Slider

ആണും പെണ്ണും തമ്മിലുള്ള വേർതിരിവ്

0

ആണും പെണ്ണും തമ്മിലുള്ള ഈ വേർതിരിവ് കുട്ടിക്കാലം മുതലേ കാണുന്നതാണ്. കൃത്യമായി പറഞ്ഞാൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും മൂന്നാമത്തെ സന്തതിയായി ഒരു പെൺകുട്ടി ജനിച്ച ദിവസം മുതൽ.അതുവരെ അവർക്കെന്നോടുണ്ടായിരുന്ന സ്നേഹവും വാത്സല്യവും കുറയുന്നത്പോലെ എനിക്ക് തോന്നി. അവർക്ക് മാത്രമല്ല, മറ്റുള്ളവർക്കും.....
മുൻപൊക്കെ ഉപ്പ കൊണ്ടുവന്നിരുന്ന മിട്ടായികളും പലഹാരങ്ങളും ഞാനായിരുന്നു മറ്റുള്ളവർക്കെല്ലാം വീതം വെച്ചുകൊടുത്തിരുന്നത്. അവൾ വന്നതോടെ ആ ചുമതല എനിക്ക് നഷ്ടമായി. ഇനി മുതൽ അവൾ എന്ത് തരുന്നോ അത് വാങ്ങിയേക്കണം. പരാതി പറയാനും ഭീഷണിപ്പെടുത്താനും പോയാൽ അവൾ കരയാൻ തുടങ്ങും. അതോടെ ഉമ്മ വടിയെടുക്കും.
വീട്ടിൽ വരാറുള്ള അതിഥികളൊന്നും ഇപ്പോൾ എന്നെ ശ്രദ്ധിക്കാറേ ഇല്ല. എല്ലാവർക്കും അവൾ മതി. അവളെ കോരിയെടുത്തും കൊഞ്ചിച്ചും അവർ കൊണ്ടുവന്നിട്ടുള്ള മിട്ടായി കയ്യിൽ വെച്ചുകൊടുത്തും അവർ എന്നെ പാടെ അവഗണിക്കും. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ബോധ്യമാകുന്നതോടെ ഹൃദയം പൊട്ടുന്ന വേദനയിൽ ഞാൻ മുറ്റത്തേക്കിറങ്ങും.
ഒരുദിവസം, പഠിത്തമൊക്കെ കഴിഞ്ഞ് പുസ്തകങ്ങളെല്ലാം മടക്കിവെച്ച് അടുക്കളയിലേക്ക് നടന്നപ്പോൾ ഉമ്മയും ഉപ്പയും അവളെ മടിയിലുരുത്തി ലാളിക്കുന്നു.ഉപ്പയുടെ മീശപിടിച്ച് വലിച്ചു കളിച്ചുകൊണ്ട് അവളും. അവളെക്കാൾ നാല് കൊല്ലം മുൻപ് ഉപ്പയെ കാണാൻ തുടങ്ങിയവനാണ് ഞാൻ. പക്ഷേ, ഞാനൊരിക്കല്പോലും ഉപ്പയോട് ഇത്രയും മര്യാദകേട് കാണിച്ചിട്ടില്ല. ഇവളിതെന്നാ ഭാവിച്ചാണ് ???...ഇത്രയും സ്വാതന്ത്ര്യമൊന്നും അവൾക്ക് കൊടുക്കേണ്ട കാര്യമുണ്ടോ ??.ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ ഉമ്മയുടെ അടുത്തേക്ക് നടന്നു. എന്റെ മനസ്സിലുള്ള ഈർഷ്യത പുറത്തു കാണിക്കാതിരിക്കാൻ ഒരു ചെറിയ പുഞ്ചിരി മുഖത്ത് പുരട്ടി ഉമ്മയുടെ ചാരെ നിന്നു. പെട്ടെന്നാണ് ഉപ്പ തന്റെ കയ്യിൽ കരുതിയ ഒരു ചെറിയ പെട്ടി തുറന്നത്. അതിൽനിന്നും മനോഹരമായ ഒരു സ്വർണ്ണമാല പുറത്തെടുത്തു. പിന്നെ അവർ രണ്ടുപേരും അത്യുത്സാഹത്തോടെ അതവളുടെ കഴുത്തിൽ അണിയിക്കുന്നു. അത്കൂടെ കണ്ടതോടെ എന്റെ നിയന്ത്രണം മുഴുവൻ നഷ്ടമായി. ഞാൻ ഉപ്പയുടെ നേരെ അലറിവിളിച്ചു.
"ഉപ്പാ.... ഇതെന്താ അവൾക്ക് മാത്രം മാല... സത്യം പറ.. ഞാൻ നിങ്ങളുടെ മകനല്ലേ ???..."
ഉപ്പയും ഉമ്മയും ആശ്ചര്യത്തോടെ പരസ്പരം മുഖത്തേക്ക് നോക്കി.
"ഡാ... അവള് പെൺകുട്ടിയല്ലേ... നീ ആൺകുട്ടിയല്ലേ... നിനെക്കെന്തിനാണ് മാല "
മറുപടി പറയാതെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു.
അന്ന് രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പരസ്യമായ ലിംഗവിവേചനങ്ങൾക്കെതിരെ എങ്ങനെയെങ്കിലും പ്രതികരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ.
ഒരിക്കൽ ഉമ്മയുടെ കൂടെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകളൊക്കെ കണ്ട് രസിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് കണക്കെ കണ്ടക്‌ടർ എന്നെ വിളിച്ചത്.
മോൻ അപ്പുറത്തെ സീറ്റിൽ ആ ചേട്ടന്റെ കൂടെ ഇരുന്നോ. ഇത് ലേഡീസ് സീറ്റാണ്. ഇവിടെ ഈ ചേച്ചി ഇരിക്കട്ടെ.
ഞാൻ ഉമ്മയുടെ മുഖത്തേക്ക് ദയനീയതോടെ നോക്കി. ഒടുവിൽ മനസ്സില്ലാമനസ്സോടെ അപ്പുറത്തെ സീറ്റിലെ ചേട്ടന്റെ അടുത്തേക്ക് പോയി.
എല്ലാ ബസ്സിലും സ്ത്രീകൾക്ക് മാത്രം പ്രത്യേകം പ്രത്യേകം സീറ്റുകൾ. സിനിമ തീയറ്ററിൽ അവർക്ക് മാത്രം പ്രത്യേകം കൗണ്ടറുകൾ. ആണുങ്ങൾക്ക് മാത്രം എവിടെയും ആനുകൂല്യമില്ല.... അത് വീട്ടിൽ ആയാലും തീയറ്ററിൽ ആയാലും ബസ്സിലായാലും ശെരി . ഇതിന് മാത്രം ഈ സ്ത്രീകൾക്ക് എന്താണ് ഇത്ര പ്രത്യേകത. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതും പൊരിവെയിലത്ത് പണിയെടുക്കുന്നതും വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങികൂട്ടുന്നതും ആണുങ്ങൾ. പെണ്ണുങ്ങൾ ചുമ്മാ ചോറും കറിയും വെച്ച് വീട്ടിൽ തന്നെ ഇരിക്കുന്നു. പക്ഷേ കിട്ടുന്ന ആനുകൂല്യങ്ങളൊക്കെ അവർക്കും.
അന്ന് മുതൽ ഞാനൊരു സ്ത്രീ വിരോധിയായി മാറുകയായിരുന്നു. അവളെ എനിക്കേറെ ഇഷ്ടമാണെങ്കിലും അർഹിക്കാത്തതെല്ലാം കല്പ്പിച്ചു കിട്ടിയ വർഗ്ഗത്തിന്റെ പ്രധിനിധിയല്ലേ അവളും... അത്കൊണ്ട് ചെറിയ ഒരു ദേഷ്യം അവളോടുണ്ടായിരുന്നു.
*********************************
ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം വിവാഹശേഷം നിറവയറും നീര് വന്ന് വീർത്ത കാലുകളുമായി അവൾ വീട്ടിലേക്ക് കടന്നു വന്നു. എന്റെ അനിയത്തിയെ കുറിച്ചോർത്ത് ഞാനേറെ അഭിമാനിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.
നടുവേദനയും പേശീവലിവും കാല് വേദനയും അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ, അവളുടെ മുഖം എപ്പോഴും പ്രസന്നമായിരുന്നു. അമ്മയാകാനുള്ള തയ്യാറെടുപ്പ് അവളുടെ നോക്കിലും വാക്കിലും പ്രകടമായിരുന്നു.
ഒരിക്കൽ പ്രസവവേദന കലശലായപ്പോൾ ഞങ്ങൾ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. വേദന സഹിച്ച് മണിക്കൂറുകളോളം റൂമിൽ കിടന്നെങ്കിലും കുട്ടി പുറത്തു വന്നില്ല. ഒടുവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവളെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോയി. അവസാനം അരമണിക്കൂറോളം നീണ്ടുനിന്ന വീർപ്പ് മുട്ടലിന് ആശ്വാസമായി ലേബർ റൂമിൽ നിന്ന് മാലാഖമാർ ഒരു കുഞ്ഞു മാലാഖയെ കയ്യിലേന്തി ഞങ്ങളുടെ മുൻപിലേക്ക് നടന്നു വന്നു. ഞങ്ങളുടെ നീനു.
അതിരുകളില്ലാത്ത സന്തോഷത്തിനിടെയിലും തുന്നിപ്പിടിപ്പിച്ച വയറിൽ നിന്നുള്ള തീവ്ര വേദനയെ അവൾ പുഞ്ചിരികൊണ്ട് നേരിടുന്നത്കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ആരോടും പരാതിയും പരിഭവവും പറഞ്ഞില്ല.
പുതപ്പിനുള്ളിലെ ഇളം ചൂടിനെ ആസ്വദിച്ചുകൊണ്ട് ഞങ്ങളെല്ലാവരും ഉറക്കത്തിലേക്ക് വീഴുമ്പോഴും അവൾ മാത്രം ഉണർന്നിരുന്നു. ഉറങ്ങാൻ സമ്മതിക്കാതെ കരഞ്ഞുകൊണ്ടിരുന്ന തന്റെ കുഞ്ഞിനെ കളിപ്പിച്ചും കൊഞ്ചിച്ചും അവൾ രാത്രികളെ തള്ളി നീക്കുമ്പോൾ ഞാൻ അവളുടെ ഭൂതകാലത്തെ കുറിച്ചോർത്തു . ഉറക്കത്തിനിടെയിൽ ആരെങ്കിലും ശല്യപ്പെടുത്തിയാൽ നിർദാക്ഷിണ്യം അവരുടെ നാഭി നോക്കി തൊഴിച്ചിരുന്ന ആ ഉറക്കഭ്രാന്തിയാണോ ഇത് എന്നെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
വിഭവ സമൃദ്ധമായ ഭക്ഷണം മുന്നിൽ വെച്ചുകൊടുത്താൽ ഞങ്ങൾക്ക് മുൻപേ ആക്രമണം തുടങ്ങിയിരുന്ന അവളിന്ന് ഒരു ചെറിയ പ്ലേറ്റ് നിറയെ ചോറ് കുഴച്ചുവെക്കും.പിന്നെ കുഞ്ഞിനെ ഒക്കത്തിരുത്തി കാക്കയെയും പൂച്ചയേയും തിരക്കി മുറ്റത്തേക്കിറങ്ങും.
തന്റെ ഇഷ്ടങ്ങളെല്ലാം ഒരു വശത്തേക്ക് ഒതുക്കിവെച്ച് നിസ്വാർത്ഥമായി ജീവിക്കാൻ അവൾ തുടങ്ങിയിരിക്കുന്നു.
ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്.... പണ്ടെന്തിനാണ് അവളെ അവർ അത്രമാത്രം സ്നേഹിച്ചിരുന്നതെന്ന്..... അവളിൽ ആഗതമാകാൻ പോകുന്ന ആ സ്ഥാനം മാത്രം മതിയായിരുന്നല്ലോ "അമ്മ "
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo