കൂട്ടാനായി വന്ന എല്ലാവരും പോയി കഴിഞ്ഞിട്ടും മുത്തശ്ശിയെയും നിമിഷയെയും വിളിക്കാൻ ആരെയും കാണാൻ ഇല്ല. രഞ്ജന്റെ ഫോണിലേക്ക് കാൾ ചെയ്യുമ്പോൾ ഒക്കെ ഈ നമ്പർ നിലവിൽ ഇല്ല എന്ന വാക്കുകൾ കാതിലേക്കെത്തി.
മരുമകൻ വരും, വരാതിരിക്കില്ല, മോളു പൊയ്ക്കോ ഞാൻ ഇവിടെ ഇരുന്നോളാം. മുത്തശ്ശി പറഞ്ഞു.
ആ വാക്കുകളിൽ ഒരു വേദന തോന്നി നിമിഷക്ക്. ആരുടെയും ഫോൺ നമ്പറോ അഡ്രസ്സോ ഒന്നും ആ മുത്തശ്ശിക്ക് അറിഞ്ഞു കൂടെന്ന് അവരുടെ അതുവരെയുള്ള സംസാരത്തിൽ നിന്നും നിമിഷക്ക് മനസ്സിലായിരുന്നു.
നാഴികകൾ ഓടി അകന്നു. ആ മുത്തശ്ശിയെ തനിച്ചാക്കി പോകാൻ മനസ്സു വരാതെ നിമിഷ അവരുടെ കൂടെ ഇരുന്നു. ആ മുത്തശ്ശിയെ കൊണ്ടുപോകാൻ ആരും വരില്ലെന്ന് നിമിഷക്ക് മനസ്സിലായി. അതുവരെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവർ മൗനത്തിലേക്ക് വീണു. കുറച്ചു കഴിഞ്ഞു കൈയിൽ പൊതിഞ്ഞു പിടിച്ചിരുന്ന ചെറിയ പ്ളാസ്റ്റിക് പൊതി തുറന്നു മുഷിഞ്ഞ നൂറു രൂപാ നോട്ട് നീട്ടിക്കൊണ്ട് ആ മുത്തശ്ശി പറഞ്ഞു.
മോളെ ഇവിടെ ഏതെങ്കിലും വൃദ്ധസദനം ഉണ്ടെങ്കിൽ എന്നെ അവിടെ ഒന്നു കൊണ്ടുപോയി ആക്കിത്തരുമോ? ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല, മറിച്ച് നിർവികാരത ആയിരുന്നു. നിമിഷയുടെ കൈയിൽ അമർത്തി പിടിച്ചു ആ മുത്തശ്ശി. രഞ്ജനെ ഓർത്തു നിമിഷ കരഞ്ഞില്ല. ആ യാത്ര തനിക്കു ഈ സ്നേഹം സമ്മാനിക്കാനുള്ള ദൈവത്തിന്റെ കൽപ്പന എന്നു വിചാരിച്ച് ആ മുത്തശ്ശിയെ ചേർത്തുപിടിച്ച് നിമിഷ ഇരുന്നു. തിരികെ ഉള്ള യാത്രയ്ക്കായി...നിമിഷയുടെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരു യാത്ര.
മഞ്ജുഅഭിനേഷ്
തീയതി : 02/05/2017

എൻ പ്രണയം

Image may contain: 1 person, closeup

ഇന്നും നിൻ കാലോച്ച കേൾക്കുവാനായി
മെല്ലെ നടന്നു ഞാൻ തേടിടുമ്പോൾ
മുരളികയൂതി അരികിൽ വരൂ എൻ
ഘനശ്യാമമോഹനാം മുരളീധരാ
മഞ്ഞപ്പുടവയും ചുറ്റി വരും നിന്റെ
ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയിൽ
യമുന തൻ ഓളങ്ങൾ മിന്നിത്തിളങ്ങിയോ
അമ്പിളി പൂനിലാവെന്ന പോല
രാധ തൻ കാർമുകിൽ വർണ്ണനായ്
നീയന്ന് കേളികൾ ആടി നടന്നനേരം
നിൻ പ്രേമഭിക്ഷക്കായ് നോമ്പ് നോറ്റന്നൊരു
ഗോപികയായി ഞാൻ അലഞ്ഞു
ജന്മത്തിനപ്പുറം ഇന്നും ഞാൻ നിന്നുടെ
പിൻ വിളിക്കായി കാതോർക്കയായ്
കള്ളച്ചിരി പൊഴിച്ചിന്നും നീ എന്നുടെ
മുന്നിൽ വരാതെ മറഞ്ഞിരിപ്പോ
ഏഴ് ജന്മങ്ങൾക്കപ്പുറത്തും നിൻ
പ്രണയത്തിനായി ഞാൻ കാത്തിരിക്കാം
മഞ്ജു അഭിനേഷ് 19/4/2017 ,7:00 Am

അമൃത്

Image may contain: 1 person, closeup

കൊടിയ മണിമന്ദിരങ്ങൾ ഉയർത്തുവാൻ
അമ്മതൻ മേനിയെ കരിച്ചു തുടങ്ങുമ്പോൾ
മക്കളാം നമ്മൾ ചെയ്തിടും പാപത്താൽ
അമ്മയാം ധാത്രി വറ്റി വരണ്ടുവോ
അറിയുന്നതില്ലയോ അമ്മതൻ നൊമ്പരം
മക്കൾക്ക് നൽകുവാൻ അമൃതമില്ലാതിന്നു
കൊടിയ ദു:ഖത്തിൽ വലയുന്നു അമ്മയും
കരയുവാൻ പോലും മിഴിനീരില്ലാതിന്നു
ഉരുകി വരളുന്നു നമ്മുടെ പോറ്റമ്മ
ഒരു കൊച്ചു വേനൽ മഴക്കിന്നു ദാഹിച്ചു
കാത്തിരിക്കുന്നൊരീ അമ്മയാം ഭൂമിയും
ആ സ്നേഹദീപത്തിനു തണലിനായ്
നട്ടു വളർത്തിടാം വൃക്ഷലതാതികൾ
തിരികെപ്പിടിച്ചിടാം അമ്മതൻ ചൈതന്യം
ഹരിതാഭമാകട്ടെ അമ്മയാം ദേവിയും
ഹരിതവർണ്ണപ്പട്ട് ചുറ്റി ഒരുങ്ങിടും
അമ്മയാം ദേവി കുളിരണിഞ്ഞീടുമ്പോൾ
ആഹ്ലാദബാഷ്പം പൊഴിച്ചിടും അമ്മയും
മക്കൾക്കായ് തൻ മാറും ചുരത്തിടും
മഞ്ജു അഭിനേഷ് 17/4/2017 ,10 :58Am

നിഴൽ

Image may contain: 1 person, closeup

പൊന്നുഷസ്സിൽ ചേരുമെൻ സൗഹൃദം
മൗനമായ് എന്നോട് ചേർന്നിടും തോഴി
ചിരിതൻ കിലുക്കവും തേങ്ങലിൻ താളവും
കേൾക്കാതെ കൂടെ നടക്കുമെൻ തോഴി
പ്രണയത്തിൻ ചൂടും വിരഹത്തിൻ നോവും
എന്തെന്നറിയാതെ കൂടെയെൻ തോഴി
മധ്യാഹ്നചൂടിലെൻ പാദം പുണരുവാൻ
ഒരു കൊച്ചു തോഴിയായ് കൂടെ വരും
ജീവന്റെ പാതയിൽ മോഹത്തിൻ കൂട്ടായി
പിടയുന്നു എൻ പ്രിയ തോഴിയവൾ
മൂവന്തി ചെമ്പൂ വിരിയുന്ന വേളയിൽ
നേർവഴി കാട്ടി മുൻപേറുമെൻ തോഴി
എന്നോട് ചേർന്നു നടക്കുകയല്ലാതെ
എൻ മേലെയേറാൻ കൊതിക്കില്ല എൻ പ്രിയ
വെള്ളി വെളിച്ചത്തെ മൂടുവാനാകുമെന്ന
റിയാതെ കൂടെ നടക്കുമെൻ തോഴി
മഞ്ജു അഭിനേഷ് 15/4/2017 , 1 : 17 Pm

സൗഹൃദം❤


സൗഹൃദം
ഇന്ന് രാവിലെ ചില സാധനങ്ങൾ വാങ്ങാൻ വേണ്ടി ഒന്ന് പുറത്തു പോകേണ്ടി വന്നു .ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു .
കുറച്ചു കോളേജ് കുട്ടികൾ. ............അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും .ഞാൻ കേറിയ കടയിൽ നിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു .പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു .ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു .എല്ലാവരും വളരെ സന്തോഷത്തിലും ആണ് .കടയിൽ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് .അവർ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല .
എല്ലാവരുടെയും ചിന്ത പോലെ തന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി .വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് നൽകി .മറ്റെല്ലാ മുഖങ്ങളിലും ആ സഹതാപം നിറഞ്ഞു നിൽക്കുന്നു .
എനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബില്ല് അടച്ചു ഞാൻ ഇറങ്ങിയപ്പോൾ എന്റെ മുന്പിലായി തന്നെ അവരും ........എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ അവരെ പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .എന്റെ ചിന്ത അവരെ കുറിച്ച് മാത്രമായിരുന്നു .
ബസ്സ് സ്റ്റോപ്പിൽ ബസ്സിന്‌ വേണ്ടിയുള്ള കാത്തു നിൽപ്പിൽ
അവരും .എന്താണ് അവർ സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു .മൂകരും ബധിരരും ആയുള്ള ആളുകൾക്ക് വേണ്ടിയുള്ള വാർത്ത മാധ്യമത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിനു താഴെ എഴുതി വരുന്നതിൽ നിന്നും എന്താണ് അതിലെ ഉള്ളടക്കം എന്ന് ചെറുതായെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നു .
കാത്തു നിൽപ്പിനു ഒടുവിൽ ബസ്‌ വന്നു .എല്ലാവരും കയറി സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .ഞാൻ ആ കുട്ടികൾക്ക് പിന്നിലായിട്ടാണ് ഇരുന്നത് .ഞാൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവർ എന്നെ നോക്കി മെല്ലെ പുഞ്ചിരിച്ചു .ബസ് യാത്ര തിരിച്ചു .യാത്രക്കിടയിലും അവർ എല്ലാവരും അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു കൈ കൊട്ടി ചിരിക്കുന്നു .ആകെ ഉല്ലാസത്തിൽ യാത്ര .
എനിക്ക് ദൈവത്തോട് അവജ്ഞ തോന്നി .ഓരോരോ ജന്മങ്ങൾ.....എന്തിന് ഇങ്ങനെ ഉള്ള വിധികൾ നൽകുന്നു .ആ കാഴ്ച്ച വേദനിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ ശ്രദ്ധ പതുക്കെ മുഖപുസ്തകത്തിലേക്കു തിരിച്ചു .ആരൊക്കെയോ എഴുതിയ കഥകളും കവിതകളും മറ്റ് പോസ്‌റ്റുകളും ഒക്കെ വായിച്ചും കണ്ടും അവയ്‌ക്കൊക്കെ ലൈക്കും കമന്റും ഒക്കെ കൊടുത്തിട്ടു നോക്കുമ്പോൾ ആ കുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരു കുട്ടി ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി തയ്യാറായി നിൽക്കുന്നു .കൂട്ടുകാരോടു അവരുടെ ഭാഷയിൽ യാത്ര പറഞ്ഞു ആ കുട്ടി ഇറങ്ങിയതും ബസ് എടുത്തതും അത് വരെ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന മറ്റു കുട്ടികൾ നല്ല രീതിയിൽ സംസാരിക്കുന്നു .
എന്റെ അതിശയം കണ്ടിട്ടാവണം അതിൽ ഒരു കുട്ടി എന്നോട് പറഞ്ഞു ,
"ചേച്ചി അതിശയിക്കണ്ടാ ഈ കണ്ടതൊന്നും സ്വപ്നം അല്ല എന്ന് .അവൾ ഒഴിച്ചു ഞങ്ങൾക്ക് എല്ലവർക്കും സംസാരിക്കാനും കേൾക്കാനും ഒരു കുഴപ്പവും ഇല്ല .ഞങ്ങൾ സാധാരണ ഭാഷയിൽ സംസാരിച്ചാൽ അവൾക്കു മനസ്സിന് ഉണ്ടാകുന്ന വിഷമം ,അത് വേണ്ടാന്നു വെച്ച് അവളോട് കൂട്ടായ അന്ന് മുതൽ അവൾക്ക് വേണ്ടി ആ ഭാഷ ഞങ്ങൾ പഠിച്ചു എടുത്തതാണ് .അവൾ കൂടെ ഉള്ളപ്പോൾ ഞങ്ങൾ ആ ഭാഷയിലേ സംസാരിക്കാറുള്ളൂ എവിടെ ആയാലും .അവളെ മാത്രം ആളുകൾ സഹതാപത്തോടെ നോക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആണ് ........"
എനിക്ക് ആ കുട്ടികളോട് ഒരുപാട് സ്നേഹം തോന്നി .സൗഹൃദം എന്നാൽ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ.........കാര്യം കാണാൻ വേണ്ടി മാത്രം സൗഹൃദം ഉണ്ടാക്കുന്നവരോട് അവരെ കണ്ടു പഠി ക്കണം എന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നി .ദൈവത്തോട് ആ നിമിഷം എനിക്ക് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു ഇല്ലാതായി.....അവൾക്കായി ഈ നല്ല സൗഹൃദങ്ങൾ വിധിച്ചു നൽകിയതും ആ ഈശ്വരൻ തന്നെ അല്ലെ എന്ന് ആശ്വസിച്ചു............
(ഇത് എന്റെ ഭാവന ആണോന്നു ചിലർക്ക് തോന്നിയേക്കാം....ഒരിക്കലുംഇതെന്റെ ഭാവന അല്ല....അവരെ കുറിച്ച് എഴുതണമെന്ന് എനിക്ക് തോന്നി..എന്റെ സന്തോഷത്തിനു വേണ്ടി മാത്രം....കമന്റ് നോ ലൈക്കിനോ വേണ്ടി അല്ല. ഇത് വായിക്കുന്ന ഓരോരുത്തർക്കും മനസ്സിൽ തോന്നുന്ന സ്നേഹം അതാവട്ടെ അവർക്കു കിട്ടുന്ന അനുഗ്രഹവും.)
മഞ്ജു അഭിനേഷ് 7/4/2017 ,3 :03 Pm

മധുരിക്കും ഞാവൽ പഴങ്ങൾ


നാട്ടിൻപുറത്തേക്ക് താമസം മാറുമ്പോൾ മോളെ ഏതു സ്കൂളിൽ ചേർക്കണമെന്ന സംശയം ആയിരുന്നു മനസ്സിൽ. ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർദേശപ്രകാരം ഞാൻ പഠിച്ച സർക്കാർ വക സ്കൂളിൽ തന്നെ ചേർക്കാൻ തീരുമാനിച്ചു. അന്നത് ചേട്ടനും എനിക്കും കുറച്ചു വിഷമം തോന്നിയെങ്കിലും ഇപ്പോൾ അത് വലിയ ഒരു സന്തോഷത്തിന് വഴിയൊരുക്കിയപ്പോൾ ഓർമ്മകൾ എന്നിലേക്ക്‌ ഒഴുകിയെത്തുന്നു. വേദനിപ്പിക്കുന്ന ബാല്യകാല ഓർമ്മകൾ.
സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് മോൾക്കാണ് ലഭിച്ചത് എന്ന സന്തോഷത്തേക്കാൾ ഉപരി അത് എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ പേരിലുള്ള അവാർഡ് ആണെന്നു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ക്ലാസ്സിൽ എപ്പോളും ഒന്നാം സ്ഥാനത്തെത്തിയിരുന്ന അവളുടെ ഓർമ്മകളിലേക്ക് എന്റെ മനസ്സ് ഓടിയിറങ്ങി.
ഞാവൽപഴത്തെ ഒരുപാടു സ്നേഹിച്ച എന്റെ കൂട്ടുകാരി. സ്കൂളിലേക്ക് വരുമ്പോൾ വട്ടയില കുമ്പിൾ കുത്തി അതിൽ നിറയെ ഞാവൽ പഴം നിറച്ച്, കുളിച്ച് മഞ്ഞൾ പ്രസാദം നെറ്റിയിൽ തൊട്ട് അഴകാർന്ന ചുരുൾമുടിയിൽ തുളസിക്കതിർ ചൂടി വിടർന്ന കണ്ണുകളിൽ സ്നേഹം നിറച്ച് പുഞ്ചിരി തൂകി വരുന്ന എന്റെ കൂട്ടുകാരി.
അവളുടെ ചിരിക്ക് പിന്നിൽ മറഞ്ഞിരുന്ന ദു:ഖങ്ങൾ ഒക്കെ എന്റേത് കൂടി ആയപ്പോൾ ഞാനും അവളും ഒരു മനസ്സായി മാറിയിരുന്നു. സ്കൂളിലേക്ക് പോകുന്ന ഇടവഴിയിൽ വിതറിയിരുന്ന പഞ്ചാരമണലിൽ നിന്നും തേടി എടുക്കുന്ന അഭ്രങ്ങളും കുഞ്ഞു കുഞ്ഞു ശംഖുകളും അവളുടെ കയ്യിലേക്ക് നൽകിയിട്ട് വട്ടയിലയിൽ നിറച്ച ഞാവൽ പഴം നാവിലിട്ടു നുണഞ്ഞു നാവിൽ ഒട്ടിപ്പിടിക്കുന്ന അവയുടെ നീല നിറവും നോക്കി ചിരിച്ചുല്ലസിച്ച് അവളുടെ കൈകോർത്തു നടന്ന എന്റെ കുട്ടിക്കാലം.
പഠിക്കാൻ മിടുക്കിയായിരുന്ന അവൾ പലപ്പോഴും ഒരു അധ്യാപികയെ പോലെ എന്റെ സംശയങ്ങൾക്ക്‌ ഉത്തരം നൽകുമ്പോൾ അവളുടെ ഭാവഭേദങ്ങൾ കണ്ടാസ്വദിച്ച് ഞാൻ നോക്കിയിരിക്കുമായിരുന്നു. പരീക്ഷ കഴിയുമ്പോൾ ചോദ്യപേപ്പർ നിവർത്തിപിടിച്ച് ഓരോ ചോദ്യത്തിനുള്ള ഉത്തരങ്ങൾ പറഞ്ഞു "നീ എഴുതിയോ എന്ന് ചോദിക്കുമ്പോൾ" അവളെ ദേഷ്യം പിടിപ്പിക്കാനായി "അയ്യോ തെറ്റി" എന്ന് ഞാൻ പറയുമ്പോൾ "ഞാൻ ഇന്നലെയും നിനക്ക് പറഞ്ഞു തന്നതല്ലേ എന്നിട്ടും നീ തെറ്റിച്ചോടി പൊട്ടീ" എന്നു പറഞ്ഞ് ചെവിക്കു പിടിക്കുമ്പോൾ അവൾ എന്റെ കൂടെപ്പിറപ്പായി മാറും.
പിന്നീടെപ്പോളോ അവൾ എന്നിൽ നിന്ന് അകലാൻ തുടങ്ങിയപ്പോൾ മനഃപൂർവം എന്നോട് വഴക്കിട്ടപ്പോളും ഞാൻ അറിഞ്ഞില്ല അവൾ എന്നന്നേക്കുമായി എന്നിൽ നിന്നും അകലാനുള്ള തയ്യാറെടുപ്പ് ആയിരുന്നു അത് എന്ന്.
ആ ദിവസം സ്കൂളിൽ നിന്നും തിരികെ പോരുമ്പോൾ എന്റെ കൈപിടിച്ച് അവളുടെ നെഞ്ചോടു ചേർത്ത് യാത്ര പറഞ്ഞു പോകുമ്പോൾ തമാശപോലെ അവൾ പറഞ്ഞ വാചകം "നാളെ മരിച്ചില്ലെങ്കിൽ വീണ്ടും കാണാം" “നീ എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടോ" എന്ന എന്റെ ശാസനയിൽ പാതി കണ്ണടച്ച് ഒരു കള്ളച്ചിരി സമ്മാനിച്ച് അവൾ എന്റെ അരികിൽ നിന്നും നടന്നകന്നു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ ചേച്ചി വന്ന് അമ്മയോട് ആരോ മരിച്ചു എന്ന് പറഞ്ഞതും അമ്മ "ശബ്ദം താഴ്ത്തി അവൾ അറിയണ്ട എന്ന് പറഞ്ഞത്" കേട്ടുകൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്. അത് ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ അവർ സംസാരിച്ച് നിന്നിടത്തേക്കു ഓടിച്ചെന്നു. ആരാ അമ്മെ മരിച്ചത് ഞാൻ കേൾക്കേണ്ട എന്ന അമ്മ പറഞ്ഞല്ലോ എന്ന എന്റെ ചോദ്യത്തിന് മുന്നിൽ അമ്മയുടെ മുഖത്തെ വേദന ഞാൻ കണ്ടു. അമ്മയുടെ വാക്കുകളിൽ നിന്നും എന്റെ പ്രീയപ്പെട്ടവൾ എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുവെന്ന വാർത്ത കേട്ടതും അവസാനമായി അവൾ എന്നോട് പറഞ്ഞ വാക്കുകൾ അറം പറ്റിയതായി തോന്നി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിർവികാരയായി നിന്നു. ഭൂമി പിളർന്നു താഴേക്ക് പോകും പോലെ.
അവിടേക്ക് ഇപ്പോൾ പോകണ്ട എന്ന അമ്മയുടെ വാക്കുകൾ അനുസരിക്കാതെ പാടവരമ്പിലൂടെ ഓടി അവളുടെ വീട്ടിൽ എത്തുമ്പോൾ നിറഞ്ഞുനിന്ന ആൾകൂട്ടത്തിനിടയിൽ തൊടിയിലെ ഞാവൽ മരത്തിൽ തൂങ്ങി നിന്നാടുന്ന പ്രാണൻ വെടിഞ്ഞ അവളുടെ ശരീരം. നിലത്തു മുട്ടിനിൽക്കുന്ന കാലുകളിലൂടെ ഉറുമ്പുകൾ അവളുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കേറുന്നു. എന്റെ പ്രിയ കൂട്ടുകാരിയെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടു നിൽക്കുവാനുള്ള ത്രാണിയില്ലാതെ കണ്ണുകൾ നിറഞ്ഞ് ഞാൻ പിന്തിരിഞ്ഞോടുമ്പോൾ അവൾ എന്നെ പിറകിൽ നിന്ന് വിളിച്ചുവോ? “എന്നെ കൊന്നതാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുവോ?” അവളുടെ വിറയാർന്ന ശബ്ദം എന്റെ കാതുകളിൽ അലയടിച്ചുവോ?. എനിക്കറിയില്ല, ഒന്ന് മാത്രം അറിയാം എന്റെ ഞാവൽപ്പഴത്തിന്റെ കൂട്ടുകാരി ദൂരെ ദൂരെ എവിടെയോ എന്നെ നോക്കി ചിരിക്കുന്ന ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. ഇന്നും ഞാൻ ഓരോ രാത്രിയിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവീഥിയിൽ എന്റെ പ്രീയപ്പെട്ടവളെ ഒരുനോക്ക് കാണുവാനായി തിരയും. ഒരിക്കലും തിരികെ കിട്ടാത്ത എന്റെ ഞാവൽ പഴത്തിന്റെ സ്നേഹമധുരം.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
മഞ്ജു അഭിനേഷ്

ആയില്യം നാൾ


ഗ്രാമീണ ഭംഗി നിറഞ്ഞൊഴുകുന്ന മനോഹരമായ ഒരു നാട്. ആ നാട്ടിലെ നായർ തറവാട്ടിലെ സന്തതി ആണ് ആദിനാരായണൻ എന്ന ആദി. ചെറുപ്പത്തിൽ അമ്മ മരിച്ച അവനെ വളർത്തിയത് അച്ഛനാണ്.കോളേജ് പഠനം കഴിഞ്ഞു സ്വന്തമായി ബിസിനസ് ചെയ്യുകയാണ് ആദി.കുടുംബം നിലനിന്നു പോരാനായി അച്ഛൻ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും ആദിയുടെ ഭയം അവനെ അതിനനുവദിച്ചില്ല. അച്ഛന്റെ നിർബന്ധം കൊണ്ട് അവൻ വിവാഹത്തിനു സമ്മതം മൂളി. നിന്റെ ചിന്തകൾ അന്ധവിശ്വാസം ആണെന്ന കൂട്ടുകാരുടെ വാക്കുകൾ അവനു ശക്തി നല്കി.
ഡിസംബർ അടുക്കും തോറും ആദിയുടെ മനസ്സിന്റെ വിങ്ങലുകൾ കൂടി കൂടി വന്നു. ഉറക്കം തന്നെ നഷ്ടപ്പെട്ടിരുന്നു അവന്. ഉമ്മറത്തേക്കിറങ്ങുമ്പോൾ ഒക്കെ അവന്റെ കണ്ണുകൾ അറിയാതെ തന്നെ വടക്കേപ്പുറത്തെ സർപ്പക്കാവിലേക്കു ചെന്നെത്തും. സർപ്പത്തറയോട് ചേർന്ന് നിൽക്കുന്ന നിശാഗന്ധി. രാവിന്റെ സുന്ദരികൾക്ക് ചൂടുവാനായി വിരിയുന്ന പൂക്കൾ. അവയുടെ മനോഹാരിത മനസ്സിനെ അവിടേക്ക് ചെല്ലാനായി മാടി വിളിക്കുമെങ്കിലും ഉൾഭയം ആദിയെ അതിന് അനുവദിച്ചില്ല.
കോളേജ് രാഷ്ട്രീയവും കലാപ്രവർത്തനങ്ങൾക്കും ഇടയിൽ ആദിയുടെ മനസ്സിലേക്ക് എത്തപെട്ട പ്രണയത്തിന്റെ തീജ്വാലയാണ് അനുപമ. അവളെ ആണ് ആദി ജീവിതപങ്കാളി ആയി തിരഞ്ഞെടുത്തിരിക്കുന്നത്. കോളേജിൽ നിന്ന് പടിയിറങ്ങിയപ്പോൾ തന്റെ വാമഭാഗമായി നിന്നെ ഞാൻ സ്വീകരിച്ചുകൊള്ളാം എന്ന് അവളോട് പറയുമ്പോളും ആദിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങുന്നുണ്ടാരുന്നു. ഒടുവിൽ തന്റെ കുടുംബത്തിലെ ശാപത്തെക്കുറിച്ച് അവളോട് തുറന്നുപറയാൻ ആദി തീരുമാനിച്ചു.
ആ കഥ ആദി അവളോട് പറഞ്ഞുതുടങ്ങി. പണ്ടുകാലത്ത് തന്റെ കുടുംബത്തിലെ ഒരു കാരണവർ സർപ്പത്തിനെ ഇണചേരുന്ന സമയത്ത് കൊന്നുവെന്നും അതിന്റെ ശാപത്തിനാൽ കുടുംബത്തിലേക്ക് വിവാഹിതരായി വരുന്ന സ്ത്രീകൾക്ക് ആയുസ്സ്‌ കുറവാണ് എന്നും, ഒരു ആൺകുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ പിന്നെ അടുത്ത് വരുന്ന തുലാമാസത്തിലെ ആയില്യം നാളിനു മുൻപ് ആ സ്ത്രീ മരണം വരിക്കും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. തന്റെ അമ്മയും അങ്ങനെ ആണ് മരിച്ചത് എന്ന് ആളുകൾ പറയുന്നു. അതിലൊന്നും വിശ്വാസം ഇല്ലാതിരുന്ന അനുപമ അന്ധവിശ്വാസമാണ് ആദി അതൊക്കെ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ചിലപ്പോൾ അനുപമ പറഞ്ഞതാവും സത്യം എന്ന് അവൻ വിചാരിച്ചു.
ഹിമകണങ്ങളെ നെഞ്ചിലേറ്റി ഡിസംബറിലെ ആ ദിനം വന്നെത്തി. മുറ്റത്തു പന്തൽ ഉയർന്നു. ആദി അമ്മയുടെ ചിത്രത്തിന് മുൻപിൽ ദക്ഷിണ വെച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. തന്റെ മുന്നിൽ താലിക്ക്‌ വേണ്ടി തലതാഴ്ത്തി നിൽക്കുന്ന അവളുടെ കഴുത്തിലേക്കു താലി ചാർത്തുമ്പോളും ആദി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.
സന്തോഷത്തോടെ മാസങ്ങൾ കഴിഞ്ഞുപോയി. താൻ ഒരു അച്ഛനാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉൾഭയമാണുണ്ടായത് ആദിക്ക്. ഒന്നും സംഭവിക്കില്ലെന്ന അനുപമയുടെ വാക്കുകൾ അവനു ധൈര്യം നൽകി. കുട്ടി പെണ്ണാവണെ എന്ന് അവൻ പ്രാർത്ഥിച്ചു. എന്നാൽ ആദിയുടെ പ്രാർത്ഥന തെറ്റിച്ചുകൊണ്ട് അവർക്ക് ഒരു ആൺകുട്ടിയാണ് ഉണ്ടായത്. അനുപമക്കു ഒന്നും സംഭവിക്കാതിരിക്കാൻ സർപ്പപ്പാട്ടും പൂജയും ഒക്കെ എല്ലാ മാസവും കാവിൽ നടത്തി വന്നു. അതിനിടയിൽ ആദിയുടെ അച്ഛൻ മരിച്ചു.
അങ്ങനെ അടുത്ത തുലാമാസത്തിലെ ആയില്യം നാൾ വന്നെത്താറായി .എത്ര ശ്രമിച്ചിട്ടും ആദിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അനുപമ അവനെ ആശ്വസിപ്പിച്ചു. പക്ഷേ കുറച്ചു ദിവസമായി അനുപമയിൽ ചില മാറ്റങ്ങൾ. ഭക്ഷണത്തോട് വിമുഖത. ചില്ലറ ശാരീരിക അസ്വസ്ഥതകൾ ഒക്കെ വന്നു കൊണ്ടിരിക്കുന്നു. ഡോക്‌ടറിനെ കാണിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു. തിരുമേനിയെ കൊണ്ട് ചരട് ജപിച്ചു കെട്ടിച്ചു അനുപമക്ക്‌. പ്രത്യേക പൂജകളും ചെയ്യിച്ചു. ആയില്യം നാള് കഴിഞ്ഞു കിട്ടിയാൽ രക്ഷപെട്ടു, തിരുമേനി അനുപമയുടെ നക്ഷത്രം വെച്ച് നോക്കി പറഞ്ഞു.
ആയില്യം നാള് വന്നെത്തി. കാവിൽ സർപ്പപൂജക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സർപ്പക്കളങ്ങൾ ഒരുങ്ങി. പൂജാരിമാർ എത്തി. മന്ത്രങ്ങളും മണിയടിയും സർപ്പപ്പാട്ടും മുഴങ്ങി. മഞ്ഞൾ പൊടിയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. അങ്ങനെ ഭക്തി നിറഞ്ഞ ആ പൂജ അവസാനിച്ചു. സർപ്പങ്ങൾ സന്തോഷത്തിലാണ് ഒന്നും സംഭവിക്കില്ല എന്ന തിരുമേനിയുടെ വാക്കുകൾ ആദിയിൽ ആശ്വാസം ഉണ്ടാക്കി. എല്ലാം അന്ധവിശ്വസം എന്ന് മനസ്സിൽ ഉറപ്പിച്ചു. അന്ന് രാത്രിയിലും നിശാഗന്ധിയിൽ പൂക്കൾ വിരിഞ്ഞു. ഭയം മറന്ന് അന്നാദ്യമായി ആദി അവയെ തലോടി. സമാധാനമായി ഉറങ്ങു എന്ന അനുപമയുടെ വാക്കുകൾ അവനിലെ ഭയം എല്ലാം മായ്ച്ചു കളഞ്ഞു. സുഖമായി അവൻ ഉറങ്ങി.
പിറ്റേന്ന് നേരം പുലർന്നതും വീട്ടിലെങ്ങും അനുപമയെ കാണാനില്ല. അമ്പലത്തിലോ മറ്റോ പോയി കാണും എന്നവൻ വിചാരിച്ചു. രാവിലെ ഒരു ഗ്ലാസ്സ്‌ ചായ പോലും കിട്ടിയില്ലല്ലോ എന്നോർത്ത് അടുക്കളയിലേക്കു നടന്നതും വടക്കേപ്പുറത്ത് നിന്നും മുറ്റം അടിച്ചു വാരാനായി വരുന്ന ജാനകിയമ്മയുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു. അവൻ വടക്കേപ്പുറത്തേക്ക് ഓടി. അവിടെ കണ്ട കാഴ്ച ആദിയുടെ പ്രതീക്ഷകളെ ഒക്കെ തകർത്തു കളഞ്ഞു. സർപ്പക്കാവിലെ ശിലയിൽ തലതല്ലി അനുപമ മരിച്ചു കിടക്കുന്നു. സർപ്പശാപമോ അതോ പറഞ്ഞു കേട്ട കഥയിലെ പോലെ അനുപമയുടെ മനസ്സ് അങ്ങനെ ആയി മാറിയതോ.
മഞ്ജു അഭിനേഷ്

സോദര വിലാപം


ഇരുണ്ടൊരീ മുറിയിൽ നിന്നൊഴുകുമീ വേദന
നേർത്ത നിശ്വാസമായ് വന്നെത്തിടുമ്പോൾ.
ഹൃദയതന്തുക്കൾ തകർന്ന നിൻ കണ്ണുനീർ
എൻ ഉടലിനെയാകെ തളർത്തിടുന്നു.
എന്റെ സ്വപ്നങ്ങളെ നീചകരങ്ങളാൽ
പൊട്ടിച്ചെറിഞ്ഞ ദിനമിന്നിത്.
താതനായ് തഴുകിയ കൈകളാൽ നിന്നെ
കാമത്താൽ തല്ലി തകർത്തുവല്ലോ.
താരാട്ടുപാട്ടിനാൽ നിന്നെ ഉറക്കിയാ
മാതൃ ഹൃദയത്തെ നുറുക്കിയവൻ.
മദ്യമാം ലഹരിയാൽ ചെയ്തോരപരാധം
എന്നവൻ ഉച്ചത്തിൽ ചൊല്ലിടുമ്പോൾ.
നിന്റെയാ പുഞ്ചിരി കാണുവാനാകാതെ
എൻ മനമിന്നു വിതുമ്പിടുന്നു.
നമ്മുടെ താതനാണെങ്കിലും സോദരീ
നല്കിടും ഞാനിന്നു അന്ത്യയാത്ര.
മഞ്ജുഅഭിനേഷ്

കുട്ടിക്കാല ഓർമ്മ


മഴക്കാലമായാൽ കുട്ടനാട്ടിലെ എന്റെ വീട്ടിൽ വെള്ളം കേറുക എന്നത് പതിവായിരുന്നു. പമ്പയാറിന്റെ തീരത്താണ് വീട്. കുട്ടനാട് എന്ന് പറഞ്ഞാൽ തന്നെ വെള്ളം ആണ് ചുറ്റിനും. വെള്ളപൊക്കം വന്നാൽ അതും ഒരു ആഘോഷം ആയിരുന്നു ചെറുപ്പത്തിൽ. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വെള്ളം പൊങ്ങി തന്നെ കിടക്കും. പിണ്ടിച്ചങ്ങാടങ്ങൾ ഉണ്ടാക്കി അതിൽ കേറി കൂട്ടുകരോടൊത്തു ചാടി മറിഞ്ഞു കളിക്കും.
അച്ഛനും അമ്മയ്ക്കും ഒക്കെ ടെൻഷൻ ആണെങ്കിലും ഞാൻ വെള്ളപൊക്കം നല്ലപോലെ ആസ്വദിച്ചിരുന്നു. സ്കൂളിൽ പോകണ്ട എന്നതാണ് ഏറ്റവും വലിയ സന്തോഷം. സ്കൂളുകൾ ഒക്കെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി മാറും. അടുക്കളയിൽ പാതകത്തിന്റെ മുകളിൽ കേറി ഇരുന്നാണ് ഭക്ഷണം ഉണ്ടാക്കുക. മുറിയിൽ എല്ലാം പലകകൾ പാലം പോലെ നിരത്തി ഇടും. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുന്നത് ഈ പലകകളിൽ കൂടി ചവിട്ടിയാണ്. മീനുകൾ ഒക്കെ വീടിനുള്ളിലൂടെ വെള്ളത്തിൽ ഓടി നടക്കും. ജനലിന്റെ അഴിയിലൂടെ ചൂണ്ട ഇട്ടു മീൻ പിടിച്ചിരുന്നു. വെള്ളപ്പൊക്കത്തിനു മുന്നേ തന്നെ വീട്ടിലേക്കു ആവശ്യമായ സാധനങ്ങൾ ഒക്കെ വാങ്ങി വെക്കും. പച്ചക്കറികളും കടൽ മീൻ വില്പനക്കാരും ഒക്കെ ഉമ്മറപടിയിൽ സാധനങ്ങൾ കൊണ്ടുവന്ന് തരും. കൈയിൽ കാശുണ്ടെങ്കിൽ വെള്ളപൊക്കം അടിപൊളി.
രാത്രിയിലെ ഉറക്കമാണ് അതിലും മനോഹരം. കട്ടിലുകൾ ഇഷ്ട്ടികയുടെ മുകളിൽ കേറ്റി വെച്ച് അച്ഛനും അമ്മയും ചേട്ടനും അമ്മുമ്മയും കിടക്കും. എന്റെ സ്ഥാനം ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ ആണ്. അതാകുമ്പോൾ കുറച്ചു കൂടി പൊങ്ങി കിടക്കാമല്ലോ. ചേട്ടൻ പലതവണ അവിടെ കിടന്നോട്ടെന്നു ചോദിച്ചിട്ടും ആ സ്ഥാനം ഞാൻ വിട്ടു കൊടുത്തിരുന്നില്ല. മന്ത്രികസേരക്ക് വേണ്ടി രാഷ്ട്രീയക്കാർ അടിപിടികൂടുന്ന പോലെ ആ സ്ഥാനത്തിനായി ഞാനും ചേട്ടനും തമ്മിൽ അടികൂടിയിരുന്നു. ഞാൻ അച്ഛന്റെ ചെല്ലകുട്ടി ആയിരുന്നതിനാൽ എനിക്ക് തന്നെ ആ സ്ഥാനം കിട്ടിയിരുന്നു. ചേട്ടൻ ദൈവമേ ഇവള് താഴെ വീഴനേ എന്ന് പ്രാർത്ഥിച്ചു കട്ടിലിൽ കിടന്നുറങ്ങും.
അങ്ങനെ ഞാൻ ആറാം ക്ലാസ്സിൽ പഠിച്ചിരുന്നസമയത്തെ ഒരു വെള്ളപ്പൊക്ക കാലം. പകൽ മുഴുവൻ ഇരുന്നു പഴയ ബാലരമയെല്ലാം അരിച്ചു പെറുക്കി വായിച്ചു. അന്തരീക്ഷത്തെ കുറിച്ചും സൂര്യചന്ദ്രൻമ്മാരെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും എന്നെ ഏറെ ഭയപ്പെടുത്തിയിരുന്ന പറക്കും തളികയെ കുറിച്ചും ഒക്കെ അതിൽ ഉണ്ടായിരുന്നു. പത്രത്തിൽ എവിടെയെങ്കിലുംപറക്കും തളിക കണ്ടു എന്ന വാർത്ത കണ്ടാലേ പിന്നെ പുറത്തിറങ്ങാൻ പേടിയാണ്. മനുഷ്യരെയും മൃഗങ്ങളെയും ഒക്കെ പിടിച്ചു കൊണ്ട് പോകും എന്ന കഥകളും കേട്ടിരുന്ന കാലം.
ഡൈനിങ്ങ് ടേബിളിൽ ഷീറ്റ് വിരിച്ചു ഉറങ്ങാനായി കിടന്നു. പകല് വായിച്ച പറക്കും തളികയെ കുറിച്ചായി എന്റെ ചിന്ത. പേടികൊണ്ടു അമ്മയോട് കൂടെ കിടക്കാമോ എന്ന് ചോദിച്ചു. നീ കിടന്നുറങ്ങു പെണ്ണെ എന്നാ പേടിക്കാനാ എന്ന മറുപടി വന്നു. അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന എന്റെ കണ്ണുകളിലേക്ക്‌ മെല്ലെ ഉറക്കം വന്നു തുടങ്ങി. പുതപ്പിന്റെ ചൂടിൽ തവളകളുടെ കരച്ചിലും ചീവീടുകളുടെ താരാട്ടു പാട്ടു കേട്ട് ഞാൻ സുഖമായി. പെട്ടെന്നെനിക്ക് ശ്വാസം മുട്ടുന്നു. മൂക്കിലും വായിലും ഒക്കെ വെള്ളം കേറി. കണ്ണ് തുറന്ന ഞാൻ താഴെ വെള്ളത്തിൽ കിടക്കുന്നു. പുതപ്പും ഇട്ടിരുന്ന ഡ്രെസ്സും എല്ലാം വെള്ളത്തിൽ മുങ്ങി. താഴെ വീണ ശബ്ദം കേട്ട്അമ്മ വന്നു ലൈറ്റ് ഇട്ട് എന്നെ പൊക്കി കസേരയിൽ ഇരുത്തി. അപ്പോളാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്.
ബാലരമയിൽ വായിച്ചതിന്റ ബാക്കിയായി ഞാൻ കണ്ട സ്വപ്നത്തിൽ എന്റെ കൂട്ടുകാരായിരുന്ന ദീപ്തിയുടെയും രഞ്ചിതയുടെയും കൂടെ സ്കൂളിൽ കളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു പറക്കും തളിക വന്ന് എന്നെയും അവരെയും പൊക്കി എടുത്തു മുകളിലേക്ക് പൊങ്ങി. പേടിച്ചു വിറച്ചു അതിന്റെ അടിയിൽ തൂങ്ങിപ്പിടിച്ചു ഞങ്ങൾ ഞാന്നുകിടന്നു. കുറെ ദൂരം ചെന്നപ്പോളേക്കും വലിയ ഒരു കുന്ന് കണ്ടതും ഞങ്ങൾ താഴേക്കെടുത്തു ചാടി. കുട്ടനാട്ടിൽ കുന്നു പോയിട്ട് ഒരു പൊക്ക സ്ഥലം പോലും ഇല്ലെന്നുള്ളതൊക്കെ അറിഞ്ഞിട്ടെന്താ കാര്യം. ചാട്ടത്തിൽ ഞാൻ വന്നു വീണത് ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ നിന്ന് മുറിയിൽ കേറി കിടക്കുന്ന വെള്ളത്തിലേക്ക്. ആ ഒരു ചാട്ടതോടെ ഒരു കാര്യം നടന്നു . ചേട്ടന്റെ പ്രാർത്ഥന ഫലം കണ്ടു. എന്റെ ഡൈനിങ്ങ് ടേബിളിലെ സ്ഥാനം ചേട്ടന് കിട്ടി. പിന്നീട് എത്ര വട്ടം പുറകെ നടന്നിട്ടും ഒരു വെള്ളപ്പൊക്ക കാലത്തും എന്റെ സ്ഥാനം എനിക്ക് കിട്ടിയില്ല.
മഞ്ജുഅഭിനേഷ്

സാമൂഹ്യ പ്രവർത്തക


പാലായിലെ ഒരു പേരുകേട്ട ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് സൂസൻ. ഗൾഫിൽ നേഴ്‌സിങ് ആയിരുന്നു ജോലി. അവിടെ വെച്ചാണ് ജോണികുട്ടിയുമായുള്ള വിവാഹം നടക്കുന്നത്.അൻപതിനടുത്തു പ്രായം.
കുട്ടനാട്ടിലെ സാധാരണ കുടുംബത്തിലെ അത്താണി ആയിരുന്നു ജോണിക്കുട്ടി. ചില്ലറ കടങ്ങളൊക്കെ ഉണ്ടാരുന്നെങ്കിലും ഗൾഫിൽ ചെറിയ ഒരു ജോലിയും സമ്പാദിച്ചു വലിയകുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നപ്പോളാണ് സൂസനുമായുള്ള വിവാഹം നടക്കുന്നത്. ശരിക്കു പറഞ്ഞാൽ ജോണികുട്ടിയുടെ കടങ്ങളൊക്കെ വീട്ടി വിലക്കെടുക്കുകയായിരുന്നു സൂസന്റെ വീട്ടുകാർ. അതിനാൽ തന്നെ സൂസൻ ആയിരുന്നു അവരുടെ ജീവിതത്തിൽ മേലധികാരി. രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. അവരെ രണ്ടാളെയും വിവാഹം ചെയ്തു കൊടുത്തു. വിദേശത്തു ഭർത്താക്കന്മാരുടെ കൂടെ ആണ് അവർ. മക്കളുടെ വിവാഹവും മറ്റു ബാധ്യതകളും ഒക്കെ കഴിഞ്ഞു .
സൂസനും ജോണികുട്ടിയും എറണാകുളത്തു ഒരു സൊസൈറ്റിയിൽ ആണ് താമസം. ജോലിയെല്ലാം വിട്ടു രണ്ടാളും നാട്ടിലേക്കു ചേക്കേറി. സൂസൻ കുറച്ചു സാമൂഹ്യ പ്രവർത്തനമൊക്കെ ചെയ്യുന്നുണ്ട്. സൊസൈറ്റിയിൽ താമസിക്കുമ്പോൾ അങ്ങനൊക്കെ വേണമല്ലോ. എന്നാലല്ലേ ആളുകൾ തിരിച്ചറിയൂ. അതായിരുന്നു ഉദ്ദേശം. അവർ താമസിച്ചിരുന്ന സൊസൈറ്റിയുടെ പ്രസിഡന്റ് പദവിയും അങ്ങനെ സൂസൻ സ്വന്തമാക്കി. ജോണിക്കുട്ടി ഇപ്പോളും പഴയ കുട്ടനാട്ടുകാരൻ തന്നെ. എല്ലാവരുമായി ചങ്ങാത്തം കൂടി വലിയ പൊങ്ങാച്ചമൊന്നും ഇല്ലാതെ ഉള്ള ഒരു രീതി. സൂസന് അതൊന്നും പിടിക്കില്ല. ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടുണ്ട് സൂസൻ. അതനുസരിച്ചാണ് ജോണികുട്ടിയുടെ ജീവിതം.
സൂസൻ ഭയങ്കര തന്റേടി ആണ്. ആരെയും വകവെക്കാത്ത സ്വഭാവം. താൻ വലിയ സാമൂഹ്യ പ്രവർത്തകയാണെന്ന ഭാവം. സൂസന് ചേരുന്ന കുറച്ചു ആളുകളും ആ സൊസൈറ്റിയിൽ തമാസമുണ്ട്. ജോലി എല്ലാം കഴിഞ്ഞാൽ സൊസൈറ്റിയിൽ സ്ത്രീകളെല്ലാം കൂടി ഒത്തു കൂടുന്ന ഒരു ക്ലബ് ഉണ്ട്. അവിടെ ഒരാളില്ലങ്കിൽ അയാളുടെ കുറ്റങ്ങൾ പറച്ചിൽ തന്നെ പ്രധാന പണി.
ഇതിലൊന്നും പങ്കെടുക്കാതെ ആ സൊസൈറ്റിയിൽ താമസിക്കുന്ന ഒരു സ്ത്രീ ആണ് നന്ദിനി.മുപ്പത്തിഅഞ്ചിനോടടുത്തു പ്രായം.സാമാന്യം നല്ല സൗന്ദര്യവും ഉണ്ട്. അവരുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി. പ്രേമവിവാഹമായിരുന്നു അവരുടേത്. ഏതോ ഇല്ലത്തെ ആയിരുന്നു അവർ.ഒരു മുസ്ലീമിനെ ആണ് വിവാഹം കഴിച്ചത്. കുട്ടികൾ ഇല്ല. വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിനാൽ വീട്ടുകാർ ആരും തന്നെ അന്വേഷിക്കുന്നില്ല.ക്ലബിലെ പ്രധാന സംസാര വിഷയം അവരെ കുറിച്ചായിരുന്നു. സൊസൈറ്റിയിൽ ചില നിയമങ്ങൾ സൂസന്റെ വക ആയി ഏർപ്പെടുത്തിയിരുന്നു. ഒരൊറ്റ ഭിക്ഷാടകാരെ പോലും ആ സൊസൈറ്റിയിലേക്കു കടത്തില്ല. ആ സൊസൈറ്റിയിൽ താമസിക്കുന്നവരല്ലാത്തവരുടെ വണ്ടികൾ ചെക്ക് ചെയ്യാതെ ഉള്ളിലേക്ക് കടത്തി വിടില്ല.സൊസൈറ്റിയിൽ ഒരു സെക്യൂരിറ്റിയെ വെച്ചിട്ടുണ്ട്.
നന്ദിനിക്ക്‌ ഒരു ഐ ടി കമ്പനിയിൽ ആയിരുന്നു ജോലി. രാവിലെ ജോലിക്കുപോയാൽ പത്തുമണി ആവും വീട്ടിൽ എത്താൻ. ഭർത്താവിന്റെ അഭാവം അവരെ വല്ലാതെ തളർത്തിയിരുന്നു .സൊസൈറ്റിയിൽ ആരുമായും അവർക്കു ചങ്ങാത്തം ഉണ്ടായിരുന്നില്ല.
സൂസൻ എന്ത് സാമൂഹ്യ പ്രവർത്തി ചെയ്താലും അത് ആളുകൾ അറിയണമെന്ന് നിർബന്ധമാണ്.എന്ത് ചെയ്താലും അതിന്റെ ന്യൂസ് പത്രത്തിൽ ഫോട്ടോ സഹിതം കൊടുക്കുക എന്നതാണ് പ്രധാന പരിപാടി. പ്രായം കുറച്ചു കാണിക്കാനായി സൂസൻ കണ്ണാടിക്കു മുന്നിലിരുന്നു എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്ന സമയത്താണ് കോളിങ്‌ ബെൽ നിർത്താതെ അടിക്കുന്നത് കേട്ടത്.
"ജോണി അതാരണെന്നു നോക്കിക്കേ സൂസന്റെ കല്പ്പന."
ജോണിക്കുട്ടി പോയി വാതിൽ തുറന്നു. ബ്യൂട്ടിപാർലറിൽ നിന്ന് ഇറങ്ങി വന്ന പോലെ കുറെ രൂപങ്ങൾ. സൂസന്റെ ഫ്രണ്ട്സ് ആണ്. എല്ലാവരെയും വിസിറ്റിങ് റൂമിലേക്ക് സ്വാഗതം ചെയ്തു ജോണിക്കുട്ടി. സൂസനോട് പോയി ഫ്രണ്ട്സ് വന്നിരിക്കുന്നു എന്ന് പറഞ്ഞു. "ജോണി കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ "എന്ന് പറഞ്ഞു സൂസൻ വേഗം തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു വിസിറ്റിങ് റൂമിലെത്തി.
ഇടയ്ക്കു ജോണിക്കുട്ടി ശ്രദ്ധിച്ചപ്പോളാണ് മനസിലായത് അവരുടെ ചർച്ച നന്ദിനിയെ കുറിച്ചാണ്.
അസമയത്തു നന്ദിനി പുറത്തുപോകുന്നു തിരികെ ആരെയൊക്കെയോ കൂട്ടി കൊണ്ട് വരുന്നു. ആരാണെന്നു കണ്ടു പിടിക്കണം. സൊസൈറ്റിയിൽ അങ്ങനെ ഒരുത്തിയെ താമസിപ്പിക്കുന്നത് ശരിയല്ല. അവളുടെ പോക്ക് അത്ര നല്ലതല്ല എന്നു ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണെന്നു ചിലരുടെ അഭിപ്രായം. പിറ്റേന്ന് എല്ലാവരും കൂടി നന്ദിനിയുടെ വീട്ടിൽ പോയി സംസാരിക്കണം. അങ്ങനെ തീരുമാനിച്ചു ആ ചർച്ച അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയി.
അവർ പോയതും ജോണിക്കുട്ടി സൂസനോട് പറഞ്ഞു. ആ സ്ത്രീയെ കുറിച്ചു അങ്ങനെ ഒന്നും പറയരുത്. അവർ ഒരു നല്ല സ്ത്രീ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ അവരോടു സംസാരിച്ചിട്ടുണ്ട് . വളരെ നല്ല പെരുമാറ്റമാണ്.
നിങ്ങളോടു അഭിപ്രായം ഒന്നും ചോദിച്ചില്ല സൂസൻ അലറി.
അങ്ങനെ ഒരു ഞായറാഴ്ച്ച . പള്ളിയിൽ പോക്കൊക്കെ കഴിഞ്ഞു സൂസനും മറ്റു സ്ഥാനം അലങ്കരിക്കുന്നവരും കൂടി നന്ദിനിയുടെ വീട്ടിലെത്തി. കാര്യങ്ങൾ അന്വേഷിച്ചു. നന്ദിനി എല്ലാം നിഷേധിച്ചു. ഞങ്ങൾ നിന്റെ ജാരന്മ്മാരെ കയ്യോടെ പിടിക്കും എന്ന് വെല്ലുവിളിച്ചു കൊണ്ട് സൂസനും കൂട്ടരും തിരികെ പോന്നു. നന്ദിനി വെറുതെ ചിരിക്കുക മാത്രം ചെയ്തു.
കുറച്ചു ദിവസം എല്ലാവരും കാത്തിരുന്നിട്ടും നന്ദിനിയുടെ ജാരനെ പിടികിട്ടിയില്ല. അതിനായി പ്രത്യേകം ഒരു സെക്യൂരിറ്റിയെ തന്നെ നിയമിച്ചിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരുദിവസം സൂസന്റെ ഫോണിലേക്കു നന്ദിനിയുടെ അയൽവാസിയുടെ ഫോൺ വന്നു. രാത്രി ഒരുമണി കഴിഞ്ഞു കാണും. സൂസൻ ഫോൺ എടുത്തതും വേഗം "എല്ലാവരെയും കൂട്ടി എത്തു നന്ദിനിയുടെ വീട്ടിൽ ആരൊക്കെയോ വന്നിരിക്കുന്നു "നന്ദിനിയുടെ അയൽക്കാരി വനജയുടെ വാക്കുകൾ. സൂസൻ വേഗം തന്നെ മറ്റുള്ളവരെ ഒക്കെ വിളിച്ചു വിവരം അറിയിച്ചു. എല്ലാവരും കൂടി വേഗം നന്ദിനിയുടെ വീട്ടിൽ എത്തി.
വീടിന് മുന്നിൽ നന്ദിനിയുടെ വാൻ നിർത്തിയിട്ടിരിക്കുന്നു. അകത്തു ഒരു റൂമിൽ നിന്ന് വെട്ടം പുറത്തേക്കു കാണാം. വെളിയിൽ ലൈറ്റ് ഒക്കെ ഓഫ് ആക്കിയിരിക്കുന്നു. കുറച്ചു പേർ വീടിന്റെ പിന്നിലേക്ക് പോയി . പുറകിൽ കൂടി രക്ഷപെടാൻ പാടില്ല. സൂസനും സൊസൈറ്റിയുടെ സെക്രട്ടറിയും രണ്ടുമൂന്നു ആണുങ്ങളും കൂടി ചെന്ന് വാതിലിൽ മുട്ടി. അകത്തു ഹാളിൽ ലൈറ്റ് ഓൺ ആയി. വാതിൽ തുറന്ന് നന്ദിനി പുറത്തേക്കു വന്നു.
"ഇറക്കി വിടടീ നിന്റെ ജാരനെ" സൂസൻ ഉറക്കെ പറഞ്ഞു.
നന്ദിനി പുഞ്ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു. സൂസനും മറ്റ് ആളുകളും ഉള്ളിലേക്ക് കയറി. അവിടെ കണ്ട കാഴ്ച വളരെ ദയനീയം ആയിരുന്നു.
മേലാകെ വൃണം വന്ന ഒരു വൃദ്ധയായ സ്ത്രീയെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം കൊടുക്കുന്നു രണ്ടു പെൺകുട്ടികൾ. ഒരു യുവാവ് അവരുടെ വൃണങ്ങളിൽ ഒക്കെ മരുന്ന് പുരട്ടി കൊടുക്കുന്നു.
നന്ദിനി സൂസനോടും മറ്റു ആളുകളോടും ആയി ചോദിച്ചു. എന്താണ് നിങ്ങൾക്ക് അറിയേണ്ടത് . എന്റെ ജാരനെ കുറിച്ചാണോ. എങ്കിൽ കേട്ടോളു.
"ഞങ്ങൾ കുറച്ചു പേർ ചേർന്ന് റോഡിൽ രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതുപോലെ അവശരായവരെ കണ്ടെത്തി അവർക്കു വേണ്ട ചില കാര്യങ്ങൾ ചെയ്തു അവരെ വൃദ്ധസദനത്തിലേക്ക് മാറ്റും.എന്റെ ഭർത്താവ് തുടങ്ങി വെച്ച ഒരു നല്ലപ്രവർത്തിയാണ്‌. ജോലി കഴിഞ്ഞു ഞങ്ങൾക്ക് കിട്ടുന്ന സമയത്തു ചെയ്യുന്ന ഒരു ചെറിയ കാര്യം. അതാരെയും അറിയിക്കണമെന്നില്ല. ഒരു നേട്ടത്തിനും വേണ്ടി അല്ല.ഒരു മനഃസംതൃപ്തി അതിനു വേണ്ടി. സൊസൈറ്റിയിൽ ഭിക്ഷ എടുക്കുന്നവരെ കേറ്റരുതെന്ന നിയമം ഉള്ളതിനാൽ എല്ലാവരും ഉറങ്ങി കഴിഞ്ഞതിനു ശേഷം ഞങ്ങൾ സമയം കണ്ടെത്തുന്നു.ഈ പെൺകുട്ടികൾ ഒക്കെ എന്റെ കൂടെ ജോലി ചെയ്യുന്നവർ ആണ്. ഞാൻ തനിച്ചായതിനാൽ എന്റെ വീട് അതിനായി തിരഞ്ഞെടുത്തു."അതിന്റെ പേരിൽ നിങ്ങൾ ഒക്കെ എന്നെ തെറ്റിദ്ധരിച്ചാലും എനിക്ക് അതൊരു പ്രശ്നമല്ല,നിങ്ങൾ ചെയ്യുന്ന പ്രവർത്തങ്ങൾ മറ്റുള്ളവർ അറിയുന്നതിലൂടെ നിങ്ങൾക്ക് സംതൃപ്‌തി കിട്ടുന്ന പോലെ ഇതിലൂടെ ഞങ്ങളും സന്തോഷിച്ചോട്ടെ, സൂസന്നയോടായി നന്ദിനി പറഞ്ഞു.
നന്ദിനിയുടെ വാക്കുകൾ കേട്ട് സൂസന്റെ തല കുനിഞ്ഞു. വലിയ സാമൂഹ്യ പ്രവർത്തക എന്ന ഭാവത്തിൽ നടന്നിരുന്ന സൂസന്റെ അഹങ്കാരം അതോടെ ഇല്ലാതായി.പിന്നീട് നന്ദിനിയുടെ കൂടെ ചേർന്ന് സൂസന്നയും പ്രവർത്തിച്ചു തുടങ്ങി അനാഥർക്കു വേണ്ടി.
മഞ്ജുഅഭിനേഷ്

*പെറുക്കി*


രാവിലെ തന്നെ അമ്മയുടെ ഉച്ചത്തിലുള്ള പതം പറച്ചിൽ കേട്ടാണ് മനു കണ്ണ് തുറന്നത്. എന്നും രാവിലെ പതിവുള്ളതാണ് ഈ കരച്ചിൽ. ഇപ്പോൾ കേൾക്കാം അച്ഛന്റെ വക സത്യപ്രതിജ്ഞ.
"മോളെ നീ ആണേ നമ്മുടെ മോൻ ആണേ ഇനി ഞാൻ കുടിക്കില്ല".
അമ്മയുടെ തലയിൽ കൈവെച്ചു പറയും. അച്ഛന്റെ ആ സമയത്തെ സ്നേഹം കാണുമ്പോൾ അമ്മ എല്ലാം മറക്കും. എന്നും സത്യപ്രതിജ്ഞ കഴിഞ്ഞു അമ്മയെ സമാധാനിപ്പിച്ച് അച്ഛൻ പണി ആയുധങ്ങളും എടുത്തു വീട്ടിൽ നിന്നും ഇറങ്ങും. വൈകുന്നേരം ആകുമ്പോൾ മദ്യപിച്ചു ബോധമില്ലാതെ ഒരു കുപ്പിയും എളിയിൽ തിരുകി കേറി വരും.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മനുവിന്റെ വീട്ടിലെ സ്ഥിരം കാഴ്ചയാണ്. കെട്ടിടനിർമ്മാണം ആണ് അച്ഛന് തൊഴിൽ. മനുവിന്റെ അമ്മ വലിയ വീട്ടിലെ പെണ്ണായിരുന്നു. അമ്മയുടെ വീട്ടിൽ മതില് പണിയാൻ അച്ഛൻ പോയപ്പോൾ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. അച്ഛന്റെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോന്നതാണ് അമ്മ. കുറച്ചു സൗന്ദര്യവും ആരെയും വശീകരിക്കുന്ന വാക്സാമർത്ഥ്യവും ആണ്‌ അമ്മയെ അച്ഛനിലേക്ക് അടുപ്പിച്ചത്.
ആദ്യമൊക്കെ വലിയ സന്തോഷമായിരുന്നു ജീവിതം. പിന്നീടാണ് അച്ഛൻ മദ്യപാനശീലം തുടങ്ങിയത്. ഇപ്പൊ വന്ന് വന്ന് അത് മാത്രമായി ചിന്ത. വീട്ടിലേക്കുള്ള ചിലവിനുള്ളത് പോലും കൊണ്ടുവരാതെ ആയി. അമ്മ എങ്ങനെയൊക്കെയോ മനുവിനെ പട്ടിണിക്കിടാതെ വളർത്തുന്നു. ആസ്മയുടെ അസുഖമുള്ളതിനാൽ പണിക്കൊന്നും പോകാനും പറ്റില്ല അവന്റെ അമ്മക്ക്. അയൽവക്കത്തെ വീടുകളിൽ നിന്ന് കടം വാങ്ങി കുറച്ചു ദിവസങ്ങൾ തള്ളി നീക്കി. പിന്നെ പിന്നെ അവരും അമ്മയെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി.
സ്കൂളിലൊക്കെ മനുവിനെ കുട്ടികൾ അച്ഛന്റെ പേരും പറഞ്ഞ് കളിയാക്കുമ്പോളൊക്കെ അമ്മയുടെ അടുത്ത് വന്നു കരയും. അമ്മ അവനെ സമാധാനിപ്പിക്കും. അങ്ങനെ ദിവസങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ അമ്മ വല്ലാതെ വിഷമിച്ചു അടുക്കളയിൽ ഇരിക്കുന്നു. ഓലമേഞ്ഞ ഒരു കൊച്ചു വീടാണ് മനുവിന്റെ. മഴ വന്നാൽ ചോർന്നൊലിക്കും. മനു അടുത്തേക്ക് ചെന്നു.
"എന്താ അമ്മേ വിഷമിച്ചിരിക്കുന്നത്."
"ഒന്നും ഇല്ല മോൻ സ്കൂളിൽ പൊയ്ക്കോ. ഇന്ന് ഉച്ചക്ക് ഇത് കഴിച്ചോളൂ" എന്ന് പറഞ്ഞ് കുറച്ചു അവൽ എടുത്തു അവന്റെ കയ്യിലേക്ക് കൊടുത്തു. അമ്മയുടെ ഭാവത്തിൽ നിന്ന് അവന് കാര്യം മനസിലായി. വീട്ടിൽ ഒന്നും ഉണ്ടാക്കാനുള്ള സാധനം ഇല്ല.
മനസ്സില്ലാ മനസ്സോടെ അവൻ സ്കൂളിൽ പോയെങ്കിലും അവന്റെ ചിന്ത മുഴുവനും അമ്മയെ കുറിച്ചായിരുന്നു. ആകെ ഉണ്ടായിരുന്ന അവൽ ആണ് അമ്മ തനിക്കു കഴിക്കുവാൻ തന്നുവിട്ടത്. അമ്മ ഇനി എന്ത് കഴിക്കും. ക്ലാസ്സ്‌ നടക്കുമ്പോളും അതായിരുന്നു അവന്റെ ചിന്ത. അച്ഛൻ മദ്യപിക്കുന്നതിന്റെ ഇടയിൽ എന്തെങ്കിലും ഒക്കെ കഴിക്കും. വീട്ടിൽ വന്ന് കുറെ ഒച്ചയിടും. എന്നിട്ടു കിടന്നുറങ്ങും. മനുവും അമ്മയും എന്തെങ്കിലും കഴിച്ചോ എന്നൊന്നും അന്വേഷണമില്ല.
സ്കൂളിൽ നിന്ന് തിരിച്ചു വന്ന മനു വീടിന്റെ പുറകിലെ തൊണ്ടും ചിരട്ടയും ഒക്കെ ഇടുന്ന ചെറിയ ഷെഡ്ഢിലേക്കു കയറി എന്തോ പരതുന്നു. കൈയിൽ ഒരു ചെറിയ ചാക്കും ഉണ്ട്‌.
"മനു നീ എന്താ മോനെ നോക്കുന്നത്" അമ്മ അവനോടു ചോദിച്ചു.
"അമ്മ കഞ്ഞിക്കു വെള്ളം അടുപ്പത്തു വെച്ചോളൂ". മനു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇവനെന്താണ് പറ്റിയതെന്ന് ചോദിച്ചു കൊണ്ട് അമ്മ പിന്നിലേക്ക് വന്നതും മനുവിനെ അവിടെയെങ്ങും കാണ്മാനില്ല.
ചാക്ക് കെട്ടും തൂക്കി മനു വേഗത്തിൽ നടന്നു. ചാക്കിന്റെ ഭാരം അവന്റെ കാലുകളെ തളർത്തുന്നുണ്ടെങ്കിലും അവൻ സർവ്വശക്തിയും എടുത്ത് ചാക്കും തൂക്കി നടന്നു. സന്ധ്യ കഴിഞ്ഞിരിക്കുന്നു, വേഗം ചെന്നില്ലെങ്കിൽ കട അടച്ചിട്ടു അണ്ണാച്ചി പോകും. അവൻ വേഗത്തിൽ നടന്നു കുപ്പിയും പാട്ടയും പഴയ പത്രങ്ങളും ഒക്കെ എടുക്കുന്ന അണ്ണാച്ചിയുടെ ആക്രി കടയിൽ എത്തി.
അണ്ണാച്ചി കട പൂട്ടാൻ പോകുന്നു. "മാമാ കടപൂട്ടല്ലേ ഇതും കൂടി"
മനു ഓടിച്ചെന്ന് കൈയിൽ ഇരുന്ന ചാക്ക് അണ്ണാച്ചിയുടെ മുന്നിലേക്ക് കുടഞ്ഞിട്ടു. അച്ഛൻ കുടിച്ചിട്ട് തൊണ്ടുപുരയിലേക്ക് വലിച്ചെറിയുന്ന മദ്യകുപ്പികൾ ആയിരുന്നു അത് മുഴുവനും.
"ഇതെടുത്തിട്ട് എനിക്ക്‌ ഇതിനുള്ള കാശ് താ മാമ" എന്ന് അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അണ്ണാച്ചി കുപ്പിയെല്ലാം തൂക്കി എടുത്തു അതിനുള്ള വില അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
കൈയിൽ കിട്ടിയ കാശും കൊണ്ട് കടയിൽ കയറി അരിയും വാങ്ങി അവൻ വേഗം വീട്ടിലേക്കു ഓടി. എവിടുന്നാ നിനക്ക് അരി വാങ്ങാൻ കാശ്? അമ്മ അവനോടു ചോദിച്ചു.
"ഞാൻ മോഷ്ടിച്ചതല്ലമ്മേ അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു". അവന്റെ കരച്ചിൽ കണ്ടിട്ട് അമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല. അമ്മ കഞ്ഞി വെച്ച് മനുവിന് കൊടുത്തു. അമ്മയും കഴിക്കൂ അവൻ പറഞ്ഞു. അച്ഛൻ അപ്പോളേക്കും മദ്യക്കുപ്പിയും എളിയിൽ തിരുകി എത്തി. എന്തൊക്കെയോ ഒച്ചവെച്ചിട്ട് കൈയിൽ കരുതിയ കുപ്പിയും കാലിയാക്കി. മനു വേഗം ചെന്ന് ആ കുപ്പി വലിച്ചെറിയുന്നതിനു മുൻപേ തന്നെ കൈയിൽ വാങ്ങി തൊണ്ടുപുരയിലെ ഒരു മൂലയ്ക്ക് വെച്ചിരുന്ന കാർഡ്ബോർഡ് പെട്ടിയിലേക്കു എടുത്തു വച്ച് സൂക്ഷിച്ചു വെച്ചു. മനുവിന്‌ അരി വാങ്ങാനുള്ള കാശ് എവിടുന്നു കിട്ടി എന്ന് അവന്റെ പ്രവർത്തിയിൽ നിന്ന് അമ്മക്ക് മനസ്സിലായി. അവരുടെ കണ്ണുകൾ നിറഞ്ഞു. "അമ്മ വിഷമിക്കേണ്ട ഞാൻ അരി വാങ്ങിയല്ലോ പിന്നെ എന്തിനാ കരയുന്നത്".
നിഷ്കളങ്കമായി അവൻ ചോദിച്ചു.
പിന്നീടുള്ള ഓരോ ദിവസവും വഴിയിൽ വീണു കിടന്നു കിട്ടുന്ന മദ്യക്കുപ്പികൾ സ്കൂൾ വിട്ടു വരുന്ന വഴി മനു പെറുക്കി കൊണ്ടുവന്ന് സൂക്ഷിച്ചു വെക്കും. അച്ഛൻ വരുന്നതും നോക്കി അവൻ നോക്കിയിരിക്കും. അച്ഛൻ കൊണ്ടുവരുന്ന മദ്യക്കുപ്പി കാലിയായതും ഉടനെ എടുത്തു ആ കാർഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ചുവെക്കും. കൂട്ടുകാർ അങ്ങനെ അവന് പെറുക്കി എന്ന പേരും ഇട്ടു. അവനു അതൊരു നാണക്കേടായി തോന്നിയില്ല. അമ്മയെ പട്ടിണി കിടത്തരുത് എന്നത് മാത്രമായിരുന്നു അവന്റെ ചിന്ത. മദ്യം ഉള്ളടത്തോളം കാലം ആ അമ്മക്കും മകനും ഇനി പട്ടിണിക്ക് ചെറിയ തോതിലെങ്കിലും ഒരു ആശ്വാസം ഉണ്ടാകും എന്നാശിക്കാം.
By Manju Abhinesh

ഭൂമിക്ക് സ്വന്തം


പൊൻപുലരിയിൽ വിടരും മലരേ
മഞ്ഞു വീണിടും നിൻ വദനത്തെ
ചുംബനത്താൽ മിനുക്കിടാനായി
വന്നിടുന്നല്ലോ അർക്കരശ്മികൾ
അമ്മതൻ കയ്യിലാടിക്കളിച്ചീടും
നിന്നെ സ്നേഹത്താൽ താരാട്ടുപാടുവാൻ
നിൻ ദളങ്ങളെ പുല്കീടുവാനായി
വന്നിടുന്നല്ലോ തെന്നലാം തോഴനും
നിന്റെ നെഞ്ചിൽ നിറഞ്ഞൊഴുകുമീ
അമൃതമൊന്നു നുകർന്നിടാനായി
വർണ്ണ വർണ്ണ ചിറകുകൾ വീശി
വന്നിടുന്നല്ലോ ശലഭമാം തോഴികൾ
നിന്നുടെ ശോഭയാർന്നൊരീ മേനിയെ
മെല്ലെ മെല്ലെ കുളിരണിയിക്കുവാൻ
കൈക്കുടന്നയിൽ തെളിനീരുമായി
വന്നിടുമല്ലോ വർഷമേഘങ്ങളും
നിന്നെ ഒന്ന് കൈകളിലാക്കുവാൻ
മുത്തി മുത്തി ചുവപ്പിക്കുവാൻ
കുഞ്ഞിളം കൈകളും നീട്ടി
വന്നിടുന്നല്ലോ സുന്ദരിപ്പെണ്ണവൾ
നിന്റെ കാല് തളരുന്ന വേളയിൽ
അമ്മ നിന്നെ അടർത്തി മാറ്റുന്നു
എന്റെ മാറിലേക്കെത്തുന്ന നിന്നെ
ഞാനുടൻ നെഞ്ചോട് ചേർത്തീടാം
💕💕💕💕💕💕💕💕💕💕💕
മഞ്ജു അഭിനേഷ്

നാട്ടിൻപുറത്തെ നന്മകൾ


പുലർച്ചെ വടക്കേപുറത്തു നിന്നും പൂവാലൻ കോഴിയുടെ ഉണർത്തു പാട്ടു കേട്ടാണ് മാളവിക കണ്ണ് തുറന്നത്.അടുക്കളവശത്തു നിന്നും നല്ല കട്ടൻകാപ്പിയുടെ മണം മൂക്കിലേക്കെത്തിയതും പുതപ്പിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി.അവധിക്കാലം തറവാട്ടിൽ മുത്തശ്ശനോടും മുത്തശ്ശിയോടും കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ അമ്മയുടെ കൂടെ മുംബൈയിൽ നിന്നും എത്തിയതാണ് മാളവിക.
അഞ്ചുവയസ്സിൽ നാട്ടിൽ നിന്നും അച്ഛന്റെയും അമ്മയുടെയും കൂടെ മുംബൈയിലേക്ക് പോയതാണ്.രണ്ടു വർഷം കൂടുമ്പോൾ വരുമെങ്കിലും അവധിക്കാലം ആഘോഷിക്കാനുള്ള വരവ് ഇതാദ്യം.പ്ലസ് ടു കഴിഞ്ഞതിനാൽ ടെൻഷൻ ഇല്ലാതെ കളിക്കാം.ദീപാവലി വെക്കേഷൻ വരുമ്പോളാണ് നാട്ടിലേക്കു എത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ദീപാവലി അത്ര വലിയ ആഘോഷം അല്ലാത്തതിനാൽ തന്നെ ആ സമയത്ത് ചെറിയമ്മയുടെ കുട്ടികളെയോ അമ്മാവന്റെ കുട്ടികളെയോ ഒന്നും കളിയ്ക്കാൻ കൂട്ട് കിട്ടാറില്ല.അവരൊക്കെ പഠിത്തത്തിൽ ആയിരിക്കും കൂടുതൽ സമയവും.
ഏതായാലും ഈ അവധിക്കാലം എല്ലാവരുടെയും കൂടെ അടിപൊളി ആക്കണം അങ്ങനെ വിചാരിച്ചു അടുക്കളയിലേക്കെത്തി.അമ്മയും അമ്മായിയും ഇരുന്നു ചക്ക അടത്തിക്കൊണ്ടു ഇരിക്കുന്നു.രാവിലെ ചക്ക വേയിക്കാനുള്ള പുറപ്പാടിലാണ് രണ്ടാളും.പല്ലുതേക്കാനായി ഉമ്മിക്കരിയും എടുത്തു
അടുക്കളയുടെ പുറകിലത്തെ വാതിലിൽ കൂടി പുറത്തേക്കിറങ്ങി മാളവിക.നാട്ടിൽ എത്തിയാൽ നാടൻ രീതിയിൽ ഉമിക്കരി ഇട്ടാണ് പല്ലു തേപ്പ്.
മുറ്റത്തു പ്രാവിൻ കൂട്ടങ്ങൾ ഓടി നടക്കുന്നു.മുറ്റത്തേക്ക് മുത്തശ്ശി ഇട്ടുകൊടുത്ത പൊടിയരികൾ കൊത്തിപ്പെറുക്കുകയാണ്.എന്നും അതൊരു പതിവായിരുന്നതിനാൽ അവറ്റകൾക്കു ഭയമൊന്നും ഇല്ല.മുത്തശ്ശി അവറ്റകൾക്കു കൊടുക്കുവാനായി തന്നെ പൊടിയരി എടുത്തു വെക്കും.പറമ്പിലേക്കു പതുക്കെ നടന്നതും പുറകിൽ നിന്നും അമ്മായിയുടെ വിളി,
മാളു പറമ്പിലേക്കൊന്നും പോകണ്ട.ആ പൊട്ടൻ വിജയൻ അവിടെ എവിടെയെങ്കിലും പമ്മി നിൽപ്പുണ്ടാവും.കുട്ടികളെ കണ്ടാൽ ഓടി വരും.ഒന്നും ചെയ്യില്ലെങ്കിലും വിശ്വസിക്കാൻ പറ്റില്ല .പൊട്ടനല്ലേ എന്താ എപ്പോള തോന്നുകാന്നു പറയാൻ പറ്റില്ല.ചെവി കേൾക്കുന്നതിന് കുഴപ്പമൊന്നും ഇല്ലെങ്കിലും അങ്ങനെയാ എല്ലാരും വിളിക്കുക.
അത് കേട്ടതും പറമ്പിലേക്കുള്ള സ്റ്റെപ്പ് ഇറങ്ങാതെ തിരിച്ചു മുറ്റത്തു തന്നെ നിന്ന് പല്ലു തേച്ചു.കിണറ്റ് കരയിൽ പോയി മുഖവും വായും കഴുകി തിരിച്ചു അടുക്കളയിലേക്കു ചെന്നതും ഒരു വലിയ ഗ്ലാസ്സ് നിറയെ കട്ടൻ കാപ്പി എടുത്തു അമ്മായി മാളവികയുടെ കയ്യിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു, എന്നും കട്ടൻ കാപ്പിയുടെ മണമടിക്കുമ്പോളെ അടുക്കള പുറത്തുണ്ടാവും ആ പൊട്ടൻ.
എല്ലാവീട്ടിൽ നിന്നും രാവിലെ കട്ടൻ കാപ്പി കുടിക്കാൻ വരും.
മാളവികയുടെ ആലോചന പൊട്ടൻ വിജയനെ കുറിച്ചായി.മുത്തശ്ശിയോട് ചോദിച്ചു.അതൊരു പാവം,സംസാരശേഷി ഇല്ല .രാവിലെ വന്നു മുറ്റത്തെ കരിയിലയൊക്കെ പെറുക്കി കളയും.കട്ടൻ കാപ്പി വാങ്ങി കുടിച്ചു പൊയ്‌ക്കോളും.നിന്റെ അമ്മായിക്കു ഇഷ്ടമല്ല.മുത്തശ്ശി അമ്മായി കേൾക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.അപ്പോളേക്കും കട്ടൻ കാപ്പി കുടിക്കാനായി വിജയൻ മുറ്റത്തേക്കെത്തി.മാളവിക ഓടി അടുക്കളയിലേക്കു പോയി.കാപ്പി എടുത്തു കൊണ്ടുവന്നു കൊടുത്തു. അതും വാങ്ങി കുടിച്ചു മാളവികയെ മൊത്തത്തിൽ ഒന്ന് നോക്കി.ചെറിയതായി ഒന്ന് പുഞ്ചിരിച്ചു.ആ നോട്ടം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായില്ല മാളവികക്ക്‌.മുത്തശ്ശി പറയുന്ന പോലെ അല്ല അയാളുടെ നോട്ടം കണ്ടില്ലേ .പെൺകുട്ടികളെ കണ്ടിട്ടില്ലാത്ത പോലെ മാളവിക മുത്തശ്ശിയോട് ദേഷ്യത്തിൽ പറഞ്ഞു.മുത്തശ്ശി വെറുതെ ചിരിക്കുക മാത്രം ചെയ്തു.
കാപ്പി കുടിച്ചതും വിജയൻ കുറെ ചാക്കും കഷത്തിൽ വെച്ച് പോയി.ആട്ടി ഓടിക്കാത്തവരുടെ ആരുടെയെങ്കിലും വീടിന്റെ തിണ്ണയിലാണ് ആളുടെ കിടപ്പ്.ചാക്കുവിരിച്ചാണ് കിടക്കുക.ഒരു മുണ്ടു മാത്രമാണ് വേഷം.തലമുടി ഒക്കെ വളർന്നു താടിയും ഒക്കെ വളർത്തി ഒരു രൂപം.ഒരു മുപ്പത്തിഅഞ്ചിനോടടുത്തു പ്രായം കാണും.എവിടെ നിന്ന് വന്നു എന്ന് ആ നാട്ടിൽ ആർക്കും അറിയില്ല.ചിലർക്കൊക്കെ നല്ല സഹായി ആണ്.മുത്തശ്ശിക്കും മുത്തശ്ശനും വലിയ കാര്യമാണ്.വിറകു കീറിയും കടയിൽ പോയി സാധനങ്ങൾ വാങ്ങിയും ഒക്കെ സഹായങ്ങൾ ചെയ്തു പോന്നു.ചിലരൊക്കെ ആഹാരവും ഇടക്കൊക്കെ പഴയ മുണ്ടും കൊടുക്കും.ആരോടും ഒന്നും ചോദിച്ചു വാങ്ങില്ല.ചിലർ ജോലിചെയ്യിച്ചിട്ടു ആട്ടി ഓടിക്കും.
ചെറിയമ്മയും കുട്ടികളും ഉച്ചയോടെ എത്തി.പിന്നെ അവരുടെ കൂടെ കളിയായി മാളവിക.വലിയ പെണ്ണായിട്ടും പെണ്ണിന്റെ കുഞ്ഞുകളി മാറിയിട്ടില്ല അമ്മ അമ്മായിയോട് അടുക്കളയിൽ ഇരുന്നു പറഞ്ഞു.മാളവിക അതൊന്നും ശ്രദ്ധിച്ചില്ല .അമ്മയുടെ സ്ഥിരം പല്ലവിയാണ്.ഉച്ച ഊണിന്റെ സമയം ആയി.എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വിജയൻ എത്തി. മുറ്റത്തു വന്നു നോക്കി നിക്കുന്നു.
മുത്തശ്ശൻ പറഞ്ഞു വിജയനും കൂടി ചോറ് കൊടുക്ക്.അമ്മായിക്ക് ദേഷ്യമായി.മുത്തശ്ശനെ ധിക്കരിക്കാനും പറ്റില്ല.വരാന്തയുടെ മൂലയിലേക്കു ഒരു ഇല ഇട്ടു അതിലേക്കു ചോറും കറികളും വിളമ്പി.അമ്മായി മാറിയതും വിജയൻ വന്നു ഊണ് കഴിക്കാൻ തുടങ്ങി.
അമ്മായി അടുക്കളയിൽ നിന്നു പിറുപിറുത്തുകൊണ്ടിരുന്നു.അമ്മാവൻ ചെന്നു എന്തോ പറഞ്ഞതും അമ്മാവിയുടെ പിറുപിറുക്കൽ നിന്നു.വിജയൻ ഊണ് കഴിഞ്ഞു ഇലയുമെടുത്തു എഴുന്നേറ്റു പോയി കൈ കഴുകി.പിന്നാമ്പുറത്തു പോയി അവിടെ കിടന്ന വിറക്കുമുഴുവനും ആരും പറയാതെ തന്നെ കീറി ഇട്ടു.എന്നിട്ടു പറമ്പിലേക്ക് പോയി അവിടെ വീണുകിടക്കുന്ന കൊടംപുളിയൊക്കെ പെറുക്കി എടുത്തു അടുക്കള പുറത്തു കൊണ്ടുവന്നിട്ടു.എന്തൊക്കെ ചെയ്താലും അമ്മായിക്ക് ഇഷ്ടമല്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം അമ്മായി വിജയനോട് ഉച്ചത്തിൽ ദേഷ്യപ്പെടുന്നത് കേട്ടാണ് മാളവിക ഉറക്കമുണർന്നത് .കാരണം തിരക്കിയപ്പോൾ പറമ്പിലെ വൈക്കോൽ തൊറുവിന്റെ അടിഭാഗം മുഴുവനും വലിയ ഒരു വടി എടുത്തു കുത്തിക്കൊണ്ടിരിക്കുവാരുനെന്നു പറഞ്ഞു അമ്മായി.കുറച്ചു ദിവസമായി മാളവികയും കാണുന്നതാണ്. മാളവികക്കു ദേഷ്യമായി.തങ്ങളുടെ കളി സ്ഥലമാണ് വിജയൻ കൈ അടക്കി വെച്ചിരിക്കുന്നത്.കുറെ വഴക്കു കേട്ടിട്ട് വിജയൻ പോയി.എങ്കിലും മിക്ക സമയത്തും ആ വൈക്കോൽ തൊറുവിനെ ചുറ്റിപ്പറ്റി നടന്നു .
മാളവികയും കുട്ടികളും കളിക്കാൻ അവിടേക്ക് ചെന്നാൽ പേടിപ്പിച്ചു ഓടിക്കും.മാളവികക്കു ദേഷ്യം ആയി.തരം കിട്ടുമ്പോൾ ഒക്കെ കല്ല് പെറുക്കി മാളവികയും കുട്ടികളും കൂടി വിജയനെ ഏറിയും.മുത്തശ്ശിയോ മുത്തശ്ശനോ കണ്ടാൽ വഴക്കുപറയും.എത്ര ഏറു കിട്ടിയാലും ആ വൈക്കോൽ തൊറുവിന്റെ അടുത്ത് നിന്ന് മാറില്ല.മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് നിക്കും.ഒരു ദിവസം അമ്മായിയുടെ ചെറിയ മോൻ ഉണ്ണി കുട്ടൻ കളിച്ചു കളിച്ചു വൈക്കോൽ തൊറുവിന്റെ അടുത്തേക്ക് ചെന്നു.അവന്റെ ബോൾ അതിന്റെ അടിയിലേക്ക് പോയിരുന്നു അതെടുക്കാൻ ആയി ഉണ്ണിക്കുട്ടൻ കുനിഞ്ഞതും പുറകിൽ കൂടി ചെന്ന് വിജയൻ ഉണ്ണിയെ പൊക്കി എടുത്തു.തങ്ങളെ കളിപ്പിക്കാൻ സമ്മതിക്കാത്ത വിജയന് നല്ല അടിവാങ്ങി കൊടുക്കണം. തൻ്റെ അവധിക്കാലം നശിപ്പിക്കുന്നതിനു പകരം ചോദിക്കാൻ ഇത് തന്നെ അവസരം.മാളവിക ഓടി ചെന്ന് അമ്മാവനെയും അമ്മായിയെയും വിളിച്ചോണ്ടു വന്നു.
അമ്മാവൻ വിജയനെ പൊതിരെ തല്ലി.കൊച്ചു കുട്ടികളെ തല്ലുന്ന പോലെ ആണ് അമ്മാവൻ തല്ലുക.കൊച്ചു കുട്ടിയെ പോലെ തിരിച്ചൊരു പ്രതികരണവും ഇല്ലാതെ അവിടെ നിന്ന് തല്ലു മുഴുവനും കൊണ്ടു.മുത്തശ്ശൻ വന്നു അമ്മാവനെ വഴക്കു പറഞ്ഞു.വിജയൻ വീണ്ടും വൈക്കോൽ തൊറുവിന്റെ അടുത്തേക്ക് തന്നെ പോയി.
പിറ്റേന്ന് നേരം പുലർന്നപ്പോൾ മാളവിക എഴുന്നേറ്റു പുറത്തു വന്നതും കണ്ട കാഴ്ച വൈക്കോൽ തൊറുവിനു ആരോ തീ ഇട്ടിരിക്കുന്നു .അതിനടുത്ത മാവിൻ ചുവട്ടിൽ ആളുകൾ കൂടി നിക്കുന്നു.അവിടേക്ക് ചെന്ന മാളവിക ആ കാഴ്ച കണ്ടു ഞെട്ടി.വായിൽ നിന്നും നുരയും പതയും വന്നു ശരീരമാകെ നീലിച്ചു വിജയൻ മരിച്ചു കിടക്കുന്നു.
മുത്തശ്ശി പറഞ്ഞു പാമ്പു കൊത്തിയതാണെന്ന്.വൈക്കോൽ തൊറുവിന്റെ അടിയിൽ പാമ്പുണ്ടാരുന്ന് എന്ന്.അതുകൊണ്ടാണ് അവിടേക്ക് ആരെയും അടുപ്പിക്കാതെ കാവലിരുന്നത്.അമ്മാവൻ കുളത്തിൽ പോയി കുളിച്ചു വരുമ്പോളാണ് വിജയൻ വൈക്കോൽ തൊറുവിനു തീ ഇടുന്നതു കണ്ടത്.ദേഷ്യത്തിൽ അമ്മാവൻ അടിക്കാനായി ചെന്നപ്പോൾ കണ്ടു അതിനടുത്തു ഒരു പാമ്പിനെ കൊന്നിട്ടിരിക്കുന്നു.വിജയൻ മാവിൻ ചുവട്ടിൽ തളർന്നിരുന്നു.അമ്മാവൻ ഓടി തറവാട്ടിൽ വന്നു കാര്യം പറഞ്ഞു.എല്ലാവരും ഓടി ചെന്നപ്പോളേക്കും വിജയന്റെ ജീവൻ അവസാനിച്ചിരുന്നു.
വിജയനെ മനഃപൂർവം ദ്രോഹിച്ചതോർത്തു മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മുത്തശ്ശി അവളെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.നാട്ടിൻ പുറത്തെ നന്മകൾ ആണ്‌ വിജയനെ പോലെ ഉള്ളവർ.ആ നന്മകളെ അധിക്ഷേപിക്കരുത് .നഗരങ്ങളിൽ കാണാത്ത ഒരുപാടു നന്മകൾ ഉണ്ട് നാട്ടിൻപുറങ്ങളിൽ.
*മഞ്ജുഅഭിനേഷ്*

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo