Showing posts with label ഉണ്ണി കാഞ്ഞങ്ങാട്. Show all posts
Showing posts with label ഉണ്ണി കാഞ്ഞങ്ങാട്. Show all posts

വൃദ്ധ വ്യസനം


വൃദ്ധ വ്യസനം
(കവിത)
തൊട്ടടുത്തിരുന്നെന്റെ അക്ഷര കൂട്ടങ്ങൾ
കൺ തുറിച്ചൊന്നെന്നെ നോക്കിടുന്നു
വിടർന്ന കണ്ണൊന്നു പിന്നെയും വിടർത്തി
ചുണ്ടൊന്നനക്കി പറഞ്ഞിടുന്നു
കണ്ണേ മടങ്ങുക.
ഉറച്ചുപോയെന്റെ കാതിന്റെ തുമ്പത്തെ
ഉച്ചഭാഷിണി പതച്ചുനോക്കി
അടഞ്ഞ കാതോന്നു പിന്നെയും നീട്ടുമ്പോൾ
ചുണ്ടൊന്നനക്കി പറഞ്ഞിടുന്നു
കാതേ മടങ്ങുക.
നടന്നു വന്നൊരീ കാലൊന്നു പിന്നെയും
ഒരു ചുവട്, പിന്നെയും വച്ചിടുമ്പോൾ
തേഞ്ഞു പോയൊരു അസ്ഥിയും ധമനിയും
ചുണ്ടൊന്നനക്കി പറഞ്ഞിടുന്നു
കാലേ മടങ്ങുക.
താൻ നെയ്ത വലയിലെ പൊൻ മക്കൾ തന്നൊരാ
ഉഴ്ന്നുവടിയും പറഞ്ഞു മെല്ലെ
നിൻ ശരീരം താങ്ങി തേഞ്ഞു പോയ് ജീവിതം
കാലമേ മടങ്ങുക.. എന്നന്നേക്കുമായി മടങ്ങുക..
കാലമേ മടങ്ങുക... കാലമേ മടങ്ങുക...
ഉണ്ണി കാഞ്ഞങ്ങാട്

തുടക്കം (കവിത)


സ്വർണം തേനിൽ മുക്കി തൊടുവിച്ചു കഴിഞ്ഞു
അരിയിൽ ഹരിയെന്നെഴുതിക്കഴിഞ്ഞു
ഇനി നമുക്ക് തുഴയാൻ വിടാം, 
ജീവിതത്തെ,
തെളിഞ്ഞ ജലാശയത്തിൽ
തുഴഞ്ഞങ്ങനെ
കരയെത്തുവോളം കാത്തു നിൽക്കാം.
ജാതി ചുഴിയിൽ പെടാം മത മത്സ്യങ്ങളിൽ പെടാം
മരവിച്ചുനിൽക്കും കൂർത്ത പാഴ്മരം കാണാം
തുഴയുക ഇഴയുക അറിയുക അലിഞ്ഞങ്ങനെ
കരയെത്തുവോളം കാത്തുനിൽകാം.
അലയാണ് ജീവിതം താഴ്ന്നുപൊങ്ങാം
പലതായ കൈവരികൾ വന്നു ചേരാം
വരയ്ക്കുക ചമയ്ക്കുക നനഞ്ഞൊരീ കൈകളാൽ
മറുകര എത്തുവോളം ഞാൻ കാത്തുനിൽക്കാം
ചിലപ്പോൾ , വരച്ച വരകൾക്കു തെളിച്ചമില്ലെങ്കിലും
വരയ്ക്കണം അലകളായ് തിരിച്ചു വരും വരെ
തെളിഞ്ഞ ജലാശയത്തിൽ തുഴഞ്ഞങ്ങനെ
കരയെത്തുവോളം കാത്തു നിൽക്കാം.
ഉണ്ണി കാഞ്ഞങ്ങാട്

*മരണത്തിന്റെ പരവതാനി* (ചെറു കഥ)


ഈ കാലൊന്ന് അനങ്ങിയാൽ എത്രയോ അടി താഴ്ച്ചയിലേക്കാണ് ഞാൻ പോകുന്നതെന്ന മുൻധാരണ ഗോപനുണ്ടായിരുന്നു. താഴ്വരയിൽ നിന്ന് നുരഞ്ഞു പൊങ്ങുന്ന കോടമഞ്ഞിന്റെ മരവിപ്പിക്കുന്ന തണുപ്പ് അയാളെ പൊതിഞ്ഞു കെട്ടിയിരുന്നു. മുൻപിൽ പരവതാനി ഇട്ടു കാത്തിരിക്കുന്ന മരണത്തിനും ഇതേ തണുപ്പാണ്.
പക്ഷേ ഞാൻ അറിഞ്ഞോ അറിയാതേയോ ചെയ്ത തെറ്റുകൾക്ക് ഈ മരണം കാഠിന്യം ഇല്ലാത്തതാകുന്നു.
കൈയ്യിലുള്ള പത്രക്കടലാസ് ഒന്നുനിവർത്തി കണ്ണോടിച്ചു.
അതിൽ അപകടമറിയാതെ പകച്ചു നിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു.
അവിടെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയാണ്.
വർഷം : 1987
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിയേയും കൊണ്ട് നാട്ടുകാർ ആശുപത്രി ലക്ഷ്യമാക്കി ഓടി. ശുശ്രൂക്ഷയുടെ പാതി ഘട്ടത്തിലെവിടേയോ ബോധം തിരിച്ചു കിട്ടിയപ്പോഴാണ് അച്ഛനും അമ്മയും കുഞ്ഞനുജത്തിയും ഇനി എന്റെ ജീവിതത്തിലില്ല എന്ന സത്യം ഗോപൻ തിരിച്ചറിഞ്ഞത്.
ആരും ഇല്ലാത്ത കുട്ടി ഞങ്ങൾക്ക് ഒരു ബാധ്യതയായാലോ എന്ന ചിന്താഗതി ബന്ധുക്കൾക്കും ഉണ്ടായിക്കാണും അന്നേരം ആ കുഞ്ഞു മനസ്സിൽ ഒന്നും തോന്നിയില്ല.
പിന്നീട് അനിയത്തിക്കുട്ടി എവിടേയോ ഉണ്ടെന്ന വിവരം പലരിൽ നിന്നും കേൾക്കാൻ തുടങ്ങി. കുറേ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം.
പിന്നീട്, ഞാനിവിടെ ഒറ്റയ്ക്കാണെന്നും ബന്ധമുണ്ടായിരുന്നെന്നു പറയാൻ കീശയിൽ എന്നും കരുതിയിരുന്ന കുഞ്ഞനുജത്തിയുടെ നിറം മങ്ങിയ ചെറിയ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലിപ്പോൾ രക്തത്തിന്റെ മണമാണ്.
പണ്ട് ഈ ഫോട്ടോയ്ക്ക് വേണ്ടി എന്നും പരിഭവം പറയുമായിരുന്നു കുഞ്ഞനുജത്തി. അങ്ങനെ അച്ഛനോട് പറഞ്ഞ് രണ്ട് കോപ്പി ഉണ്ടാക്കി. അവളുടെ കൈയ്യിലാണ് ഇതിന്റെ ഒറിജിനൽ. എല്ലാം ഒരു ഓർമ്മ മാത്രമായി മാറി.
ഓർഫനേജിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. പല സ്ഥലത്തു നിന്നും പല പ്രശ്നങ്ങളിൽ നിന്നും വന്നവർ. ആരോടും വലിയ തോതിൽ ഗോപന് അടുപ്പമുണ്ടായിരുന്നില്ല, അമ്മു ഒഴിച്ച്.
ഓ... പറയാൻ മറന്നു. അമ്മു ആരാണെന്നല്ലേ....? അറിയില്ല. ഭൂതകാലത്തിന്റെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കഥകേൾക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടു തന്നെ!
എന്തോ, ഗോപന്റേയും അമ്മുവിന്റേയും സൗഹൃദം വളർന്നു, ഒരിക്കലും പിരിയാൻ വയ്യാത്തത്ര ഇഷ്ടത്തിലായി.ഓർഫനേജിലെ അധികാരികൾ പിന്തിരിക്കാൻ നോക്കിയെങ്കിലും അവരുടെ ഇഷ്ടത്തിന്റെ ആഴം വളർന്നു. കാലം അതിന്റെ വഴിയിൽ സഞ്ചരിച്ചു.
ഇന്ന് ആഗസ്റ്റ് 23. 2004.
പതിവുപോലെ ഗോപനും അമ്മുവും സ്ഥിരം ഇരിക്കാറുള്ള വാകമരച്ചോട്ടിലായിരുന്നു ഇന്നും ഇരുന്നത്. സംസാരത്തിനിടയിലെപ്പോഴോ അമ്മുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കണമെന്ന് തോന്നി.
ഗോപന്റെ ചുണ്ട് അമ്മുവിന്റെ കവിളിനോട് അടുത്തെത്തിയപ്പോൾ അമ്മു ഗോപനെ തട്ടിമാറ്റി വിറകുപുരയുടെ കോണിലേക്ക് ഓടിയിരുന്നു. ഗോപനും പിന്നാലെ ഓടി. അമ്മുവിനെ ചുവരിനോട് ചേർത്തു നിർത്തി കവിളിലും ചുണ്ടിലും ചുംബിക്കുമ്പോൾ, തൊട്ടടുത്ത വാകമരത്തിലെ പൂക്കളിൽ കരിവണ്ടുകൾ മുത്തമിടുന്നുണ്ടായിരുന്നു.
സ്നേഹാലിംഘനത്തിലെവിടെയോ അമ്മുവിന്റെ കൈയ്യിൽ നിന്ന് പേഴ്സ് ഊർന്ന് വീണു. അതിലെ നിധിപോലെ സൂക്ഷിച്ചുവെച്ച കടലാസു കഷ്ണങ്ങൾ ഒന്നുമറിയാതെ ഇവരെ നോക്കി നിന്നു.
ഇത്രയും ഒർക്കുമ്പോഴേക്കും ഗോപന്റെ കണ്ണിൽ നിന്ന് ചുടു കണ്ണുനീർ കൊട മഞ്ഞിൽ തട്ടി മരവിച്ചുപ്പോയി.
എന്റെ പൊന്നന്നുജത്തീ... നീയെനിക്ക് മാപ്പ് തരിക. ഒരു രക്തത്തിൽ പിറന്ന നിന്നെ സ്നേഹത്തിന്റെ കാമാഗ്നിയിൽ കണ്ടതിന് ഈ ഏട്ടനോട് മാപ്പ് തരിക. ഇന്ന് സംഭവിച്ച ആ നശിച്ച സമയത്ത്, നിന്റെ കൈയ്യിൽ നിന്ന് ഊർന്നു വീണ കടലാസുകൾക്കിടയിൽ പണ്ട് നിന്റെ പരിഭവപ്പറച്ചിലിൽ, ഞാൻ സമ്മാനിച്ച നിന്റെ ഫോട്ടോ എന്നെ ഇവിടെ കൊണ്ടുവന്നെത്തിച്ചു. നിന്റെ കുടുംബം പണ്ടേ കാറപകടത്തിൽ പൊലിഞ്ഞവരാകട്ടെ!
ഗോപൻ അലമുറയിട്ടു കരയാൻ തുടങ്ങി അപ്പോഴേക്കും നിന്ന കല്ല് ഇളകാൻ തുടങ്ങിയിരുന്നു, ജീവിതത്തിന്റേയും.
ഉണ്ണി കാഞ്ഞങ്ങാട്

ഒന്നിനും മായ്ക്കാനാകാതെ.... (ചെറു അനുഭവ കഥ)


നെറ്റിൽ സ്വതന്ത്രദിന സന്ദേശങ്ങൾ വാരി ചൊരിയുന്ന ഇടയിലാണ് കുഞ്ഞൂട്ടന്റെ വിളിക്കേട്ടത്.
ഉണ്ണ്യാാമ്മാാ... 
അവൻ ദേശീയ പതാകയും പിടിച്ച് എന്നെ കാണിക്കാൻ ഓടി വരികയാണ്. സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്ത് വരികയായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു കല്ലിൽ തട്ടി അവൻ എന്നെ നോക്കിയുള്ള വിളിക്കിടയിൽ വീണിരുന്നു.
ഞാൻ ഫോണും പിടിച്ച് അവനെ വാരിയെടുക്കാൻ ഓടിയടുത്തു.
കാൽ മുട്ടും കൈമുട്ടും പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് അവനെ എഴുന്നേൽപ്പിക്കുമ്പോൾ, കൈയ്യിലെ പതാക നോക്കി അവൻ പറഞ്ഞു;
നെഞ്ചോട് മുറുകെ പിടിച്ചത് കൊണ്ട്.. മാമാ.. പതാകയ്ക്ക് ഒന്നും പറ്റിയില്ല...
സത്യത്തിൽ, ആനേരം അവനെ നോക്കി സല്യൂട്ട് ചെയ്യാൻ തോന്നി എനിക്ക്.
അതെ നമുക്ക് കുഞ്ഞുങ്ങളിൽ നിന്ന് രാജ്യ സ്നേഹം വളർത്താൻ ശ്രമിക്കാം. കാരണം, വലിയ കല്ലിൽ എഴുതിയാൽ തിരുത്താൻ എളുപ്പമാണ് ചെറിയ കല്ലിൽ എഴുതിയാൽ ഉറച്ചിരിക്കും, മായ്ച്ചു കളയാൻ പറ്റാത്ത വിധം.
ഉണ്ണി കാഞ്ഞങ്ങാട്

ഒരു കുല ചുവന്ന പൂക്കൾ *** (മിനിക്കഥ)


എനിക്ക് ഒരു ചങ്ങാതി ഉണ്ടായിരുന്നു, ഉറ്റ ചങ്ങാതി.
അതിർത്തിയിൽ ഞങ്ങളുടെ ക്യാമ്പ് എതിർ സൈന്യം വളഞ്ഞു. വെടിയുണ്ടകൾ ചീറി പാഞ്ഞു വരുന്നു. ഞങ്ങളും പൊരിഞ്ഞ യുദ്ധം തുടങ്ങി. ഇടയിൽ ഓഫീസർ നിർദ്ദേശങ്ങൾ തരുന്നുണ്ട്. ഇടയ്ക്ക് എപ്പോഴോ പുറകിലോട്ട് നോക്കുമ്പോളേക്കും എന്റെ ചങ്ങാതി ചോര വാർന്നു കിടങ്ങിൽ കിടക്കുന്നു. 
ഒരു വശത്തു ഉറ്റ ചങ്ങാതി മറുവശത്തു എതിർ സൈന്യം. ഞാൻ അവനെ നോക്കി. അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പതിയെ അടയുന്നുണ്ട്‌ . രക്തം മണ്ണോടെ ചേരുന്നുണ്ട്.
ഞാൻ അവനെ വാരിയെടുത്തു നെഞ്ചോട് ചേർക്കാൻ കൊതിച്ചു കാലുകൾ പിന്നോട്ടെ വലിഞ്ഞു.
" നോക്ക്, താങ്കൾ ഒരാൾക്ക് വേണ്ടി മറ്റുള്ളവരെ കൂടി ബലി കൊടുക്കുവാണോ...? യുദ്ധത്തിൽ ഇതൊക്കെ സ്വാഭാവികം." കേണൽ രഘുറാം എന്നെ വിലക്കി. അപ്പോഴും അവൻ എന്നെ പാതിയടഞ്ഞ കണ്ണിലൂടെ നോക്കുന്നുണ്ടായിരുന്നു.
കയ്യിലെ ആയുധങ്ങൾ ഒന്നൊന്നായി ഊർന്നു പോയി. ഉദ്ദ്യോഗസ്ഥന്റെ വാക്ക് ചെവിക്കൊള്ളാൻ നിൽക്കാതെ
തുളച്ചു കയറുന്ന വെടിയുണ്ടകൾക്കിടയിലൂടെ ഞാൻ ഓടി കൂട്ടുകാരനെ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ അവൻ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയം തകർക്കുന്നതാണ്.
" വൈകിയാണെങ്കിലും എനിക്കറിയാം നീ വരുമെന്ന്...."
അതെ നല്ല സൗഹൃദത്തിന്റെ ഉടമകളാകാം. ആ സാമിപ്യങ്ങളെ നെഞ്ചോട് ചേർത്ത് നിർത്താം. വൈകിയാണെങ്കിലും.
ഇന്ന് ഞാൻ നിൽക്കുന്നത് ആ ചങ്ങാതിയുടെ ധീര ബലികുടീരത്തിനു മുൻപിലാണ്. എനിക്കറിയാം നമ്മൾ തമ്മിലുള്ള അകലം വിദൂരമല്ല എന്ന്. ഞാനിന്നും എന്നിലെ ഓർമ്മകളിലൂടെയാണ് ജീവിക്കുന്നത്.
വെടിയേറ്റു വീണപ്പൊഴും എന്റെ സാമീപ്യമായിരിക്കണം നീ ആശിച്ചിട്ടുണ്ടാവുക. ഇന്നും എനിക്ക് തരാൻ ഒന്നുമില്ല; ഒരു കുല ചുവന്നപ്പൂക്കളല്ലാതെ.
ഉണ്ണി കാഞ്ഞങ്ങാട്

അപ്പോഴും ബലികാക്കകൾ കരയുന്നുണ്ടായിരുന്നു ( കഥ )



ചില ചിന്തകളെ എക്കാലത്തേക്കുമായി മാറ്റി മറിച്ചിടാൻ ചിലർ പലരുടെയും ജീവിതത്തിൽ വരാറുണ്ട്. വീട്ടുകാരിൽ ഒരാളായി, കൂട്ടുകാരിൽ ഒരാളായി, നാട്ടുകാരിൽ ഒരാളായി അങ്ങനെ അങ്ങനെ ...
ഫേസ് ബുക്കിന്റെ അരണ്ട നീല വെളിച്ചത്തിലെവിടെയോ ഞാൻ പരിചയപ്പെട്ട പല രൂപങ്ങൾക്കും സ്ഥാനമാനം സംഭവിച്ചിട്ടുണ്ടായിരിക്കണം. ഒരു സമയം പോക്കായി കൊണ്ട് നടന്ന ഈ മുഖ പുസ്തകം എന്നെ കൊണ്ടുവന്ന് എത്തിച്ചത് സജി പാരിപ്പള്ളിയിലേക്ക് ആണ്.
ഈ അടുത്ത കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നതും അടുത്ത് അറിയുന്നതും.
ഒരു വാക്കിൽ തുടങ്ങിയ ബന്ധം പല വാക്കുകളിലായി വളർന്നു . എന്നിട്ടും എന്റെ മനസ്സിലെ ഒരു ചോദ്യത്തിന് ഉത്തരം പല സംഭവങ്ങളായി മാറി. ഇത്ര തിരക്കിട്ട് ഈ പാടുപെടുന്നത് എന്തിന്...?
ഏച്ചിക്കാനം എന്ന ഗ്രാമത്തിലെ രണ്ട് പള്ളിക്കൂടങ്ങളിൽ ഞാന് സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കി പിന്നെ എറണാകുളം മഹാനഗരത്തിലേക്ക് .... അവിടെ അന്നം തേടിയുള്ള യാത്രകൾ ... സ്വപ്നങ്ങൾ ..... അതിന്റെ തിക്കിലും തിരക്കിലും പെട്ട് അമ്മ, കുടുംബം എല്ലാം പെരുവഴി അമ്പലം പോലെ ആയിമാറി.
നിനക്കെന്താ ഇടയ്ക്ക് വിളിച്ചാല്... എന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ടായിരുന്നു മുൻപ് . പറഞ്ഞിട്ടു കാര്യം ഇല്ലാത്തതു കൊണ്ടാവണം ഇപ്പോ ആ പറച്ചിൽ ഇല്ല.
അമ്മയുടെ ഈ ചോദ്യം ഇപ്പോൾ എന്റെ മനസിനെ വല്ലാതെ കുത്തി നോവിക്കുന്നുണ്ട്. കാരണം ഈ ചോദ്യത്തിന്റെ ഉത്തരം ആയിരുന്നു സജി പാരിപ്പള്ളി എന്ന കൂട്ടുകാരൻ ജീവിച്ചു കാണിക്കുന്നത്.
ഒരു പാടുപേര് ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരു അവസ്ഥ ! അതായിരുന്നു അവൻ.
അച്ഛന്റെ വിയോഗം അവനിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ..... കുടുംബത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എല്ലാം വലുതായിരുന്നെന്ന് എന്നോട് ഇടയ്ക്ക് പറയാറുണ്ടായിരുന്നു. സത്യത്തിൽ എന്റെ ഈ തിരക്ക് കാരണം പലതും മറന്നിരുന്നു.
നീയൊരൂസം എന്റെ വീട്ടില് വാ!' അവന് പലപ്പോഴായി ക്ഷണിക്കാറുണ്ടായിരുന്നു. പക്ഷെ എന്റെ ഈ തിരക്ക് കാരണം സമയം കിട്ടാറില്ല.
നിനക്ക് ഞാൻ എന്താണ് കുടുംബം എന്ന് കാട്ടിത്തരാം .... അവൻ ഇടയ്ക്ക് പറയും.
പിന്നേ.... കുടുംബത്തിനെ പറ്റി പറയുമ്പോൾ ഞാൻ വാചാലനാകും. അച്ഛൻ , 'അമ്മ, സഹോദരീസഹോദരങ്ങൾ ഇതൊക്കെ അല്ലെ ... അവൻ ഒന്നും മിണ്ടാതെ വീട്ടിലേക്കു ക്ഷണിക്കും. ഞാൻ വരാംന്നു പറഞ്ഞു ഒഴിയും.
മാസങ്ങൾ പോയി . കിടക്ക പായിൽ തോന്നിയതാണ്. രാവിലെ തന്നെ ഞാൻ അവനെ വിളിച്ചു.
ഇന്ന് വല്യ തിരക്കില്ല. നിനക്ക് സമയം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ടെ വരാം .. മറു തലയ്ക്കൽ എന്തെന്നില്ലാത്ത സന്തോഷവും വെപ്രാളവും എനിക്ക് വായിച്ചെടുക്കാമായിരുന്നു.
ആധുനിക കാലം മനുഷ്യനെ മടിയൻമ്മാരാക്കി മാറ്റിയിരിക്കുന്നു.
ഫേസ് ബുക്ക് , വാട്സാപ്പ് , ഗൂഗിൾ മാപ്പ് ഇതൊക്കെ ഉപയോഗിക്കുന്നത് കാരണം പണ്ട് പഴയ തലമുറകൾ കറങ്ങി നടന്ന വഴികളെല്ലാം മൂടിയിരിക്കുന്നു. വഴിയറിയാൻ ഒന്ന് ബട്ടൺ അമർത്തിയാൽ മതി. അല്ലാതെ ചോദിച്ചു ചോദിച്ചു പോകേണ്ട കാര്യം വന്നില്ല
നഗരം വിദൂരമായിരിക്കുന്നു. നല്ല പച്ചപ്പ്. ഓടി ചാടി ബസിൽ കയറിയപ്പോൾ മുതൽ നാട്ടിലേക്കുള്ള പോക്ക് പോലെ തോന്നി. ഇവിടം ശാന്തമാണ്. ഇതൊക്കെ കൊണ്ട് ആകണം 'അമ്മ എന്നോടൊപ്പം വരാതെ ഈ പച്ചപ്പിൽ അഭയം തേടുന്നതും.
അമ്മയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകില്ല... ഇവിടെ ഒതുങ്ങി കൂടിയാൽ ഈ ബിന്ദുവിൽ നിന്ന് അങ്ങ് കാണുന്ന ബിന്ദുവിലേക്ക് എത്തിക്കാൻ പറ്റില്ല ജീവിതം. എന്ന എന്റെ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണ് നിറയുന്നത് പലപ്പോഴായി കാണാറുണ്ട് ഞാൻ .
ഉണ്ണ്യേ ... ഇവിടെ കാണുന്ന പൂക്കളെക്കാളും ഭംഗിയുള്ള പൂക്കൾ നഗരത്തിൽ കാണാം പക്ഷെ മണമുണ്ടാകില്ല, അതുമറിച്ചു ഇവിടുത്തെ പൂക്കൾക്ക് നല്ല മണവും ഭംഗിയും ഉണ്ടാകും .. 'അമ്മ ഇടയ്ക്ക് പറയുന്ന വാക്കാണിത് . അതാണ് സത്യവും.
ഇടയ്ക്ക് അവൻ വിളിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു എവിടെ എത്തി എന്ന്.
ഓർമ്മകളെ തഴുകിയും താലോലിച്ചും സമയം പോയതറിഞ്ഞില്ല . കൂട്ടുകാരാ.. നീ നാഗരികതയിലേക്ക് കാലെടുത്തുവെക്കാത്തത് ഭാഗ്യം.
ചുറ്റുമതിൽ ഇല്ലാത്തതുകൊണ്ട് ചുറ്റുമുള്ളവരെ അറിയാവുന്നവരാണ് നാട്ടുകാർ. അവർ വീട് കാട്ടിത്തന്നു.
കരിയിലകൾ വീടിനെ തഴുകുന്നുണ്ട് . പിരിയാൻ വയ്യെന്ന പോലെ. ചുറ്റുമൊന്ന് കണ്ണോടിച്ചു. നാളുകൾ പഴക്കമുള്ള തുണികൾ എന്നെ നോക്കി അഴയിൽ ആടുന്നുണ്ടായിരുന്നു. എന്തോ ഞാൻ ഒരു നിമിഷം നിന്ന്. കണ്ണുകൾ ഒന്നുകൂടി ഇറുക്കി .
കരിയില വീഴുന്നതും കാത്തു ചൂലുമെടുത്തു വീടിനു ചുറ്റും ഓടുന്ന 'അമ്മ ഓർമ്മയിലൂടെ നടന്നു നീങ്ങി. എല്ലാമുണ്ടായിട്ടും ഇവിടെ എന്തെ എങ്ങനെ ....
കരിയിലകൾ വകച്ചു മാറ്റി മെല്ലെ കാലെടുത്തുവെക്കാൻ തുനിഞ്ഞപ്പോഴേക്കും അകത്തു നിന്നും ഒരു രൂപം വാതിക്കൽ എത്തി. അതെ ... അത് തന്നെ .. പാരിപ്പള്ളിക്കാരൻ സജി.
എന്തെന്നില്ലാതെ ആ കണ്ണുകൾ തിളങ്ങുന്നത് കാണാം.
വരൂ ... കേറി വരൂ .... എന്നെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.
ചുമരുകളിൽ പങ്കുവെയ്ക്കപ്പെട്ടവരുടെ പല തരത്തിലുള്ള ഫോട്ടോകൾ കാണാം. അവർ ചുമരിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. അവരുടെ സാമീപ്യം ഞാൻ അറിഞ്ഞില്ല . ചോദിക്കാൻ തുനിഞ്ഞതാണ്.
ഭാര്യ ഓളുടെ വീട്ടിലാ. ... പ്രസവ ശുശ്രുക്ഷ. കൂടുതല് ശ്രദ്ധിക്കാൻ ഡോക്ടർ പറഞ്ഞു. അതുകൊണ്ട് ഓളെ അങ്ങോട്ട്മാറ്റി. അനുജത്തി ഇടയ്ക്ക് വന്നു പോകും അവൾക്കുമുണ്ടേ ..രണ്ടു കുട്ട്യോള്, അതും പോരാത്തതിന് കെട്ടിയോൻ എങ്ങനെയോ വീണു ഹോസ്പിറ്റലിലായി. നോക്കാൻ പോലും സമയം കിട്ടുന്നില്ല.
ചിലപ്പോൾ ചോദ്യങ്ങൾ അങ്ങനെ ആണ് പല ഉത്തരങ്ങളായി വരാറുണ്ട്. ഇവിടെയും അത് സംഭവിച്ചു. അദ്ദേഹം തന്നെ എല്ലാം പറഞ്ഞു.
പലതും പറഞ്ഞു തീരുന്നതിന്റെ ഇടയിൽ കുടിക്കാനുള്ള വെള്ളവുമായി നാണിയമ്മ എന്റെ മുന്നിലേക്കു ഗ്ളാസ് നീട്ടി പുഞ്ചിരിച്ചു . ഞാൻ അന്വേഷിച്ച ആൾ ഇതാ എന്റെ മുന്നിൽ എത്തിയിരിക്കുന്നു. അമ്മയും അങ്ങനെ ആണ് ആരെ വീട്ടിൽ വന്നാലും ഒരു ഗ്ളാസ് വെള്ളം കുടിപ്പിക്കാതെ വിടില്ലായിരുന്നു. വാങ്ങി ചുണ്ടോട് ചേർക്കും മുന്നേ എന്നോട് ചോദിച്ചു
മോൻ എവിടുന്നാ....
കുറച്ചു ദൂരേ നിന്നാ നാണിയമ്മേ കൂട്ടുകാരനാ... എന്നെ പറയിപ്പിക്കില്ലെന്ന മട്ടിൽ സജി.
അമ്മയെ കാണാൻ വന്നതാ ....? എന്നെനോക്കി ചോദിച്ച ചോദ്യത്തിന് ഒരുപാട് സംശയങ്ങളോടെ എനിക്ക് നോക്കേണ്ടി വന്നു. അപ്പൊ ഇത് ആര്..?
ഇത് നാണിയമ്മ കുറച്ചു അപ്പുറത്തു ഉള്ളതാ ... എനിക്ക് ഒരു സഹായത്തിന് നിൽക്കുവാ പാവം. സ്വന്തം അമ്മയെ പോലെ തന്നെ ഞാൻ നോക്കും. ഞാൻ ജോലിക്കു പോയാൽ നാണിയമ്മയാണ് അമ്മയെ നോക്കുന്നത്.
പല സന്ദേശങ്ങളിലും എങ്ങനെ ഒരു അവസ്ഥ സൂചിപ്പിച്ചില്ല. എന്നിട്ട് 'അമ്മ എവിടെ ? ഒന്ന് ഞാൻ അറിയാതെ എണീറ്റ് ചോദിച്ചു.
വാ.. അകത്തെ മുറിയിലാണ് ... സന്ദർശകരെ അധികം കയറ്റാറില്ല. അല്ല കയറ്റിയിട്ട് എന്തിനാ വെറുതെ.... പാതി മുറിഞ്ഞ വരികളിലെവിടെയോ കാണാമായിരുന്നു അതിന്റെ തീവ്രത. മെല്ലെ അകത്തേക്ക് നടന്നു.
മേലെ ചിലന്തി കൂടുകൂട്ടുകയാണ്. ചുമരുകൾ നിറം മങ്ങിയിരിക്കുന്നു. വീടിന്റെ ഓരോ മൂലകളും പൊടികൾ കയ്യേറിയിരിക്കുന്നു. കാരണം വേറെ ഒന്നുമല്ല അന്തിത്തിരി വെക്കാൻ ഇവിടെആളില്ലാതായിരിക്കുന്നു.
ഒറ്റ ജനാലയാണ് ആ മുറിക്ക് അത് തുണിയിട്ട് ചെറുതായി മറച്ചിരിക്കുന്നു.
മഞ്ഞ വെളിച്ചത്തിൽ പാതിയടഞ്ഞ കണ്ണുമായി 'അമ്മ . നെറ്റി ചുളുങ്ങിയിരിക്കുന്നു. പുരികം വിടർത്തുന്നുണ്ട് , എന്തോ പറയാനെന്ന പോലെ. ശരീരം മറച്ചിരിക്കുന്നു. മുഖം മാത്രമേ കാണാൻ പറ്റുന്നുള്ളു.
അറിയാതെ എന്റെ കൈ ചുമരിനെ താങ്ങിയതായി എനിക്ക് തോന്നി അല്ല എന്നെ ചുമർ താങ്ങിയതോ.?
അച്ഛൻ പോയതിൽ പിന്നെ 'അമ്മ ഈ കിടപ്പിലാണ്... ആകെ തകർന്നു പാവം.
അതെ ചില ബന്ധം അങ്ങനെ ആണ് നമ്മളെയും കൊണ്ടേ പോകൂ. വിശ്വാസം നമ്മളെ കൊല്ലാറുണ്ട് ജീവിതമാകുന്ന തോണി ഒന്നിച്ചു തുഴഞ്ഞു ഇടയ്ക്കെപ്പോഴോ ഒറ്റയ്ക്ക് തുഴയേണ്ടി വരുന്നവർക്ക് സംഭവിക്കുന്ന ചുഴി ആണ് ഇത് . ഈ കിടപ്പ്.
അനുഭവങ്ങളുടെ തീ ചൂളയിൽ ഇട്ട് പഴുപ്പിച്ച ഉപദേശങ്ങൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു.
എന്തോ പറയാനുണ്ടെന്നമട്ടിൽ 'അമ്മ അയാളെ നോക്കി.
എന്റെ കൂട്ടുകാരനാ ... അങ്ങ് ദൂരെ... ഇത്രയും പറഞ്ഞു സജി നിർത്തി. വേറെ എന്തൊക്കെയോ കേൾക്കണമെന്ന് ആ കാതുകൾക്ക് തോന്നിയിട്ടുണ്ടാകില്ലേ ....
പുറത്തു കരിയിലകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. എന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാറ്റിനേം വാരി കൂട്ടി കത്തിച്ചാൽ തീരുന്ന ഓട്ടമേ അവർക്കുള്ളു.
വാ... ഇവിടെ അധികം നിൽക്കണ്ട സജി എന്നെ വിളിച്ചു. പതിയെ അമ്മയെ നോക്കി. അറിയാതെ എന്റെ കൈകൾ കൂപ്പി നിന്നു. ഞാൻ ജനാലയുടെ തുണികൾ പതുക്കെ നീക്കി.
നെഞ്ച് പിടച്ചു. കണ്ണിൽ നിന്ന് ഒരു തുള്ളി താഴെ വീണു ഇല്ലാതായി. കർക്കിടകം ആണ് . ആകാശം പൊട്ടിക്കരയാൻ തുനിയുന്നുണ്ട്... ഉണങ്ങിയ ഒരു മരത്തിന്റെ ചില്ലയിൽ .........
വരൂ ....
വരൂ .... അദ്ദേഹം വീണ്ടും വിളിച്ചു.
കലങ്ങിയ കണ്ണും നെഞ്ചിലെ നെരിപ്പോടും കൊണ്ട് യാത്ര തിരിക്കുമ്പോൾ കൂട്ടുകാരനും അമ്മയും ജനാലയും ആയിരുന്നു മനസ് നിറയെ. അവൻ സ്നേഹിക്കാൻ പഠിച്ചവനാണ്. ഞാൻ സ്നേഹിക്കാൻ മറന്നവനും. എത്ര തിരക്ക് ആണെകിലും സങ്കടങ്ങളെയും സ്നേഹിക്കാൻ എന്നെ അവൻ പഠിപ്പിച്ചതായിരുന്നോ ഇത് ...? കൂട്ടുകാരാ കൂടുമ്പോൾ ഇമ്പമുള്ളത് തന്നെ കുടുംബം എന്ന തത്ത്വം നീ എനിക്ക് കാണിച്ചു തന്നു. പക്ഷെ നീ എവിടെയെങ്കിലും ജീവിക്കാൻ മറന്നു പോയോ ...? ഇല്ല. ഉണ്ടാകില്ല.
ഇത്രയും വളർത്തി വലുതാക്കിയതിന് കൊടുക്കേണ്ട ഏറ്റവും ചെറിയ കടമയല്ലേ അവൻ എന്നെ കാട്ടിത്തന്നത്... ?
പച്ച നിറം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു. നഗരം എത്തിയിരിക്കുന്നു. നാല് ചുമരിന്റെ ഇടയിൽ ഞാൻ വീർപ്പുമുട്ടി കഴിയുകയാണെന്ന് അനുഭവപ്പെടാൻ തോന്നി. ഞാൻ ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു.
നീ എന്താ ലീവ് ആയിട്ട് വിളിക്കാത്തെ ? മ്മളെ ചോതിര പശു പെറ്റു. കിടാവ് തുള്ളി ചാടി നടക്കുവാ... ഫോൺ ഇടയ്ക്ക് വെച്ചു നിന്നു. അപ്പോഴും ആ മഞ്ഞ വെളിച്ചത്തിൽ കൂട്ടുകാരനും അമ്മയ്ക്കും ഇടയിൽ ജനലഴിയിൽ അപ്പുറത്തു ഉണങ്ങിയ മരത്തിന്റെ ചില്ലയിൽ ബലിക്കാക്ക കരയുന്നുണ്ടായിരുന്നു.
ശുഭം
ഉണ്ണി കാഞ്ഞങ്ങാട്

ഇത് ഒരു പച്ചയായ അനുഭവക്കുറിപ്പാണ്.


ഉണ്ട് എണീക്കുന്നത് വരെയാണ് ഓണം
പഴമക്കാർ പറഞ്ഞു തഴമ്പിച്ച പല വാക്കുകളും ഇന്ന് തുരുമ്പിച്ച് ഒരു മൂലയിൽ മണ്ണോട് ചേരുന്നുണ്ട്.
കൂട്ടുകുടുംബമായിരുന്നു ഞങ്ങൾ. പിന്നെ മെല്ലെമെല്ലെ മാറാൻ തുടങ്ങി. തിരക്കായി, ഒന്നിനും സമയമില്ലാതായി. അതിനിടയിൽ വിശേഷദിനം നോക്കി തറവാട്ടിൽ വരും അച്ഛമ്മയെ കാണും. തിരിച്ചുപോകും. ആകെക്കൂടി തിരക്ക്.
അതിന്റെ ഇടയിൽ ഞങ്ങളെ തണലത്ത് നിർത്തിയിട്ട് അച്ഛൻ മഴയും വെയിലും കൊള്ളാൻ തുടങ്ങി. ഇനി അച്ഛനില്ലെന്ന ചിന്ത ഞങ്ങൾ മക്കൾ അറിയാൻ തുടങ്ങി. അമ്മയിലൂടെ ഞങ്ങൾ അച്ഛനേയും കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. ഓണമാണ്. അച്ഛനില്ലാത്ത ഓണം.
ഞങ്ങളെ കാണുമ്പോൾ അച്ഛമ്മയുടെ കണ്ണു നിറയാറുണ്ട് പലപ്പൊഴും. ഓർമ്മകൾക്ക് അങ്ങനെയൊരു കഴിവുണ്ട്.
ഹൃദയാഘാതം അച്ഛമ്മയുടേയും ഞങ്ങളുടേയും ഹൃദയത്തിന്റെ ആഘാതമായി തന്നെ മാറി.
എന്നും ഓണം ഉണ്ടാകാൻ അച്ഛമ്മ ആശിക്കാറുണ്ട്. മക്കളേയും ചെറുമക്കളേയും എന്നും കാണാലോ.
ഓണദിവസം രാവിലെ ബഹളമായിരിക്കും തറവാട്ടിൽ.
ഓണസദ്യ ആകുമ്പോളേക്കും കരച്ചിലിന്റെ വക്കത്ത് എത്തും. ഏതെങ്കിലും ഒരു മൂലയിൽ മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അച്ഛമ്മ പരിഭവപ്പറച്ചിലാരംഭിക്കും.
അവസാനം ഞങ്ങൾ വന്ന് ഉണ്ണാൻ കൂട്ടികൊണ്ട് അകത്ത് പോകുമ്പോൾ അച്ഛമ്മ പറയും
എന്റെ ഓണം കഴിഞ്ഞൂന്ന്.
ശരിയാണ്. ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഞങ്ങളെല്ലാവരും ഒത്തുചേരണമെങ്കിൽ അടുത്ത ഓണം വരെ കാക്കണം.
അതുകൊണ്ടായിരിക്കണം പഴമക്കാർ പറയുന്നതും;
ഉണ്ട് എണീക്കുന്നത് വരെ ആണ് ഓണം എന്ന്.
ഉണ്ണി കാഞ്ഞങ്ങാട്

ഇത് ഒരു സൗഹൃദത്തിന്റെ കഥയല്ല


ഇത് ഒരു സൗഹൃദത്തിന്റെ കഥയല്ല, സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും കൂടിയാണ്.
അനാഥനായിരുന്നു അവൻ. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്തെന്നുപ്പോലും ആ കുഞ്ഞു മനസ്സിന് അറിഞ്ഞിരുന്നില്ല. അനാഥാലയത്തിൽ നിന്ന് ഇടയ്ക്ക് തൊട്ടടുത്തുള്ള പാർക്കിൽ പോയി ചിലവഴിക്കും ഒറ്റയ്ക്ക്.
ഇത് ഒരാളുടെ ജീവിതം;
ഇനി പറയുന്നത് തികച്ചും വ്യത്യസ്തമായ വേറൊരു ജീവിത കഥയാണ്.
കുടുംബം, ബന്ധങ്ങൾ ജീവിതസൗകര്യങ്ങൾ എല്ലാമുണ്ടായിരുന്നു എന്റെ കഥയിലെ രണ്ടാമന്. പക്ഷേ ആ കുട്ടിക്ക് അരയ്ക്ക് താഴോട്ട് തളർന്നിരുന്നു. അച്ഛൻ അവനെ വീൽ ചെയറിൽ പാർക്ക് ചുറ്റിക്കാണിക്കാൻ കൊണ്ടുവരും.
ഒരുപാട് നാളത്തെ കണ്ടുമുട്ടലിൽ അനാഥപയ്യനും ശരീരം തളർന്ന പയ്യനും കൂട്ടുകാരനായി.
പാർക്കിലെ പൂമ്പാറ്റയും പക്ഷിയും പറക്കുന്നത് കണ്ട് ശരീരം തളർന്നകുട്ടി പറയും, എനിക്ക് എന്നാണ് ഇങ്ങനെ പറക്കാൻ പറ്റുക..?
അച്ഛന് മകന്റെ ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം
മകന്റെ ആവർത്തിച്ചുള്ള ചോദ്യം കേട്ട അനാഥ ബാലൻ കൂട്ടുകാരന്റെ അച്ഛന്റെ ചെവിയിൽ എന്തോ പറഞ്ഞു. അദേഹം തലയുമാട്ടി. അവൻ നേരെ ഓടിവന്ന് കൂട്ടുകാരനെ മുതുകിൽ കയറ്റി പറഞ്ഞു;
എന്നെ മുറുകെ പിടിച്ചിരുന്നോ, നിന്റെ സ്വപനം ഞാൻ നിറവേറ്റാൻ പോവുകയാണ്.
കൂട്ടുകാരന് അതിയായ സന്തോഷമായി.
അങ്ങനെ കൂട്ടുകാരനേയും എടുത്ത് ആ അനാഥ ബാലൻ പാർക്ക് മുഴുവൻ ഓടി.
സമയം സന്ധ്യയോടടുത്തു. പിരിയാൻ നേരത്ത് ശരീരം തളർന്ന കുട്ടി അനാഥകുട്ടിയുടെ കൈ പിടിച്ചു പറഞ്ഞു.
ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. നീ തന്നത് എന്നിലൂടെ പൂർത്തീകരിക്കാതെ പോകുന്ന എന്റെ സ്വപ്നത്തെയായിരുന്നു.
അനാഥനാണെന്ന് കരുതി നീ നട്ടുവളർത്തിയത് നമ്മുടെ സൗഹൃദത്തെയാണ്, എന്റെ സ്വപ്നത്തെയാണ്. ഇനി നീ എങ്ങനെ അനാഥനാകും...
കഥ പൂർത്തീകരിക്കുന്നില്ല. അടുത്തത് നിങ്ങളുടെ ഭാവനയ്ക്ക് ഞാൻ വിട്ടു തരുന്നു.
ചില സൗഹൃദങ്ങൾ സ്വപ്നങ്ങൾക്കും അപ്പുറമാണ്. തകർന്നിരിക്കുമ്പോൾ ഒരു നേർത്ത സാന്ത്വനം... അതുമല്ലെങ്കിൽ ഒരുനേർത്ത പുഞ്ചിരി...
വളർത്താനൊരുകരമുണ്ടെന്റെയോമനേ
തളർന്നൊരെൻ പാതിമെയ്യും വഹിച്ചൊരീപാത താണ്ടി നിഴൽപോലെ നിന്നനാഥാ..നീ തന്നെ കൂട്ടുകാരൻ.
Unni kanjangadu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo