നാട്ടിൻപുറത്തേക്ക് താമസം മാറുമ്പോൾ മോളെ ഏതു സ്കൂളിൽ ചേർക്കണമെന്ന സംശയം ആയിരുന്നു മനസ്സിൽ. ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർദേശപ്രകാരം ഞാൻ പഠിച്ച സർക്കാർ വക സ്കൂളിൽ തന്നെ ചേർക്കാൻ തീരുമാനിച്ചു. അന്നത് ചേട്ടനും എനിക്കും കുറച്ചു വിഷമം തോന്നിയെങ്കിലും ഇപ്പോൾ അത് വലിയ ഒരു സന്തോഷത്തിന് വഴിയൊരുക്കിയപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഒഴുകിയെത്തുന്നു. വേദനിപ്പിക്കുന്ന ബാല്യകാല ഓർമ്മകൾ.
സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് മോൾക്കാണ് ലഭിച്ചത് എന്ന സന്തോഷത്തേക്കാൾ ഉപരി അത് എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ പേരിലുള്ള അവാർഡ് ആണെന്നു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ക്ലാസ്സിൽ എപ്പോളും ഒന്നാം സ്ഥാനത്തെത്തിയിരുന്ന അവളുടെ ഓർമ്മകളിലേക്ക് എന്റെ മനസ്സ് ഓടിയിറങ്ങി.
ഞാവൽപഴത്തെ ഒരുപാടു സ്നേഹിച്ച എന്റെ കൂട്ടുകാരി. സ്കൂളിലേക്ക് വരുമ്പോൾ വട്ടയില കുമ്പിൾ കുത്തി അതിൽ നിറയെ ഞാവൽ പഴം നിറച്ച്, കുളിച്ച് മഞ്ഞൾ പ്രസാദം നെറ്റിയിൽ തൊട്ട് അഴകാർന്ന ചുരുൾമുടിയിൽ തുളസിക്കതിർ ചൂടി വിടർന്ന കണ്ണുകളിൽ സ്നേഹം നിറച്ച് പുഞ്ചിരി തൂകി വരുന്ന എന്റെ കൂട്ടുകാരി.
അവളുടെ ചിരിക്ക് പിന്നിൽ മറഞ്ഞിരുന്ന ദു:ഖങ്ങൾ ഒക്കെ എന്റേത് കൂടി ആയപ്പോൾ ഞാനും അവളും ഒരു മനസ്സായി മാറിയിരുന്നു. സ്കൂളിലേക്ക് പോകുന്ന ഇടവഴിയിൽ വിതറിയിരുന്ന പഞ്ചാരമണലിൽ നിന്നും തേടി എടുക്കുന്ന അഭ്രങ്ങളും കുഞ്ഞു കുഞ്ഞു ശംഖുകളും അവളുടെ കയ്യിലേക്ക് നൽകിയിട്ട് വട്ടയിലയിൽ നിറച്ച ഞാവൽ പഴം നാവിലിട്ടു നുണഞ്ഞു നാവിൽ ഒട്ടിപ്പിടിക്കുന്ന അവയുടെ നീല നിറവും നോക്കി ചിരിച്ചുല്ലസിച്ച് അവളുടെ കൈകോർത്തു നടന്ന എന്റെ കുട്ടിക്കാലം.
പഠിക്കാൻ മിടുക്കിയായിരുന്ന അവൾ പലപ്പോഴും ഒരു അധ്യാപികയെ പോലെ എന്റെ സംശയങ്ങൾക്ക് ഉത്തരം നൽകുമ്പോൾ അവളുടെ ഭാവഭേദങ്ങൾ കണ്ടാസ്വദിച്ച് ഞാൻ നോക്കിയിരിക്കുമായിരുന്നു. പരീക്ഷ കഴിയുമ്പോൾ ചോദ്യപേപ്പർ നിവർത്തിപിടിച്ച് ഓരോ ചോദ്യത്തിനുള്ള ഉത്തരങ്ങൾ പറഞ്ഞു "നീ എഴുതിയോ എന്ന് ചോദിക്കുമ്പോൾ" അവളെ ദേഷ്യം പിടിപ്പിക്കാനായി "അയ്യോ തെറ്റി" എന്ന് ഞാൻ പറയുമ്പോൾ "ഞാൻ ഇന്നലെയും നിനക്ക് പറഞ്ഞു തന്നതല്ലേ എന്നിട്ടും നീ തെറ്റിച്ചോടി പൊട്ടീ" എന്നു പറഞ്ഞ് ചെവിക്കു പിടിക്കുമ്പോൾ അവൾ എന്റെ കൂടെപ്പിറപ്പായി മാറും.
പിന്നീടെപ്പോളോ അവൾ എന്നിൽ നിന്ന് അകലാൻ തുടങ്ങിയപ്പോൾ മനഃപൂർവം എന്നോട് വഴക്കിട്ടപ്പോളും ഞാൻ അറിഞ്ഞില്ല അവൾ എന്നന്നേക്കുമായി എന്നിൽ നിന്നും അകലാനുള്ള തയ്യാറെടുപ്പ് ആയിരുന്നു അത് എന്ന്.
ആ ദിവസം സ്കൂളിൽ നിന്നും തിരികെ പോരുമ്പോൾ എന്റെ കൈപിടിച്ച് അവളുടെ നെഞ്ചോടു ചേർത്ത് യാത്ര പറഞ്ഞു പോകുമ്പോൾ തമാശപോലെ അവൾ പറഞ്ഞ വാചകം "നാളെ മരിച്ചില്ലെങ്കിൽ വീണ്ടും കാണാം" “നീ എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടോ" എന്ന എന്റെ ശാസനയിൽ പാതി കണ്ണടച്ച് ഒരു കള്ളച്ചിരി സമ്മാനിച്ച് അവൾ എന്റെ അരികിൽ നിന്നും നടന്നകന്നു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ ചേച്ചി വന്ന് അമ്മയോട് ആരോ മരിച്ചു എന്ന് പറഞ്ഞതും അമ്മ "ശബ്ദം താഴ്ത്തി അവൾ അറിയണ്ട എന്ന് പറഞ്ഞത്" കേട്ടുകൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്. അത് ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ അവർ സംസാരിച്ച് നിന്നിടത്തേക്കു ഓടിച്ചെന്നു. ആരാ അമ്മെ മരിച്ചത് ഞാൻ കേൾക്കേണ്ട എന്ന അമ്മ പറഞ്ഞല്ലോ എന്ന എന്റെ ചോദ്യത്തിന് മുന്നിൽ അമ്മയുടെ മുഖത്തെ വേദന ഞാൻ കണ്ടു. അമ്മയുടെ വാക്കുകളിൽ നിന്നും എന്റെ പ്രീയപ്പെട്ടവൾ എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുവെന്ന വാർത്ത കേട്ടതും അവസാനമായി അവൾ എന്നോട് പറഞ്ഞ വാക്കുകൾ അറം പറ്റിയതായി തോന്നി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിർവികാരയായി നിന്നു. ഭൂമി പിളർന്നു താഴേക്ക് പോകും പോലെ.
അവിടേക്ക് ഇപ്പോൾ പോകണ്ട എന്ന അമ്മയുടെ വാക്കുകൾ അനുസരിക്കാതെ പാടവരമ്പിലൂടെ ഓടി അവളുടെ വീട്ടിൽ എത്തുമ്പോൾ നിറഞ്ഞുനിന്ന ആൾകൂട്ടത്തിനിടയിൽ തൊടിയിലെ ഞാവൽ മരത്തിൽ തൂങ്ങി നിന്നാടുന്ന പ്രാണൻ വെടിഞ്ഞ അവളുടെ ശരീരം. നിലത്തു മുട്ടിനിൽക്കുന്ന കാലുകളിലൂടെ ഉറുമ്പുകൾ അവളുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കേറുന്നു. എന്റെ പ്രിയ കൂട്ടുകാരിയെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടു നിൽക്കുവാനുള്ള ത്രാണിയില്ലാതെ കണ്ണുകൾ നിറഞ്ഞ് ഞാൻ പിന്തിരിഞ്ഞോടുമ്പോൾ അവൾ എന്നെ പിറകിൽ നിന്ന് വിളിച്ചുവോ? “എന്നെ കൊന്നതാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുവോ?” അവളുടെ വിറയാർന്ന ശബ്ദം എന്റെ കാതുകളിൽ അലയടിച്ചുവോ?. എനിക്കറിയില്ല, ഒന്ന് മാത്രം അറിയാം എന്റെ ഞാവൽപ്പഴത്തിന്റെ കൂട്ടുകാരി ദൂരെ ദൂരെ എവിടെയോ എന്നെ നോക്കി ചിരിക്കുന്ന ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. ഇന്നും ഞാൻ ഓരോ രാത്രിയിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവീഥിയിൽ എന്റെ പ്രീയപ്പെട്ടവളെ ഒരുനോക്ക് കാണുവാനായി തിരയും. ഒരിക്കലും തിരികെ കിട്ടാത്ത എന്റെ ഞാവൽ പഴത്തിന്റെ സ്നേഹമധുരം.
മഞ്ജു അഭിനേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക