എന്നെ കണ്ടിട്ടാവാം ഈ നായ്ക്കൾ ഓളി ഇടുന്നത്...... ആത്മാവിനെ കണ്ടാൽ നായ്ക്കൾ ഓളി ഇടുമല്ലോ......അവ എന്റെ ശരീരഭാഗങ്ങളെ കടിച്ചു മുറിച്ചു വിശപ്പടക്കുന്നു.....
കാക്കകൾ എന്റെ കൈകളിൽ കൊത്തി വലിക്കുന്നു....ഈച്ചകൾ എന്റെ ശരീരഭാഗങ്ങളിലേക്ക് വന്ന് പാറുന്നു..... ഉറുമ്പുകൾ എന്റെ ശരീരത്തെ അരിക്കുന്നു...
കഴിക്കട്ടെ എല്ലാവരും അവരുടെ വിശപ്പടങ്ങുന്നത് വരെ....
ആത്മാക്കൾക്ക് പരാതി പറയാൻ പറ്റില്ലല്ലോ.....പിന്നെ ഉള്ള സന്തോഷം കുറച്ചു കുട്ടികൾക്ക് അറിവ് ലഭിച്ചല്ലോ.....കുറച്ചു ജീവികളുടെ വിശപ്പ് മാറിയല്ലോ..... അതൊരു ആശ്വാസം......
നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും എന്തൊക്കെ ആണ് ഞാൻ പറയുന്നതെന്ന്.......പറയാം എങ്ങനെ ആണ് എന്റെ ശരീരം നായ്ക്കൾക്കും കാക്കകൾക്കും വിശപ്പടക്കാൻ ഉള്ള ആഹാരമായതെന്ന്....
ഞാൻ മഹാദേവൻ. സ്കൂൾ മാഷായിരുന്നു. എന്റെ ആഗ്രഹം ഒരു ഡോക്ടർ ആവുക എന്നതായിരുന്നു. ഡോക്ടർമ്മാരോട് എനിക്ക് കടുത്ത ആരാധന ആയിരുന്നു. മറ്റുള്ളവരുടെ ജീവന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ചില ഡോക്ടർമാർ ആണ് ആ ആരാധനയ്ക്ക് പിന്നിൽ.ദരിദ്ര കുടുംബത്തിൽ ജനിച്ച എനിക്ക് ഡോക്ടർ സീറ്റിനു വേണ്ടി നൽകാൻ പണം ഇല്ലാത്തതിനാൽ ആ ആഗ്രഹം ഞാൻ ഉപേക്ഷിക്കുകയായിരുന്നു.
അങ്ങനെ ആണ് മറ്റൊരു ഇഷ്ട ജോലി ആയിരുന്ന അദ്ധ്യാപനത്തിലേക്ക് കടന്നത്. എങ്കിലും എന്റെ മനസ്സിൽ ഡോക്ടർ എന്ന മോഹം ഉള്ളിൽ കിടന്ന് പുകഞ്ഞിരുന്നു. അങ്ങനെ ഒരു പാട് ചിന്തകൾക്ക് ഒടുവിൽ ആണ് മെഡിക്കൽ കോളേജിൽ മരണശേഷം എന്റെ ശരീരം വിട്ടു കൊടുക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. മെഡിക്കൽ കോളേജിലേക്ക് എന്റെ ആഗ്രഹവും രേഖാമൂലം ഞാൻ അറിയിച്ചിരുന്നു. ഡോക്ടർമ്മാർ ആകാനായി പഠിക്കുന്ന കുട്ടികൾക്ക് മനുഷ്യ ശരീരത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് വഴി ഞാനും ആ ആതുരസേവനത്തിന്റെ ഭാഗം ആകുമെന്നതായിരുന്നു ആ തീരുമാനത്തിന്റെ പിന്നിൽ.
ഭാര്യയോടും മക്കളോടും അതേ കുറിച്ചു സംസാരിക്കുമ്പോൾ ഒക്കെയും അവർ എതിരു നിന്നിരുന്നു. പക്ഷേ ഞാൻ എന്റെ ആഗ്രഹത്തിൽ നിന്ന് മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.അങ്ങനെ അൻപതാം വയസ്സിൽ ഒരു അപകട രൂപത്തിൽ എന്റെ മരണം സംഭവിച്ചു. എന്റെ ആഗ്രഹത്തിന് മൂല്യം കൊടുത്തിരുന്ന എന്റെ പ്രീയപ്പെട്ടവർ മനസ്സില്ലാമനസ്സോടെ എന്റെ ശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു കൊടുത്തു.
എന്റെ ശരീരം കൊണ്ടു പോയപ്പോൾ എന്റെ പ്രീയപ്പെട്ടവൾ ഉറക്കെ നിലവിളിച്ചു. മക്കൾ എന്റെ നെറ്റിയിൽ അവസാനമായി ചുംബിച്ചു. എന്തിനാണ് നിങ്ങൾ ഇങ്ങനെ ബഹളം കൂട്ടുന്നതെന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. വെറുതെ ശരീരം കത്തിച്ചു കളയുന്നതിലും നല്ലതല്ലേ കുറച്ചു കുട്ടികൾക്ക് അറിവ് നേടി എടുക്കാനുള്ള ഹേതു ആയി മാറുന്നത്. എന്നിലെ അധ്യാപകൻ സന്തോഷിച്ചു. ഒരു ഉത്തമ അധ്യാപകന് കുട്ടികൾക്ക് നൽകുന്ന അറിവാണ് ഏറ്റവും പ്രീയപ്പെട്ടത്.അങ്ങനെ ഞാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി അനാട്ടമി ലാബിലേക്ക് എത്തി.
അവർ എന്റെ ശരീരഭാഗങ്ങൾ വിശദമായി കീറിമുറിച്ച് പഠിച്ചു. എന്റെ സന്തോഷത്തിന് അളവില്ലായിരുന്നു. പഠനത്തിനു ശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന്റെ പിന്നിലെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീടുള്ള എന്റെ ശരീരത്തിന്റെ അവസ്‌ഥ ആണ് ഞാൻ മുകളിൽ പറഞ്ഞത്.......
ഇപ്പോളും എന്റെ ആത്മാവ് സന്തോഷിക്കുന്നു. എന്റെ ശരീരം പാവം മിണ്ടാപ്രാണികൾക്ക് ഭക്ഷണം ആയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം....
എന്നെ പോലെ ചിന്തിക്കാത്ത ആത്മാക്കൾ വേറെയും കാണും... അവർ വേദനിക്കുന്നുണ്ടാവും ഈ കാഴ്ച്ച .പ്രീയപ്പെട്ടവർ അറിയാതെ എവിടെയെങ്കിലും ഒക്കെ വീണ് മരിച്ചവരും ഒക്കെ എന്റെ കൂട്ടത്തിൽ ഉണ്ടല്ലോ...ഞാൻ എന്ന ആത്‍മാവിന് ഇത് സന്തോഷം എങ്കിലും ഇനി ഈ കാഴ്ച ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
NB :ഇന്ന് പ്രഭാതത്തിൽ ഉമ്മറത്തേക്ക് എത്തിയ മാതൃഭൂമി ന്യൂസ് പേപ്പറിൽ വന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പിന്നിൽ അനാട്ടമി ലാബിൽ നിന്നും പുറം തള്ളിയ മൃതദേഹങ്ങൾ സംസ്ക്കരിക്കാതെ കൂട്ടിയിട്ട നിലയിൽ എന്ന വാർത്തയിലൂടെ ആ ശരീരങ്ങളുടെ ആത്മാക്കളെക്കുറിച്ചൊന്നു ചിന്തിച്ചു.....വെറുതെ
മഞ്ജു അഭിനേഷ് 7/6/2017, 9 :16 Pm

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക