ഗ്രാമീണ ഭംഗി നിറഞ്ഞൊഴുകുന്ന മനോഹരമായ ഒരു നാട്. ആ നാട്ടിലെ നായർ തറവാട്ടിലെ സന്തതി ആണ് ആദിനാരായണൻ എന്ന ആദി. ചെറുപ്പത്തിൽ അമ്മ മരിച്ച അവനെ വളർത്തിയത് അച്ഛനാണ്.കോളേജ് പഠനം കഴിഞ്ഞു സ്വന്തമായി ബിസിനസ് ചെയ്യുകയാണ് ആദി.കുടുംബം നിലനിന്നു പോരാനായി അച്ഛൻ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും ആദിയുടെ ഭയം അവനെ അതിനനുവദിച്ചില്ല. അച്ഛന്റെ നിർബന്ധം കൊണ്ട് അവൻ വിവാഹത്തിനു സമ്മതം മൂളി. നിന്റെ ചിന്തകൾ അന്ധവിശ്വാസം ആണെന്ന കൂട്ടുകാരുടെ വാക്കുകൾ അവനു ശക്തി നല്കി.
ഡിസംബർ അടുക്കും തോറും ആദിയുടെ മനസ്സിന്റെ വിങ്ങലുകൾ കൂടി കൂടി വന്നു. ഉറക്കം തന്നെ നഷ്ടപ്പെട്ടിരുന്നു അവന്. ഉമ്മറത്തേക്കിറങ്ങുമ്പോൾ ഒക്കെ അവന്റെ കണ്ണുകൾ അറിയാതെ തന്നെ വടക്കേപ്പുറത്തെ സർപ്പക്കാവിലേക്കു ചെന്നെത്തും. സർപ്പത്തറയോട് ചേർന്ന് നിൽക്കുന്ന നിശാഗന്ധി. രാവിന്റെ സുന്ദരികൾക്ക് ചൂടുവാനായി വിരിയുന്ന പൂക്കൾ. അവയുടെ മനോഹാരിത മനസ്സിനെ അവിടേക്ക് ചെല്ലാനായി മാടി വിളിക്കുമെങ്കിലും ഉൾഭയം ആദിയെ അതിന് അനുവദിച്ചില്ല.
കോളേജ് രാഷ്ട്രീയവും കലാപ്രവർത്തനങ്ങൾക്കും ഇടയിൽ ആദിയുടെ മനസ്സിലേക്ക് എത്തപെട്ട പ്രണയത്തിന്റെ തീജ്വാലയാണ് അനുപമ. അവളെ ആണ് ആദി ജീവിതപങ്കാളി ആയി തിരഞ്ഞെടുത്തിരിക്കുന്നത്. കോളേജിൽ നിന്ന് പടിയിറങ്ങിയപ്പോൾ തന്റെ വാമഭാഗമായി നിന്നെ ഞാൻ സ്വീകരിച്ചുകൊള്ളാം എന്ന് അവളോട് പറയുമ്പോളും ആദിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങുന്നുണ്ടാരുന്നു. ഒടുവിൽ തന്റെ കുടുംബത്തിലെ ശാപത്തെക്കുറിച്ച് അവളോട് തുറന്നുപറയാൻ ആദി തീരുമാനിച്ചു.
ആ കഥ ആദി അവളോട് പറഞ്ഞുതുടങ്ങി. പണ്ടുകാലത്ത് തന്റെ കുടുംബത്തിലെ ഒരു കാരണവർ സർപ്പത്തിനെ ഇണചേരുന്ന സമയത്ത് കൊന്നുവെന്നും അതിന്റെ ശാപത്തിനാൽ കുടുംബത്തിലേക്ക് വിവാഹിതരായി വരുന്ന സ്ത്രീകൾക്ക് ആയുസ്സ് കുറവാണ് എന്നും, ഒരു ആൺകുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ പിന്നെ അടുത്ത് വരുന്ന തുലാമാസത്തിലെ ആയില്യം നാളിനു മുൻപ് ആ സ്ത്രീ മരണം വരിക്കും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. തന്റെ അമ്മയും അങ്ങനെ ആണ് മരിച്ചത് എന്ന് ആളുകൾ പറയുന്നു. അതിലൊന്നും വിശ്വാസം ഇല്ലാതിരുന്ന അനുപമ അന്ധവിശ്വാസമാണ് ആദി അതൊക്കെ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ചിലപ്പോൾ അനുപമ പറഞ്ഞതാവും സത്യം എന്ന് അവൻ വിചാരിച്ചു.
ഹിമകണങ്ങളെ നെഞ്ചിലേറ്റി ഡിസംബറിലെ ആ ദിനം വന്നെത്തി. മുറ്റത്തു പന്തൽ ഉയർന്നു. ആദി അമ്മയുടെ ചിത്രത്തിന് മുൻപിൽ ദക്ഷിണ വെച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. തന്റെ മുന്നിൽ താലിക്ക് വേണ്ടി തലതാഴ്ത്തി നിൽക്കുന്ന അവളുടെ കഴുത്തിലേക്കു താലി ചാർത്തുമ്പോളും ആദി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.
സന്തോഷത്തോടെ മാസങ്ങൾ കഴിഞ്ഞുപോയി. താൻ ഒരു അച്ഛനാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉൾഭയമാണുണ്ടായത് ആദിക്ക്. ഒന്നും സംഭവിക്കില്ലെന്ന അനുപമയുടെ വാക്കുകൾ അവനു ധൈര്യം നൽകി. കുട്ടി പെണ്ണാവണെ എന്ന് അവൻ പ്രാർത്ഥിച്ചു. എന്നാൽ ആദിയുടെ പ്രാർത്ഥന തെറ്റിച്ചുകൊണ്ട് അവർക്ക് ഒരു ആൺകുട്ടിയാണ് ഉണ്ടായത്. അനുപമക്കു ഒന്നും സംഭവിക്കാതിരിക്കാൻ സർപ്പപ്പാട്ടും പൂജയും ഒക്കെ എല്ലാ മാസവും കാവിൽ നടത്തി വന്നു. അതിനിടയിൽ ആദിയുടെ അച്ഛൻ മരിച്ചു.
അങ്ങനെ അടുത്ത തുലാമാസത്തിലെ ആയില്യം നാൾ വന്നെത്താറായി .എത്ര ശ്രമിച്ചിട്ടും ആദിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അനുപമ അവനെ ആശ്വസിപ്പിച്ചു. പക്ഷേ കുറച്ചു ദിവസമായി അനുപമയിൽ ചില മാറ്റങ്ങൾ. ഭക്ഷണത്തോട് വിമുഖത. ചില്ലറ ശാരീരിക അസ്വസ്ഥതകൾ ഒക്കെ വന്നു കൊണ്ടിരിക്കുന്നു. ഡോക്‌ടറിനെ കാണിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു. തിരുമേനിയെ കൊണ്ട് ചരട് ജപിച്ചു കെട്ടിച്ചു അനുപമക്ക്. പ്രത്യേക പൂജകളും ചെയ്യിച്ചു. ആയില്യം നാള് കഴിഞ്ഞു കിട്ടിയാൽ രക്ഷപെട്ടു, തിരുമേനി അനുപമയുടെ നക്ഷത്രം വെച്ച് നോക്കി പറഞ്ഞു.
ആയില്യം നാള് വന്നെത്തി. കാവിൽ സർപ്പപൂജക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സർപ്പക്കളങ്ങൾ ഒരുങ്ങി. പൂജാരിമാർ എത്തി. മന്ത്രങ്ങളും മണിയടിയും സർപ്പപ്പാട്ടും മുഴങ്ങി. മഞ്ഞൾ പൊടിയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. അങ്ങനെ ഭക്തി നിറഞ്ഞ ആ പൂജ അവസാനിച്ചു. സർപ്പങ്ങൾ സന്തോഷത്തിലാണ് ഒന്നും സംഭവിക്കില്ല എന്ന തിരുമേനിയുടെ വാക്കുകൾ ആദിയിൽ ആശ്വാസം ഉണ്ടാക്കി. എല്ലാം അന്ധവിശ്വസം എന്ന് മനസ്സിൽ ഉറപ്പിച്ചു. അന്ന് രാത്രിയിലും നിശാഗന്ധിയിൽ പൂക്കൾ വിരിഞ്ഞു. ഭയം മറന്ന് അന്നാദ്യമായി ആദി അവയെ തലോടി. സമാധാനമായി ഉറങ്ങു എന്ന അനുപമയുടെ വാക്കുകൾ അവനിലെ ഭയം എല്ലാം മായ്ച്ചു കളഞ്ഞു. സുഖമായി അവൻ ഉറങ്ങി.
പിറ്റേന്ന് നേരം പുലർന്നതും വീട്ടിലെങ്ങും അനുപമയെ കാണാനില്ല. അമ്പലത്തിലോ മറ്റോ പോയി കാണും എന്നവൻ വിചാരിച്ചു. രാവിലെ ഒരു ഗ്ലാസ്സ് ചായ പോലും കിട്ടിയില്ലല്ലോ എന്നോർത്ത് അടുക്കളയിലേക്കു നടന്നതും വടക്കേപ്പുറത്ത് നിന്നും മുറ്റം അടിച്ചു വാരാനായി വരുന്ന ജാനകിയമ്മയുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു. അവൻ വടക്കേപ്പുറത്തേക്ക് ഓടി. അവിടെ കണ്ട കാഴ്ച ആദിയുടെ പ്രതീക്ഷകളെ ഒക്കെ തകർത്തു കളഞ്ഞു. സർപ്പക്കാവിലെ ശിലയിൽ തലതല്ലി അനുപമ മരിച്ചു കിടക്കുന്നു. സർപ്പശാപമോ അതോ പറഞ്ഞു കേട്ട കഥയിലെ പോലെ അനുപമയുടെ മനസ്സ് അങ്ങനെ ആയി മാറിയതോ.
മഞ്ജു അഭിനേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക